Sunday, December 28, 2008

“പുരോഗതി”യിലേയ്ക്കു നീങ്ങുന്ന മലയാളി....

ക്രിസ്‌മസിനു കേരളത്തിൽ വിറ്റഴിഞ്ഞത് 55.08 കോടി രൂപയുടെ മദ്യം.മുൻ‌വർഷത്തേക്കാൾ 13.29 കോടിയുടെ വർധനവ്.കഴിഞ്ഞ വർഷം ഇതു 41.79 കോടിയായിരുന്നു.ഡിസംബർ 23,25,25 തീയതികളിലെ ബിവറേജസ് കോർ‌പ്പറേഷന്റെ മദ്യവിൽ‌പ്പനയുടെ കണക്കാണിത്.“( മാതൃഭൂമി ,ഡിസംബർ 27 ,ശനി)
**********************************************************
ഈയിടെ കണ്ട “വെറുതെ ഒരു ഭാര്യ” എന്ന സിനിമയിലെ ഒരു രംഗം:ഇലക്ട്രിസിറ്റി ഓഫീസിൽ പണമടയ്ക്കാൻ കാത്തു നിൽ‌ക്കുന്ന ജനങ്ങൾ.ഓഫീസ് തുറക്കുന്നതിനു മുൻ‌പേ വന്ന് തിക്കും തിരക്കും ഉണ്ടാക്കുന്നു.അപ്പോൾ അവിടെ എത്തി ചേർന്ന ലൈൻ‌മാനോട് ( സുരാജ് വെഞ്ഞാറമ്മൂട്) വെയിലത്തു നിൽ‌ക്കുന്ന ഒരു പ്രായം ചെന്ന മനുഷ്യൻ ചൂടായി പറയുന്നു:“എത്ര നേരമായി സാറേ ഞങ്ങളീ പൊരി വെയിലത്ത് നിൽ‌ക്കുന്നു.ഇപ്പോളാണോ വരുന്നത്?”

അപ്പോൾ ലൈൻ‌മാൻ പറയുന്നു:“ഇന്നലെ നിങ്ങളെ ബിവറേജസ് കോർ‌പ്പറേഷന്റെ മുന്നിൽ ക്യൂവിൽ ദിവസം മുഴുവൻ നിൽ‌ക്കുന്നത് കണ്ടല്ലോ?അപ്പോൾ ഈ ചൂട് കണ്ടില്ലല്ലോ?”

അപ്പോൾ ആ മനുഷ്യൻ : “അതു പിന്നെ ഒരു ആവശ്യത്തിനല്ലേ സാറേ..”

********************************************

2009 നെ വരവേൽ‌ക്കാൻ ഒരുങ്ങി നിൽ‌ക്കുന്ന മലയാളിയുടെ “പുരോഗതി”യുടെ രണ്ട് ചിത്രങ്ങളാണിവ.വെറും 3 ദിവസം കൊണ്ട് 55 കോടി രൂപയാണു നമ്മൾ കുടിച്ചു മുള്ളിയത്.കഴിഞ്ഞ ഓണക്കാലത്തു പുറത്തു വന്ന കണക്കുകളിൽ അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിൽ 114 കോടിയാണ് കുടിച്ചു തീർ‌ത്തത്.നാലു പേർ മാത്രമുള്ള ഒരു ബസ്‌സ്റ്റോപ്പിൽ പോലും ബസിൽ കയറാൻ തിക്കും തിരക്കും കാണിയ്ക്കുന്ന നമ്മൾ ബിവറേജസ് കോർപ്പറേഷന്റെ മുന്നിലാകുമ്പോൾ ശാന്തശീലരായ കുഞ്ഞുങ്ങളെപ്പോലെ, തന്റെ ഊഴം വരുന്നതും കാത്ത് ക്യൂ പാലിയ്ക്കുന്നു, വേണമെങ്കിൽ ദിവസം മുഴുവനും.

ആഘോഷങ്ങൾ എന്നാൽ നമുക്കിപ്പോൾ മദ്യ ലഹരി എന്നായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.ഒത്തു ചേരലുകളുടെയും കൂട്ടായമയുടേയും ഉൽ‌സവങ്ങൾ നമുക്കിന്നു “രണ്ടു വീശാനുള്ള” ദിനങ്ങളായിരിയ്ക്കുന്നു.ഓണവും ക്രിസ്മസും മാത്രമല്ല , കേരളീയരുടെ ദേശീയോത്സവമായ “ഹർത്താലു”കളും നാമിപ്പോൾ ആഘോഷിയ്ക്കുകയാണ്.ഹർത്താൽ തലേന്നാണു ബിവറേജസ് കോർപ്പറേഷന്റെ റിക്കാർഡ് വിൽ‌പ്പന.രണ്ടു കുപ്പിയും,ചിക്കനും, കണ്ടു രസിയ്ക്കാൻ നീല സി.ഡികളുമായി തലേന്നു തന്നെ ഹർ‌ത്താലുകളെ സ്വീകരിയ്ക്കാൻ നാം ഒരുങ്ങുന്നു.

ആഗോള സാമ്പത്തിക പ്രതി സന്ധികളോ,പെരുകുന്ന ജീവിത ചെലവുകളോ ഒന്നും മദ്യ സേവയുടെ കാര്യത്തിൽ നമ്മളെ ബാധിച്ചിട്ടില്ല എന്നതാണു കഴിഞ്ഞ വർഷത്തേക്കാൾ 13 കോടി കൂടി എന്നതിൽ നിന്നും മനസ്സിലാകേണ്ടത്.ജീവിതത്തിൽ നിന്നും , പ്രതിസന്ധികളിൽ നിന്നും എങ്ങനെയെങ്കിലുമൊക്കെ ഒളിച്ചോടുക എന്ന സ്വഭാവം നമ്മളിൽ വളർന്നു വരുന്നു .ഭാരതത്തിൽ ഏറ്റവുമധികം ആത്മഹത്യകൾ നടക്കുന്നതും കേരളത്തിലാണെന്നതു ഇതിനോടൊപ്പം കൂട്ടി വായിയ്ക്കേണ്ടതാണ്.ഇതൊരു വലിയ സാമൂഹിക വിപത്തായി മാറാൻ ഇനിയധികം കാത്തിരിയ്ക്കേണ്ടി വരില്ല.സ്നേഹവും മാനവികതയുമൊക്കെ ഈ മദ്യത്തോടൊപ്പം ഒഴുകിപ്പോകും.പകരം അരാജകത്വത്തിന്റെ ഒരു ലോകമായിരിയ്ക്കും ഉയർന്നുവരിക.സ്ത്രീകളും കുട്ടികളുമായിരിയ്ക്കും ഈ ദുരന്തത്തിന്റെ ഏറ്റവും വലിയ ഇരകൾ.സ്ത്രീകളുടെ ഇടയിൽ പോലും മദ്യപാനാസക്തി കേരളത്തിൽ വളർന്നു വരുന്നു.ഈ അടുത്തകാലത്ത് മദ്യപിച്ചു പാതിരാത്രിയിൽ കാറോടിച്ചതിനു ഒരു പ്രമുഖ സീരിയൽ നടി തിരുവനന്തപുരത്തു അറസ്റ്റിലായ വാർ‌ത്ത ഇത്തരുണത്തിൽ അനുസ്മരിയ്ക്കേണ്ടതാണ്.

സമ്പൂർ‌ണ്ണ മദ്യ നിരോധനം ഇതിനൊരു പ്രതിവിധിയല്ല.മറിച്ച് കേരളീയ സമൂഹം നേരിടുന്ന ഒരു വലിയ സ്വത്വപ്രതിസന്ധിയുണ്ട്.അതിന്റെ കാരണങ്ങളെ അന്വേഷിച്ചു കണ്ടെത്തി ചികിത്സിയ്ക്കുകയാണു വേണ്ടത്.ഒന്നിനോടും വിശ്വാസമില്ലാതെ, ആശ നശിച്ച ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞിരിയ്ക്കുന്നു.നിമിഷാർദ്ധങ്ങൾ മാത്രം നീണ്ടു നിൽ‌ക്കുന്ന സുഖങ്ങളിൽ അഭിരമിയ്കാനാണു നമുക്ക് താൽ‌പര്യം.എതു പ്രതി സന്ധികളെയും ധൈര്യപൂർവം നേരിട്ടിരുന്ന ഒരു തലമുറയായിരുന്നു നമുക്കുണ്ടായിരുന്നത്.തൂക്കുമരങ്ങളിൽ കയറുമ്പോളും മുദ്രാവാക്യം വിളിച്ച് കണ്ടു നിന്നവരിൽ ആവേശം ജനിപ്പിച്ച ധീരരായ മനുഷ്യരുണ്ടായിരുന്ന നാടാണിത്.നമുക്കെന്താണു സംഭവിച്ചത്, സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്?

ഏതാണ്ട് 25 ലക്ഷത്തോളം മലയാളികൾ കേരളത്തിനു വെളിയിലുണ്ടെന്നാണു എന്റെ അറിവ്.അതിൽ ഒരാളെ ചുറ്റിപ്പറ്റി 5 പേർ ഉണ്ടെന്ന് കരുതിയാൽ തന്നെ ഏകദേശം 1.25 കോടി ആൾക്കാർ പ്രവാസികളെ ചുറ്റിപ്പറ്റി നിൽക്കുന്നു.മൂന്ന് കോടിലുള്ള കേരളത്തിലെ ജനങ്ങളിൽ ഏറിയ പങ്കും പുരത്തു നിന്നു വരുന്ന കാശിനെ ആശ്രയിയ്ക്കുന്നവരാണ്.ഇതിൽ ഒരു വിഭാഗം അധ്വാനിയ്ക്കാതെ സുഖിയ്ക്കുന്നവരുമാണ്.ഈ വിഭാഗവും ഇത്തരം സുഖലോലുപതകളുടെ പിന്നാലെ പോകുന്നു.അതിനു സാധിയ്ക്കാത്തവരിൽ നിരാശ പടർന്ന് പന്തലിയ്ക്കുന്നു.അവരും മദ്യക്കുപ്പികളിൽ അഭയം തേടുന്നു.ഐ.റ്റി രംഗം സമൂഹത്തിലുണ്ടാക്കിയ സാമ്പത്തിക ചേരിതിരുവുകളും അതുമൂലം ഉയർന്നു വന്ന നവ സാമ്പത്തിക ശക്തികളുമൊക്കെ നമ്മുടെ അപചയത്തിനു ആക്കം കൂട്ടി.അയൽ‌‌ക്കാരനെപ്പോലെ ആകാനുള്ള ത്വരയിൽ എന്തും ചെയ്യാൻ മടിയ്ക്കാത്തവരായി നാം മാറി.ആശിച്ചതൊന്നും കിട്ടാതെയാകുമ്പോൾ അവസാനം ബാറുകളിലും, വ്യാജനിലുമൊക്കെ നാം ശാന്തി കണ്ടെത്തുന്നു.

ഒരു വൻ സാമൂഹിക മുന്നേറ്റം ഉണ്ടാകാത്തിടത്തോളം ഈ സ്ഥിതിയ്ക്കു മാറ്റമുണ്ടാകാൻ സാദ്ധ്യത കാണുന്നില്ല.

24 comments:

കാപ്പിലാന്‍ said...

"O"

Suvi Nadakuzhackal said...

എന്‍റെ പഴയ ഒരു പോസ്റ്റ് ഇവിടെ കോപ്പി ചെയ്തിടുന്നു.

http://uzhavoorian.blogspot.com/2008/04/blog-post.html

കള്ള് കുടിക്കും!! പക്ഷേ രഹസ്യമായി!!

ഇതു മലയാളിയുടെ മാത്രം ഒരു പ്രത്യേകത ആണെന്ന് തോന്നുന്നു. നല്ല ഒരു ശതമാനം ആള്‍ക്കാരും മദ്യപിക്കും. പക്ഷേ എല്ലാവരും ഒളിച്ചും പാത്തും എന്തോ കൊലപാതകം ചെയ്യുന്നത് പോലെ ആണ് ചെയ്യുന്നത്. ബെവെറേജസില്‍ മേടിക്കുന്നിടത്തും കുപ്പി കയ്യില്‍ കിട്ടിയാല്‍ ആദ്യം ചെയ്യുന്നത് അണ്ടര്‍ വെയറിന്റെ അകത്തു കയറ്റുകയോ മുണ്ടിന്റെയോ പാന്റ്സിന്റെയോ അകത്ത് ഒളിപ്പിക്കുകയോ ആണ്. വേറെ ചില മാന്യന്മാര്‍ ഉണ്ട്. അവര്‍ കടയുടെ 100 മീറ്റര്‍ അകലെ വന്നു വണ്ടി കിടത്തിയിട്ട് അവിടുള്ള ഏതെങ്കിലും ലോക്കല്‍ ഗുണ്ടയെ കൊണ്ടു മേടിപ്പിക്കും. അവനും കിട്ടും ഒരു ചെറുതോ വലുതോ പത്തു രൂപയോ ഒക്കെ. അവനും ജീവിച്ചും കള്ളടിച്ചും പോകണമല്ലോ! ക്യൂവില്‍ നില്‍ക്കുക എന്നുള്ളത് നമുക്കു സ്വതവേ അലര്‍ജി ആയിട്ടുള്ള ഒരു കാര്യം ആണ്. ബെവെറേജസിലെ ക്യൂവിലും സ്ഥിതി വ്യത്യസ്തമല്ല. മുമ്പില്‍ ഒരാളെ ഉള്ളെങ്കില്‍ പോലും അവനെ കൊണ്ടു മേടിപ്പിക്കാന്‍ നോക്കും. ഒരു മിനിട്ട് താമസിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്നു തോന്നും.

കല്ല്യാണങ്ങളിലും മറ്റു പാര്‍ട്ടികളിലും ഈ സ്വഭാവം നമുക്കു കാണാം. മദ്യം എപ്പോഴും എവിടെയെങ്കിലും ഒളിച്ചും പാത്തും ആണ് കഴിക്കുന്നത്. ഇത് മനുഷ്യര്‍ രുചിച്ച് ആസ്വദിച്ച് കഴിക്കുന്ന ഒരു സാധനം ആണെന്ന് ആരും മനസ്സില്‍ ആക്കുന്നില്ല. ചുമ്മാ പശു വെള്ളം കുടിക്കുന്ന പോലെ വലിച്ചു കയറ്റുകയാണ്. വേറെ ആരും കാണാതെ പെട്ടെന്ന് അടിക്കാന്‍ ഉള്ള ധൃതിയില്‍ ആണ് ഇതെന്ന് തോന്നുന്നു.

മാണിക്യം said...

ഭാരതത്തെ ഉത്സവങ്ങളുടെ നാട്
എന്ന് വിശേഷിപ്പിക്കാറൂണ്ട്.
പണ്ട് ഒക്കെ ക്രിസ്മസ്സ് ആഘോഷങ്ങള്‍- എന്ന് വച്ചാല്‍ 25 ദിവസത്തെ നോയിമ്പും പാതിരാ കുര്‍ബാനയും അതു കഴിഞ്ഞെത്തിയാല്‍‌ പടക്കവും പൂത്തിരിയും നോയിമ്പു തുറക്കലും ... ... വിരുന്നു പോകലും കുടുംബക്കാരുടെ ഒത്തു ചേരലും ആയിരുന്നു അന്ന് കേയ്ക്കും വൈനും ക്രിസ്മസിന്റെ വകയായി വിളമ്പിയിരുന്നു. മുതിര്‍ന്നവര്‍ ഗോപ്യമായായിരുന്നു മദ്യപിച്ചിരുന്നത് ഷാപ്പില്‍ പോകുന്നത് മോശമായി കരുതിയിരുന്നു പോകുന്നവര്‍ ഒളിച്ചും പാത്തും.. അതു പോയിട്ട് ഇന്ന് സ്മാള്‍ അടിക്കുന്നത് സ്റ്റാറ്റസ് സിംബല്‍ ആയി . ഗിഫ്‌റ്റ് പോലും ബോട്ടില്‍ ആയി കൊടുക്കുന്നു...പ്രത്യക്ഷമായും പരോക്ഷമായും ബിവറേജസ് കോര്‍‌പ്പറേഷന്‍ വക ആയി മാറുന്നു ആഘോഷങ്ങള്‍!
എന്തുകൊണ്ട് ? ആലോചിക്കണ്ടതാണ്.
365 ദിവസവും 24 മണിക്കുറും പിരിമുറുക്കത്തില്‍ ആണ് ജനം, ആണ്‍ - പെണ്‍ - കുഞ്ഞുകുട്ടി അടക്കം എല്ലാവരും. മനാസിലുള്ളത് തുറന്ന് പറയാതെ “സ്‌ട്രെസ്സ് ” അതിന്റെ പാരമ്യത്തില്‍ എത്തിക്കുന്നവര്‍. അനന്തര ഫലമാണ്
‘ആത്മഹത്യ’ ...
ഇന്ന് സാധാരണക്കാരന്‍ ആരും ജാതിക്കോ മതത്തിനോ അടിമയല്ല,വ്യവസായം അതെറ്റെടുത്തു.ക്രിസ്മസിന്റെ/ ഓണത്തിന്റെ / ഈദിന്റെ ചിലവ് ഒരു വര്‍ഷത്തെ ഏറ്റവും വലിയ ബഡ്‌ജറ്റാവുന്നു..ഭക്ഷണവും വസ്ത്രങ്ങളും സമ്മാനപൊതികളും !! ഇന്ന് മതാചാരം എന്നതിനേക്കാള്‍ കണ്‍സ്യൂമറിസം ആണ്,
സുനില്‍ ചൂണ്ടികാണിച്ച ‘പുരോഗതി’യിലേയ്ക്കു നീങ്ങുന്ന മലയാളി.പിന്‍ തുടരുന്നത്......
ചികത്സ വേണ്ടത് ഈ കണ്‍സ്സ്യൂമറിസത്തിനാണ്.
വരവറിയാതെ ചിലവിടുന്ന -പിന്നെ കടക്കെണിയില്‍ മുങ്ങി ആയുസ്സ് ഒടുക്കുന്ന-
ഒരു സമൂഹത്തെ സൃഷ്ടിക്കാതെ, ബോധവലക്കരണം. പൊങ്ങച്ചത്തിന്റെ നിര്‍മാര്‍‌ജനം ആണിന്ന് ആവശ്യം.

പ്രവാസികളെ ചുറ്റി പറ്റി മലയാളിയുടെ ജീവിത നിലവാരം ഉയര്‍ന്നു, അതിന്ന് ലോകത്തിലെ തന്നെ മുന്‍ നിരയാണ് ,അതിന് പ്രവാസിയോട് കടപ്പാട് ... “ആശിച്ചതൊക്കെ കിട്ടാന്‍‌ ”...
പ്രവാസി മലയാളിയെ പോലെ കേരളത്തിനുള്ളിലും അദ്ധ്വാനിക്കാനും തൊഴിലിന്റെ മഹാത്മ്യം ഉള്‍കൊള്ളാനും ഉള്ള ബോധം ഉണ്ടാവട്ടെ എന്ന് ഈ പുതുവര്‍ഷത്തില്‍ പ്രാര്‍ത്ഥിക്കാം ആശിക്കാം .. ..
സുനില്‍ ഈ പൊസ്റ്റ് വളരെ നന്നായി.

പാമരന്‍ said...

കാര്യം നമ്മളും ഒരു കുടിയനാണെങ്കിലും നാട്ടില്‍ പോയപ്പോള്‍ കാലത്ത്‌ ഒമ്പതരയ്ക്ക്‌ ബീവറേജ്‌ കട തുറക്കാന്‍ കാത്തുനിക്കുന്ന ആളുകളുടെ നീണ്ട ക്യൂ കണ്ടു ഞെട്ടിപ്പോയി കേട്ടോ. 'ഡ്രിങ്ക് റെസ്പോണ്സിബിളി' എന്നു നമ്മുടെ അനന്തര തലമുറയെ പഠിപ്പിച്ചേതീരൂ. മദ്യം എന്തോ വല്യ സംഭവം ആണെന്നോ, അല്ലെങ്കില്‍ അതു കുടിച്ചാല്‍ വല്യ ആളാവുമെന്നോ ഉള്ള സാമാന്യ സങ്കല്പ്പത്തില്‍ നിന്നാണു എല്ലാ പിള്ളേരും തുടങ്ങുന്നത്‌.. വെള്ളമടിക്കും വെള്ളമടിക്കാര്‍ക്കും പണ്ടില്ലാതിരുന്ന സാമൂഹ്യ മാന്യത ഇപ്പോള്‍ കൈവന്നു തുടങ്ങിയതിന്‍റെ പ്രതിഫലനം കൂടിയാണ്‌ പുതിയ തലമുറ കൂടുതലായി ഇതിലേയ്ക്ക്‌ ആകര്‍ഷിതരാവുന്നത്‌ എന്നും തോന്നുന്നു..

Unknown said...

വെള്ളമടി കേരളസംസ്ഥാനത്തിലെ ജനങ്ങളുടെ മാത്രം പ്രശ്നം ആണെന്നു തോന്നുന്നില്ല
അടിക്കേണ്ടവര്‍ അടിച്ചോട്ടെ. അടിച്ചാ വയറ്റി കെടക്കണം എന്നു മാത്രം

ജിജ സുബ്രഹ്മണ്യൻ said...

മദ്യം കുടിക്കാൻ ചെലവാക്കുന്ന പൈസയ്ക്ക് പാലു വാങ്ങിക്കുടിക്കട്ടെ..പാവങ്ങൾ ക്ഷീരകർഷകരും ജീവിച്ചു പോകട്ടേ ന്നേ !

നിരക്ഷരൻ said...

കൊട് കൈ സുനിലേ..

യു സെഡ് ഇറ്റ്.

Anonymous said...

ഓരോ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്ര അധികം കോടി രൂപ മദ്യത്തിന് ചിലവായി എന്ന് പറയുന്നിടത്ത് , കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എത്ര ശതമാനം മദ്യത്തിന് ഇക്കൊല്ലം വില വര്‍ദ്ധിച്ചു എന്ന കാര്യവും കൂട്ടി ചേര്‍ക്കേണ്ടതാണ്. പിന്നെ ബിവറേജസ് കോര്‍പ്പറേഷനു മുന്നിലെ ക്യൂ കാണുന്നവര്‍, ഒരു കാര്യം കൂടീ ഓര്‍ക്കണം. നമ്മുടെ നാട്ടില്‍ നിയമാനുസൃതമായി ബിവറേജസ് കോര്‍പ്പറേഷ്നില്‍ നിന്നൊ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നോ മാത്രമേ മദ്യം വാങാനാവൂ എന്നത്. മദ്യ വില്പന സര്‍ക്കാരിന്റെ കുത്തകയാണ് നമ്മുടെ നാട്ടില്‍.

അനില്‍ശ്രീ... said...

കുറെ നാളായി കേള്‍ക്കുന്ന ഒരു പല്ലവി ആയതിനാല്‍ പുതുമ തോന്നിയില്ല. തന്നെയുമല്ല, പലതും അതിശയോക്തി കലര്‍ന്നതായി തോന്നി.

"ഹർത്താൽ തലേന്നാണു ബിവറേജസ് കോർപ്പറേഷന്റെ റിക്കാർഡ് വിൽ‌പ്പന.രണ്ടു കുപ്പിയും,ചിക്കനും, കണ്ടു രസിയ്ക്കാൻ നീല സി.ഡികളുമായി തലേന്നു തന്നെ ഹർ‌ത്താലുകളെ സ്വീകരിയ്ക്കാൻ നാം ഒരുങ്ങുന്നു."

ഇതില്‍ നീല സി.ഡി-കള്‍ എന്നത് (ഇല്ലെന്നല്ല)പൊതുവായി പറയാന്‍ വളരെ പ്രയാസം. അത് ഹര്‍ത്താലിന്റെ ആഘോഷത്തിന്റെ ഭാഗമല്ല. രഹസ്യമായി മാത്രമേ ഇപ്പോഴും ഇവ കാണപ്പെടുന്നുള്ളു. മദ്യം പോലെ കോമണ്‍ അല്ല എന്നര്‍ത്ഥം.

'സംഗീതാ മോഹന്‍' എന്ന സീരിയല്‍ നടി മദ്യപിച്ചു കാറോടിച്ചു എന്നത് ഒരു വലിയ സംഭവമല്ല കേട്ടോ. അവര്‍ മുമ്പും ഇതുപോലത്തെ പല തമാശകള്‍ കാട്ടിയിട്ടുള്ളതാണ്. അതുപോലെ പല പ്രമുഖ നടിമാരും അങ്ങനെ തന്നെ. പിന്നാമ്പുറ കഥകളിലേക്ക് കടക്കുന്നില്ല.

പിന്നെ പണ്ടും ഇത്രയും കുടിയന്മാര്‍ ഉണ്ടായിരുന്നില്ല എങ്കിലും കുടി അന്നുമുണ്ടായിരുന്നു. അന്നൊക്കെ ഇഷ്ടപോലെ വിദേശ മദ്യഷാപ്പുകള്‍ ഉണ്ടായിരുന്നു. അവിടെ തന്നെ 'നില്‍‌പ്പന്‍' അടിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. ഇന്ന് അത് കുറെയൊക്കെ നിലച്ചിരിക്കുന്നു എന്ന് തോന്നുന്നു. പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് (ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത്) വെള്ളമടിച്ച് വന്നിട്ടല്ലാതെ കോളേജിലെ പരിപാടികളില്‍ പങ്കെടുക്കാത്ത ധാരാളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ് സുനില്‍.

"ഒന്നിനോടും വിശ്വാസമില്ലാതെ, ആശ നശിച്ച ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞിരിയ്ക്കുന്നു.നിമിഷാർദ്ധങ്ങൾ മാത്രം നീണ്ടു നിൽ‌ക്കുന്ന സുഖങ്ങളിൽ അഭിരമിയ്കാനാണു നമുക്ക് താൽ‌പര്യം."

ചുമ്മാ തമാശ പറയാതെ സുനില്‍. ആഘോഷ ദിവസങ്ങളില്‍ കാണുന്ന മദ്യപാനത്തിന്റെ കാരണം ഇതൊന്നുമല്ല. അങ്ങനെ ആശ നശിച്ച സമൂഹമായിരുന്നുവെങ്കില്‍ എല്ലാ ദിവസവും ഇതു തന്നെ ആവര്‍ത്തിച്ചേനെ, ഈ കണക്കുകള്‍ തന്നെ കണ്ടേനെ.

മദ്യപാനം നല്ലതാണ് എന്ന് ഒരിക്കലും പറയില്ല. പക്ഷേ മദ്യനിരോധനത്തെ ഒരിക്കലും പിന്തുണക്കില്ല.

paarppidam said...

സംഗതി കലക്കി. അടുത്തവർഷവും നമുക്കീ റിക്കോർഡ് തകർക്കാം.
തൊഴിൽ ദുഖമാണുണ്ണീ ഓസിനടിക്കുന്ന മദ്യമല്ലോ സുഖപ്രദം...

പുതുവത്സരാശംസകൾ...

K C G said...

പുരോഗമിക്കട്ടേ പുരോഗമിക്കട്ടേ മദ്യവര്‍ഗ്ഗം പുരോഗമിക്കട്ടേ...

Dr. Prasanth Krishna said...

മദ്യം വിഷമാണ് അത് കുടിച്ചില്ലങ്കില്‍ വിഷമമാണ് എന്ന് വളരെ മുന്‍പേ ആരോ ഒരു മഹാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മദ്യം കഴിക്കുന്നത് പാപമാണന്ന് ഞാന്‍ കരുതുന്നില്ല. സല്‍ക്കാരങ്ങളിലും ആഘോഷങ്ങളിലും മദ്യം വിളമ്പുന്നത് പുതുമയുള്ള ഒന്നല്ല. കര്‍ത്താവായ യോശുക്യസ്തു പോലും മദ്യം ഉപയോഗിച്ചിരുന്നു. എന്തിന് അവസാന അത്താഴത്തിലും മദ്യം വിളമ്പിയിരുന്നു. നീ എന്റെ വഴി പിന്തുടരൂ, ഇല്ലങ്കില്‍ നിനക്ക് ദൈവ്വരാജ്യം നിഷിദ്ധമാണന്ന് പറഞ്ഞ് പഠിപ്പിച്ച ദൈവ്വപുത്രന്‍ കാണിച്ചവഴിയേ നമ്മള്‍ പോകുന്നു. അതില്‍ എന്തു തെറ്റിരിക്കുന്നു.

ആഘോഷങ്ങൾ എന്നാൽ നമുക്കിപ്പോൾ മദ്യ ലഹരി എന്നായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു എന്ന് സുനില്‍ പറയുന്നു. അതൊക്കെ വെറും പറച്ചില്‍ മാത്രമല്ലേ സുനില്‍. ബിവറേജ് ഷോപ്പില്‍ കിട്ടുന്നതിന് ക്യത്യമായ കണക്കുണ്ട്. എന്നാല്‍ ആഘോഷങ്ങള്‍ക്കായ് നമ്മള്‍ ചിലവഴിക്കുന്ന മറ്റു ചിലവുകള്‍ക്ക് കണക്കില്ല. 100 Rs അഘോഷങ്ങള്‍ക്കായ് ചിലവാക്കുമ്പോള്‍ 10 Rs കുടുംബനാഥന്‍ മദ്യത്തിന് ചിലവിടുന്നതില്‍ എന്താ ഇത്ര തെറ്റ്? പള്ളികളിലെ പാരിഷ് ഹാളില്‍ കല്ല്യാണത്തിനും ക്രിസ്‌മസ് ആഘോഷത്തിനുമൊക്കെ മദ്യം വിളമ്പാം എങ്കില്‍ വീട്ടിലെ തീന്‍‌മേശയില്‍ എന്തുകൊണ്ടായികൂടാ?

Anonymous said...

നല്ല പോസ്റ്റ്. അവസരോചിതവും.
സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

പാറുക്കുട്ടി said...

കൊള്ളാം നല്ല പോസ്റ്റ്.

മദ്യമില്ലാതെ നമുക്കെന്ത് ആഘോഷം എന്നായിട്ടുണ്ട് ഇവിടുത്തെ സ്ഥിതി.

അവസരോചിതമായ പോസ്റ്റ്.

ജെ പി വെട്ടിയാട്ടില്‍ said...

മദ്യപാനത്തിന് ഞാന്‍ എതിരല്ല.
അമിതമാകരുത് എന്ന് മാത്രം.
ഒരു പാട് കുടുംബങ്ങളും ഈ വ്യവസായ ശൃംഗലകളില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്നുണ്ടല്ലോ.
അമിത മദ്യപാനം ആരോഗ്യത്തിന്ന് ഹാനികരം.
അമിതമായാല്‍ അമൃതും വിഷം എന്ന പഴമൊഴി പ്രസിദ്ധമാണല്ലോ.
ഈയിടെയായി ഹാര്‍ട്ട് ബൈപാസ് സര്‍ജറി കഴിഞ്ഞ എന്റെ കുടുംബ സുഹൃത്ത് എന്നോട് പറഞ്ഞു 2 ഡ്രിങ്ക് നല്ല സ്കോച്ച് വിസ്കി ഹൃദ്രോഹികള്‍ക്ക് വൈകിട്ട് ആഹാരത്തിന് മുന്‍പ് നല്ലതാണ്.
നമ്മുടെ നാട്ടില്‍ പലര്‍ക്കും മദ്യപിക്കുന്ന സ്റ്റൈല്‍ അറിയില്ല. ഒരു പെഗ്ഗ് കഴിക്കാന്‍ ചുരുങ്ങിയത് 3 മിനിട്ടെങ്കിലും എടുക്കണം.വെള്ളമോ, മറ്റുപദാര്‍ഥങ്ങളോ ഒഴിച്ച് ലയിപ്പിച്ച് വേണമെങ്കില്‍ 2 ഐസ് ക്യൂബും ഇട്ട് ആസ്വദിച്ച് കുടിക്കുക. ഒരു പ്രശനവും ഇല്ലാ.
ഈ പ്രശ്നത്തെപ്പറ്റി ഇങ്ങിനെ രണ്ട് വാക്കില്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ല.
ചര്‍ച്ചക്ക് വിഷയമാക്കേണ്ട വിഷയമാണ്.

ജെ പി വെട്ടിയാട്ടില്‍ said...

തിരുത്ത്.........
“ഒരു പെഗ്ഗ് കഴിക്കാന്‍ ചുരുങ്ങിയത് 30മിനിട്ടെങ്കിലും“ .......എന്ന് വായിക്കേണ്ടതാണ്........
സദയം ക്ഷമിക്കുമല്ലോ?...........

Suvi Nadakuzhackal said...

3 മിനുട്ടില്‍ 1 പെഗ് അല്ല. 30 മിനിറ്റില്‍ ആയിരിക്കണം. ഒരു പാര്‍ട്ടി എന്ന് പറഞ്ഞാല്‍ 2 മണിക്കൂര്‍ എങ്കിലും കാണും. അവിടെ എല്ലാവരും 3 മിനുട്ടില്‍ ഓരോ പെഗ് അടിച്ചാല്‍ എന്തായിരിക്കും സ്ഥിതി.

Suvi Nadakuzhackal said...

JP അത് കറക്റ്റ് ചെയ്തിരുന്നല്ലേ. എന്റെ കണ്ണില്‍ ആദ്യം പെട്ടില്ലായിരുന്നു.

അനില്‍@ബ്ലോഗ് // anil said...

പക്കാ ഓഫ്ഫ്:

കാന്താരിക്കുട്ടി said...
മദ്യം കുടിക്കാൻ ചെലവാക്കുന്ന പൈസയ്ക്ക് പാലു വാങ്ങിക്കുടിക്കട്ടെ..പാവങ്ങൾ ക്ഷീരകർഷകരും ജീവിച്ചു പോകട്ടേ ന്നേ !


നല്ലൊരു ഐഡിയ ആണെന്നു തൊന്നുന്നു. ട്രാന്‍സ്ജീനിക് പശു ആവണം എന്നു മാത്രം. ചുരത്തുന്ന പാലില്‍ വല്ല മയക്കുമരുന്നും കിട്ടണം, ക്ഷീരകര്‍ഷകര്‍ക്കും ജീവിക്കാം, ജനത്തിനു കോണ്‍ തിരിയുകയും ചെയ്യാം.

ജനത്തിനു കള്ളുകുടിക്കണമെന്നില്ല, ഫിറ്റാവുന്ന എന്തെങ്കിലും കിട്ടിയാല്‍ മതി, അപ്പോള്‍ ഇതു ചികിത്സ വേണ്ടുന്ന സ്ഥിതി ആയി എന്നര്‍ത്ഥം.

ചങ്കരന്‍ said...

എനിക്കു തോന്നുന്നത് തൊഴിലില്ലായ്മയാണു ഈ ഭീകര മദ്യപാനത്തിന്റെ കാരണം എന്നാണ്.
പിറ്റെ ദിവസം ആപ്പീസീപ്പോവാ ഇല്ലാഞ്ഞല്ല്‌ ഇവനെക്കെ ഇങ്ങനെ കുടിക്കണത്. എനിക്കാണെ തലവേദനിച്ചിട്ടു ഇവിടെ ഇരിക്കാന്‍ മേല.

കിഷോർ‍:Kishor said...

മദ്യപാനത്തെ ഇങ്ങനെ താഴ്ത്തിക്കെട്ടുന്നത് ശരിയാണോ?

ഒരാള്‍ മറ്റുള്ളവര്‍ക്ക് ശല്യം ചെയ്യാതെ സ്വന്തം വീട്ടിലോ ബാറിലോ വച്ച് സൊല്പം വെള്ളമടിച്ചു രസിക്കുന്നതില്‍ തെറ്റെന്താണ്?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സുഹൃത്തുക്കളേ,
ഞാൻ ആദ്യമായി “ആൽ‌ത്തറ”യിൽ ചെയ്ത പോസ്റ്റിനു അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും നന്ദി.ശരിയും തെറ്റും വായനക്കാർ അവനവന്റെ യുക്തിയ്ക്കു അനുസരിച്ചു തീരുമാനിയ്ക്കട്ടെ.ഇതു പൊതു സമൂഹം ചർച്ച ചെയ്യേണ്ട ഒരു വിഷയം ആണെന്ന് എനിയ്ക്കു തോന്നിയതുകൊണ്ടാണു പോസ്റ്റ് ചെയ്തത്.

ഒരു കാര്യം മാത്രം പറഞ്ഞുകൊള്ളട്ടെ.ഞാൻ എന്റെ ലേഖനത്തിൽ മദ്യപാനത്തിനു എതിരായി ഒന്നും പറഞ്ഞിട്ടില്ല.മദ്യപിയ്ക്കുന്നവർക്കു ശുദ്ധമായ , കലർ‌പ്പില്ലാത്ത മദ്യം ലഭ്യമാക്കണം എന്നാണു എന്റേയും അഭിപ്രായം.ബിവറേജസ് കോർപ്പറേഷനെ ഏൽ‌പ്പിയ്ക്കാൻ കഴിഞ്ഞ നായനാർ സർക്കാർ എടുത്ത തീരുമാനം എന്തുകൊണ്ടു ഉചിതമായി.അതുകൊണ്ടു തന്നെ അവർ വഴി വിൽ‌ക്കുന്ന മദ്യത്തിന്റെ കണക്കും ലഭ്യമായിത്തുടങ്ങി.യഥാർഥ കണക്കുകൾ ഇതിലും കൂടുതലാവും.വ്യാജമായി എത്തിച്ചേരുന്നവയുടെ വിവരം ലഭ്യമല്ല.വീര്യം കുറഞ്ഞതാണെങ്കിലും കള്ളൂഷാപ്പിലെ കണക്കുകളും ഇതിൽ ഉൾ‌പ്പെടുത്തിയിട്ടില്ല എന്ന് ഓർക്കുക.

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതു വത്സരാശംസകൾ!

ഓരോ പെഗ് എടുക്കുമ്പോളും അതു 50 കോടിയിലോ 100 കോടിയിലോ ഒരു പങ്ക് ആണെന്ന് മാത്രം കരുതുക..

നന്ദി ഒരിയ്ക്കൽ കൂടി...!

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍

കുഞ്ഞിക്കിളി said...

Happy new year!

the recession or any other thing will not affect this business!! :)