Tuesday, December 23, 2008

ക്രിസ്തുമസ്സ്കരോളും ദമ്മുബിരിയാണിയും..

ക്രിസ്തുമസ്സ് എന്നുകേള്‍ക്കുമ്പം ഓര്‍മയിലോടിയെത്തുന്നത് പണ്ട് തിരോന്തരത്ത് പഠിക്കുമ്പോള്‍ സംഘടിപ്പിച്ച കലാപരിപാടിയാണ്‌.

മണക്കാട് ഹോസ്റ്റലില്‍ അന്തേവാസിയായിരുന്ന സമയം. ക്രിസ്തുമസ്സ് ഇങ്ങടുത്തെത്തി. വീട്ടീന്നുള്ള വരവ് (ചിലവിനുള്ളതും പോക്കറ്റുമണിയും) വന്നിട്ടില്ല. മെസ്സ് പൂട്ടി കുക്ക് നാട്ടിലും പോയി. കാപട്ടിണി അരപ്പട്ടിണിയായി മാറി. ഇനീം പോയാല്‍ മുഴുപ്പട്ടിണിയില്‍ പെട്ട് സൈഡായെന്ന് വരും.

ഞങ്ങള്‍ അന്തേവാസികള്‍ നിരന്നുകിടന്ന് കൂലം‌കശമായി ചിന്തിച്ചു. വാട്ട് റ്റു ഡു? രാവിലെ നാരങ്ങാവെള്ളം കലക്കിക്കുടിച്ചത് 'ഗുളു ഗുളു' ആവുന്ന അരച്ചാണ്‍ വയറും തടവി കഴിയുമ്പോള്‍..

അല്‍‌പമകലെയുള്ള സീനത്ത് ഹോട്ടലില്‍ നിന്നതാ പൊങ്ങിവരുന്നു നല്ല ദമ്മുള്ള ബിരിയാണീടെ മാദകഗന്ധം! ആവതും പിടിച്ചുനിറുത്താന്‍ നോക്കീട്ടും സമാധാനം വരുന്നില്ല. ഇന്ന് കേരളാപോലീസില്‍ 'തൊഴി-ല്‍' ചെയ്യുന്ന കുണ്ടറഷൈജു അന്നേ പോലീസ് ആകേണ്ടവന്‍ ആണെന്നത് ഞാന്‍ ഊചിച്ചത് കറക്റ്റായി.

സഹികെട്ട കുണ്ടറഷൈജു നേരെ ഫോണിനടുത്തേക്ക് കുതിച്ചുചെന്ന് സീനത്തോട്ടലില്‍ക്ക് നമ്പറ് ഞെക്കി. ഞങ്ങള്‍ അന്തം വിട്ട് എന്താണെന്നറിയാന്‍ നോക്കിക്കിടന്നു.

ദുബായിലുള്ള ഷൈജുവിന്റെ ഫാദര്‍ ഞങ്ങളറിയാതെ പൈസ അയച്ചുകൊടുത്തിട്ടുണ്ടോ എന്നും കരുതി. ആ പൈസകൊണ്ട് പാവം ഷൈജു സഹമുറിയന്മാരായ ഞങ്ങള്‍ക്ക് ദമ്മുബിരിയാണി ഓര്‍ഡറ് ചെയ്യാനാവും സീനത്തോട്ടലിക്ക് നമ്പറിറക്കുന്നത്! അവനെ അത്യുന്നതങ്ങളില്‍ ഇരുന്ന് ദൈവം രക്ഷിക്കുമാറകട്ടെ എന്ന് വിചാരിച്ചപ്പോഴോ...

'ഹലോ.. സീനത്തോട്ടലല്ലേ?'

'അതേ.'

(സ്പീക്കര്‍ ഫോണിലൂടെ ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു)

പല്ലിറുമ്മികൊണ്ട് ഷൈജു വീണ്ടും:

'ബിരിയാണി റെഡിയായോ?'

'ഉവ്വ്. ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ഒക്കെ റെഡിയാ സാര്‍. ഏതാ ഓര്‍ഡറെടുക്കേണ്ടത്? എവിടെ എത്തിക്കണം?'

'ഒക്കെ റെഡിയാണെങ്കില്‍ എന്നാത്തിനാടോ താന്‍ അവിടെ നോക്കിയിരിക്കുന്നത്? എല്ലാം എടുത്ത് കഴിക്കെടോ പുല്ലേ..!'

ഷൈജു കലിപ്പിറക്കി ഫോണ്‍ വെച്ച് തിരിച്ചുവന്ന് പ്ലാന്‍ ആവിഷ്കരിക്കാനിരുന്നു.
പാതിവിശപ്പ് ഇല്ലാതായപോലെ ഞങ്ങള്‍ ആഹ്ലാദിച്ചു.

'ഡായ് അബൂ, അന്തോണീ, ബാബൂ, എസ്കെ, നമ്മളിന്ന് രാത്രി ഒരു കരോള്‍ സംഘടിപ്പിച്ച് പിരിവിനിറങ്ങുന്നു. എന്തു പറയുന്നു?'

'ഗുഡ് ഐഡിയ. തടിയന്‍ ബാബു സാന്തോഅപ്പൂപ്പനാവുക. ഈ കോളനിമൊത്തം കരോളുമായി ഇറങ്ങി നല്ലോരു തുക പിരിക്കുക. പുട്ടടിക്കുക. എന്തേയ്'

അന്തോണി പിന്‍‌താങ്ങികൊണ്ട് അറിയിച്ചു.

'ബട്ട്, കരോളിനുള്ള കോപ്പുകള്‍ എങ്ങനെ ഒപ്പിക്കും?' - ചിന്താവിഷ്ടനായി ഞാന്‍ താടിയില്‍ കൈകുത്തിയിരുന്ന് പറഞ്ഞപ്പോള്‍ അബൂ എന്നെ തട്ടികൊണ്ട് അറിയിച്ചു.

'എടാ കോപ്പേ, നമ്മള്‍ കഴിഞ്ഞ ഫെസ്റ്റിവലിന്‌ കളിച്ച നാടകത്തിലെ വേഷഭൂഷാദികള്‍ തട്ടിന്‍‌പുറത്ത് തപ്പിയാല്‍ കിട്ടും. വാ നോക്കാം.'

അബു അതും പറഞ്ഞ് തട്ടിന്‍‌പുറത്ത് കയറാന്‍ പോയി. കൂടെ ഞങ്ങളും. ഗോവണി ചാരിയിട്ട് കയറിനോക്കിയപ്പോള്‍ പൊടിപിടിച്ചുകിടക്കുന്ന അപ്പൂപ്പന്‍ വേഷങ്ങളും മറ്റും താഴേക്കിറക്കി ക്ലീനാക്കിയെടുത്തു.

അന്നു രാത്രി ഒരു പത്തുമണിനേരം. കാര്‍ഡുബോര്‍ഡ് പെട്ടിയില്‍ കൊട്ടിയും അടുക്കളയിലെ ഇഡ്ഡലിപാത്രങ്ങള്‍ തമ്മിലടിച്ച് താളം വെച്ചും തട്ടിക്കൂട്ട് കരോള്‍ കോളനിയില്‍ പ്രത്യക്ഷപ്പെട്ടു.

ചൂടന്‍ ഷൈജു നീണ്ട വെള്ളജുബയില്‍ ശാന്തസ്വരൂപിയായ അച്ചനായിമാറി. കീറിയ സാന്താക്ലോസ് വേഷത്തില്‍ ബാബു വെള്ളപ്പഞ്ഞി ഒട്ടിച്ച താടിയുമായി നീങ്ങി. (ഈ വെള്ളപ്പഞ്ഞിക്കുവേണ്ടി ഒരു തലയിണ ബലികൊടുക്കേണ്ടിവന്നു)

സംഭാവന ചില്ലറത്തുട്ടുകളായി കിട്ടിത്തുടങ്ങി. പിരിവു മോശമില്ല. അഞ്ചുരൂപ, പത്തുരൂപാ നോട്ടുകള്‍ ചിലവ തടഞ്ഞു. ഏതാനും വീടുകളില്‍ കരോള്‍ കളിച്ച് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ കോളനിയുടെ ഒരു തിരിവില്‍ വെച്ചതാ ഒറിജിനല്‍ കരോള്‍ സംഘം വരുന്നു!

ഷൈജു പരുങ്ങി. സാന്താക്ലോസപ്പൂപ്പനും ഞങ്ങളും കൊട്ടും ആട്ടവും സ്റ്റോപ്പാക്കി ഒരു ഊടുവഴിപിടിച്ച് ഞങ്ങള്‍ ഹോസ്റ്റലിന്റെ മതില്‍ ചാടി അകത്തേക്ക് വാനിഷായി. നിമിഷങ്ങള്‍ കഴിഞ്ഞ് സാദാവേഷത്തില്‍ ഒന്നുമറിയാത്തപോലെ റോഡിലിറങ്ങി.

പിരിഞ്ഞുകിട്ടിയ സംഭാവന അബുവിന്റെ കീശയിലുണ്ട്. അതെത്രയെന്നറിയാന്‍ എല്ലാവരും പിടിവലിയായതും ആ കീശയിലെ പൈസ പല കീശയിലായി! എല്ലാവരും നേരെ സീനത്ത് ഹോട്ടലില്‍ ഒരു മേശയുടെ ചുറ്റും എത്തിയത് എത്രവേഗമായിരുന്നു.

അവിടെത്തെ സ്പെഷ്യലായ ചിക്കന്‍ കറിയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഷൈജുവിനെ മാനേജര്‍ തുറിച്ചുനോക്കിയതില്‍ പന്തികേടുണ്ടോ.
അവന്റെ ശബ്‌ദം മാനേജര്‍ മുന്‍പ് കേട്ടത് ഓര്‍ക്കുമെന്ന് പിന്നെ ഞങ്ങള്‍ ചിന്തിച്ചപ്പോഴേക്കും ഷൈജു ഉച്ചത്തില്‍ ഭക്ഷണത്തിന്‌ ഓര്‍ഡറിട്ടിരുന്നു.

മാനേജര്‍ ഞങ്ങള്‍ക്കരികിലെത്തിയിട്ട് ഒന്ന് ആക്കിയിട്ട് ഒരു ചോദ്യം:

'ക്രിസ്തുമസ്സ് അല്ലേ. നല്ല ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ദമ്മുബിരിയാണി ഓരോ പ്ലേറ്റ് എടുക്കട്ടേ?!!'

16 comments:

ഏറനാടന്‍ said...

'ക്രിസ്തുമസ്സ് അല്ലേ. നല്ല ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ദമ്മുബിരിയാണി ഓരോ പ്ലേറ്റ് എടുക്കട്ടേ?!!'

ബാജി ഓടംവേലി said...

ആല്‍‌ത്തറക്കാര്‍ക്ക്,
ക്രിസ്തുമസ്
പുതുവല്‍സര ആശംസകള്‍....

തോന്ന്യാസി said...

ഇബടെ രണ്ടു പ്ലേറ്റ്......

എല്ലാ ആല്‍ത്തറക്കാര്‍ക്കും എന്റെ ക്രിസ്മസ് ആശംസകള്‍

നിരക്ഷരൻ said...

"അല്‍‌പമകലെയുള്ള സീനത്ത് ഹോട്ടലില്‍ നിന്നതാ പൊങ്ങിവരുന്നു നല്ല ദമ്മുള്ള ബിരിയാണീടെ മാദകഗന്ധം! "

അരപ്പട്ടിണി കിടക്കുന്നവന്‌ ബിരിയാണിയുടെ മണം മാദകമായിരിക്കുമെന്ന് ഇന്ന് മനസ്സിലായി:) :) ഏറനാടന്റെ തിരോന്തരം ചരിതങ്ങളും കാണുമല്ലോ ഇതുപോലെ ധാരാളം എഴുതാന്‍ ?

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി കൃസ്തുമസ്സ് ആശംസകള്‍ .

മാണിക്യം said...

ഏറൂ‍ കാലത്ത് വന്നു നോക്കിയതേ മാദക ഗന്ധത്തിലോട്ട് ഞാന്‍ ഇന്ന് ബിരിയാണി ആണു ഉണ്ടാക്കുന്നത് മാദകഗന്ധം എങ്ങനെ വരുത്തും എന്നാലോചിക്കുവാ ..

വിശപ്പ് ഇടയ്ക്ക് അറിഞ്ഞാല്‍ അതോരിക്കലും മറക്കില്ല പ്രത്യേകിച്ചും ഇതുപോലുള്ളത്
“.....നാരങ്ങാവെള്ളം കലക്കിക്കുടിച്ചത്
'ഗുളു ഗുളു' ആവുന്ന അരച്ചാണ്‍ വയറും തടവി കഴിയുമ്പോള്‍..”
ക്രിസ്മസ്സ് ആശംസകള്‍
സൂപ്പര്‍ സ്ലെഷ്യാലിറ്റി മെറ്റേണിറ്റി ഹോസ്പിറ്റലിന്റെ ലക്ഷൂറി സ്യൂട്ടില്‍ അല്ലാ ക്രിസ്തു ജനിച്ചത് വെറും കാലിത്തൊഴുത്തിലാണെന്ന വസ്തുത ഒരിക്കല്‍ കൂ‍ടി ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ് ..നന്ദി ഏറനാടന്‍.
മനോഹരമായി പറഞ്ഞ ഈ അനുഭവത്തിനു നന്ദി.

Rare Rose said...

ശരിക്കും അന്നേരത്തെ വിശപ്പിന്റെയൊരു തീവ്രത ആ നാരങ്ങ ഗുളുഗുളു ഒക്കെ വായിക്കുമ്പോള്‍ മനസ്സിലാവുന്നു...എന്തായാലും വല്യ അടിപിടിയൊന്നുമാവാതെ ബിരിയാണിയുടെ മാദകഗന്ധം കഴിച്ചാസ്വദിക്കാന്‍ പറ്റിയല്ലോ അവസാനം...എല്ലാ ആല്‍ത്തറനിവാസികള്‍ക്കും ക്രിസ്മസ് പുതുവത്സരാ‍ശംസകള്‍..:)

Sureshkumar Punjhayil said...

Best wishes Dear.. !!!

ചാണക്യന്‍ said...

ആല്‍ത്തറക്കാര്‍ക്ക്...
ക്രിസ്മസ് ആശംസകള്‍...

പാമരന്‍ said...

അതു കലക്കി!

ആല്‍ത്തറക്കാര്‍ക്കെല്ലാം എന്‍റെ ഹൃദയം (വയറും) നിറഞ്ഞ ക്ര്രിസ്തുമസ്‌ ആശംസകള്‍!

ഏറനാടന്‍ said...

നക്ഷത്രങ്ങള്‍ തൂക്കിയലങ്കരിച്ച ആല്‍ത്തറയിലെ എല്ലാവര്‍ക്കും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ക്രിസ്മസ്സ് ആശംസകള്‍...

ഗീത said...

വിശപ്പ് എന്തെന്നറിഞ്ഞാലല്ല്ലേ ദമ്മുബിരിയാണിയുടെ യഥാര്‍ത്ഥ സ്വാദും എന്തെന്നറിയൂ. (ഇങ്ങനൊരു ബിരിയാണി ആദ്യം കേള്‍ക്കുകാ)

എല്ലാ കൂട്ടുകാര്‍ക്കും ക്രിസ്മസ്സ്, ന്യൂ ഈയര്‍ ആശംസകള്‍.

കാപ്പിലാന്‍ said...

ഏറനാടനും ,ആല്‍ത്തറയില്‍ എല്ലാ കൂട്ടര്‍ക്കും എന്‍റെ സ്നേഹാശംസകള്‍ ...

:):)

siva // ശിവ said...

ക്ക്രിസ്തുമസ് ആശംസകള്‍.......

jayanEvoor said...

പണ്ടത്തെ ചില കരോള്‍ അനുഭവങ്ങള്‍ എനിക്കുമുണ്ട്!

ഓര്‍മകളില്‍ അവ തെളിയിച്ചതിനു നന്ദി!

എല്ലാവര്‍ക്കും കഴിഞ്ഞ ക്രിസ്മസിന്റെയും കഴിക്കാന്‍ പോകുന്ന പുതുവത്സരത്തിന്റേയും പേരില്‍ ആശംസകള്‍!

മുസാഫിര്‍ said...

അന്നു കഴിച്ച ഭക്ഷണത്തിന്റെ രുചി പിന്നീട് ഒരിക്കലും കിട്ടിയിട്ടുണ്ടാവില്ല,അല്ലെ ഏറനാടാ ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സ്വപ്നം ഓരോരുത്തർക്കും ഓരോ വിധമാണ്.ഒരു ബിസിനസുകാരൻ അവന്റെ ബിസിനസ് സാമ്രാജ്യം വളരുന്നത് സ്വപ്നം കാണുന്നു.ഒരു കാമുകന്റെ സ്വപ്നങ്ങളിൽ അവന്റെ രാജകുമാരി എത്തുന്നു.സ്വപ്നം കാണുമ്പോൾ എന്തിനു പിച്ചക്കാരനെ കാണണം, രാജാവായി തന്നെ കാണണം എന്നൊരു ചൊല്ലുണ്ട്..

പട്ടിണിക്കാരന്റെ മുന്നിൽ ദൈവം അപ്പത്തിന്റെ രൂപത്തിലല്ലേ പ്രത്യക്ഷപ്പെടുക?വിശക്കുന്നവന്റെ സ്വപ്നങ്ങളിൽ ഒരിയ്ക്കലും ബിസിനസോ, പ്രണയിനിയോ ഉണ്ടാവില്ല.അവൻ ആഹാരം കാണുന്നു.അത്തരമൊരു അവസ്ഥയാണു ഈ പോസ്റ്റിന്റെ ആധാരം.ഇതു വായിച്ചപ്പോൾ ബഷീറിന്റെ “ജന്മദിനം” എന്ന കഥ വർഷങ്ങൾക്കു മുൻപ് വായിച്ചതോർമ്മ വന്നു.സ്വന്തം ജന്മദിനത്തിൽ പട്ടിണി കിടക്കേണ്ടി വന്നവന്റെ ദയനീയത അതിൽ തെളിഞ്ഞു കാണാമായിരുന്നു.

ഈ ചെറിയ കഥയിലും വിശപ്പിന്റെ വിളി കേൾക്കാം..മനസ്സിൽ എവിടെയൊ ഒരു മുറിവ്..

നല്ല അവതരണം...!