Wednesday, November 26, 2008

ബോംബെയില്‍ ഭീകരാക്രമണം .

മാതൃഭൂമി വാര്‍ത്ത‍ .



ബോംബയില്‍ ഭീകരാക്രമണം . എന്പത്തില്‍ പരം ആളുകള്‍ മരണപ്പെട്ടു .താജ് ഹോട്ടല്‍ ,ഒബെറോയി ഹോട്ടല്‍ എന്നിവ കത്തുന്നത് അമേരിക്കയില്‍ ട്രേഡ് സെന്റര് കത്തിയതിനെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു .തെരുവ് നീളെ തളം കെട്ടിക്കിടക്കുന്ന രക്തതുള്ളികള്‍ .പ്രാണ ഭീതിയാല്‍ ജനങ്ങള്‍ ഓടി മറയുന്നു .എങ്ങും അരക്ഷിതാവസ്ഥ .എന്തിന് വേണ്ടിയായിരുന്നു ഇതെല്ലാം ? ഇന്ത്യയിലെ രാഷ്ട്രിയ നേത്രത്വം പോലും പ്രതിക്കൂട്ടില്‍ .പ്രിയയുടെ പോസ്റ്റില്‍ പറയുന്നതു പോലെ നമുക്ക് ഇന്ത്യക്കായി പ്രാര്‍ത്ഥിക്കാം .ഒരു തിരിച്ചറിവിന്റെ സമയം അടുത്തിരിക്കുന്നു .
ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ പങ്കു വെയ്ക്കാന്‍ മടിക്കരുതേ . താഴെ കൊടുത്തിരിക്കുന്ന കവിതയില്‍ പറയുന്നത് പോലെ ഇനിയും ഒരു തലമുറ ഉണ്ടാകണം .രാജ്യസ്നേഹമുള്ള മക്കള്‍ .അതിനായി നമുക്ക് കാത്തിരിക്കാം .


ചെകുത്താന്‍

കഥകളിലും കവിതകളിലും
അമ്മൂമ്മ കഥകളിലും
ചെകുത്താന്‍ വിരൂപിയാണ്

ഞാന്‍ കണ്ട ചെകുത്താന്‍ സുന്ദരന്‍
ആണല്ല ,പെണ്ണല്ല വെറും നപുംസകം
എന്നില്‍ ,നിന്നില്‍ മനസിന്റെ
ഇരുണ്ട പ്രതലങ്ങളില്‍ അവന്‍
പറ്റികിടപ്പുണ്ടാകും
ചോരയിറ്റുന്ന നാവോ
കൂര്‍ത്ത കൊമ്പോ
മൂര്‍ച്ചയുള്ള പല്ലുകള്‍
ചുരുട്ടിയ വാല്‍
ഇവയൊന്നുമില്ല

മൂര്‍പ്പിച്ച ചിന്തകള്‍
ഇരുളില്‍ തിളങ്ങുന്ന കണ്ണുകള്‍
അവന്റെ സ്വരങ്ങള്‍ ,വാക്കുകള്‍
വീണ കമ്പിയുടെ മൃദു നാദം പോലെയും
ഇടിമുഴക്കങ്ങള്‍ പോലെയും തോന്നാം
വിപ്ലവ വീര്യംഉണര്‍ത്താം

കൊടുത്തതിനും , തിന്നതിനും
കിട്ടിയതിനും കിട്ടാന്‍ ഇരിക്കുന്നതിനും
കണക്ക് ചോദിക്കാം
വിശുദ്ധ സ്വര്‍ഗ്ഗം
സ്വപ്നം കണ്ടവന്‍
തെരുവില്‍ ഇറങ്ങും
തെരുവില്‍ ചോര പുഴകള്‍ ഒഴുക്കും

വിധവയുടെ ,കുഞ്ഞുങ്ങളുടെ
ആര്‍ത്ത നാദങ്ങള്‍ അവനില്‍
പുഞ്ചിരി വിടര്‍ത്തും

ഇനിയും ഒരു തലമുറ ജനിക്കണം
ഒരു പുത്തന്‍ തലമുറ
മകനേ ,
നിന്നെ ഞാന്‍ ജനിപ്പിക്കും
തുരുമ്പ് കെടുത്താത്ത മനസും
ഉയര്‍ന്ന ശിരസും
ഉറച്ച കാലടിയുമായ്
ഈ തെരുവില്‍ ഇറങ്ങുവാന്‍
ചെകുത്താനെ എതിര്‍ക്കുവാന്‍
നിന്നെ ഞാന്‍ ജനിപ്പിക്കും



*


**

***
ഈ ചിത്രങ്ങള്‍ മുംബേ നിന്ന് എന്റെ സുഹൃത്ത് അമോല്‍ യാദവ് അയച്ചു തന്നത്..മാണിക്യം.





ബുധനാഴ്ച രാത്രി മുംബൈയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ഡക്കാണ്‍ മുജാഹിദ്ദീന്‍ എന്ന അപ്രശസ്തമായ സംഘടന ഏറ്റെടുത്തു. എന്നാല്‍, സ്ഫോടനം നടന്നരീതിയും ആസൂത്രണവും സുരക്ഷാ ഏജന്‍സികള്‍ക്കിടയില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു.

സാധാരണക്കാരനെ പോലെ നടന്നു വന്ന ഒരു യുവാവ് എ കെ-47 തോക്ക് ഉപയോഗിച്ച് നാലുപാടും തുരുതുരാ വെടിവയ്ക്കുന്നത് ക്യാമറ ഷോട്ടുകളില്‍ നിന്ന് ലഭ്യമായിട്ടുണ്ട്.

കറുത്ത മുറിക്കൈയ്യന്‍ ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചെത്തിയ യുവാവിന്‍റെ ഇടത് തോളില്‍ നീല നിറത്തിലുള്ള തോള്‍ സഞ്ചിയുമുണ്ട്. ഇയാളുടെ കൈയ്യില്‍ ചുവന്ന ചരടും കെട്ടിയിട്ടുണ്ട്. സാധാരണ നിലയില്‍, കോളജില്‍ നിന്ന് വരുന്ന ഒരു യുവാവ് ആണെന്നു മാത്രമേ ഇയാളെ കണ്ടാല്‍ തോന്നുകയുള്ളൂ.

കൈയ്യില്‍ ചരട് കെട്ടിയിരിക്കുന്നതാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് സംശയം ഉണ്ടാക്കുന്നത്. ആക്രമണം നടത്തിയത് തീവ്രവാദ ഹിന്ദു സംഘടനകളാണോ എന്നും ഏജന്‍സികള്‍ സംശയിക്കുന്നു.

മുംബൈ നഗരത്തെ നടുക്കിയ സ്ഫോടനങ്ങളിലും വെടിവയ്പിലും മൊത്തം 90 പേര്‍ മരിച്ചു എന്നും 900 പേര്‍ക്ക് പരുക്ക് പറ്റി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. താജ്, ഒബറോയ് ഹോട്ടലുകളില്‍ തമ്പടിച്ച ഭീകരരെ നേരിടാന്‍ സൈനിക കമാന്‍ഡോകള്‍ ശ്രമം തുടരുകയാണ്

മുംബൈയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെ തടയാനും, അവര്‍ ബന്ദികളാക്കിയ ആളുകളെ മോചിപ്പിക്കാനും നടത്തിയ ശ്രമത്തിനിടെ ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍കറെ അടക്കം മഹാരാഷ്ട്ര പോലീസിലെ 5 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രക്തസാക്ഷികളായി.

ഇവരടക്കം 11 പോലീസുകാര്‍ വെടിയേറ്റു മരിച്ചു ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. മുംബൈ ഡി.ഐ ജി അശോക് മാരുതി റാവ് ആണ് മരിച്ച മറ്റൊരു ഐ പി എസ് ഉദ്യോഗസ്ഥന്‍

ഭീകരര്‍ തമ്പടിച്ചിരിക്കുന്ന ടാജ്, ഒബ്‌റോയ് ഹോട്ടലുകള്‍ സൈനിക കമാന്‍ഡോകള്‍ വളഞ്ഞു. തെക്കന്‍ മുംബൈയില്‍ 90 പേരുടെ മരണത്തിനും 900 പേര്‍ക്ക് പരുക്ക് ഏല്‍ക്കുവാനും കാരണമായ ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഭീകരര്‍ ഹോട്ടലുകളില്‍ സ്ഥാനമുറപ്പിച്ചത്.

ഹോട്ടലുകളില്‍ കയറിപ്പറ്റിയ സായുധ ഭീകരര്‍ ഇവിടെ താമസിച്ചിരുന്ന വിദേശികളെ ബന്ദികളാക്കിയിട്ടുണ്ട്. വ്യാഴാഴ്ച വെളുപ്പിനാണ് കമാന്‍ഡോകള്‍ ഭീകരര്‍ക്കെതിരെയുള്ള നടപടി തുടങ്ങിയത്.

നാല് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി പൊലീസ് പറയുന്നു. ഇതില്‍ രണ്ട് പേരെ താജില്‍ നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചത്. ഇപ്പോഴും രണ്ട് ഹോട്ടലുകളും നിയന്ത്രണത്തിലായിട്ടില്ല.

ഭീകരര്‍ എന്ന് സംശയിക്കുന്ന ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും പ്രവര്‍ത്തിക്കില്ല

38 comments:

ജിജ സുബ്രഹ്മണ്യൻ said...

മുംബൈയില്‍ പിടഞ്ഞു തീര്‍ന്ന ജീവിതങ്ങളെ ഓര്‍ത്തു വേദനിക്കുന്നു..നാളെ ഈ അനുഭവം നമ്മള്‍ക്കാകാം..ആരും സുരക്ഷിതരല്ല.പക്ഷേ എന്തിനു വേണ്ടി ഈ അരും കൊല നടത്തുന്നു ?

പാമരന്‍ said...

അതെ നമുക്കുള്ളില്‍ തന്നെ ഒരു പുതിയ മനുഷ്യന്‍ പിറവിയെടുക്കട്ടെ.

മാണിക്യം said...

മുംബൈയില്‍ ഭീകരാക്രമണം: തെക്കന്‍ മുംബൈയില്‍ ബുധനാഴ്‌ച രാത്രി 9 സ്ഥലങ്ങളില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 80 പേര്‍ മരിച്ചു. മുന്നൂറോളം പേര്‍ക്ക്‌ പരിക്കേറ്റു.വന്‍ ഹോട്ടലുകളിലും ആശുപത്രികളിലും റയില്‌വേസ്റ്റേഷനുകളിലുമായിരുന്നു ശൈലി മാറ്റിയുള്ള ആക്രമണം.

നിസ്സഹായരായ ജനങ്ങള്‍ക്കുനേരെ എ.കെ. 47 തോക്കുകളുപയോഗിച്ചാണ്‌ അക്രമികള്‍ വെടിയുതിര്‍ത്തത്‌.ചിലസ്ഥലങ്ങളില്‍ സ്ഫോടനവും നടന്നു.

ഭീകരവിരുദ്ധസേനാ തലവന്‍ ഹേമന്ത്‌ കര്‍ക്കരെയും ഏറ്റുമുട്ടല്‍ വിദഗ്‌ധന്‍ വിജയ്‌ സലാസ്‌കറും മുംബൈ പോലീസ് അഡീ. കമ്മീഷണര്‍ അശോക്‌ കാംതെയും ഏറ്റുമുട്ടലിലും വെടിവെപ്പിലും മരിച്ചു .

മരണനിരക്ക്‌ ഇനിയും കൂടാനിടയുണ്ട്‌. ഫിദായീന്‍ എന്ന ഭീകരസംഘടനയാണ്‌ ആക്രമണത്തിനു പിന്നിലെന്നാണ്‌ പോലീസ്‌ കരുതുന്നത്‌. ഡെക്കാന്‍ മുജാഹിദ്ദെന്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

രാത്രി പത്തുമണിയോടെ താജ്‌ഹോട്ടല്‍, ഒബ്‌റോയ്‌ ഹോട്ടല്‍ എന്നിവിടങ്ങളിലും ജനത്തിരക്കേറിയ സി.എസ്‌.ടി. റെയില്‍വേ സ്റ്റേഷനിലുമാണ്‌ ഭീകരര്‍ വെടിവെപ്പു നടത്തിയത്‌. വിലെ പാര്‍ലെ, സാന്താക്രൂസ്‌ എന്നിവിടങ്ങളില്‍ വന്‍സ്‌ഫോടനവുമുണ്ടായിട്ടുണ്ട്‌.

താജ്‌മഹല്‍ ഹോട്ടല്‍, സി.എസ്‌.ടി. റെയില്‍വേ സ്റ്റേഷന്‍, കാമാ ഹോസ്‌പിറ്റല്‍, ഒബ്‌റോയ്‌ ഹോട്ടല്‍, ജെ.ജെ. സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌, ലിയോപോള്‍ഡ്‌ ഹോട്ടല്‍, കൊളാബ മെട്രോസിനിമയ്‌ക്കു സമീപം എന്നിവിടങ്ങളിലാണ്‌ വെടിവെപ്പ്‌ നടന്നത്‌.

ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പില്‍ പത്തു പേരും താജ്‌മഹല്‍ ഹോട്ടലിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേരുമാണ്‌ മരിച്ചത്‌ എന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊളാബയില്‍ ഒരു പെട്രോള്‍ പമ്പും കത്തിച്ചു.

ഒബ്‌റോയ്‌ ഹോട്ടലിനു തീവെച്ചു. വാര്‍ത്ത പുറത്തുവന്നയുടന്‍ സി.എസ്‌.ടി.യിലും ഒബ്‌റോയിയിലും ആക്രമണം തുടങ്ങി. സി.എസ്‌.ടി.യില്‍ പോലീസുകാരും ഭീകരരും തമ്മില്‍ ഒരു മണിക്കൂറിലേറെ വെടിവെപ്പുണ്ടായി. സി.എസ്‌.ടി.യില്‍ വെടിവെപ്പ്‌ തുടങ്ങിയതോടെ മധ്യറെയില്‍വേ സര്‍വീസ്‌ താത്‌കാലികമായി നിര്‍ത്തിവെച്ചു

പരിഭ്രാന്തരായി ജനങ്ങള്‍ നാലുപാടും ചിതറിയോടുകയായിരുന്നു. തുടര്‍ന്ന്‌ പോലീസുകാര്‍ സ്റ്റേഷന്‍ പരിസരം വളഞ്ഞു. ജനങ്ങളെയോ വാഹനങ്ങളെയോ സ്റ്റേഷന്‍ പരിസരത്തേക്ക്‌ അടുപ്പിച്ചില്ല.

. വിലെപാര്‍ലെ റെയില്‍വേസ്റ്റേഷനു സമീപം കാറിലാണ്‌ സ്‌ഫോടനം ഉണ്ടായത്‌. സി.എസ്‌.ടി. സ്റ്റേഷനു പുറത്ത്‌ ബി.എം.സി. ഓഫീസിനു പുറത്താണ്‌ സ്‌ഫോടനമുണ്ടായത്‌.

ചാണക്യന്‍ said...

കാപ്പിലാനെ,
പോസ്റ്റിനു നന്ദി....
ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ രാജി വയ്ക്കുകയാണ് വേണ്ടത്...

Anonymous said...

current death rate 101, surely its going to rise. injured nearly 800! what a terrible situation!

-d-

Unknown said...

മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക.
വെറുപ്പിന്റെ വ്യാപനം തടയുക

തോന്ന്യാസി said...

ചാണക്യന്റെ അഭിപ്രായത്തോട് നൂറുശതമാനം യോജിയ്ക്കുന്നു.

ഭീകരതയ്ക്കെതിരായി ഉണ്ടായിരുന്ന നിയമം പിന്‍‌വലിയ്ക്കുകയും, ഫലപ്രദമായ മറ്റൊരു നിയമം ഉണ്ടാക്കാതിരിയ്ക്കുകയും ചെയ്യുക വഴി സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വച്ച് പന്താടുകയാണ് ചെയ്യുന്നത്.

കറുത്തേടം said...

രാജ്യത്തെ നടുക്കിയ ഒരു ഭീകര ആക്രമണം. തീവ്ര വാദികള്‍ വന്നത് കടല്‍ കടന്നു എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി. രാജ്യാന്തര ഭീകര വാദികള്‍ പ്രതി സ്ഥാനത്ത്. മറ്റു രാഷ്ട്രങ്ങളിലെ പ്രധാന പത്രങ്ങള്‍ കൂടി വായിക്കുക.
Coordinated Attacks Kill at Least 80 in India
http://www.washingtonpost.com/wp-dyn/content/article/2008/11/26/AR2008112602472.html?hpid=topnews

Coordinated nature of Mumbai shootings points to shadowy Islamist group
http://www.guardian.co.uk/world/2008/nov/26/india-attacks-mumbai-terror-security


At Least 100 Dead in India Terror Attacks
http://www.nytimes.com/2008/11/27/world/asia/27mumbai.html?_r=1&hp

krish | കൃഷ് said...

ഭീകരാക്രമണത്തില്‍ മരണമടഞ്ഞ നിരപരാധികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആദരാജ്ഞലി.

എല്ലാവിധ ഭീകരപ്രവര്‍ത്തികളേയും എല്ലാവരും എതിര്‍ക്കേണ്ടതും ചെറുത്തുതോല്‍പ്പിക്കേണ്ടതുമുണ്ട്.

അപ്പ്‌ഡേറ്റ്:

ഇപ്പോഴും താജ് ഹോട്ടലില്‍ 40-ല്‍ പരം ആള്‍ക്കാര്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷാശ്രമം തുടരുന്നു. രക്ഷാശ്രമങ്ങളില്‍ 2 ആര്‍മിക്കാരും മരണമടഞ്ഞു.

നരിമാന്‍ ഹൌസില്‍ കുടുങ്ങിയ 4 ഭീകരര്‍ തൊട്ടടുത്ത കെട്ടിടത്തിലേക്ക് ചാടിയെന്ന്.

ഭീകരവാദികള്‍ കടല്‍മാര്‍ഗ്ഗം കറാച്ചി,പാക്കിസ്ഥാനില്‍ നിന്നും വന്നതാണെന്ന്.

ഇ-മെയില്‍ സന്ദേശം വന്നത് റഷ്യയില്‍ നിന്നും.

പോലീസ് മുംബൈയില്‍ നിന്നും ഒരു പാക്കിസ്ഥാന്‍ ലഷ്കര്‍ ഭീകരവാദിയെ അറസ്റ്റ് ചെയ്തു.

കേരള നിയമസഭ ഭീകരാക്രമണത്തെ അപലപിച്ചു.

ദില്ലിയില്‍ കാബിനറ്റ് കമ്മിറ്റി ഉടന്‍ കൂടുന്നു.

krish | കൃഷ് said...

പുര കത്തുമ്പോള്‍ വാഴ വെട്ടാം എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നവിധം ഇന്ന് രാവിലത്തെ കൈരളി വാര്‍ത്തയില്‍:

മാലെഗാവ് സ്പോടനം കൂടി അന്വേഷിക്കുന്ന മുതിര്‍ന്ന എ.ടി.എസ്. ഉദ്യോഗസ്ഥര്‍ (മുംബൈ ഭീകരാക്രമണത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നേതൃത്യം നല്‍കികൊണ്ടിരുന്നപ്പോള്‍) വെടികൊണ്ട് മരിച്ചതുകൊണ്ട് ഇതിനു പിന്നില്‍ ഹിന്ദു ഭീകരവാദികളെന്ന് അനുമാനിക്കാമോ എന്ന്. എത്ര പെട്ടന്നാണ് അനുമാനം.
ഇതേ സമയം മറ്റു ചാനലുകളില്‍ ഭീകരവാദികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്നുകൊണ്ടിരിക്കയായിരുന്നു.

:(

YoungMediaIndia said...

"കൈയ്യില്‍ ചരട് കെട്ടിയിരിക്കുന്നതാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് സംശയം ഉണ്ടാക്കുന്നത്. ആക്രമണം നടത്തിയത് തീവ്രവാദ ഹിന്ദു സംഘടനകളാണോ എന്നും ഏജന്‍സികള്‍ സംശയിക്കുന്നു."

എന്ന് സംശയിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ കയ്യില്ച്ചുവന്ന ചരട് കെട്ടിയതെന്ന് വാര്‍ത്ത‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക സാമ്പത്തിക പ്രതിസന്ധിയിലും ഇന്ത്യ പതറാതെ മുന്നോട്ടു പോകുന്നതും ക്രിക്കറ്റിലും മറ്റും ഇന്ത്യ മുന്നോട്ടു പോകുമ്പോള്‍ ഇന്ത്യയും പാകിസ്ഥാന്‍ പോലെ സുരക്ഷിതമല്ല എന്ന് ലോക രാജ്യങ്ങളെ ബോധ്യപെടുത്തല്‍ കൂടിയാവണം തീവ്രവാദികളുടെ ലക്‌ഷ്യം എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിനോയ്//HariNav said...

അറവുമാടുകളോടുള്ള കനിവു‌ പോലും സ്വന്തം സഹജീവികളോട് കാണിക്കാത്ത ഈ കാപാലികരെ ഒറ്റപ്പെടുത്തുക. അവര്‍ ഏത് ആശയത്തിന്റെ പ്രചാരകരാണെങ്കിലും.

കുഞ്ഞന്‍ said...

എനിക്ക് നിര്‍വ്വികാരിത തോന്നുന്നു.. നാളെ എന്റെ വേണ്ടപ്പെട്ടവര്‍ക്ക് എന്തെങ്കിലും ആപത്തുവന്നാലും എനിക്കൊന്നും പറ്റിയില്ലല്ലൊ എന്നുള്ള ചിന്തയും വന്നേക്കാം. എല്ലാം ശരിയാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം..! എന്തൊക്കെയാണെങ്കിലും സമൂഹത്തിന്റെ പിന്തുണയില്ലാതെ ഈ ദ്രോഹികള്‍ക്ക് നിലനില്‍ക്കാനാവില്ല.

തീവ്രവാദം തുലയട്ടെ.. അതിന് വളം വച്ചുകൊടുക്കുന്നവര്‍ പുഴുത്ത് ചാകട്ടെ..!

ഓഫ് ടോ. ഇന്നത്തെ വാര്‍ത്തയില്‍ ഒരു രാഷ്ട്രീയ നേതാവ് വിളിച്ചുപറഞ്ഞത് കേട്ടില്ലെ..ഞങ്ങള്‍ക്കെതിരെ മൊഴികൊടുത്താല്‍ ടി കക്ഷി ഭൂമുഖത്തുണ്ടാകില്ലെന്ന്...!

പണ്ട് ഞാന്‍ പറയാറുണ്ട് ചുണയുണ്ടെങ്കില്‍ ഒന്നുകൂടി പറയടാ... പറഞ്ഞാലെന്തു ചെയ്യും..? നിന്നെ കൊന്നുകളയും..! മേല്‍ പ്രസ്താപന അതുപോലെയായിരിക്കും.

ചിന്തകന്‍ said...

മനുഷ്യത്വത്തിന് എതിരെയുള്ള ഈ കൊടും ക്രൂരതയെ ആര് തന്നെ ചെയ്തതായാലും, അതി ശക്ത്മായി അപലപിക്കുന്നു. മരണപെട്ട നിരപാരധരായ മനുഷ്യർക്ക് വേണ്ടിയുള്ളാ അനുശോചനം ഇവിടെ രേഖപ്പെടുത്തുന്നു.

ആരെയും മുന് വിധീക്കാൻ സമയമായിട്ടില്ല. ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് ആരും ഒന്നും നേടാൻ പോഒകുന്നുമില്ല.

ഇത് ചെയ്ത കാപാലികരെ നമുക്കൊരുമിച്ചെതിർക്കാം.

Anonymous said...

"കൈയ്യില്‍ ചരട് കെട്ടിയിരിക്കുന്നതാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് സംശയം ഉണ്ടാക്കുന്നത്. ആക്രമണം നടത്തിയത് തീവ്രവാദ ഹിന്ദു സംഘടനകളാണോ എന്നും ഏജന്‍സികള്‍ സംശയിക്കുന്നു."

വിടരുത് അവന്മാര്‍ തന്നെ... അല്ലേങ്കില്‍ അങ്ങനെതന്നെയാക്കി എടുക്കണം. മറ്റു തെളിവുകള്‍ പോയി തുലയും. ചുവന്ന ചരടാണ് ആയുധം, കാവി ചരട് എന്നല്ലേ ശരി.. ചുവപ്പ് ആരുടെ കളറാണ്... ജയ് മതേതരത്വം

വിദുരര്‍ said...

കാപ്പിലാനെ, വല്ലാത്ത വേദനയോടെയുള്ള ഈ വാക്കുകള്‍ക്കൊപ്പം എന്റെ ഹൃദയത്തേയും ചേര്‍ത്തു വെക്കുന്നു. ഭീകരര്‍ ഇസ്ലാമാണോ ഹിന്ദുവാണോ എന്നറിഞ്ഞ്‌ എന്നറിഞ്ഞ്‌ മാത്രം നെടുനീളന്‍ ലേഖനം ചമക്കാനുള്ള ഒരുക്കത്തിലാണ്‌ 'ബുദ്ധിജീവികള്‍'.

ദേശത്തെ സംരക്ഷിക്കേണ്ട സൈന്യത്തില്‍ പോലും കൂടിയേറിയ ഈ ഭീകരര്‍ക്ക്‌ എന്തു മതം ? മുഖം നോക്കാതെ ശക്തമായ നിലപാടെടുത്ത ഒരാളാണ്‌ മരിച്ച ഭീകരവിരുദ്ധസ്‌ക്വാഡ്‌ തലവന്‍. ഞെട്ടിക്കുന്ന പല വിവരങ്ങളും അദ്ദേഹം പുറത്തുകൊണ്ടു വന്നു. തെളിവുകള്‍ പലതും ഇല്ലാതായേക്കാം. ഇനിയും പലരും കുടുങ്ങാനിരിക്കുന്നതിനിടയിലാണിത്‌.

ആ രക്തസാക്ഷിത്വത്തിന്റെ വെളിച്ചത്തില്‍ തുരുമ്പു തൊടാന്ത മനസ്സും ഉയര്‍ന്ന ശിരസ്സോടേയും മനുഷ്യര്‍ ഉയര്‍ന്നു വരും എന്നു നമുക്കാശിക്കാം.

( അധികാര രാഷ്ട്രീയമാണെന്നു തോന്നുന്നു ഇതിന്റെയൊക്കെ പിന്നില്‍ കളിക്കുന്നത്‌. അധികാരത്തെ അവഗണിക്കാനുള്ള പരിശീലനത്തിലൂടേയാണ്‌ തുടക്കം കുറിക്കേണ്ടതെന്നു തോന്നുന്നു. )

Anonymous said...

പഞ്ചനക്ഷത്ര ഹോട്ടലില്‍ തൊഴിലാളികളെ ഉദ്ധരിക്കനായി പഞ്ചനക്ഷ്ത്ര അത്താഴം സ്യൂട്ടിലെ ഉറക്കവും എങ്ങനെ സഹായിക്കും എന്നു ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഒരു തൊഴിലാളി വര്‍ഗ്ഗ നേതാവും കുടുങ്ങിയത്രേ... ഇദ്ദെഹം അവിടെ നിന്നും ആഗ്ഗോള മധ്യമ ഭീകരനായ മര്‍ഡൊക്കിന്റെ ഏഷ്യാനെടിനുവേണ്ടി റിപ്പൊറ്ട്ടു ചെയ്തുകോണ്ടിരിക്കുകയാണ്... ലാല്‍ സലാം

മാണിക്യം said...

ആര്‍ക്കുവേണ്ടിയാണീ ചോരപ്പുഴ?
ആര് ഇതുകോണ്ട് നേടുന്നു?
മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുകയും
തിരിച്ചറിയുകയും ചെയ്യുന്ന ഒരു നല്ല
നാളേയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു..


മുംബെ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ നിരപരാധികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആദരാജ്ഞലി....

smitha adharsh said...

ഇതെല്ലാം ആര്‍ക്കു വേണ്ടി?

വികടശിരോമണി said...

പിടയുന്ന മനുഷ്യരുടെ ദൃശ്യങ്ങൾ ടി.വി.യിൽ കണ്ട് മനസ്സു വിറങ്ങലിച്ചാണ് ബൂലോകത്തിരുന്നത്.മനുഷ്യജീവന് സുരക്ഷ നൽകാനാവാത്ത ഭരണകൂടം ആർക്കുവേണ്ടിയുള്ളതാണ്?ക്രിക്കറ്റ് പരമ്പര റദ്ദായതാണിപ്പോൾ വാർത്ത.ജീവിതം തന്നെ ചോദ്യചിഹ്നമാകുന്ന സമയത്താണ് കളി.
നേർക്കു നേരെ പോയന്റ് ബ്ലാങ്കിലാണ് പലരേയും തീവ്രവാദികൾ വെടിവെച്ചുകൊന്നതെന്ന് ദൃക്‌സാക്ഷികൾ.ഈ നാട് എങ്ങോട്ടാണ്?

ഹരിയണ്ണന്‍@Hariyannan said...

:(

ദുഃഖകരവും അതീവദാരുണവുമായ വാര്‍ത്തയും ചിത്രങ്ങളും തന്നെ!

നടുങ്ങുന്നത് ഒരു രാജ്യം മാത്രമല്ല;മനസ്സുമരവിച്ചിട്ടില്ലാത്തവരുടെ ഒരു വലിയ ലോകമാണ്!

‘ദേശാഭിമാനി‘ക്ക് വാര്‍ത്തകളെ വളച്ചൊടിക്കാം.കാരണം അവര്‍ക്ക് ആ അഭിമാനം പേരിലെങ്കിലുമുണ്ടെന്നുതോന്നുന്നില്ല!
“ഇനി പോളണ്ടിനെപ്പറ്റി ഒരക്ഷരം നീ പറഞ്ഞുപോവരുത്!”എന്നുപറഞ്ഞ ‘സന്ദേശം’ സിനിമയിലെ ശ്രീനിവാസനെയാണ് ഓര്‍മ്മവരിക!

poor-me/പാവം-ഞാന്‍ said...

ആരായാലും കഷ്ടം തന്നെ. വേഗം എല്ലാം പരിഹരിക്കപ്പേടട്ടെ!.ബ്ളോഗ് പോസ്ടിങ് അല്പ്പം വയികിപ്പോയോന്ന് ഒരു സംശ്യം .വിഷമല്ല്യ. അടുത്ത പോസ്റ്റിങ് സമയത്തിനു ഇട്ടാല്‍ മതി!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നപുംസക രാഷ്ട്രീയം + മത തീവ്രവാദം = ഭീകരവാദം.

ഗവര്‍മ്മെന്റുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കുക, ഭീകര പ്രവര്‍ത്തനങ്ങള്‍ വഴി ഭീതിയും അരക്ഷിതാവസ്ഥയും സൃഷിക്കുക. ഈ അവസരം മുതലെടുത്ത് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുക. ATS ന്റെ തലവന്മാരെ ത്തന്നെ പ്ലാന്‍ ചെയ്ത് കൊന്നത് ഈ ലക്ഷ്യത്തോടെയാണ്. ഭീകര പ്രസ്ഥാനങ്ങളെ അഴിച്ചു വിടുന്ന രാഷ്ട്രീയക്കാരെയും, മതങ്ങളേയും, മുഖം നോക്കാതെ കൈകാര്യം ചെയ്യേണ്ട ഘട്ടം ആ‍സന്നമായിരിക്കുന്നു. അല്ലെങ്കില്‍ ഇന്ത്യ മറ്റൊരു അഫ്ഘാനിസ്ഥാനോ, പാകിസ്ഥാനൊ, ഇറാക്കോ ഒക്കെ ആയി മാറും.

അരുണ്‍ കരിമുട്ടം said...

അവസരത്തിനൊത്ത് പ്രതികരിച്ചിരിക്കുന്നു.
ഇവര്‍ ഇതെല്ലാം നടത്തുന്നത് ആര്‍ക്ക് വേണ്ടി?എന്തിനു വേണ്ടി?

അനില്‍@ബ്ലോഗ് // anil said...

എന്തു ചെയ്യാനാ,

ആര്‍ക്കും ആരെയും രക്ഷിക്കാനാവില്ല.

കാര്യങ്ങള്‍ അത്രത്തോളം കൈവിട്ടു പോയിരിക്കുന്നു.

എവിടേയും,എന്തും,എപ്പോഴും സംഭവിക്കാം എന്ന അവസ്ഥയാണിന്ന് ഇന്ത്യയില്‍.

ആരു ഭരിച്ചാലും ഒരേപോലെതന്നെ.

ഞാന്‍ ടീവി ഓഫ്ഫ് ചെയ്തു വച്ചിരുന്നു.കാണാന്‍ വയ്യ, വെറുതെ രക്തം തിളപ്പിക്കാമെന്നല്ലാതെ.

ദീപക് രാജ്|Deepak Raj said...

ജീവിക്കാന്‍ ഉള്ള അധികാരം നഷ്ടപ്പെടുത്തുക അതാണ്‌ ഈ ആക്രമണം കൊണ്ടു നൂറു കണക്കിന് പാവങ്ങള്‍ക്ക് നഷ്ടമായത്..

മരിച്ചവരുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്തിക്കുന്നു..

അനില്‍@ബ്ലോഗ് // anil said...

തുര്‍ക്കിയില്‍ നിന്നും വന്ന അല്‍ കബീര്‍ എന്ന കപ്പല്‍ ഇന്ത്യന്‍ സേന പിടിച്ചെടുത്തു. സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ ഈ കപ്പലിലാണ് വന്നെതെന്നു കരുതുന്നു.

അക്രമികളില്‍ നിന്നും ഒരു സാറ്റലൈറ്റ് ഫോണ്‍ കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. ഇതില്‍ നിന്നും സ്ഫോടനത്തിനു മുന്‍പും പിമ്പും കറാച്ചിയിലേക്കു കോളുകള്‍ പോയിരിക്കുന്നു.

Unknown said...

ippozhum TVyil iie news kaNdukondirikukayaanu kashTam ennallathe entha parayuka

Lathika subhash said...

ഇനിയും തീര്‍ന്നിട്ടില്ല.
എന്താ ചെയ്ക?
പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.

മാണിക്യം said...

മുംബൈ: ബുധനാഴ്‌ച രാത്രിയോടെ മുംബൈ നഗരത്തില്‍ ആരംഭിച്ച തീവ്രവാദി ആക്രമമത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു.

താജ്‌ ഹോട്ടലിലെ ജീവനക്കാരിനായിരുന്ന ആലുവ സ്വദേശി വര്‍ഗീസ്‌ തോമസ്‌ (42) ആണ്‌ മരിച്ചത്‌. ഹോട്ടലിലെ ഫുഡ്‌ ആന്‍ഡ്‌ ബിവറേജ്‌ മാനേജരായിരുന്നു അദ്ദേഹം.

siva // ശിവ said...

ഇതൊക്കെ അറിയുമ്പോള്‍ വല്ലാതെ വിഷമം തോന്നുന്നു....

തോന്ന്യാസി said...

പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രസ്താവനകള്‍ ശ്രദ്ധിയ്ക്കൂ:

ഭീകരാക്രമണത്തെ ഫലപ്രദമായി ചെറുക്കുവാന്‍ ഒരു ഫെഡറല്‍ ഏജന്‍സി അടിയന്തിരമായി തുടങ്ങേണ്ടിയിരിയ്ക്കുന്നു എന്ന് പ്രധാനമന്ത്രി.

തീവ്രവാദികളുടെ ആക്രമണം മുന്‍‌കൂട്ടി അറിഞ്ഞില്ലെന്ന് ആഭ്യന്തരമന്ത്രി.

തീര്‍ത്തും നിരുത്തരവാദപരമായ പ്രസതാവനകളാണ് ഇവരുടേത്. ഇന്ത്യയില്‍ ഭീകരാക്രമണം നടക്കുന്നത് ആദ്യമായിട്ടല്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭീകരാക്രമണം നടക്കുന്നതും ആദ്യമായിട്ടല്ല. എന്നിട്ടും ഇത്തരത്തില്‍ ഒരു ഏജന്‍സി രൂപീകരിക്കാതിരുന്നതിന്റെ കാരണം?

പിന്നെ ആക്രമണത്തിനു വരുന്നവര്‍ ഒരാഴ്ച മുന്‍പ് പത്രത്തില്‍ പരസ്യം ചെയ്തതിനു ശേഷമേ ആക്രമിക്കാന്‍ പാടുള്ളോ? എന്തിനാണ് ഇവിടെയൊരു ഇന്റലിജന്‍സ് സംവിധാനം? റോ യും ഐ.ബിയും അടക്കമുള്ളവര്‍ക്ക് എന്താണ് പണി?

അവസാനം വേറൊരു വാര്‍ത്തയും സുരക്ഷ കുറവാണെന്ന് പറഞ്ഞ് മുബൈ യാത്ര മാറ്റിവച്ച സോണിയയും മന്മോഹന്‍സിംഗും, അദ്വാനി മുബൈയില്‍ എത്തിയ വാര്‍ത്ത അറിഞ്ഞ ഉടനേ ഡല്‍ഹിയില്‍ നിന്നും മുംബൈക്കു പുറപ്പെട്ടു.

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്റെ ഈ കമന്റ് വായിക്കുക.

അദ്ദേഹം മുംബയിലാണ്, നരിമാന്‍ പോയന്റില്‍. സ്ഥിതിഗതികള്‍ ഒട്ടും തന്നെ ആശ്വാസം പകരുന്നതല്ലെന്നാണ് അറിയാനായത്. മാദ്ധ്യമ പ്രവര്‍ത്തകരെ അടക്കം അവിടേക്ക് കടക്കാനനുവദിക്കുന്നില്ല. അക്രമികളുടെ വശം റോക്കറ്റ് ലോഞ്ചറുകള്‍ അടക്കം ഉണ്ടാവാമെന്നു തോന്നുന്നു. രാവിലേയും തീവ്രവാദികള്‍‍ കനത്ത ആക്രമണമാണ് നടത്തുന്നത്. ഒരു മലയാളി ജവാന്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നു.

മാസങ്ങളോളമായ ഒരു തയ്യാറെടുപ്പ് ആണ് ഇതില്‍ കാണാനാവുന്നത്. കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സിന്റെ സമ്പൂര്‍ണ്ണ പരാജയമായി ഇതിനെ വിലയിരുത്തപ്പെടേണ്ടതാണ്.

ചാണക്യന്‍ സുരക്ഷിതനാണ്.

krish | കൃഷ് said...

കുറച്ച് കൂടി അപ്ഡേറ്റ്:

* സി.എസ്.ടി. ടെര്‍മിനലില്‍ പുതുതായി ഫൈറിംഗ്. (10-15 മിനിറ്റ് മുമ്പ്)എന്ന് റിപ്പോര്‍ട്. സ്റ്റേഷന്‍ പോലീസ് വളഞ്ഞു.
4 ഭീകരര്‍ ഫൈറിംഗ് നടത്തുന്നു എന്ന് റിപ്പോര്‍ട്ട്. ആകെ ബഹളം. ഊഹാപോഹമെന്നും, ഇപ്പോള്‍ നോര്‍മലെന്നും റിപ്പൊര്‍ട്ട്.

* ഭീകരക്ക് അല്‍-ക്വ്യദയുമായി ലിങ്ക് ഉണ്ടെന്ന് തീവ്ര സംശയം.

* കമാന്‍ഡോ ഗ്രൂപ്പിലെ മരണമടഞ്ഞ മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ (ബേപ്പൂര്‍ സ്വദേശി).

* തീവ്രവാദികളില്‍ നിന്നും കണ്ടെടുത്തത് മൌറീഷ്യന്‍ ഐഡി കാര്‍ഡ്, 8 ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ്, 200 യു.എസ്. ഡോളര്‍, 6000-ല്‍ പരം രൂപ.

* തീവ്രവാദികള്‍ ഉപയോഗിച്ച മൊബൈല്‍ നംബര്‍ കണ്ടെത്തി.

കാപ്പിലാന്‍ said...

വാര്‍ത്തകള്‍ കൂടുതല്‍ കേള്‍ക്കുംതോറും യുദ്ധം മൂര്‍ച്ചിക്കുന്ന അവസ്ഥയാണല്ലോ ദൈവമേ .എനിക്ക് വിഷമവും സങ്കടവും ഉണ്ട് .ഇന്ത്യന്‍ മിലിട്ടറി ഏറ്റവും ശക്തമെന്ന് പറയാറുള്ള നമുക്ക് പത്തോ നാല്പതോ ഭീകരരെ ഒതുക്കാന്‍ ഇത്രയും സമയം വേണോ ? ഇത് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നമുക്കുള്ള പേര് കളയുമല്ലോ ? ഒരു പക്ഷേ കാര്യങ്ങളെ ശരിയായി കാണുവാന്‍ ഉള്ള എന്‍റെ കഴിവ് കേടായിരിക്കാം ,അതിര്‍ത്തിയില്‍ അല്ല യുദ്ധം നടക്കുന്നത് .ഇങ്ങോട്ട് വന്ന് ആക്രമിക്കുകയാണ് .അതും ഇന്ത്യക്കുള്ളില്‍ .ഞാന്‍ എന്‍റെ ഇന്ത്യക്ക് വേണ്ടി ,സൈനീകര്‍ക്ക് വേണ്ടി ,ജനങ്ങള്‍ക്ക്‌ വേണ്ടി ,മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ,മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി വിശിഷ്യ ബോംബയില്‍ ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന എന്‍റെ പ്രിയ മിത്രം ചാണക്യന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു .നമുക്കെന്താണ് ചെയ്യാന്‍ സാധിക്കുന്നത് എന്ന് കൂട്ടായി ചിന്തിക്കാം .അതിനായി പ്രവര്‍ത്തിക്കാം .

മാരിചന്റെ പോസ്റ്റിലെ വിഷയം വായിച്ചു .മാധ്യമ പ്രവര്‍ത്തകര്‍ നല്ല കാര്യമാണ് ചെയ്യുന്നത് .ദൂര സ്ഥലങ്ങളില്‍ പാര്‍ക്കുന്ന എന്നെ പോലെയുള്ളവര്‍ക്ക് ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ കൂടിയല്ലേ സംഭവങ്ങളെ കുറിച്ച് അറിയാന്‍ സാധിക്കുന്നത് ? യുദ്ധ മുഖത്തുള്ള അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം അല്ലാതെ അവരെ വധിക്കണം എന്നൊക്കെയുള്ള പോസ്റ്റുകള്‍ അത്ര ആശാസ്യമല്ല .

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാന്‍,
ഇവിടെയുള്ള ഏറ്റവും വലിയ പ്രതിബന്ധം എന്നത് , ഇതൊരു യുദ്ധമുഖം അല്ല എന്നതാണ്. ഒരു തീവ്രവാദി ഗ്രൂപ്പ് നുഴഞ്ഞുകയറിയ ഒരു ഹോട്ടല്‍, അതും വിദേശികളടക്കം നിരവധി സിവിലിയന്‍സ് കുടുങ്ങിക്കിടക്കുന്ന ഒരിടം എന്ന നിലയില്‍ , സൈനിക നടപടിക്ക് പരിമിതികളുണ്ട്. സിവിലിയന്‍ ഭാഗത്തുനിന്നും മരണം പരമാവധി ഒഴിവാക്കി തീവ്രവാദികളെ ആക്രമിക്കുക എന്നതാണ് പരിപാടി. അതിനാല്‍ തന്നെ സമയം ആവശ്യമാണ്.ഒരിക്കലും നമ്മുടെ സൈന്യത്തിന്റെ പ്രഹരശേഷിക്കുറവല്ല.
ഇന്റലിജന്‍സിന്റെ വിംങിന്റെ കഴിവുകേടിനുള്ള വിലയാണ് നാം കൊടുക്കുന്നത്.

പ്രയാസി said...

Avasanamaduthu..:(

K C G said...

കുഞ്ഞന്‍ പറഞ്ഞതു പോലെ
തീവ്രവാദം തുലയട്ടെ.. അതിന് വളം വച്ചുകൊടുക്കുന്നവര്‍ പുഴുത്ത് ചാകട്ടെ..!

ആ പുഴുത്തുചാകല്‍ എത്രയും പെട്ടെന്നുമാകട്ടേ ദൈവമേ.
ടിവിയിലെ സീനുകള്‍ കണ്ട് മനസ്സു നൊന്തിട്ടു വയ്യ.
ചാണക്യന്‍ സുരക്ഷിതനായിരിക്കുന്നുവെന്നുകേട്ടു സമാധാനിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.