Saturday, December 13, 2008

ക്രിസ്തുമസ്സ് സ്മരണകള്‍



‍ക്രിസ്തുമസ്സ്‌ വന്നണയുകയായി, അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം എന്ന, ഭക്തിയുടേയും സ്നേഹത്തിന്റേയും നന്മയുടേയും സന്ദേശവുമായി. ക്രിസ്തുമസ്സ്‌ മാസമായ ഡിസംബര്‍ പിറക്കുമ്പോള്‍ തന്നെ മഹത്തരമായ ഈ സന്ദേശവും മനസ്സിലേക്ക്‌ ഓടിയെത്തുകയായി. ഡിസംബറിലെ കുളിരു പെയ്യുന്ന രാവുകള്‍ക്ക്‌ അതീവ ചാരുതയും സൗമ്യതയുമാണ്‌. ആകാശത്തും ഭൂമിയിലും ഒരുപോലെ നക്ഷത്രങ്ങള്‍ ചിരിക്കുന്ന കാലം.

ക്രിസ്തുമസ്സിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയണയുന്ന ഓര്‍മ്മകള്‍ ക്രിസ്തുമസ്സ്‌ കരോളുകളെ കുറിച്ചാണ്‌. മധുരം പകരുന്ന ഒരു ബാല്യകാല സ്മരണയായി ഇന്നും അതെന്റെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നു.

ഞങ്ങളുടെ കുട്ടിക്കാലത്ത്‌, ക്രിസ്തുമസ്സ്‌ ദിനങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍ കരോള്‍ ഗായക സംഘങ്ങള്‍ വീടു വീടാന്തരം കയറി ഇറങ്ങി കരോള്‍ ഗാനങ്ങള്‍ പാടുക പതിവായിരുന്നു. ക്രിസ്തുമസ്സ്‌ പരീക്ഷ കഴിഞ്ഞ്‌ സ്കൂള്‍ പൂട്ടിയാല്‍ പിന്നെ കരോളുകാരുടെ വരവും കാത്തിരിക്കും ഞങ്ങള്‍ കുട്ടികള്‍. അന്ന് അടുത്തുള്ളൊരു പള്ളിയിലെ ഗായക സംഘമാണ്‌ വരുന്നത്‌. എല്ലാം പാവപ്പെട്ട ആള്‍ക്കാര്‍. കരോള്‍ സംഘത്തിലെ മിക്കവരും പാടത്ത്‌ പണിയെടുത്ത്‌ ഒക്കെ ജീവിക്കുന്നവര്‍. അവരെ പകല്‍ കാണാന്‍ കഴിയുക, ചേറിന്റെ നിറമുള്ള കുറിമുണ്ടുടുത്ത്‌, പാടത്തോ പറമ്പിലോ ഒക്കെ പണിയെടുത്തു കൊണ്ടിരിക്കുന്നതായിട്ടാണ്‌. ഈ പണിക്കാരില്‍ പലരും ഒന്നാംതരം ഗായകര്‍. അവരില്‍ രണ്ടു പേര്‍ ഇന്നും എന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്നു. ലാസറും ജോര്‍ജ്ജും.

വളരെ പരോപകാരിയും എപ്പോഴും ഭവ്യതയോടെ മാത്രം പെരുമാറുകയും ചെയ്യുന്ന ഒരാളായിരുന്നു ലാസര്‍. എനിക്കു ആറോ ഏഴോ വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ സുഖമില്ലാതായി. വീട്ടില്‍ അഛനോ അമ്മാവനോ ഇല്ല. അപ്പോള്‍ ഈ ലാസറങ്കിളാണ്‌ എന്നെ തോളിലിട്ടു ആശുപത്രിയിലേക്ക്‌ കൊണ്ടു പോയത്‌. അന്ന് അദ്ദേഹത്തിന്റെ വെളുത്ത ഷര്‍ട്ടിലൂടെ ഞാന്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. ഉടനേ അമ്മ എന്നെ കൈയില്‍ വാങ്ങിക്കാന്‍ തുനിഞ്ഞെങ്കിലും ലാസറങ്കിള്‍ സമ്മതിച്ചില്ല. ആശുപത്രിവരേയും എന്നെ ചുമന്നു.

ലാസറങ്കിള്‍ അന്ന്‌ പാടത്ത്‌ പണിയെടുക്കുന്ന ആളായിരുന്നെങ്കിലും, പില്‍ക്കാലത്ത്‌ നല്ല ധനസ്ഥിതിയിലൊക്കെ ആയി. മക്കള്‍ ഒക്കെ നല്ല വിദ്യാഭ്യാസം നേടി നല്ല നിലയിലായി. ഒക്കെ കണ്ട്‌ നിറമനസ്സോടെ തന്നെയാണ്‌ അദ്ദേഹം ഈ ഭൂമി വിട്ടു പോയത്‌.

രണ്ടാമത്തെ ആള്‍ ജോര്‍ജ്ജ്‌. ഈ ജോര്‍ജ്ജിന്റെ പ്രധാന പണി എന്തെന്നാല്‍ കളിപറഞ്ഞ്‌ എന്നെ വിഷമിപ്പിക്കുകയും ഞാന്‍ സങ്കടപ്പെടുന്നതോ കരയുന്നതോ കണ്ട്‌ ചിരിക്കയും. അങ്ങനെ ചിരിക്കുന്ന ആ മുഖം ഇപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്‌. ഇങ്ങനെ കളിപറഞ്ഞ്‌ കരയിക്കുന്ന വിദ്യ എന്നോട്‌ മാത്രമേ ഫലിക്കൂ. എന്റെ അനിയത്തിയും അമ്മാവന്റെ മക്കളും ഒക്കെ തറുതല പറഞ്ഞു നില്‍ക്കുന്നതു കണ്ടിട്ടുണ്ട്‌. ഞാനാണെങ്കില്‍ അയാളു പറയുന്നതൊക്കെ അപ്പടി വിശ്വസിച്ചിട്ട്‌ വിഷമിക്കാന്‍ തുടങ്ങും.

'ഇന്ന് വൈകുന്നേരം കുഞ്ഞിന്റെ അമ്മാവന്‍ വരുമ്പോള്‍ നല്ല തല്ലു കിട്ടും കേട്ടോ'
ഞാന്‍ ഞെട്ടി ചോദിക്കും.
'എന്തിന്‌?'
'കുഞ്ഞ്‌ ഒരു കുറ്റം ചെയ്തില്ലേ?'

ഞാന്‍ ഏതു കുറ്റമാണ്‌ ചെയ്തതെന്ന് തലപുകഞ്ഞ്‌ ആലോചിക്കാന്‍ തുടങ്ങും. എന്റെ ഭീതി നിറഞ്ഞ മുഖം കാണുമ്പോള്‍ അയാള്‍ക്ക്‌ ചിരി. അതു കണ്ടാലും മന്ദബുദ്ധിയായ എനിക്ക്‌ അയാള്‍ കളിപറയുകയാണ്‌ എന്നൊന്നും തോന്നുകില്ല. പകരം ഞാന്‍ ചെയ്തുപോയ ഏതെങ്കിലുമൊരു കാര്യം ഓര്‍മ്മയില്‍ വരും. എന്നിട്ട്‌ അതാണ്‌ കുറ്റമെന്ന് സ്വയം വിശ്വസിക്കും. വൈകുന്നേരം കിട്ടാന്‍ പോകുന്ന അടിയെ കുറിച്ചോര്‍ത്ത്‌ മനസ്സില്‍ തീയാളാന്‍ തുടങ്ങും. അന്നത്തെ ദിവസം പോയി കിട്ടി എന്നുപറഞ്ഞാല്‍ മതിയല്ലോ. ഒരിക്കല്‍ ഞാന്‍ ചെയ്ത കുറ്റം മഷിക്കുപ്പി കൈ തട്ടി ചരിഞ്ഞു ഇത്തിരി മഷി കളഞ്ഞു പോയി എന്നതാണ്‌. പേന ഉപയോഗിക്കാറാവാത്ത നീയെന്തിനു മഷിക്കുപ്പി എടുത്തു എന്നു അമ്മാവന്‍ ചോദിച്ചാല്‍ ഉത്തരമില്ല. യഥാര്‍ത്ഥത്തില്‍ ഇതൊന്നും കണ്ടിട്ടോ അറിഞ്ഞിട്ടോ അല്ല ജോര്‍ജ്ജ്‌ ഈ ഭീഷണിയൊക്കെ മുഴക്കുന്നത്‌. ചുമ്മാ ഒരു നംബര്‍ എന്നെ പേടിപ്പിക്കാന്‍. കഷ്ടകാലത്തിന്‌ അന്നു തന്നെ എന്തെങ്കിലുമൊക്കെ കുരുത്തക്കേടുകള്‍ ഞാനും ഒപ്പിച്ചിട്ടുണ്ടായിരുന്നിരിക്കും. ഇനി അഥവാ അങ്ങനെ ഒന്നുമില്ലെങ്കില്‍ പോലും എനിക്കു പേടിക്കാതിരിക്കാന്‍ കഴിയില്ല. പക്ഷേ ഈ വക അടവുകളൊന്നും എന്റെ അനിയത്തിയുടെ നേരെ തീരെ ഫലിക്കുമായിരുന്നില്ല. അവളോടും ജോര്‍ജ്ജ്‌ ഇങ്ങനൊക്കെ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. പക്ഷേ അവള്‍ക്കു യാതൊരു കുലുക്കവുമില്ല എന്നു മാത്രവുമല്ല അവള്‍ ജോര്‍ജ്ജിനോട്‌ തര്‍ക്കിക്കുക കൂടി ചെയ്യും അങ്ങനെ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പറഞ്ഞ്‌.

ഇത് ഒരു സാമ്പിള്‍. പിന്നെ എന്നെ ഇളിഭ്യയാക്കലാണ് ജോര്‍ജ്ജിന്റെ മറ്റൊരു പണി. ഒരിക്കല്‍ ഒരു പേപ്പര്‍ പൊതി കൊണ്ടുവന്നു തന്നിട്ട് പറഞ്ഞു.

‘ദേ കുഞ്ഞിനു വേണ്ടി അമ്മാവന്‍ വാങ്ങി തന്നയച്ചതാ. മുട്ടായി.’

ഞാന്‍ വളരെ സന്തോഷത്തോടെ പൊതി തുറന്നു നോക്കി. അതിനകത്ത് ഉണങ്ങിയ ഒരു മാങ്ങയണ്ടി!

എനിക്കുണ്ടായ നിരാശയും സങ്കടവും പറയാനുണ്ടോ. ഞാനാ പൊതിയും പിടിച്ച് നിന്ന് അന്നും കരഞ്ഞുപോയി. ജോര്‍ജ്ജ് ചിരിക്കയും. ഇതൊക്കെയാണ് ജോര്‍ജ്ജിന്റെ പണികള്‍.

മുറ്റത്തു ചാഞ്ഞു നിന്നിരുന്ന തെങ്ങില്‍ ചാരിനിന്ന്‌ ചിരിക്കുന്ന ആ ദുഷ്ടന്‍ ജോര്‍ജ്ജിനെ ഒരു നിമിഷം ഒന്നോര്‍ത്തോട്ടെ മനസ്സു നിറഞ്ഞ സ്നേഹത്തോടെ തന്നെ.

ഈ ജോര്‍ജ്ജും ഒന്നാംതരമൊരു പാട്ടുകാരന്‍ ആയിരുന്നു. ലാസറും ജോര്‍ജ്ജും - രണ്ടുപേരും പാടത്തെ പണിക്കാര്‍. രണ്ടു പേരും കരോള്‍ ഗായകരും. ക്രിസ്തുമസ്‌ അടുത്തുവരുന്ന ദിവസങ്ങളില്‍ അവര്‍ നേരത്തെ പണി ഒക്കെ തീര്‍ത്ത്‌ പോകുന്നതു കാണാം. പിന്നെ, കുളിച്ച്‌ പൗഡറിട്ടു മിനുക്കിയ മുഖവും തൂവെള്ളവസ്ത്രങ്ങളുമായി കരോള്‍ ഗായകരുടെ രൂപത്തില്‍ അന്നു രാത്രി വീണ്ടും നമുക്കവരെ കാണാം.

ഞങ്ങള്‍ കുട്ടികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്‌ ഈ കരോള്‍ ഗായകരുടെ വരവ്‌. കരോള്‍ സംഘം വരിക, പാടത്തിന്റെ നടുവിലൂടൊഴുകുന്ന തോട്ടിന്റെ കരയിലൂടെ, നാലഞ്ചു ഹറിക്കെയിന്‍ വിളക്കുകളും പിടിച്ച്‌ ബാന്‍ഡുമേളമൊക്കെ മുഴക്കിക്കൊണ്ടായിരിക്കും. അവര്‍ കാഴ്ചവെട്ടത്തെത്തും മുന്‍പ്‌ തന്നെ ഡും ഡും ശബ്ദം കേള്‍ക്കാനാവും. അതിനു വേണ്ടി കാതോര്‍ത്തിരിക്കുന്ന ഞാന്‍ തന്നെയാവും ആ ശബ്ദം ആദ്യം കേള്‍ക്കുക. ഉടനെ അമ്മയെയും എല്ലാം വിളിച്ച്‌ മുറ്റത്തിറങ്ങി നില്‍ക്കും. (രാത്രിയില്‍ തനിച്ചു മുറ്റത്തിറങ്ങാന്‍ പേടിയാണേ). ഇത്തിരി കഴിയുമ്പോള്‍ വിളക്കിന്റെ വെളിച്ചവും കാണാറാകും.

ചിലപ്പോള്‍ കരോള്‍ സംഘം ആദ്യം അക്കരെ കരയിലുള്ള വീടുകളിലാകും പോകുക. വെളിച്ചം കണ്ടു കഴിഞ്ഞാല്‍ പിന്നെ അത്‌ ഇങ്ങോട്ടാണോ അതോ അക്കരക്കു പോകയാണോന്നുള്ളതാവും അടുത്ത ആകാംക്ഷ. വെളിച്ചവും ബാന്‍ഡു മേളവും അകന്നു പോകയാണെങ്കില്‍ നേരിയ ഒരു നിരാശ തോന്നും. പക്ഷേ എത്ര താമസിച്ചാലും അവര്‍ ഇക്കരെ വരാതിരിക്കില്ല. കുറച്ചു വൈകും എന്നു മാത്രം. ഉറങ്ങാതെ കാത്തിരിക്കും ഞാന്‍. എന്നിട്ടും ഉറങ്ങിപ്പോയാല്‍ അമ്മ വിളിച്ചുണര്‍ത്തും ഗായകസംഘം വീട്ടു മുറ്റത്തെത്തുമ്പോള്‍.

തോട്ടു വരമ്പിലൂടെ വരുന്ന വെളിച്ചം ഇങ്ങോട്ടു തിരിയുന്നതു കണ്ടാല്‍ പിന്നെ ആഹ്ലാദമായി. അടുത്തടുത്തു വരുന്ന ആ വെളിച്ചവും ആ ബാന്‍ഡുമേളവും പകര്‍ന്നു തന്നിരുന്ന ആ ഒരു ഹരം! അതൊക്കെ അനുഭവിച്ചു തന്നെ അറിയണം. എന്റെ മക്കള്‍ക്കൊന്നും കിട്ടാതെ പോയ ചില നാട്ടിന്‍പുറനന്മകള്‍.

കരോള്‍ സംഘം നാലഞ്ചു നീണ്ട ഗാനങ്ങള്‍ ആലപിക്കും. ലാസറിന്റെ ശബ്ദം എനിക്കു വേറിട്ടറിയാന്‍ പറ്റും. അദ്ദേഹം പാടുകയും ചിങ്കി അടിക്കുകയും ചെയ്യും. ജോര്‍ജ്ജ്‌ പാട്ടു മാത്രം. ഏറ്റവും ഇഷ്ടം ആ ബാന്‍ഡിന്റെ ശബ്ദം ആണ്‌. പാട്ടെല്ലാം തീര്‍ന്നുകഴിയുമ്പോള്‍ ചെറിയ വിഷമം തോന്നുമെങ്കിലും ഇനി അടുത്ത ദിവസം വീണ്ടും വരുമല്ലോ എന്ന പ്രതീക്ഷ. ക്രിസ്തുമസ്‌ ദിവസത്തിനു മുന്‍പ്‌ 3, 4 വട്ടം വരും കരോള്‍. നാലോ അഞ്ചോ പാട്ടുകള്‍ പാടിക്കഴിഞ്ഞ്‌ എന്തോ ഒരു പ്രാര്‍ത്ഥന പോലെ ചൊല്ലുന്നതു കേള്‍ക്കാം ഈ ലാസറും മറ്റു രണ്ടുപേരും കൂടി ചേര്‍ന്ന്. അതു കേള്‍ക്കുമ്പോള്‍ മനസ്സിലാകും ഇന്നത്തെ പാട്ട്‌ അവസാനിച്ചു എന്ന്. അമ്മ ലാസറിന്റെ കൈയില്‍ കാശു വച്ചു കൊടുക്കും. പിന്നെ അവര്‍ വിളക്കുകളുമെടുത്ത്‌ ബാന്‍ഡ്‌ കൊട്ടി യാത്രയാവുകയായി അടുത്ത വീട്ടിലേക്ക്‌.....

പിറ്റേന്നു പകലും ഈ ലാസറും ജോര്‍ജ്ജും ഒക്കെ പണിക്കു വരും. അടുത്തടുത്ത ദിവസങ്ങളില്‍ കരോള്‍ വരില്ല. ഇടവിട്ടുള്ള ദിവസങ്ങളിലായിരിക്കും വരുന്നത്‌. അവസാനം വരുന്നതെന്നാണെന്ന് അമ്മ ചോദിച്ചു വയ്ക്കും. അന്ന് കരോളുകാര്‍ക്ക്‌ നമ്മുടെ വീട്ടില്‍ അത്താഴമൊരുക്കും. അത്താഴത്തിന്‌ ഊണും കറികളുമല്ല. പകരം ഇഡ്ഡലി, സാംബാര്‍, ചട്ട്‌ണി അല്ലെങ്കില്‍ പുട്ട്‌, പയറ്‌, പപ്പടം. അന്ന് വീട്ടിലുള്ളവര്‍ക്കും ഇതേ വിഭവം തന്നെ അത്താഴത്തിന്‌. മൂന്നു നേരവും പലഹാരം മതിയെന്നുള്ള ഞങ്ങള്‍ കുട്ടികള്‍ക്ക്‌ അന്ന് ഉത്സവം തന്നെ. കരോള്‍ സംഘം വരുന്നതിന്റെ മാത്രമല്ല, ഇഷ്ട ഭക്ഷണം കിട്ടുന്നതിന്റെ കൂടെ സന്തോഷം. അവസാന ദിവസം കൂടുതല്‍ ഗാനങ്ങള്‍ പാടും അവര്‍. അതു കഴിഞ്ഞ്‌ എല്ലാവരും കൈ കഴുകിവന്ന് ഇല വിരിച്ച്‌ ഭക്ഷണം കഴിക്കാനിരിക്കും. വിളമ്പാനൊക്കെ മുതിര്‍ന്നവര്‍ക്കൊപ്പം കൂടാന്‍ ഞങ്ങള്‍ക്ക്‌ എന്തുത്സാഹമായിരുന്നു. എല്ലാം കഴിഞ്ഞ്‌ വിളക്കുകളുമെടുത്ത്‌ ബാന്‍ഡ്‌ കൊട്ടി അവര്‍ മടങ്ങുമ്പോള്‍ സന്തോഷമാണോ സങ്കടമാണോ മനസ്സില്‍ മുന്നിട്ടു നില്‍ക്കുകയെന്നറിഞ്ഞുകൂട. അടുത്ത വര്‍ഷവും ക്രിസ്തുമസ്സ്‌ വരുമല്ലോ എന്ന ശുഭപ്രതീക്ഷയുമായിട്ടാവും ഉറങ്ങാന്‍ പോവുക...

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗില്‍ സെര്‍ച്ച്

18 comments:

തണല്‍ said...

ഗീതേച്ചീ,
ഈ ക്രിസ്തുമസ്സ് സ്മരണകള്‍ ഇഷ്ടപ്പെട്ടു കേട്ടോ..
ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു വീട്ടില്‍ കരോളിന് പോയപ്പോള്‍ രണ്ടേ രണ്ട് പാട്ടിന് അവിടുത്തെ അച്ചായന്‍ തന്ന 3001 രൂപാ ഓര്‍ക്കുമ്പോള്‍ ദേ ഇപ്പോഴും കണ്ണു തള്ളിത്തന്നെ നില്‍ക്കുകാ..
:)
അപ്പ എന്തായാലും കിടക്കട്ടേ എന്റെ വക ഒരു കിടിലന്‍ ക്രിസ്തുമസ്സ് ആശംസകള്‍..!!
ചേച്ചിയ്ക്കും..ഈ ബൂലോകര്‍ക്കും!!

തണല്‍ said...

ആഹാ...കേക്ക് മുറിച്ചത് ഞാനായിരുന്നോ..?

:);)‌:)

പകല്‍കിനാവന്‍ | daYdreaMer said...

ക്രിസ്തുമസ് സ്മരണകള്‍ കൊള്ളാം...
പണ്ടു വട്ടചിലവിനു കാശ് കണ്ടെത്തിയ മാര്‍ഗങ്ങളില്‍ ഒന്നു കരോളായിരുന്നു...
ആശംസകള്‍..

കുഞ്ഞന്‍ said...

ചേച്ചി..

നല്ലൊരു ക്രിസ്തുമസ്സ് സ്മരണകള്‍..!

ആ കാലമെല്ലാം പോയ് മറഞ്ഞു. പണ്ട് കരോളില്‍ വരുന്നവരെ നമുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍...

എന്തായാലും പപ്പാനി വരുന്നത് കുട്ടികള്‍ക്ക് ഇപ്പോഴും ഭയങ്കര ഇഷ്ടമാണ്.

ബിന്ദു കെ പി said...

ഗീതേച്ചീ,
ഈ ഓർമ്മകൾ നല്ലൊരു വായനാനുഭവമായി. ക്രിസ്മസ്സിനെ അടുത്തറിയാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു ബാല്യകാലമായിരുന്നു എന്റേത്.

മാണിക്യം said...

ഗീതേ ഈ ഓര്‍മ്മകള്‍
പങ്കു വച്ചതിനു നന്ദി!വളരെ നന്നയി ...
ഗയകസംഘത്തിന്റെ വരവ് ഞാനും കണ്ടു, അത്ര മനോഹരമായിരുന്നു എഴുത്ത്!

നിരക്ഷരൻ said...

ഗീതേച്ചീ...
കരോള്‍ ഒരുപാട് കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടായിട്ടുണ്ട്. പക്ഷെ എല്ല്ലാം ശൂഷ്ക്കിച്ചത്. ബാന്‍ഡൊന്നും ഉണ്ടാകില്ല. വീട്ടുകാരുടെയെല്ലാം കയ്യീന്ന് അഞ്ചോ പത്തോ അടിക്കാന്‍ വേണ്ടി സ്കൂള്‍ പിള്ളേര് തട്ടിക്കൂട്ടുന്നത്. പക്ഷെ ചില വര്‍ഷങ്ങളില്‍ മാത്തുക്കുട്ടിമാപ്പള നയിക്കുന്ന ചവിട്ടുനാടകം കരോളുകാരുടെ കൂടെ വീട്ടില്‍ വരും. അതൊരു സംഭവം തന്നെയായിരുന്നു. അതിന്റെ ആകര്‍ഷണവലയം എന്നെ തൊട്ടടുത്ത മൂന്നാല് വീടുകള്‍ വരെ അവരുടെയൊപ്പം കൊണ്ടുപോകും. സന്ധ്യയായിക്കഴിഞ്ഞാല്‍പ്പിന്നെ വെളിയിലിറങ്ങുന്നതിന് വഴക്കുപറയുന്ന അച്ഛനും അമ്മയും അപ്പോള്‍ മാത്രം ഒന്നും പറയില്ല. ആ നല്ലനാളുകളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തി ഈ പോസ്റ്റിലൂടെ ഞാനും. വളരെ നന്ദി ചേച്ചീ.

ഓ:ടോ:- കനലേ 3001 രൂഭാ എന്നാ കാണിച്ചെന്ന് കൂടെ പറയ് മകാനേ.... :)

Anonymous said...

മനോഹരമാ‍യ സ്മരണകള്‍.
ഇതു വായിച്ചപ്പോള്‍ എന്റെ ചില ഓര്‍മകളും ഇവിടെ
എഴുതണമെന്നു തോന്നുന്നു!

പാമരന്‍ said...

ഉഗ്രന്‍ സ്മരണകള്‍..! നന്നായി എഴുതിയിരിക്കുന്നു ചേച്ചീ.

തണലേ 3001 രൂഫയോ! കൊള്ളാമല്ലോ

വികടശിരോമണി said...

ഗീതേച്ചി,
ഈ ഓർമ്മകൾ നന്നായിട്ടോ.
ക്രിസ്മസ് ആശംസകൾ.
“'ഇന്ന് വൈകുന്നേരം കുഞ്ഞിന്റെ അമ്മാവന്‍ വരുമ്പോള്‍ നല്ല തല്ലു കിട്ടും കേട്ടോ'“
ഈ വരി കേട്ടപ്പോൾ കടമ്മനിട്ടയുടെ ശാന്തയിലെ ഒരു വരി ഓർമ്മ വന്നു.
‘നല്ല തല്ലു’പോലും വാങ്ങാതെ കരഞ്ഞുറങ്ങുന്ന കുട്ടികൾ!
വിശപ്പുകൊണ്ട് കരഞ്ഞുറങ്ങുന്ന അത്തരം ബാല്യങ്ങളുടെ ഓർമ്മകൾ കൂടി ഉണ്ടാകട്ടെ,ക്രിസ്മസ് ആഘോഷത്തിന്.

കാപ്പിലാന്‍ said...

എത്ര മനോഹരമായി എഴുതിയിരിക്കുന്നു .
ആശംസകള്‍ .

ഞാനും കരോളിനു പാടാന്‍ പോകുമായിരുന്നു ചെറുപ്പത്തിലും കഴിഞ്ഞ വര്‍ഷം അമേരിക്കയിലും .വൈകിട്ട് മുതല്‍ വെളുപ്പിനെ വരെ .അതൊക്കെ നല്ല രസം .നന്ദി ചേച്ചി ...ആശംസകള്‍ ..
ജെയിംസ് കഴിഞ്ഞിട്ട് ഞാന്‍ എഴുതാം എന്‍റെ സ്മരണകള്‍ .ആദ്യം ജെയിംസ് പൊട്ടിക്കട്ടെ മയക്കുവെടി

അനില്‍@ബ്ലോഗ് // anil said...

ഓര്‍മകള്‍ മാത്രമാണ് ഇന്നു ബാക്കി.

ശ്രീ said...

വളരെ നല്ല ഓര്‍മ്മകള്‍ തന്നെ ഗീതേച്ചീ. ക്രിസ്തുമസ് കരോളും... നക്ഷത്രങ്ങള്‍ തൂക്കാനും പുല്‍‌ക്കൂട് ഒരുക്കാനും മറ്റുമുള്ള ആഘോഷങ്ങളും... എല്ലാം ഓര്‍മ്മ വന്നു.

ചാണക്യന്‍ said...

ക്രിസ്മസ്സ് സ്മരണകള്‍ നന്നായി...
ആല്‍ത്തറ വാസികള്‍ക്ക് എന്റെ ക്രിസ്മസ്സ് ആശംസകള്‍...

ഗീത said...

തണലേ, കേക്കു മുറിച്ചു മധുരം പകര്‍ന്നതിനു നന്ദി. പിന്നേ, എനിക്കൊരു സംശം, ആ അച്ചായന്‍, 2 പാട്ടു പാടിയപ്പോഴേയ്ക്കും 30001 രൂപ തന്നത് ഒന്നു പോയിക്കിട്ടാന്‍ വേണ്ടിയല്ലായിരുന്നോയെന്ന്‌....
പകല്‍ കിനാവന്‍, ഇപ്പോള്‍ അങ്ങനത്തെ കരോള്‍ സംഘങ്ങളേ ഉള്ളൂ. കാശു കൈയില്‍ കിട്ടിയാലുടന്‍, പാട്ടു കാല്‍ ഭാഗമേ ആയിട്ടുള്ളുവെങ്കില്‍ പോലും നിറുത്തി പൊയ്ക്കളയും.
കുഞ്ഞന്‍, പണ്ടു ഞങ്ങള്‍ ക്രിസ്തുമസ്സ് പപ്പയെ കണ്ടിട്ടില്ല. ഞാന്‍ ആദ്യമായി ഒരു ക്രിസ്തുമസ്സ് പപ്പയെ നേരില്‍ കാണുന്നത് കോളേജില്‍ പഠിക്കുന്ന കാലത്ത്. ഹോസ്റ്റലില്‍ കരോള്‍ സംഘം വന്നപ്പോള്‍ കൂടെ ഒരു ക്രിസ്തുമസ്സ് പപ്പയും ഉണ്ടായിരുന്നു. ഒരു കൊന്നത്തെങ്ങിന്റെയത്രയും പൊക്കമുള്ള പപ്പ... ഇതും ഒരു ഹൃദ്യ സ്മരണ. ബിന്ദു, ഇനി അറിഞ്ഞാലും മതിയല്ലോ. ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ ഒരു തവണ പള്ളിയിലും പോയിട്ടുണ്ട് ഒരു ക്രിസ്തുമസ്സ് ഈവിന് ,രാത്രി കൃസ്ത്യന്‍ കൂട്ടുകാര്‍ക്കൊപ്പം. അന്ന്‌ പ്രാര്‍ത്ഥനയ്ക്കും പാട്ടിനും ഇടക്ക് അച്ചന്‍ ഓരോരുത്തരെയായി വിളിച്ച് എന്തോ കഴിക്കാന്‍ കൊടുക്കുന്നത് കണ്ടു. എന്റെയൊപ്പം വന്ന മറ്റൊരു ഹിന്ദു കുട്ടി പറഞ്ഞു അത് അപ്പവും വീഞ്ഞുമാണെന്ന് . ഞങ്ങള്‍ക്ക് അച്ചന്റെയടുത്തുപോകാന്‍ പേടി. കാരണം അവിടത്തെ ചിട്ടകളൊന്നും അറിയില്ലല്ലോ.
മാണിക്യംചേച്ചീ, ചേച്ചിക്ക് നാടിന്റെ ഓര്‍മ്മ ഒന്നു പകര്‍ന്നു തരാന്‍ പറ്റിയല്ലോ. സന്തോഷം.
നീരൂ, സന്തോഷം. മൂന്നാലു വീടിനപ്പുറം വരെ കരോളുകാരോടൊപ്പം പോയിട്ട് രാത്രി തിരിച്ച് ഒറ്റയ്ക്കു വരാന്‍ പേടിയാവില്ലേ? നീരൂ, പിന്നെ കനലിനല്ല, തണലിനാ 3001 രൂപ ലോട്ടറിയടിച്ചത്.
ജയിംസ് ബ്രൈറ്റിനെ കണ്ടിട്ട് ഒരുപാടു നാളായി. ഈ ക്രിസ്തുമസ്സ് കാലത്തെങ്കിലും തിരിച്ചു വന്നതില്‍ സന്തോഷം. തീര്‍ച്ചയായും ആ ഓര്‍മ്മകള്‍ എഴുതണം.
പാമൂ, സന്തോഷം. ആ 3001 രൂപ ആ തണലിനേയും കൂട്ടരേയും അവിടെ നിന്ന്‌ ഓടിച്ചു വിടാനായിരുന്നെന്നേ...
വിശി, ആശംസകള്‍ക്ക് നന്ദി. പിന്നെ, പല വൈകുന്നേരങ്ങളിലും എനിക്ക് നല്ല തല്ലു തന്നെ കിട്ടിയിട്ടൂണ്ട്. പലതും നിസ്സാര കാര്യങ്ങള്‍ക്കായിരിക്കും. എന്നാലും തല്ലു തല്ലു തന്നെ. അതുപോലെ, നന്നേ ചെറിയ പ്രായത്തിലായിരുന്നെങ്കിലും വിശപ്പും ദാരിദ്ര്യവും അനുഭവിച്ചതിന്റെ ഓര്‍മ്മ ഇന്നും മനസ്സിലുണ്ട് വിശി.
കരോള്‍ ഗായകന്‍ കാപ്പുവിന് നന്ദി. (ഓ.ടോ. ഓഹോ അങ്ങനേയും ഒരുപദ്രവം ചെയ്യാറുണ്ട് അല്ലേ? ഹോ! എങ്ങനെയെങ്കിലും ആളോളൊന്നു സമാധാനമായി ജീവിച്ചുപോട്ടേന്നു വച്ചാല്‍ സമ്മതിക്കൂല്ല തന്നെ. ക്രിസ്തുമസ്സ് കാലത്തൊന്നും കേരളത്തിലേക്ക് വന്നേക്കല്ലേ പ്ലീസ്...)
ശരിയാണ് അനില്‍. ഓര്‍മ്മകള്‍ മാത്രമാണിന്ന് ബാക്കി.
ശ്രീ, ഇപ്പോഴും ഈ ആഘോഷങ്ങളിലൊക്കെ പങ്കെടുക്കുമ്പോള്‍ എന്തൊരാഹ്ലാദം അല്ലേ?
ചാണക്യാ നന്ദി. പിന്നേയ്, വെറും ആശംസകള്‍ മാത്രം ചൊരിയാതെ ആ ഓര്‍മ്മച്ചെപ്പൊന്നു തുറന്നു പങ്കുവയ്ക്കൂന്നേ..

എല്ലാ കൂട്ടുകാര്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍ നേരുന്നു.

smitha adharsh said...

ഓര്‍മ്മകള്‍ ഇഷ്ടപ്പെട്ടു..ഇനിയും എഴുതണേ..ഇത്തരം ഓര്‍മ്മകള്‍.

Anonymous said...

ഗീതേച്ചീ...
അഭിപ്രായം ഇതാ ഇപ്പോൾ നിരക്ഷരന് കൊടുത്തതേയുള്ളൂ.. പങ്കിട്ടെടുത്തോളൂട്ടോ..

K C G said...

സ്മിതേ, സന്തോഷം കേട്ടോ.
തൂലികാ ജാലകം, പങ്കു വച്ചു.