Wednesday, September 10, 2008

മലയാളിക്കെന്നും മധുരം പകരുന്ന ഓണം

മലയാളിക്കെന്നും മധുരം പകരുന്ന ഓണം

ഓണം! മലയാളിയുടെ മനസ്സില്‍ എന്നും ഒരാഹ്ലാദമായി, പ്രതീക്ഷകളുടെ പൂത്തിരികള്‍ കത്തിച്ചു കൊണ്ട്‌ കടന്നു വരുന്ന കാലം! ഏതവസ്ഥയിലായാലും ഓണത്തിന്റെ വരവ്‌ ഒരു മലയാളിയെ സന്തോഷിപ്പിക്ക തന്നെ ചെയ്യും.

കര്‍ക്കിടകത്തിലെ കാറണിഞ്ഞ ദിനങ്ങള്‍ പോയി പ്രകൃതി പ്രസന്നവതിയാകുന്ന കാലമാണല്ലോ പൊന്നിന്‍ ചിങ്ങ മാസം. പകലുകള്‍ പൊന്‍വെയിലില്‍ കുളിച്ചു നില്‍ക്കും. വെയിലിന്റെ ചൂടകറ്റി സ്വഛന്ദമായി ചുറ്റിയടിക്കുന്ന മന്ദമാരുതന്‍ - ഓണപ്പൂങ്കാറ്റ്‌. ഓണനാളടുക്കുംതോറും യാമിനി ഓണനിലാക്കോടിയുടുത്ത്‌ അണിഞ്ഞൊരുങ്ങുന്നു. തിരുവോണത്തിന്‍ നാള്‍ പാല്‍ചന്ദ്രിക പരന്നൊഴുകുന്നു. പ്രകൃതിയുടെ ഈ സൗന്ദര്യവര്‍ധന മനുഷ്യ മനസ്സുകളേയും സ്വാധീനിക്കുന്നുണ്ട്‌ തീര്‍ച്ച. നമ്മളറിയാതെ തന്നെ ഒരു സന്തോഷം മനസ്സില്‍ വന്നുകൂടുന്നു ചിങ്ങം പിറക്കുന്നതോടു കൂടി.

പണ്ട്‌ നാട്ടിന്‍പുറങ്ങളില്‍ കൊണ്ടാടിയിരുന്ന പോലെ, അതേ തനിമയോടൊന്നുമല്ല ഇപ്പോള്‍ ഓണം കൊണ്ടാടുന്നത്‌, എല്ലാം യാന്ത്രികമായാണ്‌ എന്നൊക്കെ പരാതികള്‍ ഉയരുന്നുണ്ട്‌. ഒട്ടും അദ്ധ്വാനിക്കാതെ തന്നെ ഇപ്പോള്‍ ഓണം കൊണ്ടാടാന്‍ പറ്റും എന്നതിന്റെ ഒരു മുഷിവാണ്‌ ആ പറച്ചിലില്‍. ഓണാഘോഷത്തിന്റെ മുഖഛായ മാറുന്നുണ്ട്‌. എന്നാലും, മലയാളിയുടെ മനസ്സില്‍ ആത്യന്തികമായി ഉടലെടുക്കുന്ന ആ ഒരു സന്തോഷമുണ്ടല്ലോ ഓണം ആഗതമാവുന്ന വേളയില്‍, അതിനൊരു മാറ്റവുമില്ലെന്നു വേണം കരുതാന്‍.

ചിങ്ങം പിറക്കുമ്പോള്‍ കതിരണിഞ്ഞു പൊന്നു ചൂടുന്ന വയലേലകളിവിടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുണ്ടാകാം, മലരണിയാന്‍ കാടുകളും മേടുകളും ഇല്ലാതാകുന്നുണ്ടാകാം. എല്ലാം മനുഷ്യരുടെ തന്നെ ചെയ്തികളുടെ ഫലം. പ്രകൃതിയിലേക്കു തിരിച്ചു ചെന്നാല്‍ വീണ്ടെടുക്കാവുന്നതേയുള്ളു ഈ നഷ്ടങ്ങളെല്ലാം. മനുഷ്യന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കണമെന്നു മാത്രം. ഇതൊക്കെയാണെങ്കിലും പ്രകൃതീദേവി ആകപ്പാടെ മനോഹാരിണിയായി കാണപ്പെടുന്ന ഒരു കാലമാണ്‌ ഓണക്കാലം എന്നതിനു തര്‍ക്കമില്ല.

കാണം വിറ്റും ഓണമുണ്ണണം എന്ന പഴമൊഴി അക്ഷരാര്‍ത്ഥത്തില്‍ തന്നെ പ്രാവര്‍ത്തികമാക്കുന്നവരാണ്‌ നമ്മള്‍ മലയാളികള്‍, അവര്‍ ലോകത്തിന്റെ ഏതു ദിക്കിലായാലും. ജാതി മത ഭേദങ്ങളോ വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങളോ, കുബേര കുചേല വേര്‍തിരിവുകളോ ഒന്നും തന്നെ ഓണം എന്ന മഹോല്‍സവം കൊണ്ടാടുന്നതില്‍ നിന്ന് മലയാളിയെ പിന്തിരിപ്പിക്കുന്നില്ല. ഉള്ളതു കൊണ്ട്‌ ഓണം ആഘോഷിക്കും. അത്ര തന്നെ.

നഗരങ്ങളില്‍ ഓണക്കാലം വര്‍ണ്ണക്കാഴ്ചകളുടേയും പലവിധ ആഘോഷങ്ങളുടേയും ദിനങ്ങളായി മാറുന്നു. ജനങ്ങളെ സന്തോഷിപ്പിക്കുന്നതിനായി, സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത്‌ ഓണാഘോഷം സംഘടിപ്പിക്കുന്നു. വലിയൊരു ജനവിഭാഗം അതൊക്കെ ആസ്വദിക്കുകയും ചെയ്യുന്നു. നഗരത്തിലുള്ളവര്‍ ഇങ്ങനെ ഓണം ഘോഷിക്കുമ്പോള്‍, ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ അവരവരുടേതായ പരമ്പരാഗതരീതികളില്‍, ഉറിയടി, പന്തുകളി, പുലികളി, കുമ്മാട്ടിക്കളി, തുടങ്ങിയ കളികളിലൂടേയും, ബന്ധുജനസന്ദര്‍ശങ്ങളിലൂടെയും മറ്റും ഓണം കൊണ്ടാടുന്നു. എങ്ങനെയായാലും മലയാളികള്‍ക്ക്‌ ഓണം ഉത്സവകാലം തന്നെയാണ്‌. ആഘോഷ തിമിര്‍പ്പിന്റേയും ആനന്ദത്തിന്റേയും കാലം തന്നെയാണ്‌.

എല്ലാ മലയാളികള്‍ക്കും ഒരിക്കല്‍ കൂടി ഹൃദയംഗമമായ ഓണാശംസകള്‍ നേരുന്നു.

20 comments:

മാണിക്യം said...

ആല്‍ത്തറ
പോസ്റ്റുകളിലെ അടപ്രഥമന്‍!!

കടലുകടന്ന് അന്യ നാട്ടിലേയ്ക്ക്
പറിച്ചുനടുന്ന പ്രവാസി മലയാളി
ഡ്രോയിങ്ങ് റൂമില്‍ കറിവേപ്പ് ചെടിയും
ഷൊക്കേസില്‍ ചുണ്ടന്‍ വള്ളവും
മനസ്സില്‍ ഓണവും സൂക്ഷിക്കുന്നു ...

ശരിയാണു ഗീതേ
“ഏതു ഇല്ലായ്മയിലും വറുതിയിലും,
മലയാള മണ്ണില്‍ നിന്ന്‌ എത്ര
അകന്നിരുന്നാലും ഒക്കെ, മലയാളിക്ക് ഓണം ഒരു സന്തോഷത്തെ കൊണ്ടു വരുന്നു.
എന്നും അങ്ങനെ തന്നെ ആകട്ടേ.”

ദൈവമേ അടുത്ത ഓണത്തിനും നമ്മളൊക്കെ ഇതുപോലെ കൂടാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കണേ എന്ന പ്രാര്‍ത്ഥനയോടെ!
സസ്നേഹം ജോച്ചീ

നിരക്ഷരൻ said...

ഗീതേച്ചീടേ പോസ്റ്റൂടെയായപ്പോള്‍ ഓണസദ്യയുണ്ട് പായസവും കഴിച്ചതിന് ശേഷം, മധുരത്തിന്റെ മട്ടിപ്പ് കളയാനായി പിന്നിത്തിരി അച്ചാറ് തൊട്ടുനക്കി പിന്നേം ഒരിലനിറയെ അടപ്രഥമന്‍ കഴിച്ചതിന്റെ ഒരു സുഖം. ഇനി സ്വസ്ഥായിട്ട് ഒന്ന് മയങ്ങണം.

ഡാ പുള്ളാരേ നല്ല ഈണത്തിലൊരു ഓണപ്പാട്ട് പാട്യേ....

കാപ്പിലാന്‍ said...

എല്ലാവര്‍ക്കും സ്നേഹത്തിന്റെയും ഐശര്യത്തിന്റെയും സമൃദ്ധിയുടെയും ഒരോണക്കാലം കൂടി നേര്‍ന്നുകൊണ്ട്

സ്നേഹപൂര്‍വ്വം

ഒരു കാഴ്ചക്കാരന്‍

മാണിക്യം said...

ആത്മബന്ധമുള്ളവരുടെ മനസ്സുകളകലുമ്പോള്‍ അത്, അസാധ്യമായ വേദനയായിരിക്കും. പിണങ്ങുകയും പിരിയുകയും ചെയ്യുമ്പോള്‍ താങ്ങാനാവാത്ത ഹൃദയദുഃഖമുണ്ടാകുന്നു. ഒരാള്‍ മറ്റൊരാളെ കുറ്റപ്പെടുത്തുമ്പോള്‍ ഉണങ്ങാത്ത മുറിവുണ്ടാക്കുന്നു. ചെറിയ കാരണങ്ങളാല്‍ ഒരാളകലുമ്പോള്‍ കനമുള്ള കണ്ണീരായി അതെന്നും ബാക്കിയാവുന്നു. അന്നോളമുള്ളതെല്ലാം വേദനയുള്ള ഓര്‍മകളാകുന്നു.
പങ്കുവെക്കലുകളില്ലാതാകുമ്പോള്‍ എത്ര തിരക്കിനിടയിലും ഒറ്റപ്പെട്ടതുപോലെ തോന്നുന്നു.
സുഹൃത്തുക്കളുടെ സാന്നിധ്യവും സംസാരവും വേദനകള്‍ക്കെല്ലാം മരുന്നായിത്തീരുന്നു! ഇത്തരം ആത്മബന്ധങ്ങളാണ് നമുക്കിടയില്‍ വളര്‍ന്നുയരേണ്ടത്. നല്‍കിയും നുകര്‍ന്നും ആനന്ദം വര്‍ധിക്കുന്ന നല്ല സൌഹൃദങ്ങള്‍ നമുക്കിടയില്‍ പൂക്കണം.


´")))✲ۣۜঔﱞ
¸.•´ .•´")))
(((¸¸.•´ ..•´ ✲ۣۜঔﱞ

"പൊന്നോണാശംസകള്‍" •

Dr. Prasanth Krishna said...

ഓര്‍മ്മകള്‍ ഊഞ്ഞാലാടുന്ന മനസ്സിന്റെ തളിര്‍ ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മ്മകളുമായി വീണ്ടുമൊരു പൂക്കാലം വരവായി. കൈവിട്ടുപോയ ബാല്യത്തിന്റെ നനുത്ത മൂടല്‍ മഞ്ഞിനപ്പുറത്തെവിടനിന്നോ പൂവിളികേട്ടുണരുന്ന പ്രഭാതങ്ങളും, പപ്പടത്തിന്റെ പരിമളം മണക്കുന്ന പകലുകളും, ഊഞ്ഞാല്‍‌പാട്ടുകളൊഴുകിയെത്തുന്ന പുഷ്പസുഗന്ധികളായ സന്ധ്യകളും, ഓണനിലാവിനു കുളിരേകുന്ന തിരു‌വാതിര പാട്ടിന്റെ ശീലുകളും അനേകമനേകം അടരുകള്‍ക്കപ്പുറത്തുന്നിന്നും മനസ്സിലേക്ക് വന്നണയുകയായി.ഗ്രഹാതുരതയുടേയും സന്തോഷത്തിന്റെയും സമ്മിശ്രമായ ഈ ഓണനാളുകളില്‍ ഒത്തിരി സ്നേഹത്തോടെ ഒരായിരം സ്നേഹാദരങ്ങളോടെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍ ...!

കനല്‍ said...

ഇത്തവണ എനിക്ക് ഓണമില്ല.
ഓണ സദ്യയില്ല ...
കൂട്ടുകാരൊത്തൊരു കറക്കമില്ല...
കളിയില്ല ... കുടിയില്ല...

റമദാനാണ്... വ്രതം മനസിനും ശരീരത്തിനു ഉള്‍ക്കൊള്ളാന്‍, ഞാന്‍ എന്നെ മാത്രം ബോധ്യപ്പെടുത്താന്‍ ഒരു ശ്രമം...

എങ്കിലും ഓണമാഘോഷിക്കുന്ന
എല്ലാവര്‍ക്കും ആല്‍ത്തറനിവാസികള്‍ക്കും
ഓണാശംസകള്‍.

Gopan | ഗോപന്‍ said...

ഗീതേച്ചി..
വളരെ നാളുകള്‍ക്കു ശേഷം കണ്ട ചേച്ചിയുടെ പോസ്ടാണിത് ! ഒരു തുറന്നെഴുത്ത് എന്ന് വിശേഷിപ്പിക്കാം..വളരെ ഇഷ്ടമായി..ചേച്ചിക്കും കുടുംബത്തിനും ഓണാശംസകള്‍ !

ശ്രീ said...

എല്ലാവര്‍ക്കും ഓണാശംസകള്‍!

siva // ശിവ said...

ഗീതച്ചേച്ചിയ്ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ

ഹരീഷ് തൊടുപുഴ said...

ഗീതേച്ചിയ്ക്കും, കുടുംബാംഗങ്ങള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ തിരുവോണാശംസകള്‍ നേരുന്നു.....

ജിജ സുബ്രഹ്മണ്യൻ said...

കുറെ നാളായി ഗീതേച്ചിയുടെ പോസ്റ്റുകള്‍ കണ്ടിട്ട്.ഇപ്പോള്‍ ഈ പോസ്റ്റ് കണ്ടപ്പോള്‍ ഒത്തിരി ഒത്തിരി സന്തോഷം വരുന്നു.ഗീതേച്ചിക്കും ആല്‍ത്തറ നിവാസികള്‍ക്കും ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ഓണം ആശംസിക്കുന്നു

ശ്രീവല്ലഭന്‍. said...

എല്ലാവര്‍ക്കും ഓണാശംസകള്‍!

അരൂപിക്കുട്ടന്‍/aroopikkuttan said...

മുറ്റത്ത് ഉപ്പില്‍ നിറം ചേര്‍ത്ത് കുട്ടികളുടെ ‘അത്തപ്പൂക്കളമത്സരം’!

അവധിയുടെ അഹങ്കാരത്തില്‍ ഗൃഹനാഥന്മാര്‍ ബാറുകളില്‍ ഒത്തുകൂടി ബിവറേജസ് കോര്‍പ്പറേഷന്റെ നിലവാരത്തെയും രാഷ്ട്രീയഗതിവിഗതികളേയും വിശകലനം ചെയ്യുന്നു!

അടുത്ത ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്ത “ഓണസദ്യ” കൊണ്ടുവരാന്‍ വൈകുന്നതില്‍ വിഷമിച്ച വീട്ടമ്മമാര്‍ ടി.വി.ക്കു മുന്നില്‍ അസ്വസ്ഥരാകുന്നു!

കലയുടെ കഥകളിമുദ്രകളില്‍ കോര്‍പ്പറേറ്റ് പരസ്യങ്ങളുടെ വികലഭാഷ!

ചെറുപ്പക്കാര്‍ ഓണം അക്ഷരാര്‍ത്ഥത്തില്‍ ആടിത്തിമര്‍ക്കുന്നു...!

കുടവയറന്മാരെ മാവേലിയാക്കി സമരപ്പന്തലുകളില്‍ പട്ടിണിക്കിടുന്നു!

പാവം മുത്തശ്ശിമാര്‍!!
വീടിന്റെ ഉള്ളറകളിലെവിടെയോ...
നരച്ച ഓര്‍മ്മകളില്‍ നിന്ന് അവര്‍ പരതിയെടുക്കുന്ന ഓണം പങ്കുവെക്കാനാളെക്കിട്ടാതെ...
പുറത്തെ ശബ്ദങ്ങളില്‍ക്കുഴങ്ങി...
പതിയെ ഉറങ്ങുന്നു!

ചടങ്ങുതെറ്റിക്കാതെ അരൂപിയും പറയുന്നു!

“ഹാപ്പി ഓണം!!”

“എന്താ മോനേ...?!” അകത്തെവിടെയോ നിന്ന് അടര്‍ന്നുവീഴുന്ന ഒരു വൃദ്ധശബ്ദം!

“ഹാപ്പി ഓണം...അതായത്..
അതിപ്പോ...
മലയാളത്തിലും അതിപ്പോ അങ്ങനെതന്നാ അമ്മൂമ്മേ..!”

krish | കൃഷ് said...

ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍.

(അരൂപിയുടെ കമന്റ്‌ കലക്കീട്ടോ)

Fayas said...

എല്ലാവര്ക്കും ഓണാശംസകള്‍.....

രസികന്‍ said...

ഗീതേച്ചി പറഞ്ഞപോലെ ഓണം ഇന്നു തീർത്തും യാന്ത്രികമായിരിക്കുന്നു എങ്കിലും ഓണം ലോകത്തിന്റെ പല കോണിലുമുള്ള മലയാളികൾ ഒത്തൊരുമയോടെ കൊണ്ടാടുന്നു എന്നതിൽ നമുക്കഭിമാനിക്കാം
ഓണാശംസകളോടെ രസികൻ

ജെയിംസ് ബ്രൈറ്റ് said...

ഓണം നമ്മളിലെ നന്മകളെ ഉണര്‍ത്തട്ടെ..!
നല്ല പോസ്റ്റിന് ആശംസകള്‍.

smitha adharsh said...

നല്ല പോസ്റ്റ്...മനസ്സിരുത്തി വായിച്ചു...ഇഷ്ടപ്പെട്ടു.

ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...

ഞങ്ങള്‍ ആദ്യമായിട്ടാ ആല്‍ത്തറയില്‍ വന്നത്.ഇഷ്ടമായി.ഇനിയും വരാം.ആശംസകള്‍.

K C G said...

ഈ ആല്‍ത്തറയില്‍ ഓണം കൊണ്ടാടാന്‍ വന്ന എല്ലാവരോടും സന്തോഷവും നന്ദിയും അറിയിക്കുന്നു.

വരുമൊരു വര്‍ഷം മുഴുവന്‍ ഓണദിനങ്ങള്‍ പോലെ സന്തോഷം നിറഞ്ഞതാവട്ടേ...
ജോച്ചിയുടെ പ്രാര്‍ത്ഥന ഞാനും ഏറ്റുചൊല്ലുന്നു.
നീരുവിന്റെ മനസ്സിലും അടപ്രഥമന്റെ മധുരം നിറഞ്ഞുനില്‍ക്കട്ടെ.
കാപ്പുവിന്റെ ആശംസകള്‍ മനസ്സിലേക്കെടുക്കുന്നു.
പ്രശാന്ത്, മധുരോദാരമായ ഓര്‍മ്മകള്‍ എന്നും നിറമലരുകളായി മനസ്സില്‍ വിരിയട്ടെ.
കനല്‍, സദ്യയും കറക്കവും ഒന്നുമില്ലെങ്കിലും, ഓണ നാളുകള്‍ വ്രതശുദ്ധിയുടെ പുണ്യം നിറഞ്ഞതായല്ലോ. റംസാന്‍ ആശംസകള്‍ കനലിന്.
ഗോപന്‍, പ്രോത്സാഹനമേകുന്ന ഈ നല്ല വാക്കുകള്‍ക്ക് എത്ര നന്ദി പറഞ്ഞാലാണ് തീരുക. ഹൃദയത്തിന്റെ ഒരു കോണില്‍ ഒതുക്കി വച്ചേക്കാം ഈ വാക്കുകള്‍....
ശ്രീ, ആ ആശംസകള്‍ക്ക് വളരെ നന്ദി.
ശിവാ, ഹൃദയം നിറഞ്ഞ നന്ദി .
ഹരീഷ്, ആ ആശംസകള്‍ സസന്തോഷം സ്വീകരിക്കുന്നു.
കാന്താരിയുടെ വാക്കുകള്‍ എന്നേയും സന്തോഷിപ്പിക്കുന്നു. വളരെ നന്ദി ജിജ.
ശ്രീവല്ലഭന്‍, വളരെ നന്ദി .
അരൂപി, ഇവിടേയും ഉപ്പുപൂക്കളങ്ങള്‍ തന്നെ അധികവും. പക്ഷേ അതിടുമ്പോള്‍ ആ കുട്ടികള്‍ അനുഭവിക്കുന്ന ആനന്ദം! ഓരോ ദിവസവും ഓരോ ഡിസൈന്‍ ...ഉള്ളിലെ കലാവിരുതുകളുടെ ബഹിര്‍സ്ഫുരണം... ആ കൂട്ടായ്മയുടെ ആനന്ദം... ഓണം സന്തോഷത്തിന്റെ ദിനങ്ങളാണ്. ഓരോരുത്തര്‍ അവനവനു സന്തോഷമേകുന്നതു ചെയ്യുന്നു. അത്രേയുള്ളു...പഴമക്കാര്‍ക്ക് നഷ്ടബോധം തോന്നുന്നുണ്ടാവും എന്നാലും ഓണസ്മൃതികള്‍ അവര്‍ക്കും സന്തോഷമേകുന്നുണ്ടാകും....
ക്രിഷ്, സന്തോഷവും നന്ദിയും.
കൊള്ളികണക്കന്‍, ആല്‍ത്തറയിലേക്ക് സ്വാഗതം. ഒപ്പം നന്ദിയും.
രസികന്‍, മറുനാടന്‍ മലയാളികളാണ് ഏറ്റവും നന്നായി ഓണം ആഘോഷിക്കുന്നതും അതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതുമെന്ന സത്യം മനസ്സില്‍ ഓണപൂങ്കാറ്റിന്റെ കുളിര്‍മ്മ പകരുന്നു...
ബ്രൈറ്റ്, എത്ര മഹത്തരവും ഹൃദ്യവുമായ ആശംസ ! അതേ, ഓണം നമ്മുടെ മനസ്സിലെ നന്മകളെ ഉണര്‍ത്തട്ടെ....
വളരെ നന്ദി ബ്രൈറ്റ്.
സ്മിത, വളരെ സന്തോഷം കേട്ടോ.
ദേവി വിലാസം, ആല്‍ത്തറയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതമരുളുന്നു...
തീര്‍ച്ചയായും ഇനിയും വരണം.