“നീ എങ്ങോട്ടാ പോയേ?”
ഞാന്‍ ഒരിക്കലേ പേടിച്ചുള്ളു. അന്നു ശരിക്കും പേടിച്ചു. ചുമ്മാ ഞഞ്ഞാ പിഞ്ഞാ പേടിയല്ല. ശരിക്ക് പേടിച്ചത് ഇന്നും നല്ല ഓര്‍മ്മയുണ്ട് ..സിസ്റ്റര്‍ ഓളഗായുടെ ക്യാറ്റികിസം ക്ലാസ്സ്. സിസ്റ്റര്‍ വരാന്‍ താമസിച്ചു. കുട്ടികളല്ലേ, കലപിലയാണു അവിടെ... ഞങ്ങളുടെ ക്ലാസ്സ് റോഡരുകിലാണ് . അവിടെ ജനലില്‍ കൂടി നോക്കിയാല്‍ പള്ളി കാണാം.നോക്കുമ്പോള്‍ ഒരു ശവമടക്കാണ് അതിന്റെ ആളുകള്‍ പള്ളിയി ലേക്ക് പോയി കൊണ്ടിരിക്കുകയാണ്. നല്ലപോലെ കാണാന്‍ വേണ്ടി ഞാന്‍ ഡസ്കിന്റെ പുറത്ത് കയറി നിന്നു. ക്ലാസ്സിലുള്ള മിക്കവരും ജനലരുകില് തടിച്ചു കൂടി പുറത്തേക്ക് നൊക്കി നില്ക്കുമ്പോളാണു സിസ്റ്റര്‍ വരുന്നത് . താഴെ നിന്നവര്‍ക്ക് വേഗം സ്വന്തം സ്ഥലത്തു എത്താന്‍ പറ്റി.എന്റെ ശ്രദ്ധ മുഴുവന്‍ പുറത്തേക്കാണു ഞാന്‍ ശവമടക്കിന്റെ വിശദാംശം കിട്ടാന്‍ വേണ്ടി.... , സിസ്റ്റര്‍ വന്നതു ഞാനറിയുന്നില്ലാ. എന്റെ തൊട്ടടുത്ത് ബഞ്ചിന്റെ മുകളില്‍ ആണു ജൊയിസ് ..സിസ്റ്റര്‍ അടുത്ത് എത്തി "നോക്കണം നോക്കണം പെണ്‍കുട്ടികള്‍ ചെയ്യാന്‍ പാടുണ്ടോ ഇങ്ങനെ? "....
സിസ്റ്റര്‍ ദേഷ്യത്തിലാണേല്‍ ഡബിള്‍ ബെല്ലു കൊടുക്കുമ്പോലേ നോക്കണം നോക്കണം വരും ....ഒരു വല്ല്യ പെരുന്നാളിനുള്ള വകയായി....ഞാനും ജോയിസ്സും താഴെ എത്തി സിസ്റ്റര്‍ ഞങ്ങളെ നോക്കിയ നേരത്തു ബാക്കി മാലാഖാ കുഞ്ഞുങ്ങളെല്ലാം സീറ്റു പിടിച്ചു ..സിസ്റ്റര്‍ വലതു കൈയുടെ ചുണ്ടുവിരല്‍ വാതിലിനു നേരെ ചൂണ്ടി. "ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്....ഹും ബോത് ഓഫ് യൂ " ...
ഇതപ്പീലില്ലാ അച്ചാപോറ്റി ഒന്നും എല്ക്കില്ലാ ..ക്ലാസ്സ് റ്റീച്ചറും . സയന്‍സ് റ്റീച്ചറും എല്ലാം പുള്ളിക്കാരി തന്നെ. പയ്യെ പുറത്തു വന്നു, കൂടുതല്‍ ദ്വേഷ്യം പിടിപ്പിക്കണ്ടാ. വെളിയില്‍ വന്നു. അപ്പൊ സിസ്റ്റര്‍ പിറകെ വന്നു ക്ലാസ്സിന്റെ വാതിക്കല്‍പോലും കണ്ടു പോകരുതെന്നാ സുഗ്രീവാജ്ഞാ....ഞങ്ങള്‍ നടന്ന് കോറിഡോറിന്റെ അറ്റത്ത് പോയി നില്പായി...
ആപ്പൊ പുറത്തു ശവമടക്കിന്റെ പ്രാര്‍ത്ഥന കേള്‍ക്കാം .. ഞാന്‍ നോക്കുമ്പോള്‍ ജോയിസ്സ് ഭയങ്കര കരച്ചില് .അവള് അങ്ങനാ. ആരേലും ഒന്നു കണ്ണുരുട്ടിയാല്‍ അവളുടനേ കരഞ്ഞിരിക്കും...ഞാനാണേല് ചുറ്റും നോക്കുവാ. എന്റെ അനിയത്തി (സ്കൂളിലെ ഗുഡ് ബുക്കില്‍ ഫ്രണ്ട് പേജില്‍ പേരുള്ളവള്) ഞാനീ ക്ലാസ്സിനു കാവലു നിക്കുന്ന കണ്ടാല്‍ ..പിന്നത്തെ കഥയാ കഥ . ഞാനങ്ങനെ ഉയിരു കൈയില്‍ പിടിച്ചു നിക്കുമ്പൊഴാ ഈ കരച്ചില് ...
"ആ ചത്തത് ആരാന്നു പോലും നിനക്കറിയില്ലാ പിന്നെ കരേന്നതു എന്തിനാ?" ഞാനിങ്ങനെ ചോദിച്ചപ്പോള്‍ ജൊയിസ്സ് ചിരിച്ചു ......പെട്ടെന്നാ അവളുടെ ചോദ്യം
"ഡെയ്.... മരിച്ചവരു എങ്ങോട്ടാപോണേ?"..
ഒരു മാതിരി സൂര്യനു താഴെയുള്ള എല്ലാ കാര്യത്തിനും ഉത്തരം അറിയുന്ന പ്രായമാണേ ....പക്ഷേ ഈ ചോദ്യത്തില്‍ ഇത്തിരി ഒന്നു പകച്ചു. തൊട്ടപ്പുറത്തുനിന്നു ശവമടക്കിന്റെ പ്രാര്‍ത്ഥന....ഇന്നു ഇനി സിസ്റ്റര്‍ പറയാന്‍ പോണ ശിക്ഷാവിധി ..ഗാര്‍ഡിയനെ കൊണ്ടുവന്നിട്ട് ക്ലാസ്സില്‍ കയറിയാ മതി അല്ലേല്‍ ഇമ്പൊസിഷ്യന്‍. ഏതായാലും വല്യാ പെരുന്നാളു തന്നെ.പക്ഷേ മറുപടി പറയണമല്ലോ അതിങ്ങനെയായി ...
"എനിക്കറിയില്ലാ ഒരു കാര്യം ചെയ്യാം... നീയാ ആദ്യം മരിക്കുന്നതെങ്കില്‍ നീ എന്നോട് വന്നു പറാ. അല്ലാ ഞാനാ ആദ്യം മരിക്കുന്നതെങ്കില്‍ ഞാന്‍ നിന്നോട് വന്നു പറയാം.... "അന്നു രാതി തന്നെ മരിച്ചു കിട്ടണ്ടതു എന്റെ ആവശ്യമാണു.. അന്ന് ഇന്നു പറയുന്ന പോലെ ടെന്‍ഷന്‍ എന്നൊന്നും പറയാന്‍ അറിയില്ലാ ..പക്ഷേ ആരോ തൊണ്ടക്കു കുത്തി പിടിച്ചപോലെ അല്ലെങ്കില്‍ വയറിനുള്ളില്‍ എലി ഓടുന്നപോലെ, കൈയും കാലും തണുക്കും. വായില്‍ വെള്ളമില്ലാ. ഒക്കെ കൂടെ ഒരു വല്ലായ്ക തോന്നും. ശിക്ഷകിട്ടും ഒറപ്പു . ഇന്നി സ്കൂളില്‍ പോകണ്ടാ എന്നാവും ചിലപ്പൊ,അപ്പൊ പിന്നെ മരിക്കുന്നതാ ഭേതം, ബാക്കി കാര്യങ്ങള്‍ .......
"അതു ശരിയാ അതോടെ അറിയാമല്ലൊ " ജൊയസിന്റെ അഭിപ്രായം പറച്ചിലാ. അപ്പോഴേക്ക് ബെല്ലടിച്ചു. അവസാനത്തെ പീരിഡാണു ..ഓടി ക്ലാസ്സില്‍ പോയി ബാഗും കുടയും ആയി പയ്യെ പുറത്തിറങ്ങി.സിസ്റ്റര്‍ അവിടെ എങ്ങും ഇല്ലാ, ഭാഗ്യം, ഇന്ന് അപ്പൊ ത്രിശങ്കു സ്വര്‍ഗ്ഗത്തിലാ ..നാളെ ക്ലാസ്സില്‍ കയറ്റത്തില്ല ഒറപ്പ് ... പയ്യെ നീങ്ങി ഇന്ന് ഏതായാലും മമ്മിടെ മുന്നില്‍ പ്രശ്നം അവതരിപ്പിക്കണ്ടാ, നാളത്തിടം നാളെ , വീട്ടിലേക്കു പോകും വഴിക്കു തന്നെ ഒരു വല്ലാത്ത വയറുവേദന, അതിപ്പൊ കുടെകൂടെ വരുന്നു ..ഞാന്‍ റിക്ഷയിലിരുന്നു കരയാന്‍ തുടങ്ങി ...അതു വയറു വേദന കൊണ്ടാണോ സിസ്റ്റര്‍ ക്ലാസ്സിന്ന് ഇറക്കി വിട്ടതിന്റെ ഭവിഷ്യത്ത് ഓര്‍ത്തിട്ടാണോ???
അറിയില്ലാ... വീടെത്തി ..ചേച്ചി കരയുവാ വയറു നോവുന്നുന്ന് മമ്മി എത്തീട്ടില്ല . അന്നചേടത്തി വന്നു ആകെ ഒരവലോകനം നടത്തി ഉച്ചക്കു ഉണ്ടൊ? ഘനഗംഭിരമായിട്ടുള്ള ചോദ്യം അന്നചേടത്തിയുടെ തിയറി പ്രകാരം വയറു നിറച്ചു ചോറുണ്ടില്ലാങ്കിലാ എല്ലാ രോഗവും വരുന്നേ. അന്നചേടത്തി ഇതിനോടകം ഇഞ്ചിയും നാരങ്ങായും ജീരകവെള്ളവും ഒക്കെയായി ചികത്സാ തുടങ്ങി .ആ നേരത്താണ് മമ്മിയുടെ വരവ് എന്റെയുള്ളില്‍ പേടിയുണ്ട് , ഒരു വശത്ത് വയറുവേദനയും. ഇത്രയുമായപ്പോള്‍ എന്റെ കരച്ചില് പൂര്‍വ്വാധികം ഉച്ചത്തില്‍ ആയി. പിന്നെ ബോധം കെട്ടു വീണു ...അപ്പോഴേക്ക് ഡോക്ടറുടെ അടുത്തെത്തിച്ചു , അപ്പന്റിക്സ എന്നു വിധി പിറ്റേന്ന് ഓപ്പറേഷന് ..ഭഗവാനേ ഓരോരോ മായാവിലാസങ്ങളേ!
പിന്നെ വിട്ടിലിരിപ്പായി ഏകദേശം 3 ആഴ്ചക്കു ശേഷം സ്കൂളില്‍ എത്തിയപ്പോള്‍ ആദ്യം തിരക്കിയതു ജോയിസ്സിയെ ആണു അവള് മഞ്ഞപ്പിത്തമായിക്കിടപ്പിലാണു,അന്നത്തെ ഗറ്റൌട്ട് അടിക്കുശേഷം അവള് സകൂളില്‍ വന്നിട്ടില്ല്ലാന്നറിഞ്ഞു. ഞാന്‍ അന്നു വീട്ടിലേക്ക് പോയപ്പോള്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാന്‍ ഒക്കാഞ്ഞതിന്റെ വ്യസനം ഉണ്ടായിരുന്നു..
പിറ്റേന്ന് സ്കൂളില്‍ എത്തിയപ്പോള്‍ ആണു ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞതു .ജോയിസി മരിച്ചു..... കറുത്ത ബാഡ്ജ് കുത്തി എല്ലാവരും അവളുടെ വീട്ടില്‍ പോയി. അന്നു ക്ലാസില്ലായിരുന്നു. ഞങ്ങള്‍ അവളുടെ വീട്ടിലെത്തി ...കത്തിച്ചു വച്ച സാമ്പ്രാണിയുടെയും പിച്ചിപ്പൂവിന്റെയും ഒക്കെ കൂടിയ ഒരു ഗന്ധം, വെള്ള ഉടുപ്പിട്ട് ആ പെട്ടിയില്‍ കിടന്ന ജോയിസിയുടെ കാല്ക്കല് ഞാന്‍ നിന്നു. അവളുടെ മുഖത്തു നിന്ന് ആ പുഞ്ചിരി മാഞ്ഞിട്ടില്ലാ, ഉറങ്ങുന്നപോലെ....അവളുടെ വാക്കുകള്‍ അപ്പോഴും എന്റെ കാതില്‍ മുഴങ്ങുകയായിരുന്നു,
"മരിച്ചാ നമ്മള് എങ്ങോട്ടാ പോവുകാ".....
ഞാന്‍ അപ്പൊ ചോദിച്ചു "നീ എങ്ങോട്ടാ പോയേ?"
അവളുടെ കാല്ചുവട്ടില് ഞാന്‍ എത്രനേരം നിന്നു എന്നെനിക്കറിയില്ലാ...
ടീച്ചര്‍ വിളിച്ചു തിരിച്ചു നടക്കുമ്പോള്‍ ഇനി അവളില്ലാന്നു വിശ്വസിക്കാന്‍ എനിക്കായില്ലാ..
പിറ്റേന്നായിരുന്നു അടക്കം അന്നു ഞാന്‍ സ്കുളില്‍ പോയില്ലാ...
എനിക്ക് നല്ല പനിയും ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ നേരം. ഞാന്‍ മുറിയില്‍ കിടക്കുവാണ് . വീട്ടില്‍ മറ്റാരുമില്ലാ. അന്നചേടത്തി വന്നു പറഞ്ഞു
"കുഞ്ഞേ മഴക്കോളൊണ്ട്, ഞാന്‍ പശുവിനെ അഴിച്ചോണ്ട് വരട്ടെ",ഓ ഇനി പശുവിനെ കൂട്ടില്‍ കെട്ടി അതുമായി കൊച്ചുവര്‍ത്താനവും പറഞ്ഞു അന്നചേടത്തി തിരിച്ചു വരാന്‍ ഏറ്റം കുറഞ്ഞതൊരു മണിക്കൂര്‍. ഞാന്‍ ഓര്‍ത്തു. പെട്ടന്നു ആകെ ഇരുട്ടായി. ഒരു വല്ലാത്ത കാറ്റും, എന്റെ മുറിയുടെ ജനല്‍ വല്ലാതെ ആഞ്ഞടിച്ചു. കാറ്റ് ഉള്ളിലേക്ക് വരാന്‍ തുടങ്ങി. ഞാന്‍ ജനല്‍ അടക്കാന്‍ എണീറ്റു. എന്റെ ജനലില്‍ കൂടി നോക്കിയാല്‍ നേരേ കാണുന്നത് ഒരു പ്ലാവ് ആണു, ഞാന്‍ നോക്കുമ്പോള്‍ പ്ലാവിന്റെ ചുവട്ടില്‍ ആള്‍രൂപത്തിലല്‍ ഒരു വെട്ടം! ഞാന്‍ ജനലഴിയില്‍ പിടിച്ചു കൊണ്ടങ്ങനെ നിന്നു, അതൊരു പ്രത്യെകതരം കാറ്റ്, ഞാന്‍ അന്നു വരെയൊ, അതിനു ശേഷമൊ അത്തരം ഒരു കാറ്റ് കണ്ടിട്ടില്ലാ, ജനലിലേക്ക് ആഞ്ഞടിക്കുന്ന കാറ്റില്‍ ഒരിലപോലും പറന്നു വരുന്നില്ലാ, ആ വെളിച്ചം എന്റെ തൊട്ടടുത്ത് ജനലഴിക്കപ്പുറം. അതാ മുഖം മാത്രം തെളിയുന്നു, ബാക്കി മുഴുവന്‍ ഒരു പുകപോലെ, അതെ വെള്ള കട്ട പുക,
( ഇതെഴുതുമ്പോള്‍ അന്നു കണ്ടത് അതേ പോലെ ഞാന്‍ ഓര്‍ക്കുന്നു)....
ജോയിസി, അവള് നിന്നു ചിരിക്കുകയാണ്. ഒരു വല്ലാത്ത തണുപ്പ് അവളില്‍ നിന്ന് വരുന്നു ..
അവള് എന്നെ തന്നെ നോക്കി എന്റെ അടുത്ത്.
" ജോയിസി ...നീ..."
ഞാന്‍ വാക്കുകള്‍ കിട്ടാതെ .. അവള് ഏതോ ദൂരെ നിന്ന് സംസാരിക്കും പോലെ ഒരു തരം എക്കൊ.......
"ഞാ ന് വ രാ മെ ന്ന് പ റ ഞ്ഞ ത ല്ലേ അ താ വ ന്നെ"........
ഇപ്പോള്‍ കാറ്റില്ലാ പക്ഷേ അവള് കാറ്റില്‍ ആടുന്ന തീനാളം പോലെ തലക്കു കീഴ്പ്പോട്ടുള്ള ഭാഗം ആടി ഉലയുകയാണ്. എനിക്ക് അപ്പോള്‍ പേടിയല്ലാ..... പക്ഷേ എന്തോ ഒരു അരുതാഴികാ അനുഭവപ്പെട്ടു,ആരേലും വന്നാലോ? എന്നതു തന്നാരുന്നു ആദ്യത്തെ ചിന്താ. ഞാന്‍ പറഞ്ഞു.
"നീ പോ പോ.... ആരേലും വരും പിന്നെ വാ "
അതു കേട്ടപ്പോ വല്ലാത്ത ഒരു ഭാവഭേദത്തോടെ അവള് എന്നെ നോക്കി. ഒന്നും പറഞ്ഞില്ലാ...
പയ്യെ അവള് ഞാന്‍ നോക്കി നില്‍ക്കെ ആ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു, പിന്നെ കാറ്റടിച്ചില്ലാ , മഴയും പെയ്തില്ലാ.
അപ്പോഴേക്ക് അന്നചേടത്തി ഓടികിതച്ചെത്തി.
"ഹൊ എന്റെ കുഞ്ഞേ എന്നാ കൊടും കാറ്റാ, ആണ്ട് ജനലരുവിപ്പോയി നിക്കുവാരുന്നോ പനീം വച്ചോണ്ട്.... ഹോ ഈ മുറീല് എന്നാ തണുപ്പാ ജനല്‍ തൊറന്നിട്ടിട്ടാ .ഇങ്ങോട്ട് മാറിക്കേ ഞാനതടക്കട്ടെ..."
ഞാന്‍ ആ പ്ലാവിന് ചുവട്ടിലേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു.
"ഈ കുഞ്ഞിനെന്നാ പറ്റി?" അന്നചേടത്തി എന്നെ പിടിച്ചു കൊണ്ട് കിടത്തി ജനല്‍ അടക്കാന്‍ തുടങ്ങി .
"വേണ്ടാ അന്നചേടത്തി ജനല്‍ അടക്കണ്ടാ ഇപ്പോ കാറ്റില്ലല്ലൊ." ഞാന്‍ പറഞ്ഞു ..
അന്നചേടത്തി പുറത്തേക്ക് നോക്കിട്ട് പറഞ്ഞു.
"നേരാ ഇപ്പൊ കാറ്റില്ലാ ...ന്നാലും എന്നാ ഒരു കാറ്റാരുന്നു..."
പിറുപിറുത്തു കൊണ്ടവര്‍ മുറി വിട്ടു പൊയി.....അന്ന് അവള് വന്നു. പറഞ്ഞ വാക്ക് പാലിക്കാന്‍. പക്ഷേ ഞാന്‍ അവള് പറയാന്‍ വന്നതു കേട്ടില്ലാ ....പിന്നെ ഒരിക്കലും അവള് എന്നെ കാണാന്‍ വന്നുമില്ലാ. പക്ഷെ ഇത്ര വര്‍ഷത്തിനു ശേഷവും എനിക്ക് അവളുടെ വരവ് മറക്കാന്‍ പറ്റുന്നില്ലാ..
ഞാന്‍ എന്നോടും അവളൊടും ഇന്നും ചോദിക്കുകയാണ്.............
"നീ എങ്ങോട്ടാ പോയേ?" ……
ചിത്രത്തിന് കടപ്പാട് ഗൂഗിള്‍
52 comments:
ജോയിസിയെ
മറക്കാന്‍ കഴിയില്ല.....
മരണം കൊണ്ട് മനുഷ്യജീവന് തീരുന്നില്ല... മരണമൊരു കവാടം മാത്രം....
ആദ്യം ഒരു തേങ്ങ അടിക്കട്ടെ എന്നിട്ടു വായിക്കാം...
ഇല്ലെങ്കില്‍ വല്ലവരും കയറിയടിച്ചാലോ...
ഇന്നാ പിടിച്ചോ... ഠേ...
നന്നായിരികുന്നു...ചേച്ചീ.....ഓര്‍മ്മകള്‍ ...ഓര്‍മ്മകള്‍ ആയിതന്നെ ഇരിക്കട്ടെ.....
""നീ എങ്ങോട്ടാ പോയേ?""
ചേച്ചീ,
അതൊരു ചോദ്യമാണ്, വലിയൊരു ചോദ്യം.
അതിനുത്തരം ഇതുവരെ കിട്ടിയിട്ടുമില്ലെന്നു തോന്നുന്നു.
പാതിരാവരെ കുത്തിയിരുന്നു സിനിമ കണ്ടേച്ചു കിടക്കാന്‍ പോവുകയാണ്. ചിലപ്പോള്‍ ഇന്നും ജോയിസി ഇവിടെ വരുമായിരിക്കും.
"മരിച്ചാ നമ്മള് എങ്ങോട്ടാ പോവുകാ".....
ഞാന്‍ അപ്പൊ ചോദിച്ചു
"നീ എങ്ങോട്ടാ പോയേ?".........
ഒരു വിങ്ങലോടെയാണ് ഇവിടന്നങ്ങോട്ട് വായിച്ചുതീര്‍ത്തത്. ഒരു പിടച്ചിലിപ്പോഴും ബാക്കിനില്‍ക്കുന്നുണ്ട്.
ചേച്ചീ....ശരത് ചന്ദ്രന് തേങ്ങ അടിക്കാന്‍ വരുന്നതിന് മുന്‍പ് ഞാന്‍ ഒരുഗ്രന്‍ തേങ്ങയും പിടിച്ചോണ്ടിവിടെ നില്‍ക്കുകയാണ്. ആ കാറ്റും മഴയും ഇവിടെയും ആഞ്ഞടിച്ചതുകൊണ്ട് എനിക്ക് തേങ്ങയടിക്കാന്‍ പറ്റിയില്ല. പക്ഷെ ഞാനിതിവിടെ അടിക്കാതെ പോകുന്ന പ്രശ്നമില്ല.
((((((((.....ഠേ.....))))))
ചേച്ചി ,
കുറച്ചു കൂടി ഷമ അന്ന് ചേച്ചി കാട്ടിയിരുന്നെങ്കില്‍ ഇന്ന് ശാസ്ത്രലോകം ലോകം തേടുന്ന ഒരുത്തരം കിട്ടിയേനെ .മരിച്ചവര്‍ എവിടയാണ് പോകുന്നത് എന്നത് ? ഇതൊരു കഥയല്ല .അനുഭവ കുറിപ്പായി എനിക്ക് തോന്നുന്നു .ഇതുപോലെ തന്നെയാണ് സെമിത്തേരിയില്‍ നിന്നും വന്ന ആ കത്തും . അതിനെ കുറിച്ച് ഒരു വാചകം പറഞ്ഞിട്ട് ഞാന്‍ നിര്‍ത്താം " ആ കത്തുകളുടെ എല്ലാം അടിയില്‍ ആ എഴുതിയ ആളിന്റെ പേരുണ്ടായിരുന്നു .വര്‍ഷങ്ങള്‍ക്കു മുന്‍പേ മരണപ്പെട്ട ,അതായത് ആ പള്ളി ഉണ്ടാകുന്നതിനും മുന്‍പേ ഒരു ഹിന്ദു കുട്ടിയുടെ ആത്മാവായിരുന്നു അത് .ചരിത്ര രേഖകള്‍ പരിശോധിച്ചപ്പോള്‍ കല്യാണി എന്നൊരു പെണ്ണ് ആ സ്ഥലത്ത് കൊല്ലപ്പെട്ടു പോലും .
ആ കഥ ഞാന്‍ ഉടനെ പറയുന്നു .
" തെയ്യം "..
കാത്തിരിക്കുക .
കാപ്പിലാനും, കുറുമാനും വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി തുടര്‍ എഴുതി സെമിത്തേരി, പ്രേതം എന്നൊക്കെപ്പറഞ്ഞ് കഷ്ടപ്പെടുത്തിയതിനിടയില് മാണിക്യേച്ചി കയറി സ്കോറു ചെയ്തത് കണ്ടില്ലേ ?
ഇതൊന്നും പോരാത്തതിന് കുറെ അമേരിക്കന്‍ പട്ടാളക്കാരെ ഞാനൊരു സെമിത്തേരീന്ന് തുറന്ന് വിട്ടിട്ടുണ്ട്. ബൂലോകം ഇനി പട്ടാളക്കാരുടെ പ്രേതങ്ങളെക്കൊണ്ട് നിറയും. രക്ഷപ്പെടാന്‍ പറ്റുന്നവര്‍ രക്ഷപ്പെട്ടോളൂ...:) :)
മണിക്യാമ്മേ;
നല്ല പോസ്റ്റ്...
കോറൊഡോറിന്റെ മുന്പില് നിന്നു, ആകസ്മികമായി പറഞ്ഞുപോയ കാര്യങ്ങള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്നു നോക്കൂ..അല്ലെ!!!
എന്തായാലും, പാവം ജോയ്സി.....
"എനിക്കറിയില്ലാ ഒരു കാര്യം ചെയ്യാം... നീയാ ആദ്യം മരിക്കുന്നതെങ്കില്‍ നീ എന്നോട് വന്നു പറാ. അല്ലാ ഞാനാ ആദ്യം മരിക്കുന്നതെങ്കില്‍ ഞാന്‍ നിന്നോട് വന്നു പറയാം....
ഈ ഒരു വാചകം മനസ്സില്‍ നിന്നു മായാതെ കിടന്നതു കൊണ്ടാണു ചേച്ചീ ,കാറ്റു വീശിയപ്പോള്‍ അവിടെ ജോയ്സി വന്നു എന്നൊരു തോന്നല്‍ ഉണ്ടായത്.നമ്മുടെ അബോധ മനസ്സിന്റെ പ്രവര്‍ത്തനമാണു അത്.ജോയ്സി ഒരു മായാ വ്യക്തിത്വമായി ചേച്ചിയുടെ മനസ്സില്‍ കുടിയേറി.അല്ലാതെ വേറൊന്നും ഇല്ല.
ഇപ്പോള്‍ ബൂലോകത്ത് പ്രേതങ്ങളേ തട്ടീട്ട് നടക്കാന്‍ വയ്യല്ലോ..ഒരു പ്രേതം എങ്കിലും എന്നെ ഒന്നു പേടിപ്പിക്കും എന്നോര്‍ത്തു ഞാന്‍ എല്ലാം ആര്ത്തിയോടേയാ വായിക്കുന്നേ..ഒരു രക്ഷേം ഇല്ലല്ലോ..ഇനി കോന്നിലം പാടത്തെ പ്രേതം എങ്ങനെ ഉണ്ടെന്നു നോക്കട്ടെ..
എന്തു തന്നെ ആയാലും കഥ കലക്കീ..ഇഷ്ടപ്പെട്ടു ട്ടോ
നൊവിച്ചുള്ള എഴുത്ത്....
മരണം അവസാനമല്ല!
കാന്താരികുട്ടി
മനുഷ്യരെ കളിയാക്കല്ലേ . പ്രേതവുമായി ഒരഭിമുഖ സംഭാഷണം വരെ നടത്തിയതാണ് ഞാന്‍ .പിന്നെ പ്രേതം മനസിന്റെ തോന്നലാണ് .എന്നെ പേടിപ്പിക്കാന്‍ പറ്റില്ല .ഓക്കേ .സമ്മതിച്ചു .ഇപ്പോള്‍ അവിടെ പകലല്ലേ ?
ഇന്ന് രാത്രി ..പെരുന്തല്‍മണ്ണ.കാന്താരിയുടെ വീട്ടുപെരെങ്ങനാ പറഞ്ഞത് ? കാത്തിരിക്ക .
ഒരു മുറൈ വന്ത് പാത്തായ...
ധോം .ധോം .ധോം ..
ഇന്ന് രാത്രി പ്രേതം വീട്ടില്‍ വരും .കട്ടായം .
ഹ ഹ ഹ കാപ്പിത്സേ..ഇന്നു രാത്രി എന്റെ വീട്ടില്‍ പ്രെതം വന്നാല്‍ ഒരു സ്പെഷ്യല്‍ സമ്മാനം ഞാന്‍ തരാം..നാളേ അറിയാല്ലോ...
മാണിക്യം.. ഓര്‍മക്കുറിപ്പ് എന്ന് പറയുന്നതിലും നല്ലത് മനസ്സിന്റെ വിങ്ങല്‍ എന്ന് പറയാനാണെനിക്കിഷ്ടം. ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത് മനസ്സില്‍ മായാതെ നില്‍ക്കുന്നത് ആ ഓര്‍മയുടെ തീവ്രത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കി തന്നു. ഇത് വായിക്കുന്നവര്‍ക്കും ഇനി ജോയിസിയെ മറക്കാന്‍ പറ്റുമെന്ന് തോന്നുന്നുല്ല.
ഓ.ടോ.
ഇത്തരം പോസ്റ്റുകള്‍ക്കു പോലും മല്‍സരിച്ച് "തേങ്ങാ ഉടക്കുക" എന്നതിന്റെ ഔചിത്യം ശരിക്ക് മനസ്സിലാകുന്നില്ല.
ആന്റി എന്നാലും ജോയ്സിയ്ക്ക് ഒരു ചാന്‍സ് കൊടുത്തില്ലല്ലോ.........
മനസ്സില്‍ ഒരു വിങ്ങലായ്യി ജോയ്സി........
ഓ.ടോ. കാപ്സ് എന്താണ് പെരിന്തല്‍മണ്ണയില്‍ കയറൊ ഒരു കളി ?
ഖത്തറിലെ വേനല്‍ക്കാലം പതുക്കെ പതുക്കെ വിട വാങ്ങുകയാണ്. അതിനിടയിലാണ് ഈ കാറ്റും കോളും സമ്മാനിച്ച് മാണിക്യം വന്നത്. തുറന്നു പറയട്ടെ, മാണിക്യത്തിന്റെ ബ്ലോഗുകള്‍ വളരെ സീരിയസ്സായി വായിക്കാറില്ല. പക്ഷെ, ഇതു ഒരു നൊമ്പരപ്പൂ പോലെ മനസ്സില്‍ കോറിയിട്ടു കടന്നു പോകുന്നു. അതെ, ഏറ്റവും നല്ല രചനകള്‍ വരുന്നതു അത് ഭൂതകാലത്തെ അനുഭവങ്ങള്‍ വിവരിക്കുമ്പോഴാനെന്നു തോന്നുന്നു. നോക്കൂ, തിരുവിതാംകൂറിന്റെ മഴയും കോളും, ഇപ്പോള്‍ ഹാമില്ടനില് തകര്‍ത്തു പെയ്യുകയാണ്. ... സ്നേഹത്തോടെ, ദോഹ-ഖത്തറില്‍ നിന്നു.
സ്കൂള്‍പഠനകാലം, കുട്ടി കുറുമ്പുകള്‍, വികൃതികള്‍, സുഹൃത്ത് ബന്ധങ്ങള്‍, മരണം, ശവമടക്ക്, അറം പറ്റിയപോലുള്ള വാക്കുകള്‍ എന്നിവയെല്ലാം ചേരുവകളായുള്ള, വിത്യസ്ഥ ദിശകളില്‍ വ്യത്യസ്ഥ ഭാവങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള ഈ പോസ്റ്റിന്റെ ഒഴുക്ക് വളരെ നന്നായിരുന്നു പക്ഷെ അതേ സമയം തന്നെ ജോയിസിയുടെ മരണം വായനക്കാരില്‍ നോവുണര്‍ത്തുന്നു.
എങ്കിലും പറഞ്ഞ വാക്ക് പാലിക്കാന്‍ വന്ന ജോയിസിയോട് പോയിട്ട് പിന്നെ വരാന്‍ പറഞ്ഞത് ശരിയായില്ല :(
അനില്‍ശ്രീ - തേങ്ങാ ഉടക്കുന്ന പരിപാടിയുടെ ഔചിത്യം എന്റെ കാഴ്ച്ചപ്പാടില്‍ ഇങ്ങനാണ്. കുറച്ച് ഇഷ്ടമായ പോസ്റ്റാണെന്ന് തോന്നിയാല്‍ ശരി തേങ്ങാ ഉടച്ചേക്കാം എന്ന് തോന്നും, അത്രതന്നെ. അതിനിപ്പോള്‍ ആദ്യത്തെ കമന്റാണോന്നൊന്നും നോക്കാറില്ല. ‘ഇത്തരം പോസ്റ്റ് ‘ എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല. ബാക്കിയുള്ളവരുടെ ഔചിത്യം എന്താണെന്ന് എനിക്കറിയില്ല. ഇവിടെ തേങ്ങായടിക്കാന്‍ മത്സരം നടത്തിയത് ഞാനാണല്ലോ ? അതുകൊണ്ടാണ് അനില്‍ശ്രീയുടെ ചോദ്യത്തിന് മറുപടി പറയേണ്ടത് എന്റെ ഉത്തരവാദിത്ത്വമാണെന്ന് തോന്നിയത്. ഒരു തര്‍ക്കത്തിനോ തല്ലുപിടുത്തത്തിനോ അതുവഴി ആരുമായും ശത്രുത സമ്പാദിക്കാനോ എനിക്ക് താല്‍പ്പര്യമില്ല. എന്തായാലും ഇനി ഇത്തരം പരിപാടികള്‍ നിര്‍ത്തിയേക്കാം.
ദേ, വീണ്ടും. പ്രേതമോ, തോന്നലോ?
പഴയ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുകയാണല്ലേ.
ഓര്‍മ്മക്കുറിപ്പ് നന്നായി.
ഇക്കാര്യത്തില്‍ തല്ലു കൂടാന്‍ ഞാനുമില്ല. തേങ്ങ ഉടക്കുകയോ ഉടക്ക്കാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം. "ഇത്തരം" എന്നത് കൊണ്ട് ഉദ്ദേശിച്ചത് പറയാം. ഒരു മനസ്സിന്റെ വിങ്ങല്‍, അല്ലെങ്കില്‍ ഒരു ബാലികക്ക് തന്റെ കൂട്ടുകാരിയെ നഷ്ടപ്പെട്ടതില്‍ നിന്നുണ്ടായ ഒരു തോന്നല്‍ എന്നൊക്കെയാണ് ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. അത് ഒരു അഘോഷത്തിന്റെ ഓര്‍മക്കുറിപ്പോ, രസകരമായ ഒരു സംഭവത്തിന്റെ ഓര്‍മക്കുറിപ്പോ, വിഞ്ജാനപ്രദമായ ഒരു യാത്രാവിവരണമോ, ഒരു ഉഗ്രന്‍ കവിതയോ, ഒരു നല്ല കഥയോ, ഒരു നല്ല ലേഖനമോ ഒക്കെയായിരുന്നെങ്കില്‍ ഞാന്‍ ആ ചോദ്യം ചോദിക്കില്ലായിരുന്നു..
സുഹ്രൂത്തേ.. ശത്രുത എന്നൊക്കെ പറഞ്ഞ് ബേജാറാകേണ്ട. എനിക്ക് ആരോടും ശത്രുത തോന്നുന്നില്ല. മനസ്സില്‍ തോന്നിയത് പറഞ്ഞു എന്നുമാത്രം.
തേങ്ങയടികള് നിര്‍ബാധം തുടരട്ടെ...
അനില്‍ശ്രീ - തെറ്റിദ്ധാരണകള്‍ തിരുത്താന്‍ സഹായിച്ചതിന് നന്ദി. താങ്കള്‍ പറഞ്ഞ ‘ഇത്തരം പോസ്റ്റ് ’ എന്നുള്ളതിന്റെ വിശദീകരണം വളരെ ശരിയാണ്. ഞാനങ്ങിനെയൊന്നും ആലോചിച്ചിരുന്നില്ല. അതൊകൊണ്ട് പറ്റിയ അബദ്ധമാണ്. വിഷമിപ്പിക്കുന്ന എന്തെങ്കിലും വാക്കുകള്‍ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കിമല്ലോ ?
സസ്നേഹം
-നിരക്ഷരന്
ആല്‍ത്തറ മൊത്തം ഈയ്യിടെ പ്രേതങ്ങളും യക്ഷികളും ഒക്കെയാണല്ലോ പടച്ചോനേ! എന്നാ ഞമ്മളും ഒരു ജിന്നു കഥാവിശേഷവുമായി വന്നേക്കാം.
ഇത് കൊള്ളാംട്ടൊ. നൊമ്പരവും ഉണ്ടാക്കി.
തേങ്ങാ പൊട്ടിക്കരുത് എന്നല്ലേ നിയമം .പകരം വെടി പൊട്ടിക്കുന്നതില്‍ കുഴപ്പമുണ്ടോ അനിലേ ?
2007 -അം ആണ്ടില്‍ മാണിക്ക്യ ചേച്ചി എഴുതിയ കഥയാണ് ഈ കഥ .അതൊരു അനുഭവ കുറിപ്പായി അല്ലെങ്കില്‍ കഥയായി ഇവിടെ പോസ്റ്റ് ചെയ്തു എന്ന് മാത്രം .
ഇതുപോലെയുള്ള പല കഥകളും ആ മാണിക്ക്യ ചെപ്പില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് ചേച്ചി .ഇനിയും ഇതുപോലെ അനുഭവ കഥയായി തോന്നുന്ന കഥകള്‍ എഴുതട്ടെ എന്നാശംസിച്ചു കൊണ്ട് ഞാന്‍ ഇവിടെ ഈ അവാര്‍ഡ് കൊടുക്കുന്ന നിമിഷത്തില്‍ വെടി പൊട്ടിക്കുന്നതില്‍ കുഴപ്പമില്ലെന്ന് കരുതട്ടെ :)
ബ്ലോഗ് ഇപ്പോള്‍ ഒരു പ്രേത ഭൂമിയായി മാറിയതുകൊണ്ടാണ് ഇത് വീണ്ടും പോസ്ടിയത് .
ദ ബെസ്റ്റ് ഗോസ്റ്റ് സ്റ്റോറി ഓഫ് 2008 now ഗോസ് ടൂ മിസ്സിസ് മാണിക്ക്യം ഫ്രം കാനഡ .
ഇനിയും വെടി പൊട്ടിക്കെണ്ടാവര്ക്ക് പൊട്ടിക്കാം .
ദ ഫസ്റ്റ് വെടി പൊട്ടിക്കല്‍ ബൈ കാപ്പിലാന് :)
ട്ടേ......ട്ടേ ...ട്ടേ......ട്ടേ .......ശൂ....ശൂ ...ശൂ .........................ട്ടേ
നാല് വെടി പൊട്ടിയപ്പോള്‍ മൂന്നെണ്ണം ചീറ്റിപ്പോയല്ലോ കാപ്പിലാനേ...
ഇപ്രാവശ്യത്തെ ആല്‍ത്തറയിലെ വെടിവഴിപാട് കോണ്‍ട്രാക്ട് കാപ്പിലാന് കൊടുക്കാതിരിക്കാന്‍ അമ്പലക്കമ്മറ്റി പ്രസിഡന്റിനെ ചാക്കിടുന്നതടക്കമുള്ള എല്ലാ ശ്രമങ്ങളും ഞാന്‍ നടത്തിയിരിക്കും. തടുക്കാമെങ്കില്‍ തടുത്തോ :)
നിരക്ഷരന് വക ചെറിയ വെടി മൂന്നേ ..വലിയ വെടി നാലേ.
ഇക്കൊല്ലം ഈ തറയിലെ വെടിവഴിപാടിന്റെ കോണ്ട്രാക്റ്റ് എനിക്കാണ് നിരനെ :)
വേണേല്‍ തേങ്ങാ പൊട്ടിക്കുന്ന കോണ്ട്രാക്റ്റ് എടുത്തോളൂ .പക്ഷേ ആളിനെ നോക്കിയും കണ്ടും വേണം തേങ്ങാ പൊട്ടിക്കാന്‍ .
വളരെ നല്ല അവതരണം, എന്തായാലും കഥ മറക്കില്ല. ഇനിയും എഴുത്തുകള്‍ പോരട്ടെ....
അത് ശരി ...കാപ്പിലാന് കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി , വിഷമിച്ച്, വനിതാ മെംബറേം കൂട്ടിപ്പോയി അമ്പലം കമ്മറ്റി പ്രസിഡന്റിനെ സ്വാധീനിച്ച് ചാക്കിലാക്കി വെടിവഴിപാട് കോണ്‍ട്രാക്ട് അടിച്ച് മാറ്റി അല്ലേ ?
തേങ്ങായടിയുടെ കാണ്ട്രാക്ട് വല്യ മെച്ചമൊന്നുമില്ല കാപ്പിലാനേ. ഞാനീ അമ്പലപ്പറമ്പിലെ ഭിക്ഷക്കാരുടെ കോണ്‍ട്രാക്ട് കിട്ടുമോന്ന് നോക്കട്ടെ. സംഗതി ഒത്താല്‍ നന്നായിട്ട് തെണ്ടാനറിയുന്ന ഈണത്തില്‍ ‘അമ്മാ തായേ വല്ലതും തരണേ’ എന്ന് വിളിക്കാനറിയുന്ന കുറച്ച്പേരെ റിക്രൂട്ട് ചെയ്ത് ഞാനൊരു കലക്ക് കലക്കും. എന്താ നോക്കുന്നോ ഒരു കൈ ?
ഇത് സത്യം തന്നയോ ?.
ആവും, ആവാതിരിക്കില്ല.
വല്ലാത്തൊരു വേദന ഉണ്ടാക്കിയെങ്കിലും, മനുഷ്യന് തേടുന്ന ചില സത്യങ്ങള്‍ക്കൊരു തുമ്പ്..
പ്രേതത്തെ കാണാന്‍ പലവട്ടം ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പണ്ടൊരിക്കല്‍ ഞാനിവിടെ (ബൂലോകത്ത് 2006ല്‍) പറഞ്ഞൊരു കഥ പറയാം.
ഏട്ടന്റെ ഹോട്ടല്‍ തുറയ്ക്കുക എന്റെ ജോലിയായിരിന്നു.. (1991) എന്നും രാത്രി 3 മണിക്കാണ് ഹോട്ടലില്‍ എത്തേണ്ടത്, വരുന്ന വഴിയില്‍ വലിയൊരു പള്ളിക്കാടുണ്ട് (മുസ്ലിം ശ്മശാനം) അതിനിടയിലൂടെ 200 മീറ്ററോളം നീളമുള്ളൊരു വഴിയുണ്ട്, സാധാരണ 8 മണിക്ക് ശേഷം പോലും ഒരു ഭയാനത, സൃഷ്ടിക്കുന്ന അന്തരീക്ഷം.അവിടെ വെച്ച് പലരും പ്രേതങ്ങളെ കണ്ടിട്ടുണ്ടത്രെ, എന്നാ ഞാന്‍ അവയെ കാണാന്‍ തീരുമാനിച്ചു. തറവാട്ടില്‍ നിന്ന് 20 മിനുറ്റ് സൈക്കിളില്‍ സഞ്ചരിച്ചാല്‍ ഹോട്ടലിലെത്താം, ഞാനിത്തിരി നേരത്തെ പുറപ്പെടും, ഏകദേശം രണ്ടു മണിക്ക് തന്നെ. വരുന്ന വഴി പ്രേതത്തെ കാണുന്ന സ്ഥലത്ത് നല്ല ഇരുട്ടാണ്,പള്ളിക്കാടിന്റെ അരമതിലില്‍ ചാരി സൈക്കിളില്‍, അരമണിക്കൂറിലധികം ഇരിക്കും. ഈ ഇരിപ്പ് ഒത്തിരി കാലം തുടര്‍ന്നുവെങ്കിലും എനിക്ക് ഒരു പ്രേതത്തിന്റെ പൊടിപോലും കണ്ടില്ല. അങ്ങനെ ഒരു ദിവസം പതിവ് പോലെ ഞാനങ്ങനെ ഇരിക്കുമ്പോള്‍, നല്ല നിലാവുണ്ട്, ഞാന്‍ ഇരിക്കുന്ന(സൈക്കിളിന് പുറത്ത്) സ്ഥലത്ത് നിന്ന് 100 മീറ്ററോളം അകലെയാണ് പള്ളി മുറ്റം, പള്ളി മുറ്റത്തിന്റെ മുന്പിലെ, വിളക്കില്‍ നിന്നുള്ള വെളിച്ചത്തില്‍ ഒരാളവിടെ നില്‍ക്കുന്നത് കണ്ടു. അയാള്‍ എന്തോ ശങ്കിച്ച് നില്ക്കുന്നു.. അപ്പോള്‍ എനിക്ക കാര്യം പിടികിട്ടി, അയാള്‍ പ്രേതത്തെ (ദൂരെ നിന്ന് എന്നെ )കണ്ടിട്ടാണ് ആ അങ്കലാപ്പെന്ന്, പണ്ടാരം എന്നെ കണ്ട് പേടിയ്ക്കേണ്ടാന്ന് കരുതി, ഞാന്‍ സൈക്കിളില്‍ ചവിട്ടി പള്ളിമുറ്റത്തേക്ക്.... അരമതിലിന് മുകളില്‍ എന്റെ തല മാത്രമേ ദൂരെ നിന്ന് അയാള്‍ക്ക് കാണാനാവൂ (നിലാവ് കാരണം) പെട്ടെന്ന് ഒരു തല കാറ്റത്ത് വരുന്നത് കണ്ടയാള്‍ ..ഒരോട്ടം... അള്ളന്റെമ്മോ... ബദിരീങ്ങളെ കാത്തോളണമേ...
ഞാന്‍ അതിനേക്കാള്‍ വേഗത്തില്‍ ഹോട്ടലിലേക്ക്, ആരോടും മിണ്ടിയില്ല. പിന്നെ ആ വഴിയിലങ്ങനെ ഇരിന്നിട്ടും ഇല്ല.. അയാള്‍ക്കെന്ത് പറ്റിയാവോ ?
ഞാന്‍ ഒന്നിലും വിശ്വസിക്കാത്ത ഒരാളാണെങ്കിലും, ചില സത്യങ്ങള്‍ നമ്മുക്ക് അപ്പുറമുണ്ട്, പക്ഷെ അതിതുവരെ നമ്മുക്ക് അന്യമായി തന്നെ നില്ക്കുന്നു എന്നത് സത്യമാണ്.ജോയിസി വീണ്ടും വന്നിരുന്നെങ്കില്‍ ....
വിചാരമേ ,
ഞാന്‍ ജനിച്ച നാള് മുതല്‍ ഇരുപതു വര്‍ഷക്കാലത്തോളം ക്രിസ്ത്യന്‍ പള്ളിയുടെ ശവക്കോട്ടയുടെ തൊട്ടരുകിലാണ് താമസിച്ചത് .അതിനു ശേഷം വീണ്ടും രണ്ടു ക്രിസ്ത്യന്‍ ശവക്കൊട്ടകള്‍ ഞങ്ങളുടെ വീടിന്റെ സൈഡില്‍ ആയി വന്നു.
ഞങ്ങള്‍ക്കൊരു പേടിയും ഇല്ല ,ആരും ഇന്ന് വരെ പ്രേതത്തെ അവിടെങ്ങും കണ്ടതായി പറഞ്ഞതും ഇല്ല .എത്രയോ രാത്രികളില്‍ ഞാന്‍ സെമിത്തേരിയില്‍ പോകുകയും അവിടെ കുറെ സമയം ഇരിക്കുകയും ചെയ്തിരിക്കുന്നു .അപ്പോഴെങ്ങും അവിടെ ഞാന്‍ ആരെയും കണ്ടിട്ടില്ല .കഴിഞ്ഞ നാട്ടില്‍ പോക്കിലും ഞാന്‍ വീടിന്റെ മുകളിലെ നിലയില്‍ വെളുക്കുവോളം ഒരു ദിവസം കാത്തിരുന്നു .
( അവിടെ നിന്ന് നോക്കിയാല്‍ മേല്പറഞ്ഞ മൂന്നു ശവക്കൊട്ടകളും കാണാം ).ഇങ്ങനെ ഭൂത പ്രേത പിശാചുക്കള്‍ ഒന്നും ഇല്ല എന്നാണ് എന്റെ ഒരു വീക്ഷണം .
പിന്നെ ബ്ലോഗില്‍ പ്രേതമുണ്ട് ഉദാഹരണം .പണ്ടാര പ്രേതം .
മനുഷ്യര്‍ തന്നെയാണ് ദൈവത്തിന്റെയും പിശാച്ചുക്കളുടെയും രൂപം അണിയുന്നത് .വിചാരം കണ്ടത് ചിലപ്പോള്‍ ഒരു കള്ളനാകും.അതാണ് കണ്ടപ്പോള്‍ തന്നെ ഓടിയത് .
ഒരു എഴുത്തുകാരന്റെ അല്ലെങ്കില്‍ എഴുത്തുകാരിയുടെ വിജയം എന്ന് പറയുന്നത് ,പറയുന്ന കഥ ആ കഥ വായിക്കുന്ന ആളിന്റെ മനസ്സില്‍ പതിപ്പിക്കുക എന്നതാണ് .അങ്ങനെയാണ് ഇവിടെ ഇതൊരു അനുഭവ കഥയാണോ ? അതോ കഥയോ എന്ന ഒരു സംശയം ഉടലെടുക്കുന്നത് .ആ കാര്യത്തില്‍ മാണിക്ക്യം എന്ന എഴുത്തുകാരി വിജയിച്ചു എന്ന് തന്നെ പറയാം .
ആശംസകള്‍ .
കാപ്പില്ലാന്‍
എന്റെ നാട്ടിലെ ഒത്തിരി പേര് ഈ ഭൂതപ്രേതാതികളെ വിശ്വസിക്കുന്നവരാണ്, അതിന് പുറമെ ജിന്നുകളേയും. 99% മുസ്ലിംങ്ങള്‍ തിങ്ങി പാര്ക്കുന്നൊരിടമാണ് പൊന്നാനി.കേവലം 8 കിലോമീറ്റര്‍ ചുറ്റള്ളവില്‍ നൂറോളം പള്ളികളുണ്ടവിടെ, ഒട്ടുമിക്ക പള്ളികള്‍ക്കും പള്ളിക്കാടുകളും.വിശ്വാസവും അന്തവിശ്വാസവും കൂടി കലര്‍ന്നൊരു അന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നത്, തികച്ചും ഒരവിശ്വാസിയായി തന്നെ. എനിക്കും ഇതിലൊന്നും വിശ്വാസമില്ല പക്ഷെ നമ്മുക്ക് കീട്ടാത്ത ഒത്തിരി ചോദ്യങ്ങള്‍, ഇങ്ങനെ കഥയായും അനുഭവ കുറിപ്പായും വരുമ്പോള്‍, നാം ചിന്തകളെ ഒന്നൂടെ പതപ്പിയ്ക്കും. ഒരു വിശ്വാസവും ഇല്ലെങ്കിലും, എന്നെ വിട്ട് പിരിഞ്ഞ എന്റെ പ്രിയ മിത്രത്തിന്റെ (ആത്മമിത്രത്തിന്റെ) ഖബറിടത്തില്‍, അര്‍ദ്ധരാത്രി ഒറ്റയ്ക്ക് പോയിരിക്കുമ്പോള്‍, എനിക്ക് കിട്ടുന്ന ഒരു.. ഒരു ... എന്താ പറയാ, അതൊരു വേദനയാണ് കാപ്പിലാന്.
കാപ്പിലാന്
എല്ലാ വിശ്വാസങ്ങള്‍ക്ക് അപ്പുറവും, നമ്മെ നാം ആക്കുന്നത് ഇതൊക്കെയാണ്. നാം മറ്റുള്ളവരെ സ്നേഹിക്കുന്നുവോ, അത്രയും വേദനയായിരിക്കും അവര്‍ നമ്മെ വിട്ടു പിരിഞ്ഞാല്‍. നമ്മോടൊപ്പമുണ്ടാവുമ്പോള്, കലഹിച്ചും ദേഷ്യപ്പെട്ടും .... എന്നിട്ട് അവര്‍ പോയപ്പോള്‍, ഇനിയൊട്ടും വരില്ലാന്നറിയുമ്പോള്, മനസ്സിന്റെ അകത്തളത്തില്‍ നിന്ന് നാം അറിയാതെ, നിയന്ത്രിക്കാനാവാതെ, കാപ്പിലാന് കരഞ്ഞത് പോലെ സംഭവിയ്ക്കും. എല്ലാത്തിനും മീതെ എന്തല്ലാമോ ഉണ്ടിഷ്ടാ.
മാണിക്യം ചേച്ചീ,
ഇന്നലെ പാതിരാക്ക് ഉറക്കപ്പിച്ചില്‍ വായിച്ചതു ഇന്ന് ഒന്നുകൂടി വായിച്ചു, മനസ്സില്‍ തട്ടുന്നുണ്ട് ശരിക്കും.
വിചാരമെ,
പൊന്നാനിക്കാരുടെ മനസ്സു തുറന്നുകാട്ടിയതിനു നന്ദി.
കാപ്പിലാനെ,
വേറുതെ വെടീം വെച്ചു നടന്നാല്‍ മതിയോ? സെമിത്തേരിക്കടുത്തു താമസ്സിച്ചു , പ്രേതങ്ങള്‍ക്കൊപ്പം ഉണ്ടുറങ്ങി കഴിഞ്ഞ കാലത്തെ കഥകള്‍ ഇറക്കി വിടെന്നെ. ഇനി പ്രേതവാരം ആഘോഷിക്കാം.
വല്ലാതെ ന്നോവിച്ച ഒരനുഭവം, അല്ലേ ചേച്ചീ
ചേച്ചി ഞാന്‍ മരിച്ചാല്‍ നരകത്തിലെ പോകു അവിടെയാകുമ്പോള്‍ നിങ്ങളെല്ലാം ഉണ്ടാകുമല്ലോ
ഇവിടെ എന്താ നടക്കുന്നത് ? പ്രേതാന്മക്കളെപ്പറ്റി ചര്‍ച്ചയോ ? പ്രേതം ഉണ്ടെന്നുള്ളതിന് എന്താ സംശയം. ടീവീ സീരിയലൊന്നും കാണാറില്ലേ ? എത്ര പ്രേതങ്ങളാ? കാപ്പിലാന് അമേരിക്കയില്‍ ഏഷ്യാനെറ്റ് ശരിക്കും കിട്ടുന്നില്ലേ ?
അടിച്ച് ഫിറ്റായി സെമിത്തേരീലൊക്കെ കറങ്ങി നടക്കുന്ന ഈ പരിപാടി ഇന്നത്തോടെ നിറുത്തിക്കോണം കേട്ടോ ? ആ പിള്ളേച്ചന് പിന്നേം ഇറങ്ങീട്ടുണ്ട് മന്ത്രവാദവും പണ്ടാരവുമൊക്കെയായി. ഇഷ്ടന്റെ അടുത്തൂന്ന് ചാടിപ്പോയ വല്ല ദാരിദ്യം പിടിച്ച യക്ഷീന്റെ അടുത്തെങ്ങാന്‍ പെട്ടാല്‍ കാപ്പിലാന്റെ കാര്യം കട്ടപ്പൊഹ... :) :)
ഞാന്‍ എഴുതാന്‍ വെച്ചിരുന്ന കഥ പോലും വിചാരം പറഞ്ഞ ആ പോയിന്റില്‍
" നമ്മളുടെ നിയന്ത്രണത്തിനും ചിന്തക്കും അപ്പുറം ശക്തി "
ഉണ്ടെന്നുള്ള ഒറ്റ കാരണത്താല്‍ മാത്രം ഞാന്‍ വേണ്ടാ എന്ന് വെച്ചു.
കാരണം അതെഴുതാന്‍ വേണ്ടി കീ ബോര്‍ഡില്‍ എന്റെ വിരല്‍ സ്പര്‍ശിക്കുന്ന മാത്രയില്‍ മനസ്സില്‍ നിന്നും ഒരു തേങ്ങല്‍ .ആരോ ഉള്ളില്‍ കരഞ്ഞുകൊണ്ട് വേണ്ടാ ..വേണ്ടാ എന്ന് പറയുന്നതുപോലെ .
മാത്രമല്ല കീ ബോര്‍ഡില്‍ സ്പര്‍ശിക്കുന്ന എന്റെ വിരലുകളുടെ നീളം കൂടി കൂടി വരുന്നു .
എവിടെയൊക്കെയോ ചെന്നായ്ക്കള്‍ ഒലിയിടുന്ന ശബ്ദം .ആരുടെയൊക്കെയോ കാല് പാദങ്ങള്‍ നിലത്തു സ്പര്‍ശിക്കാതെ എന്റെ അടുക്കലേക്കു വരുന്നു .
ഇല്ല ..ഇല്ല ..നിങ്ങള്‍ക്കെന്നെ തൊടാന്‍ കഴിയുകയില്ല ......ഞാന്‍ പോകട്ടെ ...
ഭൂത പ്രേത ബാധിതനായി ഞാന്‍ ഈ ബ്ലോഗില്‍ അലയുന്നു .എവിടെയോ പാലപൂക്കളുടെ മണം എന്നെ തേടിവരുന്നതുപോലെ..ഞാന്‍ പോകട്ടെ ..എന്നെ കാത്ത് യുഗങ്ങളായി തേടി നടക്കുന്ന എന്റെ കല്യാണിയുടെ അടുക്കലേക്കു ഞാന്‍ പോകുന്നു .എന്റെ ചെവിക്കുള്ളില്‍ മുഴങ്ങുന്ന ശബ്ദം .അതെ എന്റ കല്യാണിയുടെ കാപ്പേട്ട..കാപ്പേട്ട ..എന്ന ദീന സ്വരം
കാപ്പിലാന്റെ മേത്ത് പ്രേതം കേറിയേ...
ബൂലോകരേ ഓടി വായോ..
പ്രേതകഥകള്‍ എഴുതുന്ന കുറുമാനേ, മാണിക്യേച്ചീ, ഏറനാടാ,പിള്ളേച്ചാ...എല്ല്ലാരും ഓടി ബായോ....
കാപ്പിലാന്റെ മേല്‍ പ്രേതം കേറിയേ.....
:) :)
നീരുവേ, ഗീതാകിനി സ്വാമികള്‍ ആല്‍ത്തറയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒരു ചുറ്റികയും ആണിയും ചുവന്ന പട്ടു(സാരി)യും ഒക്കെ ഒരുക്കി വച്ചേക്കൂ.....
കാപ്പിലാനെ തല്ക്കാലം ആ ആലില്‍ ബന്ധിക്കൂ...
ഈശ്വരാ .......
ഗീതാകിനിസ്വാമിനി
വല്ല കാഞ്ഞിരത്തിലും കൊണ്ട് തറയ്ക്ക്
ആല്‍ത്തറയില്‍ വേണ്ടാ നമുക്ക് സ്വൈര്യമായി ഒരക്ഷരം പറയാന്‍ പറ്റില്ലാ.......
നീരു ഇതു ഒരൂ പ്രേതം ഒന്നുമല്ലാ ഒരു കൂട്ടം
ആണെ അല്ലെല്‍ നോക്ക്
... ദേ കരിം പൂച്ചാ
നല്ല എഴുത്ത്. കഥ ഇഷ്ടമായി.
കണ്ണ് നിരന്തു പോയി ..വല്ലാത്ത നൊമ്പരം ....വായിക്കെണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.
ദാണ്ടേ ഞാന്‍ ചൂരലും കൊണ്ടുവന്നിട്ടുണ്ട് ഗീതാകിനി സ്വാമിനീ...
കണ്ണടച്ച് അങ്ങ് പൂശിക്കോ. കാപ്പിലാന്റെ കട്ടേം പടോം ഇന്ന് മടങ്ങും. സോറി പ്രേതത്തിന്റെ കട്ടേം പടോം ഇന്ന് മടങ്ങും.
ബൂലോകത്ത് പ്രേതബാധയുള്ള എല്ലാ എഴുത്തുകാര്‍ക്കും ഗീതാഗീതിനികള് സ്വാമിനിയുടെ സേവനം ലഭ്യമായിരിക്കും. ബാധ കേറിയവര്‍ ബന്ധപ്പെടേണ്ട വിലാസം.
സ്വാമിനി ഗീതാഗീതിനികള്
ആല്‍ത്തറ,
ആശുപത്രിക്ക് എതിര്‍വശം,
കള്ള് ഷാപ്പിന് പിന്‍വശം.
ശരത്
ആല്‍ത്തറയിലെ ഈ പോസ്റ്റിനു
ആദ്യകമന്റ് വന്നു പറഞ്ഞതിനു നന്ദി ...
അനില്‍ ചില ചോദ്യങ്ങള്‍ അങ്ങനെയാണേ എന്നും ചോദ്യമായി തന്നെ നില്ക്കും
നിരക്ഷരന് കാപ്പിലാന് ,ഹരീഷ്,കാന്താരികുട്ടി,
ശരിയാണ് ,
എനിക്കും തോന്നുന്നു ജോയിസി മനസ്സില്‍ വളരെ അടുത്തിരുന്നു ആ പ്രായത്തില്‍ ഉള്ള ഒരോ കുഞ്ഞു പ്രശ്നം- അന്ന് പക്ഷെ അത് ഹിമാലയത്തോളം വലുതും, അധികാരവും അവകാശവും ഉള്ളവര്‍ ഭയവും ശിക്ഷയും മാത്രം തന്ന ആ നാളുകളില്‍, എന്റെ മനസിന്റെ ഭാഷ അവളും അവള് പറയുന്നതു ഞാനും മനസ്സിലാക്കിയിരുന്നു ഒരു പക്ഷേ അതായിരുന്നു ആ സൌഹൃതത്തിന്റെ പ്രത്യേകതയും....
അവളുടെ വേര്‍പാട് മനസ്സിലെ ഉണങ്ങിയിട്ടും മായത്ത മുറിപ്പാടായി അവശേഷിക്കുന്നു
അനില്‍ശ്രീ, തൊന്ന്യാസീ, മനോഹര്‍
അതേ,
ആദ്യത്തെ സുഹൃത്തിന്റെ നഷ്ടം ..
ഇന്നും പൊരുത്തപ്പെടാന്‍ മനസ്സ് തയാറായില്ല.
മനസ്സിന്റെ വിങ്ങല്‍ ആയി കൂടെയുണ്ട്..
ഒരു പക്ഷെ അവള് വഴിയുടെ തുടക്കത്തില്‍ തന്നെ പിരിഞ്ഞില്ലായിരുന്നു എങ്കില്‍ ജീവിതത്തോടുള്ള് എന്റെ വീക്ഷണം മറ്റൊന്നാകുമായിരുന്നു...
ഒറ്റപെടലിന്റെ തുടക്കം .....
അതൊന്നു കോറിയിട്ടു ...
എന്തായാലും എനിക്ക് അതിനു
ശേഷം നഷ്ടങ്ങള്‍ പേടിയാ,
ഹാമില്‍ട്ടണില്‍ മഴപെയ്യുന്നു...
തിരുവിതാംകൂറിന്റെ കാറ്റും കോളും ഇല്ലാ....
തണുത്തുറഞ്ഞ ഉത്തരധ്രുവത്തില്‍
തട്ടിയെത്തുന്ന തൂവാനം!
അതു പെയ്തിറങ്ങുന്നു മഴനൂലികളായി....
എന്താണ് ഇവിടെ പെട്ടന്ന് കറന്റ് പോയത് ? കറന്റ് പോയിട്ടും എന്താണ് ഈ കമ്പ്യൂട്ടര്‍ പണിയെടുക്കുന്നത് ? എന്താണ് ഈ വരാന്തയിലെ ബള്‍ബ് അണയുകയും കെടുകയും ചെയ്യുന്നത് ? എന്തോ സംഭവിക്കുന്നു . ഒരു മഞ്ഞു പാളി എന്റെ വശത്തേക്ക് ഒഴുകി വരുന്നു . നിരനെ ..ശുട്ടിടുവേന്‍ ..ഉന്നെ നാന് ശുട്ടിടുവേന്‍ കട്ടായം .ഇന്നേക്ക് മൂന്നാം നാള് പൌര്‍ണമി ...
കുറുമാന്,
വാക്ക് പാലിയ്ക്കാന്‍ അവള് വന്നു ..
വന്നു എന്നു തന്നെ ഇന്നും ഞാന്‍ വിശ്വസിക്കുന്നു
അവസരത്തെ വേണ്ട പോലെ കൈകാര്യം ചെയ്യാനുള്ള മനക്കരുത്തില്ലായിരുന്നു അന്ന്...
കൃഷ് ,
വായിച്ചതിനും അഭിപ്രായത്തിന്നും നന്ദി.
ഏറനാടന്‍ ,
എഴുതാന്‍ പ്രചോദനം ആയോ? :)
ചില മനുഷ്യരെക്കാള്‍ എന്തു കൊണ്ടൂം
നല്ലത് ജിന്നുകളാണു....
ടോട്ടോചാന്: ,
ആല്‍ത്തറയില്‍ വന്ന് എന്റെ കഥയ്ക്ക് അഭിപ്രായം പറഞ്ഞതിനു വളരെ നന്ദി...
വിചാരം ,
പങ്കു വച്ച കഥയ്ക്ക് നന്ദി,
മനുഷ്യന് തേടുന്ന ചില സത്യങ്ങള്‍ക്കൊരു തുമ്പ്,
അതു കിട്ടില്ലാ കിട്ടിയാല്‍ പിന്നെ പല ഗോപുരങ്ങളും നിലം പൊത്തും പരബ്രഹ്മത്തില്‍ ലയിക്കാന്‍ എല്ലാ ആത്മാവിനും കുറെ ഏറെ ജന്മം കടക്കണം സ്വര്‍ഗവും നരകവും ഇവിടെ നമ്മുടെ മനസ്സില്‍ എന്നു വിശ്വസിക്കുന്ന എന്റെ മറ്റൊരു വിചിത്ര ചിന്ത തന്നെയാണ് മരണം....
നല്ലതു ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരുമ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലും മറ്റുള്ളവരെ വേദനിപ്പിക്കുമ്പോള്‍ നാം നരക തുല്യമായ ദുഖത്തിലും അല്ലേ?
ഈ ലോകത്തില്‍ തന്നെയാണ് സ്വര്‍ഗവും നരകവും
അതുപോലെ ഒരു മുറിയില്‍ നിന്ന് മറ്റോരു മുറിയിലെക്ക് പോകുന്ന പോലെ ജീവിതത്തിന്റെ അടുത്ത മുറിയായ മരണത്തിലേയ്ക്കും നാം കടക്കുന്നു.
പ്രിയ ഉണ്ണികൃഷ്ണന്,പിള്ളേച്ചന് ,
ഗീതാഗീതികള്‍, ശ്രീവല്ലഭന്, ramsi ,
വന്നതിനും വയിച്ചഭിപ്രായം പറഞ്ഞതിനും നന്ദി,
പിള്ളേച്ചാ
നമുക്ക് നാമേ പണിവതു നാകം
നരകവുമതു പോലെ...
നമ്മള് ഒക്കെ ബൂലോക സ്വര്‍ഗത്തില്‍ അല്ലേ?
ഒരു പ്രേതാകമ്പടിയോടെ ഇവിടെ കറങ്ങുന്ന കാപ്പിലാനെ ആല്മരത്തില് ഗീതാകിനി സ്വാമിനിയുടെ നിര്‍ദേശപ്രകാരം നിരക്ഷരന്
കെട്ടിയിട്ടിരീക്കുന്നു..
ഒരു മഞ്ഞു പാളി ഒഴുകി വരുന്നു .
അതീന്റെ മറവിലോ കല്യാണി.....
നീ എങ്ങോട്ടാ പോയേ?
മറഞ്ഞു നില്ക്കുന്നവര് ഭയക്കണ്ടാ
ഇത് ആല്‍ത്തറ അല്ലേ? കടന്നു വരൂ
നമ്മുടെ വേണ്ടപ്പെട്ടവര്‍ പെട്ടെന്നു എന്നെന്നേയ്ക്കുമായി വേറ്പെടുമ്പോള് നമ്മെ കാണാന്‍ അവര്‍ വരുമെന്ന് ആശിയ്ക്കും. എന്റേയു അനുഭവം.
വളരെ ഉള്ളില്‍ത്തട്ടുന്ന രീതിയില്‍ എഴുതിയിരിക്കുന്നു.
എന്തിനാണ് ഇങ്ങനെ കൊച്ചുകുഞ്ഞുങ്ങളെ മരണം കൊണ്ടുപോകുന്നത്?
ആദ്യമായിട്ടാണ് ഇവിടെ വരുന്നതും വായിക്കുന്നതും എന്നു തോന്നുന്നു.
ഒരു അനുഭവക്കുറിപ്പ് എത്ര സുന്ദരമായി എഴുതിയിരിക്കുന്നു. “അന്ന് ഇന്നു പറയുന്ന പോലെ ടെന്‍ഷന്‍ എന്നൊന്നും പറയാന്‍ അറിയില്ലാ ..പക്ഷേ ആരോ തൊണ്ടക്കു കുത്തി പിടിച്ചപോലെ അല്ലെങ്കില്‍ വയറിനുള്ളില്‍ എലി ഓടുന്നപോലെ, കൈയും കാലും തണുക്കും. വായില്‍ വെള്ളമില്ലാ. ഒക്കെ കൂടെ ഒരു വല്ലായ്ക തോന്നും...” ഹ..ഹ.. വളരെ ശരി.
പെട്ടന്നുള്ള ട്വിസ്റ്റ് തീരെ പ്രതീക്ഷിച്ചില്ല. പാവം ജോയിസ്. അതെ മാണിക്യം പറഞ്ഞതു ശരിതന്നെ. മരണം ഒരു കവാടം മാത്രം, മറ്റൊരിടത്തേക്കുള്ള യാത്രയുടെ കവാടം.
ചുമ്മാ ഞഞ്ഞാ പിഞ്ഞാ പേടിയല്ല. ........
ഞാനും പേടിച്ചു, ഒരൊന്നര പേടി...
പക്ഷെ, ഇത്രേം സന്കടപ്പെടുതും എന്ന് അറിഞ്ഞെന്കില്‍ വയിക്ക്കില്ലായിരൂന്നു. സത്യം.
-മുരളിക
നീ എങ്ങോട്ടാ പോയേ...
ആ ഒരു ചോദ്യം...
മനസില്‍ തട്ടിയ അനുഭവം ചേച്ചീ
ഭാവനയും, യാഥാര്‍ത്യവും, മിഥ്യയും ഇണ ചേര്‍ന്നുണ്ടായ ഇളം മഞ്ഞ കലര്‍ന്ന പുല്‍ച്ചെടികള്‍ കുഴിമാടങ്ങളിലെ പതുപതുത്ത മണ്ണിനു മുകളില്‍……….
പുല്‍നാമ്പുകളെ തഴുകി കടന്നു പോയ ഇളം കാറ്റിനോടു പറഞ്ഞ കഥ…………
നനവുള്ള ഓര്‍മ്മകള്‍ എല്ലാര്ക്കും എന്നും മായാതെ കിടക്കുന്ന വേദനയാണ്……….
Post a Comment