Friday, September 18, 2009

മരുഭൂമിയിലെ പെരുന്നാളിനെക്കുറിച്ച്....


പ്രവാസികളുടെ പെരുന്നാളിനെക്കുറിച്ച് ചിലത് കുറിക്കുമ്പോള്‍ ഈ മരുഭൂമിയെപ്പറ്റിയും ചിലതു പറയാതെ വയ്യ. സ്വയം ഭരണപ്രദേശങ്ങളായി ചിതറിക്കിടന്നിരുന്ന നാട്ടുരാജ്യങ്ങളൊന്നുചേര്‍ന്ന് ഐക്യത്തിന്റെ വിജയഗാഥ രചിച്ച് വികസനത്തിന്റെ കൊടുമുടിയിലേക്ക് രഥമുരുട്ടിയ ചരിത്രമാണ് യു എ ഇയുടേത്. അക്ഷരാര്‍ഥത്തില്‍ ഒരു തലമുറയുടെ ഉള്ളം ത്രസിപ്പിക്കുന്ന വീരചരിതം, ഇതിഹാസത്തിന്റെ അതിമനോഹര കാഴ്ചകള്‍!

എണ്ണയുടെ രൂപത്തില്‍ അവതരിച്ച അനുഗ്രഹവും ഭരണാധിപന്മാരുടെ ദീര്‍ഘദൃഷ്‌ടിയും ജനങ്ങളുടെ കൂട്ടായ്മയുമൊക്കെയാണ് യു എ ഇ നേടിയ ഉന്നതിയുടെ രസതന്ത്രം.

ഏഴാം നൂറ്റാണ്ടിലാണ് ഈ രാജ്യം ഇസ്‌ലാമിനു കീഴില്‍ വരുന്നത്. അറബിക്കടലിന്റെ അങ്ങേക്കരയില്‍ സ്വര്‍ണം വിളയുന്ന നാടുണ്ടെന്ന് കേട്ടറിഞ്ഞ് കാണാപ്പൊന്നിനായി കടല്‍ താണ്ടിയെത്തിയ തൊഴിലാളികള്‍ക്കാണ് യു എ ഇയുടെ ജനസംഖ്യാകണക്കില്‍ ഭൂരിപക്ഷം. നാല്പത്തൊന്ന് ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 20 ശതമാനം മാത്രമാണ് യു എ ഇ പൌരന്മാര്‍. ബാക്കി 80 ശതമാനവും, നെയ്‌തുകൂട്ടിയ സ്വപ്‌നങ്ങളുമായി നാട്ടിലെ പ്രിയപ്പെട്ടവരെ പോറ്റാന്‍ മാന്യമായ വരുമാനത്തിനായി കടല്‍ കടന്ന് വന്നവര്‍ തന്നെ. രാജ്യത്തെ തൊഴില്‍ സമൂഹത്തിന്റെ 95 ശതമാനവും അന്യരാജ്യങ്ങളില്‍ നിന്നെത്തിപ്പെട്ടവരാണ്. യു എ ഇയുടെ മണ്ണില്‍ നട്ട പ്രതീക്ഷകളില്‍ പച്ചപിടിച്ച് വളര്‍ന്നവരും മൈലുകള്‍ താണ്ടിയെത്തി ഇതേ മണ്ണില്‍ പുലിവാല് പിടിച്ചവരും ഏറെ.

ഇവിടെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തകള്‍ക്കൊപ്പം തന്നെ അകപ്പെട്ടുപോയ ദുരിതത്തിന്റെയും ചതിയുടെയും പീഢനങ്ങളുടെയും കഥകള്‍ പറയാനുണ്ടാകും. മൃഗങ്ങളെപ്പോലെ പണിയെടുപ്പിച്ച് ചണ്ടിപോലെ വലിച്ചെറിയപ്പെട്ട നിരവധി മലയാളി ജീവിതങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എങ്കിലും നാട്ടിലേക്കയക്കുന്ന ദിര്‍ഹമിന്റെ തുട്ടുകള്‍ വിനിമയ നിരക്കിലെ അക്കങ്ങള്‍ക്കനുസരിച്ച് പെരുകുന്ന മായാജാലത്തില്‍ പ്രവാസി തൊഴില്‍ സമൂഹം വേദനകള്‍ മറക്കാന്‍ ശ്രമിക്കുകയാണ്.
ശവ്വാലിന്റെ പൊന്നമ്പിളിക്കീറ് തെളിയുന്നതോടെ പ്രവാസികളും ആഹ്ലാദത്തിമിര്‍പ്പിലാകും. പിറന്ന വീടും വളര്‍ന്ന നാടും കയ്യൊഴിഞ്ഞ് ബഹറിനിക്കരെ* ഗൃഹാതുരത്വത്തിന്റെ വിങ്ങലും വീര്‍പ്പുമുട്ടലുകളുമായി കഴിയുന്ന പ്രവാസികള്‍ക്ക് പെരുന്നാള്‍ മനസ്സിന് കുളിരു പകരുന്ന ഒരനുഭവം തന്നെയാണ്.

അറബി നാടുകളിലെ പെരുന്നാളാഘോഷത്തിന് ചരിത്രത്തിന്റെ അരികു ചേരുന്നതിന്റെ പ്രാധാന്യമുണ്ട്. എണ്ണ സമ്പന്നതയുടെ ഉന്നതിയില്‍ പഴമയിലെ ഇല്ലായ്മകള്‍ മറന്നുപോയ അറബ് നാടുകളിലായിരിക്കും പെരുന്നാള്‍ ഏറ്റവും ആഹ്ലാദത്തോടെ ആഘോഷിക്കുന്നത്. പെരുന്നാളിന്റെ പ്രഭാതത്തില്‍ ഇരു ഹറമുകളിലേക്കുമുള്ള** ജനപ്രവാഹം കണ്ടാല്‍, ലോകമൊന്നാകെ ഒഴുകിയെത്തുന്നതായി തോന്നും. കറുത്തവനും വെളുത്തവനും പണ്ഡിതനും പാമരനും പണക്കാരനും പാവപ്പെട്ടവനും ഒരേ മന്ത്രധ്വനികളും ഒരേ ലക്ഷ്യവുമായി നീങ്ങുന്ന കാഴ്‌ച പെരുന്നാള്‍ നല്‍കുന്ന ധന്യതയുടെ ചിത്രങ്ങളിലൊന്നാണ്. ലോകം മുഴുവന്‍ ഈദ് ആഘോഷിക്കുമ്പോള്‍ ഗള്‍ഫ് നാടുകള്‍ ലോകത്തിന്റെ ഒരു പരിഛേദമാണോ എന്ന് വിസ്‌മയിച്ചു പോകും. പ്രവാസത്തിന്റെ വഴികളില്‍ പലതരക്കാരും ഇവിടെ ആഘോഷ ദിനത്തില്‍ ഒന്ന് ചേരുന്നു.
പ്രവാസികള്‍ക്ക് ഓരോ ഈദും ഓര്‍മപ്പെരുന്നാളുകളാണ്. അടുത്തിരിക്കുമ്പോഴല്ല അകലുമ്പോഴാണ് ഓരോന്നും തീവ്രമായ ഓര്‍മകളായി തിരിച്ചെത്തുന്നത്. ബാല്യത്തിലും കൌമാരത്തിലും കടന്നു പോയ നാട്ടിലെ പെരുന്നാള്‍ ദിനങ്ങള്‍ വീണ്ടും ഓര്‍മയില്‍ സജീവമാകുന്ന വേളയാണിത്. നിലയ്‌ക്കാത്ത യാന്ത്രികതയില്‍ ഓടിത്തളരുമ്പോള്‍ ഇത്തിരിയാശ്വാസമാകുന്നതും ഇത്തരം ഓര്‍മകളാണ്.

രണ്ടു പതിറ്റാണ്ടിനപ്പുറത്തെ മലയാളിയുടെ ജീവിതത്തിലെ പങ്കപ്പാടുകള്‍ക്കിടയിലെ മധുരവും വേദനയും നിറഞ്ഞ പെരുന്നാള്‍ ഓര്‍മകളാവും പലര്‍ക്കുമുള്ളത്. പെരുന്നാള്‍ പിറകാണാന്‍ കാത്തിരുന്നതും പിറകാണാതെ നിരാശരായി വീട്ടിലെത്തുമ്പോള്‍ പള്ളിയില്‍ നിന്ന് തക് ബീര്‍ധ്വനി ഒഴുകിവരുന്നതും മയിലാഞ്ചി മണക്കുന്ന ഇടവഴികളിലൂടെ ഇറച്ചി വാങ്ങാന്‍ പോയതുമൊക്കെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? അതിരാവിലെ മുങ്ങിക്കുളിച്ചെത്തുമ്പോള്‍ പെട്ടിയില്‍ നിന്ന് ഉമ്മയെടുത്തുതരുന്ന കോടിയുടുപ്പിന്റെ മണം ഏത് ഫോറിനത്തറിനാണ് തരാന്‍ കഴിയുക? ഇല്ല, ഒരിക്കലുമില്ല. പ്രിയപ്പെട്ട ഞങ്ങളുടെ സ്വന്തം ഉമ്മമാരേ... നിങ്ങളുടെ നിര്‍വചിക്കാനാവാത്ത മഹത്വം ഈ പെരുന്നാളില്‍ കൂടുതലായി ഞങ്ങളറിയുന്നു. ഞങ്ങളുടെ കണ്ണുകള്‍ ഈറനണിയുന്നു.

ഈദ്ഗാഹില്‍ *** നിന്ന് മടങ്ങിയെത്തി നാട്ടിലേക്ക് വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കുന്നതോടെ സാധാരണ പ്രവാസിയുടെ പെരുന്നാള്‍ വര്‍ത്തമാനങ്ങള്‍ അവസാനിക്കുകയായി. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ അനുഭവങ്ങളുമുണ്ട്. നാടിനേക്കാള്‍ ഊര്‍ജസ്വലതയോടെ പെരുന്നാളാഘോഷം ഒരുക്കുന്ന ചില മത സാംസ്കാരിക സംഘടനകളുടെ സാന്നിധ്യം വേറിട്ട കാഴ്‌ച തന്നെയാണ്. അത്തരം കേന്ദ്രങ്ങളിലും വിപുലമായ രീതിയില്‍ ഈദ്മീറ്റുകളും മറ്റും സംഘടിപ്പിക്കുന്നതിനാല്‍ അവിടങ്ങളിലും മിക്കവരും എത്തിച്ചേരുന്നു. നന്മകളുടെ സൌഹൃദവേദികളാകുന്ന ഇത്തരം ഹൃദ്യമാകുന്ന കാഴ്ചകള്‍ പ്രവാസ പെരുന്നാളിന്റെ മായാത്ത അനുഭവങ്ങളാകുന്നു.

അല്ലാഹു അക് ബര്‍............. വലില്ലാഹില്‍ ഹംദ്.
ഈദ് സ‌ഈദ്...



--
* ബഹര്‍ = കടല്‍
** ഹറമുകള്‍ = മക്കയിലെ ക‌അ്ബയും, മദീനയിലെ പ്രവാചകന്റെ പള്ളിയും
*** ഈദ്ഗാഹ് = പെരുന്നാള്‍ പ്രാര്‍ഥന നടത്തുന്ന തുറസ്സായ സ്ഥലം

10 comments:

Malayali Peringode said...

പെരുന്നാള്‍ പിറകാണാന്‍ കാത്തിരുന്നതും പിറകാണാതെ നിരാശരായി വീട്ടിലെത്തുമ്പോള്‍ പള്ളിയില്‍ നിന്ന് തക് ബീര്‍ധ്വനി ഒഴുകിവരുന്നതും മയിലാഞ്ചി മണക്കുന്ന ഇടവഴികളിലൂടെ ഇറച്ചി വാങ്ങാന്‍ പോയതുമൊക്കെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? അതിരാവിലെ മുങ്ങിക്കുളിച്ചെത്തുമ്പോള്‍ പെട്ടിയില്‍ നിന്ന് ഉമ്മയെടുത്തുതരുന്ന കോടിയുടുപ്പിന്റെ മണം ഏത് ഫോറിനത്തറിനാണ് തരാന്‍ കഴിയുക?

നിഴല്‍ said...

"....ഇല്ല, ഒരിക്കലുമില്ല. പ്രിയപ്പെട്ട ഞങ്ങളുടെ സ്വന്തം ഉമ്മമാരേ... നിങ്ങളുടെ നിര്‍വചിക്കാനാവാത്ത മഹത്വം ഈ പെരുന്നാളില്‍ കൂടുതലായി ഞങ്ങളറിയുന്നു. ഞങ്ങളുടെ കണ്ണുകള്‍ ഈറനണിയുന്നു. "

ഏ.ആര്‍. നജീം said...

മലയാളിയ്ക്കും ആല്‍ത്തറയിലെ എല്ലാ അംഗങ്ങള്‍ക്കും ബൂലോകത്തെ മറ്റെല്ലാ മലയാളികള്‍ക്കും പെരുന്നാള്‍ ആശംസകള്‍..!

മാണിക്യം said...

"മരുഭൂമിയിലെ പെരുന്നാളിനെക്കുറിച്ച്...."
വളരെ നന്നായി എഴുതി
അതെ ദൂരവും കാലവും കൂടുമ്പോഴും
ബാല്യത്തിലെ ഓര്‍മ്മകളാവും മുന്നില്‍ എത്തുക

..ഈദ് മുബാറക് ..


മനസ്സും ശരീരവും ശുദ്ധിയാക്കി റമദാന്‍
വിട പറയുമ്പോള്‍ ശവ്വാല്‍ നിലാവ് !
ആത്മീയ സുഖത്തിന്റെ പരമ്യതയാണ്
ഈദുല്‍ ഫിതര്‍ അഥവാ ചെറിയ പെരുനാള്‍

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും
ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.

നരസിംഹം said...

ഈദ് ആശംസകള്‍
നല്ല ലേഖനം ...

OAB/ഒഎബി said...

ഇവിടെ എന്ത് പെരുന്നാൾ..
കൂടുതൽ ഉറങ്ങാൻ കൊല്ലത്തിൽ രണ്ടീസത്തെ ലീവ്...
പറഞ്ഞ പോലെ തലേ ദിവസം ടൈലർ കടയിൽ നിന്നും കൊണ്ട് വന്ന പുത്തൻ കുപ്പായം മടക്ക് നിവർത്താതെ വച്ച്,ഇടക്കിടക്ക് തൊട്ട് മണത്ത് നോക്കി , ഒന്ന് വേഗം നേരം വെളുത്തെങ്കിൽ എന്ന് വിചാരിച്ച് ഉറങ്ങാതെ കാത്തിരിക്കുന്ന പെരുന്നാൾ പണ്ട് അല്ല ഒരു ഇരുപത് കൊല്ലം മുമ്പ് വരെ നാട്ടിൽ ഉണ്ടായിരുന്നു...

ഈദാശംസകളോടെ...

jamal|ജമാൽ said...

അങ്ങനെ എല്ലാം അയവിറക്കിയിരിക്കാനേ എല്ലാ പ്രവസികൾക്കും കാഴിയുന്നുള്ളു
പെരുന്നാൾ ആശംസകൾ

Areekkodan | അരീക്കോടന്‍ said...

ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍

വാഴക്കോടന്‍ ‍// vazhakodan said...

മലയാളിയുടെ ഈ ലേഖനം ശരിക്കും ഹ്യദയസ്പര്‍ശിയാണ്.
നന്നായി എഴുതി!

ആല്‍ത്തറയിലെ എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഈദ് ആശംസകള്‍

നരസിംഹം said...

ആല്‍ത്തറയിലെ എല്ലാ അംഗങ്ങള്‍ക്കും
ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍