Thursday, September 3, 2009

ഒരു റിയല്‍ ഓണം - ഓണം എങ്ങനെ ആഘോഷിച്ചു?

ഉത്രാടപാച്ചിലില്‍ ക്ഷീണിച്ച മലയാളി ടീവിക്ക് മുന്‍പില്‍ കുത്തിയിരുപ്പായി. ചാനല്‍കാര്‍ മത്സരത്തിലാണ്. ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ എന്ന് പറഞ്ഞപോലെ എല്ലാ ചാനലുകളും അവരരുടെ ഒപ്പം ഓണം ആഘോഷിക്കാന്‍ പ്രേക്ഷകരെ ക്ഷണിക്കുകയാണ്.

ഇന്ന് എന്തിനും ഏതിനും ഒരു റിയാലിറ്റി ടച്ച്‌ വേണം. കല്യാണമായാലും ഫസ്റ്റ് നൈറ്റ്‌ ആയാലും എന്തിനു ഒന്ന് മുള്ളുന്നത് വരെ റിയാലിറ്റിയായാല്‍ പ്രേക്ഷകര്‍ ധാരാളം.

ഈ വര്‍ഷത്തെ ഓണവും റിയല്‍ ആക്കാന്‍ ഒരു പ്രമുഖ ചാനല്‍ മുന്നോട്ടു വന്നിരിക്കുകയാണ്. "സ്റ്റാര്‍ ഓണം സീസണ്‍ 4 " എന്ന ഈ പ്രോഗ്രാം എന്തുകൊണ്ടും സൂപ്പര്‍ ഹിറ്റ് ആകും എന്നതിന് യാതൊരു സംശയവും ഇല്ല. പരിപാടിയുടെ ഇരട്ടി പരസ്യം അതിന്റെ ഒരു തെളിവായി ചാനല്‍ തന്നെ തുറന്നു പറയുന്നു.

"സ്റ്റാര്‍ ഓണം സീസണ്‍ 4 " ഇല്‍ വിധി കര്‍ത്താക്കളായി ജനങ്ങളെ പൊറുതി മുട്ടിക്കുന്നത്‌ ഓണത്തെ എങ്ങനെ വിറ്റു കാശാക്കാം എന്ന് പഠിച്ച "ദി പിന്നൈ സില്‍ക്സ്‌" ഓണര്‍ പട്ടാംബരവും ഗുണ്ട മാനേജ്മെന്റില്‍ ഡിപ്ലോമ നേടിയ നമ്മുടെ മന്ത്രി പൊടിയേരിയും പിന്നെ ചാനല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു റിയാലിറ്റി ഷോയില്‍ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ പാലേട്ടനും.

"സ്റ്റാര്‍ ഓണം സീസണ്‍ 4-ഇല്‍ " അവതാരകയായി എത്തുന്നത്‌ കെട്ടിപിടുത്തത്തില്‍ സമര്‍ത്ഥയായ മഞ്ഞിനിയും ചടുല നൃത്തചുവടുമായി മുകിലയുമാണ്.

വളരെ വാശിയേറിയ മത്സരം അതിന്റെ അവസാന റൌണ്ട് ആയ ഗ്രാന്‍ഡ്‌ ഫിനാലെയില്‍ എത്തി ചേര്‍ന്നിരിക്കുകയാണ്. "സ്റ്റാര്‍ ഓണം സീസണ്‍ 4" വിജയിക്ക് മഹാബലി നേരിട്ട് പാതാളത്തിലേക്ക് ഒരു യാത്ര സ്പോണ്‍സര്‍ ചെയ്യും കൂടാതെ ഒരോണക്കോടിയും.

പന്ത്രണ്ടു മാസം പന്ത്രണ്ടു വിവിധ റൌണ്ട്കളില്‍ നിന്ന് തെരഞ്ഞെടുത്ത അഞ്ചു പേരാണ് ഗ്രാന്‍ഡ്‌ ഫിനാലെയില്‍ എത്തിയിരിക്കുന്നത്. ഒന്നാമത്തെ റൌണ്ട് ആയ "പൂക്കളം പൊളിവചനം" റൌണ്ടില്‍ പിണങ്ങാരായിയുടെ ഉഗ്രന്‍ പ്രകടനം പ്രേക്ഷകരെ കോരിത്തരിപ്പിച്ചു.

"മാനുഷരെല്ലാരും ഗുണ്ട പോലെ" റൌണ്ടില്‍ ഒരു പാട് നല്ല പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. രാജേഷിന്റെയും പ്രകാശിന്റെയും പ്രകടനം വിധികര്‍ത്താക്കളുടെ പ്രത്യോക പ്രശംസയ്ക്ക് കാരണമായെങ്കിലും ആ റൌണ്ടില്‍ ടോപ്‌ മാര്‍ക്ക് നേടിയത് സതീശനായിരുന്നു. എന്നാല്‍ "സംവിധായക മര്‍ദ്ദന" സംഗതി പ്രയോഗിച്ച ചെറുപ്പക്കാര്‍ പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടവരായി.

"തുണിയില്ലാ" റൌണ്ടില്‍ കോണക ധാരിയായ മഹാത്മാവിനെ പിന്തള്ളി ഒരു പാട് മുന്‍ മലയാളി നായികമാര്‍ കൂടുതല്‍ മാര്‍ക്ക് നേടി.

"എഴുത്താണി" റൌണ്ടില്‍ പ്രശസ്ത തിരക്കഥ രചയിതാക്കളായ പോലീസുകാരെ പിന്തള്ളി മലയാള ബ്ലോഗ്ഗര്‍മാര്‍ ശക്തമായ തിരിച്ചു വരവ് നടത്തി. കാപ്പിലാനും നിരക്ഷരനും കറുത്തേടവും സൂപ്പര്‍ സ്റ്റാര്‍ പാലെട്ടന്റെ അടുത്ത പടത്തിന് തിരക്കഥ എഴുതും എന്ന് സൂപ്പര്‍സ്റ്റാര്‍ പാലേട്ടന്‍ പ്രഖ്യാപിച്ചു.അനൂപും പിള്ളേച്ചനും മാണിക്യവും പ്രിയദര്‍ശന്റെ പടത്തിന്റെ തിരക്കഥ രചനയില്‍ ആണെന്നും പാലേട്ടന്‍ പ്രേക്ഷകരെ അറിയിച്ചു.

"ചിരിപോലി" റൌണ്ടില്‍ അച്ചുമാമനും കൂട്ടരും തകര്‍ത്തു. ചുരളീധരന്റെ ടീം പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി.

ഉത്രാട രാത്രിയില്‍ മലയാളികള്‍ അക്ഷമരായി കാത്തിരിക്കുന്ന ഗ്രാന്‍ഡ്‌ ഫിനാലെ അരങ്ങേറുകയാണ്. വിധി കര്‍ത്താക്കളായ സൂപ്പര്‍സ്റ്റാര്‍ പാലേട്ടനും പോടിയെരിക്കും പട്ടംബരത്തിനും പുറമേ ചിരിക്കുട്ടന്‍, പക്കീല, ലീഡര്‍ തുടങ്ങിയ പ്രഗല്‍ഭരും വിധി നിര്‍ണയത്തിനായി രംഗത്തുണ്ട്.

സുപ്രസിദ്ധ തെന്നിന്ത്യന്‍ മാദകറാണി നയനറാണിയുടെ അത്യുഗ്രന്‍ നഗ്ന നൃത്തം പ്രേക്ഷകരെ കോരി തരിപ്പിക്കുകയാണ്. അതിനു ശേഷം മഞ്ഞിനിയും മുകിലയും വാക്കുകളെ വികലമാക്കി അലങ്കോലമാക്കി കസറുകയാണ്.

എഴുത്തിനെ ആയുധമാക്കിയ മലയാള ബ്ലോഗ്ഗറുടെ പ്രതിനിധിയായ ബ്ലോഗരന്‍ തന്റെ ഒരുഗ്രന്‍ നമ്പരായ "വാക്ക് യുദ്ധം" നടത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

ജാതി ഭേദം മത ദ്വേഷം മറന്നു എല്ലാചാനലുകളും ഇത് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. സമ്മാന ദാനത്തിനു സാക്ഷാല്‍ മാവേലിയെ കൊണ്ടുവരാനാണ് അണിയറ നീക്കം.

"ബോറുകാടിന്റെ" ഫില്ലര്‍ മാജിക്ക് കണ്ടു ജനം മടുത്തു എന്നത് അവരുടെ മുഖം കണ്ടാല്‍ അറിയാം. അടുത്ത് "S" ആകൃതി നമ്പരുമായി പിണങ്ങാരായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരുപാട് പാര്‍ട്ടി എസ്സ് എം എസ്സ് സ്വന്തമായുള്ള അയാളുടെ ഗ്രാന്‍ഡ്‌ ഫിനാലെ പ്രവേശനം ജനം പ്രശ്നമാക്കിയതാണ്.

പിന്നീട് എത്തിയ "മുങ്ങല്‍" നമ്പരുമായി രാജേഷും കൂട്ടരും ആണ്. പ്രശസ്ത മാജിക്കുകാരെപ്പോലും ഞെട്ടിച്ചു അവര്‍ അത് പെര്‍ഫോം ചെയ്തു.

അതിനിടയില്‍ ഓണത്തിനിടക്ക് പുട്ട് കച്ചവടവുമായി ഒരു ബുക്ക്‌മായി എത്തിയിരിക്കുകയാണ് പസ്വാന്ത്‌ സിംഗ്. വിചാരിച്ചത്ര സ്വീകരണം ലഭിക്കാത്തതിനാല്‍ പാകിസ്ഥാനിലേക്ക് പോകാന്‍ അദ്ദേഹം ഒരുങ്ങുകയാണ്.

അടുത്ത പ്രകടനം ചുരളീധരന്റെയാണ് "നാണമില്ല"നമ്പരുമായി തറവാട്ടിലേക്ക് മടങ്ങുക എന്ന ഏക അംഗ നാടകം അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അത് കണ്ടു ബോറടിച്ച ജനം ആ സീരിയല്‍ നടി ആരെന്നുള്ള ചര്‍ച്ചയിലാണ്.

ആരെയും കൂസാത്ത ശാന്തനല്ലാത്ത ശാന്തന്റെ നൃത്തം നമ്പര്‍ വിധികര്‍ത്താക്കളെ കുഴക്കിയെന്നാണ് തോന്നുന്നത്.

റിയാലിറ്റി മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തില്‍ ഇരുന്ന പോയ ജനം ഉത്രാട രാത്രി കഴിയുന്നത്‌ അറിഞ്ഞില്ല. വിജയി ആരാകും എന്ന അവരുടെ ടെന്‍ഷന്‍ കൂടി കൂടി വരികയാണ്. എല്ലാവരും തുല്യമായി പ്രകടനം കാഴ്ച വച്ചിരിക്കുന്നു.

തിരുവോണ ദിവസം രാവിലെ 6 മണിയായി ഒരു വീട്ടിലും പൂക്കളം ഇട്ടിട്ടില്ല. ഓണത്തപ്പനെ വച്ചില്ല. എല്ലാവരും വിജയിയെ കാണാനും റിയല്‍ മാവേലിയെ കാണാനും ടീവിയുടെ മുന്‍പിലാണ്.

വിജയിയെ പ്രഖ്യാപിക്കാനുള്ള അവസാന നിമിഷം സമാഗതമായി. സമ്മാനദാനത്തിനു എല്ലാവരും അക്ഷമരായി പ്രമുഖ കോണക നിര്‍മ്മാതാക്കളുടെ എം ഡി യായ കോണകം കോപാലന്‍ വിജയിയെ പ്രഖ്യാപിച്ചു "ചുരളീധരന്‍" നാണമില്ലാത്ത നാടകം അവതരിപ്പിച്ചു പ്രേക്ഷകരെയും നാണം കെടുത്തിയ അദ്ധേഹത്തിനു സമ്മാനം നല്‍കാന്‍ മാവേലിയായി മേയ്ക്കപ്പ് വേഷമിട്ട "വയറന്‍ രാഘവന്‍ " ചുരളിയുടെ തലയ്ക്കു ചവിട്ടി ഒരു കോടി കോണകം സമ്മാനമായി നല്‍കി.

അങ്ങനെ ഒരു റിയാലിറ്റി ഓണം കൂടി കഴിഞ്ഞു.

കുറിപ്പ്: ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്.

2 comments:

രഘുനാഥന്‍ said...

കൊള്ളാം. ഗ്രാന്‍ഡ്‌ ഫിനാലെയില്‍ ഹന്ജിനി രഹിദാസിന്റെ മലയാല കൊലയാലം ഇല്ലാതെ പോയത് കഷ്ടമായി.

ആശംസകള്‍

പിള്ളേച്ചന്‍ said...

കൊള്ളാം