Tuesday, September 16, 2008

ഓണം കൊണ്ട്‌ ആര്‍ക്കാ നേട്ടം?

ഓണം കൊണ്ട്‌ ആര്‍ക്കാ നേട്ടം?

ഈ വര്‍ഷവും ഓണമൊക്കെ വളരെ ഗംഭീരമായി ആഘോഷിച്ചുവല്ലോ.   ആഘോഷത്തിനു കൊഴുപ്പു കൂട്ടാന്‍ എന്തൊക്കെയായിരുന്നു.    ഒന്നിനുമൊരു കുറവുമില്ല.  നഗരങ്ങളില്‍ സര്‍ക്കാര്‍ വക ഓണാഘോഷപരിപാടികള്‍. ഹൈ-ഫൈ ക്ലബ്ബുകളും വന്‍കിട ഹോട്ടലുകള്‍ വക ആഘോഷങ്ങള്‍. ടി.വി. ചാനലുകളില്‍ പ്രത്യേക ഓണാഘോഷപരിപാടികള്‍, 'സൂപ്പര്‍ ഹിറ്റ്‌'/'ബ്ലോക്ക്‌ ബസ്റ്റര്‍' ചലച്ചിത്രങ്ങള്‍, നടീനടന്മാരുടെ അഭിമുഖങ്ങള്‍, അങ്ങനെ, അങ്ങനെ.   തുണിക്കടക്കാരും, ഇലക്ട്രോണിക്‌/ഗൃഹോപകരണ കടക്കാരും സ്വര്‍ണ്ണാഭരണ കടക്കാരും പ്രത്യേക കിഴിവുകളും സമ്മാനങ്ങളും നല്‍കി സാദാ ജനങ്ങളെ 'സഹായിച്ചു'. സാധാരണ ജനങ്ങളോ, കൈയ്യിലുള്ള കാശിനും കടം വാങ്ങിയ കാശിനുമെല്ലാം മാര്‍ക്കറ്റില്‍ കിട്ടുന്നതെല്ലാം വാങ്ങികൂട്ടി ഓണം 'പൊടിപൊടിച്ചു'. ഓണക്കാലത്ത്‌ ഇതൊന്നും വാങ്ങിയില്ലെങ്കില്‍ പിന്നെ ഈ 'സുവര്‍ണ്ണാവസരം' പിന്നെ കിട്ടിയില്ലെങ്കിലോ?.  അതും പോരാഞ്ഞ്‌ ബിവറേജസ്‌ കടകളില്‍ സമാധാനപരമായി ക്യൂ നിന്ന് 'വിദേശി' വാങ്ങി സേവിച്ച്‌ ആഘോഷം ഒന്നുകൂടി കൊഴുപ്പിച്ചു.     ആനന്ദലബ്ധിക്ക്‌ ഇനിയെന്തു വേണം?

യഥാര്‍ത്തത്തില്‍ ആരൊക്കെയാണ്‌ ഓണം ശരിക്കും ആഘോഷിച്ചത്‌? ഇതുകൊണ്ട്‌ നേട്ടം ആര്‍ക്ക്‌? നമ്മള്‍ക്കോ?

പണ്ടൊക്കെ ഓണമെന്നാല്‍ കാര്‍ഷികവിളവെടുപ്പുമായി ബന്ധപ്പെട്ട ഉത്സവമായിരുന്നു. വ്യക്തികള്‍ക്കും, കുടുംബത്തിനും സമൂഹത്തിനും ഐശ്യര്യവും സമൃദ്ധിയും സന്തോഷവും നല്‍കുന്നവ. ഓണം ഓണമായി കൊണ്ടാടാന്‍ വേണ്ടുന്നവയെല്ലാം മിക്കതും അതാതു പ്രദേശത്തുനിന്നും വിളവെടുപ്പിലൂടെയും അദ്ധ്വാനത്തിലൂടെയും ലഭിക്കുന്നവ. കാലം മാറുന്നതിനനുസരിച്ച്‌ ഓണാഘോഷത്തിന്റെ ശൈലിയും മാറിവരുന്നു. ഇന്ന് ഇത്‌ തീര്‍ത്തും ഒരു കമ്പോള ഓണമായി മാറിയിരിക്കുന്നു. എല്ലാം ഇന്‍സ്റ്റന്റ്‌, അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തവ.

നല്ലൊരു കൊയ്ത്തു കഴിഞ്ഞാല്‍ നാടിനും നാട്ടാര്‍ക്കും സുലഭമായി അന്നം ലഭിച്ചിരുന്നെങ്കില്‍, ഇന്ന് അരിക്ക്‌ ആന്ധ്രയേയും പഞ്ചാബിനേയും മറ്റും ആശ്രയിക്കേണ്ട സ്ഥിതിയാണ്‌. അവര്‍ കനിഞ്ഞാല്‍ സംഗതി ഓകെ. അല്ലെങ്കില്‍ ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞതുപോലെ അരിക്കു പകരം മുട്ടയും പാലും കഴിച്ചു കഴിയാമല്ലോ. ഓ, മറന്നു, ആവശ്യത്തിനുവേണ്ട മുട്ടക്കും പാലിനും വരെ തമിഴ്‌നാടിനെ തന്നെ ആശ്രയിക്കണമല്ലോ. ഇവിടെ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന പാല്‍, അതായത്‌ റബ്ബര്‍ പാല്‍, കുടിച്ചാല്‍ പറ്റില്ലല്ലോ.

നമ്മളുടെ ആവശ്യത്തിനുവേണ്ട പച്ചക്കറികള്‍ കൃഷിയിടങ്ങളിലും വീട്ടുവളപ്പിലും നേരത്തെ കൃഷി ചെയ്തിരുന്നെങ്കില്‍, ഇന്ന് പച്ചക്കറികള്‍ പാണ്ടി ലോറികളില്‍ നിറച്ച്‌ തമിഴ്‌നാട്ടില്‍ നിന്നും എത്തിയാലെ പറ്റുകയുള്ളൂ. എന്തിന്‌, കീടനാശിനികള്‍ തളിച്ച, രാസവസ്തുക്കള്‍ കലര്‍ത്തിയ തമിഴന്റെ പച്ചക്കറിയും അറാവില കൊടുത്ത്‌ വാങ്ങി നാം 'കേരളസദ്യ' ഉണ്ണുന്നു.
ഓണത്തിനു പൂവിടാനും അത്തപ്പൂക്കളമൊരുക്കാനും പൂവുകള്‍ വീട്ടുമുറ്റത്തുനിന്നും പറമ്പില്‍ നിന്നും ശേഖരിച്ചിരുന്ന കാലം പോയി. ഇപ്പോള്‍ തമിഴനും കന്നഡിഗനും പൂകൃഷി ചെയ്താലേ, മലയാളിക്ക്‌ അവരുടെ സ്വന്തം "ഓണപ്പൂക്കളം" ഉണ്ടാക്കാന്‍ പറ്റൂ. മലയാളി മങ്കമാര്‍ക്ക്‌ മുടിയില്‍ മുല്ലപ്പൂ ചൂടാനും തമിഴ്‌നാട്ടിലെ മുല്ലകൃഷി തന്നെ ശരണം. (ഓണത്തിനും, വിഷുവിനും, കേരളപ്പിറവി ദിനത്തിലും നമ്മുടെ സ്ത്രീകള്‍ 'മലയാളി മങ്ക'മാരായി അണിഞ്ഞൊരുങ്ങാന്‍ വേണ്ട കേരളസാരിക്കും കസവ്‌ ഗുജറാത്തില്‍ നിന്നുവേണം.)

എന്തിന്‌, ഓണത്തിന്‌ മണ്ണ്‍ കുഴച്ച്‌ ഉണ്ടാക്കിയിരുന്ന മാവേലി/തൃക്കാക്കരയപ്പന്‍ പോലും ഇന്ന് റെഡിമെയ്ഡായി തമിഴ്‌നാട്ടില്‍ നിന്നും വരുന്നു. മരത്തില്‍ ഉണ്ടാക്കി ചായം തേച്ചതും കിട്ടുമത്രേ. നാളെയത്‌, പ്ലാസ്റ്റിക്കിലോ, അലുമിനിയത്തിലോ, സ്റ്റീലിലോ ആവാനും സാധ്യതയുണ്ട്‌.

നാലുതരം പായസം വെക്കാനാവശ്യമായ ശര്‍ക്കരയടക്കം, ഉപ്പ്‌ തൊട്ട്‌ കര്‍പ്പൂരം വരെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നാലെ നമുക്ക്‌ ഓണം കേമമാക്കാന്‍ പറ്റൂ. തമിഴ്‌നാട്ടില്‍നിന്നുള്ള നേന്ത്രക്കുലയുടെ വരവ്‌ കുറഞ്ഞാല്‍ നാം 'കേരളാചിപ്സ്‌' എന്നു വിളിക്കുന്ന കായവറുത്തത്‌ ഇല്ലാതെയും ഓണം ഉണ്ണേണ്ടിവരും.  ഇനിയിപ്പോ സദ്യയുണ്ണാന്‍ വാഴയില കിട്ടാണ്ടായാല്‍ വിഷമിക്കേണ്ട, പേപ്പര്‍ വാഴയില വന്നുകഴിഞ്ഞു,   'കണ്ടില്ലേ, പെണ്ണിന്റെ വീട്ടുകാരുടെ ഒരു ബുദ്ധി!!!'


ഓണക്കോടി ഇല്ലാതെന്ത്‌ ഓണം. തമിഴ്‌നാട്ടിലെ "ആടിമാസ തള്ളുപടി" തുണിത്തരങ്ങള്‍ മൊത്തത്തില്‍ കേരളത്തിലെ ഓണച്ചന്തയിലേക്ക്‌ ഒഴുകുകയും ഇരട്ടിയിലധികം ലാഭം കൊയ്യുകയും ചെയ്യുന്നു. തുണിത്തരങ്ങളും സ്വര്‍ണ്ണാഭരണങ്ങളും പണ്ടേ മലയാളീസിന്റെ ഒരു വീക്‌ക്‍നെസ്സാണല്ലോ. ഇതിനുപുറമെ, ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ എക്സിബിഷന്‍, മേള, വഴിവാണിഭം തുടങ്ങിയവ വഴിയും ഇവിടുത്തെ വിപണിയില്‍ ഒരു പങ്ക്‌ നേടാന്‍ ശ്രമിക്കുന്നു.

ഈ വര്‍ഷം ഓണസമയത്ത്‌ അരി, പലവ്യജ്ഞനം എന്നിവ വിറ്റതിനേക്കാള്‍ എത്രയോ കോടി രൂപ കൂടുതലാണത്രേ 'വിദേശ മദ്യം' വിറ്റഴിച്ച വകയില്‍ സര്‍ക്കാരിന്‌ കിട്ടിയത്‌. ഒരു സംശയം, ഇന്നത്തെക്കാലത്ത്‌ കേരള ജനത കഴിക്കുകയാണോ അതോ കുടിക്കുകയാണോ. നമ്മുടെ സര്‍ക്കാര്‍ ഇത്ര കോടി നേടി എന്നു പറയുമ്പോള്‍ തന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്നും മദ്യം നിര്‍മ്മിക്കാനാവശ്യമായ സ്പിരിറ്റ്‌ വാങ്ങിക്കുക വഴി എത്ര കോടികള്‍ ഒഴുക്കി എന്നുകൂടി പറഞ്ഞിരുന്നെങ്കില്‍!! 
(പിന്നെ, നാടന്‍ കള്ളിന്റെ കാര്യത്തിലാണെങ്കില്‍ ഒരു അപവാദമുണ്ട്‌. കേരളത്തില്‍ യഥാര്‍ത്തത്തില്‍ ചെത്തിയെടുക്കുന്ന പന/തെങ്ങിന്‍ കള്ളിനേക്കാള്‍ എത്രയോ ഇരട്ടിയാണത്രേ വില്‍പ്പന നടക്കുന്നത്‌. ഇതെങ്ങിനെ സാധിക്കുന്നു എന്നു ചോദിച്ചാല്‍ മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാട്‌ പോലും അതിശയിച്ചുപോകും. മരുന്നിന്റെ ശക്തി അത്രയാ!!)

വാരികകളും പത്രങ്ങളും പരസ്യങ്ങള്‍ കുത്തിനിറച്ച്‌ പ്രത്യേക ഓണപ്പതിപ്പ്‌ ഇറക്കുമ്പോള്‍, ടി.വി.ചാനലുകാര്‍ നിരന്തരമായ പരസ്യങ്ങള്‍ക്കിടക്ക്‌ ഒരു സൗജന്യമെന്നപോലെ രണ്ട്‌-മൂന്ന് മിനിട്ട്‌ വീതം സിനിമ കാണിച്ച്‌ കാണികളെ 'സ്നേഹിച്ച്‌ കൊല്ലുന്നു'.


ശമ്പളവും ബോണസ്സും, പ്രവാസികള്‍ അയച്ചുകൊടുക്കുന്ന കാശും, പിന്നെ കാണം വിറ്റതുമൊക്കെയായി നാം ഓണം ആഘോഷിക്കുന്നു. എന്നാല്‍ ശരിക്കും ആഘോഷിക്കുന്നത്‌ ആരാണ്‌?

അല്ലാ, ഈ "ഓണം" ആഘോഷങ്ങള്‍ കൊണ്ട്‌ ആര്‍ക്കാണ്‌ യഥാര്‍ത്ത നേട്ടം? ഓഫറുകളുടെ പെരുമഴ പെയ്യിക്കുന്ന കച്ചവടക്കാര്‍ക്കോ? പരസ്യങ്ങള്‍ കൊണ്ട്‌ കാണികളെ വീര്‍പ്പു മുട്ടിക്കുന്ന ചാനലുകാര്‍ക്കോ? ഇന്‍സ്റ്റന്റ്‌ ഓണസദ്യ നല്‍കുന്ന ഹോട്ടലുകാര്‍ക്കോ? അതോ തുണിക്കച്ചവടക്കാര്‍ക്കോ? വാറ്റുകാര്‍ക്കോ? സ്പിരിറ്റ്‌ ലോബിക്കോ? മലയാളിയെ ഓണം ഉണ്ണിക്കാന്‍ കഷ്ടപ്പെട്ട്‌,ഉപ്പ്‌ തൊട്ട്‌ കര്‍പ്പൂരം വരെ ഇവിടേക്ക്‌ കയറ്റി അയക്കുന്ന അയല്‍സംസ്ഥാനങ്ങളിലുള്ളവര്‍ക്കോ? ആര്‍ക്കാണ്‌ ഐശ്വര്യവും സമൃദ്ധിയും നിറയുന്ന ഓണാഘോഷം?



19 comments:

krish | കൃഷ് said...

ശമ്പളവും ബോണസ്സും, പ്രവാസികള്‍ അയച്ചുകൊടുക്കുന്ന കാശും, പിന്നെ കാണം വിറ്റതുമൊക്കെയായി നാം ഓണം ആഘോഷിക്കുന്നു. എന്നാല്‍ ശരിക്കും ആഘോഷിക്കുന്നത്‌ ആരാണ്‌?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഓണം കൊണ്ട്‌ ആര്‍ക്കാ നേട്ടം?
=========================
ഓണം കൊണ്ട് ആര്‍ക്കാ നേട്ടം ഇല്ലാത്തത്?മലയാളികള്‍ അച്ചടക്കം പഠിയ്ക്കുന്നില്ലേ?അതൊരു ചില്ലറ കാര്യമാണോ?കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന പഴഞ്ചൊല്ലില്‍ വിശ്വസിയ്ക്കുന്ന മലയാളിയെ ബിവറേജസ് കോര്‍പ്പറേഷന്റെ മുന്നില്‍ വച്ചു ഒന്നു കണ്ടു നോക്കൂ..പൊള്ളുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയത്തും എത്ര ശാന്ത ശീലരാ‍യാണവര്‍ ഊഴം വരുന്നതും കാത്തിരിയ്ക്കുന്നത്? എന്നിട്ടോ 200 കോടി രൂപയല്ലേ ഖജനാവിലേയ്ക്കു 10 ദിവസം കൊണ്ട് കൊടുത്തത്? ഉത്രാട ദിവസം മാത്രം 14 കോടി..“നാടിന്റെ വികസന”ത്തിനു വേണ്ടി ഇതിലും കൂടുതല്‍ ഒരു മലയാളിയ്ക്കു സംഭാവന ചെയ്യാന്‍ കഴിയുമോ?“ബിവറേജസ് ഇല്ലാതെ നമുക്ക് എന്തു ആഘോഷം?

ഇത്തവണ നാട്ടില്‍ കോരിച്ചൊരിയുന്ന മഴ ആയിരുന്നു? എന്നാലെന്ത്?ചാനലുകളോടൊപ്പമല്ലേ നമ്മുടെ ഓണം..വീടു പൂട്ടി ഉള്ളില്‍ തന്നെ ഇരുന്നാല്‍ മതിയല്ലോ...ചൂടു പകരാന്‍ കള്‍സ്...രണ്ട് വര്‍ഷം മുന്‍പ് ഒരു ഓണത്തിനു ഒരു ചാനലില്‍ വന്ന “രാവണ പ്രഭു” എന്ന സിനിമ തീരാന്‍ 5 മണിക്കൂര്‍ എടുത്തു.പരസ്യങ്ങളുടെ ബഹളം കാരണം..ഹനുമാന്‍ ലങ്കയില്‍ ചാടിയെത്താന്‍ അത്രയും സമയം എടുത്തു കാണില്ല.

“പൊന്നോണം” എന്ന വാക്കിനെ ഇംഗ്ലീഷിലാക്കി “ഗോള്‍ഡന്‍ ഓണം” എന്ന് മാറ്റിയിട്ട് ഒരു മലയാളി“ മോഡല്‍ “ചെന്നൈയില്‍ പറഞ്ഞിരിയ്ക്കുന്നു ഓണം എന്നാല്‍ ഗോള്‍ഡ് വാങ്ങാനുള്ള സമയം ആണെന്ന്.....”ദൈവതോ രക്ഷതു” എന്നല്ലാതെ എന്ത് പറയാന്‍?

10,000 കോടി രൂപയുടെ വിറ്റു വരവാണ് ഓണം സീസണ്‍ നല്‍‌കുന്നത്.ഇന്‍‌ഡ്യയില്‍ മറ്റൊരു സംസ്ഥാനത്തും ഒരു ഉല്‍‌സവ സമയം ഇത്ര വലിയ മാര്‍ക്കറ്റ് തുറക്കുന്നില്ല....നാട്ടില്‍ ചെന്നപ്പോള്‍ “പായസ മേള” വരെ കണ്ടു..ഏതു പായസവും, ഏതു അളവിലും പായ്ക്കറ്റില്‍...ചെന്നൈയില്‍ എല്ലാ ഹോട്ടലുകാരും ആഴ്ചകള്‍ നീണ്ടു നില്‍‌ക്കുന്ന “ഓണസദ്യ”( 250-300 രൂ വരെ) നടത്തി മലയാളികളെ ‘സേവിച്ചു”

“ദൈവത്തിന്റെ സ്വന്തം നാട്..സ്വന്തം ഓണം !”

നല്ല പോസ്റ്റ്.....

മാണിക്യം said...

ഓണം കൊണ്ട്‌ ആര്‍ക്കാ നേട്ടം?
ചോദ്യം വളരെ പ്രസക്തം കേരളം എന്ന് പറയുമ്പോള്‍
ഈ ആഘോഷങ്ങള്‍ക്കും കച്ചവടത്തിനും സിനിമയ്ക്കും
പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കൂടി ഉള്‍പ്പെടുന്നില്ലേ?

ഓണക്കാലത്ത് എല്ലാതുറകളിലും പെട്ടവര്‍ സജ്ജീവമാകുന്നു,
പണ്ടൊക്കെ കോടിയിലും സദ്യയിലും ഓണം ഒതുക്കിയവര്‍
ഇന്ന് ആഘോഷം "അടിപൊളി"യാക്കുന്നു ഓണം കഴിയുമ്പോള്‍
അടി പൊളിഞ്ഞ് തന്നെ

എന്തെല്ലാം കഷ്ടങ്ങള്‍ ഉണ്ടെങ്കിലും ആണ്ടില്‍
ഒരിക്കല്‍ എല്ലാം മറന്ന് മാവേലിയുടെ പ്രജയാവാന്‍
കോടിയും സദ്യയും ഒക്കെ ആയിട്ട്...
ഓണത്തിന് ഒരിലചോറുണ്ണുക ...

അതിന്റെ തന്നെ മറ്റൊരുവശമല്ലെ പ്രവാസിയുടെ നാട്ടില്‍ പോക്ക്
എന്തെല്ലാം പാട് പെട്ട് കഴിയുന്നവനും രണ്ടോ അഞ്ചോ
കൊല്ലം കഴിഞ്ഞ് നാട്ടില്‍ പോകുമ്പോള്‍ കടം വാങ്ങിയും ചിട്ടിപിടിച്ചും
സ്വപനലോകത്തെ രാജകുമാരനായ് എത്താറില്ലേ?
അവരെത്തുമ്പോള്‍‌ വീട്ടുകാരും കൂട്ടുകാരും
നമുക്ക് ഒന്നു കൂടണ്ടെ എന്നല്ലെ പറയുക്?
മാവേലിയും ആണ്ടില്‍ ഒരിക്കല്‍ എത്തുന്ന പ്രവാസി ആണിന്ന് ..
എല്ലാമേഘലയിലേയും ആര്‍ഭാടം ഓണത്തിനേയും അപഹരിച്ചു..

Lathika subhash said...

ഓണം വന്നു പോയി.
ഓണവര്‍ത്തമാനം അയവിറക്കി,
പതിവുപോലെ അല്പം
ഓണക്കുറ്റം പറയാം.
കൃഷ്,നല്ലകുറിപ്പ്..

സരസന്‍ said...

കണ്ണുള്ളവര്‍ കാണുന്നില്ല അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു...
അവര്‍ക്കു ഹര്‍ത്താലായി..ബന്ദായി ...മറ്റെടാകൂടങ്ങളുമായി തിരക്കിലണു....

നമുക്കു തുണ ആണ്ടികളും പാണ്ടികളും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓണം ഒരു ബിസിനസ്സായ് വളരുന്നു.

അതുകൊണ്ട് തന്നെ നേട്ടം ഉണ്ടാക്കുന്നവര്‍ ഒത്തിരി

keralafarmer said...

ഹര്‍ത്താലിനും, ബന്തിനും, അണികള്‍ക്ക് വീതം വെയ്കാനും ഒക്കെ വകമാറ്റി ചെലവാക്കാം, വിദേശ ടൂറിനും (ഓണത്തിന് ഭക്ഷ്യമന്ത്രി വിദേശ ടൂറിലായിരുന്നു) മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കാനും, മന്ത്രിമാര്‍ക്കും വകുപ്പ് തലവന്മാര്‍ക്കും മറ്റും ഉപയോഗിക്കാന്‍ വിദേശ കാറും മറ്റുമൊക്കെ വേണ്ടെ? ആരോടെങ്കിലും ചോദിച്ചാല്‍ കൊടുക്കുന്നത് കണക്കില്‍‌പ്പെടുത്താന്‍ കഴിയുമോ? ഖജനാവിലേയ്ക്ക് പണമൊവുകി എത്താനുള്ള കുറുക്ക് വഴികളല്ലെ ആഘോഷങ്ങള്‍. വിവറേജ് കോര്‍പ്പറേഷന്‍ കൃസ്തമസിനായി ഇനി സംഭരിക്കട്ടെ സെക്കന്‍ഡ്സ് എന്ന ഓമനപ്പേരുള്ള ശുദ്ധീകരിക്കാത്ത വിദേശമദ്യം.

Cartoonist said...

ശ്സേടാ, ഓണകേരളം കമ്പ്ലീറ്റ് മാറീരിയ്ക്കുണു...

ഇക്കൊലം, പപ്പടം പൊടിക്കുന്ന ശബ്ദവും ഏമ്പക്കവും മാത്രമാണ് ഓണസ്മൃതികള്‍ ഉണര്‍ത്തിയത്.

കുട്ടി said...

സാധാരണക്കാര്‍ ഓണം ആഘോഷിക്കുന്നത് എന്തെങ്കിലും നേട്ടത്തിനു അല്ലല്ലൊ. ഇവിടെ പറയുന്ന നേട്ടത്തിന്റെ കണക്ക് കച്ചവടത്തിന്റെ ആണെന്നു അറിയാം. ഭൂരിപക്ഷം ആഘോഷിക്കുന്ന ഒരു ഉത്സവം ആകുമ്പോള്‍ അതിനാവശ്യമായ സാധനങ്ങളും അതു പോലെ വേണ്ടി വരുമല്ലോ. കേരളം നേരത്തെ തന്നെ ഒരു ഉപഭോഗ സംസ്ഥാനമായി കഴിഞ്ഞ സ്ഥിതിക്കു ഇത്തരത്തിലുള്ള പറച്ചിലുകള്‍ക്കു എന്തെങ്കിലും അര്‍ഥമുള്ളതായി തോന്നുന്നില്ല. എന്തിനേയും ഏതിനേയും കുറ്റം പറയുക എന്നത് മലയാളികളൂടെ ഒരു ശീലം ആയി പോയി.ഇങ്ങനെ കുറ്റം പറയുന്നതില്‍ എത്ര പേര്‍ അവരവരുടെ ഉള്ള സൌകര്യത്തില്‍ ഏറ്റവും കുറഞ്ഞത് ഒരു പച്ചക്കറിച്ചെടി എങ്ങിലും വളര്‍ത്തുന്നുണ്ട് ??

പിന്നെ ഓണത്തിന്റെ ആഘോഷത്തെ കുറിച്ചു പറയുകയാണെങ്കില്‍... കുട്ടിക്കാലത്തു കാത്തിരുന്നിട്ടുണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന ആ പുത്തന്‍ ഉടുപ്പിനായി. ഇപ്പൊ ആ അവസ്ഥ ഇല്ലെങ്കിലും അങ്ങനെ ഉള്ള ആ കുട്ടിക്കാലത്തെ മറക്കാന്‍ കഴിയില്ലല്ലൊ.

വേണു venu said...

ഓണം കൊണ്ട്‌ ആര്‍ക്കാ നേട്ടം?
ഓണം ഒരു ഒത്തു കൂടലും ഉത്സവവും ഒക്കെ ആകുമ്പോള്‍ അതു് നേട്ടം കൊയ്യാനുള്ള ഒന്നല്ലായിരുന്നു. എല്ലാം കച്ചവടമായി മാറുന്ന ഈ കാലഘട്ടത്തില്‍ ഓണത്തിനേയ്യും മാക്സിമം കച്ചവട വിപണി മുതലെടുക്കുന്നു...

Gopan | ഗോപന്‍ said...

കേരളം ഒരു പരമ്പരാഗത -;) ഉപഭോക്ത സംസ്ഥാനമാണെന്നും ഇന്ത്യാ മഹാരാജ്യത്തിലെ പുട്ട് പോടിമുതല്‍ കോണ്ടസ്സ കാറുവരെ ആദ്യം ഇറക്കുന്നത്‌ കേരളത്തില്‍ തന്നെയാണെന്നും കിട്ടിനിയില്ലാത്ത ഈ എനിക്കുവരെ അറിയാവുന്ന വളരെ ചെറിയ സത്യമാണ്..
ഓണം കൊണ്ടു നേട്ടം ആര്‍ക്കുവേണമെങ്കിലുമായിക്കോട്ടേ..(എന്‍റെ അഭിപ്രയാം കേട്ടോ, കൃഷേ എന്നെ തല്ലരുത് ) ഓണം വരുന്നെന്നു പരസ്യപെടുത്തുന്ന ചാനലുകളും മാഗസിനും ഉള്ളതുകൊണ്ട് പുതിയ തലമുറയ്ക്ക് അങ്ങിനെയൊരു ആഘോഷം ഉണ്ടെന്നു ഓര്‍മ്മപെടുത്താനെങ്കിലും ഉപകരിക്കട്ടെ.

അവസരോചിതമായ നല്ല പോസ്റ്റ് കൃഷ്‌...
അഭിനന്ദനങ്ങള്‍..കൃഷിനും മാണിക്യേച്ചിക്കും (ഒരു പ്രജോദനം നല്‍കിയതിനു )

ബിന്ദു കെ പി said...

പ്രസക്തമായ പോസ്റ്റ്..
റ്റിവി പരിപാടികളുടെ ആധിക്യമാണ് ഓണത്തെ ഒരു അറുമുഷിപ്പന്‍ അഘോഷമാക്കി മാറ്റിയതിന്റെ പ്രധാന കാരണമെന്നാണ് എനിയ്ക്കു തോന്നിയിട്ടുള്ളത്.

നിരക്ഷരൻ said...

എന്നാ അലക്കാ കൃഷേട്ടാ അലക്കീരിക്കുന്നേ ?
നമോവാകം.

വളരെ പ്രസക്തമായ ഒരു പോസ്റ്റ്. അഭിനന്ദനങ്ങള്‍.

ഗീത said...

കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നല്ലേ ?

ഓണത്തിനെന്നും പറഞ്ഞ് കൈയില്‍ കിട്ടുന്ന അധിക പണം ചിലവാക്കാന്‍ ജനങ്ങള്‍ റെഡി....
ചിലവാക്കിപ്പിക്കാന്‍ കച്ചവടക്കാരും റെഡി....
പിന്നെ പറഞ്ഞിട്ടെന്തു കാര്യം?

ഹോട്ടലില്‍ പോയാല്‍ 18 രൂപക്കു കിട്ടുന്ന മസാലദോശ, അതേ ഹോട്ടലുകാര്‍ ഓണത്തോടനുബന്ധിച്ചു നടത്തുന്ന ഭക്ഷ്യമേളയില്‍ വില്‍ക്കുന്നത് 30 രൂപക്ക്...
എന്നാലും അവിടെ തിരക്കിനു വല്ല കുറവുമുണ്ടോ?

കാപ്പിലാന്‍ said...

ഉണ്ടിരുന്ന നായര്‍ക്കൊരു ഉള്‍വിളി എന്നോ അല്ലെങ്കില്‍ മോങ്ങാനിരുന്ന നായുടെ മുകളില്‍ ഒരു തേങ്ങാ വീണു എന്ന നിലയിലോ മാത്രമേ ഞാന്‍ കൃഷിന്റെ ഈ പോസ്റ്റിനെ കാണുന്നുള്ളൂ .

നമ്മള്‍ എല്ലാം ഇങ്ങനെയാണ് .

ഇതൊക്കെ കൊണ്ട് കൃഷ് ഒരു കാര്യം ചെയ്യണം അടുത്ത ഓണം മാണ്ടാ എന്ന് വെയ്ക്കണം :)

മയൂര said...

നേട്ടവും കോട്ടവും നോക്കാതെ ഓണംഘോഷിച്ചാൽ പോരെ? ഇങ്ങിനെയൊക്കെ പറഞ്ഞ് പറഞ്ഞോണത്തെ പഴക്കരുതേ :)

ഓ.ടോ..
ഓണം പിറന്നാലും ഉണ്ണു പിറന്നാലും കാലിത്സിനു കെ.എഫ്.സി ബക്കറ്റിൻ ചിക്കൻ ഫ്രൈ;)

krish | കൃഷ് said...

സുനില്‍ കൃഷ്ണന്‍: അഭിപ്രായത്തിനു നന്ദി. ഓണം നമ്മുടെ ഒരു ആഘോഷത്തിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവരുടെ ഒരു കച്ചവട ആഘോഷമായിരിക്കുന്നു.

മാണിക്യം: നന്ദി. അതെ, എല്ലാവരും ഒരിടത്ത്‌ ഒത്തുകൂടല്‍ തന്നെ ഒരു സന്തോഷം തരുന്ന കാര്യമല്ലേ.

ലതി: നന്ദി. ലേശം ഓണക്കുറ്റവുമാകാം. ഓണത്തല്ലിന്റെ ഒരു ഭാഗമാക്കാം അല്ലേ.

സരസന്‍: നന്ദി. അതെ, ചുറ്റും നടക്കുന്നത്‌ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു. ആണ്ടികള്‍ പാണ്ടികള്‍ വാഴ്ക!!

പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി. എല്ലാം ബിസിനസ്സല്ലേ. ഇനി നമ്മുടെ ഓണാഘോഷവും വെറെ സംസ്ഥാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന കാലം വരും. ദിസ്‌ ഇയേര്‍സ്‌ കേരളാ'സ്‌ ഓണം ഫെസ്റ്റിവല്‍ ഇസ്‌ സ്പോണ്‍സേഡ്‌ ബൈ തമിള്‍ നാട്‌ ആന്റ്‌ കര്‍ണ്ണാടക.!!!

കേരള ഫാര്‍മര്‍: നന്ദി. ദാ ഇപ്പോള്‍ കേള്‍ക്കുന്നു, ബിവറേജസ്‌ കോര്‍പ്പറേഷന്‍ മദ്യം വില്‍പ്പനയിലൂടെ നേടിയ പണം കൊണ്ട്‌ മദ്യവര്‍ജ്ജന ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുമത്രേ. അപ്പൊ സംഗതി നഷ്ടമാകില്ലേ.

കാര്‍ട്ടൂ: നന്ദി. സദ്യ എങ്ങനിണ്ടാരുന്നൂ. ഊണേശ്വരത്തുനിന്നും ബോംബ്‌ പൊട്ടിക്കുന്നപോലത്തെ പപ്പടം പൊടിക്കുന്ന ശബ്ദവും ഏമ്പക്കത്തിന്റെ അലയൊലികളും കേരളം മുഴ്വോന്‍ കേള്‍ക്കാത്രേ. :)

കുട്ടി: നന്ദി. ഒരു ആഘോഷമാവുമ്പോള്‍ അതിനുവേണ്ട എല്ലാ സാധനങ്ങളും അതാതു സ്ഥലത്ത്‌ ലഭ്യമാവുകയില്ല. സമ്മതിച്ചു. പക്ഷേ, ഇന്ന് നാം എല്ലാറ്റിനും മറ്റിടങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. കേരളം ഉപഭോഗസംസ്ഥാനമാക്കി മാറ്റിയതല്ലേ.

വേണു: നന്ദി. കുടുംബാഘോഷങ്ങളും നാട്ടാഘോഷങ്ങളും കച്ചവടക്കാര്‍ കൈയ്യടക്കികൊണ്ടിരിക്കുന്നു.

ഗോപന്‍; നന്ദി. ഹഹ. ചാനലുകാരും പത്രക്കാരും സമയാസമയത്തിനു ഓര്‍മ്മപ്പെടുത്തിയില്ലെങ്കില്‍ നമ്മള്‍ ഓണം ആഘോഷിക്കാന്‍ മറന്നുപോയാലോ. നഷ്ടം എത്രയാ ഇവര്‍ക്കെല്ലാം. സഹിക്കാന്‍ പറ്റുമോ?

ബിന്ദു: നന്ദി. അതോണ്ടല്ലേ, ഓണസദ്യ ഹോട്ടലീന്നു ഓര്‍ഡര്‍ ചെയ്ത്‌ ടി.വി.ക്കു മുന്നിലിരുന്ന് കഴിക്കുന്നത്‌. ചാനലുകാര്‍ പറയുന്നില്ലേ, സെലിബ്രേറ്റ്‌ ഓണം വിത്ത്‌ ----- ചാനല്‍. കേള്‍ക്കാണ്ടിരിക്കാന്‍ പറ്റുമോ.

നിരക്ഷരന്‍: നന്ദി.
ഗീതാഗീതികള്‍: നന്ദി. കാശുള്ളവര്‍ക്ക്‌ ശരി.

കാപ്പിലാന്‍: നന്ദി. കാപ്പില്‍സ്‌, തലകുത്തിനിന്ന് കണ്ടാലും ഒരു കൊഴപ്പോല്ല്യാ. പിന്നെ, ഉണ്ടിരിക്കുമ്പോഴല്ലേ ഉള്‍വിളി വരൂ. അതു നായരായാലും നമ്പൂതിരിയായാലും നസ്രാണിയായാലും ഒരേ പോലെയാ. വിശന്ന് വയര്‍ കാളുമ്പോള്‍ ആര്‍ക്കെങ്കിലും ആഹാരത്തിനുള്ള ഉള്‍വിളിയല്ലാതെ വേറെയെന്തിങ്കിലും മനസ്സില്‍ വരുമോ.
പിന്നെ, അടുത്ത ഓണത്തിനു അമേരിക്കന്‍ ബുഫ്ഫെ ലഞ്ചും ഡിന്നറും സ്പോന്‍സര്‍ ചെയ്തില്ലെങ്കില്‍ ഞാന്‍ മാണ്ടാന്നു വെയ്ക്കുംട്ടോ. :)

(ഓ.ടോ: തെങ്ങിന്റെ മുകളിക്‌ കയറി മനഃപ്പൂര്‍വ്വം നായുടെ തലയില്‍ തേങ്ങയിട്ട കാപ്പില്‍സിനെതിരെ പ്രതിഷേധിച്ച്‌ ഡോഗ്സ്‌ അസ്സോസിയേഷന്‍ അമേരിക്കയില്‍ ഹര്‍ത്താല്‍ നടത്താന്‍ പരിപാടിയുണ്ടത്രേ)

മയൂര: നന്ദി. ഇനി ഞാന്‍ പറഞ്ഞു പഴിക്കുന്നില്ല.
കെ.എഫ്‌.സി. ചിക്കന്‍ ഫ്രൈ സിന്ദാബാദ്‌. :)

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

വളരെ ശരിയായ വിമര്‍ശനം./ വിലയിരുത്തല്‍.

സര്‍ക്കാര്‍ ബോണസ്സും ഉത്സവബത്തയും നല്‍കി പാവങ്ങളെ ചതിക്കുകയാണു.

1000 രൂപ കിട്ടുന്നവന്‍ 2000 രൂപയ്ക്കാണ് വാങ്ങിക്കൂട്ടുന്നത്. ഓണം കഴിയുമ്പോള്‍ 1000 രൂപയെങ്കിലും കടമില്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ ആരുണ്ടിവിടെ??

മദ്യം
വസ്ത്രം
സ്വര്‍ണം
ടി.വി/ഫ്രിഡ്ജ്/വാഷിങ് മെഷിന്‍
കമ്പ്യുട്ടര്‍
മൊബൈല്‍ ഫോണ്‍
...
..
.
പൂക്കളത്തിന്റെ വലുപ്പം കൂടിക്കൂടി വരികയാണിങ്ങനെ.
മലയാളികളുടെ ഉപഭോഗതൃഷ്ണയുടെ പാരമ്യമാണ് ഓണം എന്നു പറയുന്നത്.

keralafarmer said...

ഓണപ്പടി തടയാന്‍ നിയോഗിച്ച സ്‌ക്വാഡിന്റെ 'പിരിവ്‌' അന്വേഷിക്കുന്നു
തൃശൂര്‍: 'ഓണപ്പടി' പിരിക്കുന്നതു തടയാന്‍ വനം വകുപ്പ്‌ നിയോഗിച്ച സ്‌ക്വാഡും ഓടിനടന്നു പിരിവു നടത്തിയതു വിജിലന്‍സ്‌ അന്വേഷിക്കുന്നു. ഓണക്കാലത്തു ഫ്‌ളൈയിംഗ്‌ സ്‌ക്വാഡുകള്‍ പല സ്‌ഥലങ്ങളിലും നടത്തിയ പിരിവിന്റെ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണു നടപടി.

ഓണത്തിനോ മറ്റ്‌ ഉത്സവങ്ങള്‍ക്കോ ഡിപ്പാര്‍ട്ടുമെന്റ്‌ വാഹനമുപയോഗിച്ച്‌ ജീവനക്കാര്‍ മാസപ്പടി പിരിക്കാന്‍ ശ്രമിക്കരുതെന്നു വനം മന്ത്രി നിര്‍ദേശം നല്‍കിയത്‌ കഴിഞ്ഞ ആഴ്‌ചയാണ്‌. ഉദ്യോഗസ്‌ഥര്‍ പണം പിരിക്കാന്‍ ശ്രമിച്ചാല്‍ അതു വകുപ്പാസ്‌ഥാനത്തോ മന്ത്രിയുടെ ഓഫീസിനെയോ അറിയിക്കുന്നതിനുള്ള ഫോണ്‍ നമ്പറുകളും പ്രസിദ്ധപ്പെടുത്തിയിരുന്നു.

വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്‌ഥര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നു പരിശോധിക്കാനാണു ജില്ലകളിലുള്ള ഫ്‌ളയിംഗ്‌ സ്‌ക്വാഡുകളെ ചുമതലപ്പെടുത്തിയത്‌. ഇതിനിടയിലാണു ഫ്‌ളയിംഗ്‌ സ്‌ക്വാഡില്‍ പെട്ടവര്‍ തന്നെ ഔദ്യോഗിക വാഹനം ഉപയോഗിച്ചു തടിമില്ലുകളില്‍നിന്നും ഫര്‍ണിച്ചര്‍ കടകളില്‍നിന്നും പിരിവു നടത്തിയത്‌. ഇതുസംബന്ധിച്ച തെളിവുകള്‍ വകുപ്പിന്റെ വിജിലന്‍സ്‌ വിഭാഗത്തിനു ലഭിച്ചു. ഇതിനെത്തുടര്‍ന്നാണ്‌ വിശദമായ അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങിയിരിക്കുന്നത്‌.
കടപ്പാട് - മംഗളം 19-09-08