Monday, July 7, 2008

സൈക്കിള്‍യജ്ഞം

പണ്ടാറമടങ്ങാനായിട്ട്‌ പെട്രോളിന്‍റെ വില പൂരത്തിനു വിട്ട വാണം പോലെയല്ലേ കുതിച്ചുയരുന്നത്‌. മോളിലേക്കേ പോകുന്നുള്ളൂ.. താഴേക്കൊന്നുമില്ല തിരിച്ചുവരാന്‍.

രാവിലെ ഇറങ്ങുമ്പോ വണ്ടിയുടെ മുഖത്തേക്കു നോക്കുന്നില്ല. സ്റ്റാര്‍ട്ടു ചെയ്യുമ്പോള്‍ അവന്‌ മുരളുന്ന കേള്‍ക്കാം.. 'ഇന്നും ഇല്ലല്ലേ..'.

അവന്‍റെ തൊണ്ട വരളുന്നതറിയാഞ്ഞല്ല. ലിറ്ററൊന്നിനു $1.54 ആണു വില. വഴിയില്‍ കിടന്നു പോയാല്‍ ബീ.സീ.ഏ.ഏ. ക്കാരന്‍ വന്നു ഒരു ലിറ്റര്‍ പെട്രോളുതരും. ചുമ്മാതല്ലല്ലോ മെമ്പര്‍ഷിപ്പിനു തുട്ടെണ്ണികൊടുക്കുന്നത്‌.

പാന്‍റ്സുകളുടെ അരവണ്ണം കുറഞ്ഞു ചുരുങ്ങുന്നതുകാരണം എല്ലാം ഒരു മാതിരി പാകമാകാതായി. പെണ്ണുമ്പിള്ള പറയുന്നത്‌ വയറു കൂടുന്നതാണെന്നാ. ഈ പെണ്ണുങ്ങളുടെ ഒരു വിവരക്കേട്‌!

അവസാനം അവളു ചോറു റേഷനാക്കിത്തുടങ്ങിയപ്പോള്‍ ബാക്കി പട്ടിണികിടന്നു പ്രതിഷേധിച്ചു നോക്കി. കിം ഫലം.

അങ്ങനെ പെട്രോളു വിലയും പാന്‍റ്സിന്‍റെ വിലയുമോര്‍ത്ത്‌ ചില കടുത്ത തീരുമാനങ്ങളെടുത്തു.
അടുത്തയാഴ്ചമുതല്‍ സൈക്കിളിലാണ്‌ ആപ്പീസില്‍ പോകുന്നത്‌!

ശപഥം എടുത്തു കഴിഞ്ഞാണോര്‍ത്തത്‌. സൈക്കിളില്ല. ഏതായാലും എടുത്ത ശപഥം തിരിച്ചു വയ്ക്കാന്‍ ആണായിപ്പിറന്ന ഒരുത്തനും പറ്റില്ലല്ലോ. പ്രത്യേകിച്ചും (ചിരവത്തടിയുമായി) ഒരു സ്ത്രീ പുറകിലുള്ളപ്പോള്‍.

ഉടനേ പോയി 130 ഡോളര്‍ കടിച്ചു കെട്ടഴിച്ചിട്ടു കൊടുത്ത്‌ ഒരു സൈക്കിളങ്ങു വാങ്ങി. സൈക്കിളു മേടിച്ചു അതും ചവിട്ടി വീട്ടിപ്പോകാമെന്നു കരുതി, പെണ്ണുമ്പിള്ളയോട്‌ കടയുടെ മുന്നില്‍ ഡ്രോപ്പു ചെയ്തിട്ടു പൊക്കോളാന്‍ പറഞ്ഞിരുന്നു. സൈക്കിളിനു പകരം കിട്ടിയതൊരു പെട്ടി. സൈക്കിളകത്തുണ്ടത്രെ. വീട്ടിക്കൊണ്ടോയി ഫിറ്റു ചെയ്തോളാന്‍.

രണ്ടു നല്ല മലയാളം തെറി ഫിറ്റു ചെയ്ത്‌ ഒരു താങ്ക്യൂവും പറഞ്ഞ്‌ അവിടെന്നിറങ്ങി. ടാക്സി പിടിച്ചു. ഡോളര്‍ 20. ങ്ഹാ പോട്ടെ. ആരോഗ്യത്തിനു വേണ്ടിയല്ലേ.

ഒരു ദിവസത്തെ പരിശ്രമത്തിനു ശേഷം സൈക്കിളിനു ഏതാണ്ടു അതിന്‍റെ മുത്തശ്ശന്‍റെ രൂപമായിക്കിട്ടി. ബെല്ല്‌, മഡ്‌ ഗാര്‍ഡുകള്‍, കാരിയര്‍, ലൈറ്റ്‌, റിഫ്ളക്റ്റര്‍ സീറ്റു കവര്‍ ഇത്യാദി സാധനങ്ങളൊക്കെ ലക്ഷുറി ആണത്രെ. വേറെ വാങ്ങണം.

ബെല്ല്‌ : വേണ്ട. ചില സായിപ്പു ചെക്കന്മാര്‍ 'എച്യൂസ്‌ മീ' ന്നു കൂവിക്കൊണ്ടു ഓടിക്കുന്നതു കണ്ടിട്ടുണ്ട്‌. അതു പയറ്റലാം.

മഡ്‌ ഗാര്‍ഡുകള്‍: നമ്മള്‌ മഴയത്ത്‌ ചവിട്ടണില്ലല്ലോ. പിന്നെന്തിനാ? വേസ്റ്റുതന്നെ.

കാരിയര്‍: അരിച്ചാക്കൊന്നും കൊണ്ടു പോകാനില്ലല്ലോ. ആപ്പീസില്‍ പോകുമ്പോള്‍ ലഞ്ചും ലാപ്ടോപ്പും ബാക്‌പാക്കില്‍ കേറിക്കോളും.

ലൈറ്റ്‌, റിഫ്ളക്റ്റര്‍: വേണ്ടേ വേണ്ട. പട്ടാപ്പകലല്ലേ ജ്വാലി.

സീറ്റു കവര്‍: ആവശ്യമില്ല, വെറും ജാടയല്ലേ.

രാവിലെ ഷര്‍ട്ടും പാന്‍റും അയേണ്‍ ചെയ്തു മടക്കി ബാഗില്‍ കുത്തിത്തിരുകി. ഫോര്‍മല്‍ ഷൂവെടുത്തു ഒരു പ്ലാസ്റ്റിക്‌ കവറിലാക്കി ഹാന്ഡിലില്‍ തൂക്കി. ഒരു കുട്ടി നിക്കറും ബനിയനുമെടുത്തിട്ടു. പിന്നെ ആ കിരീടം, ഹെല്‍മെറ്റ്‌! (നാട്ടില്‍ നൂറേ നൂറില്‍ ബൈക്കോടിച്ചപ്പ വെച്ചിട്ടില്ല ഹെല്‍മറ്റ്‌! എന്നിട്ടാ ഈ പരട്ട സൈക്കിളോടിക്കാന്‍! പിന്നെ പോലീസുകാരു പിടിച്ചു നിര്‍ത്തും എന്നു പറഞ്ഞപ്പോള്‍.. വെറുതേ എന്തിനാ രാവിലെ ഒരു ഒടക്ക്‌.. പോട്ടേന്നു വെച്ചു.)

കിന്‍റര്‍ഗാര്‍ട്ടനില്‍ പഠിക്കണ മോന്‍റെ ചോദ്യം: "അച്ചാ ഇന്നു ഓഫീസില്‍ പോണില്ലേ? സ്കൂളില്‍ പോകുവാ?"

അകമ്പടിയായി 'കെക്കെക്കേ' ന്നൊരു ചിരിയും. അവന്‍റെ തള്ളയുടെ വഹ! നിക്കറിട്ടതു അവനു പിടിച്ചില്ല. ചെവിക്കൊരു ഞെരടു കൊടുത്തു. ഹല്ല പിന്നെ. ഈ കൊച്ചു പിള്ളേരൊക്കെ ഇങ്ങനെ തുടങ്ങിയാല്‍.. മുതിര്‍ന്നവരോടൊരു ബഹുമാനവുമില്ല! ഇവനെ ഉടനേ നാട്ടിലയച്ചു മര്യാദ പഠിപ്പിക്കണം.

അങ്ങനെ പതുക്കെ ചവിട്ടിത്തുടങ്ങി. വീടിനു മുന്നില്‍തന്നെ ഒരു കയറ്റമാണ്‌. ഇറങ്ങി തള്ളിക്കയറ്റി.

ങ്ഹും! ഇത്രേം വല്യ കയറ്റമായിരുന്നോ ഇത്‌? പെണ്ണുമ്പിള്ളയോട്‌ അന്നേ പറഞ്ഞതാ ഈ ഇറക്കത്തിലൊന്നും വീടു മേടിക്കണ്ടാന്ന്‌. വല്ല വണ്ടിയും ബ്രെയ്ക്കുപൊട്ടി വന്നാല്‍! പറഞ്ഞാല്‍ കേള്‍ക്കണ്ടേ.

ഒരു വിധത്തില്‍ ഉരുട്ടി മുകളിലെത്തിച്ചു. (അപ്പഴാണു നാറാണത്തു ഭ്രാന്തനെ ഓര്‍ത്തത്‌. ചുള്ളന്‍റെ ഒരു കാര്യം! വയറു ചാടാന്‍ തുടങ്ങിയിരുന്നോ ആവോ.)

ചവിട്ടു തുടങ്ങി. വെറും ഏഴു കിലോമീറ്ററേ ഉള്ളെന്നാ പെണ്ണുമ്പിള്ള പറഞ്ഞത്‌. ഇതിപ്പം കിലോമീറ്ററെത്രയായെന്നാ?

http://www.getoutdoors.com/goblog/index.php?/archives/2007/07/C15.html

വയറ്റിലെ ഫാറ്റൊക്കെ ബേണ്‍ ചെയ്ത്‌ വിയര്‍പ്പായി നെറ്റിയിലൂടെയും പൊറത്തൂടെയും ഒഴുകുന്നുണ്ട്‌. കൊള്ളാം. ആവേശം കയറുണു. ഒന്നാഞ്ഞങ്ങ്‌ട്‌ ചവിട്ടിക്കൊടുത്തു.

അത്രേം ആവേശം വേണ്ടിയില്ലായിരുന്നു. പത്തമ്പതു മീറ്റര്‍ കഴിഞ്ഞപ്പോഴേയ്ക്കും തലക്കുള്ളിലൊരു മൂളക്കം. കാലിനോടു നിര്‍ത്താന്‍ പറഞ്ഞിട്ടും അതു വീണ്ടും ചവിട്ടിക്കൊണ്ടേ ഇരിക്കുന്നു. ഭാഗ്യത്തിന്‌ കൈകള്‍ അനുസരണ വിട്ടില്ല. ഒരു വിധത്തില്‍ ആപ്പീസിലെത്തി ലോക്കും കൊണാപ്പുമൊക്കെ ഇട്ട്‌ സൈക്കിളിനെ ബന്ധനസ്ഥനാക്കി. നടന്നു.

(ഒന്നു തിരിച്ചു വന്ന്‌ ലോക്ക്‌ അഴിച്ചിട്ടു. പണ്ടാരം, അത്യാവശ്യക്കാരാരെങ്കിലുമുണ്ടേല്‍ കൊണ്ടു പോട്ടെ.)

ജിമ്മിനകത്താണ്‌ ഷവര്‍റൂം. തപ്പിക്കണ്ടു പിടിച്ചു. ഒരു വല്യ ഹാള്‍. എല്ലാര്‍ക്കും സാധനങ്ങളു വയ്ക്കാനുള്ള ലോക്കറുകളുണ്ട്‌. എവിടെയാണോ ഷവര്‍..

ഒടുവില്‍ കണ്ടു പിടിച്ചപ്പോഴൊന്നു ഞെട്ടി!

ഓപ്പണ്‍ ഷവര്‍! പലവലിപ്പത്തിലും നീളത്തിലുമുള്ള സായിപ്പന്‍മാര്‍ പിറന്ന പടി നിന്നു കുളിക്കുന്നു! അയ്യേ.. ഛേ ലജ്ജാവഹം!

ആകെ വിയര്‍ത്തു കുളിച്ചു പണ്ടാറമടങ്ങിയിരിക്കുന്നു. കുളിക്കാതെങ്ങനെ ആപ്പീസിലിരിക്കും? ഒമ്പതു മണിക്കുതന്നെ കാലമാടന്‍ മാനേജറു മീറ്റിങ്ങു വച്ചിട്ടുണ്ട്‌. ഹെന്‍റെ കളരിപരമ്പര ദൈവങ്ങളേ.. ഇതുവരെ ഞാന്‍ കാത്തു സൂക്ഷിച്ച മൊതലൊക്കെ ഈ കാലമ്മാരു കാണുമല്ലോ..

തുണിയൊക്കെ അഴിച്ച്‌ താഴെ നിലത്തോട്ടു മാത്രം നോക്കി ഒരു ഒഴിവുള്ള ഷവറിനടിയിലേക്കു നടന്നു. കണ്ണറിയാതെ സൈഡിലേക്കൊക്കെ പോകുന്നു. പണ്ടാരമടങ്ങാന്‍!

'ഹേയ്‌, എനിക്കു നാണമൊന്നുമില്ല' എന്ന്‌ അഭിനയിച്ച്‌, കയ്യില്‍ ആകെ ഉണ്ടായിരുന്ന സോപ്പുംപെട്ടികൊണ്ട്‌ അത്യാവശ്യം മറക്കേണ്ടതു മറച്ച്‌ ചുവരിനോടു പുറം തിരിഞ്ഞുനിന്നു കുളിച്ചു.

'ഹേയ്‌ മാന്‍, യൂ സ്റ്റാര്‍ട്ടെഡ്‌ ബൈക്കിംഗ്‌?' എന്‍റെ ടീമിലെത്തന്നെ ഒരു ബ്രസീലുകാരന്‍ കഴുവേറിയാണ്‌. ലവനു കേറി വരാന്‍ കണ്ട നേരം!

വൃത്തികെട്ടവന്‍ തുണിയൊക്കെ അഴിച്ചിട്ട്‌ ഒരുമാതിരി.. ഫാഷന്‍ ടീവീയിലെപ്പോലെ ഒരു പ്രദര്‍ശനം! ഛായ്‌! ഇന്നത്തെ ദെവസം പോക്കായല്ലോ പടച്ചോനെ!

ചുവരിനോടു കുറച്ചൂകൂടെ ചേര്‍ന്നു നിന്നു കുളിമഹാമഹം തീര്‍ത്തു. ഓടിയിറങ്ങി വീണ്ടും തുണിക്കുള്ളില്‍ കയറിക്കഴിഞ്ഞപ്പോഴാ ശ്വാസം നേരെ വീണത്‌. എന്തൊരു നാടെന്‍റെ അമ്മച്ചി! എന്‍റേ നാണവും പരവേശവും കണ്ട്‌ ഇനി ഞാനെങ്ങാന്‍ 'മറ്റേ' ടൈപ്പാണെന്നു കരുതിയാണോ ഫഹവാനേ ലാ പൊട്ടന്‍ ക്യൂയേക്കാരന്‍ ചിരിക്കുന്നത്‌?

മീറ്റിങ്ങിനു ലേറ്റ്‌. സ്വാറിയൊക്കെ പറഞ്ഞ്‌ കേറിക്കൂടി.

മീറ്റിംഗുകഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ അടുത്തിരുന്ന തമിഴന്‍: 'യു സ്മെല്‍ ഹൊറിബിള്‍..' (എടാ പരട്ടേ.. നിന്‍റെ നാറ്റം എത്ര നാളായെടാ ഒരു പരാതിയും പറയാതെ ഞാന്‍ സഹിക്കുന്നു!)

ആരുടെയും അടുത്തു പോകാതെ, സംസാരിക്കാന്‍ വരുന്നോരോടൊക്കെ ഇത്തിരി അകലം പാലിച്ച്‌.. അങ്ങനെ അങ്ങനെ ഒരു വിധത്തില്‍ 5 മണിയാക്കി.

'പടച്ചോനേ.. വല്ല കള്ളന്മാരും ദുര്‍ബുദ്ധിതോന്നി ആ പണ്ടാറം സൈക്കിള്‌ എടുത്തോണ്ടു പോയിട്ടുണ്ടാകണേ...'

എവിടെ! ലോ ഇരിക്കുന്നു.. ഇച്ചിരെ അഹങ്കാരത്തെളക്കം കൂടിയിട്ടൊണ്ടതിന്‌. ഒരു ചവിട്ടങ്ങു വെച്ചു കൊടുത്തു. സ്റ്റാന്‍ഡു മാറ്റാന്‍!.

സൈക്കിളു കണ്ടുപിടിച്ച മാക്‌മില്ലന്‍റെ അച്ഛന്‍ തെണ്ടിയെ മനസ്സില്‍ പ്‌രാകി ചവിട്ടി ചവിട്ടി ചവിട്ടി ചവിട്ടി ഒടുവില്‍ വീടെത്തി!

സ്നേഹമയിയായ ഫാര്യ! ലവള്‍ നല്ല ഐസിട്ട നാരങ്ങാവെള്ളവും ഉണ്ടാക്കി വെച്ച്‌ കണവനെ കാത്തിരിക്കുന്നു. 'പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന...'

നാരങ്ങാ വെള്ളം ശര്‍ന്നു കുടിച്ചു വറ്റിച്ച്‌ സോഫയിലേക്കു പോത്തോന്നു സ്ഥാപിച്ചു. 'കുപ്പായം മാറ്റോ..' 'നാറുന്നേയ്..' എന്നിങ്ങനെ ചില ഇന്‍ക്വിലാബുകളൊക്കെ സന്തതി അസുരവിത്ത്‌ മുഴക്കുന്നതൊന്നും ചെവിയില്‍ പോലും കേറിയില്ല.

'എണീറ്റേ.. ദേ അനിലേട്ടന്‍ വന്നിരിക്കുന്നു..' പെണ്ണുമ്പിള്ള കുലുക്കി വിളിച്ചുണര്‍ത്തിയപ്പോള്‍ മണി ഒമ്പത്‌!

അനിലേട്ടനോ? ഏത്‌ അനിലേട്ടന്‍? ഓ, നമ്മുടെ അയല്‍ക്കാരന്‍ അനിലേട്ടന്‍.

'ഇരിക്ക്‌ അനിലേട്ടാ..'

'ഓ നേരമില്ലെന്നേ.. എനിക്കു നിന്‍റെ സൈക്കിളു നാളെയൊന്നു വേണം. അതു പറയാനാ വന്നത്‌. വണ്ടി സര്‍വീസിനു കൊടുത്തിരിക്കുവാ.. കാലത്തേ പോസ്റ്റാപ്പീസിലൊന്നു പോണം..'

'അതുപിന്നെ.. ' നശിച്ച പെണ്ണുമ്പിള്ള ഒടക്കിടാന്‍ വരുന്നു!

'പിന്നെന്താ അനിലേട്ടാ.. അതിവിടെ ചുമ്മാതിരിക്കുവല്ലേ..'

അനിലേട്ടനും സന്തോഷം.

'ഈ അനിലേട്ടനാകെ മെലിഞ്ഞെന്നു തോന്നുന്നല്ലോ.. ഭയങ്കര വര്‍ക്കൌട്ടാണോ ഇപ്പോള്‍?.. കേറൂ.. നമുക്കോരോ ബിയറു വിടാം..'

അനിലേട്ടന്‍ ഭയങ്കര ഹെല്‍ത്ത്‌ കോണ്‍ഷ്യസ്‌. വീക്കെന്‍ഡീല്‍ വരാമെന്ന്‌. അങ്ങേരു സലാം പറഞ്ഞു പോയി.

എന്താ ഈ പെണ്ണുമ്പിള്ള നോക്കി പേടിപ്പിക്കണേ?

'എഡീ.. ആപ്പീസിലെ ഓപ്പണ്‍ ഷവറില്‍ നിന്നു കുളിക്കുമ്പോ ഈ സായിപ്പന്‍മാരു.....'

ഈ പെണ്ണുങ്ങള്‍ക്കു പിന്നെ കാര്യം പറഞ്ഞാ വേഗം മനസ്സിലാവും കേട്ടോ.

23 comments:

പാമരന്‍ said...

ഇന്നു നടന്ന ചെറ്യേ ഒരു സംഭവം. മ്മടെ പ്രായമ്മയ്ക്കു സമര്‍പ്പണം. പുള്ളീക്കാരത്തിയുടെ സ്റ്റൈല്‌ കോപ്പിയടിച്ചതാ.. അക്ഷരപ്പിശാശു കൂടിയിട്ടുണ്ട്‌.. പിന്നെ ശരിയാക്കാം. ഇതു വായിച്ചിട്ടു ചിരിക്കാതിരുന്നാല്‍.. സൈക്കിളു കേറ്റി കൊല്ലും ഞാന്‍! ങ്ഹാ..

മാണിക്യം said...

ഹോ ! രണ്ടു വട്ടം വായിച്ചു !!
ചിരിച്ചു ചിരിച്ച് പിന്നെം ചിരിച്ച്
എന്റെ ആപ്പീസ് പൂട്ടി, ഇതില്‍ ഒരു ലൈന്‍ പൊലുമില്ലാ ഞാന്‍ ചിരിക്കാ‍തെ വായിച്ചത് ,

ഈ പെണ്ണുങ്ങള്‍ക്കു പിന്നെ കാര്യം പറഞ്ഞാ വേഗം മനസ്സിലാവും ....
,
പിന്നെ ഞാനും ഒരു പെണ്ണായകൊണ്ട് സംഗതി എനിക്കും പിടി കിട്ടി.....

ഇത്രയും ചിരിച്ചാല്‍ തന്നെ വയറ് കുറയും !!
അപ്പോള്‍ ആല്‍ത്തറയില്‍
ഒരു സൈക്കിള് യജ്ഞം കൂടി ആയി ല്ലേ?
നാടമുറിച്ചു കൊണ്ട് ഞാന്‍ ഇതിന്റെ ഉല്‍ഘാടനവും പ്രഖ്യാപിക്കുന്നു ... ...

പാമൂ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ !

കാപ്പിലാന്‍ said...

ചിരിച്ചൂ ,ചിരിച്ചൂ പണ്ടാരമടങ്ങി .എന്തൊരു ഹ്യൂമര്‍ സെന്സാനപ്പ .പെട്രോള്‍ വില കൂടിയത് കാരണം ഇപ്പൊ സായിപ്പുംമാരെല്ലാം സൈക്കിള്‍ ആണ് സവാരി .ഞാനും ഇന്നോരെണ്ണം വാങ്ങി .വൈകിട്ട് കസര്‍ത്ത് കാണിക്കാമല്ലോ .ഈ പറഞ്ഞതുപോലെ ഒരു സാധനവും അതില്‍ ഇല്ല .എല്ലാം ലക്ഷുറി ആണത്രേ . എനിക്കാ തമിഴന്‍ പറഞ്ഞതാ കൂടുതല്‍ ഇഷ്ടപ്പെട്ടെ.
ഈശ്വരോ രക്ഷതൂ..ഇവിടെ ഇപ്പോള്‍ ഗ്യാസ് 4.30 $/ Gal ..നടക്കട്ടെ ..അല്ലന്കില്‍ സൈക്കിള്‍ ഇതുതന്നെ ശരണം .

ജിജ സുബ്രഹ്മണ്യൻ said...

എനിക്കു വയ്യേ...ചിരിച്ചു കുടലു മറിയുന്നു... ഭീഷണി കൊണ്ടു പേടിച്ചിട്ടല്ലാ ട്ടോ..സൈക്കിളു കേറ്റി ഞാന്‍ എങ്ങാനും ചത്തു പോയാല്‍ എന്റെ പിള്ളേറ്ക്കു തള്ള ഇല്ലാതാവുമല്ലോ എന്നു സത്യമായും വിചാരിച്ചിട്ടില്ല ...
ഞാനും ഏറേ നാളായി വിചാരിക്കുന്ന ഒരു കാര്യം ആണ് ഒരു സൈക്കിള്‍ മേടിക്കണം എന്ന്...ഓഫീസില്‍ പോകാനേ..പെട്രോള്‍ വില കൂടിയതു ഓര്‍ത്തിട്ടൊന്നും അല്ല,,എനിക്കു സൈക്കീളീങ്ങ് പണ്ടേ ഒരു ഹരമാ..
പക്ഷേ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ പൂതി വേണ്ടാന്നു വെച്ചു.വേറൊന്നും അല്ല രാവിലെ കുളിച്ചു സുന്ദരി ആയി സൈക്കിളീല്‍ കയറി അങ്ങെത്തുമ്പോഴെക്കും ഓഫീസില്‍ ഉള്ളവര്‍ മൂക്കു പൊത്തിയാല്‍ തീര്‍ന്നില്ലേ...
അടി പൊളി പോസ്റ്റ് !!!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എനിയ്ക്കിട്ട് സമര്‍പ്പിച്ചല്ലേ, ചേ ഇയാള് ഇത്രക്കാരാനാണെന്നു കരുതീല്ല്യ

അയ്യോ ചിരിച്ചൊരു വഴിയ്ക്കായേ, ഇനീപ്പോ തിരിച്ചു വരണേല്‍ മാപു നോക്കണം.

യെന്നാലും സോപ്പുപെട്ടിയ്ക്കകത്ത് നാണം മറച്ചു കളഞ്ഞല്ലോ പാമൂജീ.

കാഴ്‌ചക്കാരന്‍ said...

നല്ല രചന. പക്ഷെ ഇവരുടെ ചിരി കണ്ട്‌ പാമരന്‌ എന്തു തോന്നി ? അവാസ്‌തവികമായ ചിരി, അയുക്തിയുള്ള ചൊറിച്ചില്‍.....

krish | കൃഷ് said...

പാമൂ.. സംഗതി അടിപൊളിയായി.

അപ്പോള്‍ ഓഫീസില്‍ കയറുന്നതിനു മുമ്പ് ഇന്റര്‍നാഷണല്‍ കണിയാണല്ലേ കാണേണ്ടിവന്നത്.

അല്ലേലും ഈ പെണ്ണുങ്ങള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാകും!!!!

:)

Sanal Kumar Sasidharan said...

സൈക്കിളീന്ന് രക്ഷപ്രാപിക്കാന്‍ പെണ്ണുമ്പിള്ളെക്കൊണ്ട് ഈ ബ്ലോഗൊന്ന് വായിപ്പിച്ചാമതി :)
അതിന് മുന്‍പ അരികില്‍ കിട്ടാവുന്ന ആയുധങ്ങളൊക്കെ മണിച്ചിത്രത്താഴ് സ്റ്റൈലില്‍ മാറ്റിയേക്കുന്നത് നന്ന് :)

ബഷീർ said...

"അച്ചാ ഇന്നു ഓഫീസില്‍ പോണില്ലേ? സ്കൂളില്‍ പോകുവാ?"

അകമ്പടിയായി 'കെക്കെക്കേ' ന്നൊരു ചിരിയും. അവന്‍റെ തള്ളയുടെ വഹ

ചിരിച്ചു : )

കുറ്റ്യാടിക്കാരന്‍|Suhair said...

ചിരിച്ചിട്ടുണ്ട്. കൊല്ലരുത് ഫ്ലീസ്...

നന്നായിട്ടുണ്ട് പാംസ്...

Ranjith chemmad / ചെമ്മാടൻ said...

ഞാനൊന്നും പറയാന്‍ ആളല്ല.
എനിക്കൊന്നും പറയാന്‍ വയ്യ.
എന്നെ പിടിച്ചോളൂ... ദാ കിടക്കണ്‌ ഠിം.....

പാമരന്‍ said...

മാണിക്യേച്ചീ, കാപ്പു, കാന്താരീ, പ്രിയ, നന്ദി.

കാഴ്ചക്കാരാ, നന്ദി. അവരു എന്നോടുള്ള സ്നേഹം കൊണ്ടു കുറച്ചു കൂടുതല്‍ ചിരിച്ചു തന്നതല്ലേ.. :)

കൃഷ്, നന്ദി.

സനാതനന്‍ജി, നന്ദി.. കിട്ടുന്ന റേഷന്‍ ചോറെങ്കിലും ഉണ്ടു പോട്ടെ.. :)

ബഷീര്‍ജി, കുറ്റി, രണ്ജിത്തേ നണ്ട്രി..

തണല്‍ said...

കുറച്ച് വൈകിപ്പോയി പാമര്‍ജീ,
സിസ്റ്റം പണിമുടക്കിലായിരുന്നു..
ശരിക്കും ചിരിച്ചു പോയി!
മാഷിന്റെ ഒരു പോസ്റ്റ് വായിച്ച് സങ്കടപ്പെടാതെ പോകുന്നതാദ്യമാണ്.വളരെ സന്തോഷം എന്റെ പാമര്‍ജീ..:)

Sherlock said...

കിന്‍റര്‍ഗാര്‍ട്ടനില്‍ പഠിക്കണ മോന്‍റെ ചോദ്യം: "അച്ചാ ഇന്നു ഓഫീസില്‍ പോണില്ലേ? സ്കൂളില്‍ പോകുവാ?"


വൌ...പാമരന്‍...കസറി..

Unknown said...

എന്റെ അമ്മോ പാമു
ഞാന്‍ ചിരീച്ച് ച്ചിരിച്ച് പണ്ടാരമടങ്ങി
വന്ദനം എന്ന സിനിമയില്‍ നമ്മുടെ ജഗദീഷ് പോകൂന്നതു പോലെ എനിക്ക് തോന്നി
ഭാര്യന്മാരെ അനുസരിക്കാത്ത ഭര്‍ത്താക്കന്മാര്‍ക്ക്
ഇതാണ് ശിക്ഷ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

നാട്ടില്‍ പോയി വന്നിട്ട്‌ ബൂലോകത്തേക്കു കാലുവെച്ചപ്പോള്‍ ആദ്യംകണ്ട പോസ്റ്റ്‌. വായിച്ചു. അവസാനം ചിരി ഒന്നു എത്തിനോക്കുകയും ചെയ്തു - "ഈ പോസ്റ്റ്‌ വായിച്ച്‌ ചിരിക്കാത്തവരെ സൈക്കിളു കയറ്റികൊല്ലും എന്ന് വായിച്ചപ്പോള്‍" - പിന്നെ കമന്‍സിലൂടെ ഒന്നു കറങ്ങി. അതിശയത്തില്‍ നിന്നും അത്ഭുതത്തിലേക്കും പിന്നെ അവിശ്വാസത്തിലേക്കും - എണ്റ്റെ ഈശോയെ ഇവരൊക്കെ എന്താ ചിരി യന്ത്രങ്ങളാണോ ഇത്‌ വായിച്ച്‌ ഇങ്ങിനെ ചിരിക്കാന്‍ !! ബാറ്ററിയിട്ട്‌ ചെവിക്കു തിരിച്ചാലുംചിരിക്കാം അല്ലേ?? എണ്റ്റെ സത്യസന്ധമായ അഭിപ്രായം താഴെ.

മനോരമ പത്രത്തിലെ `അനുഭവം' കോളം പോലെ വായിച്ചു. ആദ്യത്തെകമണ്റ്റ്‌ കണ്ട്‌ ചിരി വന്നു. പീന്നീടുള്ള കമണ്റ്റുകള്‍ വായിച്ചു ഞെട്ടിത്തരിച്ചു.

(കല്ലും വടിയുമൊന്നും തിരയല്ലേ. ഞാന്‍ ഒാടി)

ദിലീപ് വിശ്വനാഥ് said...

ഹഹഹ.. ചിരിപ്പിച്ചു കളഞ്ഞു. ഞാനും ഒരെണ്ണം വാങ്ങി ഈയിനം, പക്ഷെ അതു വീട്ടില്‍ തന്നെ ഇരുന്നു തുരുമ്പെടുക്കുന്നത് കണ്ട് എടുത്ത് ഒരു സുഹൃത്തിന് കൊടുത്തു. സമ്മധാനമായി..

പാമരന്‍ said...

ഹ ഹ ഹ..! ജിതേന്ദ്രന്‍ജീ.. സത്യം പറ, ഞാന്‍ സൈക്കിളുകേറ്റി കൊല്ലും എന്നു പറഞ്ഞതോര്‍ത്ത്‌ പേടിച്ചു ചിരിച്ചതല്ലേ.. ഞാന്‍ ചുമ്മാ പറഞ്ഞതാ കേട്ടോ. കൊല്ലത്തില്ല.

പിള്ളേച്ചാ, ജിഹേഷേ, തണല്‍ജീ, മുനിയണ്ണാ, നണ്‍ട്രി.

ജെയിംസ് ബ്രൈറ്റ് said...

ഒരു സൈക്കിളു കൊണ്ട് എന്തെല്ലാം സംഭവങ്ങള്‍..!
സൂപ്പര്‍ ഹ്യൂമര്‍ തന്നെ പാമരന്‍സ്..!
അപൂര്‍വമായ രചനാ പാടവത്തിന്റെ മുമ്പില്‍ നമിക്കാതെ മാര്‍ഗ്ഗമില്ല..!

Unknown said...

പാമു വീണ്ടും ഒന്ന് ചിരിച്ചിട്ട് പോകാന്‍ കയറിയതാ
ഉറക്കം വരുന്നു,
എന്നാലും നമ്മുടെ പാമുവിന്റെ പോസ്റ്റ് വായിച്ച്
ഒന്നൂടെ നോക്കിട്ട് കിടക്കാന്ന് വച്ചു

Gopan | ഗോപന്‍ said...

പാമൂ യജ്ഞം കല കലക്കി..ചിരിച്ചു അടപ്പിളകി. :) ഇത്തരം യജ്ഞങ്ങള്‍ ഇനിയും നടത്തുവാന്‍ തോന്നട്ടെ.

Rare Rose said...

പാമൂ ജീ..,..കരയിപ്പിക്കാനുള്ള പുറപ്പാടായിരിക്കും എന്നോര്‍ത്ത് പേടിച്ചാണു വായിച്ചത്...സാധാരണ എല്ലാ തല്ലുകൊള്ളിത്തരവും ദു:ഖപര്യവസായി ആയിട്ടാണല്ലോ പോസ്റ്റാറുള്ളത്....പക്ഷെ..ഇതു ഒരു ഒന്നൊന്നര യജ്ഞം തന്നെയായിരുന്നു ട്ടോ...വായിച്ച് ചിരിച്ച് ചിരിച്ച് വയ്യാണ്ടായി...എന്നിട്ട് ഇനി വീണ്ടും ഈ യജ്ഞം തുടരാന്‍ പരിപാടിയുണ്ടോ..??..:)

ശ്രീവല്ലഭന്‍. said...

ഹാ ഹാ ....
സൈക്കിള്‍ വാങ്ങിയാല്‍ ഇതുപോലുള്ള പൊല്ലാപ്പുകള്‍ ഉണ്ടല്ലേ :-)
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കിലോമീറ്റര്‍ സൈക്കിളില്‍ കയറി ഒറീസ്സയില്‍ കോളേജില്‍ പഠിപ്പിക്കാന്‍ പോയതോര്‍മ്മ വരുന്നു. അന്നൊന്നും കുളിക്കണ്ട ആവശ്യം ഇല്ലായിരുന്നു. :-)
ശരിയാണ്, സൈക്കിള്‍ ചവിട്ടുമ്പോഴാണ് കയറ്റം ഒക്കെ ഒരു കയറ്റം തന്നെ ആണെന്ന് മനസ്സിലാവുന്നത്.