Monday, April 13, 2009

Y2K - ഒരു ഓര്‍മ്മക്കുറിപ്പ്.

രണ്ടായിരാമാണ്ട് (AD 2000) എന്നത് ലോകം അവസാനിക്കുന്ന വര്‍ഷമാണെന്ന് ആദ്യം കേട്ടത് ചേപ്പാട് പി.എം.ഡി. യു.പി.എസ്സില്‍ പഠിക്കുന്നകാലത്തായിരുന്നു.

എന്റെ കൂട്ടുകാരന്‍ സജി മാത്യുവും അവന്റ്റെ മൂന്നു സഹോദരിമാരും അതുറച്ചു വിശ്വസിച്ചിരുന്നു. “കാലം തികഞ്ഞിരിക്കുന്നു; ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് അച്ചടിച്ച ഒരു നോട്ടീസ് അവര്‍ തരികയും ചെയ്തു.

അതൊക്കെ വായിച്ച് ഞാന്‍ വളരെ ഭയപ്പെട്ടിരുന്നു. കാരണം രണ്ടായിരാമാണ്ടില്‍ എനിക്ക് വെറും മുപ്പതു വയസ്സു മാത്രമേ തികയൂ. ലോകം അവസാനിക്കുമ്പോള്‍ എല്ലാ മനുഷ്യരും പക്ഷിമൃഗാദികളും ഒപ്പം ചത്തൊടുങ്ങും എന്ന് സജി മാത്യൂ ഉറപ്പായി പറഞ്ഞ സ്ഥിതിയ്ക്ക് ഞാന്‍ മാത്രമായി ജീവിച്ചിരിക്കില്ലല്ലോ!

കൂട്ടുകാരനായ ഹരികുമാറിനോട് സങ്കോചത്തോടെ ഞാന്‍ ഇതെപ്പറ്റിചോദിച്ചു. അവന്‍ തന്റെ കൂര്‍ത്ത കണ്ണുകള്‍ എന്റെ മേല്‍ പായിച്ചു പറഞ്ഞു “ശരിയാ... അവര്ടെ ബൈബിളില്‍ പറഞ്ഞിട്ടൊണ്ട് ലോകാവസാനം രണ്ടായിരാമാണ്ടില്‍ തന്നെയാണെന്ന്!”

എനിക്ക് ആധിയേറി. വീട്ടിലെത്തി. അച്ഛന്‍ വന്നയുടന്‍ ഞാന്‍ പുതിയ വാര്‍ത്ത അറിയിച്ചു. അച്ഛാ... അറിഞ്ഞോ...? ലോകം അവസാനിക്കാന്‍ പോവ്വാ...! രണ്ടായിരാമാണ്ടില്‍ തീരും എല്ലാം!”

അച്ഛന്‍ ചോദിച്ചു “ ആരു പറഞ്ഞു നിന്നോടിത്?”

ഞാന്‍ സംഗതികളൊക്കെ പറഞ്ഞു. അച്ഛന്‍ ചിരിച്ചു. “ബൈബിളില്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ലടാ മണ്ടാ!” എന്തോ ആലോചിച്ചു വീണ്ടും പറഞ്ഞു “പക്ഷേ ലോകം അത്ര നല്ല സ്ഥിതിയിലൊന്നുമാകാന്‍ വഴിയില്ല അന്ന്...!”

ബൈബിളില്‍ അങ്ങനെ പറഞ്ഞിട്ടൊന്നുമില്ല എന്ന അറിവ് എനിക്കാശ്വാസമായി. മണ്ടന്‍ ഹരികുമാറിനോട് ഇത് ആരു പറഞ്ഞൊ എന്തൊ!

ഹൈസ്കൂളില്‍ പഠിക്കുന്നക്കാലത്തും കേട്ടിരുന്നു ഇങ്ങനെയൊരു കിംവദന്തി. കാലം കടന്നു പോകെ എ.ഡി.2000 ത്തെക്കുറിച്ച് ഞാന്‍ മറന്നു.പ്രീഡിഗ്രി, ബി.എ.എം.എസ്, എം.ഡി... അങ്ങനെ പഠനം എന്നെ ഒരു വഴിക്കാക്കി. 1999 ല്‍ എം.ഡി പഠനം പൂര്‍ത്തിയാക്കി.

അപ്പോഴാണ് ലോകം മുഴുവന്‍ നടുക്കിക്കൊണ്ട് പുതിയ ഒരു പ്രശ്നം പൊന്തി വന്നത്. അതായിരുന്നു Y2K Problem. 2000 ആം ആണ്ടാകുന്നതോടെ ലോകമാസകലമുള്ള കമ്പ്യൂട്ടറുകള്‍ ഗുരുതരമായ പ്രതിസന്ധിയിലാകുമെന്നും ടെലിഫോണ്‍ ബൂത്തുകള്‍ മുതല്‍ ആണവറിയാക്ടറുകള്‍ വരെ കുഴപ്പത്തിലാകുമെന്നും, വിമാനസര്‍വീസുകള്‍ നിലയ്ക്കുമെന്നും മറ്റുമുള്ള ഭീതി എല്ലായിടത്തും പരന്നു. ആകാശവാണി ലോകാവസാനം തീമാക്കി ഒരു നാടകം സം പ്രേഷണംചെയ്തു.... ഹോ എന്തൊരു പുകിലായിരുന്നു!

സജി മാത്യുവും അവന്റെ മാലാഖമാരെപ്പോലെയുള്ള സഹോദരിമാരും പതിറ്റാണ്ടുകള്‍ക്കു ശേഷം, എന്റെ ഒരു നിശാസ്വപ്നത്തില്‍ പറന്നു വന്നു. സംഗതി സത്യമാകാന്‍ പോകുകയാണോ!

എനിക്കാണെങ്കില്‍ ഡബിള്‍ ടെന്‍ഷന്‍!

ഒന്നാമത് ജീവിതത്തില്‍ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. രണ്ടാമത് വയസ്സ് 29!

കല്യാണം കഴിക്കണം എന്ന ചിന്ത എന്റെ മനസ്സിലും, എന്നെ കെട്ടിക്കണം എന്ന ചിന്ത എന്റെ 27 വയസ്സുള്ള ഇരട്ട അനിയന്മാരിലും ഒരേ സമയം അങ്കുരിച്ചു.

എനിക്ക് എന്നോടുള്ള സ്നേഹം നിങ്ങള്‍ക്കു മനസ്സിലാകും. എന്നാല്‍ എന്റെ ഹൃദയശൂന്യന്മാരായ അനിയന്മാര്‍ എന്നോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് ഇങ്ങനെ ചിന്തിച്ചത് എന്നു തോന്നിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി!

അവന്മാര്‍ക്ക് ഹൃദയം ഉണ്ടായിട്ടുവേണ്ടേ എന്നെ സ്നേഹിക്കാന്‍!

ദ്രോഹികള്‍ രണ്ടും വിശാലമനസ്കന്മാരായതുകൊണ്ട് തങ്ങളുടെ ഹൃദയങ്ങള്‍ രണ്ടു സുന്ദരിമാര്‍ക്ക് ദാനം ചെയ്തു കഴിഞ്ഞിരുന്നു!!

ആ പെണ്‍കുട്ടികള്‍ക്കാവട്ടെ വിവാഹാലോചനകള്‍ വന്നുകൊണ്ടുമിരിക്കുന്നു. കണ്ണനും കിണ്ണനും ടെന്‍ഷന്‍!

മൂന്നു സഹോദരന്മാര്‍ക്ക് ഒരേസമയം ടെന്‍ഷന്‍ വന്നാല്‍ എന്തു സംഭവിക്കും!?

തലച്ചോറുകള്‍ പുകഞ്ഞു.... കണ്ണകിണ്‍ന്മാര്‍ ഒരു ദിവസം രാത്രി ഭക്ഷണസമയത്ത് വിഷയം അവതരിപ്പിച്ചു.

അമ്മയോടാണ് സംസാരം. ഏറ്റവും ഇളയ അനിയന്‍ എറണാകുളത്തു പോയിരിക്കുകയാണ്. വീട്ടിലെത്തിയിട്ടില്ല.

“ജയണ്ണന് അടുത്ത ഏപ്രിലില്‍ വയസ്സ് മുപ്പതാകും....” കണ്ണന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

അമ്മ മൂളി “ ഉം.... അതിന്...?”

“അല്ല ...മുപ്പതൊക്കെയായാല്‍ പിന്നെ പെമ്പിള്ളാരെ കിട്ടാന്‍ അത്ര എളുപ്പമാണോ...?”

“ആവോ...” അമ്മയൂടെ നിസ്സംഗമായ മറുപടി.

നാലാണ്മക്കളുള്ള, ഏകദേശം മെന്‍സ് ഹോസ്റ്റല്‍ പോലെയുള്ള വീട്ടിലെ ‘വാര്‍ഡന്‍’ ആയ അമ്മയുണ്ടോ കുലുങ്ങുന്നു!

കല്യാണം ഒരു മുപ്പത്തിരണ്ടു വയസ്സിനുള്ളിലായാലും മതി എന്നായിരുന്നു അമ്മയുടെ ചിന്താഗതി. അച്ഛനും, കൊച്ചച്ഛനും ഒക്കെ വിവാഹിതരായത് ആ പ്രായത്തിലാണ്.

“നമക്ക് പേപ്പറില്‍ കൊടുക്കാം...” കിണ്ണന്‍!

“ഉം... കൊടുത്തോ..” അമ്മ പറഞ്ഞു.

അനിയന്മാര്‍ രണ്ടുപേരും ഉത്സാഹത്തിലായി. ഊണു കഴിഞ്ഞ് അവര്‍ പദ്ധതി വിവരിച്ചു. നമുക്ക് മാട്രിമോണിയല്‍ പരസ്യം കൊടുക്കാം. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ എഡിഷനുകളില്‍ കൊടുത്താല്‍ മതി. ജയണ്ണന് തിരുവനന്തപുരത്ത് നല്ല പരിചയമല്ലേ. പത്രമോഫീസുകള്‍ ഒക്കെ പരിചയമുണ്ടല്ലോ...

അങ്ങനെ വിറയാർന്ന കരങ്ങളോടെ ഞാൻ തന്നെ എന്റെ വിവാഹപരസ്യം കൊടുത്തു! എന്റെ വിറ കണ്ട് മാട്രിമോണിയൽ സെക്ഷനിലിരുന്ന പെൺകുട്ടിക്കു ചിരി വന്നു.

“ആദ്യായിട്ട് പരസ്യം കൊടുക്കുന്നതു കൊണ്ടാ...” ജാള്യതയോടെ ഞാൻ മൊഴിഞ്ഞു.

അന്ന് കർണാടകയിലായിരുന്നു ജോലി ചെയ്തിരുന്നത്. അതു കൊണ്ട് പരസ്യം കൊടുത്ത ശേഷം ആകുലകുമാരനായി ജോലിസ്ഥലത്തേക്കു മടങ്ങി.

രണ്ടാഴ്ചയ്ക്കുള്ളില്‍ നാല്‍പ്പത്തഞ്ചൊ നാ‍ല്‍പ്പത്തെട്ടോ പ്രപ്പോസലുകള്‍ കിട്ടി. കണ്ണനും അമ്മയും കൂടിയിരുന്ന് പ്രപ്പോസലുകള്‍ വിശദമായി പരിശോധിച്ചു. ഏറ്റവും ജാതകപ്പൊരുത്തം ഉള്ളത് തെരഞ്ഞെടുക്കാന്‍ എല്ലാം കൂടി കുടുംബജ്യോത്സ്യന്‍ കൊച്ചുകണിയാരെ ഏല്‍പ്പിച്ചു. അതിയാന്‍ അതില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുത്തു. വിവരം എന്നെ അറിയിച്ചു.

ജാതകം നോക്കാതെയാണ് അച്ഛനുമമ്മയും വിവാഹിതരായത്. എന്നാല്‍ അച്ഛന്റെ അകാലത്തിലുണ്ടായ വേര്‍പാട് അമ്മയെ ജ്യോതിഷത്തിലേക്ക് അമിതമായി ആകര്‍ഷിച്ചിരിക്കുന്നു എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.

കണ്ണകിണ്ണന്മാര്‍ക്ക് ജാതകം നോക്കി വിവാഹം കഴിക്കാനാവില്ല.പെണ്‍കുട്ടികളുടെ നാളുകള്‍ ചേരില്ല എന്ന് രണ്ടാള്‍ക്കും അറിയാം. (അതൊക്കെ അവന്മാർ എന്നേ നോക്കിയിരിക്കുന്നു!)

ഏറ്റവും ഇളയ അനിയന് ജാതകം, വിശ്വാസങ്ങള്‍ എന്നിവയിലൊന്നും വലിയ താല്‍പ്പര്യവുമില്ല. ഈ സ്ഥിതിയില്‍ മൂത്ത പുത്രൻ എന്ന നിലയിൽ, അമ്മയുടെ ആഗ്രഹപ്രകാരം ജാതകം നോക്കിത്തന്നെ കല്യാണം കഴിക്കാം എന്ന് ഞാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.

നാട്ടിലെത്തി. രണ്ടു ദിവസങ്ങള്‍ കൊണ്ട് ജാതകം മാത്രം പൊരുത്തമുള്ള അഞ്ച് പെണ്‍കുട്ടികളെ കണ്ടു. ഒന്നും ശരിയായില്ല! എന്തെങ്കിലുമൊക്കെ പ്രശ്നങ്ങള്‍.

അങ്ങനെ പെണ്ണുകാണല്‍ മടുത്ത്, കര്‍ണാടകത്തിലേക്കു മടങ്ങാന്‍ തീരുമാനിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബസ്സ്. അന്നു രാവിലെ അച്ഛന്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു സ്ത്രീയും ഭര്‍ത്താവും വീട്ടിലേക്കു വന്നു. ദാമോദരന്‍ സാറിന്റെ മൂത്തമകന് ഒരു വിവാഹാലോചനയുമായാണ് വരവ്.

“ഇന്നുച്ചയ്ക്ക് കര്‍ണാടകത്തിലേക്കു മടങ്ങുകയാണ്..” ഞാന്‍ പറഞ്ഞു.

“അതിനെന്താ.... ഒന്നു കണ്ടിട്ടുപോകാന്‍ രണ്ടു മണിക്കൂറല്ലേ വേണ്ടൂ? ”

വന്ന സ്ത്രീ അമ്മയുടെയും പരിചയക്കാരിയാണ്. സ്ഥിരം ഒരേ ബസ്സിൽ യാത്രചെയ്യുന്നവർ.

അമ്മ സമ്മതിച്ചു. പെട്ടെന്ന് തയ്യാറായി പുറപ്പെട്ടു. അഞ്ച് പെണ്ണുകാണലുകള്‍ എന്നെ ധൈര്യശാലിയാക്കിയിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്ണുകാണല്‍ നടന്നു. എന്നാല്‍ ഇനി അവര്‍ സംസാരിക്കട്ടെ എന്നാരോ പറഞ്ഞു.

എല്ലാവരും പൂമുഖത്തേക്കു മാറി. ഞാൻ ധൈര്യമായി അവളുടെ മുഖത്തേക്കു നോക്കി.ഒരു സാധാരണകുട്ടി.

പക്ഷെ ഭയങ്കര കത്തി! പിന്നെ അര മണിക്കൂര്‍ ആര് ആരെ തോല്‍പ്പിച്ചു എന്നു പറയാന്‍ പറ്റാത്തത്ര കിടിലന്‍ കത്തി!

ഞങ്ങൾ അകത്തെ മുറിയിലും, മറ്റെല്ലാവരും പുറത്തും.

രണ്ടാളുടെയും ബന്ധുക്കള്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടു.

കുട്ടികള്‍ സംസാരിച്ചു തകര്‍ക്കുകയല്ലേ!

അര മണിക്കൂർ കഴിഞ്ഞിട്ടും ഞങ്ങളുടെ സംസാരം തീരുന്നില്ലെന്നു കണ്ടപ്പോൾ എന്റെ കുഞ്ഞമ്മ അകത്തേക്കു വന്നു.പെണ്‍കുട്ടിയോടു ചോദിച്ചു “ഞങ്ങടെ ചെറുക്കനെ ഇഷ്ടപ്പെട്ടോ?”

അവള്‍ തലയാട്ടി!

ചടങ്ങു കഴിഞ്ഞു. ഉടന്‍ തന്നെ ഞാന്‍ കര്‍ണാടകത്തിലേക്കു പോയി. ഇരു വീടുകളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. സംഗതി ഏകദേശം തീരുമാനവുമായി! എനിക്കാണെങ്കില്‍ ആകെ കണ്‍ഫ്യൂഷന്‍... കാര്യം, കുറേ കത്തി വച്ചു എന്നതു ശരി തന്നെ.... പക്ഷേ ഞാന്‍ പറഞ്ഞ മിക്ക കാര്യങ്ങള്‍ക്കും കടകവിരുദ്ധമായാണ് അവള്‍ മറുപടി പറഞ്ഞത്. അടിച്ചുപിരിയുമോ....!

ഇതേ ആശങ്ക അവള്‍ക്കുമുണ്ടായിരുന്നു. കത്തിയൊക്കെ വച്ചെങ്കിലും, വന്ന ചെറുക്കന്റെ മുഖം അവള്‍ക്കങ്ങോട്ട് കൃത്യമായി ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലത്രെ! രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ഒരു കണ്ടുമുട്ടല്‍. സംഗതി വല്യ കുഴപ്പമൊന്നുമില്ല എന്ന് രണ്ടാള്‍ക്കും തോന്നി. അങ്ങനെ 2000 ഡിസംബറില്‍ കല്യാണനിശ്ചയം നടന്നു.

പിന്നെ എഴുത്തും കുത്തും! ദിവസം ഓരോ കത്തു വീതം!

പെണ്ണുകാണൽ ദിവസം ഞാൻ അവളുടെ എസ്.എസ്.എൽ.സി. മാർക്ക് ചോദിച്ചതെന്തിനാണെന്ന് അവൾക്കു ഭയങ്കര സംശയം!

നീട്ടി വളർത്തിയ എന്റെ മുടി വെട്ടിക്കളയാം എന്ന് ഞാൻ അവളുടെ അപ്പൂപ്പനു കൊടുത്ത വാക്കു പാലിക്കുമോ എന്ന് സംശയം!

പനി വന്നാൽ കഷായം കുടിപ്പിക്കുമോ എന്ന് സംശയം...!

കണ്ണകിണ്ണന്മാരെ  “അനിയാ...” എന്നു വിളിക്കണോ എന്നു സംശയം!
(അവന്മാർ അവളേക്കാൾ മൂന്നു വയസ് മൂത്തവരാ!)

അങ്ങനെ മൊത്തം മൂവായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്നേ പോയിന്റ് മൂന്ന് സംശയങ്ങൾ തീർത്തുകൊടുത്തപ്പോഴേക്കും മാസം ഏപ്രിൽ ആയി.പതിനാറാം തീയതി പറന്നെത്തി!

കല്യാണദിവസം പ്രതിശ്രുത അളിയന്‍ എന്നെ സ്വീകരിക്കുമ്പോള്‍ കൈകുലുക്കികൊണ്ടു പറഞ്ഞു “ മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ!!”

ഞാനൊന്നു നടുങ്ങി! ഇവന്‍ എന്തുദ്ദേശിച്ചാണിതു പറഞ്ഞത്!? വീണ്ടും വീണ്ടും കല്യാണ ദിനങ്ങള്‍ ഉണ്ടാ‍വട്ടെ എന്നോ!!?

എന്തായാലും തല എകദേശം ശൂന്യമാണ്. രാവിലെ മുതല്‍ വീഡിയോ മാമന്മാര്‍ പോസ് ചെയ്യിച്ച് ഒരു പരുവമാക്കി നിര്‍ത്തിയിരിക്കുകയാണ്. അതിഥികളെ നോക്കി ചിരിച്ചു ചിരിച്ച് വാ കഴച്ചു തുടങ്ങി. അളിയന്റെ “വിഷ്” നെക്കുറിച്ച് പിന്നെ ചിന്തിക്കാം.

താലികെട്ട്, സദ്യ, നവവധുവിന്റെ കരച്ചില്‍ എല്ലാം കഴിഞ്ഞു. വധുവിനെയും കൂട്ടി വീട്ടിലെത്തി.രാത്രി സങ്കോചത്തോടെയാണെങ്കിലും അളിയന്റെ ‘ആശംസ’യെക്കുറിച്ച് ഞാന്‍ ഭാര്യയോട് ചോദിച്ചു “അളിയന്‍ ഇംഗ്ലീഷില്‍ പിന്നോക്കമാണല്ലേ?”.

“അയ്യോ! ഇന്ന് ഏപ്രില്‍ പതിനാറല്ലേ? ചേട്ടന്റെ ബര്‍ത്ത് ഡേ ഇന്നല്ലേ!?”

ദൈവമേ! അതാണൊ സംഗതി! പിറന്നാള്‍ ആശംസയായിരുന്നോ!

ഞാന്‍ ജനിച്ചത് ഏപ്രില്‍ 16 നു തന്നെ. പക്ഷേ പൊതുവേ നാളുനോക്കിയായിരുന്നു അമ്മ ജന്മദിനം ആഘോഷിച്ചിരുന്നത്.. അതു തന്നെ നിലച്ചുപോയിട്ട് വര്‍ഷങ്ങളായതുകാരണം ഞാന്‍ എന്റെ ജന്മദിനം ഓര്‍ത്തുവയ്ക്കാറില്ലായിരുന്നു.

ജനിച്ച ദിവസം തന്നെ വിവാഹം കഴിക്കാന്‍ കഴിഞ്ഞു എന്നത് ഒരു യാദൃച്ഛികതയാണ്.

അതുപോലെ തന്നെയാണ് എന്റെ അമ്മയുടെയും ഭാര്യയുടെയും പേരുകള്‍. രണ്ടും ഒന്നു തന്നെ - ലക്ഷ്മി!

ഇത്തരം യാദൃച്ഛികതകള്‍ പലതുമുണ്ടായി പിന്നീട് ജീവിതത്തില്‍.

എന്തായാലും സജി മാത്യു പറഞ്ഞതൊന്നും സംഭവിച്ചില്ലെങ്കിലും രണ്ടായിരാമാണ്ടില്‍ എന്റെ അതു വരെയുള്ള ലോകം അവസാനിച്ചു! സ്വര്‍ഗരാജ്യം സമീപിക്കുകയും ചെയ്തു!!

വാല്‍ക്കഷണം:

കല്യാണപ്പിറ്റേന്ന് ഞാനും ഭാര്യലക്ഷ്മിയും അമ്മലക്ഷ്മിയും അനിയന്മാരും കൂടിയിരിക്കുമ്പോള്‍ കണ്ണന്‍ കുറേ കത്തുകെട്ടുകള്‍ എടുത്തുകൊണ്ടുവന്നു.

“കണ്ടോ ചേച്ചീ..... ഞങ്ങടെ ചേട്ടനു വന്ന പ്രപ്പോസല്‍സ്....!”

ലക്ഷ്മിയ്ക്ക് ഒരു ക്യൂരിയോസിറ്റി. അവള്‍ അതൊക്കെ വാങ്ങി വിശദമായി പരിശോധിച്ചു.

അല്പനിമിഷങ്ങള്‍ക്കുള്ളില്‍ “അയ്യോ..! ദേ...!” എന്നൊരു വിളി ലക്ഷ്മിയില്‍ നിന്നുയര്‍ന്നു.

“എന്തു പറ്റി?” അമ്മയും, ഞാനും അനിയന്മാരും ഞെട്ടി!

ആറില്‍ താഴെപൊരുത്തമുള്ള പ്രപ്പോസലുകള്‍ ആരാണെന്നുപോലും നോക്കാതെ അമ്മ മാറ്റി വച്ചതായിരുന്നു. അതിലൊന്നില്‍ ലക്ഷ്മിയുടെ അച്ഛന്‍ അയച്ച പ്രപ്പോസലും പെട്ടിരുന്നു!

തലയില്‍ വരച്ചതു മാറ്റാന്‍ അമ്മയ്ക്കും കഴിഞ്ഞില്ല, ജ്യോത്സ്യനും കഴിഞ്ഞില്ല! അവള്‍ എനിക്കുള്ളതും ഞാന്‍ അവള്‍ക്കുള്ളതും തന്നെ!!!

18 comments:

Sureshkumar Punjhayil said...

Valare Manoharam... Njanum ingane karuthi pedichirunna oru kalamundayirunnu. Ashamsakal...!!!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജയൻ...വളരെ നന്നായി..ശരിയ്ക്കും എന്തെല്ലാം പുകിലുകൾ ആയിരുന്നു അക്കാലത്ത്...!എല്ലാം ഞാനും ഓർത്തു പോയി.

അപ്പോൾ ബൈബിളും, ജാതകവും ഒന്നും പറയുന്ന പോലെയല്ല കാര്യങ്ങൾ നടക്കുക എന്ന് മനസ്സിലായി അല്ലേ?

നന്നായി എഴുതി..ഓർമ്മക്കുറിപ്പുകൾ ഇങ്ങനെ വേണം എഴുതാൻ...മറഞ്ഞിരിയ്ക്കുന്ന ചില സത്യങ്ങളെ വായനക്കാരനു കാണിച്ചു കൊടുത്തുകൊണ്ട്...!

മാണിക്യം said...

ജയന്‍
ആല്‍ത്തറയിലേക്ക് സ്വാഗതം!

ചിരിക്കാനും ചിന്തിക്കാനും വകയുള്ള
ഈ കുറിപ്പിനു നന്ദി....

ലോകാവസാനം ഒരിക്കല്‍ ഞാന്‍ ആഘോഷിച്ചതാ അന്നു ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു.അന്നൊക്കെ ഹൈസ്കൂള്‍ എന്നു പറയുന്നത് മഹാസംഭവം ആണു 8, 9 , 10 ലെ മാര്‍ക്കുകള്‍ SSLC ബുക്കില്‍ വരും ജീവിതകാലം മുഴുവന്‍ ചുമക്കണം. പിന്നെ കോണ്‍‌വെന്റ്സ്കൂള്‍ നല്ല മാര്‍ക്ക് അല്ലങ്കിലത്തെ പുകില്‍ ഒന്നും പറയണ്ടാ, പരീക്ഷാ പേപ്പറും റിപ്പോര്‍‌ട്ടും വീട്ടില്‍ നിന്ന് ഒപ്പ് വാങ്ങി കൊണ്ടു വരണം...ആ വര്‍ഷത്തെ ക്രിസ്മസ് പരീക്ഷ അടുത്ത സമയത്ത്
“വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന്” ലോകാവസാനം ആ വര്‍ഷമാണെന്ന് ഉറപ്പായ ന്യൂസ് പിന്നെ പഠിച്ചിട്ടെന്തു കാര്യം? ബുക്കുകള്‍ അടച്ചു പൊരിഞ്ഞ ഉഴപ്പ് സ്വര്‍ഗം നേടാന്‍ പ്രാര്‍ത്ഥന, പള്ളിയില്‍ ദിവസവും പോകുക ഉച്ചക്ക് കൊന്തചൊല്ലുക . മാതാവിന്റെ ഗ്രോട്ടൊയില്‍ പൂമാല കെട്ടിയിടുക, ആകെ ഭക്തി എന്നീട്ടോ പരീക്ഷ വന്നു മാര്‍ക്ക് മോശം സ്കൂളില്‍ നിന്ന് അടി വിട്ടില്‍ ചെന്നപ്പോള്‍ ‘നിനക്ക് ഇവിടെ എന്തിന്റെ കുറവാടീ’ എന്നും ചോദിച്ചു അമ്മ അടിച്ചു പിരുത്തു,[അമ്മ പ്രൊഫസര്‍]ഞാന്‍ ഇനി എങ്ങനെ മനുഷ്യരുടെ മുഖത്തു നൊക്കും.നീ ഇനി പഠിക്കാന്‍ പൊകണ്ടാ എന്ന് ഉത്തരവും അന്ന് എന്നെ സ്കൂളില്‍ വിട്ടില്ലാ.. ഞാന്‍ അപ്പൊ ശരിക്കും കരഞ്ഞു,ഒടുക്കം അച്ഛന്‍ ചോദിച്ചു എന്താ മാര്‍ക്ക് ഇങ്ങനെ കുറഞ്ഞത് എന്ന്
അപ്പോള്‍ ലോകം അവസാനിക്കുവാന്‍ പോകുവായതു കൊണ്ട് പഠിത്തം നിര്‍ത്തി പ്രാര്‍ത്ഥിക്കാന്‍ പോയ കഥ പറഞ്ഞു, അച്ഛന്‍ അന്നു ചിരിച്ച ചിരി :)
ആ കാര്യം ഇതാ ഇപ്പോള്‍ ഓര്‍ത്തു..

കല്യാണ മാമാങ്കം നന്നായി..ഇതാ ഈ വാരിയെല്ലിന്റെ ബന്ധം എന്ന് പറയുന്നത്!

G. Nisikanth (നിശി) said...

വളരെ നന്നായിരിക്കുന്നു, മനോഹരമായ ഓർമ്മക്കുറിപ്പുകൾ... വിഷുദിനാശംസകളും കൂടെ ജന്മദിനാശംസകളും...

സസ്നേഹം
നിശി

jayanEvoor said...

സുരേഷ്കുമാര്‍..

ആല്‍ത്തറയിലെ ആദ്യ കമെന്റിനു നന്ദി സുഹൃത്തേ!

സുനില്‍ കൃഷ്ണന്‍...

സന്തോഷം.... നമ്മള്‍ എന്തെല്ലാം കണ്ടാല്‍ ഈ ലോകമൊന്നവസാനിക്കും!!

മാണിക്യം ചേച്ചീ...

ഇവിടെ എഴുതണമെന്നു വിചാരിച്ചു തുടങ്ങിയിട്ട് കാലം കുറെയായി... ഇനി ഇടയ്ക്കിടെ വരാം!
എന്തായാലും സജി മാത്യുവിന്റെ മൂത്ത ചേച്ചിയെ കണ്ടു മുട്ടിയതില്‍ സന്തോഷം!!!

ചെറിയനാടാ...

നന്ദി... ഒപ്പം വിഷു ആശംസകളും, എല്ലാര്‍ക്കും!!

അനില്‍@ബ്ലോഗ് // anil said...

സംഗതി കൊള്ളാം.
അപ്പോള്‍ ശരിക്കും ലോകം അവസാനിച്ചു അല്ലെ?

ജാതകം നോക്കണമെന്ന് എന്റ് വീട്ടുകാര്‍ക്ക് ഒരു നിര്‍ബന്ധവുമില്ലായിരുന്നത് കൊണ്ട് ഒറ്റ പെണ്ണിനെയേ കാണേണ്ടി വന്നുള്ളൂ, ജാതകത്തില്‍ വല്യ ചേര്‍ച്ചയില്ലെങ്കിലും രണ്ടു കൂട്ടര്‍ക്കും ഇഷ്ടപ്പെട്ടതിനാല്‍ കല്യാണം നടന്നു, ജാതകപ്പൊരുത്തമില്ലായമ കാരണം അത് എടുത്ത് ദൂരെ കളഞ്ഞും. ഇത് പത്താം വര്‍ഷം.

ഏതായാലും 30 നു മുമ്പ് കെട്ടിയല്ലോ, നന്നായി.
അല്ലെങ്കില്‍ 30 പ്ലസ് കഴിക്കെണ്ടി വന്നേനെ.
:)

അനില്‍@ബ്ലോഗ് // anil said...

എടുത്ത് കളഞ്ഞത് ജാതകമാണെ
:)

പകല്‍കിനാവന്‍ | daYdreaMer said...

നന്നായി ഓര്‍മ്മക്കുറിപ്പ്...
വിഷു ആശംസകള്‍..
ഒപ്പം ജയന് ജന്മദിനാശംസകള്‍ കൂടി...

ചാണക്യന്‍ said...

നന്നായി...ജാതകമില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു:):)

ബിനോയ്//HariNav said...

എഴുത്ത് വളരെ നന്നായി ജയന്‍. അളിയന്‍‌റെ ആശംസ ചിരിപ്പിച്ചു.
വിഷുദിനാശംസകള്‍

jayanEvoor said...

അനില്‍
പകല്‍ക്കിനാവന്‍
ചാണക്യന്‍
ബിനോയ്....

വായിച്ചു കുറിപ്പെഴുതിയ നിങ്ങള്‍ക്കോറോരുത്തര്‍ക്കും നന്ദി!

ഞാന്‍ ആചാര്യന്‍ said...

അളിയനോട് അന്വേഷണം പറഞ്ഞേര്, ചിരി നില്‍ക്കുന്നില്ല, പോവ്വാ...

വാഴക്കോടന്‍ ‍// vazhakodan said...

ആല്‍ത്തറയിലെക്കുള്ള വിസ കിട്ടിയിട്ട് കുറച്ചു നാളായി. ഇത് വരെ ഒന്ന് എന്‍ട്രി ചെയ്യാന്‍ അവസരം കിട്ടിയില്ല. ഞാനും വരുന്നുണ്ട് ഒരു വിഭവവുമായി. സാധനം അടുപ്പത്ത് വെന്തുകൊണ്ടിരിക്കയാണ്.
പച്ചാളം കൊച്ചപ്പന്റെ അനന്തിരവനായി ഉടന്‍ എത്താം!
ലോകാവസാനം ഞാനും കുറെ അനുഭവിച്ചതാ....വളരെ നന്നായിട്ടുണ്ട്.
ആശംസകളോടെ.......വാഴക്കോടന്‍

C.K.Samad said...

വളരെ നന്നായിട്ടുണ്ട്. ബ്ലോഗ് വായിച്ചപ്പോഴാണ് ഈ ലോകാവസാനം ഞാനും കേട്ടിരുന്നല്ലോ എന്നോര്‍ക്കുന്നത്.

jayanEvoor said...

ആചാര്യാ....

നമോസ്തു തസ്മൈ.....!

ചിരി നിന്നല്ലോ, അല്ലേ? ഇല്ലേല്‍ നമുക്ക് പശുവിന്‍ പാലില്‍ ഒരു പ്രയോഗമുണ്ട്... അതങ്ങു നടത്തിക്കളയാം!

വാഴക്കോടാ....

പച്ചാളം കൊച്ചപ്പന്റെ അനന്തിരവാ!
വളരെ സന്തൊഷം സുഹൃത്തേ!

സമദിക്കാ...

നൂറു നന്ദി!
ഇനിയും എന്റെ ബ്ലൊഗുകള്‍ വായിച്ചു പ്രോത്സാഹിപ്പിക്കുമല്ലോ!?

ഫൈസൽ said...

dear,
things go beyond horoscope and position of stars(plavets)
good.
please u visit
at
amalakhil.blogspot.com

കൊച്ചുമുതലാളി said...

ഇന്നത്തെ ചിന്താവിഷയം....
തലയില്‍ വരച്ചതു മാറ്റാന്‍ അമ്മയ്ക്കും കഴിഞ്ഞില്ല, ജ്യോത്സ്യനും കഴിഞ്ഞില്ല.. എന്ത്?

കലക്കി ജയേട്ടാ.....

jayanEvoor said...

നന്ദി ഫൈസല്‍, കൊച്ചുമുതലാളീ....