Sunday, June 8, 2008

ഒരു പഴയ തല്ലുകൊള്ളിത്തരം

"ആരാണ്ടാ അവ്ടെ നായീന്‍റെ മക്കളേ.."

മൂത്തോറശ്ശന്‍റെ പറമ്പില്‌ വിശാലമായി പുറം തിരിഞ്ഞിരുന്ന്‌ കഥയും പറഞ്ഞ്‌ അപ്പിയിട്ടോണ്ടിരിക്കുമ്പോഴാണ്‌ അങ്ങേരാവഴി വന്നത്‌.

അഴിച്ചു വെച്ചിരുന്ന നിക്കറും കയ്യിപ്പിടിച്ച്‌ കണ്ട വഴിയേ പാഞ്ഞു. അനിയനും ഞാനും. കമ്മ്യൂണിസ്റ്റുപച്ച പറിച്ച്‌ ഒന്നു താല്‍ക്കാലിക ശൌചം ചെയ്യാന്‍ പോലും ഇട കിട്ടിയില്ല. രണ്ടു കണ്ടം ചാടിക്കടന്ന്‌ തോട്ടിലേക്കെടുത്തു ചാടി ശൌചവും കുളീയും ഒരുമിച്ചങ്ങ്‌ കഴിച്ചു.

വീട്ടിലുള്ളതൊരു കുഴികക്കൂസാണ്‌. അതിലിരിക്കണമെങ്കില്‍ സര്‍ക്കസ്സു പഠിക്കണം. അതുകൊണ്ട്‌ ഞങ്ങള്‌ അയലത്തെ പറമ്പിലേയ്ക്കോടുന്നത്‌ അമ്മ കണ്ടില്ലെന്നു നടിക്കും. അച്ഛനറിഞ്ഞാല്‍ അമ്മയ്ക്കും കിട്ടും വഴക്ക്‌. ഞങ്ങള്‍ അമ്മയും മക്കളും തമ്മിലുള്ളൊരു അഡ്ജസ്റ്റുമെന്‍റാണ്‌ ഈ വെളിക്കിറങ്ങല്‍.

കലക്കവെള്ളത്തില്‌ തല നന്നായി തണുത്തപ്പഴാണ്‌ അനിയനാ (ദുര്‍)ബുദ്ധിയുദിച്ചത്‌.

"എടാ, മ്മക്കാ കുരുടിയെ തീട്ടം ചവിട്ടിച്ചാലോ?"

മൂത്തോറശ്ശന്‍റെ മകളാണ്‌ മിനിച്ചേച്ചി. പത്തുപന്ത്രണ്ടു വയസ്സുണ്ടന്ന്‌. അഞ്ചാം വയസ്സിലൊരു പനിവന്നതാണത്രെ. കണ്ണ്‌ ഒട്ടും കാണില്ല. മിനിച്ചേച്ചിയെ പറഞ്ഞുപറ്റിച്ചു കൊണ്ടുവന്നു തീട്ടത്തില്‍ ചവിട്ടിക്കാമെന്ന്‌!. മൂത്തോറശ്ശനോടുള്ള പ്രതികാരം.

ഓടിയവഴിക്കു മുള്ളുകുത്തിയതും തൊലിയുരഞ്ഞതും നന്നായി നീറുന്നുണ്ടായിരുന്നതുകൊണ്ട്‌ അവനോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല.

മാങ്ങാക്കാലമായതുകൊണ്ട്‌ ഒളോര്‍ മാങ്ങകള്‌ കൊറേ വീണു കിടക്കണുണ്ടെന്നു പറഞ്ഞപ്പോ മിനിച്ചേച്ചി ഒട്ടും അമാന്തിച്ചില്ല. ഞങ്ങളു രണ്ടും രണ്ടു സൈഡിലും കൈപിടിച്ചു വഴികാട്ടി. കണ്ണിന്‍റെ കഴിവുകൂടി ഘ്രാണശക്തിക്കുണ്ടായിരുന്നിട്ടും ഒന്നു സംശയിക്കുക കൂടി ചെയ്യാതെ നേരെ ഞങ്ങളുടെ വഴിക്കു നടന്നു. കൃത്യമായി നല്ലൊരു ഐറ്റത്തില്‍ തന്നെ കൊണ്ടുപോയി ചാടിച്ചു.

"അയ്യേ.." മിനിച്ചേച്ചി കരഞ്ഞു വിളച്ചതും ഞാന്‍ ഓടി. അനിയന്‍റെ പൊടിപോലുമില്ലായിരുന്നു. അവന്‍ പണ്ടേ ഏരിയാ വിട്ടുകാണണം. പാഞ്ഞു ചെന്ന്‌ അതിരില്‍ നില്‍ക്കണ പുളിമരത്തില്‍ പെടച്ചു കയറി. ഏറ്റവും മുകളിലെ കൊമ്പില്‍ തന്നെ ഇരിപ്പുറപ്പിച്ചു. അമ്മ അടിക്കാന്‍ വരുമ്പോള്‌ ആ പുളിമരമായിരുന്നു എപ്പോഴും ഞങ്ങള്‍ടെ രക്ഷകന്‍. പക്ഷേ ഒത്തിരി നേരമിരുന്നിട്ടും ആരും അടിക്കാന്‍ വന്നില്ല.

അന്നു രാത്രി അച്ഛന്‍ വരുന്നതിനു മുന്പേ പഠിത്തമെന്ന പ്രഹസനമൊക്കെ കഴിച്ച്‌ കഞ്ഞീം കുടിച്ച്‌ കേറിക്കെടന്നു.
പായയില്‍ ഉറക്കം നടിച്ചു കെടക്കുമ്പോള്‌ ഒന്നു ചുമച്ചു നോക്കി. പതിവു സിഗ്നല്‍. മറു ചുമ കിട്ടി. അവനും ഒറങ്ങീട്ടില്ല.

"വേണ്ടില്യേര്ന്ന്.. ല്ലെടാ?"

"നന്നായിപ്പോയോള്ളൂ.." ചെക്കന്‍റെ വാശി അടങ്ങീട്ടില്യ.

അച്ഛന്‍ വരണവഴിക്ക്‌‌ മൂത്തോറശ്ശന്‍ പിടിച്ചു നിര്‍ത്തി ഒക്കെ പറഞ്ഞു കൊടുക്കണതും ഉമ്മറത്തേക്കു കടക്കുമ്പത്തന്നെ ഇറയില്‍ ചീരി വെച്ചിരിക്കണ ചൂരല്‌ ഊരിയെടുക്കണതും മനസ്സില്‌ കണ്ട്‌ കണ്ട്‌ എപ്പോഴോ ഉറക്കത്തിലാണ്ടു പോയി.

കുറേ ദിവസം കൂടി ആ പേടി തലക്കുള്ളിലെടയ്ക്കൊക്കെ ചൂരലിന്‍റെ മൂളിച്ച കേപ്പിച്ചിരുന്നു. പിന്നെ അതും മറന്നു പോയി. എന്നാലും മിനിചേച്ചിയോടുള്ള കൂട്ടുകെട്ട്‌ അന്നോടെ നി്‌ന്നു. അതിന്‌ കണ്ണില്ലാത്തതുകൊണ്ട്‌ ഒളിച്ചു നടക്കേണ്ടി വന്നില്ല.

കാലത്തിന്‍റെ കുത്തൊഴുക്കില്‌ അലഞ്ഞലഞ്ഞ്‌ കേട്ടിട്ടുപോലുമില്ലായിരുന്ന ഏതൊ തീരത്തു വന്നടിഞ്ഞു. വെള്ളിയാഴ്ച്ചകളിലെ കള്ളുകുടി കഴിഞ്ഞ് അല്‍പം നൊസ്റ്റാള്‍ജിക്കഷായം കുടിക്കുമ്പം മിനിച്ചേച്ചി പതിവായി തെകട്ടി വരും. ആ വാടകവീടു വിട്ട്‌ സ്വന്തം പെര കെട്ടി ഞങ്ങള്‌ പണ്ടേ മാറിയിരുന്നു. പുതിയ വീട്‌ കുറച്ചു ദൂരെ ആയതുകൊണ്ടും പില്‍ക്കാലത്ത്‌ കടലിനിക്കരെ ആയതുകൊണ്ടും പിന്നെ അവരെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല.

എപ്പോഴോ വീട്ടിലേയ്ക്കു വിളിച്ചപ്പോള്‍ മൂത്തോറശ്ശനു മുകളിലേയ്ക്കു വിസ കിട്ടിയ വിവരം അറിഞ്ഞു. കുറേ കാലം കിടപ്പിലായിരുന്നത്രെ.

കഴിഞ്ഞപ്രാവശ്യം നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തപ്പോഴേ തീരുമാനിച്ചതാന്‌ മിനിചേച്ചിയെ പോയൊന്നു കാണണം ന്ന്‌.

പഴയ് വീട്‌ അങ്ങനെത്തന്നെയുണ്ട്‌. കാല്‍പ്പെരുമാറ്റം അറിഞ്ഞ്‌ പുറത്തിറങ്ങി വന്നു.

"ആരാ അവ്ടെ?"..

ശബ്ദത്തിന്‌ അതേ താളം. ദൈന്യതയുടെ ചെറിയൊരു അടിയൊഴുക്ക്‌. ഇത്തിരി അകാലനര കയറിയിരിക്കുന്നു. നെറ്റിയും പുരികവും കവിഞ്ഞു കിടക്കുന്ന ഭസ്മക്കുറി. തിളക്കമില്ലാത്ത ദൃഷ്ടിഗോളങ്ങള്‍ രണ്ടു കുഴികളില്‍ വെറുതേ പിടയ്ക്കുന്നു.

"മിനിചേച്ചീ.. ഞാനാ.. അറിയ്വോ?"

കാഴ്ചയില്ലാ കണ്ണുകള്‍ക്കും ഭാവം കാണിയ്ക്കാനാവുമെന്നു മനസ്സിലായി. അമ്പരപ്പ്‌.

"ഹെന്‍റീശ്വരാ.. കുട്ടന്‍മോനാ?"

'കുട്ടന്‍മോന്‍'.. പഴയവിളിപ്പേരു്‌. ഞാനതെന്നേ മറന്നു പോയിരിക്കുന്നു.

"ചേച്ചി ന്നെ മറന്നില്ലാല്ലേ.." കരഞ്ഞു പോകുമോന്ന്‌ ഒന്നു ഭയപ്പെട്ടു.

തിടുക്കത്തില്‍ വിഷയം മാറ്റി.

"മൂത്തോറശ്ശന്‍ പോയി, ല്ലേ.. അച്ഛന്‍ പറഞ്ഞിരുന്ന്‌. ഇവടെ പ്പം ഒറ്റയ്ക്കാ?"

ഒന്നു ചിരിച്ചു. (എന്തൊരു ചിരിയാണത്‌. കണ്ണില്ലാത്തവര്‍ക്കിങ്ങനെ മനോഹരമായി ചിരിക്കാന്‍ കഴിയുമോ?)

ഒത്തിരി വിശേഷങ്ങളും പറഞ്ഞ്‌, സഹായിക്കാന്‍ വരാറുണ്ടായിരുന്ന പെണ്ണുണ്ടാക്കിയ ശര്‍ക്കരക്കാപ്പിയും കുടിച്ച്‌ യാത്ര പറഞ്ഞിറങ്ങും വരെ 'ആ സംഭവ'ത്തിനെക്കുറിച്ചെന്തെങ്കിലും പറയുമോന്നു പേടിക്കുകയും ആഗ്രഹിക്കുകയും ചെയ്തു. ഒരു മാപ്പപേക്ഷ റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു.

ഇറങ്ങാന്‍ നേരത്ത്‌ എന്‍റെ കയ്യില്‍ പിടിച്ചു. നേരിയൊരു തണുപ്പ്‌.

"അന്നെയൊക്കെ ഇനീം കാണാന്‍ കയ്വോന്നറിയൂല, കുട്ടന്‍മോനെ.. ഞ്ഞി ഇന്നെ ങ്ങനെ എത്ര കാലം ഇടും ന്നാര്‍ക്കറിയാം.."

"..."

"പോണെ വയിക്കാ അച്ഛനെ അടക്കീത്‌. ഒന്ന്‌ കണ്ട് പൊയ്ക്കോളൂ.. ഓര്‍മ്മല്യേ.. ആ പഴേ തൊടീല്‌ത്തന്നെ.." അതു പറഞ്ഞിട്ട്‌ ഒന്നു പൊട്ടിച്ചിരിച്ചു.

ആവൂ. മനസ്സില്‌ കെട്ടിയിട്ടിരുന്ന എന്തോക്കെയോ കയറഴിഞ്ഞു പോയതുപോലെ. ഒരു ഭാരമില്ലായ്മ. ചിരിയില്‌ പതുക്കെ പങ്കു ചേര്‍ന്നു. ഉള്ളില്‌ ഒരുക്കി വെച്ചിരുന്ന മാപ്പപേക്ഷയ്ക്കൊക്കെ ഒരു വിലയുമില്ലെന്നു തോന്നി. അതങ്ങനെത്തന്നെ വിഴുങ്ങി.

ഒത്തിരി നേരം ഞാന്‍ പോണ വഴിക്ക്‌ നേരെ നോക്കി(?)ക്കൊണ്ട്‌ നിന്നിരുന്നു. ഇടവഴിയിലെത്തും വരെ ഞാനും ഇടയ്ക്കിടെ തിരിഞ്ഞു നോക്കി.

ഇടവഴിയവസാനിക്കുന്നിടത്താണ്‌ ഞങ്ങള്‌ വാടകയ്ക്കു താമസിച്ചിരുന്ന പഴയ വീട്‌. അതിപ്പോള്‍ ഉടമസ്ഥന്‍ പൊളിച്ചുപണിഞ്ഞ്‌ കോണ്‍ക്രീറ്റിട്ടിരിക്കുന്നു. അതിരു കടന്നപ്പുറം മൂത്തോറശ്ശന്‍റെ പറമ്പ്‌. ഒരു കൌതുകത്തിന്‌ അങ്ങേരെ അടക്കിയ സ്ഥലം നോക്കി നടന്നു.

അവിടെ, കമ്മ്യൂണിസ്റ്റുപച്ചകള്‍ക്കിടയില്‌, ഒരു ചെറിയ മണ്‍കൂനയും കുറച്ചു കല്ലുകളും. ഞങ്ങള്‍ അപ്പിയിട്ടോണ്ടിരുന്നതിനു നേരെ താഴെ, മൂത്തോറശ്ശന്‍ ഉറങ്ങുന്നു.

"ആരാണ്ടാ അവ്ടെ, നായീന്‍റെ മക്കളേ.."

ഉള്ളൊന്നു കാളി, പിന്നെ ഒന്നൂറി ചിരിച്ചു തിരിഞ്ഞു നടന്നു.

22 comments:

പാമരന്‍ said...

പഴയൊരു തല്ലുകൊള്ളിത്തരം. എഴുതിപ്പഴകിയ പാറ്റേണ്‍ തന്നെ. എന്തേലും എഴുതിപ്പോയാപ്പിന്നെ ചവറാണേലും നാലുപേരെ കാണിച്ചില്ലേല്‍ ഒറക്കം വരില്ല. അതോണ്ട്‌ പോസ്റ്റുന്നു. വായിച്ചിട്ട്‌ തെറി പറയൂ.

ജാമ്യം: ഇതിങ്ങനെ സംഭവിച്ചിട്ടൊന്നുമില്ല കേട്ടോ. എന്നെ വീടുകേറി തല്ലാനാളെ വിട്ടേക്കല്ലേ.

മാണിക്യം said...

ജാമ്യം:
ഇതിങ്ങനെ സംഭവിച്ചിട്ടൊന്നുമില്ല കേട്ടോ.
ഒരു മുങ്കൂറ് ജാമ്യം !
അതു നന്നായി!!
അപ്പോ'കുട്ടന്‍മോനേ'.സംഭവം ഉഷാറായി ..
ആ പറച്ചിലിന്റെ ഒഴുക്ക് കാണുമ്പോഴേ അറിയാം
അഡ്ജസ്റ്റുമെന്‍റാണ്‌ ഈ വെളിക്കിറങ്ങല്‍.എന്നു
ദേ തേങ്ങാ ((( ത്തോ)))
ശ്ശോ അതാ തൊണ്ടി മുതലിലാ വീണത് !

ഹരിയണ്ണന്‍@Hariyannan said...

ജീവിതത്തില്‍ നമ്മള്‍ റെഡിമേഡാക്കിക്കൊണ്ടുനടക്കുന്ന കുറേ മാപ്പപേക്ഷകള്‍!
അവ ഉരുകിയൊലിച്ചുപോകുന്ന ചില മന്ദസ്മിതങ്ങള്‍!
ജീവിതം എല്ലായിടത്തും ഒരുപോലെയാണല്ലോ പാമരാ!!

അവതരണശൈലികൊണ്ട് മികവ് പ്രകടമാക്കി!
ഒരു തമാശക്കഥയായിക്കണ്ട് മടങ്ങാന്‍ കഴിയാത്തവിധം പാമരന്‍ എന്നെ അസ്വസ്ഥനാക്കി!
ഇനിയും എഴുതൂ...ഈ ആല്‍ത്തറകളില്‍ നിന്നും ആകാശങ്ങളിലേക്ക് പടരൂ..

Gopan | ഗോപന്‍ said...

പാമരന്‍സെ,
തല്ലുകൊള്ളിത്തരത്തില്‍ തുടങ്ങി ദൈന്യതയോ, ആദരവോ, തെറ്റേറ്റു പറയുന്ന ഒരു മനസ്സോ, ചെയ്ത കുസൃതിയോര്‍ത്തു ഇപ്പോഴും കുട്ടിയായി തന്നെ ചിരിച്ചു തീര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു മുഖമോ ആണ് ഈ പോസ്റ്റില്‍ കണ്ടത്.

പോസ്റ്റുകളില്‍ വ്യത്യസ്തത നില നിര്‍ത്തുന്നതിനു നൂറു മാര്‍ക്ക്. വളച്ചു കെട്ടില്ലാതെയുള്ള കഥയെഴുത്തിനു അഭിനന്ദനങ്ങള്‍..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹേയ് കുട്ടൂസ്, തമാശയായിട്ടാ വായിച്ചത്, പക്ഷേ പിന്നെപ്പിന്നെ എന്തോ ഒരു സങ്കടം പോലെ...

ഇടയ്ക്കൊക്കെ ഇങ്ങനെ തിരിഞ്ഞു നോക്കുന്നത് നല്ലതാ. നല്ല ഓര്‍മ്മകള്‍ ഒരുപാട് കയ്യില്‍ തടയും

പൊറാടത്ത് said...

പാമരന്‍.. നന്നായി എഴുതിയിട്ടുണ്ട്.. ചവറാണെന്ന് സ്വയം തീരുമാനിച്ചോ.!!? പറയാന്‍ പുതിയ തെറികള്‍ പഠിച്ച് വന്ന് പറയാം..

ആ ജാമ്യാപേക്ഷ കാണുമ്പോഴേ അറിയാം, “എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാന്ന് തോന്ന്വോ“ എന്നാ ചോദ്യം ന്ന്..

അസ്സലായിരിയ്ക്കുന്നു..

തണല്‍ said...

പാമര്‍ജീ വാക്കുകളില്ലാ..തൊണ്ട ഉണങ്ങിയാല്‍ പിന്നെ ഞാനങ്ങനെ ആണ് ...വാക്കുകളുണ്ടാവില്ല,ഒരു നോട്ടം മാത്രം,അതും നനഞ്ഞുകുളിച്ച ഒരു നോട്ടം ..അതു ഞാന്‍ ഈ കമന്റിനടിയില്‍ വച്ചിട്ട് പോകുന്നു.:(

പാമരന്‍ said...

മാണിക്യേച്ചീ.. :)

ഹരിയണ്ണാ.. സത്യം തന്നെ. നന്ദി.

ഗോപന്‍ജീ, നന്ദി..

പ്രായമ്മേ.. വളരെ നന്ദി.

പൊറാടത്തേ, :) . ഏയ്‌, എന്നെക്കണ്ടാ കിണ്ണം കട്ടതാണെന്ന്‌ തോന്ന്വോ? വളരെ നന്ദി.

തണലേ.. വേവ്‌ലെങ്ത്തുകള്‍ അടുത്തു വരണുണ്ടല്ലേ.. നന്ദി!

ശ്രീ said...

ഹൊ! മാഷേ... ഇതു വല്ലാതെ മനസ്സില്‍ തട്ടീട്ടോ. ആല്‍ത്തറയില്‍ ഇത്തിരി നേരംപോക്കു കേള്‍ക്കാന്‍ വന്നതാ... എന്നിട്ട്...

എന്നാലും ഇടയ്ക്കിത്തരം ഓര്‍മ്മക്കുറിപ്പുകളും ഒരു രസമാണ് ട്ടോ. മിനി ചേച്ചി മനസ്സില്‍ നിന്നും മായുന്നില്ല.

ശ്രീനന്ദ said...

പാമരന്‍ ജി,
നല്ല പോസ്റ്റ്. പാവം മിനിചേച്ചി മൂത്തോറശ്ശനോട് പറഞ്ഞിട്ടുണ്ടാവില്ല. അല്ലെന്കില്‍ ചേട്ടനും അനിയനും കിട്ടിയേനെ പെട.

Sharu (Ansha Muneer) said...

വായിച്ചു. പക്ഷെ വായിച്ചു കഴിഞ്ഞും എന്തൊക്കെയോ മനസ്സില്‍ തട്ടി നില്‍ക്കുന്നു. അതുതന്നെയാണ് ഈ എഴുത്തിന്റെ വിജയവും. :)

പിള്ളേച്ചന്‍ said...

പുറമ്പോക്കില്‍ പോയീ കാര്യം സാധിച്ചിട്ട് പാമുവിന്റെ ആ ഓട്ടം ഞാനൊന്ന് ഓര്‍ത്തു
ഹോ എനിക്ക് ചിരിക്കാന്‍ വയ്യെ

കുറ്റ്യാടിക്കാരന്‍|Suhair said...

ഇഞ്ഞെന്ത് മനിശ്യനാടോ പാമ്വോ...
എന്തെങ്കിലും തമാശ കേള്‍ക്കാന്ന് വെച്ച് വന്ന്വോക്കുമ്മൊ...

സങ്കടാക്കികളഞ്ഞല്ലോ...

നല്ല പോസ്റ്റ് ട്ടാ..

krish | കൃഷ് said...

koLLaam thallukolLiththaram.
:)

K C G said...

പാമുവേ എന്തു കഥയാണിത്. കഥയല്ല ഇതൊക്കെ നടന്നകാര്യം തന്നാണ് എന്നു വിശ്വസിക്കാനാ ഇഷ്ടം തോന്നുന്നത്. അപ്പോ കോമഡി മാത്രല്ല, മനസ്സിലുടക്കണ കഥകളെഴുതാനും പാമ്മൂനറിയാം...
ഇഷ്ടപ്പെട്ടു പാമുവേ...

Unknown said...

പാമു പണ്ടെ ഒരു തല്ലു കൊള്ളീയായിരുന്നല്ലെ

ശ്രീവല്ലഭന്‍. said...

വളരെ പ്രയാസം ഉണ്ടാക്കി ഇതു വായിച്ചപ്പോള്‍. പഴയ കാലങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. എന്തോ ഒരു വല്ലാതെ......

ജെയിംസ് ബ്രൈറ്റ് said...

മനസ്സില്‍ തട്ടുന്ന രചന.
വീണ്ടും എഴുതുക.

നിരക്ഷരൻ said...

“പായയില്‍ ഉറക്കം നടിച്ചു കെടക്കുമ്പോള്‌ ഒന്നു ചുമച്ചു നോക്കി. പതിവു സിഗ്നല്‍. മറു ചുമ കിട്ടി. അവനും ഒറങ്ങീട്ടില്ല.“...

ഭയങ്കരന്മാര്‍ തന്നെ.

ഓഫീസിലിരുന്നാണ് വായിച്ചത്. കണ്ണ് നനഞ്ഞത് ആരും ശ്രദ്ധിക്കാതിരിക്കാന്‍ ഞാന്‍ സൂത്രത്തില്‍ വെളിയിലേക്ക് ഇറങ്ങി നടന്നു.

Sureshkumar Punjhayil said...

Good work... Best Wishes...!

Rare Rose said...

എന്തു തല്ലുകൊള്ളിത്തരമാണെന്നു നോക്കാന്‍ വന്നതാണു...പക്ഷെ...അവസാനത്തോടടുത്തപ്പോള്‍ കണ്ണില്ലെങ്കിലും മനോഹരമായി ചിരിക്കുന്ന മിനി ചേച്ചിയെ കണ്ടപ്പോള്‍ എന്തോ ഒരു വിങ്ങല്‍ ...നന്നായിരിക്കുന്നു ട്ടോ .......

konchals said...

കൊറെ നാളായി ഈ വഴിക്കൊക്കെ വന്നിട്ടു ഞാന്‍...

കൊള്ളാം‌ട്ടോ....