Monday, September 5, 2011

സഫലം




ഒന്ന്

കുളി കഴിഞ്ഞ്, നനഞ്ഞ തോര്‍ത്തും പുതച്ച് പാടവരമ്പത്തൂടെ നടന്നപ്പോള്‍ സേതുവിന് എന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി. തീവണ്ടിയുടെ തിങ്ങിനിറഞ്ഞ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒരു രാത്രി മുഴുവന്‍ കഴിഞ്ഞതിന്റെ അസ്കിത അമ്പലക്കുളത്തില്‍ ഒന്നുമുങ്ങിക്കുളിച്ചപ്പോള്‍ മാറിക്കിട്ടി. പുതുജീവന്‍ പകരുന്ന ഈ അമ്പലക്കുളത്തിനെക്കുറിച്ച് പറഞ്ഞാല്‍ ലോഡ്ജിലെ സഹവാസികള്‍ക്ക് തമാശയാണ്. ക്ലോറിന്‍ മണക്കുന്ന പൈപ്പ് വെള്ളം തന്നെ അവര്‍ക്ക് പത്ഥ്യം. ഇത്തവണ ഓണം കൂടാന്‍ ജോസഫിനേയും നാദിര്‍ഷായേയും ക്ഷണിച്ചതാണ്. ഫോണ്‍ ചെയ്തപ്പോള്‍ അമ്മ കൂടി നേരിട്ട് ക്ഷണിച്ചു. പക്ഷെ വരണ്ടേ മൊശകോടന്മാര്‍. അവന്മാര്‍ക്ക് വേറെ ഏതോ പരിപാടിയുണ്ടത്രെ. വെള്ളമടി പരിപാടി തന്നെ. അല്ലാതെന്താ? സേതുവിന് ചിരിപൊട്ടി.

പാടത്തിനക്കരെ എവിടെയോ ഓണപ്പാട്ട് മുഴങ്ങുന്നു. വായനശാലയില്‍ ഓണാഘോഷങ്ങള്‍ പൊടിപൊടിക്കുന്നുണ്ടാവും. കബഡികളിയും മരംകയറ്റവും ഉണ്ടാവും. ഒന്നുപോയി ആളുകാണിച്ചാലോ? അയാളാലോചിച്ചു. ഏതായാലും സദ്യയുണ്ടിട്ടാവാം. അത്രടം വരെ ഒന്നു പോയില്ലേല്‍ പിന്നെ എന്തോണം?

വഴിയില്‍ കണ്ട പലരും ചോദിച്ചു, ജോലിയെക്കുറിച്ചും താമസിക്കുന്ന നഗരത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം. നാട്ടുകാര്‍ക്ക് മറ്റുള്ളവരെക്കുറിച്ച് എല്ലാമറിയണം. അതവരുടെ അവകാശം പോലെയായിരുന്നു. ഇതൊക്കെ പലവട്ടം ചോദിച്ചറിഞ്ഞിട്ടുള്ളതാണ്. എന്നാലും, 

"ഈശ്വരാ, ആളുകള്‍ക്കെന്തെല്ലാമാ അറിയേണ്ടത്? നമ്മുടെ കാര്യങ്ങളില്‍ നമ്മളേക്കാള്‍ ശ്രദ്ധ മറ്റുള്ളവര്‍ക്കാണെന്നു തോന്നും."

കണ്ണാടിയില്‍ നോക്കി മുടി ചീകി ഒതുക്കുന്നതിനിടയില്‍ സേതു പറഞ്ഞു. ഇതുകേട്ട് പാര്‍വ്വതിയമ്മ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

"ചെമ്പകശ്ശേരിലെ കുട്ടീടെ മേല്‍ അത്രയ്ക്കുണ്ട് ശ്രദ്ധയെന്ന് കൂട്ടിക്കൊള്ളൂ."

"ങും. നല്ല ശ്രദ്ധ. പരദൂഷണം പറയാന്‍. അല്ലാതെന്തിനാ?"

അയാള്‍ പുറത്തേയ്ക്ക് പോകാനൊരുങ്ങിയപ്പോള്‍ അടുക്കളയില്‍ നിന്ന് പാര്‍വ്വതിയമ്മ വിളിച്ചുപറഞ്ഞു,

"ഉണ്ണ്യേ, മൂന്ന് ഇല വെട്ടിക്കൊള്ളൂ."

ഇതുകേട്ട്, സേതു അടുക്കളയിലേക്കു ചെന്ന് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു,

"ശ്രീക്കുട്ടിക്കും ഇലയിടുന്നുണ്ടോ?"

പാര്‍വ്വതിയമ്മ ഒന്നും മിണ്ടിയില്ല. അയാള്‍ ഒരു പരിഹാസച്ചിരിയോടെ തുടര്‍ന്നു,

"അമ്മേ. സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ ചൈനീസും ഇറ്റാലിയനും കിട്ടുമ്പോള്‍  അമ്മയുടെ ഈ വളിച്ച സാമ്പാറും പുളിച്ച അവിയലും തിന്നാന്‍ അവള്‍ വരുമെന്നുതോന്നുന്നുണ്ടോ?"

അയാള്‍ പറഞ്ഞതുകേട്ട് പാര്‍വ്വതിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. ഇതുകണ്ട് സേതു ചിരിച്ചുപോയി.

"അയ്യേ! ഞാനൊരു തമാശ പറഞ്ഞതുകേട്ട് പാര്‍വ്വതിയമ്മ ഇങ്ങനെ കരയാന്‍ തുടങ്ങിയാലോ?"

അയാള്‍ അമ്മയുടെ കണ്ണുകള്‍ ഒപ്പിയിട്ട് അവരെ തോളത്ത് ചേര്‍ത്തുപിടിച്ചു പുറത്തേക്ക് നടന്നു.

"ഞാന്‍ നേരമ്പോക്ക് പറഞ്ഞതല്ലേ അമ്മേ. അവള്‍ വരും. വര്‍ഷങ്ങള്‍ക്കുശേഷം നമ്മളോടൊപ്പമിരുന്ന് തിരുവോണമുണ്ണാന്‍ അവള്‍ വരും."

അതവരുടെ വിശ്വാസമായിരുന്നു. കഴിഞ്ഞ പതിനാറ് തിരുവോണദിനങ്ങളില്‍ സദ്യയൊരുക്കി പാര്‍വ്വതിയമ്മ ശ്രീക്കുട്ടിയെ കാത്തിരുന്നു, അവള്‍ വരുമെന്ന പ്രതീക്ഷയോടെ. അമ്മയെ കളിയാക്കിയെങ്കിലും സേതുവും പ്രതീക്ഷിക്കുന്നു, പതിനാറു വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു ഉത്രാടസന്ധ്യയില്‍ പൂക്കളിറുക്കാന്‍ പോയി കാലുവഴുതി കുളത്തില്‍ വീണുമരിച്ച ഇരട്ടസഹോദരി ഓണമുണ്ണാന്‍ വരുമെന്ന്.

തണുത്തുറഞ്ഞ മരണത്തിന്റെ നീലവിരിക്കപ്പുറം പോയ ശ്രീക്കുട്ടി ഒരിക്കലും മടങ്ങിവരില്ല എന്ന സത്യം അവര്‍ക്കറിയാമായിരുന്നു. എങ്കിലും, അവര്‍ പ്രതീക്ഷിച്ചു, വെറുതെ, അവളുടെ സാന്നിദ്ധ്യം ഒരു കുളിര്‍കാറ്റായെങ്കിലും അവിടെയുണ്ടാകുമെന്ന്.

പടിക്കല്‍ ഒരു കാര്‍ വന്നുനില്‍ക്കുന്ന ശബ്ദം കേട്ട് പാര്‍വ്വതിയമ്മയും സേതുവും പുറത്തേയ്ക്കുചെന്നു. അവര്‍ സംശയിച്ചു നിന്നപ്പോള്‍ കസവ് സാരി ഉടുത്ത ഒരു യുവതി ചിരിച്ചുകൊണ്ട് കാറില്‍ നിന്നിറങ്ങി അവരുടെ അടുത്തേയ്ക്ക് വന്നു. 

ഒരുനിമിഷം അവരിരുവരെയും പുഞ്ചിരിച്ചുകൊണ്ട് മാറിമാറി നോക്കിയ ശേഷം അവള്‍ ചോദിച്ചു,

"അമ്മയ്ക്കും സേതുവിനും എന്നെ മനസ്സിലായില്ലേ?" 

യുവതിയുടെ ചോദ്യം കേട്ട് പര്‍വ്വതിയമ്മ അങ്കലാപ്പിലായി. അവര്‍ സേതുവിനെ നോക്കി. അയാളും സംശയത്തോടെ നില്‍ക്കുകയായിരുന്നു. 

"പക്ഷെ, കഴിഞ്ഞ ഉത്രാടത്തിന് സ്നേഹം പകര്‍ന്നുതന്ന ഈ അമ്മയെയും മകനെയും എനിക്ക് മറക്കാന്‍ കഴിയില്ല."

ഇതുകേട്ട്, സേതുവിന്റെ കണ്ണുകള്‍ വിടര്‍ന്നു. മനസ്സില്‍ നിന്ന് മറവിയുടെ മേഘപാളികള്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ അയാള്‍ നേര്‍ത്ത സംശയത്തോടെ ചോദിച്ചു,

"ശ്രീ...ശ്രീലക്ഷ്മി?"

അവള്‍ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.

പാര്‍വ്വതിയമ്മയ്ക്കും അവളെ മനസ്സിലായിക്കഴിഞ്ഞിരുന്നു. അവര്‍, ശ്രീലക്ഷ്മിയുടെ കൈകളില്‍ പിടിച്ചുകൊണ്ടുപറഞ്ഞു,

"സത്യത്തില്‍ കുട്ടി ഞങ്ങളെയൊക്കെ മറന്നിട്ടുണ്ടാവുമെന്നാ കരുതിയത്."

"മറക്കാനോ? നല്ല കാര്യായി!"

അവള്‍ പാര്‍വ്വതിയമ്മയുടെ കൂടെ അകത്തേയ്ക്ക് നടന്നപ്പോള്‍  പൂമുഖത്തിണ്ണയിലെ അരമതിലില്‍   ചമ്രംപടിഞ്ഞിരുന്ന്, കണ്ണീരിന്റെ നനവുള്ള ആ ഉത്രാടനാളിന്റെ ഓര്‍മ്മകളിലൂടെ സേതു തിരിഞ്ഞുനടന്നു. കണ്ണീരണിഞ്ഞ വാടിത്തളര്‍ന്ന ഒരു മുഖം... മറക്കാന്‍ കഴിയില്ല, ആ ദിവസം.

രണ്ട് 

പൂമുഖത്ത് ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ടുചെന്നുനോക്കിയതാണ്. വെളുത്ത് മെലിഞ്ഞ് സുന്ദരിയായ ഒരു യുവതി. അവള്‍ വല്ലാതെ വിയര്‍ത്തുതളര്‍ന്നിരുന്നു. അയാള്‍  അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. 

കോലായിലേയ്ക്ക് വന്ന പാര്‍വ്വതിയമ്മയെ കണ്ട് ആ യുവതി ചാടി എഴുന്നേറ്റു. അവളോട് ഇരുന്നോളാന്‍ പറഞ്ഞിട്ട് അവര്‍ ചോദിച്ചു,

"കുട്ടി ഏതാ? മനസ്സിലായില്ലാ."

മറുപടി ഉണ്ടായില്ല. പകരം അവള്‍ കുടിക്കാനിത്തിരി വെള്ളം ചോദിച്ചു.

കൊടുത്ത വെള്ളം ഒറ്റവലിക്ക് കുടിച്ചിട്ട് അവള്‍ അല്‍പനിമിഷം കണ്ണുകള്‍ അടച്ച് ഇരുന്നു. പാര്‍വ്വതിയമ്മ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.

ശ്രീലക്ഷ്മി. അതായിരുന്നു അവളുടെ പേര്. കുറച്ചകലെയുള്ള പ്രസിദ്ധമായ ഒരില്ലത്തിലെ പെണ്‍കുട്ടി. ശ്രീലക്ഷ്മി എന്ന പേരുകേട്ടപ്പോള്‍ പാര്‍വ്വതിയമ്മയും സേതുവും പരസ്പരം നോക്കി. സാമ്പത്തികമായി ഞെരുക്കം വന്നപ്പോള്‍, പണ്ട് തറവാട്ടിലെ സ്വത്ത് കേസ് വാദിക്കാന്‍ വന്ന വക്കീലിനോട് ഒരു സഹായം അഭ്യര്‍ത്ഥിച്ച് എത്തിയതാണ് ചെറുവാശ്ശേരിയില്‍. പക്ഷെ, സഹായിക്കണമെങ്കില്‍ അയാളോടൊപ്പം കിടക്ക പങ്കിടണം എന്നുകെട്ടപ്പോള്‍ കരഞ്ഞുകൊണ്ട് അവിടെനിന്നിറങ്ങി ഓടിയതാണ്. എന്തുചെയ്യണമെന്നറിയാതെ ഉഴറിയ മനസ്സ്. എങ്ങനെയോ അറിയാതെ ഇവിടെയെത്തി.

അവളുടെ കണ്ണീര്‍ പാര്‍വ്വതിയമ്മയുടെയും കണ്ണുകളെ നനയിച്ചു.

സാമ്പത്തികബുദ്ധിമുട്ടുണ്ടായിട്ടുകൂടി  ബി. കോം വരെ പഠിച്ചുവത്രെ. ആദ്യമൊക്കെ ചേച്ചി സഹായിച്ചിരുന്നു. ചേച്ചിയുടെ ശാന്തിക്കാരനായിരുന്ന ഭര്‍ത്താവിനു കിട്ടുന്ന തുച്ഛമായ ശമ്പളമായിരുന്നു രണ്ടു കുട്ടികളും കൂടിയുള്ള ആ കുടുംബത്തിന്റെ ഏക വരുമാനം. കുറച്ചുകഴിഞ്ഞപ്പോള്‍, അവര്‍ക്കൊരു ഭാരമാണെന്ന് സ്വയം മനസ്സിലാക്കിയ ശ്രീലക്ഷ്മി പിന്നീടവരെ ആശ്രയിച്ചില്ല. ഒഴിവു സമയങ്ങളില്‍ വസ്ത്രങ്ങള്‍ തുന്നിയും ട്യൂഷനെടുത്തും പഠനത്തിനുള്ള രൂപാ സമ്പാദിച്ച് അവള്‍ നല്ല മാര്‍ക്കോടെ ബിരുദമെടുത്തു. തുടര്‍ന്നും പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, വീട്ടിലെ അവസ്ഥയില്‍ അവള്‍ ആ ആഗ്രഹം മാറ്റിവച്ചു. പട്ടണത്തിലെ ഒരു ചെറിയ തുണിക്കടയില്‍ തുച്ഛമായ ശമ്പളത്തില്‍ ഉണ്ടായിരുന്ന ജോലി രണ്ടാഴ്ചയ്ക്ക് മുമ്പ് നഷ്ടപ്പെട്ടുവത്രെ. 

ഇത്രയും കേട്ട് കഴിഞ്ഞപ്പോള്‍ സേതുവിന് ആ യുവതിയോട് വല്ലാത്ത ആദരവ് തോന്നി. അതിന് കാരണം ഉണ്ട്. പഠിക്കാനുള്ള എല്ലാ സൌകര്യങ്ങള്‍ ഉണ്ടായിട്ടും ജീവിതത്തെ വെറും നാടകവേദിയാക്കിയവര്‍ ഏറെയുണ്ട്. വലിയകോയിക്കലെ അധികാരിയുടെ മകള്‍ ഭാഗ്യലക്ഷ്മി തന്നെ ഉത്തമ ഉദാഹരണം. സമ്പന്നതയുടെ നടുവിലാണ് ആ കുട്ടി പിറന്നുവീണത്. അവള്‍ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ കാറിലാണ് വന്നിരുന്നത്. അന്നൊരുപാട് അസുയ തോന്നിയിരുന്നു ഭാഗ്യലക്ഷ്മിയോട്. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അവളെ നഗരത്തിലെ ഏതോ മുന്തിയ സ്കൂളില്‍ പ്ലസ്സ്ടൂവിന് ചേര്‍ത്തു. പക്ഷെ, പരീക്ഷയില്‍ തോറ്റ്, കുറെയേറെ പേരുദോഷവുമായി ഭാഗ്യലക്ഷ്മി തിരികെപോന്നു. ആവശ്യത്തിലേറെയുള്ള പണവും നഗരത്തിലെ പുതിയ സൌഹൃദങ്ങളുമായിരുന്നു അതിന് കാരണം. പക്ഷെ, ദാരിദ്ര്യവും നിസ്സഹായതയും മാത്രം കൈമുതലായുള്ള ഒരു പാവം പെണ്‍കുട്ടി ഇവിടെ ജീവിതത്തോട് സധൈര്യം പൊരുതി നില്‍ക്കുന്നു, തോല്‍ക്കാന്‍ മനസ്സില്ലാതെ.

"ഉണ്ണ്യേ, ഈ കുട്ടി എന്‍. എസ്സ്. എസ്സിലാ പഠിച്ചതത്രെ."

പാര്‍വ്വതിയമ്മ പറഞ്ഞതുകേട്ട് അയാള്‍ ചോദിച്ചു,

"ഏതു ബാച്ച്?"

"2002-2005 ബി. ക്കോം. ബാച്ച്."

"ഞാനും ആ ബാച്ച് തന്നെ. ഫിസിക്സ്. പക്ഷെ, കണ്ടതായി ഓര്‍ക്കുന്നില്ല."

2002-2005. അതേ ബാച്ച്. അപ്പോള്‍ തന്റെ പ്രായം. സേതു ആലോചിച്ചു. അതെന്നുപറയുമ്പോള്‍...ശ്രീക്കുട്ടി ഉണ്ടായിരുന്നെങ്കില്‍ അവളുടെ പ്രായം... തന്റെ ഇരട്ടസഹോദരിയുടെ പ്രായം. സേതുവിന്റെ മനസ്സിലെവിടെയോ ഒരു മുറിവുണ്ടായി. അയാള്‍ പാര്‍വ്വതിയമ്മയെ നോക്കി. അവരും ഇതുതന്നെ ആലോചിക്കുകയായിരുന്നു.

"ന്റെ ശ്രീക്കുട്ടീടെ പ്രായം!"

പാര്‍വ്വതിയമ്മയുടെ ആത്മഗതം കേട്ട് ശ്രീലക്ഷ്മി അവരെ നോക്കി.

സംസാരത്തിലെപ്പഴോ അമ്മയുടെ കാര്യം പരാമര്‍ശിച്ചപ്പോള്‍ അവളുടെ നിയന്ത്രണം വിട്ടു.

"ന്റെമ്മയുണ്ടായിരുന്നെങ്കില്‍ എനിക്കീ ഗതി വരില്ലായിരുന്നു."

ശ്രീലക്ഷ്മി മുഖം പൊത്തി ശബ്ദമുണ്ടാക്കാതെ വിങ്ങിക്കരഞ്ഞു.

അതുകണ്ട് പാര്‍വ്വതിയമ്മയ്ക്ക് സഹിക്കാനായില്ല. അവരുടെ മാതൃഹൃദയം പിടഞ്ഞു. ആ അമ്മമനസ്സിലേയ്ക്കോടി വന്ന ചിത്രം മറ്റൊന്നായിരുന്നു. ഏതോ ഒരു അന്യഗൃഹഹത്തില്‍ ചെന്ന് നിരാലംബയായ് തേങ്ങിക്കരയാന്‍ ഇടവരുന്ന മകളെ ഓര്‍ത്ത് അലമുറയിടുന്ന ഒരു അമ്മയുടെ ആത്മാവ്! പിന്നെ, നിസ്സഹായതയുടെ... ദൈന്യതയുടെ ഭീകരമുഖം!

ഈ രംഗം കണ്ടുനിന്ന സേതുവിന്റെ കണ്ണുകളിലും നനവുണ്ടായി.

ശ്രീലക്ഷ്മിയുടെ കവിളുകള്‍ തുടച്ചിട്ട്, അവളുടെ മൂര്‍ദ്ധാവില്‍ തലോടിക്കൊണ്ട് പാര്‍വ്വതിയമ്മ ആശ്വസിപ്പിച്ചു,

"മോള് കരയേണ്ട. സ്വന്തം അമ്മയുടെ മുന്നിലാണെന്നുകൂട്ടിക്കൊള്ളൂ." 

അവള്‍ അവിശ്വസനീയതയോടെ പാര്‍വ്വതിയമ്മയെ തലയുയര്‍ത്തി നോക്കി. ഒരു ദേവതയെപ്പോലെ അവരുടെ മുഖം തിളങ്ങുന്നുണ്ടെന്ന് ശ്രീലക്ഷ്മിയ്ക്ക് തോന്നി. ചേതനയില്‍ ഒരാത്മാവിന്റെ കരസ്പര്‍ശമേല്‍ക്കുന്നുണ്ടോ? അവള്‍ സംശയിച്ചു. 


മൂന്ന്

ഉണ്ടിട്ട് പോകാം എന്നുപറഞ്ഞപ്പോള്‍ ആദ്യം നന്ദിയോടെ നിരസിച്ചെങ്കിലും പാര്‍വ്വതിയമ്മയുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തെ അവഗണിക്കുവാന്‍ ശ്രീലക്ഷ്മിയ്ക്ക് കഴിഞ്ഞില്ല. മാത്രമല്ല, ഉച്ചസമയത്ത് വീട്ടില്‍വരുന്നവരെ ഊണ് കൊടുക്കാതെ യാത്ര അയയ്ക്കുന്ന കാര്യം അവര്‍ക്ക് ആലോചിക്കുകകൂടി വയ്യ. ഉത്രാടനാള്‍ കൂടിയാകുമ്പോള്‍ പറയുകയുംവേണ്ടാ.

പാര്‍വ്വതിയമ്മ അവള്‍ക്ക് ഉത്രാടസദ്യ വിളമ്പി. തൊട്ടരികിലായ് സേതുവിനും. ചോറുണ്ണുന്നതിനിടയില്‍ അയാള്‍ ഇടയ്ക്കിടെ ശ്രീലക്ഷ്മിയെ നോക്കി. പാവം. കാട്ടാളനെ കണ്ട് പേടിച്ചോടിയ മാന്‍പേടയെ പോലുണ്ട്. സമൃദ്ധിയോടെ ഓണമുണ്ണുമ്പോള്‍ ചുറ്റും ഇങ്ങനെ കുറെ നീറുന്ന മനുഷ്യജന്മങ്ങളുണ്ടെന്ന് ഓര്‍ക്കാന്‍ കഴിയണം. അല്ലെങ്കില്‍, ഓണത്തിന് എന്തര്‍ത്ഥം?

ശ്രീലക്ഷ്മി യാത്ര പറഞ്ഞ് പോകാന്‍ തുടങ്ങിയപ്പോള്‍, ഓണസമ്മാനമായി മകന്‍ കൊടുത്ത ഇരുപതിനായിരം രൂപയുടെ പൊതി അവളുടെ കൈയില്‍ വച്ചുകൊടുത്തിട്ട് പാര്‍വ്വതിയമ്മ പറഞ്ഞു,

"ഇത് കുറച്ച് രൂപയാണ്. നിന്നെപ്പോലൊരു പെണ്‍കുട്ടി പണത്തിനായി ഇങ്ങനലയുന്നത് കാണാന്‍ വയ്യ."

ശ്രീലക്ഷ്മിക്ക് സന്തോഷം കൊണ്ട് കരയണമെന്നുതോന്നി. അവള്‍ കൈകള്‍ കൂപ്പി എന്തുപറയണമെന്നറിയാതെ നിന്നു.

"എനിക്ക്... ഞാന്‍..."

മുഴുമിപ്പിക്കാനാവാതെ വാക്കുകള്‍ മുറിഞ്ഞപ്പോള്‍, അവളുടെ നെറുകയില്‍ തലോടിക്കൊണ്ട് പാര്‍വ്വതിയമ്മ പറഞ്ഞു,

"നോവിക്കുന്നതൊന്നും ഓര്‍ക്കണ്ടാ. സന്തോഷത്തോടെ പോയ് വാ. ഈശ്വരന്‍ നിന്റെ കൂടെയുണ്ടാവും. തീര്‍ച്ച!"

ശ്രീലക്ഷ്മി കുനിഞ്ഞ് അവരുടെ പാദങ്ങളില്‍ തൊട്ടുനമസ്ക്കരിച്ചു. അവളെ തോളത്ത് പിടിച്ച് എഴുന്നേല്‍പ്പിച്ചുകൊണ്ട് പാര്‍വ്വതിയമ്മ പറഞ്ഞു,

"നിനക്ക് നല്ലതേ വരൂ."

ശ്രീലക്ഷ്മി സേതുവിനോടും യാത്ര ചോദിച്ച് പടിയിറങ്ങിപ്പോയി. അവള്‍ പോയി അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ സേതു എന്തോ ഓര്‍ത്തപോലെ മുറിക്കുള്ളില്‍ കയറി ഒരു പൊതിയുമെടുത്ത് പുറത്തേക്കു പോയി.

പാടത്തിനക്കരെ വളവ് തിരിഞ്ഞ് അവള്‍ പോകുന്നത് സേതു കണ്ടു. അയാള്‍ വേഗത്തില്‍ സൈക്കിള്‍ ചവിട്ടി. അവളുടെ അരികിലെത്തിയപ്പോള്‍ വേഗത കുറച്ചിട്ട് വിളിച്ചു പറഞ്ഞു,

"ശ്രീലക്ഷ്മി, ഒന്നു നില്‍ക്കൂ."

ഇതുകേട്ട് ശ്രീലക്ഷ്മി ഞെട്ടിത്തിരിഞ്ഞു നിന്നു. അയാള്‍ കിതച്ചുകൊണ്ട് അരികിലെത്തിയിട്ട് പറഞ്ഞു,

"ഹാവൂ, ഒരുപാട് നാളായി ഇങ്ങനൊന്ന് സൈക്കിള്‍ ചവുട്ടിയിട്ട്. അതിന്റെ അണപ്പാ."

അവള്‍ ഒന്നും പിടികിട്ടാതെ അമ്പരന്നു നിന്നു. കൈയിലിരുന്ന പൊതി ഉയര്‍ത്തിയിട്ട് സേതു പറഞ്ഞു,

"എന്റെ ശ്രീക്കുട്ടിക്കു വേണ്ടി കരുതിയതാ ഇത്."

പെട്ടെന്ന് അബദ്ധം പിണഞ്ഞപോലെ  അയാള്‍ കിതപ്പൊന്നടക്കിയിട്ട് തുടര്‍ന്നു,

"ഓ! പറഞ്ഞപോലെ ശ്രീക്കുട്ടിയെ അറിയില്ലല്ലോ. അല്ലേ?"

ഒരു വേദനകലര്‍ന്ന ചിരിയോടെ സേതു പറഞ്ഞു,

"എന്റെ ഇരട്ടസഹോദരിയായിരുന്നു. പതിനാറ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഉത്രാടസന്ധ്യയില്‍ അവള്‍ പോയി, എന്നെയും അമ്മയെയും വിട്ട്."

ശ്രീലക്ഷ്മി ഒന്നും മിണ്ടാതെ സേതുവിനെ നോക്കിനിന്നു.

"തിരുവോണപ്പൂക്കളത്തിന് പൂവിറുക്കാന്‍ പോയതാ. രാത്രിയായിട്ടും തിരിച്ചു വന്നില്ല. തിരക്കിപ്പോയവര്‍ പിറ്റേന്ന് പുലര്‍ച്ചയ്ക്കു കണ്ടു... വായനശാലയുടെ പുറകിലെ കുളത്തില്‍... കാലുവഴുതി വീണതാണത്രെ."

അയാള്‍ ഒരുനിമിഷം ഒന്നും മിണ്ടാതെ നിന്നു. പിന്നെ, ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം തുടര്‍ന്നു,

"ഒരു നഷ്ടബോധത്തിന്റെ ഹാംഗോവറില്‍ അവള്‍ക്കുവേണ്ടി കരുതിയതാണ് നൊമ്പരം കലര്‍ന്ന ഈ കുഞ്ഞുസമ്പാദ്യം. വരില്ലെന്ന് അറിഞ്ഞിട്ടുകൂടി... ഓണപ്പുടവയും കളിപ്പാട്ടവുമെല്ലാം വാങ്ങാന്‍."

അയാളെ അത്ഭുതത്തോടെ നോക്കിനിന്ന ശ്രീലക്ഷ്മിയുടെ നേരെ ആ പൊതിക്കെട്ട്  നീട്ടിക്കൊണ്ട് സേതു പറഞ്ഞു,

"ഇനിയിത് തനിക്കിരിക്കട്ടെ."

അവള്‍ വാങ്ങിക്കണമോയെന്നോര്‍ത്ത് മടിച്ചുനിന്നു.

"മടിക്കണ്ടാ. വാങ്ങിച്ചോളൂ."

ശ്രീലക്ഷ്മി വാങ്ങിക്കണോ വേണ്ടയോ എന്നാലോചിച്ച് നിന്നപ്പോള്‍ അവളുടെ കൈയില്‍ ആ പൊതി ഏല്‍പ്പിച്ചിട്ട് അയാള്‍ പറഞ്ഞു,

"എണ്ണിനോക്കിയിയിട്ടില്ല. എന്നാലും, ഏതാണ്ട് മൂവായിരം നാലായിരം രൂപയ്ക്ക് മേലുണ്ടാവും."

വാങ്ങിയ പൊതി അങ്ങനെ തന്നെ പിടിച്ചുകൊണ്ട് ശ്രീലക്ഷ്മി ഒരു പ്രതിമ പോലെ നിന്നു. മനസ്സിനുള്ളില്‍ ഒരു കടലോളം സ്നേഹം നിറച്ചുവച്ച ഇങ്ങനെ രണ്ട് മനുഷ്യജന്മങ്ങളെ അവള്‍ 
ഇതിനുമുമ്പ് കണ്ടിട്ടില്ലായിരുന്നു.

"പിന്നൊരു വിശേഷം കേള്‍ക്കണോ? ഇന്ന് താന്‍ സദ്യ ഉണ്ടത് ശ്രീക്കുട്ടിയ്ക്കുവേണ്ടി ഇട്ട ഇലയിലാണ്."

സേതു ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ അവള്‍ അമ്പരന്നുനിന്നു.

"അത് അമ്മയുടെ ഒരു വിശ്വാസം. അമ്മയുടെ മാത്രമല്ല, എന്റെയും. സ്വര്‍ഗ്ഗം പൂകിയ ഞങ്ങളുടെ ശ്രീക്കുട്ടി ഓണമുണ്ണാന്‍ എത്തുമെന്ന്."

വെയിലിന്റെ കാഠിന്യം വര്‍ദ്ധിച്ചപ്പോള്‍ അയാള്‍ പറഞ്ഞു,

"എന്നാ ഇനി വൈകണ്ടാ. പൊയ്ക്കൊള്ളൂ. ഇനിയും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വരികയോ എഴുതുകയോ ചെയ്താല്‍ മതി."


പൊയ്പ്പോയ ജന്മങ്ങളിലൊന്നില്‍  ഈ മുഖങ്ങള്‍ കണ്ടിട്ടില്ലേ? അവള്‍ സംശയിച്ചു നിന്നു.

"പാര്‍വ്വതിയമ്മ, ചെമ്പകശ്ശേരില്‍, ചെറുവാശ്ശേരി. ഇത്രയും മതി. ഏത് എഴുത്തും ചെമ്പകശ്ശേരിയുടെ പടി കടന്നെത്തും."

സേതുവിന്റെ പുഞ്ചിരിയ്ക്കുന്ന മുഖത്തേയ്ക്ക് നോക്കിയപ്പോള്‍ അവള്‍ക്ക് ഒരു മഹാസത്യം വെളിവായി. രക്തബന്ധങ്ങള്‍ ഇങ്ങനെയുമുണ്ടാകും.


പോകാനായി സൈക്കിള്‍ തിരിക്കുന്നതിനുമുമ്പ് അയാള്‍ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു,

"സ്ത്രീയുടെ ശരീരത്തിന് ഒരു കടലാസിന്റെ വിലപോലുമില്ലാത്ത ലോകമാണിത്. മാത്രമല്ല, ഈ മുഖം കാണുമ്പോള്‍ ഒരു തുമ്പപ്പൂവാണ് ഓര്‍മ്മ വരുന്നതും."

അയാള്‍ എന്താണ് പറഞ്ഞുവരുന്നതെന്ന് അവള്‍ ഓര്‍ത്തുനിന്നു.

"അതുകൊണ്ട് പറയുകയാണ്. ഓരോ ചുവടിലും ചതിക്കുഴികള്‍ ഉണ്ടാകും. പ്രലോഭനങ്ങള്‍ ഒരുപാടുണ്ടാകും. എന്നാലും... ഒരിക്കലും... ചീത്തയാകരുത്, ഈ മനസ്സും ശരീരവും."

ശ്രീലക്ഷ്മിയ്ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അവള്‍ മുഖം  പൊത്തി തേങ്ങിക്കരഞ്ഞു. അയാള്‍ ഞെട്ടിപ്പോയി. 

ഈശ്വരാ! പറഞ്ഞത് അബദ്ധമായോ? ചില നേരമിങ്ങനെയാണ്. എന്തുപറയണമെന്നറിയില്ല. അതും ഒരു പെണ്‍കുട്ടിയോട്. അയാള്‍ അങ്കലാപ്പോടെ ചുറ്റും നോക്കി. ഭാഗ്യം! നിരത്തിലെങ്ങും ആരുമില്ല. 

സേതു കുറ്റബോധത്തോടെ നെറ്റി തടവിക്കൊണ്ടുപറഞ്ഞു,

"ക്ഷമിക്കണം. കരയിക്കാന്‍ വേണ്ടി പറഞ്ഞതൊന്നുമല്ല. എന്റെ ശ്രീക്കുട്ടിയുണ്ടായിരുന്നെങ്കില്‍ തന്റെ പ്രായം കണ്ടേനെ. അവളോട് പറയുന്നതുപോലയെ കരുതിയുള്ളൂ. എന്നാലും... വേദനിപ്പിച്ചൂന്ന് വച്ചാല്‍ മാപ്പ്. ആ കണ്ണുകളൊന്ന് തുടയ്ക്കുവോ?"

ഇതു കേട്ട് അവള്‍ വേഗം കണ്ണുകള്‍ തുടച്ചു.

"വേദനകൊണ്ടല്ല. സന്തോഷം കൊണ്ടാ ഞാന്‍ കരഞ്ഞത്. ആരുമെന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ല. എന്റമ്മ പോയതില്‍പ്പിന്നെ ആരുമെന്നെ ഇത്രയ്ക്കു സ്നേഹിച്ചിട്ടില്ലാ."

സേതു ആശ്വാസത്തോടെ പുഞ്ചിരിച്ചു.

"പലരും സഹായിച്ചിട്ടുണ്ട്. പക്ഷെ, ആരും എന്റെ രക്ഷയെ കരുതിയിട്ടില്ല, എന്റെ പരിശുദ്ധിയെ കരുതിയിട്ടില്ല."

ശ്രീലക്ഷ്മിയുടെ സ്വരമിടറി. കൈകള്‍ കൂപ്പി, നിറകണ്ണുകളോടെ അവള്‍ പറഞ്ഞു,

"ചെമ്പകശ്ശേരിലെ അമ്മയ്ക്കും ഈ മകനും എന്നും ഐശ്വര്യങ്ങള്‍ മാത്രമേ ഉണ്ടാകൂ."

ആ ഉച്ചവെയിലില്‍ ഒരു കുളിര്‍ക്കാറ്റ് വീശി. സേതു മെല്ലെ, ആ രണ്ട് കൈകളും കൂട്ടിപ്പിടിച്ച് പറഞ്ഞു,

"ഞങ്ങള്‍ക്ക് മാത്രമായി ഐശ്വര്യങ്ങളൊന്നും വേണ്ടാ. ശ്രീലക്ഷ്മിക്കും ഉണ്ടാവണം നന്മകളും ഐശ്വര്യങ്ങളും. എന്നും ഞങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാവും. സന്തോഷത്തോടെ പോയിവരൂ. നല്ലത് മാത്രമേ വരൂ."

സേതുവിന്റെ വാക്കുകളോരോന്നും ആ പാവം ബ്രാഹ്മണയുവതിയുടെ ഉണങ്ങിവരണ്ട മനസ്സില്‍ വരങ്ങളുടെ വര്‍ഷമായ് പെയ്തിറങ്ങി.

നിറഞ്ഞ മനസ്സോടെ അവള്‍ നടന്നകലുന്നതും നോക്കി സേതു നിന്നു.

നാല്

കൈകളില്‍ ആരുടെയോ കൈത്തലങ്ങള്‍ അമരുന്നതറിഞ്ഞപ്പോള്‍ സേതു ഞെട്ടി തലയുയര്‍ത്തി നോക്കി. ശ്രീലക്ഷ്മി വിടര്‍ന്ന കണ്ണുകളോടെ അരികില്‍.


"എന്താ ആലോചിച്ചുകൊണ്ടിരുന്നതെന്ന് എനിക്കൂഹിക്കാം. വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ച് മനസ്സുകൊണ്ട് വീണ്ടും അനുഗ്രഹിക്കുകയാണെന്നെ. അല്ല്ലേ?"

അവളെത്ര കൃത്യമായാണ് അത് പറഞ്ഞത്. സേതു അത്ഭുതപ്പെട്ടു. സമ്മതിച്ചിരിക്കുന്നു എന്നര്‍ത്ഥത്തില്‍ അയാള്‍ പുഞ്ചിരിച്ചു.

ചെമ്പകശ്ശേരില്‍ നിന്ന് പോയതിന് കൃത്യം ഒരു മാസത്തിനുള്ളില്‍  ടൈംസ് ഓഫ് ഇന്ത്യയുടെ ചെന്നൈ ബ്രാഞ്ചില്‍ ജൂനിയര്‍ അക്കൌണ്ടന്‍റായി ജോലി കിട്ടിയ കാര്യം ശ്രീലക്ഷ്മി പറഞ്ഞു. 


"ഞാനിപ്പോള്‍ വന്നതിന് ഒരുദ്ദേശം കൂടിയുണ്ട്."

സേതുവും പാര്‍വ്വതിയമ്മയും അവളെ സംശയത്തോടെ നോക്കി.


"എട്ടുമാസത്തെ സൌഹൃദത്തിനൊടുവില്‍ ഒരു സുഹൃത്ത് ചോദിച്ചു, എന്നെ വിവാഹം കഴിച്ചോട്ടെയെന്ന്. എന്നെപ്പോലെ തന്നെ, അച്ഛനും അമ്മയുമൊക്കെ മരിച്ചുപോയ ഒരു ഒറ്റപ്പാലത്തുകാരന്‍."

അവരിരുവരെയും മാറിമാറി നോക്കി അവള്‍ പറഞ്ഞു,

"ഒരു തീരുമാനം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ചെറുവാശ്ശേരിയില്‍ അമ്മയും ഒരാങ്ങളയുമുണ്ട്, അവരോട് അനുവാദം ചോദിക്കണമെന്ന്."

മനസ്സിന്റെ തിരശ്ശീലയില്‍ ഒരു കൊള്ളിയാന്‍ പോലെ മിന്നിമറഞ്ഞപോലെ സേതുവിന് തോന്നി.

ഉത്രാടസന്ധ്യ...അമ്പലക്കുളം...പിന്നെ...?

"സേതൂട്ട്യേ..."

ഒരു എട്ടു വയസ്സുകാരി വിളിച്ചോ? അയാള്‍ സംശയിച്ചു. മേലെ മനയ്ക്കലെ കുഞ്ഞാത്തോലിനൊപ്പം ആമ്പല്‍പ്പൂ പൊട്ടിക്കാന്‍ പോകുമ്പോള്‍ അനുവാദം ചോദിക്കുവാന്‍ ശ്രീക്കുട്ടി ഇങ്ങനെ വിളിച്ചിരുന്നു.

"സേതൂട്ട്യേ, അത്രടം വരെ ചെല്ലാന്‍ കുഞ്ഞാത്തോല് വിളിക്കണ്. ഞാന്‍ പൊയ്ക്കോട്ടെ?"

രണ്ടര മിനിറ്റിന് മൂപ്പവകാശം കിട്ടിയ ഏട്ടന്‍ ഗൌരവത്തില്‍ തലയാട്ടിക്കൊണ്ട് പറയും,

"പോയിവാ."

പിന്നെ, അടുത്ത് വിളിച്ചിട്ട് ഒരു സ്വകാര്യം പറയും,

"പിന്നേയ്... എനിക്കും കൊണ്ടു വരണം ആമ്പല്‍പ്പൂ."

അനുവാദം കൊടുത്തതിന്റെ പ്രതിഫലമാണ് ആവശ്യപ്പെട്ടത്.

ഇപ്പോഴും സഹോദരനോട് അനുവാദം ചോദിക്കുന്നു. പക്ഷേ, ശ്രീക്കുട്ടിയല്ല...ശ്രീലക്ഷ്മി...അതോ ശ്രീക്കുട്ടി തന്നെയോ?

സേതുവിന്റെ കണ്ണുകളില്‍ നനവ് പൊടിഞ്ഞു. അയാള്‍ മെല്ലെ എഴുന്നേറ്റ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

"ശ്രീലക്ഷ്മിയുടെ ജീവിതം തീരുമാനിക്കേണ്ടത് ശ്രീലക്ഷ്മി തന്നെയാണ്. മാത്രമല്ല, സ്നേഹിക്കുന്നവരുടെ തീരുമാനങ്ങള്‍ക്ക് എതിര് നില്‍ക്കാന്‍  എനിക്കാവില്ല. അമ്മയ്ക്കും അങ്ങനെ തന്നെ." 

സേതു അമ്മയെ നോക്കി. എല്ലാവരുടെയും ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ന്നു.


സേതുവിനും പാര്‍വ്വതിയമ്മയ്ക്കും ഓണപ്പുടവകളുമായാണ് ശ്രീലക്ഷ്മി എത്തിയത്. അവളുടെ കൈയില്‍ നിന്നും അവ ഏറ്റുവാങ്ങുമ്പോള്‍ അമ്മയുടെയും മകന്റെയും ഹൃദയം നിറഞ്ഞുകവിഞ്ഞു. ആദ്യമായാണ് ഇങ്ങനൊരനുഭവം. വാക്കുകള്‍ക്കു ചൊരിയാന്‍ കഴിയുന്നതിലുമധികം സ്നേഹവും സംതൃപ്തിയും കണ്ണുനീര്‍ മുത്തുകള്‍ക്കുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. 

ആരും കാണാതെ സേതു കണ്ണുകള്‍ തുടച്ചു. പാര്‍വതിയമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.

വര്‍ത്തമാനം കഴിഞ്ഞ് പാര്‍വ്വതിയമ്മ ഓണസദ്യ വിളമ്പി. ശ്രീലക്ഷ്മി എത്ര നിര്‍ബന്ധിച്ചിട്ടും അവര്‍ ഉണ്ണാനിരുന്നില്ല. അതായിരുന്നു ചെമ്പകശ്ശേരിലെ അമ്മയുടെ സ്വഭാവം. എല്ലാവരെയും ഊട്ടിയിട്ടുമാത്രം ഉണ്ണുക എന്ന നിര്‍ബന്ധം. ഓണമായാലും വിഷുവായാലും അതങ്ങനെ തന്നെ. 

ഊണ് കഴിഞ്ഞ് ഒന്നുവിശ്രമിച്ചിട്ട് ശ്രീലക്ഷ്മി സേതുവിനോടൊപ്പം തൊടിയിലും പറമ്പിലും വെറുതെ നടക്കാനിറങ്ങി. കണ്ണെത്താദൂരത്ത് കിടക്കുകയാണ് ചെമ്പകശ്ശേരി തറവാടിന്റെ ഭൂസ്വത്ത്.

"ഒരു കൊച്ചു ജന്മിയാണല്ലേ?"

ശ്രീലക്ഷ്മി കളിയാക്കിയതുകേട്ട് സേതു ചിരിച്ചു.

അയാള്‍ ചുറ്റും നോക്കി. എന്നിട്ട്, നഷ്ടബോധത്തിന്റെ മധുരമോലുന്ന വേദനയോടെ പറഞ്ഞു,

"ഞാനും ശ്രീക്കുട്ടിയും ഓടിക്കളിച്ചു വളര്‍ന്ന മണ്ണാ. പണ്ട് പൂവാലിപ്പയ്യിന്‍റെ കിടാവിനെ ഇവിടെ മുഴുവനിട്ടോടിക്കും, ഞങ്ങള്‍ രണ്ടാളും കൂടിയിട്ട്." 

കണ്ണുകള്‍ക്കു മുന്നില്‍ ഓര്‍മ്മചിത്രങ്ങള്‍ തെളിഞ്ഞപ്പോള്‍ സേതുവിന്റെ ചുണ്ടുകളില്‍ ഒരു വരണ്ട പുഞ്ചിരി വിടര്‍ന്നു. കുറെക്കൂടി നടന്നിട്ട്, അല്‍പം ദൂരെയായ് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു തെങ്ങ് ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു,

"അതിനു താഴെയാണ് ശ്രീക്കുട്ടി ഉറങ്ങുന്നത്." 

ഓര്‍മ്മകള്‍ സേതുവിനെ നൊമ്പരപ്പെടുത്തുന്നുണ്ടെന്ന് ശ്രീലക്ഷ്മിക്കു മനസ്സിലായി. അവള്‍ വിഷയം മാറ്റിക്കൊണ്ട് മറ്റെന്തോ പറഞ്ഞു. പക്ഷെ, യഥാര്‍ത്ഥത്തില്‍ അയാള്‍ നൊമ്പരപ്പെടുകയായിരുന്നില്ല. അനുഭവിക്കുകയായിരുന്നു, പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് വേര്‍പിരിഞ്ഞുപോയ ഇരട്ടസഹോദരിയുടെ അദൃശ്യസാമീപ്യത്തിന്റെ തലോടല്‍. ആരോടാണ് നന്ദി പറയേണ്ടത്? ശ്രീക്കുട്ടിയോടോ, അതോ ശ്രീലക്ഷ്മിയോടോ? 

മടങ്ങിയെത്തി, ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ശ്രീലക്ഷ്മി പാര്‍വ്വതിയമ്മയോട് സേതുവിന്റെ കല്യാണക്കാര്യത്തെക്കുറിച്ച് ചോദിച്ചു,

"ഏതോ ഒരുത്തിയെ നോക്കി വച്ചിട്ടുണ്ടത്രെ. ഒരു വര്‍ഷം കഴിഞ്ഞിട്ടുമതി കല്യാണമെന്ന് അവര്‍ 
 തീരുമാനിച്ചുറച്ചിരിക്കുകയാ. പിന്നെ ഞാനെന്തു പറയാന്‍?"

ഇതു കേട്ട്, സേതു വിളറിപ്പോയി. അമ്മ ഇത്രയ്ക്കങ്ങോട്ട് കേറിപ്പറയുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല. അയാള്‍ പാര്‍വ്വതിയമ്മയെ ഗൂഢമായി നോക്കി. സേതുവിന്റെ ചമ്മല്‍ കണ്ട് ശ്രീലക്ഷ്മി ചിരിച്ചുപോയി. അവളുടെ ചിരികണ്ട് അയാളും ചിരിച്ചു.

ഒടുവില്‍, ഉച്ചവെയിലൊന്നാറിയപ്പോള്‍ ശ്രീലക്ഷ്മി പോകാനായി എഴുന്നേറ്റു. അവളോട് കുറച്ചുനേരം കൂടി സംസാരിച്ചിരുന്നാല്‍ കൊള്ളാമെന്നുണ്ടായിരുന്നു പാര്‍വ്വതിയമ്മയ്ക്ക്.

അത് മനസ്സിലാക്കിയപ്പോലെ അവരുടെ കൈപിടിച്ച് ശ്രീലക്ഷ്മി പറഞ്ഞു,

"ഇനിയും ഞാന്‍ വരും. ഇതിപ്പോള്‍ എന്റെ കൂടി വീടല്ലേ."

കാറിനടുത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു,

"മദ്രാസിലെ ഏതെങ്കിലും ഒരു രജിസ്റ്ററോഫീസില്‍ വച്ചാവും. പിന്നെ, അമ്പലത്തില്‍ വച്ചൊരു താലികെട്ട്. തീയതി തീരുമാനിച്ചാലുടന്‍ ഞാന്‍ ട്രെയിന്‍ ടിക്കറ്റ് അയച്ചുതരും. രണ്ടാളും അവിടെയുണ്ടാവണം."

ഇതുപറയുമ്പോള്‍ ശ്രീലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞു. കാറില്‍ കയറുന്നതിനുമുമ്പ് ശ്രീലക്ഷ്മി പാര്‍വ്വതിയമ്മയുടെ പാദങ്ങളില്‍ തൊട്ടുവണങ്ങി. അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചിട്ട് അവര്‍ പറഞ്ഞു,

"നന്നായി വരും. എവിടായിരുന്നാലും നന്മയേ ഉണ്ടാകൂ നിനക്ക്."

അവള്‍ കാറില്‍ കയറിയിരുന്നപ്പോള്‍ ഡോര്‍ അടച്ചുകൊണ്ട് സേതു പറഞ്ഞു,

"കല്യാണത്തിന് മുമ്പ് അവധി കിട്ടിയാല്‍ രണ്ടാളുംകൂടി ഇങ്ങോട്ട് പോന്നേക്കൂ. നമ്മള്‍ക്കിവിടെ അടിച്ചുപൊളിക്കാം. "

ശ്രീലക്ഷ്മി  ചിരിച്ചു. കാര്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു,

"സേതൂട്ടീ, ഭാവി നാത്തൂനാരെ എന്റെ അന്വേഷണം അറിയിക്കാന്‍ മറക്കരുത്."

അയാള്‍ ചിരിച്ചുകൊണ്ട് മറക്കില്ലെന്ന് തലയാട്ടി.

അവരോട് ഒരിക്കല്‍ക്കൂടി യാത്ര ചോദിച്ച് ശ്രീലക്ഷ്മി പോയി. ഒരു കല്യാണക്കച്ചേരിയുടെ മേളം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാകുന്നതുപോലെ സേതുവിന് തോന്നി. വിവാഹം കഴിഞ്ഞ് നിറകണ്ണുകളോടെ ഭര്‍തൃഗൃഹത്തിലേയ്ക്ക് പോകുന്ന ശ്രീക്കുട്ടി. ഓര്‍മ്മകളില്‍ താലോലിച്ച ഒരു സുന്ദരസ്വപ്നമായിരുന്നു അത്. ഒരിക്കലും നടക്കില്ല എന്നറിയാമായിരുന്നിട്ടുകൂടി പിന്നെയും പിന്നെയും കണ്ട സ്വപ്നം. അതില്‍ ഇങ്ങനൊരു യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ? ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. കല്യാണമണ്ഡപത്തിലേയ്ക്ക് കാലെടുത്തുവയ്ക്കുന്നതിനുമുമ്പ്  നിറകണ്ണുകളോടെ മാറിലേക്കു ചായുന്ന, അനിയത്തിയുടെ മൂര്‍ദ്ധാവില്‍ ചുണ്ടുകളമര്‍ത്തി, വിറയ്ക്കുന്ന കൈത്തലം ശിരസ്സില്‍ ചേര്‍ത്ത് അനുഗ്രഹിക്കുന്ന ഒരു വല്ല്യേട്ടന്റെ നിര്‍വൃതിയില്‍  സേതു സ്വയം മറന്നുനിന്നു.

കാര്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ അയാള്‍ തിരിഞ്ഞ് അമ്മയെ നോക്കി. അവര്‍ കണ്ണുകള്‍ ഒപ്പുകയായിരുന്നു. പാര്‍വ്വതിയമ്മയെ ചേര്‍ത്ത് പിടിച്ച് സേതു തിരിഞ്ഞുനടന്നു.

വര്‍ഷങ്ങള്‍ക്കുശേഷം ചെമ്പകശ്ശേരില്‍ മുഴങ്ങുകയായിരുന്നു 'സേതൂട്ട്യേ' എന്ന വിളി. പാര്‍വ്വതിയമ്മ അത് പറഞ്ഞപ്പോള്‍ അയാളും ഓര്‍ത്തു. ശരിയാണ്. ഒരു അനിയത്തിക്കുട്ടിയായി അനുവാദം ചോദിക്കുമ്പോഴും ഒരു ഏട്ടത്തിയായി ശാസിക്കുമ്പോഴും ശ്രീക്കുട്ടി അങ്ങനെ വിളിച്ചിരുന്നു. 

"സേതൂട്ട്യേ..."

അങ്ങനെ അവള്‍ വിളിക്കുന്നതുകേള്‍ക്കാന്‍ ഒരു പ്രത്യേക സുഖമായിരുന്നു.

പൂമുത്തിണ്ണയിലേക്ക് കയറിയപ്പോള്‍ പാര്‍വ്വതിയമ്മയുടെ രണ്ടു തോളുകളിലും പിടിച്ചുകൊണ്ട് സേതു ചോദിച്ചു,

"അമ്മയുടെ കാത്തിരിപ്പ് വെറുതേയായില്ല. അല്ലേ?"

"എന്തേ?"

"എന്നെങ്കിലും ഒരു ഓണത്തിന് ശ്രീക്കുട്ടി എത്തുമെന്നായിരുന്നല്ലോ അമ്മയുടെ പ്രതീക്ഷ. ഇന്നെത്തിയില്ലേ, അമ്മയോടൊപ്പമിരുന്ന് ഓണമുണ്ണാന്‍ അമ്മേടെ ശ്രീക്കുട്ടി. "

ഒരുനിമിഷം മൌനം പാലിച്ച ശേഷം പാര്‍വ്വതിയമ്മ പറഞ്ഞു,

"ശരിയാ. ഇന്ന് വന്നുപോയത് ന്റെ ശ്രീക്കുട്ടിയാ."

അവരുടെ ശബ്ദമിടറി. 

സേതു പുഞ്ചിരിച്ചുകൊണ്ട് അമ്മയെ ചേര്‍ത്തുപിടിച്ചു. പാര്‍വ്വതിയമ്മ കരഞ്ഞില്ലന്നെയുള്ളൂ. രക്തബന്ധങ്ങള്‍ക്കപ്പുറം ഒരു ബന്ധമില്ലെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ, നിര്‍വ്വചനാതീതമായ മറ്റേതോ ഒരു ബന്ധത്തിന്റെ വേരുകള്‍ ജന്മാന്തരങ്ങള്‍ക്കപ്പുറത്തേക്ക് പടരുന്നു. അല്ലെങ്കില്‍ ശ്രീക്കുട്ടി ശ്രീലക്ഷ്മിയായി വരില്ലല്ലോ. ശരിയാണ്. പൂര്‍വ്വജന്മങ്ങളേതോ ഒന്നില്‍ ശ്രീലക്ഷ്മി കൂടെയുണ്ടായിരുന്നു. തറവാടിന്റെ നടുമുറ്റത്ത്... യക്ഷിക്കാവിന്റെ തണലില്‍... അമ്പലക്കുളക്കടവില്‍... സ്ക്കൂളില്‍... അല്ല, അതിനും മുമ്പ്, സ്വന്തം സഹോദരിയായി അമ്മയുടെ ഉദരത്തില്‍. ഈശ്വരാ! മനസ്സ് എങ്ങോട്ടാണ് പായുന്നത്? ഈ ചിന്തകളെല്ലാം ശ്രീക്കുട്ടി അറിയുന്നുണ്ടോ ആവോ. ഉണ്ടാവും ആത്മാവിന് അതിനുള്ള ശക്തിയുണ്ടല്ലോ. സേതു പൂമുഭിത്തിയില്‍ മാല ചാര്‍ത്തി അലങ്കരിച്ചിരുന്ന ഫോട്ടോയിലേക്ക് നോക്കി. അതിലിരുന്ന് ശ്രീക്കുട്ടി പുഞ്ചിരിച്ചു. ഓണനിലാവിന്റെ വിശുദ്ധിയുണ്ടായിരുന്നു ആ പുഞ്ചിരിയ്ക്ക്

Saturday, September 3, 2011

ഓണപ്പൂക്കളം ഒരു ഓര്‍മ്മ

അന്ന് രാവിലെ പൂക്കുട ഒരുക്കുന്ന തിരക്കാണ് എത്ര തരം പൂക്കള്‍ പറിക്കണം, ചെക്കിപ്പൂ, കാക്കപ്പൂ ...
വൈകുന്നേരം വീട്ടില്‍ ചെന്നെത്തിയാല്‍ ഒന്നിനും സമയം തികയില്ല. കൂട്ടുകാരൊക്കെ വരില്ലേ പൂപ്പറിക്കാന്‍ പോകാന്‍, ബാലുവും, തുളസിയും, മോഹനും ...

പുസ്തക കെട്ടുമായി സ്കൂളിലെത്തുംപോഴേക്കും ആദ്യ ബെല്‍ അടിച്ചിരിക്കും. അന്നത്തെ ചിന്ത മുഴുവന്‍ നാളത്തെ ഓണപ്പൂക്കളം തീരക്കാനുള്ള ചിന്തയിലായിരിക്കും. കാരണം മത്സരമാണല്ലോ. വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ പൂക്കളത്തിന്റെ സ്കെട്ച്ചും തയ്യാറാക്കും. പിറ്റേന്ന് വെളുപ്പാന്‍ കാലത്തുതന്നെ എഴുന്നേറ്റുച്ചെന്നു പൂവിടും. അതു കഴിഞ്ഞു വേണം കൂട്ടുകാരുടെ വീട്ടിലോട്ടു ചെല്ലാന്‍. എങ്ങിനെയുണ്ട് അവരുടെ പൂക്കളം.... എന്ന് നോക്കണമല്ലോ
പിന്നീട് ഒരു ചര്‍ച്ചയാ ... ആരുടെ പൂക്കളമാണ് ഭംഗി കൂടുതല്‍, വലുപ്പം കൂടുതല്‍ ... ഇതൊക്കെ കഴിഞ്ഞു വേണം ഓണക്കളികളിലേക്ക് ചെല്ലാന്‍ ....

ഇന്നോ ....
ആരാണ് പൂപ്പറിക്കാന്‍ പോകുന്നത്, അതിനു പൂവെവിടെ... സത്യം പറയാലോ, ഈ വര്‍ഷം ഞാന്‍ തുമ്പപ്പൂ കണ്ടിട്ടില്ല. എവിടെ പോയി. ആരും പൂ പറിക്കാത്തത് കൊണ്ട് തുമ്പപ്പൂ വരാന്‍ മടിച്ചതാണോ അറിയില്ല.

തമിള്‍ നാട്ടില്‍ നിന്നു വരുന്ന ചെണ്ട് മല്ലികയും, ജമന്തിയും തന്നെ നമ്മുടെ പൂക്കളം. ഇങ്ങിനെ പോയാല്‍ കുറച്ചു കാലം കഴിഞ്ഞാലോ .... ചിന്തിക്കേണ്ട അതാ നല്ലത്.

പിന്നെ ...

നിങ്ങള്‍ക്കു വേണ്ടി, ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു ഓണ മത്സരം നടത്തുന്നുണ്ട് ഇവിടെ ക്ലിക്ക് ചെയ്താല്‍ ചെന്നെത്താം ....


എല്ലാവര്‍ക്കും സന്തോഷവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ തിരുവോണ ആശംസകള്‍ ....

Friday, August 26, 2011

എന്റെ പ്രിയപ്പെട്ട ആൽത്തറ




നടന്ന് ക്ഷീണിച്ച് അല്പം നേരം വിശ്രമിച്ച് പഴയ കഥകളൊക്കെ പറഞ്ഞിരിക്കാൻ പഴയ ചങ്ങാതിന്മാരെ തേടിയാണ് പിള്ളേച്ചൻ ആൽത്തറയിൽ വന്നത്. ഏല്ലാകൊല്ലവും ഓണമെത്തുന്നത് ആദ്യം ആൽത്തറയിലാണ്.അതൊരു ഓണമാണ് ചങ്ങാതിന്മാരുടെ ഓണം.ഇപ്പോ മിക്കവാറും ബ്ലോഗേഴ്സ് മീറ്റുകളും ഫെയ്സ് ബുക്ക് ഓർകൂട്ട് കൂട്ടായ്മകളുമൊക്കെ പല ദിക്കിലും സജീവമായിട്ടുണ്ട്.രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം പോലെ ജില്ലകളും പഞ്ചായത്തുകൾ തോറും വരെ കൂട്ടായ്മകളായി. നല്ലതു തന്നെ.ഏല്ലാം വേണം.


ഇവിടെ വന്നപ്പോൾ ഓണമില്ലാത്ത ഒരു മരിച്ചവീടുപ്പോലെ ആൽത്തറ മൂകമായി കിടക്കുന്നതു കണ്ടപ്പോൾ ആൽത്തറയുടെ ബാല്യം തേടി ഞാൻ കുറച്ചു വർഷം പിന്നോട്ട് പോയി.അവിടെ ബിവറേജിനു മുന്നിലുള്ള ഓണത്തലേന്നത്തെ ക്യൂപോലെ ഒരു വലിയ ആൾകൂട്ടം അന്ന് ആൽത്തറയിൽ ഉണ്ടായിരുന്നില്ല.ഗോപൻ എന്ന മനുഷ്യന്റെ ചിന്തകളിൽ കുറച്ചു നല്ല കൂട്ടുകാരുടെ ശ്രമഫലമായി രൂപം കൊണ്ട ആൽത്തറ. കാപ്പിലാൻ ,നിരക്ഷരൻ, പാമരൻ,ഗീതാഗീതികൾ,മാണിക്യം,ഏറനാടൻ തോന്ന്യാസി കൃഷ് ,കാന്താരികുട്ടി,പ്രിയ ഉണ്ണികൃഷണൻ അങ്ങനെ കുറച്ചുപ്പേർ. അവരുടെയെല്ലാം സ്നേഹത്തിന്റെ വലിയ മനസ്സിന്റെ നന്മകൾ ആ ആൽത്തറ മുറ്റം നിറയെ നന്മയുള്ള പൂവുകളായി വിരിഞ്ഞൂ നിന്നു.നല്ല രസമായിരുന്നു അന്ന് ഒരോ ഓണവും. ഏന്തെല്ലാം ആഘോഷങ്ങളായിരുന്നു അന്ന് ആൽത്തറയിൽ. ഇപ്പോ ഒന്നുമില്ല.


വലിയ വേദന തോന്നുന്നു ഇവിടെ വന്നപ്പോൾ.സ്നേഹത്തിന്റെ കള്ള് വിളമ്പിയ ആ ഷാപ്പ് പോലും അടഞ്ഞൂ കിടക്കുന്നു.


ഇനി കുറച്ചു ദിവസമെയുള്ളൂ ഓണത്തിന് നമ്മുക്ക് ഏല്ലാം ആ പഴയ കൂട്ടുകാരായി തിരിച്ചെത്താം.


ആർപ്പേയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്


കുറിപ്പ്.എന്ന് പണിത്തിട്ട ആൽത്തറകാവിലെ വിളക്കുകൾ അണഞ്ഞു.അവിടെ വിളക്കുതെളിയ്ക്കാൻ ഞാനുമെത്തൂം.


സസ്നേഹം.


അനൂപ് എസ് നായർ കോതനല്ലൂർ


(പിള്ളേച്ചൻ)


Wednesday, June 15, 2011

അയാള്‍ ഞാനാണ്



പൂമുഖത്തെ ചാരുകസേരയില്‍ കിടന്ന് നന്ദഗോപാല്‍ പുറത്തേയ്ക്ക് നോക്കി. മാനം ഇരുണ്ടുകൂടി കിടക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. ഒപ്പം മനവും.

ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരും ഒന്ന് മയങ്ങുകയാണ്. എല്ലാവരും എന്ന് പറയുമ്പോള്‍ പ്രായമായ അമ്മ, ഭാര്യ ചാന്ദിനി, അനന്തു എന്ന് വിളിക്കുന്ന മൂന്ന് വയസ്സുള്ള ഇളയമകന്‍ അനന്തകൃഷ്ണന്‍. ഏഴ് വയസ്സുള്ള മൂത്തമകള്‍ പാറുക്കുട്ടി എന്ന പാര്‍വ്വതി അകത്തിരുന്ന് ടി. വി. യില്‍ ഏതോ കാര്‍ട്ടൂണ്‍ കാണുന്നു. 

പക്ഷെ, അയാള്‍ക്ക് മാത്രം ഒന്നിനും കഴിയുന്നില്ല. ഉറങ്ങാനായി ചെന്നുകിടന്നതാണ്. പക്ഷെ, കണ്ണടയ്ക്കുമ്പോള്‍ മുന്നില്‍ തെളിയുന്നത്....!

മയങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അച്ഛന്റെ മണം ഇനിയും പോയിട്ടില്ലാത്ത (എന്ന് അയാള്‍ വിശ്വസിക്കുന്ന) ചാരുകസേരയില്‍ വന്നിരുന്നു. 

അത് നന്ദഗോപാലിന്റെ ശീലമായിരുന്നു. മനസ്സ് കലുഷമാകുമ്പോള്‍ ഈ ചാരുകസേര അയാള്‍ക്ക് ഒരാശ്വാസമായിരുന്നു. നെറുകയില്‍ തലോടി എല്ലാം ശരിയാകും എന്ന് പറഞ്ഞാശ്വസിപ്പിക്കുന്ന അച്ഛന്റെ അദൃശ്യസാന്നിദ്ധ്യം അയാളുടെ മനസ്സിനെ തണുപ്പിക്കുമായിരുന്നു.

പക്ഷെ, ഇന്ന് നന്ദഗോപാല്‍ ശരിക്കും തളര്‍ന്നുപോയിരിക്കുന്നു. സ്വന്തം മനസ്സ്, ചിലമ്പെടുത്ത് അലറിത്തുള്ളി അട്ടഹസിക്കുന്ന കോമരം പോലെ കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു പ്രതിക്കൂട്ടിലെന്നപോലെ അയാളുടെ ശരീരം വിറച്ചു.

മഴയുടെ മുന്നോടിയായി വീശിയ തണുത്ത കാറ്റ് അയാളെ തഴുകി കടന്നുപോയി. പക്ഷെ, ആ കാറ്റിന്റെ സ്പര്‍ശവും പുറകെ ഒരു ആര്‍ത്തനാദത്തോടെ എത്തിയ മഴയുടെ കുളിര്‍മ്മയും തന്നെ പൊള്ളിക്കുന്നതുപോലെ നന്ദഗോപാലിന് തോന്നി. 

തുള്ളിക്കൊരുകുടം പോലെ പെയ്തിറങ്ങുകയാണ് മഴ, ചാഞ്ഞും ചരിഞ്ഞും കാറ്റടിക്കുമ്പോള്‍ കിതപ്പടക്കിയും. അയാള്‍ വരാന്തയുടെ അരികിലേയ്ക്ക് നീങ്ങിനിന്നു. മേല്‍ക്കൂരയില്‍ നിന്നും ഒളിച്ചിറങ്ങുന്ന മഴയുടെ നേര്‍വരകളിലേയ്ക്ക് നന്ദഗോപാല്‍ കൈ മെല്ലെ നീട്ടി. വിരല്‍ത്തുമ്പുകളിലൂടെ ഒരു തണുപ്പ് മുകളിലേയ്ക്ക് അരിച്ചുകയറി, മനസ്സിലെത്താതെ പാതിവഴിയില്‍ എവിടെയോ മറഞ്ഞു.

ആഞ്ഞുവീശിയ ഒരു കാറ്റില്‍ മഴത്തുള്ളികള്‍ മുഖത്തേയ്ക്ക് തെറിച്ചുവീണപ്പോള്‍ അയാള്‍   മുഖമൊന്നമര്‍ത്തി തുടച്ചു.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയ്ക്കാണ് നന്ദഗോപാല്‍ ആ യുവാവിനെ ആദ്യമായും അവസാനമായും കാണുന്നത്. നല്ല ഇരുട്ടായതിനാല്‍ മുഖം വ്യക്തമല്ലായിരുന്നു. പക്ഷെ, ഏതോ വാഹനത്തിന്റെ ഹെഡ് ലൈറ്റില്‍ റോഡില്‍ വീണുകിടന്നിരുന്ന അയാളുടെ ചോരയോലിക്കുന്ന മുഖം മിന്നായം പോലെ ഒന്നുകണ്ടു. മറിഞ്ഞുകിടന്നിരുന്ന ബൈക്കില്‍ കൈകുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. നിര്‍ത്താതെ പോകുന്ന വാഹനങ്ങളില്‍ ദയനീയമായി നോക്കി നിലവിളിച്ചുകൊണ്ട് നാവ് കുഴഞ്ഞ ശബ്ദത്തില്‍ അയാള്‍ എന്തോ അപേക്ഷിക്കുന്നുണ്ടായിരുന്നു.

അങ്ങനെ നിര്‍ത്താതെ പോയ അനേകം വാഹനങ്ങളിലൊന്ന്  നന്ദഗോപാലിന്റെ കാറായിരുന്നു. കുറെ ദൂരം ചെന്നിട്ട് അയാള്‍ കാര്‍ റോഡിന്റെ ഒരുവശത്തേയ്ക്കൊതുക്കിയിട്ട് ഒന്നാലോചിച്ചു. ജീവന് വേണ്ടി കേഴുന്ന ഒരാളെ കണ്ടില്ലെന്ന് നടിച്ചത് ശരിയാണോ? അയാള്‍ വാച്ചില്‍ നോക്കി. സമയം ഒരുമണി.

അയാളുടെ ഉള്ളില്‍ ഒരു കുറ്റബോധം നീറിപ്പുകഞ്ഞുതുടങ്ങി. ഉറങ്ങാതെ കാത്തിരിക്കുന്ന ഒരു കുടുംബം അയാള്‍ക്കും ഉണ്ടാവില്ലേ. ചിലപ്പോള്‍, റോഡില്‍ ചിതറി വീണ സാധനങ്ങളില്‍ ഒരു കുഞ്ഞ് കളിപ്പാട്ടവും ഫ്രോക്ക് ഉടുപ്പും ഉണ്ടാവില്ലേ?

പക്ഷെ, രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ആശുപത്രി, പോലീസ്, കോടതി, സാക്ഷി വിസ്താരം ... പൊല്ലാപ്പുകള്‍ അങ്ങനെ പലത്. മാത്രമല്ല, വീട്ടുകാരുടെ കാര്യം നോക്കാന്‍ തന്നെ സമയം തികയുന്നില്ല. നുള്ളിപ്പൊളിച്ചുനോക്കിയാല്‍ പിന്നെയും കാരണങ്ങള്‍ ഒരുപാട്.

അങ്ങനെ മനഃസാക്ഷിയുടെ തുലാസ്സില്‍ സ്വാര്‍ത്ഥതയുടെ തട്ടിന് കനം കൂടിയപ്പോള്‍ നന്ദഗോപാല്‍ തിരിഞ്ഞുനോക്കാതെ തന്റെ യാത്ര തുടര്‍ന്നു. കാര്‍ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ വഴിയില്‍ എവിടെയോ ഹൈവേ പോലീസിനെ കണ്ട് അയാള്‍ ആശ്വസിച്ചു. ഭാഗ്യം! അവര്‍ രക്ഷിക്കും അയാളെ.

പക്ഷെ, ഹൈവേ പോലീസ് രക്ഷിച്ചില്ല ആ ചെറുപ്പക്കാരനെ. അല്ലെങ്കില്‍ അങ്ങനൊരു പത്രവാര്‍ത്ത....! രാവിലെ കാപ്പി മൊത്തിക്കുടിച്ചുകൊണ്ട് ആ വാര്‍ത്ത വായിച്ചപ്പോള്‍ മുതലാണ് നന്ദഗോപാലിന്റെ മനസ്സ് ഒരു ഉമിത്തീ പോലെ എരിഞ്ഞുനീറാന്‍ തുടങ്ങിയത്. പിന്നീടുള്ള ഓരോ ചലനത്തിലും അയാളെ പിന്തുടരുന്നു ദയനീയമായ ആ മുഖം.

ചാന്ദിനിയുടെ മന്ദഹാസത്തിനും അമ്മയുടെ വാല്‍സല്യം കലര്‍ന്ന പരിഭവത്തിനും മക്കളുടെ കുറുമ്പുകള്‍ക്ക് മുന്നിലും ഒരു അപരിചിതനെപ്പോലെ അയാള്‍ പകച്ചുനിന്നു. അയാളുടെ കവിഹൃദയത്തിനെ എന്നും തൊട്ടണര്‍ത്തിയിരുന്ന മഴയുടെ ആര്‍ദ്രസ്പര്‍ശം ഇന്ന് അയാളെ ചുട്ടുപ്പൊളിക്കുന്നു.

തുളസിത്തറയിലെ നനഞ്ഞുകുതിര്‍ന്ന കൃഷ്ണത്തുളസിയുടെ ഇലകളില്‍ മഴക്കാലത്തിന്റെ വെള്ളിനിറം തിളങ്ങി. കനമുള്ള മഴനൂലുകള്‍ പുളഞ്ഞിറങ്ങുന്ന പുമുഖവും കഴിഞ്ഞ് നന്ദഗോപാലിന്റെ നോട്ടം പടിവാതില്‍ക്കലെത്തി. ആരൊക്കെയോ മഴ നനയാതെ കുട പിടിച്ച് അവിടെ നില്ക്കുന്നു. അയാള്‍ നോക്കി നില്‍ക്കേ കുട പിടിച്ചവരുടെ എണ്ണം കൂടിവരുന്നു.

ഒന്ന്...രണ്ട്.. മൂന്ന്...

അങ്ങനെ നിമിഷനേരം കൊണ്ട് മുറ്റവും പൂമുഖത്തിണ്ണയും ആളുകളെകൊണ്ട് നിറഞ്ഞു. എല്ലാവരും ആരെയോ പ്രതീക്ഷിച്ചുനില്‍ക്കുകയാണ്. ഒടുവില്‍ സൈറണ്‍ മുഴക്കി ആളുകളുടെ ഇടയിലൂടെ ഒരു ആംബുലന്‍സ് വന്ന് മുറ്റത്ത് നിര്‍ത്തി. അതില്‍ നിന്ന് മുഖം പോലും കാണാന്‍ കഴിയാത്ത വിധം  വെള്ളത്തുണിയില്‍ മൂടികെട്ടിയ ഒരു മൃതദേഹം പുറത്തെടുത്തു. അതില്‍ രക്തം കിനിഞ്ഞ വലിയ പാടുകള്‍ ഉണ്ടായിരുന്നു. ചന്ദനത്തിരികളുടെ രൂക്ഷഗന്ധം അന്തരീക്ഷത്തില്‍ പരന്നു. പെട്ടെന്ന് അലമുറയിട്ടുകൊണ്ട് അകത്തുനിന്ന് പാഞ്ഞുവന്ന ചാന്ദിനിയെ ആരൊക്കെയോ ചേര്‍ന്ന് പിടിച്ചുനിര്‍ത്തി. അവളെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന പാറുക്കുട്ടി. അനന്തു ഒന്നുമറിയാതെ ഒരു കളിപ്പാട്ടം തിരിച്ചും മറിച്ചും നോക്കുന്നു. അമ്മ അകത്തെ മുറിയില്‍ തളര്‍ന്നുകിടക്കുകയാണെന്ന് ആരോ അടക്കം പറഞ്ഞു.

നന്ദഗോപാല്‍ അമ്പരന്നുനിന്നു.

"തണുപ്പ് കൊള്ളാതെ കേറി വാ നന്ദേട്ടാ"

ചാന്ദിനി പറഞ്ഞതുകേട്ട് അയാള്‍ ഒന്നുഞെട്ടി. പിന്നെ, പരിഭ്രമത്തോടെ ചുറ്റും നോക്കി. തകര്‍ത്തുപെയ്യുന്ന മഴയില്‍ മുറ്റവും പൂമുഖത്തിണ്ണയും വിജനം. അപ്പോള്‍ ആളുകളും ആംബുലന്‍സും? എല്ലാം തോന്നലായിരുന്നോ?

"എന്തൊരു നശിച്ച മഴയാണ്, ഈശ്വരാ!" അവള്‍ മഴയെ പ്രാകിക്കൊണ്ട് നന്ദഗോപാലിന്റെ അടുക്കലേയ്ക്ക് വന്നു. ആ മഴയുടെ തണുപ്പിലും അയാളുടെ മുഖം വിയര്‍ത്തിരിക്കുന്നത് കണ്ട് ചാന്ദിനി സംശയത്തോടെ ചോദിച്ചു,

"എന്തുപറ്റി നന്ദേട്ടാ? രാവിലെ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു. എന്തോ നന്ദേട്ടനെ അലട്ടുന്നുണ്ട്. എന്താണേലും പറയൂന്നേ"

നന്ദഗോപാല്‍ രണ്ട് കൈകളും കൊണ്ട് മുഖം അമര്‍ത്തിതുടച്ചിട്ട് പറഞ്ഞു,

"ഇന്നലെ വെളുപ്പിന് ഒരു അപകടം കണ്ട കാര്യം ഞാന്‍ പറഞ്ഞിരുന്നില്ലേ. ആ ചെറുപ്പക്കാരന്‍ .... അയാള്‍ ... അയാള്‍ മരിച്ചു, ഇന്നത്തെ പത്രത്തിലുണ്ട്."

ചാന്ദിനി ഒരു ഞെട്ടലോടെ 'ഈശ്വരാ' എന്ന് പിറുപിറുക്കുന്നത് അയാള്‍ കണ്ടു. അവള്‍ പത്രമെടുക്കാനായി ആഞ്ഞപ്പോള്‍ നന്ദഗോപാല്‍ ആരോടെന്നില്ലാതെ പറഞ്ഞു,

"ആ മരിച്ചത് ഞാനാണ്. മനഃസാക്ഷി മരവിച്ച എന്റെ സ്വാര്‍ത്ഥത കൊന്നത് എന്നെത്തന്നെയാണ്. "

ചാന്ദിനി പത്രമെടുത്ത് പേജുകള്‍ മറിച്ചുനോക്കി.

രക്ഷപ്പെടുത്താന്‍ ആരുമില്ലാതെ  റോഡില്‍ മണിക്കൂറോളം കിടന്ന്, രാത്രിയില്‍ എപ്പഴോ ചീറിപ്പാഞ്ഞുവന്ന രണ്ട് ടാങ്കര്‍ ലോറികള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ് ഛിന്നഭിന്നമായിപ്പോയ, ഭാര്യയും രണ്ട് മക്കളുമുള്ള യുവാവിനെക്കുറിച്ചുള്ള വാര്‍ത്ത... അത് മുഴുവന്‍ വായിക്കാനാവാതെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

നന്ദഗോപാല്‍ അപ്പോഴും കനമുള്ള മഴനൂലുകള്‍ നോക്കിനില്‍ക്കുകയായിരുന്നു. രക്തം പുരണ്ട ഒരു കുഞ്ഞ് കളിപ്പാട്ടവും ഒരു ഫ്രോക്ക് ഉടുപ്പും അപ്പോഴും അയാളെ വേദനിപ്പിച്ചു.

ബ്ളോഗ് സുവനീർ വിതരണം തുടങ്ങി


പ്രിയ സുഹൃത്തുക്കളെ,
തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റിനോട് അനുബന്ധിച്ച് ഒരു മാഗസിന്‍ അണിയറയില്‍ തയ്യാറായികൊണ്ടിരുന്ന വിവരം ഏവര്‍ക്കും അറിയാമല്ലോ?
നമ്മുടെ മാഗസിന്റെ "ഈയെഴുത്ത് 2011" പ്രിന്റിംഗും ബൈൻഡിംഗും മുഴുവൻ ജോലിയും തീർന്നു, വിതരണത്തിനു തയ്യാറായ വിവരം അറിയിക്കുന്നു..

അഡ്വാൻസ് പണം തന്നവർക്ക് കൊറിയർ അയയ്ക്കുന്ന നടപടി തുടങ്ങിക്കഴിഞ്ഞു. വി.പി.പി. അയയ്ക്കാൻ പറഞ്ഞവർക്ക് സൈകതത്തിന്റെ നേതൃത്വത്തിൽ വിതരണം ആരംഭിച്ചു.

ആയിരം കോപ്പി അച്ചടിച്ച പുസ്തകത്തിന്‌ ഡിസൈനിങ്ങ് കൂടാതെ പ്രിന്റിംഗിൻ മാത്രമായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയോളം ചിലവു വന്നു, ഡൈസൈനിംഗ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി മറ്റു ചിലവുകൾ, വേറെയും..

ഏറ്റവും ചുരുങ്ങിയത് ഒരു പുസ്തകത്തിന്‌ 100 രൂപ വീതം ലഭിച്ചാൽ മാത്രമേ ബ്ളൊഗർമാർ അഡ്വാൻസ് ആയി മുടക്കിയ പണം തിരിച്ചു കിട്ടൂ!

(അജിത് നീർവിളാകൻ, പകൽക്കിനാവൻ, മനോരാജ്, ഡോ. ജയൻ, ഗീതാരാജൻ, ചന്ദ്രകാന്തം, ജുനൈദ്, കൊട്ടോട്ടിക്കാരൻ, മുരളീ മുകുന്ദൻ ബിലാത്തിപട്ടണം, രൺജിത്ത് ചെമ്മാട് , ജസ്റ്റിൻ ജേക്കബ് (സൈകതം) തുടങ്ങിയവരും മറ്റു പലരും ചെറിയതുകകളിലൂടെയുമൊക്കെയാണ്‌ ഇതിനുള്ള തുക കണ്ടെത്തിയത് എന്നതിനാൽ ഈ അവസരത്തിൽ അവർക്ക് നന്ദി രേഖപ്പെടുത്തുന്നു)

240 പേജ് A/4 സൈസിൽ, നാചുറൽ ഷേഡിന്റെ മനോഹരമായ പേപ്പറിൽ, അമ്പതോളം പേജുകൾ മൾട്ടി കളർ അച്ചടിയിൽ, 250 ഓളം ബ്ളോഗർമാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരുക്കിയ സുവനീർ ആവശ്യമുള്ളവർ, ചിലവുതുകയായ നൂറു രൂപയും V.P.P, Corier ചാർജ് ആയ അമ്പത് രൂപയും നൽകിയാം സുവനീർ ലഭ്യമാകും.

V.P.P ആയി ആവശ്യമുള്ളവർ പോസ്റ്റൽ അഡ്രസ്സ് link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യുമല്ലോ?

കൊറിയർ വേണമെന്നുള്ളവർ താഴെയുള്ള ഏതെങ്കിലും ബാങ്ക് അകൗണ്ടിലേയ്ക്ക് പണം അയച്ച് ആ വിവരം link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യൂ...
കൂടുതൽ കോപ്പി ഒന്നിച്ച് ഒരു ഭാഗത്തേയ്ക്ക് കൊറിയർ അയയ്ക്കുമ്പോൾ, കൊറിയർ ചാർജ്ജ് കുറവേ വരൂ, അതുകൊണ്ട് കൂടുതൽ കോപ്പി ആവശ്യമുള്ളവർ കൊറിയർ രീതി അവല്ംഭിക്കുന്നതാവും ഉചിതം!
ഏകദേശം 5 ബുക്ക് വരെ 100 രൂപയോളമേ വരൂ എന്നാണ്‌ കരുതുന്നത്!

ലൊക്കേഷനും വേണ്ട ബുക്കുകളുടെ എണ്ണവും മെയിൽ ചെയ്താൽ കൊറിയർ ചാർജ്ജ് എത്രയെന്ന് അറിയിക്കാം....

ഇന്ത്യയിലേയ്ക്കുള്ള വിതരണ സംവിധാനമേ ഇപ്പോൾ നിലവിൽ ലഭ്യമായിട്ടുള്ളൂ എന്ന് വ്യസനപൂർവ്വം അറിയിക്കുന്നു....

മനോരാജ്, കൊട്ടോട്ടിക്കാരൻ, ദിലീപ (മത്താപ്) യൂസുഫ്പ, സൈകതം ബുക്സ് , എന്നിവരെ സമീപിച്ചാൽ പുസ്തകം നേരിട്ട് വാങ്ങാം.
താമസിയാതെ എല്ലാ ജില്ലകളിലുമുള്ള ബ്ളോഗർ പ്രതിനിധികളുടെ പക്കൽ ലഭ്യമാക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു...

മറ്റാർക്കെങ്കിലുമോ, ഏതെങ്കിലും സ്ഥാപനത്തിലോ, ലഭ്യമാക്കാൻ (Stockist) കഴിയുമെങ്കിൽ അറിയിക്കാം..... ആ വിവരം മെയിൽ ചെയ്യുമല്ലോ?

മാഗസിന്റെ ഇൻഡെക്സ്, എഡിറ്റോറിയൽ പേജ് സ്ക്രൈബിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്
http://www.scribd.com/doc/57279555/Blog-Magazine#
ഈ ലിങ്ക് വഴി പോയാൽ ഡൗൺലോഡ് ചെയ്തെടുക്കാം....

സുവനീറിന്റെ വെബ് എഡിഷനും പി.ഡി.എഫ് വേർഷനും ഉടൻ ലഭ്യമാകും എന്നറിയിക്കട്ടെ...

Special thanks to all of our sponsors

Servizio : Full Page Back cover
Jasem Jedhah Inner Cover
Lipi Books
India video Magazine
align Web Hosting
Zion Computer
Aseel Agencies
Sign Root Technology
Barns chicken half
Kuzhoor vilson Book Half Page
Caspian half Quarter
Saikatham Books

സൈകതം ബുക്സിന്റെ പ്രവർത്തകരായ ജസ്റ്റിൻ ജേക്കബും, നാസർ കൂടാളിയും ഈ സംരംഭത്തോട് എല്ലാ രീതിയിലും സഹകരിക്കുകയും ഇതിന്റെ വിജയത്തിനായി സമയം കണ്ടെത്തുകയും ചെയ്തു എന്ന് നന്ദിപൂർവ്വം സ്മരിക്കുന്നു...

അകൗണ്ട് വിവരങ്ങൾ:
(വ്യത്യസ്ഥബാങ്കുകളിൽ അകൗണ്ട് ഉള്ളവർക്ക് ഓൺലൈൻ ട്രാൻസ്ഫർ വഴി പണം അയയ്ക്കാനുള്ള സൗകര്യത്തിനാണ്‌ വ്യത്യസ്ഥമായ അകൗണ്ടുകൾ ലഭ്യമാക്കിയിരിക്കുന്നത്)

Ranjith Chemmad
Account Holder Name : Ranjith P
Account Number : 0393051000040220
Bank : South Indian Bank
Branch : Chemmad, Tirurangadi
IFSC Code : SIBL0000393
Malappuram Dt. Kerala

Saikatham Books
Account Holder Name : Saikatham Books
Account Number : 31263972261
Bank : State Bank of India
Branch : Kothamangalam

N.B. Suresh
Account Holder Name : N. suresh Kumar
Account Number : 31178
Bank : Canara Bank
Branch : Punaloor

Mohamed Yousuff. P.A.
Account Holder Name : Mohamed Yousuff. P.A.
Account Number : 12861000004965
Bank : HDFC,
Branch :Edappally branch,Kochi.

ഈ സംരഭത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പഴയ പോസ്റ്റിൽ നിന്നും...


മലയാളം ബ്ളോഗിംഗ് ചരിത്രത്തിന്റെ തന്നെ ഭാഗമായ ബ്ളോഗ് സുവനീർ വെളിച്ചം കണ്ടു!

തുഞ്ചൻ പറമ്പ് ബ്ളോഗ് മീറ്റിനോടനുബന്ധിച്ച്, വ്യത്യസ്ഥമായ എന്തെങ്കിലും ചെയ്യണം എന്ന ചർച്ചകൾക്കൊടുവിലാണ്‌ മലയാളം ബ്ലൊഗേഴ്സിന്റെ രചനകൾ ഉൾപ്പെടുത്തി ഒരു ബ്ളോഗ് സുവനീർ അച്ചടിച്ച് പുറത്തിറക്കുക എന്ന ആശയം ഉടലെടുത്തത്...

എൻ.ബി. സുരേഷ് ചീഫ് എഡിറ്ററായി 25ഓളം ബ്ളോഗർമാർ ചേർന്ന് എഡിറ്റോറിയൽ ബോർഡും പത്തോളം അംഗങ്ങളുള്ള ഒരു ടെക്നികൽ കമ്മറ്റിയും നൂറിനു മുകളിൽ അംഗങ്ങളുള്ള ഓർഗനൈസിംഗ് കമ്മറ്റിയും ചേർന്നാണ്‌ ബ്ളോഗ് സുവനീർ എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്!

മാസങ്ങളോളം നീണ്ട കഠിന പരിശ്രമത്തിന്റെ
ഫലമായി മലയാളം ബ്ളോഗുകളിൽ സജീവമായ അഞ്ചൂറോളം ബ്ളോഗർമാരുടെ വ്യത്യസ്ഥമായ പോസ്റ്റുകൾ 'മാഗസിൻ ആർട്ടിക്കിൾ' എന്ന ഗ്രൂപ് ബ്ളോഗിൽ പോസ്റ്റുകയും ചീഫ് എഡിറ്ററുടെ നേത്രൃത്വത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞു കഥ, കവിത, ലേഖനം, നർമ്മം, അനുഭവം, യാത്ര തുടങ്ങി
നിരവധി വിഭാഗങ്ങളായി തരം തിരിച്ച് അവസാനവട്ട തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുകയായിരുന്നു...


250 പേജ് തീരുമാനിച്ച് സുവനീറിൽ, മികവുറ്റ സൃഷ്ടികളുടെ ആധിക്യം മൂലം പലതും ഉൾപ്പെടുത്താൻ കഴിയാതെ വ്യസനപൂർവ്വം മാറ്റി വെയ്ക്കേണ്ടി വന്നു...
തിരഞ്ഞെടുപ്പ് എന്ന അതിസങ്കീർണ്ണമായ പ്രക്രിയയ്ക്കായ് സുരേഷ്മാഷും കൂട്ടരും ജോലി പോലും മാറ്റി വച്ചു ഇതിനായ് സമയം കണ്ടെത്തി എന്നത് സ്തുത്യർഹമായ കാര്യമാണ്‌...
എകദേശം ഇരുനൂറിനടുത്ത് കവിതകളും 50 ഓളം കഥകളും ഇരുപതിനു മേൽ ലേഖനങ്ങളും നർമ്മവും പത്തോളം യാത്രാവിവരണങ്ങളും മറ്റു വിഭവങ്ങളും കൂടാതെ ബ്ളോഗ് തുടങ്ങുന്നതെങ്ങനെ, മലയാളം ബ്ളോഗിന്റെ നാൾവഴികളെക്കുറിച്ചുള്ള ലേഖനം, നമ്മെ വിട്ടു പിരിഞ്ഞവരെക്കുറിച്ചുള്ള അനുസമരണം തുടങ്ങി വ്യത്യസ്ഥമായ ഒരു പാടു വിഭവങ്ങളാണ്‌ "ഈയെഴുത്ത് എന്ന ബ്ളൊഗ് സുവനീറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്....


"ഈയെഴുത്ത്" വായിക്കുന്ന ബ്ളോഗേഴ്സ്
നാനൂറോളം എഴുത്തുകാരെ അണിനിരത്തിക്കൊണ്ട്,

പ്രൂഫ്, ഡിസൈനിംഗ്, ലേയൗട്ട്, ചിത്രീകരണം തുടങ്ങി പ്രിന്റിംഗ് ഘട്ടം വരെയുള്ള എല്ലാ ജോലികളും ബ്ളോഗർമാർ തന്നെ ചെയ്തു എന്നുള്ളതാണ്‌ ഈ സുവനീറിന്റെ മറ്റൊരു പ്രത്യേകത!

പ്രീപ്രസ്സ് ജോലികൾക്ക് പ്രസ്സുകൾ തന്നിരുന്ന ക്വട്ടേഷൻ 40000 രൂപയായിരുന്നു...
ആ തുകയാണ്‌ ബ്ളോഗിലെ സാങ്കേതിക വിദഗ്ദരുടെ ഇടപെടൽ മൂലം നമുക്ക് ലാഭിയ്ക്കാൻ കഴിഞ്ഞത്...


എന്നിട്ടും സൈകതം ബുക്സ് ഏറ്റെടുത്ത പ്രിന്റിംഗ്, വിതരണ ജോലികൾക്ക് ഒരു ലക്ഷത്തിനു മുകളിൽ ചിലവു വന്നു...

മറ്റൊരു പ്രധാന സവിശേഷത, പരസ്യങ്ങളുടെ അതിപ്രസരം ഇല്ലാതെ സുഗമമായ വായനാ സൗകര്യം ഒരുക്കുന്നു എന്നുള്ളതാണ്‌...
250 ൽ താഴെ പെജുകളുള്ള സുവനീറിൽ വെറും ഏഴോളം പേജ് മാത്രമേ പരസ്യങ്ങൾക്ക് വേണ്ടി നീക്കി വച്ചുള്ളൂ..
ബാക്കിയെല്ലാം ബ്ളൊഗർമാരുടെ സൃഷ്ടികൾ ആണെന്നു പറയാം...