അയല്‍വാസിയായ പത്രോച്ചേട്ടന് മക്കള്‍ 7 പേരാണ്. 2 ആണും 5 പെണ്ണും. അതില്‍ മൂന്ന് പേര് എന്നേക്കാള്‍ മുതിര്‍ന്നവര്‍. സമപ്രായക്കാരന്‍ ശ്യാം പഠിക്കുന്നത് എന്റെ സ്കൂളില്‍ത്തന്നെയാണ്.ഞങ്ങളുടെ വീട്ടില്‍ ഞാനും മുതിര്‍ന്നവര്‍ രണ്ട് ചേച്ചിമാരും. എനിക്ക് പ്രായം 8 വയസ്സ്.
സ്കൂള്‍ വിട്ടുവന്നാല്‍ കുറേ നേരം വടക്കേപ്പറമിലെ അവരുടെ വീട്ടിലോ എന്റെ വീട്ടിലോ ഞങ്ങളെല്ലാവരും ചേര്‍ന്നുള്ള കളിയും ഒച്ചപ്പാടും ബഹളവുമൊക്കെയുണ്ടാകും. പക്ഷെ ക്രിസ്തുമസ് വരാനാകുമ്പോഴേക്കും അവരെയാരേയും കളിക്കാന്‍ കൂട്ടിന് കിട്ടാതാകും. അവരപ്പോള്‍ പുല്‍ക്കൂട് ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. അതിനാവശ്യമുള്ള വൈക്കോല്‍ കൊണ്ടുപോകുന്നത് എന്റെ വീട്ടീന്നായതുകൊണ്ട് അവര്‍ പുല്‍ക്കൂടിന്റെ പണി തുടങ്ങുമ്പോഴേ ഞങ്ങള്‍ക്ക് കാര്യം മനസ്സിലാകും. ഇനിയുള്ള രണ്ടാഴ്ച്ച അവരെയാരേയ്യും കളിക്കാന്‍ കിട്ടില്ല.
അവര്‍ ഏഴുപേര്‍ക്കിടയില്‍ അന്യരെപ്പോലെ കുറേ നേരം പുല്‍ക്കൂട് ഉണ്ടാക്കുന്നതൊക്കെ നോക്കിനിന്ന് നെടുവീര്‍പ്പിട്ട് ഞങ്ങള്‍ തിരിച്ച് വീട്ടിലേക്ക് മടങ്ങും.
വൈക്കോല്‍ വെട്ടിയൊതുക്കി തെങ്ങോല വെട്ടുമ്പോള്‍ അവശേഷിപ്പിക്കപ്പെടുന്ന നേര്‍ത്ത ചീളുകളില്‍ (ഞങ്ങളതിന്റെ അളി എന്ന് പറയും) ചേര്‍ത്തുവെച്ച് പുല്‍ക്കൂടിന്റെ മേല്‍ക്കൂരയും, ചുമരുകളുമൊക്കെയുണ്ടാക്കി, തറയില്‍ മണ്ണ് വിരിച്ച്, നെല്ല് വെള്ളത്തിലിട്ട് മുളപ്പിച്ച് പുല്‍ക്കൂട്ടില്‍ അവിടവിടെയായി പറിച്ച് നടാന്‍ പാകത്തിന് തയ്യാറാക്കി, അലങ്കാര ബള്‍ബുകളും തോരണങ്ങളുമൊക്കെ തൂക്കി, പുല്‍ക്കൂട് വളരെ നേരത്തേ തന്നെ തയ്യാറായിട്ടുണ്ടാകും.
കൃസ്തുമസ്സിന്റെ തൊട്ടടുത്ത ദിവസങ്ങളാകുമ്പോഴേക്കും പുല്‍ക്കൂട്ടില്‍ കന്യാമാതാവിന്റേയും, ജോസപ്പിന്റേയും, ആട്, പശു എന്നിങ്ങനെയുള്ള ചില കൊച്ചു കൊച്ചു പ്രതിമകള്‍ സ്ഥാനം പിടിച്ചുതുടങ്ങും.
ഡിസംബര്‍ 24ന് രാത്രിയാകുമ്പോഴേക്കും ഉണ്ണിയേശുവിന്റെ പ്രതിമയും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുടേയും, അവരുടെ ഒട്ടകങ്ങളുടേയും പ്രതിമകള്‍ക്ക് പുറമേ പുല്‍ക്കൂടിന്റെ മുകളില്‍ നിന്ന് ഒരു മാലാഖയുടെ പ്രതിമയും തൂങ്ങിയാടാന്‍ തുടങ്ങും. കുട്ടികള്‍ക്ക് രാത്രി നേരത്തേ കിടന്നുറങ്ങാനുള്ളതുകൊണ്ട് വൈകീട്ട് 7 മണിയോടെ തന്നെ ആ പുല്‍ക്കൂട്ടില്‍ തിരുപ്പിറവി കഴിഞ്ഞിരിക്കും.
പുല്‍ക്കൂടൊരുക്കി കൃസ്തൂമസ്സാഘോഷിക്കുന്ന ആ അവസരത്തില്‍ വേണ്ടവണ്ണം പങ്കുചേരാന്‍ പറ്റാത്തതിന്റെ വിഷമവുമായി ഇതെല്ലാം കണ്ടുകൊണ്ട് ഞങ്ങളവിടെ ചുറ്റിപ്പറ്റി നില്ക്കും. ഓണത്തിനും വിഷുവിനുമൊക്കെ കളമിടുന്നതും പടക്കം പൊട്ടിക്കുന്നതുമൊക്കെ ഞങ്ങളൊരുമിച്ചാണെങ്കിലും പുല്‍ക്കൂട് ഉണ്ടാക്കുന്ന കാര്യം വരുമ്പോള്‍ ഞങ്ങള്‍ക്ക് വലിയ പങ്കാളിത്തമൊന്നും കിട്ടാത്തതില്‍ എന്റെ കൊച്ചുമനസ്സ് എന്നും വേദനിച്ചിട്ടുണ്ട്. അവരുടെ വീട്ടിലെ 7 പേര്‍ക്കുതന്നെ കയ്യിട്ട് പോഷിപ്പിക്കാനുള്ള സംഭവം ആ പുല്‍ക്കൂട്ട് ഉണ്ടാക്കുന്നിടത്തില്ല, പിന്നല്ലേ അയല്‍ക്കാരായ ഞങ്ങള്‍ക്ക്.
അതിന്റെ വിഷമം തീര്‍ക്കാന്‍ ഞങ്ങളൊരു വിദ്യകണ്ടുപിടിച്ചു. ഞങ്ങളുടെ വീട്ടിലും ഒരു പുല്‍ക്കൂടുണ്ടാക്കുക. പത്രോച്ചേട്ടന്റെ വീട്ടിലെ പുല്‍ക്കൂടിനേക്കാള്‍ കേമമായതുതന്നെ ഒരെണ്ണം.
നെല്ല് മുളപ്പിക്കാനിട്ടു. വൈക്കോലിനും, അളിക്കുമൊന്നും ഒരു പഞ്ഞവുമില്ല. അത്യാവശ്യം കളറ് പേപ്പറുകളൊക്കെ വെട്ടിയെടുത്ത് തോരണങ്ങളുമുണ്ടാക്കി. ക്രിസ്തുമസ്സിന് നക്ഷത്രം തൂക്കുന്ന എര്‍പ്പാട് വീട്ടില്‍ പണ്ടുമുതലേയുള്ളതാണ്. ആ നക്ഷത്രത്തിനെ പുല്‍ക്കൂടിനരുകിലേക്ക് മാറ്റി സ്ഥാപിച്ചു.
വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാകുന്നുണ്ടെന്നറിഞ്ഞ് പത്രോച്ചേട്ടന്റെ മക്കളെല്ലാം വന്ന് നോക്കി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ തന്നപ്പോള്‍ ഞങ്ങള്‍ക്കെല്ലാം വല്ല്യ സന്തോഷമായി. പക്ഷെ അതിനോടൊപ്പം ഒരു വലിയ സങ്കടം കൂടെ ബാക്കിനിന്നു. ഇതിപ്പോള്‍ ഒരു പുല്‍ക്കൂട് മാത്രമല്ലേ ആയിട്ടുള്ളൂ. അതില്‍ വെക്കാന്നുള്ള പ്രതിമകള്‍ ഞങ്ങള്‍ക്കില്ലല്ലോ ? അതിനി എങ്ങനെ ഒപ്പിക്കും ? കടകളില്‍ ഒരിടത്തും ഈ പ്രതിമകള്‍ വിലപ്പനയ്ക്ക് വെച്ചിരിക്കുന്നതും കണ്ടിട്ടില്ല. അല്ലെങ്കില്‍ ഒരു ഉണ്ണിയേശുവിന്റെ പ്രതിമ മാത്രം എങ്ങനെയും സംഘടിപ്പിച്ച് പുല്‍ക്കൂട് പൂര്‍ണ്ണമാക്കാമായിരുന്നു.
അങ്ങനൊരു ദിവസം പതിവുപോലെ സൈക്കിളുമെടുത്ത് കറങ്ങുന്നതിനിടയില്‍ ഞാനതുകണ്ടു. അങ്ങാടിയില്‍ കോയാസ്സന്റെ കടയില്‍ ഒരു പുല്‍ക്കൂടിന്റെ മുഴുവന്‍ സെറ്റ് പ്രതിമകളും ഇരിപ്പുണ്ട്. പതുക്കെ ചെന്ന് വില ചോദിച്ചു. മെസിഡീസിന്റേയോ, ബി.എം.ഡബ്ല്യൂവിന്റേയോ ഷോറൂമില്‍ കൈലിയുടുത്ത് ഒരുത്തന് ചെന്ന് കാറിന്റെ വില ചോദിച്ചാലുള്ളതുപോലായിരുന്നു അനുഭവം. കോയാസ്സന്‍ കേട്ട ഭാവം കാണിക്കുന്നില്ല. മകനെ നിന്നെക്കൊണ്ട് താങ്ങാനാവില്ല എന്ന് കിറിക്കോണില്‍ എഴുതിവെച്ചിട്ടുള്ള ഒരു ചിരിമാത്രമായിരുന്നു മറുപടി. ഒരിക്കല്‍ക്കൂടെ ആ പ്രതിമകളില്‍ സൂക്ഷിച്ച് നോക്കി അവയൊക്കെ ഞങ്ങളുടെ പുല്ക്കൂടില് വന്ന് കയറിയാലുള്ള ചിത്രം മനസ്സില്‍ സങ്കല്‍പ്പിച്ച് വളരെ വിഷമത്തോടെ വീട്ടിലെത്തി.
ഇനിയാ പ്രതിമകള്‍ കിട്ടാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. അച്ഛനോട് പറഞ്ഞ് നോക്കാം. വലിയ വിലയുള്ള പ്രതിമകളായിരിക്കും. അച്ഛന്റെ സര്‍ക്കാര്‍ ശമ്പളത്തില്‍ ഒതുങ്ങാന്‍ സാദ്ധ്യതയില്ല. എന്നാലും പറഞ്ഞ് നോക്കുക തന്നെ.
അച്ഛന് നല്ല മൂഡിലിരിക്കുമ്പോള്‍ പതുക്കെ ചെന്ന് കാര്യം തന്ത്രപരമായി അവതരിപ്പിച്ചു. ഞങ്ങള്‍ ഓണക്കളമിടുന്നതും , വിഷൂന് പടക്കം പൊട്ടിക്കുന്നതുമൊക്കെ വടക്കേക്കാരുടെ ഒപ്പമല്ലേ ? പിന്നിപ്പോ കൃസ്തുമസ്സ് വന്നപ്പോള്‍ മാത്രം ഞങ്ങള്‍ക്ക് അവരെപ്പോലെ ആഘോഷിക്കാന്‍ പറ്റാത്തത് കഷ്ടമല്ലേ ? ആ ലൈനിലൊന്ന് പിടിച്ച് നോക്കി.
എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടും അച്ഛന് കോയാസ്സന്റെ അത്രയും പോലും മൈന്‍ഡില്ല. കേട്ടഭാവം ഇല്ലെന്ന് മാത്രമല്ല, കോയാസ്സന്റെ കിറിക്കോണില്‍ ഉണ്ടായിരുന്ന ചിരിയുടെ നൂറിലൊന്ന് പോലും അച്ഛന്റെ മുഖത്തില്ല. സംഗതി ചീറ്റിപ്പോയെന്ന് മൂന്നരത്തരം.
നാളെ കൃസ്തുമസ്സാണ്. ഇന്ന് വൈകീട്ടാകുമ്പോഴേക്കെങ്കിലും പ്രതിമകള്‍ കിട്ടിയില്ലെങ്കില്‍ പുല്ക്കൂടുണ്ടാക്കാന് പാടുപെട്ടതെല്ലാം വെറുതെയാകും. കരച്ചിലിന്റെ വക്കത്തെത്തിയ നിമിഷങ്ങള്‍.
രാത്രി കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഉണ്ണിയേശു പിറക്കാതെ അനാഥമാകാന്‍ പോകുന്ന ആ പുല്‍ക്കൂട് ഒരിക്കല്‍ക്കൂടെ ഞാനൊന്ന് പോയി നോക്കി. തൊട്ടടുത്ത് കത്തിക്കൊണ്ടിരുന്ന കടലാസ് നക്ഷത്രത്തിന്റെ മടക്കുകളിലും അരുകുകളിലുമുള്ള ചെറിയ ദ്വാരങ്ങളിലൂടെ അരിച്ചരിച്ച് മുഖത്തുവീണ മങ്ങിയ വെളിച്ചത്തില്‍, എന്റെ കവിളിലൂടൊലിച്ചിറങ്ങിയ കണ്ണുനീര് ആരും കണ്ടുകാണാന്‍ വഴിയില്ല.
വലിയ സന്തോഷമൊന്നുമില്ലാതെ കൃസ്തുമസ്സ് ദിവസം പുലര്‍ന്നു. രാവിലെ ഉമ്മറത്തെ പടിയില്‍ വന്നിരുന്ന് വൈക്കോല്ക്കൂനയില് കോഴികള്‍ ചികയുന്നത് നോക്കിയിരുന്നപ്പോള്‍ പുല്‍ക്കൂടിന്റെ ഭാഗത്തേക്ക് നോക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
എത്ര ശ്രമിച്ചിട്ടും എന്റെ കൊച്ചുമനസ്സിനെ നിയന്ത്രിക്കാനെനിക്കായില്ല. ഇടങ്കണ്ണിട്ട് ഒരുപ്രാവശ്യമേ ഞാനാ ഭാഗത്തേക്ക് നോക്കിയുള്ളൂ.
ഞെട്ടിപ്പോയി!!
ഇന്നലെ രാത്രി കണ്ടതുപോലെയല്ല പുല്‍ക്കൂടിപ്പോള്‍. ആകെ മാറിമറിഞ്ഞിരിക്കുന്നു!
കോയാസ്സന്റെ കടയില്‍ ഞാന്‍ കണ്ട പ്രതിമകളിപ്പോള്‍ ആ പുല്‍ക്കൂട്ടിലുണ്ട്. ഉണ്ണിയേശുവും, കന്യാമറിയവും, മാലാഖയും, ആടുകളും, പശുക്കളും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുമെല്ലാം ഞാന്‍ മനസ്സില്‍ക്കണ്ട അതേ സ്ഥാനത്തുണ്ട്. അതിനൊക്കെ പുറമെ കുറെ ബലൂണുകളും, അലങ്കാരദീപത്തിന്റെ ഒരു മാലയും പുല്‍ക്കൂടിനെ മോടി പിടിപ്പിച്ച് നില്‍ക്കുന്നുണ്ട്.ദൈവപുത്രന് അങ്ങനെ ഞങ്ങളുടെ പുല്ക്കൂട്ടിലും പിറന്നിരിക്കുന്നു.
ആര്‍ത്തുവിളിക്കണമെന്ന് തോന്നി. എങ്ങനിത് സംഭവിച്ചു ? എനിക്കൊരു പിടിയും കിട്ടിയില്ല. ചേച്ചിമാരെ വിവരമരിയിക്കാന് അകത്തേക്കോടാന്‍ ഒരുങ്ങിയപ്പോഴാണ് വരാന്തയുടെ പടിഞ്ഞാറെ അറ്റത്ത് അച്ഛനിരിക്കുന്നത് കണ്ടത്. വളരെ ഗൌരവത്തോടെ പത്രത്തില്‍ കണ്ണും നട്ടിരിക്കുന്ന അച്ഛന്റെ ചുണ്ടിന്റെ കോണില്‍ ഞാനപ്പോള്‍ വ്യക്തമായി തെളിഞ്ഞുകണ്ടു. ഒരു ചെറുപുഞ്ചിരി, ഒരു കള്ളച്ചിരി.
അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി.
ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം.
എല്ലാവര്ക്കും കൃസ്തുമസ്സ് ആശംസകള്‍.
19 comments:
നീരൂ,
കഥ ഞാന്‍ വായിച്ചു ...
വളരെ നന്നായിരിക്കുന്നു..
കൃത്രിമത്വമില്ലാതെ നല്ല എഴുത്ത്..
ഞങ്ങളും ഇങ്ങനെ പുല്കൂടിനു വേണ്ടി ഒത്തിരി കെഞ്ചിട്ടുണ്ട് അവസാനം ഞങ്ങളുടെ പാവയെ ഒന്ന് മാതാവൂം ഔസേപ്പുപിതാവും ഉണ്ണിശൊയും ആക്കും..ക്രിസ്മസ്സ് ഫണ്ട്, പോക്കറ്റ് മണി ഒന്നും അക്കലത്ത് കിട്ടില്ലാ..എന്നാലും നിറമുള്ള കടലാസു കൊണ്ട് നക്ഷത്രമുണ്ടാക്കും അത് ഉയരത്തില്‍ കെട്ടും അതൊക്കെ ഒരു മേളമാ ക്രിസ്സ്മസ്സ് പരീക്ഷക്ക് ഇടക്കാണ് കുറെ ഒക്കെ ചെയ്യുന്നത് ...
പിന്നെ ബാക്കി എഴുതാം ....
നീരൂ ബാല്യത്തിന്റെ തുടിപ്പുകള്‍
ഉള്ള ഈ പോസ്റ്റിന് നന്ദി...
ക്രിസ്മസ്സ് മംഗളങ്ങള്‍ നേരുന്നു...
സാമ്പത്തിക മാന്ദ്യം ,ബോംബെ സ്ഫോടനം ,അഭയാക്കേസ് ഈ വക കാരണങ്ങളാല്‍ പറഞ്ഞ സമയത്ത് ആല്‍ത്തറയില്‍ ക്രിസ്ത്മസ് ആഘോഷിക്കാന്‍ സാധിച്ചില്ല .പറഞ്ഞ വാക്ക് തെറ്റിച്ചതില്‍ ഖേദിക്കുന്നു .
മാത്രമല്ല ബുഷ് പറഞ്ഞിരിക്കുന്നത് ഇക്കുറി വലിയ ആഘോഷം വേണ്ടാ എന്നാണ് :) .അതുകൊണ്ട് നമുക്ക് കളികള്‍ വേണ്ടാ .ബൂലോകര്‍ക്കെല്ലാം ഞങ്ങളുടെ ക്രിസ്മസ് ആശംസകള്‍ .
ഇവിടെ ഉള്ള അംഗങ്ങള്‍ എല്ലാം ആല്‍ത്തറയില്‍ ക്രിസ്മസ് പോസ്റ്റുകള്‍ നല്കി സഹകരിക്കണം .ഇനിയും കുറച്ചു നാളുകള്‍ കൂടി മാത്രം ക്രിസ്ത്മസ് എത്തി .
ആയതിനാല്‍ എല്ലാവരും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു .ക്രിസ്ത്മസ് ഗാനങ്ങള്‍ ,തമാശകള്‍ ,ഓര്‍മ്മകള്‍ എല്ലാം ഇവിടെ പങ്ക് വെയ്ക്കാം .
നിരക്ഷരാ ..നല്ല ബാല്യകാല ഓര്‍മ്മകള്‍ .
ക്രിസ്മസ്സ് മംഗളങ്ങള്‍ നേരുന്നു...
:):)
കഥയോ അതോ ഓർമ്മക്കുറിപ്പോ? രണ്ടായാലും നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു മാഷേ..
ഇതിലെ അച്ഛൻ ആളൊരു പുലിയാണല്ലോ..:)
ഉഗ്രനായി നിരച്ചരാ! കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍...
ഒരു നക്ഷത്രം തൂക്കുന്നതില് കവിഞ്ഞൊന്നും ഓര്‍ക്കാനില്ല എനിക്ക്.
ക്രിസ്സ്മസ് അടുത്തെത്തിയത് ഇത് വായിച്ചപ്പഴാ മനസ്സിലെത്തിയത്. നിരക്ഷരാ ഇത് കഥ തന്നെയല്ലേ.
ഏവര്‍ക്കും അഡ്വാന്‍സായിട്ട് ക്രിസ്സ്മസ്സാശംസകള്.
ആല്ത്തറയിലിനി ഓരോരുത്തരും ക്രിസ്സ്മസ്സ് അനുഭവങ്ങളും കഥകളുമായി വരുമെന്ന് പ്രത്യാശിച്ചുകൊണ്ട്...
I didn't read many Christmas stories...
Dickens' "A christmas carol" is the one I like most....
Yours is the second best Christmas story I ever read :-)
പണ്ടൊക്കെ ക്രിസ്തുമസ് രാത്രികളിൽ പള്ളികളിൽ നിന്നും ഗായക സംഘം എത്തുന്നതും നോക്കി ഇരിക്കുമാായിരുന്നു.ദൈവം പീറക്കുന്നു മനുഷ്യനായ് ബേത്ലഹേമിൽ എന്നൊക്കെ അവർ താളത്തിൽ പാടുമ്പോൾ കൂടെ പാടാൻ.പാട്ടു കഴിഞ്ഞു പോകുമ്പോൾ ക്രിസ്മസ് അപ്പൂപ്പൻ തരുന്ന മിഠായികൾക്ക് എന്തൊരു മധുരം ആയിരുന്നു.ഇപ്പോൾ ഇങ്ങനെ ക്രിസ്മസ് കരോൾ പോലും വരണില്ല.
ഓർമകൾ നന്നായി
കൊള്ളാം...നല്ല എഴുത്ത്. അപ്പച്ചന് ക്രിസ്തുമസിന്റെ അന്ന് തന്നെ ബിംബങ്ങള്‍ തന്ന കാരണം ക്രിസ്തുമസ് അടിച്ച് പൊളിച്ചുവല്ലെ.
അപ്പച്ചന് കൈലി ഉടുത്താണോ പോയി ബെന്‍സ് കാര്‍ വാങ്ങിയത്?
ക്രിസ്തുമസ്, നവവത്സര ആശംസകള്‍..
പഴമ്പുരാണംസ്
മനോജ്ചേട്ടാ നന്നായിരിക്കുന്നു.
അവസാനം ചെറുതായി ഒന്ന് കണ്ണ് നിറഞ്ഞു, കാരണം ഞങ്ങളുടെ ചെറുപ്പകാലത്തും ഇതു പോലെ പുല്‍ക്കൂട് ഒക്കെ ഉണ്ടാക്കുമായിരുന്നു. ആ ഓര്‍മ്മകളിലേക്ക് ഞാനും ഒന്ന് മടങ്ങിപ്പോയി, അവസാനത്തെ മനോജ്ചേട്ടനുണ്ടായ ആ സന്തോഷം എനിക്ക് ഇപ്പോഴും ഈ പോസ്റ്റിലൂടെ അനുഭവിക്കാന്‍ പറ്റുന്നുണ്ട്. നല്ല അവതരണം , എത്ര അഭിനന്ദിച്ചാലും മതിവരുന്നില്ല.
മനോജ് ചേട്ടനും കുടുംബത്തിനും എല്ലാവിധ ക്രിസ്തുമസ്സ് ആശംസകളും മുന്നമേ അറിയിക്കട്ടെ.
ഒരുകാര്യം പറയാന്‍ വിട്ടുപോയി.ഇതുപോലെ ഒരു നല്ല അഛനെ കിട്ടിയ മനോജ്ചേട്ടന്‍ ഭാഗ്യവാനാ അല്ലേ???
ഇത് കഥയാകാന്‍ വഴിയില്ല.
നന്നായി അമ്പാടീ....
നീരൂ, വളരെ ഹൃദ്യം.
അങ്ങനൊരു അച്ഛനെ കിട്ടിയത് ഭാഗ്യമല്ലേ.
ഇവിടൊക്കെ ക്രിസ്മസ്സ് വരുമ്പോള്‍ നക്ഷത്ര വിളക്ക് തൂക്കും. പിന്നെ ചില വര്‍ഷം ക്രിസ്മസ്സ് ട്രീ ഒരുക്കും, ചിലപ്പോള്‍ പുല്‍ക്കൂടും.
ക്രിസ്മസ്സ് എന്നും വല്ലാത്തൊരനുഭൂതിയാണ് എനിക്ക്. ഡിസംബറിലെ മഞ്ഞും കുളിരുമുള്ള രാവുകളും, കരോള്‍ ഗാനങ്ങളും, ക്രിസ്മസ്സ് രാവിലെ തണുത്ത നിലാവും, ആ നിലാവത്ത് പള്ളിയില്‍ പോകുന്ന ആള്‍ക്കാരും...
ഞാന്‍ ഉറങ്ങാതെ നോക്കി നില്ക്കും....
"അച്ഛന്റെ ചുണ്ടിന്റെ കോണില്‍ ഞാനപ്പോള്‍ വ്യക്തമായി തെളിഞ്ഞുകണ്ടു. ഒരു ചെറുപുഞ്ചിരി, ഒരു കള്ളച്ചിരി"
സന്തോഷം ഹൃദയത്തിലും മിഴികളിലും ഒരു പോലെ നിറഞ്ഞു.
കൂടുതല്‍ എന്തു പറയാന്‍...?
ക്രിസ്തുമസ്സിന്റേയും പുതു വര്‍ഷത്തിന്റേയും മുന്‍ കൂര് ആശംസകള്‍
നീരുവിന്റെ ബാല്യകാല സ്മരണ നന്നായി...
ആശംസകള്‍.....
വളരെ മനോഹരമായിരിക്കുന്നു നീരൂ.
നല്ല ഓര്‍മ്മ.
This is very nice.
ഇഷ്ടപ്പെട്ടു..ഒരുപാടൊരുപാട്.
നല്ല അച്ഛന്!
എല്ലാ അച്ഛന്മാരും ഇങ്ങനെയൊക്കെ ആണല്ലേ?
ഒരുപാടു കൊതിച്ചിട്ടുണ്ട്,ഇങ്ങനെ ഒരു അച്ഛന്റെ സ്നേഹം കിട്ടാന്‍ വേണ്ടി.
മനോജ് ഒരു സെയിം പിച്ച്. ഈ പുല്‍ക്കൂട് ചെറുപ്പത്തില്‍ എന്നേയും വളരേ ആകര്‍ഷിച്ച ഒരു സംഭവമാണു. തൊട്ടടുത്തൊന്നും ഒരു ക്രിസ്റ്റ്യന്‍ കുടുംബവും താമസമില്ലാത്ത എന്റെ ലോകല്‍ ഏരിയായില്‍ ഞാനുണ്ടാക്കി തുടങ്ങിയ പുല്‍ക്കൂടിനു പ്രചോദനം കുറേ ദൂരേയുള്ള ക്രിസ്റ്റ്യന്‍ കുടുംബങ്ങളിലെ മനോഹരമായ പുല്‍ക്കൂടുകളായിരുന്നു. ഞങ്ങള്‍ കുട്ടികളുടെ ആഘോഷങ്ങള്‍ക്ക് ഒരു മുടക്കവും വരുത്താത്ത അച്ഛനുമമ്മയും ചോദിച്ചപ്പോഴേ പുല്‍ക്കൂട് സെറ്റ് വാങ്ങാന്‍ കാശ് തന്നു. ഞാനതു വാങ്ങിയത് മൂഞ്ഞേലിക്കടയില് നിന്ന്. അഞ്ചാം ക്ലാസ്സില്‍ തുടങ്ങിയ ആ ശീലം ഞാന്‍ യു.കെ.യിലേക്കു പോരും വരെ എല്ലാ വര്‍ഷവും ഉണ്ടായിരുന്നു. ഞാനും ബ്രെദേഴ്സും കൂടി ഇതെല്ലാം ചെയ്യുന്നത് ക്രിസ്തുമസ്സിനു തലേ രാത്രി അയല്‍വക്കത്തെ കുട്ടികളെല്ലാം ഉറങ്ങിക്കഴിഞ്ഞാണ്. നിറയേ അലങ്കാരങ്ങളുമൊക്കെയായി. പിറ്റേ ദിവസം ഇതു കാണാനെത്തുന്ന അയല്‍വക്കത്തെ കുട്ടികളിലെ അത്ഭുതം തന്നെയാണ് പിന്നീട് ഞങ്ങളെ രസിപ്പിച്ചിരുന്നതും. അതു അവര്ക്കയുള്ളതായി പില്ക്കാലങ്ങളില്. ഇപ്പോള്‍ ഞങ്ങളുടെ അയല്‍വക്കത്തുള്ള ഹിന്ദുഫാമിലിയിലെ കുട്ടികളും ക്രിസ്തുമസ്സിനു പുല്ക്കൂടുണ്ടാക്കുന്നു.
നിരക്ഷരാ....
എഴുത്ത് കൊള്ളാം
പിന്നേയ്... ക്രിസ്ത്യാനിയല്ലെങ്കിലും ഞങ്ങളും നക്ഷത്രവിളക്കുകളും കേക്കും ഉണ്ടാക്കാറുണ്ട്. ജാതിയും മതവും ഏതായാലെന്താ... ആഘോഷങ്ങൾ അടിച്ചു പൊളിക്കണം. അത്ര തന്നെ. ക്രിസ്തുമസ്സ് ആശംസകൾ!
ആല്‍ത്തറയിലെ കൃസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി തട്ടിക്കൂട്ടിയ ഒരു സംഭവമാണിത്. ചില ഓര്‍മ്മക്കുറിപ്പുകള്‍ കയറി വന്ന ഒരു കഥയെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ഇല്ലത്തൂന്ന് പോയി അമ്മാത്ത് എത്തിയുമില്ല എന്ന് ചുരുക്കം. വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.
തൂലികാ ജാലകം:- ഞാനും കൃസ്ത്യാനിയൊന്നുമല്ല. പക്ഷെ അങ്ങിനെയൊരു പദം പോലും ഈ പോസ്റ്റില്‍ വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ജാതിയും മതവുമൊക്കെ വേര്‍തിരിച്ചറിയാതെ നിഷ്ക്കളങ്കമനസ്സോടെ അയല്‍ക്കാരുടെ ഒപ്പം എല്ലാത്തരം ആഘോഷങ്ങളിലും പങ്കെടുത്തിരുന്ന ആ നല്ല്ലകാലം നമുക്കും നമ്മുടെ കുട്ടികള്‍ക്കും ഇന്ന് നഷ്ടമായിരിക്കുന്നു. അതാണ് ബാക്കിനില്ക്കുന്ന ഏക സങ്കടം.
താങ്കള്‍ പറഞ്ഞതുതന്നെ ഞാനും ആവര്‍ത്തിക്കുന്നു.
ജാതിയും മതവും ഏതായാലെന്താ ?ആഘോഷങ്ങൾ അടിച്ചു പൊളിക്കണം. അത്ര തന്നെ. എല്ലാം മതങ്ങളും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണ്. കൃഷ്ണനും, കൃസ്തുവും, നബിയുമൊക്കെ അവതരിച്ചതും മനുഷ്യനന്മയ്ക്ക് വേണ്ടിത്തന്നെ. ഇപ്പറഞ്ഞതൊക്കെ തേഞ്ഞ
പ്രയോഗമാണെന്നറിയാം. എന്നാലും ഇന്നത്തെ നമ്മുടെ സാഹചര്യത്തില്‍ പറയാതെ വയ്യ.
എല്ലാവര്ക്കും ഒരിക്കല്‍ക്കൂടെ ക്രിസ്തുമസ്സ് ആശംസകൾ!
Post a Comment