Sunday, December 7, 2008
ഗാന്ധര്‍വ്വം
ചുടലഭദ്രകാളി നടയിറയിങ്ങിയാല്, ഒന്നുകില്‍ കിഴക്കേമ്പാട്ടെ മന വരെ. അല്ലെങ്കില്‍ പോറ്റിവല്യച്ഛന്റെ പടിഞ്ഞാറേപ്പുറം വരെ. അതാണു കണക്ക്.
കിഴക്കേമ്പാട്ട് സര്‍വ്വശക്തയായ ദേവി കുടിയിരിക്കുന്നുണ്ട്. ദേവിയെ കടന്നു പോകാന്‍ പറ്റില്ല കാളിക്ക്. പിന്നെ പടിഞ്ഞാറേയ്ക്കൊന്നു പിടിച്ചു നോക്കും. ഇടവഴിയും കടന്ന് ഒറ്റവരമ്പിലൂടെ പോയി കൈത്തോടു ചാടിക്കടന്നാല്‍ പിന്നെ പോറ്റിവല്യച്ഛന്റെ തൊടിയായി. എന്തൊക്കെയോ മന്ത്രങ്ങള്‍ കോഴിച്ചോരയില്‍ കുതിര്‍ത്ത ചരടില്‍ ജപിച്ചുകെട്ടി തൊടിയുടെ നാലുമൂലയ്ക്കും കുഴിച്ചിട്ടിട്ടുണ്ട് വല്യച്ഛന്. കാളി ഒന്നു വിറയ്ക്കും അതു കടന്നു പോകാന്‍.
കൊല്ലത്തിലൊരിക്കല് കിട്ടണതാണ് കാളിയ്ക്ക് ഈ പരോള്‍. ഉല്‍സവത്തിന് നടതുറക്കുമ്പോള്‍ കാളി തനിക്കു നിശ്ചയിച്ചു തന്നിരിക്കണ അതിരുകള്‍ കടന്ന് പുറത്തുപോകാന്‍ ശ്രമിക്കുമത്രെ. അതോണ്ട് പൂരത്തിന് ഒരാഴ്ചമുന്പേ തന്നെ പോറ്റി വല്യച്ഛന് ചരടു പുതുക്കും.
മഹാമാന്ത്രികനാണു വല്യച്ഛന്. വല്യച്ഛന്റെ മുന്നിലൊന്നും പെടാതെ ശ്രദ്ധിച്ചാണു ഞങ്ങള്‍ കുട്ടികള്‍ എപ്പോഴും നടന്നിരുന്നത്. അമ്മയ്ക്കു പോലും പേടിയായിരുന്നു വല്യച്ഛനെ.
ഉപ്പന്റെ പോലെ ചോരച്ച കണ്ണുകള്‍. വല്യച്ഛനൊന്നു നിവര്‍ന്നു നിന്നാല്‍ തല ഉത്തരത്തില്‍ തൊടും. മുടി നീട്ടിയത് തോളില്‍ നിന്നും താഴേയ്ക്കു തൂങ്ങുന്നുണ്ടാവും. കൊല്ലത്തിലൊരിക്കലേ മുടി വെട്ടൂ. അതും ഉല്‍സവസമയത്ത്. ചരടു പുതുക്കണ സമയത്ത് ഒരു പൂവന് കോഴിയെ കൊല്ലും. മൂര്‍ച്ചയില്ലാത്ത അരിവാളുകൊണ്ട് അറത്തറത്താണ് അതിനെ കൊല്ലുക. ചോര നന്നായിട്ടു ചീറ്റാനാണത്രെ. കുപ്പിയില്‍ നിന്നു വെള്ളം പകരുന്നതു പോലെ അതിന്റെ മുറിഞ്ഞ കഴുത്ത് കിണ്ണത്തിലേയ്ക്കു നീട്ടിപ്പിടിക്കും. മുറിഞ്ഞു വീണ കോഴിത്തല താഴെ നാക്കിലയില്‍ കിടന്ന് വല്യച്ഛന് എന്താണു തന്നെ ചെയ്യുന്നതെന്നു നോക്കിക്കൊണ്ടിരിക്കണ കാണാം.
കിണ്ണം നിറഞ്ഞു കഴിഞ്ഞാല്‍ വല്യച്ഛന് കെട്ടിവച്ചിരിക്കുന്ന മുടിയഴിച്ചിടും. പപ്പിയമ്മായിയേക്കാളും മുടിയുണ്ട് വല്യച്ഛന്. പനങ്കൊലാന്നൊക്കെ പറയണ പോലെ. കോഴിക്കഴുത്ത് അഴിച്ചിട്ട മുടിയിലേയ്ക്കു നീട്ടിപ്പിടിച്ച് മുടിയില്‍ മുഴുവന്‍ ചോരയാക്കും. എന്നിട്ട് മുടി കൂട്ടിപ്പിടിച്ച് അതേ അരിവാളുകൊണ്ടു തന്നെ അറത്തുകളയും. വല്യച്ഛന്റെ മുടിയെങ്ങാന്‍ കാളിയുടെ കയ്യിലെത്ത്യാല്‍ പിന്നെ തീര്‍ന്നൂത്രേ കഥ! മുടിയും പറമ്പിലൊരിടത്ത് പൂവും ചന്ദനവും ചേര്‍ത്തു കുഴിച്ചിടും.
കുരുതി കഴിച്ച കോഴിയെ മുറ്റത്തൊരു അടുപ്പുപൂട്ടി വല്യച്ചന് തന്നെ കൂട്ടാനാക്കും. കൊല്ലത്തിലൊരിക്കല് കിട്ടിയിരുന്ന ഇറച്ചിക്കൂട്ടാനായിരുന്നു ഉല്‍സവം കൂടലിനേക്കാളും മോഹിപ്പിച്ചിരുന്നത്.
രണ്ടു കല്യാണം കഴിച്ചിട്ടുണ്ടായിരുന്നു വല്യച്ഛന്. ആദ്യത്തെ വല്യമ്മ പ്രസവത്തോടെ മരിച്ചു പോയി. അതിലുണ്ടായതാണ് നാടുവിട്ടുപോയ പ്രദീപേട്ടന്. പപ്പ്യമ്മായിയെ കല്യാണം കഴിച്ച് വീട്ടിലേയ്ക്കു കൊണ്ടന്ന ദിവസം നാടുവിട്ടതാണ് പ്രദീപേട്ടന്. ആളെവിടെയാണെന്ന് പിന്നെ ഒരു വിവരവുമില്ല.
വല്യമ്മയെ എന്തിനാണ് അമ്മായിയെന്നു വിളിക്കുന്നതെന്നു ഒരിക്കലും മനസ്സിലായിരുന്നില്ല. അമ്മയേക്കാള്‍ ഇളയതായിരുന്നു പപ്പ്യമ്മായി. കണ്ടാല്‍ ഒന്നു തൊട്ടുനോക്കാന്‍ തോന്നും. തുടുത്ത വെളുപ്പ്. കവിളൊക്കെ ചുവപ്പു ചെമ്പകത്തിന്റെ നിറത്തില്‍. വാല്യക്കാരത്തി അങ്ങാടീന്ന് വാങ്ങിക്കൊണ്ടോരണ ഒരേ ഒരു രാധാസ് സോപ്പ് പപ്പ്യമ്മായിക്കുള്ളതാണ്.
പപ്പ്യമ്മായിയുടെ കുളികഴിഞ്ഞാല് ഞങ്ങള്‍ കുട്ടികള്‍ ഉടനേ കുളത്തിലേക്കോടും. അലക്കുകല്ലില് സോപ്പു വച്ചിടത്ത് ഇത്തിരി പത ബാക്കിയുണ്ടാവും. മൂക്കിനു ചുറ്റുമാണതെടുത്തു തേയ്ക്കുക. എപ്പോഴും മണക്കാമല്ലോ. പയറുപൊടിയിട്ട് അമ്മ മേലൊക്കെ തിരുമ്മുമ്പോഴേയ്ക്ക് അതിന്റെ മണമൊക്കെ പോകും.
എന്നെ വല്യ ഇഷ്ടമായിരുന്നു പപ്പ്യമ്മായിക്ക്. പപ്പ്യമ്മായിയുടെ മുറിയില്‍ കയറാന്‍ എനിക്കു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. രാധാസിന്റെ മണമായിരുന്നു മുറിക്കും. പപ്പ്യമ്മായി കാണാത്തപ്പോള്‍ വേഷ്ടിയുടെ തുമ്പു പിടിച്ചു മണത്തുനോക്കും. ശ്വാസം ആവുന്നിടത്തോളം പിടിച്ചു വെയ്ക്കും. മണം പോകാണ്ടിരിക്കാന്‍.
ആയിടയ്ക്കാണ് പപ്പ്യമ്മായിക്ക് വല്ലാത്തൊരു ദൈന്യഭാവം കാണാന്‍ തുടങ്ങിയത്. അടുക്കളയില്‍ അമ്മയും ചെറിയമ്മമാരും കുശുകുശുക്കുന്നിടത്തെങ്ങാന്‍ എത്തി നോക്ക്യാല് ചീത്ത പറഞ്ഞോടിക്കും.
മുറിഞ്ഞു വീണുകിട്ടിയതൊക്കെ പെറുക്കിക്കൂട്ടിയപ്പോള്‍ ഒരു കാര്യം പിടി കിട്ടി. പപ്പ്യമ്മായിയെ ഏതോ ഗന്ധര്വ്വന് ബാധിച്ചിരിക്കുന്നു. വല്യച്ഛന് വലിയ കോപത്തിലാണ്. കൊല്ലത്തിലൊരിക്കലുള്ള ചരടുപുതുക്കല് ഇത്തവണ നേരത്തേ നടത്തിയേക്കും. കാളിയെ വിറപ്പിക്കുന്ന വല്യച്ഛനോടാ ഒരു പാവം ഗന്ധര്‍വ്വന്റെ കളി! ഏതോ അതിരില്‍ ചരടു മുറിഞ്ഞിട്ടുണ്ടത്രെ. അങ്ങനെയാണ് ഗന്ധര്വ്വന് അകത്തു കയറാന്‍ പറ്റിയത്. തെങ്ങിനു തടമെടുക്കുമ്പോഴോ മറ്റോ ജോലിക്കാരു് അറിയാതെ ചരടു കുഴിച്ചിട്ടതില് കിളച്ചു പോയിരിക്കണം എന്നാണു പറേണെ..
പിന്നൊരു ദിവസം പപ്പ്യമ്മ മുറീയിലേക്കു വിളിപ്പിച്ചു. കണ്ണൊക്കെ കരഞ്ഞു കലങ്ങിയിരിക്കുന്നു. കുളിയൊന്നും കഴിച്ചിട്ടില്ല. മുറിയില്‍ രാധാസിന്റെ മണമായിരുന്നില്ല. പകരം കര്‍പ്പൂരം കത്തിച്ചതിന്റെ മണമായിരുന്നു.
കുറച്ചു വെണ്ണ ഒരു കിണ്ണത്തിലെടുത്തുതന്നിട്ട് കാലില്‍ പുരട്ടിക്കൊടുക്കാന്‍ പറഞ്ഞു. കട്ടിലില്‍ കിടന്ന് ഒന്നരമുണ്ട് ഇത്തിരി തെറുത്തു വച്ചു. കണങ്കാലിനുമുകളിലെ വെളുവെളുപ്പിനു കുറുകെ ചുവന്ന വരകള്‍. ചോര കല്ലിച്ചപാടുകള്. പടിഞ്ഞാറ്റയിലെ ഇറയില് തിരുകിയിരിക്കണ ചൂരല്‍ ഓര്‍മ്മവന്നു.
വെണ്ണയിട്ട് പതുക്കെ തടവിയപ്പോള്‍ പപ്പ്യമ്മായി ഞരങ്ങി. മൂക്കു ചീറ്റിത്തുടച്ചു.
ഗന്ധര്‍വ്വനെക്കുറിച്ച് ഒത്തിരി ചോദിക്കണം ന്നുണ്ടായിരുന്നു. ധൈര്യം വന്നില്ല. ഇടയ്ക്കുയര്‍ന്ന് വന്ന ഏങ്ങലടികള്‍ പല്ലുകടിച്ചമര്‍ത്തുന്നതു കണ്ടു.
രണ്ടു കാലിലും പുരട്ടിക്കൊടുത്തു കഴിഞ്ഞപ്പോള്‍ പൊയ്ക്കോളാന്‍ പറഞ്ഞു. മടിച്ചു മടിച്ചു നിന്ന ചോദ്യം സമയം കഴിയുന്നെന്ന വിങ്ങലില് പുറത്തു ചാടി.
"ഗന്ധര്‍വ്വനെ കണ്ടോ പപ്പ്യമ്മായ്യേ.."
മുഖത്തേക്കു വീണുകിടന്ന മുടിയിഴകള്‍ക്കിടയിലൂടെ ഒരു ഏങ്ങലടി നിയന്ത്രണം ലംഘിച്ചു പുറത്തിറങ്ങി വന്നു.
"ന്റെ കുട്ട്യേ.. " പപ്പ്യമ്മായി തലയിണയില്‍ മുഖമമര്‍ത്തി കരയാന്‍ തുടങ്ങിയപ്പോള്‍ ഒറ്റ ഓട്ടം വെച്ചു കൊടുത്തു.
പിറ്റേദിവസം നിനച്ചിരിക്കാതെ കോഴിക്കൂട്ടാന്‍ കൂട്ടാന്‍ പറ്റി. കിണ്ണത്തിലെ അവസാനത്തെ തരിയും നക്കിത്തുടച്ചെടുത്ത് ഏമ്പക്കവും വിട്ട് കൈകഴുകാന്‍ പുറത്തിറങ്ങിയപ്പോഴുണ്ട് നാലു പണിക്കാരു് പറമ്പിലൂടെ ഓടി വരണു. കോലായിലെ ചാരുകസേരയില്‍ മുറുക്കാന്‍ ചവച്ചോണ്ടിരുന്ന പോറ്റിവല്യച്ഛന്‍ അകത്തേയ്ക്കോടിപ്പോകുന്നതും കണ്ടു. പിന്നെ അതേ വേഗത്തില്‍ പുറത്തേക്കിറങ്ങി വരുന്നതും.
പറമ്പു മുറിച്ചു കടന്ന് കൈത്തോടും ചാടിക്കട്ന്ന് വരമ്പിലൂടെ പാഞ്ഞു. ചുമലില്‍ വേഷ്ടിമുണ്ടും ഉണ്ടായിരുന്നില്ല, കയ്യില്‍ വടിയും.
വൈകിട്ടായപ്പൊഴാണ് വിവരമറിഞ്ഞത്. പപ്പ്യമ്മായീനെ കാണാനില്യാത്രെ. ഉച്ചയ്ക്കൂണിന് വിളിക്കാന്‍ ചെന്നപ്പൊഴാണത്രെ ആളവിടെ ഇല്ലാന്നു മനസ്സിലായത്.
രണ്ടുമൂന്നു ദിവസം ആകെപ്പാടെ ബഹളമായിരുന്നു. വീട്ടില്‍ എല്ലാരും ഹാലിളകി നടക്കണു. എന്തു ചെറിയ കാര്യത്തിനും അമ്മ വഴക്കു പറഞ്ഞു. ചെറ്യമ്മേടെ അടുത്തൂന്നു വരെ കിട്ടി ചീത്ത. തറവാടു വിറപ്പിച്ചു നടന്നിരുന്ന വല്യച്ഛന് പെട്ടെന്നു വയസ്സനായി. കാര്യഭരണമൊക്കെ വിട്ട് ചാരുകസേരയില്‍ ഒതുങ്ങിക്കൂടി.
ഇടയ്ക്ക് ഓരോരുത്തരു വന്നു പറയും അമ്മായീനെ കൊണ്ടോട്ടീല് വെച്ചു കണ്ടു, പാലക്കാട്ടു വച്ചു കണ്ടൂന്നൊക്കെ. ആദ്യമൊക്കെ പണിക്കാരെ ആരെയെങ്കിലുമൊക്കെ അന്വേഷിക്കാന്‍ അയയ്ക്കുമായിരുന്നു ചെറ്യച്ഛന്.
പിന്നെപ്പിന്നെ ഒന്നും കേള്‍ക്കാതായി. പപ്പ്യമ്മായി ഗന്ധര്‍വ്വന്റെ കൂടെ സുഖായിട്ടു ജീവിക്കണുണ്ടാവും ന്നു സമാധാനിച്ചു. ഒന്നുല്യെങ്കിലും വല്യച്ഛനെ പേടിക്കണ്ടല്ലോ.
ഉല്‍സവം ഇങ്ങടുക്കാറായിട്ടും ചരടുപുതുക്കലിന്റെ ഒരു ഒരുക്കവും കണ്ടില്ല. കോഴിക്കൂട്ടാന്റെ മണം മനസ്സില്‍ കണ്ട് ഞങ്ങള്‍ കുട്ടികള്‍ എന്നും പരസ്പരം കൈ മണപ്പിച്ചു നോക്കി വ്യസനിച്ചു.
ചരടുപുതുക്കലിനല്ലാതെ അഴിച്ചു കണ്ടിട്ടില്ലാത്ത വല്യച്ഛന്റെ മുടി ചാരുകസേരയുടെ പുറകിലേയ്ക്കു എപ്പോഴും ഞാന്നു കിടന്നു. ഉല്‍സവം അടുത്തെന്നു ഓര്‍മ്മിപ്പിക്കാന്‍ ചെന്ന ചെറ്യച്ഛനെ ചീത്ത പറഞ്ഞോടിച്ചത്രെ.
ഇത്തവണ ചുടലഭദ്രകാളി പറമ്പിന്റെ അതിര്‍ത്തികടന്ന് തറവാട്ടിലേയ്ക്കു കയറി വരുമെന്ന് എല്ലാരും പേടിച്ചു. അമ്മ എന്നും കിടക്കുന്നതിനു മുന്നെ ദേവീമാഹാത്മ്യം വായിക്കാന്‍ തുടങ്ങി. ഞങ്ങള്‍ കുട്ടികള്‍ കിടക്കുന്നതിനു മുന്നെയും എണീക്കുമ്പോഴും ദേവീമാഹാത്മ്യം തൊട്ടു വണങ്ങി.
ഉല്‍സവത്തിനു കുട്ടികളെ ആരെയും കൊണ്ടുപോയില്ല. ചെറ്യമ്മമാരെയും. അമ്മയും ചെറ്യച്ചന്‍മാരും മാത്രം പോയി തൊഴുതു പോന്നു. കഞ്ഞികുടിച്ച് എല്ലാരും നേരത്തേ കിടന്നു. ബാലന് ചെറ്യച്ഛന് ടോര്‍ച്ചും മിന്നിച്ച് എല്ലാ വാതിലുകളും പൂട്ടിയില്ലേന്നു പരിശോധിച്ചു നടന്നു.
ഉറങ്ങണ വരെ കോലായിലെ ചാരുകസേര ചുമച്ചു കുലുങ്ങുന്നതും കഫം മുറ്റത്തേയ്ക്കു മുറ്റത്തേയ്ക്കു "ഝോ" ന്നു വീഴുന്നതും കേട്ടോണ്ടിരുന്നു.
പുലര്‍ച്ചെ അമ്മയുടെ അലറിക്കരച്ചില്‍ കേട്ടാണ് ഞെട്ടിയുണര്‍ന്നത്. ഉമ്മറത്ത് ചാരു കസേര മറിഞ്ഞു കിടക്കുന്നു. വല്യച്ഛന് എപ്പോഴും തോളത്തു തൂക്കാറുണ്ടായിരുന്ന വേഷ്ടിമുണ്ടില് തൂങ്ങിയാടുന്നു. പനങ്കുലപോലത്തെ മുടിയഴിച്ചിട്ടത് മുഖവും മറച്ച് നെഞ്ചിലേയ്ക്കു വീണു കിടന്നു. കോലായിലാകെ അപ്പിയും മൂത്രവും. വല്യച്ഛനു വയറിളകിപ്പോയതു പോലെ.
കാളി വല്യച്ഛനോടു പ്രതികാരം ചെയ്താതാകണണം. കൊല്ലങ്ങളോളം തന്നെ തടഞ്ഞു വച്ചതിന്.
വല്യച്ഛന് പറയാനുണ്ടായിരുന്നപോലെ കാളി തറവാട്ടില്‍ കയറി ആരെയും ഉപദ്രവിക്കാനൊന്നും വന്നില്ല. വല്യച്ഛന്റെ ജീവന് കൊണ്ടു തന്നെ കലിയടങ്ങിക്കാണണം.
Subscribe to:
Post Comments (Atom)
25 comments:
ഇടയ്ക്കിങ്ങനെ ഓരോ തട്ടിക്കൂട്ടെങ്കിലും ചാമ്പിയില്ലെങ്കില് നിങ്ങളൊക്കെ എന്നെ അങ്ങു മറന്നു പോകില്ലേ. അതോണ്ടു മാത്രം :)
വിഷമിപ്പിച്ചല്ലോ പാമൂ , ഇനിയും കുറെ ദിവസം എന്റെ മനസ്സില്‍ ഇത് കിടക്കും .ഒരു മുറിവായി .
നന്നായിരിക്കുന്നു കഥയും ചിത്രവും..
പത്മരാജന്റെ "ഞാന്‍ ഗന്ധര്വ്വന്" പലവട്ടം ഞാന്‍ ഇരുന്നു കണ്ടീട്ടുണ്ട്.അതൊരു മാനസ്സീക വിഭ്രാന്തിയാണെന്നും പറയും ..
ഞങ്ങളുടെ ഒരു അയല്‍ വാസി കുട്ടി.കണ്ടാല്‍ ഇത്ര ചന്തമൂള്ള ഒരു കുട്ടി എന്റെ ഓര്‍മ്മയില്‍ ഇല്ല.പത്തില്‍ പഠിക്കുമ്പഴാ ഗന്ധര്വ്വന് കൂടി എന്നു പറഞ്ഞ് പൂജയും മറ്റും നടത്തിയത്,
അന്ന് ആ കുട്ടിയെ ധാരാളം അടിച്ചു ...
പിന്നെ അവള് ആരോടും മിണ്ടാതെ ആയി.. ഒടുവില്‍ ആ കുട്ടി മരിച്ചു ...
ആ കുട്ടിയെ ഇപ്പോള്‍ ഓര്‍ത്തൂ.
വായിക്കുമ്പോള്‍ ആകെ ഒരു ഉലച്ചില്‍ തോന്നുന്നു ..അത് പാമരന്റെ എല്ലാ പൊസ്റ്റും വായനക്കാരില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കും ..
ഇത്രയും നല്ലൊരു പോസ്റ്റ്
ഇട്ടതിനു വളരെ നന്ദി..
ഇതിനെയാണോ തട്ടിക്കൂട്ടെന്നു പറഞ്ഞത്!!!
വായിക്കുന്ന മുറയ്ക്ക് തെളിയുന്ന ചിത്രങ്ങൾക്ക് നല്ല ആഴം.
ഈ പാമ്വേട്ടന്റെ ഓരോ കാര്യേയ് ...
പക്ഷേ പറയാതിരിയ്ക്കാന്‍ ആവില്ല മനസ്സില്‍ തറച്ചൂന്ന്.........
ഓ.ടോ. ങ്ങളെ മറക്കണംന്ന്ണ്ടെങ്കില് പോസ്റ്റ് ഇടാതിരിയ്ക്കണംന്ന് ന്നിര്ബന്ധൊന്നൂല്ല.......
ഇതിനാണു തട്ടിക്കൂട്ടെന്നു പറയുന്നതെങ്കിൽ ഇടക്കിടക്ക് ഇങ്ങനെയോരോന്ന് തട്ടിക്കൂട്ട്:)
ഒരോ ഓർമ്മപ്പെരുക്കത്തിലും തുടം വെക്കുന്ന ഭാവം.
ആരൊക്കെയോ മനസ്സിലവശേഷിക്കുന്നു വായനക്കു ശേഷവും. ഗന്ധര്വ്വന് കൂടല്‍ ഗ്രാമങ്ങളിലെ കാറ്റു പോലും പാടുന്ന പഴങ്കഥകളാണ്. മനസ്സിലെ പ്രീയപ്പെട്ട ബിംബങ്ങളിലൊന്നും ഗന്ധര്‍വ്വനാണ്. മനോഹരമായ ഒരു മിത്ത്.
തട്ടിക്കൂട്ടാണ് പോലും !!!
തട്ടിക്കളയും പാമൂ... ന്നെ ഞമ്മള്.
ലോലഹൃദയരായ എന്നെപ്പോലുള്ളവരുടെ ചങ്കിടിച്ച് കലക്കുന്ന രീതിയിലുള്ള ഇമ്മാതിരി തട്ടിക്കൂട്ടുകളുമായി ഇനി ഈ ആല്‍ത്തറയുടെ പരിസരത്തെങ്ങും കണ്ടുപോകരുത്. പറഞ്ഞേക്കാം :)
ന്നെ ഞമ്മക്കങ്ങനെ മറക്കാന്‍ പറ്റ്വോ ?
ജ്ജ് ഞമ്മന്റെ ഷാപ്പ് മേറ്റല്ലേ ?
അല്ലേ കാപ്പിലാനേ ?
koLLaam kathha.
ഒരു തരി നോവു എനിക്കും കിട്ടി..
തകര്‍പ്പന്‍
ഭദ്രകാളി തകര്‍ത്താടി
ഒത്തിരി ഇഷ്ടമായി ഈ വേദനയും !
(ഇയാൾക്കാരാണാവോ പാമരൻ എന്ന പേരിട്ടത്.)
കാപ്സെ, മാണിക്യേച്ചീ, മയൂരമെ, തോന്ന്യാസീ, വികടന്, സരിജ, നീരു, കൃഷ്, കൃഷ്ണതൃഷ്ണ, രസായനം, നന്ദന, ബഹു, ബഹൂത്ത് സന്തോഷം!
ആല്‍ത്തറയിലൊരു സീരിയലിനുള്ള സ്ക്കോപ്പ് ഉണ്ടല്ലോ.
നന്നായി എഴുതിയിട്ടുണ്ട്.
നന്നായിട്ടുണ്ട് പാമരാ.. ഇവിടാരോ പറഞ്ഞതുപോല്ലെ നിങ്ങള്‍ പേരുമാറ്റണം ;)
എന്റെ പാമൂ, ഈ ക്രൂതകൃത്യങ്ങളൊക്കെ ഇത്രയ്ക്കിങ്ങനെ വിശദമായി എഴുതിവിടല്ലേ..
ഹോ കഷ്ടകാലത്തിന് ഇന്നലെ രാത്രീലാ ഈ പോസ്റ്റു വായിച്ചേ. ഉറങ്ങാന്‍ പറ്റീല്ലാാ...
സ്വപ്നം തന്നെ സ്വപ്നം. സ്വപ്നത്തില്‍ മുഴുവന്‍ കോഴി തന്നെ കോഴി......
പാവം പപ്പ്യമ്മായി.
പറയാതിരിക്കാന്‍ പറ്റില്ല. പാമൂന്റെ മിക്ക പോസ്റ്റുകളും ചങ്കിനെ ഇത്തിരി കീറി മുറിച്ചിട്ടേ പോകാറുള്ളൂ...
അതാണ് കഥാകാരന്റെ കഴിവ്.
എഴുത്ത് നന്നായിരിക്കുന്നു പാമൂ. വാഗ്മയചിത്രം തന്നെ.
ചുടല ഭദ്രകാളിയും ,അഴിച്ചിട്ട മുടിയുമായി പോറ്റി വല്യച്ഛനും ,രാധാസ് മണമുള്ള പപ്പ്യമ്മായിയും അത്ര പെട്ടെന്നൊന്നും മാഞ്ഞു പോകില്ല മനസ്സില്‍ നിന്നു..അത്ര നന്നായി വരച്ചിട്ടിരിക്കുന്നു പാമൂജി അവരെയെല്ലാം..അഭിനന്ദന്‍സ് ട്ടാ....:)
മനസ്സില്‍ നിന്നും മായാതെയെന്നും രാധാസ് സോപ്പിന് വാസനയും പിന്നെ.. ഇതിലെ നൊമ്പരവും.. പാമൂ നോ വാക്കുകള്‍ റ്റു പറയാന്‍.
പാമൂ.. കിണ്ണങ്കാച്ചി തട്ടിക്കൂട്ട്.(പാമൂനെ മറന്ന് തുടങ്ങീതായിരുന്നു. ഇപ്പോ ഓർമ്മ വന്നു.:))
“..അലക്കുകല്ലില് സോപ്പു വച്ചിടത്ത് ഇത്തിരി പത ബാക്കിയുണ്ടാവും. മൂക്കിനു ചുറ്റുമാണതെടുത്തു തേയ്ക്കുക. എപ്പോഴും മണക്കാമല്ലോ..”
“....കോഴിയെ മുറ്റത്തൊരു അടുപ്പുപൂട്ടി വല്യച്ചന് തന്നെ കൂട്ടാനാക്കും. കൊല്ലത്തിലൊരിക്കല് കിട്ടിയിരുന്ന ഇറച്ചിക്കൂട്ടാനായിരുന്നു ..”
ഗംഭീരായി മാഷേ.. മനസ്സ് നിറഞ്ഞു. നന്ദി
ഉറങ്ങണ വരെ കോലായിലെ ചാരുകസേര ചുമച്ചു കുലുങ്ങുന്നത്..പാമരാ...,
അടുത്തുണ്ടായിരുന്നെങ്കില്‍ അലക്കുകല്ലില് ബാക്കിവച്ചു പോയ ആ സോപ്പുമണം എന്റെ മുഖത്തു നിന്നും നിന്റെ കവിളില്‍ പുരണ്ട് പോയേനേം..സത്യം!
(ഇത്തിരി വൈകിപ്പോയി..അവധിയായിരുന്നു മൂന്നു ദിവസങ്ങള്‍.)
വളരെ നന്നായിരിക്കുന്നു .... എവിടെ ഒക്കെയോ ചെന്നു തൊടുന്ന പോലെ ....
ഓടോ : ഒരു മന്ത്ര വാദിയെ ജീവനോടെ കാണാന്‍ എന്താ വഴി
ഗംഭീരം. എന്നുവച്ചാ നന്നായിട്ടുണ്ടെന്ന്.
ഒഴുക്കുള്ള ശക്തമായ എഴുത്ത്
മനോഹരമായ എഴുത്ത്. രാധാ സോപ്പിനോടൊപ്പം, കഥയില്‍ അനുഭവങ്ങളുടെ മണവും .:)
സുന്ദരം!
Post a Comment