Tuesday, April 28, 2009

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”

ആയുര്‍വേദ കോളേജില്‍ ചേര്‍ന്ന ശേഷം ഒഴിവു കിട്ടുമ്പോഴൊക്കെ എന്റെ സന്തത സഹചാരിയായിരുന്ന ഹെര്‍ക്കുലിസ് സൈക്കിളില്‍ ഏവൂര്‍, ചേപ്പാട്, മുതുകുളം, രാമപുരം, പത്തിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഊടൂവഴികളിലൂടെ മണിക്കൂറുകളോളം സഞ്ചരിക്കുമായിരുന്നു. ഒരു ദിവസം പതിവു സഞ്ചാരം കഴിഞ്ഞ് ക്ഷീണിച്ച് ചേപ്പാട്ടുള്ള ഒരു സിമന്റ് കടയുടെ മൂന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടെന്നാണ് പരിചയം തോന്നുന്ന ഒരു ഗാനം മൂളി ഒരാള്‍ തന്റെ സൈക്കിളില്‍ അവിടേയ്ക്ക് പാഞ്ഞു വന്നത്.പാട്ട് ഇങ്ങനെയായിരുന്നു.

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”
അമ്പരന്നു നോക്കിയപ്പോള്‍ പഴയ ഒരു സഹപാഠി. ആളിന്റെ പേര് ശശി!
ഗോഡ്ഫാദര്‍ എന്ന സിനിമ ഇറങ്ങിയ കാലമാണ്. റേഡിയോയിലൂടെ പുതിയ സിനിമകളിലെ ഗാനങ്ങള്‍ തുടര്‍ച്ചയായി നാടുമുഴുവന്‍ കേള്‍ക്കാം.“പൂക്കാലം വന്നൂ പൂക്കാലം ...” എന്ന ഉണ്ണിമേനോന്‍ പാടിയ ഗാനം അന്ന് വളരെ പോപ്പുലറായിരുന്നു. അതാണ് നമ്മുടെ ശശി ഈ രീതിയില്‍ പരുവപ്പെടുത്തിയെടുത്തത്!
ആള്‍ വളരെമാറിയിരിക്കുന്നു. ആറടിയോളം പൊക്കം. ചെമ്പിച്ച മീശ... ഊശാന്താടി...!
എന്നെ നോക്കി ഒന്നു വെളുക്കെ ചിരിച്ചു ശശി.
ഞാന്‍ ചോദിച്ചു “എന്തുണ്ട് വിശേഷം?”
“ഓ.... എന്തോന്നു വിശേഷം... ഇഞ്ഞനെക്കെയങ്ങു പൊകുന്ന്‌...”
അധികം സംസാരിക്കാന്‍ നില്‍ക്കാതെ ശശി സിമന്റ് ഗോഡൌണിനുള്ളിലേക്കു കയറിപ്പോയി. ഞാന്‍ ഓര്‍മ്മകളുടെ കൂട്ടിലേക്കും....
* * * * * * *
എന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ആലപ്പുഴ - കൊല്ലം റൂട്ടില്‍ ചേപ്പാട് എന്ന സ്ഥലത്താണ് കൊട്ടാരം പള്ളിക്കൂടം. ഗവണ്മെന്റ് എല്‍.പി.ബി. സ്കൂള്‍ എന്നാണ് ഔദ്യോഗിക നാമമെങ്കിലും ഒരു നെയിം ബോര്‍ഡ് പോലുമില്ലാത്തതു കാരണം ആ പേര് നാട്ടുകാര്‍ക്കാര്‍ക്കും അറിയില്ല. ആകെ നാലു ക്ലാസ് മുറികള്‍. ഒന്നു മുതല്‍ നാലു വരെ ക്ലാസുകള്‍. അദ്ധ്യാപകര്‍ അഞ്ച്. ക്ലാസ് ടീച്ചര്‍ മാര്‍ താഴെ പറയും പ്രകാരം.

ഒന്നാം ക്ലാസ് - അമ്മുക്കുട്ടിയമ്മ സാര്‍ (അവര്‍ തന്ന്നെ ഹെഡ്മിസ്ട്രസ്സും).
രണ്ടാം ക്ലാസ് - ഓമനയമ്മ സാര്‍
മൂന്നാം ക്ലാസ് - കാര്‍ത്ത്യായനിയമ്മ സാര്‍
നാലാം ക്ലാസ് - സരസ്വതിയമ്മ സാര്‍
ഇവരെ കൂടാതെ സ്കൂളിലെ ഏക ആണ്‍ സാറായി വാസുദേവനാശാരി സാറും ഉണ്ടായിരുന്നു. അദ്ദേഹത്തെ ചില കുട്ടികള്‍ “ആശാരിയമ്മ സാര്‍” എന്നു വിളിച്ചിരുന്നു!
ആണായതു കൊണ്ടോ എന്തോ അദ്ദേഹത്തിന് ക്ലാസ് ടീച്ചര്‍ സ്ഥാനം ഉണ്ടായിരുന്നില്ല. ക്ലാസ് ടീച്ചര്‍ എന്ന പദം അന്നു ഞങ്ങള്‍ കേട്ടിട്ടു കൂടിയില്ല. ഒന്നാം ക്ലാസിലെ സാര്‍, രണ്ടാം ക്ലാസിലെ സാര്‍ എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. അധ്യാപികമാരെ പെണ്‍ സാര്‍ എന്നും അധ്യാപകരെ ആണ്‍ സാര്‍ എന്നുമാണ് അന്നും ഈയടുത്ത കാലം വരെയും കുട്ടികള്‍ വിളിച്ചിരുന്നത്. 1975 മുതല്‍ നാലു വര്‍ഷക്കാലമായിരുന്നു ഞാന്‍ അവിടെ പഠിച്ചത്.

ഒന്നാം ക്ലാസിലെ കുട്ടികള്‍ അമ്മുക്കുട്ടിയമ്മ സാര്‍ എന്ന പേര്‍ കേട്ടാല്‍ തന്നെ മൂത്രമൊഴിച്ചു പോകുന്ന കാലമായിരുന്നു അത്. പുരുഷന്മാരുടെ പോലെയുള്ള ശബ്ദവും വലിയ തടിച്ച ശരീരവും കട്ടിക്കണ്ണടയും ഒക്കെയായി ഞങ്ങളുടെ ശ്വാസഗതി പോലും നിയന്ത്രിച്ചിരുന്നു സാര്‍!

ഒന്നാം ക്ലാസില്‍ ചേര്‍ന്ന ആദ്യ ദിനം ഇന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍പ്പുണ്ട്. (അഡ്മിഷന് അച്ഛനാണ് സ്കൂളില്‍ കൊണ്ടുപോയതെങ്കിലും ക്ളാസ് തുടങ്ങിയത് വേറൊരു ദിവസമായിരുന്നു.)വീട്ടില്‍ നിന്നും ഒരു പെട്ടിയും പിടിച്ച്, പുക്കാര്‍, പുലുമാല്‍, അമ്പിളി തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു യാത്ര. സ്കൂളിലെത്തിയപ്പോള്‍ മുതല്‍ അമ്പിളി എനിക്ക് നിര്‍ദേശങ്ങള്‍ തരാന്‍ തുടങ്ങി. എന്നെക്കാള്‍ ആറു മാസം മൂത്തവളാണ് അമ്പിളി. അവളോടൊപ്പം വേണം എങ്ങോട്ടും പോകാന്‍ എന്നാണ് വീട്ടില്‍ നിന്നും കല്‍പ്പന. ക്ലാസ്തുടങ്ങാറായപ്പോള്‍ അമ്പിളി എന്നെ അവളിരുന്ന ബഞ്ചില്‍ പിടിച്ചിരുത്തി!

അമ്മുക്കുട്ടിയമ്മ സാര്‍ വന്നു ഹാജര്‍ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ പിടി കൂടി.
“ഡാ..! പെമ്പിള്ളേരുടെ കൂടാണോ ആമ്പിള്ളേരിരിക്കുന്നത്? ദാ ഇവിടെ വാ!” മുന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു. ശ്വാസം പോലും വിടാതെ എന്റെ പുത്തന്‍ പെട്ടിയുമെടുത്ത് ഞാന്‍ മുന്‍ ബെഞ്ചില്‍ വന്നിരുന്നു. (അന്നൊന്നും സ്കൂള്‍ ബാഗുകള്‍ ഉണ്ടായിരുന്നില്ല.. ഒന്നുകില്‍ കുട്ടികള്‍ ഒരു സ്ലെയ്റ്റും പോക്കറ്റില്‍ ഒരു പെന്‍സിലുമായി വരും അല്ലെങ്കില്‍ അത് ഒരു അലുമിനിയം പെട്ടിയിലടച്ച് കൊണ്ടു വരും.പലരുടെയും കയ്യില്‍ മഷിത്തണ്ടും - വെറ്റമഷി, വെറ്റിലമഷി എന്നൊക്കെ നാടന്‍ ഭാഷ - ഉണ്ടാകും)

അങ്ങനെ ഞാന്‍ ഒന്നാം ക്ലാസില്‍ ചെരുമ്പോള്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു നമ്മുടെ പൂക്കാലന്‍! ഞാന്‍ നാലാം ക്ലാസിലായപ്പോള്‍ അദ്ദേഹം നാലാം ക്ലാസില്‍ തേഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്. മൂന്നു വര്‍ഷം തുടര്‍ച്ചയായി നാലാം ക്ലാസില്‍ പഠിക്കുന്ന ആ മഹാനുഭാവന് ‘മൂവാണ്ടന്‍’ എന്ന പേരിട്ടത് ആശാരിയമ്മ സാര്‍ ആണെന്ന് എനിക്കു പറഞ്ഞ് തന്നത് പുലുമാല്‍ ആണ്.
സ്കൂളില്‍ സാധാരണകുട്ടികളുടെ മുന്നില്‍ ഒരു ചെറുഹീറോ ആയിരുന്നു ശശി. നല്ല ഉയരം അന്നേ ഉണ്ട്. ഓട്ടം, ചാട്ടം, കബഡികളി ഇവയില്‍ കേമന്‍. ഉച്ചയ്ക്ക് ഉപ്പുമാവുണ്ടാക്കുകയും, ക്ലാസ് തീരുമ്പോള്‍ മണിയടിക്കുകയും ഒക്കെ ചെയ്തിരുന്ന ജാനകിയമ്മയുടെ പ്രധാന സഹായി എന്നീ നിലകളില്‍ വിഹരിക്കുന്നവന്‍! വഴിയോരങ്ങളിലെ പറങ്കിമാവുകള്‍ കൊള്ളയടിച്ചു കിട്ടുന്ന പൈസയ്ക്ക് “ഡബ്ബര്‍ മുട്ടായി” യും കോലൈസും വാങ്ങി തിന്ന് ഞങ്ങളെ കൊതിപ്പിക്കുന്നവന്‍!
എല്ലാ ഒക്ടോബര്‍ മാസം വരുമ്പോഴും ഒരാഴ്ച സേവനവാരം ഉണ്ടാവും സ്കൂളില്‍. അപ്പോള്‍ പരിസരം വൃത്തിയാക്കുന്നവരില്‍ മുന്‍ പന്തിയിലുണ്ടാവും ശശി. ആണ്ടിലൊരിക്കല്‍ ഹെഡ് മിസ്ട്രസിന്റെ മുറിയിലെ ഒരു മീറ്റര്‍ നീളമുള്ള സ്കെയില്‍ ഉപയോഗിച്ച് സ്കൂള്‍ കോമ്പൌണ്ടിന്റെ നീളവും വീതിയും അളക്കുന്നതും ശശി തന്നെ. പക്ഷേ ആശാരി സാര്‍ കൂടെക്കാണും. സ്കെയില്‍ വച്ചു വച്ച്ചു പോവുകയേ ഉള്ളു ശശി. എണ്ണം ശരിയാകണമെങ്കില്‍ സാര്‍ എണ്ണിക്കോളണം!

ശശിയുടെ ഭാഷാപരിജ്ഞാനം വളരെ പ്രശസ്തമായിരുന്നു. ആദ്യം അതെനിക്ക് ബോധ്യപ്പെട്ടത് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അന്ന് സ്കൂളിലെ ഏക ഗായകനാണ് തോമസ് ഈപ്പന്‍. നാലാം ക്ലാസ് വിദ്യാര്‍ത്ഥി. ശശിയുടെ സഹപാഠി. സ്കൂള്‍ വാര്‍ഷികത്തിന്റെ ദിവസം തോമസ് ഈപ്പന്‍ ഒരു പാട്ടു പാടി. അതു തീര്‍ന്നപ്പോഴേക്കും ശശി വിളിച്ചു പറഞ്ഞു “ ഡാ ഈപ്പാ.... ആ പാട്ടപ്ലെയ്നിന്റെ പാട്ടു പാടെടാ..!!”

തോമസ് ഈപ്പന്‍ യാതൊരു ആശങ്കയുമില്ലാതെ പാട്ടു തുടങ്ങി.
“വന്നാട്ടേ ഓ മൈ ഡിയര്‍ ബട്ടര്‍ ഫ്ലൈ....!”
ജയച്ചന്ദ്രന്‍ പാടിയ അന്നത്തെ ഒരു ഹിറ്റ് ഗാനമാണ്!
തോമസ് ഈപ്പന്റെ ‘ശശിഭാഷാവിജ്ഞാനം’ എനിക്കില്ലാഞ്ഞതുകൊണ്ട് എന്റെ വായ് പിളര്‍ന്നു തന്നെ ഇരുന്നു!
പാട്ടപ്ലെയിന്‍ എന്നത് ബട്ടര്‍ ഫ്ലൈ ആയി കാതിലേക്കൊഴുകി.
പിന്നീടൊരു വെള്ളിയാഴ്ച്ച സ്കൂളിനു മുന്നിലൂടെ ഏവൂര്‍ ജയാ ടാക്കീസിലെ പുതിയ സിനിമയുടെ പരസ്യം വിളംബരം ചെയ്തു കൊണ്ട് ഒരു ഉന്തുവണ്ടിയും ചെണ്ടക്കാരനും പോകുമ്പോഴായിരുന്നു ശശിയുടെ ഭാഷാജ്ഞാനം വീണ്ടും എനിക്കു വെളിപ്പെട്ടത്. കുട്ടികള്‍ക്കായി വാരി വിതറിയ സിനിമാനോട്ടീസുകളിലൊന്ന് എടുത്ത് വായിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു “കം ദിസീസെ കം നഹീ....!!”
ഞങ്ങള്‍ ചെറു കുട്ടികള്‍ അമ്പരന്നു നിന്നു.
come this is a come nahi !!
“ഹിന്ദി സില്‍മയാ..! അരിപ്പാട്ട് (ഹരിപ്പാട്ട്) ഉത്സവത്തിനു പോയപ്പ ഞാം കണ്ടതാ!”
ശശിയുടെ വക ക്ലാരിഫിക്കേഷന്‍!
ആ സിനിമയുടെ പേരു മനസ്സിലാക്കാന്‍ ഞാന്‍ കോളേജില്‍ എത്തേണ്ടി വന്നു.

ഹം കിസീ സെ കം നഹീ!

ഇങ്ങനെ വൈവിദ്ധ്യമാര്‍ന്ന കഴിവുകളുടെ കലവറയായ ശശി മഹാശയന്‍ എന്നാണ് നാലാം ക്ലാസ് പാസായത് എന്ന് എനിക്കു വലിയ പിടിയില്ല. ഞാന്‍ അഞ്ചാം ക്ലാസില്‍ വേറെ സ്കൂളില്‍ ചേര്‍ന്നതാണ് കാരണം.
പിന്നെ എപ്പോഴോ അതിയാന്‍ പഠിത്തം നിര്‍ത്തി പല പണികള്‍ ചെയ്ത് മേജര്‍ ആവുകയാണുണ്ടായത്!

* * * * * * *

“പൂക്കാലന്‍ വന്നു പൂക്കാലന്‍...” ശശി സൈക്കിള്‍ ‘സ്റ്റാര്‍ട്ട്’ ചെയ്യുന്നതിന്റെ മ്യൂസിക് ആണ്!
ശശിയുടെ ശബ്ദം എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയപ്പോഴേക്കും രണ്ടു ചാക്കു സിമന്റുമായി ‘പൂക്കാലന്‍’ പോയിക്കഴിഞ്ഞിരുന്നു!

വാല്‍ക്കഷണം: രണ്ടു കൊല്ലം മുന്‍പ് കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ആയിരുന്നപ്പോള്‍ ദശദിന ക്യാമ്പ് നടത്തിയത് മുതിയലം(കോറോം) എന്ന സ്ഥലത്തായിരുന്നു. കാടുപിടിച്ചു കിടന്ന റോഡരികുകള്‍ വൃത്തിയാക്കുകയായിരുന്നു കുട്ടികളും ഞാനും. ഒരു വീടിന്റെ വേലിയില്‍ നിറയെ പൂത്തു നിന്നിരുന്ന ഒരു ചെമ്പരത്തിയുണ്ടായിരുന്നത്, റോഡിലേക്കു വീണു കിടക്കുകയായിരുന്നെങ്കിലും ഞങ്ങള്‍ വെട്ടിക്കളഞ്ഞില്ല. അത്രയ്ക്കു ഭംഗിയുള്ള ഒരു കാഴ്ചയായിരുന്നു അത്. വെയിലില്‍ തളര്‍ന്ന കുട്ടികള്‍ വിശ്രമിക്കുമ്പോഴാണ് ഒരു കാഴ്ചകണ്ടത്. സ്ഥലത്തെ ഒരു ഇടത്തരം നേതാവും, ഞങ്ങളുടെ സ്വാഗതസംഘം ഭാരവാഹിയുമായ ഒരു മാന്യദേഹം കുട്ടികള്‍ നിലത്തു വച്ചിരുന്ന ഒരു ‘കത്താള്‍’ എടുത്ത് ആഞ്ഞു വീശി നടക്കുകയാണ്! സകല വേലിത്തലപ്പുകളിലും അദ്ദേഹത്തിന്റെ വക ഒരു വെട്ടിനിരത്തല്‍! ഞാനും ഒപ്പം ഉണ്ടായിരുന്ന ഒരു സഹാധ്യാപകനും ആശങ്കയോടെ നോക്കി നില്‍ക്കുമ്പോള്‍ അയാള്‍ പൂത്തു നിറഞ്ഞു നില്‍ക്കുന്ന ആ ചെമ്പരത്തിയ്ക്കടുത്തെത്തി ക്കഴിഞ്ഞു....നിഷ്കരുണം കത്താള്‍ തലങ്ങും വിലങ്ങും ചീറി...! പൂക്കമ്പുകള്‍ ഒന്നായി വെട്ടേറ്റു വീണു.... ഒടുവില്‍ അത് ശരിക്കും ഒരു കുറ്റിച്ചെടിയായി മാറി...
എന്റെ ഒരു സുഹൃത്തിന് അരിശം സഹിക്കാന്‍ വയ്യാതെ ചോദിച്ചു “ഇവനെയൊക്കെ എന്താണ് വിളിക്കേണ്ടത്!?”
ശാന്തനായി ഞാന്‍ പറഞ്ഞു “പൂക്കാലന്‍!!”
ഇവനല്ലേ യഥാര്‍ത്ഥ പൂക്കാലന്‍!
പാവം ശശി !

* * * * * * *

9 comments:

Anonymous said...

നല്ല വിവരണം.

മാണിക്യം said...

അതേ നിര്‍ദാക്ഷിണ്യം മരവും ചെടിയും വെട്ടി നിരത്തുന്നവന്‍ “പൂക്കാലന്‍” ആയി ത്തന്നെ ഇരിക്കട്ടെ, ബാല്യകാല സ്മരണകളുയത്തുന്ന നല്ലൊരു രചന, അഭിനന്ദനങ്ങള്‍ ഡോക്ടര്‍!!

ചാണക്യന്‍ said...

പൂക്കാലന്റെ കഥ ഇഷ്ടമായി..
നല്ല ഒഴുക്കൂള്ള എഴുത്ത്...ഇനീം തുടരുക..
ആശംസകള്‍....

പൊറാടത്ത് said...

നല്ല ഓർമ്മക്കുറിപ്പ്...

കാപ്പിലാന്‍ said...

നന്നായി എഴുതിയിരിക്കുന്നു ബാല്യകാല സ്മരണകള്‍ -ഞാനും ഒരു പാവം കായംകുളം കാപ്പില്‍കാരന്‍ ആണേ . ആശംസകള്‍

ബാജി ഓടംവേലി said...

നല്ല ഒഴുക്കൂള്ള എഴുത്ത്...

അനില്‍ശ്രീ... said...

നല്ല ഒഴുക്കുള്ള എഴുത്ത്. ഇഷ്ടമായി.

പക്ഷേ അവസാനം ഇഷ്ടമായില്ല. കാരണം അയാള്‍ അത് വെട്ടിയിടുമ്പോള്‍ നിങ്ങളുടെ എല്ലാം വായില്‍ എന്താ പഴമായിരുന്നോ? അല്ല പിന്നെ... അന്യോന്യം അടക്കം പറയാനല്ലാതെ നിങ്ങള്‍ക്കൊന്നും ചെയ്യാനായില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല മാഷേ.. .

ramanika said...

വായിച്ചു കുറച്ചു നേരം പ്രൈമറി സ്കൂള്‍ ഡെയ്സ് ഓര്‍ത്തു ഇരുന്നു പോയി
അന്നത്തെ സഹപാടികളും, ടീച്ചര്‍ മാരും എല്ലാം ഓര്‍മയില്‍ ഓടിയെത്തി
നല്ല പോസ്റ്റ്‌
നല്ല ഭാഷ!

jayanEvoor said...

സേതുലക്ഷ്മി
മാണിക്യം ചേച്ചീ
ചാണക്യന്‍
പൊറാടത്ത്
കാപ്പിലാന്‍
ബാജി
അനില്‍ശ്രീ
രമണിക...

എല്ലാവര്‍ക്കും വളരെ നന്ദി!

കാപ്പിലാന്‍ ചേട്ടാ.... സന്തോഷം നാട്ടുകാരണാണെന്നറിഞ്ഞതില്‍!

അനില്‍ശ്രീ..!
എന്തു ചെയ്യാം! കണ്ണൂര്‍കാരുടേ കത്താള്‍പ്രയോഗമല്ലേ!
ഒക്കെ ക്ഷണനേരം കൊണ്ടു കഴിഞ്ഞു! തന്നെയുമല്ല ഞാന്‍ അവിടെ പുതുമുഖവും! അല്പം ഭയം ഉള്ളില്‍ ഇല്ലായിരുന്നു എന്നു പറയാനാവില്ല!