Monday, June 23, 2008

ഊഞ്ഞാലില്ലാതെ ......


'ഊഞ്ഞാല്‍' എന്നു പറയുമ്പൊള്‍ എനിക്ക്‌ എന്റെ അഛന്റെ ഓര്‍മ്മയാണ്,
ഞങ്ങള്‍ സ്കൂള്‍ പൂട്ടിയാല്‍ അന്നു തന്നെ ടൌണിലെ വീട്ടില്‍ നിന്ന് അഛന്റെ അടുത്തേക്ക്‌ പോകും.ചെല്ലുമ്പോഴേ കാണാം ഊഞ്ഞാല്‍ വലുതും ചെറുതും കെട്ടി ഇട്ടിട്ടുണ്ടവും എനിക്കു ഊഞ്ഞാലില്ലാതെ ഓണത്തിന്റെ ഓര്‍മ്മകളില്ല.
ഓണത്തിന്റെ അവധിക്കാലം ഞാന്‍ ഊഞ്ഞാലില്‍ തന്നെയാവും.
ഊഞ്ഞാലിലിരുന്നു ബുക്ക് വായിക്കുന്നതു ഇന്നും എനിക്കിഷ്ടമാണ്.

പിന്നെ എന്റെ ഓര്‍മ്മയില്‍ ഈ ഊഞ്ഞാലും കൂടെ ചെണ്ടമേളവുമുണ്ട്‌ സംഗതി ഇന്നു ഓര്‍ക്കുമ്പൊ ചിരിക്കാം രണ്ടു മണിക്കുര്‍ (അന്ന് അതൊരു വല്യാ യാത്രയാ) യാത്രാ കഴിഞ്ഞു വന്നയുടനേ ഞാന്‍ കാറില്‍ നിന്നിറങ്ങി നേരെ ഊഞ്ഞാലേ കേറി എന്റെ സ്ഥാനം ഒറപ്പിച്ചു അപ്പൊഴെ അമ്മെടെ വിളി, കാരണം ഈ ഊഞ്ഞാലിനു വേറെയും അവകാശികളുണ്ട്‌ ഏതായാലും വന്നയുടനെ ആയതുകൊണ്ട്‌ അഛന്റെ ഇടപെടലില്‍ ഞാന്‍ രക്ഷപെട്ടു. മദ്ധ്യസ്ഥത പ്രകാരം എല്ലവരും അവരവരുടെ ഊഴം കാത്തു നിലക്കണം അപ്പൊള്‍ അടുത്തത്‌ ആങ്ങളയാണ്.
(അമ്മയുടെ കണക്കു പ്രകാരം തെറ്റാവരം ഒള്ള പുത്രന്‍)
അവനെ ഊഞ്ഞാലിലില്‍ ഇരുത്തി ഞാന്‍ ആട്ടി തുടങ്ങി, മുങ്ങാം കുഴിന്നൊരു പണിയുണ്ടു ഊഞ്ഞാലുന്തി അതിന്റെ അടീലൂടെ വരും നല്ല പൊക്കത്തില്‍ പോകും.
അതു അഞ്ചു കഴിയുമ്പൊള്‍ ഇറങ്ങണം, പിന്നെ അടുത്താ ആള്‍,
എന്തിനു പറയുന്നു ഞാന്‍ ആട്ടി വിട്ടിട്ടു നൊക്കുമ്പോ ഊഞ്ഞാല്‍ ഒറ്റയ്ക്ക് താഴോട്ട്‌ വരുന്നു.
പയ്യന്‍ എപ്പഴേ താഴെ വീണു .ആടി വന്ന ഊഞ്ഞാല്‍ അവനന്റെ തലേ വന്നിടിക്കുകയും കൂടി ചെയ്തപ്പൊള്‍ എനിക്കുള്ള സദ്യവട്ടം ഒത്തു. പാല്‍പായസത്തിനു മധുരം കുറയണ്ടന്ന് കരുതി അവനാണേല്‍ നീട്ടി കരയുന്നുമുണ്ട്‌ .
"അയ്യോ കണ്ടൊ കുഞ്ഞിനു നല്ലോണം നൊന്തു അല്ലെ അവനിത്രേം കരയുമൊ?"
(കോറസ്സ്)
അപ്പൊള്‍ അവന്റെ കരച്ചില്‍ നിര്‍ത്താനുള്ള വേദന സംഹാരി കൂടി എനിക്കുള്ള
അടിയുടെ ക്വോട്ടയില്‍ പെടും എന്ന് സാരം.
ചൂരവടിയെക്കാള്‍ പഷ്ടാ മുല്ലവള്ളീന്നു അന്നെനിക്കു മനസ്സിലായി.....

അടിയെക്കാള്‍ നൊന്തതു ഊഞ്ഞാലില്‍ കേറിപ്പൊകരുത്‌ എന്നു പറഞ്ഞതാ.... ....
അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു. അഛന്‍ വെളുപ്പിനെ എണീക്കും.
എനിക്ക്‌ നിരോധന അജ്ഞ ഒന്നു പിന്‍വലിച്ചു കിട്ടണം പ്രതിപക്ഷം സജീവമാകും മുമ്പേ കാര്യം നേടണം. നേരം പരപരാ വെളുക്കുന്നെ ഉള്ളു ഞാന്‍ അഛന്റെ പുറകേ കൂടി. അഛനേ നോക്കും പിന്നെ മുറ്റത്തേക്കും..ഇങ്ങനെ കുറച്ചു നേരം അപ്പോള്‍ അഛന്‍ പയ്യേ ഒന്നു ചിരിച്ചു വാതില്‍ തുറന്നു, എന്നിട്ട് അഛന്‍ പുറത്തിറങ്ങി നേരെ ഊഞ്ഞാലിന്റടുത്തേക്ക്‌ നടന്നു പുറകെ ഞാനും,
അന്നു എന്നെ ഊഞ്ഞാലിലിരുത്തി ആ വെളുപ്പാന്‍ കാലത്ത്‌ അച്ഛന്‍ ഊഞ്ഞാലാട്ടി..
എന്റെ സ്വകാര്യ സമ്പാദ്യമായി ആ വെളുപ്പാന്‍ കാലം ഇന്നും മനസ്സിലുണ്ട്‌.
നാലു പതിറ്റാണ്ട് മുന്‍പേ അച്ഛന്‍ മോളെ ഇരുത്തിയാട്ടുക എന്നുവച്ചാല്‍
അതു ഒരു സംഭവം തന്നാണേ!..... ...............
അച്ഛന്‍ 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' നിന്ന് "ദൈവത്തിന്റെ നാട്ടിലേക്ക് "
യാത്ര ആയിട്ട് അടുത്ത ആഴ്ച നാലുവര്‍ഷം തികയുന്നു.. ...
ആ ഓര്‍മ്മകള്‍ എന്നെ ഊഞ്ഞാലാട്ടുമ്പോള്‍ കണ്ണുകള്‍ ഈറനണിയുന്നു....

32 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അദ്യം ഒരു തേങ്ങാ ഇനിയത് നുള്ളിപ്പെറുക്കി തിന്നിട്ട് ബാ‍ക്കി..
((((((((((((((((ഠോ)))))))))))))))

Malayali Peringode said...

കണ്ണുകള്‍ നനയാതെ
കരള്‍ പിടയാതെ
ഓര്‍മകളുടെ വേലിയേറ്റം
സൃഷ്ടിക്കാതെ വായിക്കാനാകാത്ത
ഒരു ഓര്‍മക്കുറിപ്പ്....

ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു...
രണ്ടുതുള്ളി കണ്ണുനീര്‍ എന്റെ വക!

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

അന്നു എന്നെ ഊഞ്ഞാലിലിരുത്തി ആ വെളുപ്പാന്‍ കാലത്ത്‌ അച്ഛന്‍ ഊഞ്ഞാലാട്ടി..
എന്റെ സ്വകാര്യ സമ്പാദ്യമായി ആ വെളുപ്പാന്‍ കാലം ഇന്നും മനസ്സിലുണ്ട്‌...

ഓര്‍മ്മകളിലെ ഓണത്തിനു വാക്കുകളാല്‍ ഒരു പുനര്‍ജനിയേകിയതിനു നന്ദി...

വളരെ നന്നയിരിക്കുന്നു...

Unknown said...

"ഓര്‍മ്മകള്‍ മരിയ്ക്കുമോ
ഓളങ്ങള്‍ നിലയ്ക്കുമോ?”

ചില ഓര്‍മ്മകള്‍ ഒരിയ്ക്കലും മറക്കില്ല.ഓരോ മനുഷ്യന്റേയും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണു ബാല്യത്തിന്റേത്.ഇനിയൊരിയ്ക്കലും മടങ്ങി വരാത്തവണ്ണം കാലപ്രവാഹത്തില്‍ മറഞ്ഞു പോയ സുവര്‍ണ്ണകാലം..അക്കാലത്തു കിട്ടിയ വേദനിപ്പിയ്ക്കുന്ന അടി പോലും ഇന്നു മധുരിയ്ക്കുന്ന ഓര്‍മ്മകളായി മാറുന്നു.ഒരു പിതാ-പുത്രി ബന്ധത്തിന്റെ ഏറ്റവും തീക്ഷ്ണമായ ആവിഷ്കാരമാണു ഈ വരികളില്‍ കാണാന്‍ കഴിയുക.വഴക്കു പറഞ്ഞാലും അടിച്ചാലും ഒക്കെ ആ ഉള്ളിന്റെ ഉള്ളില്‍ നിറഞ്ഞു കവിയുന്ന സ്നേഹം...വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും, ലോകത്തിന്റെ ഏതു കോണില്‍ ആയിരുന്നാലും നമുക്കെല്ലാം ഇതൊക്കെയാണ് ബാക്കിയുണ്ടാവുക.ഏത് നശ്വരതയ്ക്കും അവസാനിപിയ്കാന്‍ കഴിയാത്ത മധുരിയ്ക്കുന്ന ഓര്‍മ്മകള്‍!!!

തീര്‍ച്ചയായും വായിച്ചിരിക്കേണ്ടുന്ന വാക്കുകള്‍!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓര്‍മകളുടെ ഒരു കോണില്‍ ഇന്നും നിറങ്ങള്‍ മായാതെ മങ്ങാതെ
നിലകൊള്ളുന്നആ സുന്ദരനിമിഷങ്ങള്‍, പോയ നാളുകള്‍,
ഇലകൊഴിഞ്ഞവസന്തങ്ങള്‍, പിന്നിട്ട പാഥകള്‍
നഷ്ടപ്പെട്ട വര്‍ഷങ്ങളും പിന്നെ കുറേ സ്വപ്നങ്ങളും ...

പാമരന്‍ said...

നല്ല ഓര്‍മ്മകള്‍ ചേച്ചീ..

എനിക്ക്‌ സനാതനന്‍റെ ഈ കവിത ഓര്‍മ്മ വന്നു..

ദിലീപ് വിശ്വനാഥ് said...

ഓണത്തിന്റെ ഓര്‍മ്മകള്‍! മുരുകന്‍ കാട്ടാക്കടയുടെ ഒരു കവിത ഓര്‍മ്മ വന്നു.

Unknown said...

ഊഞ്ഞാലാ ഊഞ്ഞാലാ ഓണതുമ്പിക്ക് ഒരു ഊഞ്ഞാല്
ഓണത്തിനും തിരുവാതിരക്കുമാണ് സാധാരണ ഞങ്ങള്‍ ഊഞ്ഞാലു കെട്ടുക
ഞങ്ങളുടെ നാട്ടില്‍ കാട്ടില്‍ വളരുന്ന ഒരു ചെടിയുടെ വള്ളി ആണ് സാധാരണയായി ഉപയോഗിക്കുക അതിന്റെ പേര് ഞാന്‍ മറന്നു പോയി
അങ്ങനെ എത്ര ഓര്‍മ്മകള്‍
മാണിക്യ ചേച്ചി നല്ല ഓര്‍മ്മകുറീപ്പ്

Unknown said...

ആല്ത്തറയില്‍ നല്ല ഓര്‍മ്മകുറിപ്പുകളും ഉണ്ടാകട്ടേ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓര്‍മ്മകളിലെ ഓണം ഊഞ്ഞാലാടട്ടെ...

ദൈവത്തിന്റെ നാട്ടില്‍ അച്ഛന്‍ സുഖമായിരിക്കട്ടെ...

ശ്രീ said...

നല്ലൊരു ഓര്‍മ്മക്കുറിപ്പു തന്നെ ചേച്ചീ. മനസ്സില്‍ തട്ടും വിധം വിവരിച്ചിരിയ്ക്കുന്നു.

നന്ദു said...

വായിച്ചു വന്നപ്പോൾ ഞാൻ കരുതി ഓണത്തിന്റെ കർട്ടൻ റെയ്സർ ആയിരിക്കും എന്നാ!. പക്ഷെ പകുതികഴിഞ്ഞപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു!.
ഇന്ന് ഊഞ്ഞാലും അത്തപ്പൂക്കളവും ഓണപ്പാട്ടുകളും ഒക്കെ ഇതുപോലെ ബ്ലോഗ്ഗുകളിലും ചാനലുകളിലുമെയുള്ളു ചേച്ചി.

നൊമ്പരമാർന്ന ഓർമ്മകൾ പങ്കുവച്ചതിനു നന്ദി.

Unknown said...

നന്നായിട്ടുണ്ട്. :)

ശെഫി said...

ഓരമകൾ അങനെയാണ്‌, അന് അത് രസിച്ചില്ലെങ്കിലും ഓരത്തിരിക്കാൻ മാധുര്യമേറും

നല്ല രസകരമായ അവതരണാം

Sanal Kumar Sasidharan said...

ഊഞ്ഞാലിനെക്കുറിച്ചാണെങ്കിൽ എനിക്ക് അമ്മയുടെ ശബ്ദമാണ് ഓർമ്മവരിക..
ഊഞ്ഞാലേ വള്ളിയമ്മ..എന്നു തുടങ്ങുന്ന ഒരു ചൊല്ല്
കൈകളാണ് ഊഞ്ഞാൽ ഞാൻ അതിൽ രസിച്ചിരുന്നായുന്ന അണ്ണാൻ കുഞ്ഞ് :)

Areekkodan | അരീക്കോടന്‍ said...

നല്ല ഓര്‍മക്കുറിപ്പ്....

ചിതല്‍ said...

ഓര്മകള്‍
ഊഞ്ഞാലാട്ടുമ്പോള്‍
അധികവും ക്രൂരമാവാറുണ്ട്....

Rare Rose said...

മാണിക്യം ചേച്ചീ..,ആ വെളുപ്പാന്‍ കാലത്തെ ഊഞ്ഞാലാട്ടത്തിന്റെ സുഖം ഒന്നു വേറെ തന്നെയാണു..പ്രത്യേകിച്ചും ഒരച്ഛന്റെ സ്നേഹവാത്സല്യങ്ങളുടെ തണലിന്‍ കീഴെ ആടുമ്പോള്‍...ഓര്‍മ്മകളിലെ ഈ സ്വകാര്യ സമ്പാദ്യം ഹൃദയത്തെ തൊടും വിധം പങ്കു വെച്ചിരിക്കുന്നു..ഇനി മുന്നോട്ടും ആ അച്ഛനെ കുറിച്ചുള്ള മധുരസ്മരണകള്‍ വെളിച്ചം പകരട്ടെ....

Gopan | ഗോപന്‍ said...

മാണിക്യേച്ചി,
ഹൃദയ സ്പര്‍ശിയായ ഓര്‍മ്മകുറിപ്പ്..
നഷ്ടപ്പെട്ട ബാല്യത്തിന്‍റെ കുസൃതികളും നൊമ്പരങ്ങളും നന്നായി ആസ്വദിച്ചു.സ്നേഹനിധിയായ ആ പുണ്യാത്മാവിനു ആദരാഞ്ജലികള്‍ നേരുന്നു..

krish | കൃഷ് said...

പഴയ സ്മരണകള്‍ ഊഞ്ഞാലിലേറി ആടുകയാണല്ലേ..
യാദോം കീ ബാരാത്ത്..

ഗീത said...

മാണിക്യം ചേച്ചീ ഹൃദ്യമായിരിക്കുന്നു.അച്ഛനെക്കുറിച്ച് ഇത്ര മധുരമായ സ്മരണകള്‍ അയവിറക്കാനുള്ളതു തന്നെ ഒരു ഭാഗ്യമല്ലേ?

ആ മുങ്ങാം കുഴിയെപ്പറ്റി വായിച്ചപ്പോള്‍ എനിക്കും ഓര്‍മ്മകളുണര്‍ന്നു. ഓണക്കാലത്ത് വലിയ ഊഞ്ഞാലിടും. ഞങ്ങള്‍ കുട്ടികള്‍ മാത്രമല്ല,അമ്മയും അമ്മാവന്മാരും അമ്മായിമാരുമൊക്കെ ഊഞ്ഞാലാടും. എന്റെ കൊച്ചുമാമന് (അമ്മയുടെ അനിയന്‍) ഒരു കുസൃതിയുണ്ട്. ഞങ്ങള്‍ കുട്ടികള്‍ ആരെങ്കിലും ആടുമ്പോള്‍ മിണ്ടാതെ ആട്ടിവിടുന്ന ആളെ മാറ്റിനിറുത്തിയിട്ട് കൊച്ചുമാമന്‍ ഇതുപോലെ മുങ്ങാംകുഴിയിടും. കൊന്നത്തെങ്ങു പോലെ പൊക്കമുണ്ട് കൊച്ചുമാമന്. ഊഞ്ഞാല്‍ ഭയങ്കര പൊക്കത്തില്‍ പോകുമ്പോള്‍ സ്വര്‍ഗ്ഗവും നരകവുമൊക്കെ ഒന്നിച്ചു കാണും. മാമന് ചിരി. ഞങ്ങള്‍ കൈ മുറുക്കിപിടിച്ച് ഊഞ്ഞാല്‍ പാട്ടൊക്കെ മറന്ന് ശ്വാസം അടക്കി ഇരിക്കും ഉഞ്ഞാലിന്റെ ആയം കുറയുവോളം. എന്റെ അമ്മയേയും ഇങ്ങനെ പറ്റിക്കും കൊച്ചുമാമന്‍. പേടിക്കുമെങ്കിലും അമ്മ ചിരിക്കും. പേടി തോന്നുമെങ്കിലും ആ ആയത്തിലുള്ള ആട്ടത്തിന് ഒരു പ്രത്യേക രസം തന്നെയായിരുന്നു.

കനല്‍ said...

അച്ഛന്റെ സ്നേഹം മിക്കപ്പോഴും നിശബ്ദമാണ്.
സൂഷ്മമായി വീക്ഷിച്ചാല്‍ മാത്രമേ അതിന്റെ അപാരമായ വിസ്ത്യതി കാണാന്‍ സാധിക്കുകയുള്ളൂ. എല്ലാ അച്ഛന്മാരും ഇങ്ങനെയാണോ?
ഞാനും?

നല്ല ഓര്‍മ്മ കുറിപ്പ്. മൂന്ന് പതിറ്റാണ്ട് പിന്നിലേതാവുമ്പോള്‍...... ആ മുത്തശ്ശന്‍ ഇപ്പോഴും പുഞ്ചിരിക്കുന്നുണ്ടാവും

ജോസ്‌മോന്‍ വാഴയില്‍ said...

"എന്നുമെന്‍ പുസ്തക താളില്‍ മയങ്ങുന്ന നന്മ തന്‍ പീലിയാണച്ചന്‍...
കടലാസു തോണി പോലെയെന്‍ ബാല്യത്തിലൊഴുകുന്നൊരോര്‍മ്മയാണച്ചന്‍...
ഉടലാര്‍ന്ന കാരുണ്യമച്ചന്‍, കൈ വന്ന ഭാഗ്യമാണച്ചന്‍...!!!"

ഓര്‍മ്മകളുടെ പുസ്തകത്തില്‍ ഒരിക്കലും നഷ്ടപ്പെടുത്താതെ സൂക്ഷിച്ചു വച്ചിരിക്കുന്ന നന്മ തന്‍ മയില്‍‌പീലി പോലെ... അച്ചന്‍..!!!
ഹൃദ്യമായ ഓര്‍മ്മ... കണ്ണുകള്‍ നനയിച്ച ഓര്‍മ്മ...!!

നന്നായിരിക്കുന്നു ചേച്ചി...! ആ നല്ല അച്ചന്റെ ഓര്‍മ്മകളുടെ വെളിച്ചത്തില്‍ ജീവിതം മധുരമുള്ളതാവട്ടെ എന്ന പ്രാര്‍ത്ഥനയില്‍.....

Unknown said...

നല്ലൊരു ഒരു ഓര്മ്മക്കുറിപ്പ്…………
മാണിക്യത്തിന്റെ മറ്റു കഥകളെക്കള്‍ നല്ലത്……….
അതെ, എന്ത് എഴുതിയാലും അത് അനുവാചകരുടെ ഉള്ളില്‍ ഒരു നേരിയ ചലനമെങ്കിലും ഉണ്ടാക്കണം……….
ഇവിടെ അതു സാധിച്ചിട്ടുണ്ട്……..
കഥകളില് സന്ദേശമൊ, സസ്പെന്സോ ഇല്ലെങ്കിലും കടുത്ത സാഹിത്യ വാചകങ്ങള്‍ അവഗണിച്ചു കൊണ്ടുള്ള സിംപ്ലിസിറ്റി കഥയ്ക്കെ മാറ്റു കൂട്ടുന്നെ ഉള്ളു……….
മങ്ങാത്ത ഓര്മകളുടെ ആഴത്തില്‍ നിന്നൊരു കണ്ണുനീര്‍ മുത്ത്……….!!!

ശരത്‌ എം ചന്ദ്രന്‍ said...

ഒരു നല്ല ഓര്‍മ്മ....
കണ്ണുനിറയിപ്പിച്ചു..
പിന്നെ ചിന്തിപ്പിച്ചു....

ജെയിംസ് ബ്രൈറ്റ് said...

മനോഹരമായ ഓര്‍മ്മ.
മനസ്സില്‍ പതിയുന്ന തരത്തില്‍ ഇതെഴുതിയതിനു നന്ദി.

തോന്ന്യാസി said...

കരയിപ്പിക്കാനായിട്ടൊരു പോസ്റ്റ്........

ഒപ്പം മരിക്കാത്ത ഓര്‍മകളും ......

Seema said...

ഗ്രിഹാതുരത്വത്തിന്റെ പശിമയുള്ള കണ്ണീരിന്റെ നനവുള്ള ഊഞ്ഞാല്‍.ഇതു ഹ്രിദയത്തില്‍ തൊട്ടു...

മാണിക്യം said...

...വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും, ലോകത്തിന്റെ ഏതു കോണില്‍ ആയിരുന്നാലും .ഏത് നശ്വരതയ്ക്കും അവസാനിപിയ്കാന്‍ കഴിയാത്ത
മധുരിയ്ക്കുന്ന ഓര്‍മ്മകള്‍!!!

എന്റെ ഓര്‍മകള് ‍ഞാന്‍ നിങ്ങളൊടൊപ്പം
പങ്കു വയ്ക്കുകയായിരുന്നു
വന്നു വായിച്ചു പോയ എല്ലാവര്‍ക്കും
എന്റെ നന്ദി ..
പ്രാര്‍ത്ഥനകളുക്കും
ആശ്വാസവാക്കുകള്‍ക്കും.....

♪♪ "എന്നുമെന്‍ പുസ്തക താളില്‍
മയങ്ങുന്ന നന്മ തന്‍ പീലിയാണച്ചന്‍...
കടലാസു തോണി പോലെയെന്‍ ബാല്യത്തിലൊഴുകുന്നൊരോര്‍മ്മയാണച്ചന്‍...
ഉടലാര്‍ന്ന കാരുണ്യമച്ചന്‍,
കൈ വന്ന ഭാഗ്യമാണച്ചന്‍...!!!"♪♪

Unknown said...

ആല്‍ത്തറ എന്ന പേരില്‍ ഞാന്‍ ഒരു സ്കൈപ്പ് പബ്ലിക്ക് ചാറ്റ് തുടങ്ങിയിട്ടുണ്ട് , ബ്ലോഗല്ല . എന്റെ ബ്ലോഗില്‍ അതിന്റെ ലിങ്കും വിവരങ്ങളും കണ്ട് ഈ ടീം ബ്ലോഗിലെ ഒരംഗം സംശയം പ്രകടിപ്പിച്ചത് കൊണ്ട് മറ്റ് അംഗങ്ങളുടെ ശ്രദ്ധയില്‍ കൊണ്ട് വരാനും ഈ ബ്ലോഗ് കൂട്ടായ്മയ്ക്ക് ആശംസ നേരാനുമാണ് ഈ കമന്റ് !

ഹരിശ്രീ said...

നല്ല പോസ്റ്റ്...

:)

പഴയകാലത്തെ ഓര്‍മ്മപ്പെടുത്തി ...

:)

കാപ്പിലാന്‍ said...

മനസിനെ വല്ലാതെ വേദനിപ്പിച്ചു കളഞ്ഞല്ലോ ചേച്ചി ,
എനിക്കും ചില നല്ല ഓര്‍മ്മകള്‍ ഉണ്ട് .എന്‍റെ അപ്പച്ചന്‍ ദൈവത്തിന്റെ അടുക്കല്‍ പോയിട്ട് നാല് വര്‍ഷം തികയാന്‍ പോകുന്നു .ഞാന്‍ വരുന്നു എന്‍റെ ഓര്‍മ്മകളുമായി .