മറുനാടന്‍ മലയാളി -
അതായിരുന്നു ചില ദശാബ്ദങ്ങല്‍ക്ക് മുന്‍പേ നാടു വിട്ട മലയാളിയുടെ ചെല്ലപ്പേര് ,
പിന്നെ അതു മാറി പ്രവാസിയായി.. പ്രവാസിയുടെ ചിത്രം മുക്കാലും ഗള്‍ഫ് മേഖലയില്‍ ഒതുങ്ങി.
കേരളം വിട്ട് മറ്റൊരു കേരളം മനസ്സിലും ചുറ്റും വരച്ചു തീര്‍ക്കാനായി പിന്നെ വാരന്ത്യങ്ങളിലെ തത്രപ്പാട്....
മലയാള സമാജങ്ങള്‍ പലപേരിലും എല്ലായിടവും നടത്തുകയും ഓണവും വിഷുവും കേരളപിറവിയും സദ്യയും നൃത്തവും പാട്ടുമായി മലയാളത്തെ ജീവിപ്പിക്കുകയും ചെയ്യുമ്പോള്‍ ഓര്‍മ്മകളില്‍ നാം കേരളത്തിലെത്തുകയാണ്.
കഴിഞ്ഞ പത്തു മുപ്പതു കൊല്ലമായി ലോകത്തിന്റെ നാനാ വശത്തുമായി പരക്കുകയാണ് മലയാളി, ഗള്‍ഫ് മേഖലയില്‍ ജനിക്കുകയും വളരുകയും അവിടെ പഠിക്കുകയും ചെയ്യുമ്പോള്‍
നാട്ടിലേക്ക് തിരികെ പോകും എന്ന് ഒരു ചിന്ത വച്ചു പുലര്‍ത്തുന്നുണ്ട്, ഒരു കാലത്തിനു ശേഷം മിക്കകുട്ടികളും നാട്ടില്‍ വിദ്യാഭ്യാസം തുടരുന്നുമുണ്ട്, എന്നാല്‍ പൌരത്വം ലഭിക്കുന്ന അമേരിക്ക ഇംഗ്ലണ്ട് പോലുള്ളിടത്തു വളരുന്ന കുട്ടികള്‍ എന്നെങ്കിലും മലയാളം പഠിക്കുമോ?
‘മലയാലം‘ ഇഷ്ടപ്പെടുമോ?
ഇല്ലെന്നാണുത്തരമെങ്കില്‍ അതു കുട്ടികളുടെ മനോഭാവമൊ അതോ മാതാപിതാക്കളുടെ ചിന്താഗതിയോ? ഇതാണെന്റെ ഒരു ചോദ്യം
മറുനാടന്‍ മലയാളികള്‍ മക്കളെ മലയാളം പഠിപ്പിക്കാന്‍ ശ്രമിക്കുമോ?
“ഓ ! മലയാലം ഇറ്റ്സ് ബോറിങ്ങ്............”.എന്നാനുത്തരമെങ്കില് എന്താ ചെയ്ക?
നാട്ടിലെ പുത്തന്‍ തലമുറമലയാളികളും ഇംഗ്ലീഷ് മീഡിയവും ആംഗലേയ സാഹിത്യവും ആയി നിങ്ങുന്നു, അവയെ വാഴ്ത്തുന്നു...
മലയാളത്തിന്റെ മാധുര്യം നന്മ അത് കെട്ടു പോകാതെ അടുത്ത തലമുറയും കൊണ്ടു പോകാന്‍ ഇന്നത്തെ മാതാപിതാക്കള്‍ അല്ലങ്കില്‍ മുതിര്‍ന്നവര്‍ എന്തു ചെയ്യും എന്തു ചെയ്യാന്‍ സാധിക്കും?
ഒരു തുറന്ന ചര്‍ച്ച ഇവിടെ ആരംഭിക്കാം.
എല്ലാവരും അഭിപ്രായം പറയുവാന്‍ അഭ്യര്‍ത്ഥിക്കുന്നു...............
27 comments:
മലയാളത്തിന്റെ മാധുര്യം നന്മ അത് കെട്ടു പോകാതെ അടുത്ത തലമുറയും കൊണ്ടു പോകാന്‍ ഇന്നത്തെ മാതാപിതാക്കള്‍ അല്ലങ്കില്‍ മുതിര്‍ന്നവര്‍ എന്തു ചെയ്യും എന്തു ചെയ്യാന്‍ സാധിക്കും?
ഒരു തുറന്ന ചര്‍ച്ച ഇവിടെ ആരംഭിക്കാം.
എല്ലാവരും അഭിപ്രായം പറയുവാന്‍ അഭ്യര്‍ത്ഥിക്കുന്നു...............
കുട്ടികള്‍ക്ക് അവരുടേതായ ബാല്യവും ഓര്‍മകളുമുണ്ട്.
നമ്മുടെ ഗൃഹാതുരത്വം മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനോട് ഒട്ടും യോജിക്കാനാകുന്നില്ല.
ഇതില്‍ ഒരു താല്പര്യത്തിന്റെ പ്രശ്നമുണ്ട് .തന്റെ വേരുകളെ മഹനിയം എന്നു കരുതുന്നവര്‍ കുട്ടികളെ പഠിപ്പിക്കാനും തന്റെ സംസ്കാരത്തോട് അടുപ്പിച്ചു നിര്‍ത്താനും ശ്രമിക്കും .പഴച്ഞന് എന്ന മുന്‍വിധിയോടെ സമീപിക്കുമ്പോള്‍ അത് ബോറനും ആകും .മലയാളം എന്നല്ല ഏതു ഭാഷയും മഹനിയമാണ് . അവരവര്‍ ജനിച്ചഭാഷയെ മറക്കുമ്പോള്‍ പൊക്കിള്‍ കൊടി ബന്ധത്തെയാണ് തള്ളി പറയുന്നത് .അതില്‍ അവര്‍ക്ക് നഷ്ടപെടുന്നത് അവരെ തന്നെയാണ് .അത് തിരിച്ചറിയുന്നതിനു കാലം ഏറേ കഴിയണ്ടി വരും .
ഞാന്‍ കണ്ടതില്‍ പ്രവാസികള്‍ കുട്ടികളെ മലയാളം തീര്‍ച്ചയായും പഠിപ്പിക്കുന്നുണ്ട്. അവരുടെ വീട്ടിലെ സംസാരഭാഷ മലയാളം മാത്രവുമാണ്. പക്ഷെ നമ്മുടെ നാട്ടിലുള്ള നാടന്‍ സായിപ്പിന്റെ മക്കളാണ് "മലയാലം" പറഞ്ഞു പഠിക്കുന്നത്..." മലയാളവും ഇംഗ്ലീഷും അല്ലാത്ത ഒരു വൃത്തികെട്ട ഭാഷ. " കേരളത്തിലെ പല ചാനെലുകളും ഈ വൃത്തികെട്ട ഭാഷ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്... ഒരു വാചകം പറഞ്ഞാല്‍ അതില്‍ പത്തു വാക്കുകള്‍ ഉണ്ടെങ്കില്‍ ഏഴെണ്ണം ഇംഗ്ലീഷും ബാകി മൂന്നെണ്ണം "മലയാലവും" ആണ് .
നാട്ടിലുള്ള നാടന്‍ സായിപ്പുകള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ മാത്രമേ കുട്ടികളെ പഠിപ്പിക്കൂ... പാവങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുംപോ തന്നെ ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയില്ല.. നടന്ന ഒരു സംഭവം പറയാം. . ഞാന്‍ നാട്ടിലുള്ള ഒരു ഇംഗ്ലീഷ് മീഡിയത്തില്‍ കുട്ടിയോട് അവന് നില്ക്കുന്ന മുറിയുടെ വിസ്തീര്‍ണം എങ്ങനെ കണ്ടു പിടിക്കാം എന്ന് ചോദിച്ചപ്പോ അവനതറിയില്ല. ഇംഗ്ലീഷില്‍ അവന് പഠിച്ച "Area" എന്ന് തന്നെ പറഞ്ഞു ചോദിച്ചു... "നോ രക്ഷ" :)) .എന്നാല്‍ . മലയാളം മീഡിയത്തില്‍ പഠിക്കുന്ന കുട്ടി.. ഉടനെ മുറിയുടെ ഒരു പടം വരച്ച് നീളവും വീതിയും കണ്ടു.. ഉത്തരം പറഞ്ഞു. മറ്റേ "മലയാലം" കാരന് ആ പടം കണ്ടപ്പോ ഉത്തരം വന്നു..
ഇതാണ് നമ്മുടെ മലയാലത്തിന്റെ ഇന്നത്തെ അവസ്ഥ.
മാണിക്യം ചേച്ചീ, ഈ ചര്‍ച്ച ബ്ലോഗില്‍ പലവട്ടം നടന്നതാണ്. എന്റെ അനുഭവത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ കുട്ടുകള്‍ ഭൂരിഭാഗവും മലയാളം നല്ലവണ്ണം സംസാരിക്കാനറിയാവുന്നവരാണ്. 90% എങ്കിലും. എന്നാല്‍ വടക്കേഇന്ത്യയിലെ കാര്യം എടൂത്താല്‍ മലയാളത്തേക്കാള്‍ നന്നായി കുട്ടികള്‍ ഹിന്ദിയാണ് കൈകാര്യം ചെയ്യുന്നതെന്ന് തോന്നുന്നു. മറ്റു രാജ്യങ്ങളില്‍ കുടിയേറിപ്പോയവര്‍ ഇംഗ്ലീഷായിരിക്കും സംസാരിക്കുന്നത്. ഒരു കുഞ്ഞ് ജനിക്കുന്ന നാള് മുതല്‍ മാതാപിതാക്കള്‍ വീട്ടില്‍ കുട്ടിയോട് ഏതുഭാഷയാണൊ സംസാരിക്കുന്നത് അതുതന്നെയാവും കുട്ടി പറയാന്‍ പഠിക്കുന്നതും, അവന്റെ മാതൃഭാഷയായി സ്വീകരിക്കുന്നതും. ആദ്യമായി കുട്ടികളോട് വീട്ടില്‍ മലയാളത്തില്‍ സംസാരിക്കട്ടെ. അതല്ലാതെ താമസിക്കുന്ന രാജ്യത്തെ സ്കൂളില്‍ മലയാളം “പഠിപ്പിക്കുവാനുള്ള” സൌകര്യമില്ല്ല എന്ന കാര്യം പറയുകയല്ല വേണ്ടത്. മാതൃഭാഷസ്കൂളില് നിന്നു പഠിക്കുന്നതല്ല.
മാതൃ നാടിനോട് സ്നേഹമുള്ളവര് അല്ലെങ്കില്‍ കൂറുള്ളവര്‍ എന്നും മലയാളത്തെ സ്നേഹിക്കും, പഠിക്കുവാന്‍ ശ്രമിക്കുകയും ചെയ്യും..
ഈ കാര്യത്തില്‍ പ്രവസികളാണ് സ്വദേശികളേക്കാള്‍ പൊതുവേ മെച്ചം എന്നാണെനിക്കും തോന്നുന്നത്. എനിക്കറിയാവുന്ന മിക്ക പ്രവാസികളും അവരുടെ വീട്ടില്‍ മലയാളം സംസാരിക്കുകയും അതുവഴി മാതൃഭാഷ വേരറ്റുപോകാതെ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എന്നു മനസ്സിലാക്കുന്നു.
പ്രവാസികള്‍, ആംഗലേയഭാഷയുടെ കൂടെ മാതൃഭാഷ കൂടി കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കും എന്നു തന്നെയാണ് ഞാന്‍ പ്രത്യാശിക്കുന്നത്. ഇല്ലെങ്കില്‍ നമ്മുടെ നാടിന്റെ സംസ്കാരികചുറ്റുപാടുകളെപറ്റി അവര്‍ അബോധവാന്മാരായിതീര്ന്നേക്കാം..
മറുനാടുകളില്‍ താമസിയ്ക്കുന്ന മലയാളികള്‍ക്ക് മലയാളത്തെക്കാള്‍ അധികമായി ഉപയോഗിയ്ക്കേണ്ടി വരിക ഇംഗ്ലീഷും മറ്റു ഭാഷകളുമാണ് എന്നത് ശരി തന്നെ. പക്ഷേ ചുരുങ്ങിയ പക്ഷം മലയാള ഭാഷയേയും നമ്മുടെ കേരളനാടിനെയും ഇവിടുത്തെ സംസ്കാരത്തെയും പറ്റി കുട്ടികള്‍ക്ക് താല്പര്യം ജനിപ്പിയ്ക്കുന്ന മട്ടില്‍ അവരെ വളര്‍ത്തിയെടുക്കേണ്ട കടമ/ ബാധ്യത ഓരോ മാതാപിതാക്കള്‍ക്കുമുണ്ട്.
പക്ഷേ, കൂടുതല്‍ പേരും നാടു വിട്ടാല്‍ പിന്നെ, വെറുതേ ഗൃഹാതുരത എന്നെല്ലാം പറഞ്ഞ് വീമ്പിളക്കാനല്ലാതെ സ്വന്തം നാടിനെ ഓര്‍ക്കുന്നില്ല എന്നതാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത് (ചുരുക്കം ചിലരൊഴികെ)
പിന്നെ, കൂട്ടുകാരന് പറഞ്ഞതു പോലെ പ്രവാസികള്‍ മാത്രമല്ല മലയാളത്തെ അവഗണിയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
“നിങ്ങള്‍ മിഴി തുറന്നൊന്നഹോ നോക്കുവിന്‍ നോക്കുവിന്‍ സോദരരേ”
മഹാകവി വള്ളത്തോള്‍
നവംബര്‍ ഒന്ന്, കേരളപിറവി.ആഘോഷങ്ങള്‍ പൊടിപൂരം.മലായാളത്തേയും കേരളത്തെയും ഒക്കെ കുറിച്ചു നമ്മുടെ നേതാക്കന്മാരും പ്രമുഖന്മാരും ഒക്കെ സംസരിക്കുന്നതൊക്കെ കേട്ടപ്പോള്‍, കണ്ടപ്പോള്‍ ഒരു സാധാരണ വീട്ടമ്മ മാത്രമായ എനിക്കുണ്ടായ രണ്ട് അനുഭവങ്ങള്‍ ഈ ബൂലോകത്തില്‍ എഴുതണം എന്നു തോന്നി.ഇതു വലിയ സംഭവങ്ങള്‍ ഒന്നും ആയിരിക്കില്ല.എനിക്കെന്തോ മനസ്സില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കി ,അതു കൊണ്ട് പറയുന്നു എന്നെ ഉള്ളു.
ഒന്നാമത്തെസംഭവം ഇങ്ങനെ.........
വര്‍ഷങ്ങളായി ഒരു പ്രവാസിയാണ് ഞാനും. ഈയടുത്തിടെ നാട്ടില്‍ നിന്നും കല്യാണം കഴിഞ്ഞു ഭര്‍ത്തവിനോടൊത്തു വന്ന് എന്റെ അടുത്തു തന്നെ താമസിക്കുന്ന ഒരു മോള്. വിദ്യാസമ്പന്നയാണ്, മിടുക്കിയാണ് . ഇവിടെ വന്ന് അധികം ആകുന്നതിനു മുന്‍പു തന്നെ നല്ല ജോലി ഒക്കെ കിട്ടി സുഖമായി കഴിയുന്നു.ഒരു ദിവസം അവള് എന്റെ അടുത്ത് വന്നപ്പോള്‍ കൈയില്‍ ഒരു പേപ്പര്‍ മടക്കി പിടിച്ചിരുന്നു. വന്നു കുറച്ചു കഴിഞ്ഞു അവള് ചോദിച്ചു“ആന്റീ ഇതൊന്നു വായിച്ചു തരാമോ” എന്നു.
ഞാന്‍: “എന്താ മോളേ അത്?”മോള്: “ഒരു കത്താണ്”.എനിക്കു ചിരി വന്നു. ഞാന്‍ ചോദിച്ചു,”നിനക്കെന്താ വായിച്ചാല്‍?”
ഉടനെ മോള്:” അതെ ആന്റീ ഇത് മലയാളത്തിലാ, എനിക്കു മലയാളം വായിക്കാന്‍ അറിയില്ല”.
ഞാന്‍:“ ആരുടെ കത്താണ്?”
കുട്ടി:” എന്റെ അമ്മയുടെ”
ഞാന്‍: “മോള്‍ക്കു മലയാളം അറിയില്ലാന്നു അമ്മക്കു അറിയില്ലെ? പിന്നെ എന്താ മലയാളത്തില്‍ അമ്മ എഴുതിയെ?”
മോള്:“അമ്മക്കു അത്ര നന്നായിട്ട് ഇംഗ്ലീഷ് അറിയില്ല”.
ഞാന്‍:മോള് എവിടെയാ പഠിച്ചത്”?അവള് കേരളത്തിലെ ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞു
ഞാന്‍:“അമ്മക്കെന്താ ജോലി?”
മോള് :“വീട്ടമ്മയാണ്?”
ഞാന്‍ ചോദിച്ചു: “ അമ്മയുടെ കത്തല്ലെ, അതു അന്യയായ ഞാന്‍ വായിക്കുന്നതു ശരിയാണോ, ഭര്‍ത്തവിനോടു പറഞ്ഞൂടെ? അതോ അയാള്‍ക്കും അറിയില്ലെ മലയാളം”?
മോള്: ചേട്ടനു മലയാളം അറിയാം,പക്ഷേ ഈ കത്തില്‍ വീട്ടിലെ ചില പ്രശ്നങ്ങള്‍ ആണ് , അതു ചേട്ടന് അറിയണ്ട,(ഇതൊക്കെ ഫോണില്‍ പറഞ്ഞിരുന്നു) അമ്മ ആരും അറിയാതെ ആരുടെയോ കൈയില്‍ കൊടുത്തു വിട്ട കത്താണ്”.(അപൂര്‍വമായി അത്യാവിശ്യ സമയങ്ങളില്‍ ഇപ്പോഴും ചിലര്‍ കത്തുകളെഴുതുന്നു).
ഞാന്‍ പിന്നെ ഒന്നും ചോദിച്ചില്ല.കത്തു വായിക്കാനായി തുടങ്ങിയപ്പോള്‍ ആദ്യ വരി“എന്റെ പൊന്നു മോള്‍ക്കു ഉമ്മകള്‍”(സ്വന്തം ഭാഷയിലെ ആ സ്നേഹ പ്രകടനം എന്റെ കണ്ണു നിറച്ചു.)പിന്നെ അവരുടെ വീട്ടിലെ കുറേ പ്രശ്നങ്ങള്‍.......എഴുതുമ്പോള്‍ അവസാന ഭാഗം ഒക്കെ ആയപ്പോഴേക്കും ആ അമ്മ കരഞ്ഞിരുന്നു എന്നു കണ്ണുനീരു വീണ നിറം മങ്ങിയ വരികളില്‍ നിന്നും മനസ്സിലായി എനിക്കു, അതു കേട്ടിരുന്ന ആ മകള്‍ക്കു മനസ്സിലായോ എന്ന് എനിക്കറിയില്ല.(ആ മോളോടു വിളിച്ചു ചോദിച്ചു അനുവാദം വാങ്ങിയതിനു ശേഷം ആണ് ഞാന്‍ ഇതു എഴുതുന്നത്).
ആ കുട്ടി പോയിക്കഴിഞ്ഞപ്പോള്‍ എനിക്കു വല്ലാത്ത സങ്കടം തോന്നി.നമ്മള് മലയാളികള്‍ മാത്രം എന്തേ
നമ്മുടെ മക്കളെ മാതൃഭാഷയില്‍ നിന്നും ഇങ്ങനെ അകറ്റിക്കോണ്ടിരിക്കുന്നത്?എനിക്കു പെട്ടന്ന് ഓര്‍മ്മ വന്നത് ഗോഡ്ഫാദര് എന്ന മലയാളം സിനിമയില്‍ അഛനോട്(എന്‍.എന്‍.പിള്ള) മകന്(ഇന്നസന്റ്) ചോദിക്കുന്ന ഒരു സീന്‍ ഉണ്ട്“ആരാ മനസ്സിലായില്ലല്ലോ?” എന്നു.മാതൃഭാഷയെ മക്കളിലെത്തിക്കാത്ത മാതാപിതക്കന്മാരൊക്കെ ഇതുപോലെയുള്ള ചോദ്യങ്ങള്‍ക്കു മുന്പില് നിസ്സഹായരായി നില്‍ക്കേണ്ടി വരില്ലേ????
ആരെങ്കിലും ഒക്കെ ഇതു വായിക്കുമെങ്കില്‍ അവരവരുടെ വീട്ടിലെ , കൊച്ചു കുട്ടികളുള്ള അമ്മമാരോടും, അമ്മമാരാകാന്‍ പോകുന്ന സഹോദരിമാരോടും, മക്കളോടും പറയണേ”മക്കളുടെ ആദ്യ ഗുരുക്കന്മാരായ അമ്മമാര്‍ മക്കളെക്കൊണ്ട് ആദ്യം അമ്മേ എന്നു വിളിച്ചു പഠിപ്പിക്കാന്‍,ഇല്ലയെങ്കില്‍ നാളെ അവര്‍ ചോദിക്കും“അമ്മയോ അതാരാ? അമ്മയോ അത് എന്താ?” എന്നു.അതു സഹിക്കാന്‍ പറ്റിയെന്നു വരില്ല ഒരു അമ്മക്കും.
രണ്ടാമത്തെ സംഭവം ഇതാണ്.
ഇത്തവണ അവധിക്കു നാട്ടില്‍ പോയപ്പോള്‍ ഒരു സംഭവം, അനുഭവിച്ച ആളില്‍ നിന്നും കേട്ടതാണ്.ചിരിക്കയും, ചിന്തിപ്പിക്കയും ഒരു പോലെ ചെയ്തെ ഒരു സംഭവം..ബാഗ്ലൂരിലെ ഒരു എഞ്ചിനിയറിംഗ് കോളേജ്.റാഗിംഗ് നടക്കുന്നു. മിക്ക സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള കുട്ടികള്‍ ഉണ്ട്.പുതു വര്‍ഷക്കാരോട് നേതാക്കന്മാര് പറഞ്ഞു”എല്ലാവരും മാതൃഭാഷയില്‍ അക്കങ്ങള്‍ ഉപയോഗിച്ച് ഒന്നു മുതല്‍ പത്തുവരെ എഴുതുക.എല്ലാവരും എഴുതി നമ്മുടെ മക്കളും എഴുതി..1, 2 ,3 .......10.
മലയളികുഞ്ഞുങ്ങള്‍ക്കെല്ലാം പടാ പടാ എന്നു കിട്ടി അടി ഇഷ്ടം പോലെ.അടി കൊടുത്തുകൊണ്ട് നേതാക്കന്മാര് ചോദിച്ചു “ഇതാണോടാ മലയാളം അക്കങ്ങള്‍?” “അതേ അതേ ഇതല്ലാതെ മലയാള അക്കങ്ങള്‍ ഞങ്ങള്‍ക്കില്ല, ഇതാണേ മലയാള അക്കങ്ങള്‍ എന്ന്” അതു കൂടെ കേട്ടാപ്പോള്‍ ഇടിയോടിടീ...
നേതാക്കന്മാര്(ഇടിച്ചു കൊണ്ട്)“എടാ മലയാളി കഴുതകളേ ഇതു ഇംഗ്ലീഷ് അക്കങ്ങാളാ, നിനക്കൊക്കെ മലയാളവും അറിയില്ല ഇംഗ്ലീഷും അറിയില്ല അല്ലേ”
മലയാള അക്കങ്ങള്‍ ഉണ്ട് എന്നു പലര്‍ക്കും അറിയില്ല.(അക്ഷരങ്ങളും).എന്നാല്‍ മലയാളിയെ കുടുക്കാന്‍ ഏറ്റവും പറ്റിയത് അവന്റെ ഭാഷ തന്നെയാണ് എന്നു മലയാളി അല്ലാത്ത എല്ലാവര്ക്കും അറിയാമെന്നതിന്റെ തെളിവല്ലെ ഈ റാഗിംഗ്.
ഒരു കോമഡി പരിപാടിയില്‍ ഒരു ചോദ്യോത്തര പംക്തി.
ചോദ്യം”മാതൃഭാഷയല്ലാത്ത എല്ലാ ഭാഷയും അനായാസേന കൈകാര്യം (എഴുതുക, വായിക്കുക, പറയുക) ചെയ്യുന്ന ഒരു ജന്തു?ഉത്തരം “മലയാളി”.
കെട്ടപ്പോല്‍ ചിരി വന്നെങ്കിലും അതിലെ സത്യം ഓര്‍ത്തപ്പോള്‍ കരച്ചിലും വന്നു.
എത്ര ഭാഷ പഠിക്കുന്നതും മഹത്തരം തന്നെയാണ്, ഒരോ ഭാഷയും തരുന്നതു ഓരോ സംസ്കാ
രമാണ്.ഒരോ വ്യക്തിത്വമാണ്.മലയാളിക്കു അതിനുള്ള കഴിവുണ്ട് എന്നതു ഏറ്റവും മഹനീയവും ആണ്.അതു മലയാളം എന്ന ഭാഷയില്‍ നിന്നും കിട്ടിയ ഒരു അനുഗ്രഹം എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
ഒരു മയിലിനെ “ഇങ്ങനെ ഭംഗിയിണങ്ങി വിളങ്ങുമൊരീശ്വര സൃഷ്ടിയുണ്ടോ”എന്ന മലയാള വരികളിലൂടെ ഇത്ര മനോഹരമായി നമ്മള്‍ക്കു കണിച്ചു തന്ന ആ മഹാ കവിയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ഈ സുന്ദരമായ ഭാഷയെ അരിഞ്ഞ് അരിഞ്ഞു (മലയാലം അരിയാം)കൊല്ലാന്‍ നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കരുതേ എന്നു യാചിക്കുന്നു....ഈ കേരളപ്പിറവി ദിനത്തില്‍ ഒരു മലയാളി വീട്ടമ്മ മാത്രം ആയ ഞാന്‍ വേറെ എന്ത് എഴുതാന്‍?
൧ ൨ ൩ ൪ ൫ ൬ ൭ ൮ ൯ ൦ ഇതാണ് മലയാള അക്കങ്ങള്‍.ഇതു എനിക്കയച്ചു തന്നതിന് എന്റെ പ്രിയ കൂട്ടുകാരി ചാന്ദ്നിയോടു(മലയാളം ബ്ലോഗിന്റെ ചന്ദ്രകാന്തം)എന്റെ നന്ദി അറിയിക്കുന്നു.
Posted by കിലുക്കാംപെട്ടി at 10:16
ചേച്ചീ,
മലയാളികള്‍, പ്രത്യേകിച്ചും പ്രവാസികള്‍ മക്കളെ മലയാളം പഠിപ്പിക്കുന്നില്ല എന്നത് തെറ്റായ ഒരു കണ്സപ്റ്റാണെന്നു തോന്നുന്നു. ഒരു ചെറു ന്യൂനപക്ഷം ഉണ്ടാവാം. പക്ഷെ ബഹുഭൂരിപക്ഷവും പഠിപ്പിക്കാന്‍ ശ്രദ്ധ ചെലുത്തുന്നു എന്നാണ് എന്റെ അനുഭവം. അമേരിക്കയിലായാലും ഗള്‍ഫിലായാലും താമസ്സിക്കുന്ന എന്റെ സുഹൃത്തുക്കളെല്ലാം ഇതിനായി ശ്രദ്ധ ചെലുത്തുന്നുത് കണ്ടിട്ടുണ്ട്.
സന്ധിയും സമാസവും ഒന്നും ഉണ്ടാവില്ലായിരിക്കും എന്നാലും സ്വന്തം ഭാഷ എന്ന പരിഗണന അതിനു കിട്ടുന്നുണ്ട്.
പിന്നെ ഇതൊരു മത്സരത്തിന്റെ ലോകമല്ലെ, ആഗോളാടിസ്ഥാനത്തില്‍ മത്സരിക്കാന്‍ ഇംഗ്ലീഷ് കൂടിയേ കഴിയൂ. അതിനാല്‍ മക്കള്‍ അതും പഠിക്കട്ടെ, കഞ്ഞി കുടിക്കണമല്ലോ.
ആശംസകള്‍
എന്റെ ഒരു പോസ്റ്റ് കോപ്പി ചെയ്തതില്‍ ക്ഷമിക്കണം.അതു ഒരു പരസ്യമായി ആരും കാണരുത്(എന്റെ ബ്ലോഗിന്റെ). എന്റെ അഭിപ്രായം ഞാന്‍ അതില്‍ പറഞ്ഞിട്ടുണ്ട്.
“ആരെങ്കിലും ഒക്കെ ഇതു വായിക്കുമെങ്കില്‍ അവരവരുടെ വീട്ടിലെ , കൊച്ചു കുട്ടികളുള്ള അമ്മമാരോടും, അമ്മമാരാകാന്‍ പോകുന്ന സഹോദരിമാരോടും, മക്കളോടും പറയണേ”മക്കളുടെ ആദ്യ ഗുരുക്കന്മാരായ അമ്മമാര്‍ മക്കളെക്കൊണ്ട് ആദ്യം അമ്മേ എന്നു വിളിച്ചു പഠിപ്പിക്കാന്‍,ഇല്ലയെങ്കില്‍ നാളെ അവര്‍ ചോദിക്കും“അമ്മയോ അതാരാ? അമ്മയോ അത് എന്താ?” എന്നു.അതു സഹിക്കാന്‍ പറ്റിയെന്നു വരില്ല ഒരു അമ്മക്കും.“
മാണിക്യം തുടങ്ങി വച്ച ഈ ചര്‍ച്ച്ക്കു എല്ലാ പിന്തുണയും അറിയിക്കുന്നു.
ഭാവുകങ്ങള്‍....................
മലയാളത്തില്‍ ഇഗ്ലീഷ് പഠിച്ചവരല്ലേ നമ്മളൊക്കെ?
അതോണ്ടിപ്പം വല്ല കുറവുണ്ടായോ എന്ന് ചിന്തിക്കുമ്പോള്‍ പോരായ്മ തോന്നുന്നവരാണ്, ഈ ഇഗ്ലീഷോ മലയാളമോ സ്വന്തമാക്കിയെന്ന് പറയാന്‍ കഴിയാത്ത “മലയാലികള്‍”.
ഇനി ആ പെണ്ണ് രഞ്ജിനിയില്ലേ? അവളുപോലും ഒരു ഇഗ്ലീഷുകാരന്റെ മുമ്പില്‍ നിന്ന് ഇഗ്ലീഷ് ഞാന്‍ പൂര്‍ണ്ണമായും സ്വന്തമാക്കീന്ന് പറയാനുള്ള ആത്മധെര്യം കാട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.
പ്രിയ മാണിക്യം....
ഈ പോസ്റ്റ് കണ്ടപ്പഴാ മലയാളത്തിലെ പ്രമുഖ 'വനിതാ' മാസികയില്‍ വന്ന ടെലിവിഷന്‍ അവതാരികമാരെക്കുരിച്ചുള്ള ഒരു ലേഖനത്തിന്റെ കാര്യം ഓര്മ വന്നത്...അതില്‍ ഇതുപോലെ "മലയാലം പരയുന്ന" ഒരവതാരത്തെക്കുരിച്ചു വളരെ പുകഴ്ത്തി എഴുതിയിരിക്കുന്നത് വായിച്ചു.. പ്രോഗ്രാമിന്റെ റേറ്റിംഗ് കൂടണമെങ്കില് ഈ സായിപ്പിന്റെ കൊച്ചുമോള് തന്നെ വരണമത്രേ!! ഒരു പ്രോഗ്രാമിന്റെ പ്രതിഫലം ഒരു ലക്ഷം രൂപാ!..കൂടാതെ സ്റ്റാര്‍ ഹോട്ടലില്‍ താമസം!! വരുന്നതിനും പോകുന്നതിനുമുള്ള പ്ലയിന് ടിക്കെറ്റ് ഫ്രീ !!!
ഇത് കണ്ടപ്പോള്‍ എനിക്കും ഒരാഗ്രഹം....എനിക്ക് ജനിക്കുന്ന മകളെയും ഇങ്ങനെ 'മലയാലം കൊരക്കുന്ന ഏതെങ്കിലും "ഇസ്കൂളില്" പഠിപ്പിച്ചു ഒരവതാരമാക്കിയാല് പിന്നെ എന്റെയും ഭാര്യയുടെയും ജീവിതം പരമ സുഖമല്ലേ???
മറ്റൊരു കാര്യം കൂടി പറയട്ടെ...ഒരിക്കല്‍ ഞാന്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ കൊച്ചു കുഞ്ഞു പല വികൃതികളും കാണിച്ചു കൊണ്ടിരുന്നു..അവനെ അമ്മ ശാസിക്കുന്നതും കാണാമായിരുന്നു..പക്ഷെ ശാസന മുഴുവന്‍ ഇംഗ്ലീഷില്‍ തന്നെ. കുട്ടിയുണ്ടോ അനുസരിക്കുന്നു.? പിന്നീട് അവന് അമ്മയുടെ മൊബൈലില്‍ തന്നെ കേറിപ്പിടിച്ചു. അത് കൊടുക്കാതെ അവന് വിടുന്ന പ്രശനമില്ല. കരച്ചിലായി പിടിവലിയായി. സഹികെട്ട അവര്‍ മോന്റെ ചന്തിയില്‍ നല്ല ഒരു പെട കൊടുത്തിട്ട് "ഇരിക്കെടാ അവിടെ" എന്ന് ശുദ്ധ മലയാളത്തില്‍ പറഞ്ഞിട്ട് എടുത്ത് സീറ്റിലേക്ക് ഒറ്റ ഇരുത്തല്. അതോടെ കുട്ടി അടങ്ങി....
കണ്ടോ മലയാളത്തിന്റെ ശക്തി...
എനിക്കും തോന്നുന്നതു് പ്രവാസികള്‍ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതില്‍ കുറച്ചുകൂടി ശ്രദ്ധിക്കുന്നു എന്നു തന്നെയാണ്. എഴുതാനോ വായിക്കാനോ ഇല്ലെങ്കില്‍ പോലും സംസാരിക്കാനെങ്കിലും.
നാട്ടിലാണ് ഇംഗ്ലീഷിനോട് ആവശ്യത്തില്‍ കൂടുതല്‍ ഒരു മമത. ഒരു സംശയവുമില്ല, ഇംഗ്ലീഷ് വളരെ അത്യാവശ്യം തന്നെയാണ്.നാട്ടില്‍ നിന്നു പുറത്തുപോയാല്‍ മലയാളം കൊണ്ട് ജീവിക്കാനും പറ്റില്ല. പക്ഷേ അതിനുവേണ്ടി മലയാളത്തെ എന്തിനിങ്ങനെ കൊല്ലുന്നു?
ഇവിടെ അടുത്തുള്ളൊരു കുട്ടി ഗുരുവായൂര്‍ സംഗീതോത്സവം നടക്കുന്ന സമയത്ത് അതിനുള്ള ഒരു അപേക്ഷ എന്റെ കയ്യില്‍ തന്നിട്ടു ഒരു കവര്‍ വാങ്ങി അതിലെ അഡ്ഡ്രസ്സ് കവറിനു പുറത്ത് എഴുതി അതൊന്നു അയച്ചേക്കാമോ എന്നു ചോദിച്ചു.അങ്ങിനെ എനിക്കതു നോക്കേണ്ടിവന്നു. ശരിക്കും സങ്കടം വന്നുപോയി. തികച്ചും 10 വാചകം പോലുമില്ലാത്ത അതില്‍ നിറയെ തെറ്റുകള്‍. ഇവിടെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി. ഇവിടെ ആരാ തെറ്റുകാര്‍. മാതാപിതാക്കളോ അതോ അദ്ധ്യാപകരോ അതുമല്ലെങ്കില്‍ കുട്ടി തന്നെയോ?
ഒരു സംശായവുമില്ല, കുട്ടികളെ മലയാളം സംസാരിക്കാനെങ്കിലും പഠിപ്പിക്കേണ്ടതു അഛനമ്മമാര്‍ തന്നെയാണ്.
ഇവരൊക്കെ എഴുതിയതു തന്നെയെ എന്റെ മനസ്സിലും വന്നുള്ളു. കുട്ടികളെ മലയാളം അക്ഷരമാല പഠിപ്പിച്ചതുകൊണ്ട് മാത്രം കാര്യമാകുന്നില്ല.ബസ്സിന്റെ ബോര്‍ഡ് വായിക്കാന്‍ മാത്രമെ ഉപകരിക്കുകയുള്ളു.(അതും ആവശ്യമില്ലെന്നല്ല. ബസ്സിന്റെ ബോര്‍ഡ് വായിക്കാനറിയാത്തതിനാല്‍ ബന്ധുക്കളുടെയടുത്ത് തനിയെ പോകാന്‍ പറ്റാത്ത നട്ടില്‍ പഠിക്കുന്ന കുട്ടികളെ എനിക്കറിയാം)ഭാഷ വേണ്ടപോലെ ഉപയോഗിക്കാന്‍ വായന തന്നെ വേണം. അത്യാവശ്യം നന്നായി മലയാളം പഠിപ്പിച്ചിട്ടും കുറച്ചു കടുപ്പം കൂടിയ രചനകള്‍ എന്റെ കുട്ടികള്‍ക്ക് മനസ്സിലാവാതെ വരുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്.
സ്വന്തം ഭാഷയെ ഇത്ര അവഗണിക്കുന്ന ഒരു ജനതയെ വേറെ ഒരിടത്തും കാണില്ല.
ഗല്ഫില് സ്വന്തം മക്കളോട് വീട്ടില്‍ ഇംഗ്ഗ്ലീഷ് മാത്രം സംസാരിക്കുന്നവരെ കണ്ടിട്ടുണ്ട്. എന്റെ മക്കള്‍ക്ക് മലയാളം അറിയില്ല എന്ന് അഭിമാനത്തോടെ പറയൌന്നതും കേട്ടിട്ടുണ്ട്.
എന്റെ മകളെ ഒന്നാം ക്ലാസ്സു തൊട്ട് മലയാളം പഠിപ്പിക്കുന്നു. വീട്ടില്‍ മലയാളത്തില്‍ മാത്രം സംസാരിക്കുകയും ചെയ്യുന്നു. അതു കൊണ്ട് തന്നെ കുട്ടികള്‍ നല്ല തൃശ്ശൂര്‍ ഭാഷയില്‍ സംസാരിക്കുന്നു.
കിലുക്കാംപെട്ടി ചേച്ചിയുടെ ‘ആ’ പോസ്റ്റിൽ ഞാനും എന്റെ ഒരു അനുഭവം എഴുതിയിരുന്നു.
നാട്ടിൽ തന്നെയുള്ള വേരില്ലാചില്ലയിൽ തന്നെ കുടിയേറണമെന്നുള്ളതുകൊണ്ട് എന്റെ മക്കളെയും കഴിയുന്നപോലെ മലയാളം പഠിപ്പിക്കുന്നുണ്ട്. ഇനി നാട്ടിലേയ്ക്കില്ല എന്നു തീർച്ചപ്പെടുത്തിയിട്ടുള്ളവർക്ക് അത് ഒരു വിഷയമേ ആവുന്നില്ല.
ഈ സാമ്പത്തിക മാന്ദ്യത്തിലും യൂറോപ്പ് നിവാസികളും നട്ടിലെ മണ്ണു തന്നെയാണത്രെ തിരയുന്നത്.
രാമചന്ദ്രൻ പറഞ്ഞപോലെ, എന്റെ മക്കൾ ഇഷ്ടാ, ചെങ്ങായി, എന്തൂട്ട് എന്നൊക്കെയുള്ള തൃശൂർ നാട്ടുഭാഷയിൽ തന്നെയാണ് കാച്ച്ണ്. എഴുത്തിനും വായനയ്ക്കും ഒന്നുകൂടി പരിശീലനം കിട്ടേണ്ടതുണ്ട്.
ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഒരു പയ്യൻ ബസ്സ്റ്റോപ്പിൽ ഓരോ ബസ്സ് വരുമ്പോഴും അടുത്ത കടക്കാരനോട് ചോദിക്കും ‘ഈ ബസ്സ് എവിടെയ്ക്കാ’. അവസാനം കടക്കാരന്റെ കമന്റ്, കണ്ടാൽ നല്ല ചെറുപ്പക്കാരൻ, എന്താ ചെയ്യാ എഴുത്തും വായനയും അറിയില്ല. രക്ഷിതാക്കൾ ഒന്നു ശ്രദ്ധിച്ചാൽമക്കൾ ഇത്രയ്ക്ക് അപഹാസ്യരാവാതെയെങ്കിലും നോക്കാം.
എനിയ്ക്ക് മലയാളം അരിയില്ല എന്നു പറയുമ്പോൾ പണ്ടുണ്ടായിരുന്ന അഹംഭാവം ഇപ്പോൾ കുറഞ്ഞു വരുന്നുണ്ട്.
എന്റെ രണ്ട് മക്കളും ജനിച്ച് വളര്‍ന്നത് ഗല്‍ഫിലാണ്. അവിടെ അന്ന് സ്കൂളുകളില്‍ മലയാളം പഠിപ്പിച്ചിരുന്നില്ല. പക്ഷെ ഞങ്ങള്‍ അവരെ മലയാളം സംസാരിക്കാനു, എഴുതുവാനും പഠിപ്പിച്ചു.
പക്ഷെ അന്ന് പല രക്ഷിതാക്കളും അത് ചെയ്തിരുന്നില്ലാ എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു.
അവരുടെ entrance coaching ന്റെ ഭാഗമായി പ്ലസ് ടുവിനു മുന്‍പെ നാട്ടില്‍ കൊണ്ട് വന്ന് ചേര്‍ത്തി. ഒരു സ്കൂളില്‍ എന്റെ മകളെ മലയാളം സെക്കന്റെ ലേങ്ഗ്വേജ് എടുത്ത് പഠിക്കാന്‍ ആദ്യം സ്കൂള്‍ അധികൃതര്‍ വിസമ്മതിച്ചു. കാരണം അവരുടെ കാഴ്ചപ്പാടില്‍ ഒരിക്കലും മലയാളം സ്കൂളില്‍ അഭ്യസിച്ചിട്ടില്ലാത്ത കുട്ടിയെ ഒമ്പതാം ക്ലാസ്സില്‍ ചേര്‍ത്താല്‍ വിജയം കണ്ടെത്താന്‍ പറ്റില്ലെന്ന് അവര്‍ കണക്ക് കൂട്ടി, തന്നെയുമല്ല മൊത്തം സ്കൂളിന്റെ വിജയ ശതമാനത്തിന്റെ സല്പേരിനെ ബാധിക്കുമെന്നും ഭയപ്പെട്ടു. മലയാളമല്ലാത്ത എന്തെങ്കിലും ഭാഷ തിരഞ്ഞെടുക്കുവാന്‍ ഞങ്ങളെ ഉപദേശിച്ചു.
പക്ഷെ വേറെ ചില പ്രശസ്ത വ്യക്തികളുടെ ഒത്താശയോടെ മകള്‍ക്ക് മലയാളം എടുത്ത് പഠിക്കുവാന്‍ സാധിച്ചു. തന്നെയുമല്ല ഞങ്ങളുടെ ശിക്ഷണം നിമിത്തം അവള്‍ക്ക് ഉന്നത വിജയം കൈവരിക്കാനും സാധിച്ചു.
ഞങ്ങള്‍ക്ക് ഞങ്ങളുടെ മക്കളെ മലയാളികളായി തന്നെ വാര്‍ത്തെടുക്കുവാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.
ഗള്‍ഫിനു പുറത്തുള്ള[കാനഡ, അമേരിക്ക, യൂറോപ്യന്‍ നാടുകള്‍] മലയാളികുടുംബത്തിലെ കുട്ടികള്‍ മിക്കതും മലയാളം സംസാരിച്ചും അഭ്യസിച്ചും കാണുന്നില്ല.
എന്റെ മക്കള്‍ക്ക് മലയാളം അറിയില്ലാ എന്ന് വലിയ കാര്യത്തോടെ പറയുന്ന അപരിഷ്കൃതരായ നമ്മുടെ നാട്ടുകാരും ഉണ്ട്.
വലിയ ചര്‍ച്ചക്ക് വിധേയമാക്കേണ്ട ഒരു വിഷയമാണിത്. ഈ പ്രശ്നം അവതരിപ്പിച്ച സംഘാടകര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍...
അറിഞ്ഞിടത്തോളം , മക്കളെ മലയാളം പഠിപ്പിക്കാന്‍ താത്പര്യപ്പെടുന്നു എന്നാണ് തോന്നുന്നത്. അങ്ങനെയല്ലാത്തവരും ഉണ്ട്.
മലയാളിയ്ക്ക് ഏത് ഭാഷയും വഴങ്ങും. സായിപ്പിനൊരിക്കലും എല്ലാ ഭാഷയും വഴങ്ങില്ല എന്നു മാത്രമല്ല അത് അലങ്കോലമാവുകേം ചെയ്യും. അത്രയ്ക്കൊന്നും പോയില്ലെങ്കിലും ഇന്ത്യയിലെത്തന്നെ മറ്റുഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് മലയാളം പറയാന്‍ ബുദ്ധിമുട്ടു തന്നെയാണ്. അതേ സമയം മലയാളിയ്ക്ക് എല്ലാ ഭാഷയും നന്നായി ഉപയോഗിക്കാനും അറിയാം.
മലയാളത്തിന് ഇത്രേം കഴിവുള്ളത് മലയാളികള്‍ തന്നെയാണ് തിരിച്ചറിയേണ്ടത്. മറ്റു നാടുകളില്‍ ജനിച്ച് വളരുന്ന കുട്ടികള്‍ മലയാലം എന്നു പറയുന്നതില്‍ അദ്ഭുതമില്ല. അതിശയോക്തിയും ഇല്ല.
അമേരിക്കയില്‍ ജനിച്ച്, അവിടെ പഠിക്കുന്ന കുട്ടി ലയാളം പറഞ്ഞേ തീരൂ എന്ന് ശഠിക്കുന്നതില്‍ എന്തര്‍ഥം? അവര്‍ ഇടപഴകുന്നത് സ്കൂളിലും മറ്റും ഇംഗ്ലീഷ് ഭാഷയിലൂടെയാണ്. കഴിയുന്നത്ര പഠിപ്പിക്കാന്‍ ശ്രമിക്കുക. അത്രയേ പറ്റൂ.
മലയാളിയുടെ കുട്ടി മലയാളം തന്നെ പറയണമെങ്കില്‍ ആ സാഹചര്യത്തില്‍ തന്നെ വളരണം. അമേരിക്കയിലും യൂറോപ്പിലും മറ്റുമുള്ള സ്ഥലങ്ങളില്‍ വളരുന്ന കുട്ടികള്‍ അവിടത്തെ ഭാഷയിലേ പ്രാവീണ്യമുള്ളവരാകൂ.
മലയാളം ഭജനയും, സംഗീതവും ഒക്കെ പഠിപ്പിക്കുന്നവരുണ്ട്. ഞാനും കേട്ടിട്ടുണ്ട് അങ്ങനെ കുറെ. ഭജഗോവിന്ദം എന്നതിനെ ബെജഗോവിണ്ടം എന്നേ വരൂ. മലയാളികളുടെ ഇംഗ്ലീഷ് സ്ലാങും സായിപ്പിന്റെ സ്ലാങും ഒരേതാണോ? അല്ലല്ലോ. ആ വ്യത്യാസം തിരിച്ചും വരും.
അപ്പു പറഞ്ഞപോലെ വീട്ടില്‍ മലയആളം സംസാരിച്ചതോണ്ട് കുട്ടി മലയാളം പഠിക്കണമെന്നില്ല. ഗള്‍ഫ് പോലെയല്ല എല്ലാ രാജ്യങ്ങളും. ഇവിടെയൊക്കെ കുട്ടി മലയാളം പറയേണ്ട സാഹചര്യം വീട്ടില്‍ മാത്രമേ ഉള്ളൂ. ബാക്കി അവര്‍ വളരുന്ന ചുറ്റുപാട് മുഴുവനും ഇംഗ്ലീഷ് ആണ്. എന്നിട്ടും കുഞ്ഞുമക്കള്‍ മലയാളം പറയുകയും പാടുകയും ചെയ്യുന്നതില്‍ അഭിമാനിയ്ക്കുക.
എന്റെ കുട്ടിയെ ( കുട്ടി ആയിട്ട് :) ) തീര്‍ചയായും ഞാന്‍ മലയാളം, ഹിന്ദി എന്നിവ പഠിപ്പിക്കും. എന്നുകരുതി എന്നെപ്പോലെ ഒരു മലയാളി മലയാളം പറയുമെന്ന വിചാരവും ഇല്ല.
ഞാന്‍ പറയാന്‍ വന്നത് പ്രിയ പറഞ്ഞതുകൊണ്ട് പെനാല്‍റ്റി . എനിക്ക് രണ്ടു കുട്ടികള്‍ . മൂത്ത ആള് കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയി വന്നതിനു ശേഷം അല്പം മലയാളം പറയും . ഗള്‍ഫില്‍ വെച്ച് നന്നായി മലയാളം സംസാരിക്കുന്ന കുട്ടികള്‍ ആയിരുന്നു രണ്ടു പേരും . ഗള്‍ഫിലെ സാഹചര്യമല്ല ഇവിടെ .അവര്‍ വളരുന്ന പരിതസ്ഥിതി അങ്ങനെ ആണ് എന്ന് വേണം കരുതാന്‍ . അവരുടെ സ്കൂളില്‍ ആകെ രണ്ടു ഇന്ത്യക്കാര്‍ .അപ്പോള്‍ മലയാളം , ഹിന്ദി ഇവയൊന്നും പഠിക്കാന്‍ യാതൊരു നിവര്‍ത്തിയും ഇല്ല . എന്റെ അഭിപ്രായത്തില്‍ മലയാളം പറഞ്ഞാലും , ഇംഗ്ലീഷ് പറഞ്ഞാലും അവര്‍ മനുഷ്യരായി വളരട്ടെ .അതെ സമയം ഞങ്ങള്‍ വീട്ടില്‍ മലയാളത്തിലാണ് സംസാരിക്കുന്നത് . മലയാളത്തില്‍ കുട്ടികളോട് പറഞ്ഞാലും അവര്‍ തിരിച്ച് പറയുന്നത് ഇംഗ്ലീഷ് ആയിരിക്കും .പിന്നെ ഞങ്ങള്‍ അടുത്ത സമയത്ത് പള്ളിയില്‍ വെച്ച് കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ ഒരു ക്ലാസ് വെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട് . ഇരുന്നൂറില്‍ പരം കുടുംബങ്ങള്‍ ഉള്ള പള്ളിയില്‍ ഈ ക്ലാസ് വെച്ചപ്പോള്‍ വന്നത് അഞ്ചോ ആറോ കുടുംബങ്ങള്‍ മാത്രം .
മുടിഞ്ഞ മലയാളമേ,
മുല പറിച്ച പരദെവതെ,
നിനക്ക് ശരണം
മഹാബലി അടിഞ്ഞ പാതാളം
ജീവിക്കാന്‍ വേണ്ടി മറുനാട്ടില്‍ പോകുന്നവര്‍...അവിടെ ജീവിതം കഴിക്കുമ്പോള്‍ അവിടെ ജനിച്ച കുട്ടികള്‍ മലയാളം തന്നെ മാതൃഭാഷയാക്കണം എന്ന് വാശിപിടിക്കുന്നത് ആശാസ്യമല്ല.....കുട്ടികളെ അവരുടെ വഴിക്ക് വിടുക......
മലയാളത്തിന്റെ മാധുര്യം(?) അത് കെട്ടടങ്ങാതിരിക്കാന്‍ അതിനെ അപമാനിക്കാതിരുന്നാല്‍ മതി...മുതിര്‍ന്നവര്‍ കൊരയ്ക്കാതെ ഇരുന്നാല്‍ അടുത്ത തലമുറ കൊരയ്ക്കാതെ പറയാന്‍ പഠിക്കും....:):)
ചർച്ച ഒരു വിധം തീരാറായപ്പോഴാണ് എത്തിയത്. ക്ഷമ.
എന്റെ സ്വന്തം അനുഭവത്തിൽ തന്നെ, ഒരു വയസ്സായ മകളെയും കൊണ്ട് ആദ്യം പോയത്, കർണ്ണാടക മഹാരാഷ്ട്ര ബോർഡറിലുള്ള ഒരു സ്ഥലത്ത്. വീട്ടിൽ ഞങ്ങൾ സംസാരിയ്ക്കുന്ന മലയാളവും, അടുത്തവീട്ടുകാർ സംസാരിച്ചിരുന്ന മറാഠിയും ഹിന്ദിയും, പിന്നെ, കൂട്ടുകാരോടൊത്ത്
കളിയ്ക്കുമ്പോൾ അത്യാവശ്യം കന്നഡയും പഠിയ്ക്കേണ്ടി വന്നിട്ടുണ്ട് എന്റെ മകൾക്ക്.
അവിടുന്ന് പറിച്ച് നട്ടത് തമിഴ് നാട്ടിലേയ്ക്ക്. ഇപ്പോ കന്നഡയുമില്ല, മറാഠിയുമില്ല. തമിഴ് മാത്രം. തമിഴ്നാട്ടിലാണെങ്കിലും, പഠിയ്ക്കുന്നത് കേന്ദ്രീയവിദ്യാലയത്തിലായതിനാൽ ഹിന്ദി ഇപ്പോഴും കൂടെയുണ്ട്.
മോൾ നന്നായി മലയാളം സംസാരിയ്ക്കും.കഴിഞ്ഞ വെക്കേഷനിൽ നാട്ടിൽ വെച്ച് മലയാളം എഴുത്തും വായനയും ഒരു വിധം പഠിപ്പിച്ചു.
എന്നാലും കുട്ടികളുടെ കാര്യം ഓർത്താൽ ഒരുവിധം ക്രൂരത തന്നെയല്ലേ നമ്മളവരോട് കാണിയ്ക്കുന്നത്?
ചങ്കരന്റെ അഭിപ്രായത്തിന് താഴെ ഒരൊപ്പ്. എത്രയൊക്കെ മലയാളം പഠിച്ചാലും പഠിപ്പിച്ചാലും, നമ്മുടെയൊക്കെ മനസ്സിലുള്ള മലയാളവും മലയാണ്മയും ഒരിയ്ക്കലും കുട്ടികളുടെ മനസ്സിലുണ്ടായിരിയ്ക്കുമെന്ന് തോന്നുന്നില്ല.
ചർച്ചയുടെ അവസാന ഭാഗം ആയപ്പോൾ മാത്രമേ എത്താൻ സാധിച്ചുള്ളൂ.
ഈ വിഷയത്തെക്കുറിച്ച് ഇപ്പോൾ തന്നെ പല പോസ്റ്റിലും ഞാൻ പ്രതികരിച്ചിട്ടുണ്ടെങ്കിലും മറ്റു ചിലതു കൂടി ഇവിടെ എഴുതട്ടെ.
ഭാഷ എന്നതു ഒരു വീക്ഷണത്തിന്റെ കൂടി ഭാഗമാണ്.മലയാളം സംസാരിക്കണോ എന്ന് നാം തന്നെയാണു തീരുമാനിയ്ക്കേണ്ടത്.പാലക്കാടിനപ്പുറം ഒരു മൂന്നു മാസം കഴിഞ്ഞാൽ പിന്നെ മലയാളം വായിൽ വരാത്ത മലയാളികൾ ആണു നമ്മൾ.ഒരിയ്ക്കൽ ഒരി ടി.വി ചാനലിൽ രാവിലെയുള്ള സുപ്രഭാതം പരിപാടിയിൽ അമേരിയ്ക്കയിൽ 40 വർഷമായി താമസിയ്ക്കുന്ന ഡോ.പിള്ളയുമായി ഒരു അഭിമുഖം ഉണ്ടായിരുന്നു.അന്നു ആദ്ദേഹം സംസാരിച്ച ശുദ്ധമലയാളം ഒരു പക്ഷേ കേരളത്തിൽ താമസിയ്ക്കുന്ന ആൾക്കാർ പോലും സംസാരിയ്ക്കില്ല.ഒട്ടേറെ കത്തുകൾ ആ അഭിമുഖത്തെക്കുറിച്ച ടി.വി ചാനലിനു കിട്ടിയിരുന്നു.
അപ്പോൾ വേണമെങ്കിൽ എത്ര വർഷം കഴിഞ്ഞാലും മലയാളം മറക്കില്ല എന്ന് മനസ്സിലാക്കാം.
അടിസ്ഥാനപരമായി മലയാളി നല്ല മലയാളം കേൾക്കാൻ ഇഷ്ടപ്പെടുന്നു.അതു കൊണ്ടാണു ബീയാർ പ്രസാദ് ഏഷ്യാനെറ്റിലെ സുപ്രഭാതം പരിപാടി അവതരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിനെ ഏറ്റവുമധികം ആരാധകരെ കിട്ടിയിരുന്നത്.ശുദ്ധമലയാളം കേൾക്കാനുള്ള സുഖം ഒന്നു വേറേ തന്നെ.
എന്നാൽ നമ്മൾ മലയാളികൾ പൊങ്ങച്ച സഞ്ചികളാണ്.നമുക്കു സായീപിന്റെ ഭാഷയേ ഗമ തരികയുള്ളൂ.അധിനിവേശം ഇൻഡ്യയിൽ ആദ്യം എത്തിയത് കേരളത്തിലാണ്.അടൂരിന്റെ “വിധേയൻ” എന്ന സിനിമയിൽ പട്ടേലരെ എന്തിനും ഏതിനും “റാൻ” മൂളി അനുസരിക്കുന്ന തൊമ്മിയെപ്പോലെ,നാം ഇപ്പോളും ആ അധിനിവേശ സംസ്കാരത്തിന്റെ പിടിയിൽ തന്നെയാണ്.തനിയ്ക്കു അപ്രാപ്യമായ സുഖങ്ങൾ അനുഭവിച്ചിരുന്ന കൊളോണിയൽ രാജാക്കന്മാരുമായി താദാത്മ്യം പ്രാപിയ്ക്കാൻ അവനു ആകുമായിരുന്ന ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ..ഇംഗ്ലീഷ്...അതവൻ സ്വന്തമാക്കി.അതിൽ സംസാരിയ്ക്കുന്നതിൽ അവൻ അഭിമാനം കൊണ്ട്.സായിപ്പ് പോയിട്ട് അറുപതാണ്ടുകൾ കഴിഞ്ഞിട്ടും ആ മനസ്സു മാത്രം മാറുന്നില്ല.ആ അടീമത്ത മനസാണു മുംബൈയിലും മറ്റും “ടൈംസ് ഓഫ് ഇൻഡ്യാ” പത്രത്തിനുള്ളിൽ വച്ച് “കലാകൌമുദി” പത്രം വായിക്കാൻ അവനെ പ്രേരിപ്പിയ്ക്കുന്നത്.
അപ്പോൾ ഇങ്ങനെ മാതൃഭാഷയോടുള്ള സ്നേഹമാണു അടുത്ത തലമുറയിലേയ്ക്ക് അതു പകർന്നു നൽകാൻ നമ്മെ പ്രേരിപ്പിക്കുന്നത്.അത്തരം ഒരു സ്നേഹം നമുക്കില്ലെങ്കിൽ പിന്നെ നമ്മുടെ കുട്ടികൾക്ക് പകർന്നു നൽകാനും സാധിയ്ക്ക്ലില്ല.ഭാഷ കൊടുക്കുക എന്ന് പറയുമ്പോൾ ഒരു സംസ്കാരം ആണു നമ്മൾ പകരുന്നത്.അമ്മയുടെ മുലപ്പാൽ നൽകുന്ന സ്നേഹവും ഊഷ്മളതയുമാണു അതിലൂടെ ലഭിയ്ക്കുന്നത്.മുല്ലപ്പൂക്കളെ കോർത്തെടുക്കുന്ന വള്ളിപോലെയാണു ഭാഷ..അതു തലമുറകളെ ഒന്നിച്ചു ചേർക്കുന്നു.ഭാഷ പോയാൽ എല്ലാം പോയി.ഇതാണു എന്റെ അഭിപ്രായം.
ഇംഗ്ലണ്ട്, അമേരിക്ക പോലുള്ള സ്ഥലങ്ങളിലെ കുട്ടികളെ പ്രത്യേകിച്ച് ഇംഗ്ലീഷ് പഠിപ്പിക്കേണ്ട. മറ്റു കുട്ടികളോട് കൂട്ടു കൂടി വളരേ ചേറുപ്പത്തിലേ അവർ അതാതു സ്ഥലത്തെ അക്സന്റോടെ ഭാഷ പഠിച്ചിരിക്കും എന്നിരിക്കേ, വീട്ടിൽ പോലും കുട്ടികളോട് ഒരു തരം മലയാള അക്സന്റോടെ ഇംഗ്ലീഷിൽ സംസാരിക്കുന്ന ചില മാതാപിതാക്കളെ [വളരേ ന്യൂനപക്ഷം] ഇവിടെ കണ്ടിട്ടുണ്ട്. അതേ സമയം, വീട്ടിൽ കുട്ടികളോട് മലയാളത്തിൽ മാത്രം സംസാരിക്കുകയുള്ളൂ എന്നു ശഠിക്കുന്നവരാണധികവും. കഴിഞ്ഞാഴ്ച ഒരു ഫ്രെന്റിനെ ഫോൺ ചെയ്തപ്പോൾ, എടുത്തത് അവളുടെ രണ്ടര വയസ്സുകാരൻ മോൻ ‘ ആന്റീ, ഇതു കുഞ്ഞാ.. മമ്മയ്ക്കു കൊടുക്കാട്ടോ..’ എന്ന് അൽപ്പം കൊഞ്ചൽ കലർന്നതെങ്കിലും സ്ഫുടതയോടെ അവൻ പറയുന്ന കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
മാണിയ്ക്കാമ്മേ, അൽപ്പം താമസിച്ചു വരാൻ….
എല്ലാവരും നല്ല അഭിപ്രായങ്ങാളാണ് പറഞ്ഞിരിക്കുന്നത്. മലയാളം മരിക്കുന്നു എന്നാരാണ് പറഞ്ഞത്! ബ്ലോഗിലെ അസംഖ്യം പോസ്റ്റുകൾ നോക്കൂ. ഇനി, വരുന്ന തലമുറ; അവരും ഇതേ പാതയിലൂടെ തന്നെ പോകുമെന്നു പ്രതീക്ഷിക്കാം. ഒരു തമിഴൻ എവിടെയായിരുന്നാലും അവന്റെ മാതൃഭാഷയോടു കാട്ടുന്ന വൈകാരികമായ ബന്ധം ഒരിക്കലും ഒരു മലയാളി അവന്റെ മാതൃഭാഷയോടു പുലർത്തുന്നില്ലാ എന്നതു സത്യമാണ്. എങ്കിലും ഒരു മലയാളിയുടെ മക്കളായി ജനിച്ചതുകൊണ്ടുമാത്രം മലയാളം സംസാരിച്ചിരിക്കണമെന്ന് വിദേശ പൌരത്വമുള്ള കുട്ടികളെ നിർബ്ബന്ധിക്കുന്നതും ശരിയല്ല. കാരണം അവരവിടെ വളർന്ന് ജീവിക്കേണ്ടവരാണ്. അവരെ നിർബ്ബന്ധിപ്പിച്ച് മലയാളം പഠിപ്പിക്കുന്നതും ശരിയല്ല. പഠിക്കുന്നതൊട്ടു തെറ്റുമല്ല. പക്ഷേ, കൂടുതൽ ശ്രദ്ധചെലുത്തേണ്ടത് നാട്ടിലെ കുട്ടികളിലാണ്. പണ്ട് ആശാൻപള്ളിക്കൂടം വിടുമ്പൊഴേ വാക്കുകൾ കൂട്ടിച്ചൊല്ലാൻ കുട്ടികൾക്കുകഴിയുമായിരുന്നെങ്കിൽ ഇന്ന്, ഏഴാംക്ലാസിൽ പഠിക്കുന്നവർക്കുപോലും മലയാളം കൂട്ടിവായിക്കാനറിയാത്ത സ്ഥിതിയാണ്. അതിന് ശരിയായ ബോധവൽക്കരണമാവശ്യമാണ്.
ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പഠിച്ചിരിക്കേണ്ടതത്യാവശ്യമാണ്. ഒരു മലയാളിയുടെ ഗുണവും അതുതന്നെ, ഏതു സാഹചര്യങ്ങളിലും ജീവിക്കുവാനും ഏതുഭാഷയും കൈകാര്യം ചെയ്യുവാനും ഏതുജോലിയിൽ മികവുകാണിക്കാവും കഴിയുന്നവനാണവൻ എന്ന് പരക്കെ സമ്മതമായ വസ്തുതയാണ്. പിന്നെ അക്ഷര-വ്യാകരണത്തെറ്റിന്റെ കാര്യം. എത്ര സായിപ്പന്മാരാണ് അക്ഷരത്തെറ്റില്ലാതെ പത്തുവാക്കു തികച്ചെഴുതുന്നത്!!! ചിലപ്പോൾ തലതല്ലി ചിരിച്ചുപോകാറുണ്ട്, അവരുടെ ഓരോ ശൈലികളും പ്രയോഗങ്ങളും കാണുമ്പോൾ.
നമ്മുടെ കുട്ടികളിൽ ഭാഷയടിച്ചേൽപ്പിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. അതവൻ വളരുന്ന പരിതസ്ഥിതിയിൽ നിന്ന് ആർജ്ജിക്കേണ്ടതാണ്. അതിന് രക്ഷിതാക്കൾ അവസരമൊരുക്കിക്കൊടുക്കുന്നില്ലെങ്കിൽ അവിടെയാണ് തെറ്റു സംഭവിക്കുന്നത്. അവർക്കാണ് ബോധവൽക്കരണം നടത്തേണ്ടത്. ആ തെറ്റു തിരുത്തിവേണം മുന്നോട്ടുപോകേണ്ടത്. കമ്പ്യൂട്ടറുകളുടേയും അനുബന്ധ സോഫ്റ്റ്വേറുകളുടേയും വരവോടെ കയ്യെഴുത്തുകൾക്കുള്ള പ്രാധാന്യം കുറഞ്ഞിരിക്കുന്നു. ഇപ്പോൾ നമ്മൾ അക്ഷരം എഴുതുകയല്ല അടിക്കുകയാണ് ചെയ്യുന്നത്. തെറ്റിയാൽ കമ്പ്യൂട്ടർ തന്നെ പറഞ്ഞുതരുന്നു. ബുദ്ധിയുപയോഗിക്കേണ്ട – പഠിക്കേണ്ട- സാഹചര്യമേ വരുന്നില്ല. വിവരസാങ്കേതികവിദ്യയുടെ ഒരു ചെറിയ ദോഷവശമാണിത്. പക്ഷേ ഇനിയും അതിൽ നിന്നും ആർക്കും മോചനമുണ്ടാകുമെന്ന് തൊന്നുന്നില്ല.
മലയാളം മധുരമുള്ള ഭാഷയാണ്, മനസ്സുള്ള ഭാഷയാണ്, ബുദ്ധിയുള്ള ഭാഷയാണ്, എങ്ങനെയും വാർത്തെടുക്കാവുന്ന ശിൽപ്പഗുണമുള്ള സൌന്ദര്യമുള്ള ഭാഷയാണ്. അതു നശിക്കില്ലെന്നാശിക്കാം.
ഇന്നത്തെ മലയാളിക്ക് മലയാളം പുഛമാണ് അവന് / അവള്‍ക്ക് ആ ഭാഷ ഉപയോഗിച്ചാല്‍ കുറച്ചിലാണ്. സ്റ്റാറ്റസ് കുറഞ്ഞുപോകുമത്രെ..
പിന്നെ കുട്ടികള്‍ അവരെ നമുക്ക് മുഴുവനായും കുറ്റം പറയാന്‍ കഴിയില്ല കാരണം അവര്‍ ഏതു ഭാഷയാണോ കേട്ടു വളരുന്നത് ആ ഭാഷയാണു പഠിക്കുക. ഉദാഹരണങ്ങള്‍ ഒരുപാട് ഞാന്‍ കണ്ടിട്ടുണ്ട് ഉത്തരേന്ത്യക്കാരന്റെ കൊച്ച് നല്ല മധുര തമിഴ് പറയുന്നത് എന്റെ സ്കൂള്‍ കാമ്പസ്സില്‍ ഞാന്‍ കാണുന്നതാണ്.
മരിക്കുക മലയാളമേ നിന്റെ ശവക്കുഴിതോണ്ടുവാന് നിന്റെ മണ്ണില്‍ ആംഗലേയ വള്ളത്തോളും കുമരനാശാനും പിറന്നിരിക്കുന്നു..!!
ഒത്തിരി വിഷമമുണ്ട് ഈ അവസ്ഥ കാണുമ്പോള്‍..
ചര്‍ച്ച അവസാനിക്കാറായപ്പോള്‍ ഒരു അവസാനവാക്കായല്ല ഇതെഴുതുന്നത്, ചര്‍ച്ച തുടരണം. മലയാളത്തെ വെറുക്കുന്ന കുട്ടികളായി ആരും പിറന്നു വീഴുന്നില്ല. അവര്‍ വളര്‍ന്നു വരുന്ന സാഹചര്യമാണ് കുട്ടികളില്‍ ചിലര്‍ക്കെങ്കിലും ഈ വൈരാഗ്യബുദ്ധിയുണ്ടാകുവാന് കാരണം. അതുകൊണ്ട് മറുനാടന്‍ കുട്ടികളെ അടച്ചാപിക്കുന്നത് നീതികേടാണ്.നമ്മുടെ ബാല്യം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതിനോട് എനിക്കെതിര്‍പ്പാണ്, അവര്‍ അവരുടെതായ ലോകത്തില്‍ വളരട്ടെ ചിലപ്പോളതില്‍ മലയാളത്തിനു പ്രസക്തിയില്ലായിരിക്കും.
എന്റെ കുറഞ്ഞ കാലത്തെ നിരീക്ഷണത്തില്‍ നിന്ന് ഈ വികടബുദ്ധിയില്‍ തോന്നിയ ഒരു കാര്യം ഇവിടെ പറയാതെ വയ്യ, വടക്കെ അമേരിക്കയില്‍ വളരുന്ന ഹിന്ദുക്കളുടെ രണ്ടാം തലമുറ നന്നായി മലയാളം പറയുകയും വായിക്കുകയും ചെയ്യും, ഇതിലും അപവാദങ്ങള്‍ ഉണ്ട്. എന്നാല്‍ നസ്രാണികള്‍ നാടുവിട്ടാലുടനെ മലയാളം മറക്കും പിന്നെയാണോ അവരുടെ കുട്ടി ഞണ്ടുകള്‍! ഇതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തലമുറകള്‍ക്ക് മുന്‍പ് ക്രിസ്തുമതം സ്വീകരിച്ച് സ്വന്തം സംസ്കാരം വിദേശികള്‍ക്ക് അടിയറവ് വച്ചതിന്റെ ദോഷഫലം അനുഭവിക്കുന്ന കുറെ നിസഹായരാണിവര് ! മതം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്, പുതിയ മതം സ്വീകരിക്കുന്നവര്‍ മതത്തോടൊപ്പം പുതിയ സംസ്കാരത്തേയും ഉള്ക്കോള്ളാതെ വയ്യ. അതുവരെ അനുവര്‍ത്തിച്ചിരുന്ന ജീവിതരീതിയെ തള്ളിക്കളയുമ്പോള്‍ ഏതൊരു സംസ്കാരത്തിന്റെയും നെടും തൂണായ സ്വന്തം ഭാഷയും അതോടൊപ്പം പുറം തള്ളപ്പെടുന്നു.അങ്ങനെ വികലമായ അവിടെയുമില്ല ഇവിടെയുമില്ലാത്ത, ഒരു സംസ്കാരം ഇവരില്‍ ഉടലെടുക്കുകയും അതില്‍ മലയാളത്തനിമ ഇല്ലാതാകുകയും ചെയ്യുന്നു.
മലയാളം പഠിപ്പിക്കല്‍ നിഷ്ഫലമായി പോകുന്നതിനു കാരണം, അതൊരു ഭാഷയായി പഠിപ്പിക്കുന്നതു കൊണ്ടാണ്. ആദ്യാക്ഷരങ്ങള്‍ക്ക് മുന്‍പേ മലയാളിത്തം ഉള്‍കൊള്ളണം.സ്വന്തം അമ്മയുടെ ചുണ്ടില്‍ നിന്ന് ആദ്യാക്ഷരങ്ങളും ചേഷ്ടകളും സ്വായത്തമാക്കണം. മലയാളത്തില്‍ ഊട്ടിയും ഉറക്കിയും ചിരിച്ചും കരഞ്ഞും കുട്ടികളെ വളര്‍ത്തൂ, മലയാളം ക്ലാസ്സില്‍ പോകാതെ തന്നെ അവര്‍ മലയാളം പഠിക്കും.നാവെടുത്ത് വളച്ചാല്‍ മറുഭാഷ മാത്രം വരുന്ന തള്ളയും മലയാളികളെ വെറുക്കുന്ന തന്തയും കൂടെ എത്ര തത്രപ്പെട്ടാലും അവരുടെ മക്കള്‍ മലയാളം പഠിക്കില്ല.
നസ്രാണിയുടെ പാഴ്വാക്കുള് ഇവിടെ നിര്‍ത്തുന്നു.
ചെറിയാന്.
Post a Comment