Wednesday, September 30, 2009

കടലിനക്കരെ പോണോരേ... (സൂക്ഷിക്കുക... നിങ്ങള്‍ക്കും ഇതു സംഭവിക്കാം)

ഗള്‍ഫ് എന്ന സ്വപ്നഭൂമിയെ സ്വപ്നം കണ്ട് നാട്ടില്‍ കഴിയുന്നവര്‍,
ഗള്‍ഫിലേക്കു പോകുവാന്‍ തയ്യാറെടുക്കുന്നവര്‍,
ഗള്‍ഫില്‍ എത്തിച്ചേര്‍ന്നവര്‍... സാമൂഹിക സേവനതല്പരരായ പ്രവാസികള്‍, നിയമം കയ്യാളുന്ന അധികാരികള്‍, മാധ്യമങ്ങള്‍ ഇത്രയും ആളുകള്‍ ഈ കുറിപ്പ് വായിച്ചിരിക്കുന്നത് നന്നായിരിക്കും. എഴുതണോ വേണ്ടയോ എന്നു കുറേ ആലോചിച്ചതാണ്. എന്നാല്‍ ഈ കുറിപ്പ് ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ അതൊരു നല്ല കാര്യമായിരിക്കും എന്നു കരുതുന്നു.



ബാംഗ്ലൂരിലെ സാമൂഹിക ചുറ്റുപാടുകളും, ഭക്ഷണം, താമസം തുടങ്ങി യാതൊന്നിനോടും താല്പര്യമില്ലാതെ ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്ന കാലം. (ആ ജോലിയും ശാരീരികമായി തളര്‍ത്തിയതല്ലാതെ സാമ്പത്തികമായി വളര്‍ത്തിയിട്ടില്ല) അങ്ങനെ തെണ്ടിത്തിരിഞ്ഞ് പൂനായിലെത്തുന്നു. ഒരേയൊരു ലക്ഷ്യം മാത്രം. എവിടെയെങ്കിലും ഒരു ജോലി. (ഒരു പ്രായം കഴിഞ്ഞാല്‍ അഭ്യസ്തവിദ്യരായ ആണുങ്ങള്‍ക്ക് ജോലി കിട്ടിയില്ലെങ്കില്‍ ഉണ്ടാകുന്ന ഒരു രോഗമാണിത്തെന്നത് പലരുടെയും അനുഭവം)

പൂനായിലെ തെണ്ടല്‍ ഏകദേശം ആറു മാസങ്ങള്‍ പിന്നിടുന്നു. അവിടെ പലചരക്കു വ്യാപാരം നടത്തുന്ന ഒരു സുഹൃത്ത് പറഞ്ഞു ബാനര്‍ റോഡില്‍ ഒരു ഏജന്‍സിയുണ്ട് അവര്‍ വിദേശത്തേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നുവെന്നു കേള്‍ക്കുന്നു എന്ന്. എന്നാല്‍ അവരുടെ വിശ്വാസ്യതയെക്കുറിച്ച് യാതൊന്നും അറിവില്ലെന്നും, അത് നന്നായി അന്വേഷിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗള്‍ഫില്‍ പോകണമെന്ന് യാതൊരു ആഗ്രഹവുമില്ലാത്ത ഞാന്‍ പലരുടെയും ഉപദേശങ്ങള്‍ക്കു വഴങ്ങി അങ്ങനെ അന്വേഷിച്ചു പിടിച്ച് അവിടെയെത്തുന്നു. നല്ല ഒന്നാംതരം ഓഫീസ്‌, ഓഫീസില്‍ സുന്ദരിയായ റിസപ്ഷനിസ്റ്റ് തുടങ്ങി എല്ലാ സൌകര്യങ്ങളുമുണ്ട്. ഇരുപത്തിമൂന്നു വയസ്സു മാത്രം പ്രായമുള്ള എം ബി എക്കാരന്‍ മുതലാളി കം ഡയറക്ടര്‍ കം ചീഫ് ഓപ്പറേറ്റര്‍ കം ചീഫ് ഓര്‍ഗനൈസര്‍. നിലവിലുള്ള ഒരേയൊരു വേക്കന്‍സിയെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് നീട്ടി വലിച്ച് ഒരു പ്രൊഫൈല്‍ ഉണ്ടാക്കി കൊടുത്തു. സേവന വ്യവസ്ഥകള്‍ താഴെ പറയും പ്രകാരം.

1. സര്‍വ്വീസ് ചാര്‍ജ്ജ് ഇരുപതിനായിരം രൂപ (പുറത്തു പറയാവുന്നത് - ഞാന്‍ പോകുന്ന രാജ്യത്തു തന്നെ താമസിക്കുന്ന അദ്ദേഹത്തിന്‍റെ അച്ഛന്‍ ചോദിച്ചാലും ഈ തുക വേണം പറയാന്‍)

2. സര്‍വ്വീസ് ചാര്‍ജ്ജ് മറ്റൊരു ഇരുപതിനായിരം രൂപ ( പുറത്തു പറയാന്‍ പാടില്ലാത്തത്. പുറത്തു പറഞ്ഞാല്‍ എന്‍റെ പണിയും പോകും - അയാള്‍ക്കും കുഴപ്പം - എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണത്രേ ഗള്‍ഫിലേക്കു പറക്കുന്നത്)

3. ഇനിയൊരു പതിനായിരം രൂപ ടിക്കറ്റ് ചാര്‍ജ്ജ് (ഇതും പുറത്തു പറയാന്‍ പാടില്ല)

ആകെ അന്‍പതിനായിരം രൂപയല്ലേ അയാള്‍ ചോദിച്ചുള്ളൂ. നല്ല മനുഷ്യന്‍. സാധാരണ ഗള്‍ഫില്‍ പോകാന്‍ ഒന്നൊന്നര ലക്ഷം രൂപയോളം ചിലവുണ്ടെന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്. ഏതായാലും കൊള്ളാം. കയ്യോടെ ഇരുപതിനായിരത്തില്‍ പതിനായിരം കൊടുത്തു രസീതും വാങ്ങി.

വിസ വന്നു. വിസയുടെ കോപ്പി കണ്ട് രോമാഞ്ജമണിഞ്ഞു. വായിച്ചു നോക്കിയപ്പോള്‍ എക്സ്പ്രസ്സ് വിസ എന്നൊരു കുണ്ടാമണ്ടി. ഇതെന്താണെന്നു ചോദിച്ചപ്പോള്‍ ഏജന്‍റിന്‍റെ ധൈര്യപ്പെടുത്തല്‍. ജോലി വിസ ഇഷ്യൂ ആകാന്‍ എന്തൊക്കെയോ നിയമതടസ്സങ്ങള്‍. അതുകൊണ്ട് അവിടെ ചെന്നാല്‍ എളുപ്പത്തില്‍ ശരിയാക്കാം. തല്‍ക്കാലം ഈ വിസയില്‍ പോകാം. ഞാനല്ലേ ഇവിടെയുള്ളത്. ധൈര്യമായി പോയിട്ടു വാ. ശരിയാ അദ്ദേഹം അവിടെയുണ്ടല്ലോ ഒന്നുമില്ലെങ്കിലും സ്വന്തമായി ഫര്‍ണിഷ്‌ഡ്‌ ഓഫീസും, റിസപ്ഷനിസ്റ്റും ഒക്കെയുള്ള വലിയ മനുഷ്യനല്ലേ. എനിക്കും ധൈര്യമായി. അങ്ങനെ ബാക്കിയുണ്ടായിരുന്ന നാല്‍‍പ്പതിനായിരം രൂപയും കൊടുത്തു. പതിനായിരത്തിനു മാത്രം രസീതും കിട്ടി. (മറ്റേതു രഹസ്യമാണല്ലോ)

അപ്പോഴുണ്ട്‌ ആവശ്യം. എക്സ്പ്രസ്സ് വിസ എടുക്കുന്നവര്‍ തിരിച്ചു പോരാനുള്ള റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്നത് നിര്‍ബന്ധമാണത്രേ!. ഞാന്‍ തീര്‍ത്തു പറഞ്ഞു പറ്റില്ല എന്ന്. എന്നാല്‍ അവസാനം നേരത്തേ കൊടുത്തു പോയ അന്‍പതിനായിരം രൂപ കൂടി നഷ്ടമാകുമെന്ന അവസ്ഥ വന്നപ്പോള്‍ കൊടുത്തേക്കാമെന്നു കരുതി. പൂനായില്‍ തന്നെ താമസമുള്ള എന്‍റെ കൊച്ചച്ചന്‍റെ കയ്യില്‍ നിന്നും പണം വാങ്ങി നല്‍കി. റിട്ടേണ്‍ ടിക്കറ്റ് അയാള്‍ തന്നെ ക്യാന്‍സല്‍ ചെയ്ത് പണം കൊച്ചച്ചനെ ഏല്‍‍പ്പിക്കാമെന്ന് വാക്കും തന്നു. പുറപ്പെടുന്നതിന്‍റെ തലേദിവസം മനസ്സില്ലാ മനസ്സോടെ എനിക്കൊരു ഫാക്സ് അയക്കേണ്ടി വന്നു. ശമ്പളമില്ലാതെ എത്ര മണിക്കൂര്‍ വേണമെങ്കിലും ഓവര്‍ ടൈം ചെയ്യാമെന്ന്. എട്ടു മണിക്കൂര്‍ പ്രവൃത്തിസമയമുള്ള കമ്പനിയില്‍ തിരക്കുള്ള അപൂര്‍വ്വം ചില അവസരങ്ങളില്‍ ഏറിയാല്‍ ഒരു നാലു മണിക്കൂര്‍ കൂടി ജോലി ചെയ്യേണ്ടി വരും. നാട്ടിലും അങ്ങനെ ഞാന്‍ ചെയ്തിട്ടുള്ളതാണ്. അതിനിപ്പോള്‍ അധികശമ്പളം കിട്ടിയില്ലെങ്കിലും സാരമില്ല എന്നു ഞാന്‍ കരുതിയെങ്കിലും എന്തുകൊണ്ടോ എന്‍റെ മനഃസ്സാക്ഷി എന്നെ വിലക്കിക്കൊണ്ടേയിരുന്നു.

അങ്ങനെ ഞാന്‍ സീബ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നു. ജീവിതത്തിലെ യാത്രകളെല്ലാം ഒറ്റക്കായിരുന്നതു കൊണ്ട് വലിയ പുതുമയൊന്നും തോന്നിയില്ല. മെയിന്‍ ഗേറ്റ് ഇറങ്ങി വെളിയില്‍ വന്നു. കുറേ നേരം കാത്തു നിന്നപ്പോള്‍ ടൈ കെട്ടി, നല്ല വേഷമൊക്കെ ധരിച്ച് സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ഓടി വന്നു ചോദിച്ചു,

ആര്‍ യൂ മിസ്റ്റര്‍ ജയകൃഷ്ണന്‍?

യെസ് അയാം, യൂ ആര്‍ റൈറ്റ്. ഞാന്‍ മറുപടി പറഞ്ഞു.

ചിരിച്ചു കൊണ്ടയാള്‍ എനിക്കു കൈ തന്നു. ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവനും വ്യാപിച്ചു കിടക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ മാനേജ്‌മെന്‍റിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പരസ്യക്കമ്പനിയിലേക്കായിരുന്നു ഞാന്‍ നിയമിതനായിരുന്നത്. ഞാനും ദിലീപും കൂടി കമ്പനിയിലെത്തി. ഏതോ ഒരു മാഡമാണ് അതിന്‍റെ ജനറല്‍ മാനേജര്‍ എന്നു മാത്രം എനിക്കറിയാം. ദിലീപ് എന്നെ ഓഫീസിലെത്തിച്ച് അപ്പോള്‍ തന്നെ തിരിച്ചു പോയി. മുകളില്‍ നിന്നും അവിടത്തെ അക്കൌണ്ട്സ് മാനേജരായ ഒരു ഹിന്ദിക്കാരന്‍ ഇറങ്ങി വന്നു. പരിചയപ്പെട്ടു, എന്‍റെ പാസ്സ്‌പോര്‍ട്ടും വാങ്ങി തിരിച്ചു കയറിപ്പോയി. പിന്നെ കൂട്ടായി കിട്ടിയത് എന്‍റെ കൂടെ തന്നെ ജോലി ചെയ്യേണ്ടുന്ന മറ്റൊരു മലയാളിയെ ആണ്. ചെന്ന പാടേ തന്നെ കമ്പനിയേക്കുറിച്ച് അയാള്‍ വാചാലനായി.

ഇതൊരു സിന്ധിയുടെ കമ്പനിയാണ്, അയാള്‍ക്ക് മലയാളികളെ കണ്ടു കൂട, ക്രിയേറ്റീവ് സെക്ഷനില്‍ നിവൃത്തിയില്ലാത്തതു കൊണ്ടു മാത്രമാണ് അയാള്‍ മലയാളികളെ നിയമിച്ചിരിക്കുന്നത്, എന്തു ജോലി ചെയ്താലും, എത്ര ആത്മാര്‍ത്ഥത കാണിച്ചാലും ഇവിടെ യാതൊരു വിലയുമില്ല, പണ്ട് ഇതേ കമ്പനിയില്‍ ജോലിക്കു വന്നതാണിയാള്‍, മുതലാളിയുടെ മകളെ പ്രേമിച്ചു കല്യാണം കഴിച്ച വകയിലാണ് ഇയാള്‍ മുതലാളിയായത്, എല്ലാവരും അയാളെ ‘ഭായി’ എന്നാണ് വിളിക്കുന്നത് എന്നു തുടങ്ങി ആ കമ്പനിയേക്കുറിച്ചൊരു പ്രബന്ധം തന്നെ അയാള്‍ എന്‍റെ മുന്‍പില്‍ അവതരിപ്പിച്ചു. ഞാന്‍ വളരെക്കുറച്ചു മാത്രം വിശ്വസിച്ചു, വളരെയധികം അവിശ്വസിച്ചു. സാധാരണ പുതുതായി വരുന്നവരെ നിരാശപ്പെടുത്തുക എന്നത് മലയാളിയുടെ സ്വഭാവമാണല്ലോ. ഇതും അങ്ങനെയെന്നേ കരുതിയുള്ളൂ.

കുറച്ചു സമയത്തിനകം ‘മാഡം’ വന്നു. കൂടെയുണ്ടായിരുന്നവന്‍ എന്നെ അവരുടെ മുന്‍പിലെത്തിച്ച് ഭക്ത്യാദരപൂര്‍വ്വം പിന്‍‍വാങ്ങി. “ഇവിടെ കുറേ പൊളിറ്റിക്സൊക്കെയുണ്ട്‌ അതുകൊണ്ട് അവരുടെ കൂട്ടത്തിലൊന്നും ചെന്നു പെടാതെ സൂക്ഷിച്ചോളാന്‍“ അവരെന്നെ ഉപദേശിച്ചു. അങ്ങനെയാകാമെന്നു ഞാനും സമ്മതിച്ചു.

ആദ്യ അസൈന്‍‍മെന്‍റ് ഒരു സ്റ്റേജ്‌ ഷോയ്ക്കു വേണ്ടിയുള്ളതായിരുന്നു. അത് മാഡത്തിനു നന്നേ ബോധിച്ചു. അപ്പോള്‍ തന്നെ മുതലാളിക്ക് ഫോണ്‍കോള്‍ പോയി. ഞങ്ങളുടെ ഓഫീസില്‍ നിന്നും ഏകദേശം ഒന്നര-രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള അയാളുടെ ഹൈപ്പര്‍മാര്‍ക്കറ്റിനു മുകളിലുള്ള ഹെഡ്‌ ഓഫീസില്‍ നിന്നും കറുത്ത നിറമുള്ള ബി എം ഡബ്ലിയുവില്‍ അയാള്‍ പറന്നെത്തി.

അയാള്‍ക്കും സംഭവം ഇഷ്ടമായി. അയാളുടേതായിട്ട് അതില്‍ കുറേ വെട്ടലുകളും തിരുത്തലുകളുമെല്ലാം നടത്തി അയാള്‍ തിരിച്ചു പോയി.

രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഗതികളുടെ കിടപ്പ് എനിക്കു മനസ്സിലായിത്തുടങ്ങി...

12 comments:

ബിന്ദു കെ പി said...

തീർച്ചയായും തുടരുക....

mini//മിനി said...

കാത്തിരിക്കുന്നു.

നീര്‍വിളാകന്‍ said...

നന്നായി... തുടരട്ടെ!!!

Unknown said...

തീര്‍ച്ചയായും ബാക്കികായി കാത്തിരിക്കുന്നു

ഉഗാണ്ട രണ്ടാമന്‍ said...

കാത്തിരിക്കുന്നു...

വാഴക്കോടന്‍ ‍// vazhakodan said...

ഭാഗ്യം കള്ളവിസയല്ല, അവിടെ എത്തിയല്ലോ.
ഇനി ബാക്കി കൂടി അറിയണം! നോക്കട്ടെ :)

K C G said...

ആകാംക്ഷാഭരിതരായി വായനക്കാര്‍ കാത്തിരിക്കുന്നു......

Rakesh R (വേദവ്യാസൻ) said...

തുടരണം

ഭായി said...

ഇനി, എപ്പോള്‍ അവിടുന്നു ചവിട്ടി വെളിയിലാക്കി.. അല്ലെങ്കില്‍ മലയാളി പാര കയറി എന്നറിയാനായി കാത്തിരിക്കുന്നു....

സേതുലക്ഷ്മി said...

തുടരണ്ട.... ബാക്കി ഊഹിച്ചു. :)

Unknown said...

തുടരണം ............തീര്‍ ഛയായും അനിവാര്യമാകുന്നു

Typist | എഴുത്തുകാരി said...

വായിച്ചു. രണ്ടാം ഭാഗം കൂടി വേഗം പോയി
വായിക്കട്ടെ.