ഭാരതി ,
നിന്‍റെ മുഖം എന്‍റെ മനസ്സില്‍ നന്നായ് തെളിയുന്നുവെങ്കിലും
നിന്നെ കുറിച്ചെഴുതുവാന്‍ ഒരു വരി പോലും
എന്നില്‍ ബാക്കി നില്‍ക്കുന്നില്ലല്ലോ
ഉണങ്ങി വരണ്ടൊരു പാടം പോലെ
ഇന്നെന്റെ മനസ്
ഒരു പുതുമഴക്കായ് കാത്ത് നില്ക്കുന്നു
എന്താണ് നിന്നെ കുറിച്ച് ഞാന്‍ എഴുതേണ്ടത് ?
കൈ നോക്കാന്‍ ഉണ്ടോ എന്ന് ചോദിച്ചു
നീ എന്‍റെ പടി കയറി വരുന്നതോ ?
മുഖം നോക്കി എന്റെ ഭാവി പറയാം എന്ന് പറഞ്ഞതോ ?
തത്തമ്മ കള്ളം പറയില്ല എന്ന് ചൊല്ലി നീ
കൂട്ടിലെ തത്തയെ പുറത്തെടുക്കുന്നതോ ?
കിളിയുടെ ചുണ്ടില്‍ കൊത്തിയ ചീട്ടു നോക്കി
നീയെന്‍ ഭാവി പറയുന്നതോ ?
എല്ലാവര്‍ക്കും നല്ലത് വരും എന്ന് പ്രവചിച്ച നിന്‍റെ
ദുര്‍വിധി തന്‍ ഭാണ്ടക്കെട്ട്
എന്റെ മുന്നില്‍ തുറന്നു വെയ്ക്കുന്നതോ ?
ഉച്ചക്ക് നടന്നു ഷീണിച്ച നിന്‍റെ
ഉച്ചിയില്‍ നിന്നും വിയര്‍പ്പിന്‍ തുള്ളികള്‍
പാതി മറച്ച നിന്‍റെ മാറത്ത് ചാലുകള്‍ തീര്‍ക്കുന്നതോ ?
എന്താണ് ഞാന്‍ നിന്നെ കുറിച്ചെഴുതുക ഭാരതി ?
നാളുകള്‍ മുന്‍പേ നിന്നെ കണ്ടതല്ലേ
തിരക്കേറിയ പാതയോരത്തൊരു തത്തയുമായ് നീ
കൈ നോക്കാന്‍ ഇരിക്കുന്നതും
കൈ നോക്കാന്‍ എന്ന ഭാവേന
കൊഴുത്ത നിന്‍ മേനിയില്‍ കാമത്തിന്‍
കണ്ണുകള്‍ പായുന്നതും
കൈയില്‍ കിട്ടിയ മുഷിഞ്ഞ നോട്ടുകള്‍
നരച്ച നിന്റെ മാറാപ്പില്‍ ഒളിപ്പിക്കുന്നതും
നല്ല കാലത്ത് എല്ലാവര്‍ക്കും
ഗുണം വരുമെന്ന് പറയുന്നതും
അത്താഴപട്ടിണി മാറ്റുവാന്‍ നീ ഇങ്ങനെ
എത്രയോ നല്ല വാക്കുകള്‍ പറഞ്ഞു ഭാരതി ?
എങ്കിലും നിന്‍റെ പട്ടിണി ,വിഷമങ്ങള്‍
ഇന്നും മാറാകടമായി നില്‍ക്കുന്നതെന്തേ ?
ഇല്ല , ഇനി എനിക്കൊന്നും എഴുതുവാന്‍ വയ്യ .
നിര്‍ത്തട്ടെ നിന്നെ കുറിച്ചുള്ളോ രീ വരികള്‍ .
18 comments:
തത്തമ്മ കള്ളം പറയില്ല എന്ന് ചൊല്ലി നീ
കൂട്ടിലെ തത്തയെ പുറത്തെടുക്കുന്നതോ ?
എല്ലാവര്‍ക്കും നല്ലത് വരും!
അത്രയും മതി !നല്ലതു വരട്ടെ
എല്ലാവര്‍ക്കും എന്നും..
മനസ്സിന്നും ശരീരത്തിനും സൌഖ്യം
സന്തോഷം .. സ്നേഹാശംസകള്‍ !!
നന്മകള്‍ നേരുന്നു
എങ്കിലും നിന്‍റെ പട്ടിണി ,വിഷമങ്ങള്‍
ഇന്നും മാറാകടമായി നില്‍ക്കുന്നതെന്തേ ?
പ്രസക്തമായ ചോദ്യം കാപ്പിലാന്‍.
വയറ്റിപ്പിഴപ്പല്ലെ, മറ്റുള്ളവന്റെ ഭാഗ്യം പ്രവചിച്ചു സ്വന്തം ഭാഗ്യത്തിനായി തെണ്ടി നടക്കുന്ന പാവം ഭാരതി
ഓഫ്ഫ്:
“നല്ലകാല്‍ ഗുണാ വരും”
ഏതോ ഒരു സിനിമ ഓര്‍മ വരികയാണ്.
കൊള്ളാം കാപ്പിലാൻ..
ഈ കാക്കാത്തി തന്നെയല്ലെ, അമൃതപുരിയിലെ ഓർമ്മകളിലും വന്നത്..??
കാക്കാലത്തി ഭാരതിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ നന്നായി.മറ്റുള്ളവരുടെ ഭാവിയും വര്‍ത്തമാനാനവും ഭൂതവും എല്ലാം പറയുന്ന ഭാരതിക്ക് സ്വന്തം കാര്യങ്ങളെ കുറിച്ച് അറിയാന്‍ കഴിയാതെ പോയതെന്തേ ?
അശരണയായ സ്ത്രീയുടെ ദൈന്യത സത്യസന്ധമായി പറഞ്ഞിരിക്കുന്നു..
നല്ലകാലം വരുമെന്ന് പറയുന്ന കാക്കാത്തീ....:)
കാക്കാത്തി പറയുന്നതുപോലെ നല്ല കാലത്ത് എല്ലാവര്‍ക്കും ഗുണം വരട്ടെ എന്ന് ആശിക്കുന്നു...
പണ്ടൊരു കാക്കാത്തി ബാലനായിരുന്ന ഞാനും എന്റെ (മരിച്ചുപോയ) സ്നേഹിതനും കൊടുത്ത ചില്ലറത്തുട്ട് പോരാഞ്ഞ് ഞങ്ങളുടെ ചെവി നീണ്ട് വരും എന്ന് പേടിപ്പിച്ചത് ഓര്‍ത്തുപോയി..
കൊള്ളാം കാപ്പിലാൻ
കൊമ്പന്‍ ഭാഗ്യമുള്ളവനാ.....
ബാല്യകാല ഓര്‍മകള്‍ക്ക് തീകൊളുത്തുന്ന പോസ്റ്റ്..ചെറുപ്പത്തില്‍ കൈ നോട്ടക്കാര്‍് വഴിയിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു പോകുന്നത് കാണാം. എന്റെ വീട്ടില്‍ ഉപ്പക്കും ഉമ്മക്കും അതിഷ്ടമില്ല. അതുകൊണ്ടുതന്നെ ഞാന്‍ അയല്‍വീട്ടില്‍ അവരുടെ കൈ നോക്കുന്നത് കാണാന്‍ പോകും. ചിരിച്ച് കുറുക്കി ഭാവിയെകുറിച്ച് പറയുമ്പോള്‍ ഞാന്‍ എന്റെ കൈ രേഖകളിലേക്ക് നോക്കി എന്റെ ഭാവി എന്താണാവോ എന്ന് ആലോചിച്ചിട്ടുണ്ട്. എന്തൊക്കെയായാലും ഞാനിതുവരെ എന്റെ കൈ നോക്കിച്ചിട്ടില്ല എന്നതാണ് സത്യം.
കാപ്പിലാന്റെ സൃഷ്ടികളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടൊരെണ്ണം.
വെല്‍ഡണ്‍ കാപ്പ്സ്!
കാപ്പിലാനേ...
ഒരുപാട് സന്തോഷമായി. കുറേ നാളുകള്‍ക്ക് ശേഷം കാപ്പിലാന്റെ തനത് ശൈലിയില്‍ ഇങ്ങനെയൊന്ന് കാണാനായതില്‍. ഇനിയും നിങ്ങളിതുപോലെ എഴുതണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. സഗീര്‍ പണ്ടാരത്തിനെ നന്നാക്കാനൊന്നും പോയി ഇനി സമയം മെനക്കെടുത്തരുത്. അവഗണിക്കുക എന്നതാണ് ഇനി ആ ‘മഹാകപി’യോട് ചെയ്യേണ്ടത്. ബൂലോക മോഷ്ടാവായി അയാള്‍ മുദ്രകുത്തപ്പെട്ടുകഴിഞ്ഞു. ഇനി വിട്ട് കളഞ്ഞേക്കണം.അയാള്‍ കാരണം കവിത നിറുത്തിയ കാപ്പിലാന്‍ പൂര്‍വ്വാധികം ഭംഗിയായി ഇതുപോലെ എഴുതൂ. എല്ലാ ഭാവുകങ്ങളും.
മറ്റുള്ളവര്‍ക്ക് നല്ല ഭാവിയോതി തന്‍റെ ഇല്ലായ്മകളില്‍ സ്വയം ഉരുകി തീരുന്ന കാക്കാത്തി !
നന്നായിരിക്കുന്നു വരികള്‍ കാപ്പില്‍സ്, അഭിനന്ദന്‍സ് !
പാവം കാക്കാത്തി. മറ്റുള്ളവരുടെ ഭാവി പ്രവചിക്കുന്ന കാക്കാത്തിക്ക് സ്വന്തം ഭാവിയെ കുറിച്ചും ഒരൂഹമൊക്കെ കാണുമായിരിക്കും അല്ലേ?
കവിത നന്ന്.
ഗവിത മരിച്ച ശേഷം വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു കണ്ടതില്‍ വളരെ സന്തോഷം...
ഈ കവിത മോഷണമാണ്!
:)
ഈ കവിത മോഷ്ടിച്ചിരിക്കുന്നത് ഒരു കാക്കാത്തിയുടെ ഭാണ്ഡത്തില്‍ നിന്നും അവരുടെ മുഷിഞ്ഞ ജീവിതത്തില്‍ നിന്നുമാണ്!
നല്ല മോഷണം!
:)
ഗുണമുള്ള നല്ല കാലങ്ങള്‍ എന്നുമുണ്ടവട്ടെ ഏവര്‍ക്കും
മാണിക്യം ചേച്ചി ..ആശംസകള്‍ ..നല്ലത് വരട്ടെ
അനില്‍ -നന്ദി ..എനിക്ക് പറയാന്‍ ഉള്ളതെല്ലാം ഈ വിഷയത്തില്‍ ഞാന്‍ പറഞ്ഞ് കഴിഞ്ഞു
പൊറാടത്ത് -അതെ ..ഈ ഭാരതി തന്നെയാണ് ആ ഭാരതിയും :)
കാന്താരിക്കുട്ടി-കാന്താരിയുടെ ചോദ്യത്തിന് ഉത്തരം എനിക്കറിയമായിരുന്നെങ്കില്‍ ഇത് ഞാന്‍ എഴുതില്ലല്ലോ ..എനിക്ക് വേണ്ടതും ഇതിനുത്തരമാണ് :)
സ്നേഹ തീരം -നന്ദി
വേണു ..:)
ശിവനേ-ആശംസകള്‍
ഏറനാടന്‍- നല്ല കഥ നന്ദി
ബാജി ഓടംവേലി-നന്ദി :)
പൊന്നരിവാള്‍- അനുഭവം പങ്ക് വെച്ചതില്‍ ,വായിച്ചതില്‍, വന്നതില്‍ ഒക്കെ നന്ദി
കുറ്റ്യാടിക്കാരന്‍ - ഡാങ്ക്സ്-ജീവിതം ഒക്കെ സുഖമല്ലേ :)
നിരക്ഷരന്‍ -ഒരു പാട് നന്ദിയുണ്ട് എന്നെ ഇങ്ങനെ ഒക്കെ നിങ്ങള്‍ സ്നേഹിക്കുന്നതില്‍. നന്ദി ..വാക്കുകള്‍ ഇല്ല .ഞാന്‍ ഒന്നും പറയുന്നതും ഇല്ല
ഗോപന്‍ -നന്ദി ..ജോലി ഒക്കെ എങ്ങനെ ? തിരക്ക് കഴിഞ്ഞു കാണണം :)
ഗീതേച്ചി - നന്ദി
അരൂപി ...മോഷണം ഒരു കല എന്ന് പറയുന്നത് ഇതുകൊണ്ടാണോ ? നന്ദി
ബഷീര്‍ ..വന്നതിലും ..വായിച്ചതിലും നന്ദി ...
എല്ലാവര്‍ക്കും നല്ല കാലത്ത് ഗുണം വരാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ..കാക്കാലന്‍ കാപ്പിലാന്‍ ..നന്ദി
കാക്കാത്തി നല്ല കാലം പ്രവചിക്കു കാശു കൂടുതല് തരാം
Post a Comment