Tuesday, September 9, 2008

ഞാന്‍ പൊടിയാടി സിറ്റിസണ്‍

ഞാന്‍ പൊടിയാടി സിറ്റിസണ്‍
നിങ്ങള്‍ പൊടിയാടിയെ പറ്റി കേട്ടിട്ടുണ്ടോ? എന്റെ ഗ്രാമം അത്ര പ്രസിദ്ധയല്ലായെന്നാണു ഞാന്‍ കരുതിയതു. അതു എങ്ങനാ, ആനയ്ക്ക്‌ അതിന്റെ വലുപ്പം അറിയത്തില്ലാ എന്നു പറയുമ്പോലെ ആണു ഇതും.

പൊടിയാടി എന്ന പേരു എങ്ങനെ വന്നു എന്നു എനിക്കറിയില്ല. എന്നാലും ഒരു പൊടിയാടിക്കാരനായി അറിയപ്പെടാന്‍ തന്നെയാണു ഈ മണ്ണും, പൊടിയും ആയ എന്റെ ആഗ്രഹവും.

പത്തനംതിട്ട ജില്ലയില്‍, തിരുവല്ലാ താലൂക്കില്‍, നെടുമ്പ്രം ഗ്രാമ പഞ്ചായത്തില്‍ പെട്ടതാണു പൊടിയാടി എന്ന ഈ കൊച്ചു ഗ്രാമം. പൊടിയാടിയെ 4 പേരു അറിയുന്നതു പരുമല പള്ളി, എടത്വാ പള്ളി, ഇപ്പോള്‍ ചക്കുളത്ത്‌ കാവു മുതലായ ഭക്തി സങ്കേതങ്ങള്‍ ആയിരുന്നുവെന്നാണു ഞാന്‍ കരുതിയിരുന്നതു. കാരണം ഈ സ്ഥലത്തേക്ക്‌ പോകേണ്ടിയവര്‍ പൊടിയാടിയില്‍ കൂടി മാത്രമാണു പോകുന്നതു. ആ ചെറിയ അഹങ്കാരം പൊടിയാടിക്കാരില്‍ ഉണ്ടായിരുന്നു താനും. എന്നാല്‍ പൊടിയാടിയെ പൊടിയാടിയാക്കിയത്‌ മറ്റ്‌ പലതും ആയിരുന്നുവെന്നു ഓര്‍കുത്ത്‌ കമ്മ്യുണിറ്റികള്‍ കണ്ടപ്പോള്‍ മാത്രമാണു മനസ്സിലായതു. പൊടിയാടിക്കാരെ കണ്ടുപിടിക്കാന്‍ വേണ്ടി പൊടിയാടി സേര്‍ച്ചു ചെയ്തപ്പോള്‍ ഞെട്ടി പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ? 'പൊടിയാടി ഷാപ്പ്‌' ആണു ഓര്‍കുത്തില്‍ മുഖ്യ ആകര്‍ഷണം. പൊടിയാടി ഷാപ്പിലെ കറികളുടെ രുചിയെ പറ്റി ഞാനും കേട്ടിട്ടുണ്ട്‌, പക്ഷേ ഒരു കമ്മ്യുണിറ്റി…. അതില്‍ 34 അംഗങ്ങള്‍….ഇതാണു എന്നെ ഞെട്ടിച്ചതു.
കേരള സംസ്ഥാനത്ത്‌ VAT തുടങ്ങുന്നതിനു എത്രയോ മുന്‍പു ഞങ്ങളുടെ അയല്‍ക്കാരനായ കുന്നച്ചേരില്‍ സരസ്സന്‍ VAT തുടങ്ങിയതാണു. പക്ഷെ സരസ്സന്‍ വാറ്റും, എക്സൈസ്കാര്‍ ഓടിക്കും, പിടിക്കും, ജയിലില്‍ ഇടും. പിന്നെയും വാറ്റും. ഈ അടുത്ത്‌ കാലത്തു സരസ്സനെ പോലീസുകാര്‍ പിടിച്ചപ്പോള്‍ സരസ്സന്‍ കൂള്‍ ആയി പറഞ്ഞത്രെ,'എന്നെ വിട്‌ സാറേ, ഇന്നലെയും ഞാന്‍ റ്റിവിയില്‍ കണ്ടതാ, വാറ്റ്‌, നമ്മള്‍ക്കും, നാടിനും എന്നു ധനകാര്യ മന്ത്രി പറയുന്നതു. ഇപ്പോള്‍ ഞങ്ങളുടെ സര്‍ക്കാരാ, തൊപ്പി പോണ വഴി അറിയില്ല സാറേ' യെന്നു പറഞ്ഞിട്ടും പോലിസുകാര്‍ കൊണ്ടു പൊയി എന്നതു മറ്റൊരു സത്യം.

പണ്ടു ഒരിക്കല്‍ സരസ്സനെ ഓടിച്ചു പിടിച്ച ഒരു പോലീസുകാരന്‍ പറഞ്ഞു,എടാ_____________മോനെ, നീ ഈ ഒടുക്കത്തെ ഓട്ടം ആ ഒളിമ്പിക്സില്‍ ഓടിയിരുന്നെങ്കില്‍, ഇന്‍ഡ്യക്ക്‌ ഒരു 10 സ്വര്‍ണ്ണം ഉറപ്പു എന്നു പറഞ്ഞതും, ഒളിമ്പിക്സിനു ഓടുമ്പോള്‍ നിങ്ങളും പുറകെ കാണുമെങ്കില്‍ ഞാന്‍ സ്വര്‍ണ്ണം വാങ്ങി തരാം എന്നു പറഞ്ഞപ്പോള്‍ ഒരു കൂട്ട ചിരി ഉയര്‍ന്നതും ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

സരസ്സനെ കാണാന്‍ എവിടുന്നെല്ലാം ആണു ആളു വരുന്നതു എന്നു ആര്‍ക്കും അറിയില്ല. പക്ഷെ സരസ്സനെ കണ്ട്‌ മടങ്ങുമ്പോള്‍, വന്നവര്‍ പഴുതാരയായും, പാമ്പായും, പുഷ്‌-പുള്ളായും ഒക്കെയായിരിക്കും യാത്ര എന്നു മാത്രം. ആയതിനാല്‍ രാത്രി സമയത്തു അവിടെയും ഇവിടെയും ഈ 'ഇഴജന്തുക്കള്‍' കാണുമെന്ന കാരണത്താല്‍ രാത്രി കാലങ്ങളില്‍ റ്റോര്‍ച്ചു അത്യാവശ്യ ഘടകം ആയിരുന്നു എന്നു മാത്രം.

ഇന്നു സരസ്സനു എതിരാളികള്‍ ഉണ്ടു. വാറ്റ്‌, നമ്മള്‍ക്കും, നാടിനും എന്ന ആപ്ത വാക്യം മുറുകെ പിടിച്ചിരിക്കുന്നവര്‍.. എല്ലാവരും നമ്മുടെ നാടിനു വേണ്ടി വാറ്റുന്നു.

എന്നാണാവോ, ഈ സരസ്സന്റെ പേരിലും ഒരു ഓര്‍കുത്ത്‌ കമ്മ്യുണിറ്റി ഉണ്ടാവുക.

പൊടിയാടിയെ പ്രസിദ്ധമാക്കിയ പൊടിയാടി ഷാപ്പേ…………, പണ്ടേ വാറ്റ്‌ നടപ്പാക്കിയ സരസ്സാ……….., നിങ്ങള്‍ക്കു ഈ ഉള്ളവന്റെ നമോവാഹം.

10 comments:

മാണിക്യം said...

പൊടിയാടിക്കാരാ
ആല്‍ത്തറയിലേയ്ക്ക് സ്വാഗതം!


പൊടിയാ‍ടിയെ ആലത്തറയില്‍
ഈ ഓണക്കാലത്ത് അവതരിപ്പിച്ചതിനു
പ്രത്യേകം നന്ദി ..
ഇന്ന് ഓണക്കാലത്ത്
സരസന്മാരണല്ലോ താരം !!

ഓണാശംസകള്‍!

അനില്‍@ബ്ലോഗ് // anil said...

പോടിയാടികാരാ,

പൊടിയടിക്കുമായിരുന്നൊ?

“പൊടി”(പണ്ടത്തെ 50 മി.ലി ചാരായക്കുപ്പി) അടിച്ചു ആടിയാടി പോകുന്നവന്‍ പൊടിയാടിക്കാരന്‍,

ഞാനിതുവരെ അങ്ങിനെയാണ് കരുതിയിരുന്നതു കേട്ടോ :)

കനല്‍ said...

പറ്റുമെങ്കില്‍ പൊടിയാടി സരസന്റെ ഷാപ്പ് ഇങ്ങോട്ട് പൊക്കി പോര്...
ആല്‍ത്തറയില്‍ കുടിയന്മാരില്ലാന്നുള്ള കുറവ് നികത്താല്ലോ?

പാമരന്‍ said...

കനലേ ആല്‍ത്തറയില്‍ കുടിയന്‍മാരില്ലാന്നോ..? ഹെന്‍റെ ബ്ളോഗനാര്‍ കാവിലമ്മേ!
ഞങ്ങളെയൊന്നും കണ്ണില്‍പിടിച്ചില്ലാന്നുണ്ടോ?

പൊടിയാടി കലക്കി ട്ടാ

ശ്രീവല്ലഭന്‍. said...

പൊടിയാടിക്കാരന്‍ തന്നെ (ഞാനും). എന്‍റെ 'ഒരു പൊടിയാടി ഓണം' പിറകെ വരുന്നു. :-)

നിരക്ഷരൻ said...

“ഒളിമ്പിക്സിനു ഓടുമ്പോള്‍ നിങ്ങളും പുറകെ കാണുമെങ്കില്‍ ഞാന്‍ സ്വര്‍ണ്ണം വാങ്ങി തരാം എന്നു പറഞ്ഞപ്പോള്‍ ഒരു കൂട്ട ചിരി ഉയര്‍ന്നതും ഞാന്‍ ഇന്നും ഓര്‍ക്കുന്നു“ അത് കലക്കി.

അല്ലാ.. ഇതെന്താ പൊടിയാടി ആല്‍ത്തറയോ ?
:) :)

മാണിക്യം said...

എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാവാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കാം.....

അടുത്ത ഓണത്തിനും നമ്മളൊക്കെ
ഇതുപോലെ കൂടാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കണേ!എന്ന പ്രാര്‍ത്ഥനയോടെ!
നന്ദിയോടെ.. സസ്നേഹം മാണിക്യം



• ´")))✲ۣۜঔﱞ
¸.•´ .•´")))
(((¸¸.•´ ..•´ ✲ۣۜঔﱞ "പൊന്നോണാശംസകള്‍" ´")))✲ۣۜঔﱞ
¸ .•´ .•´")(((¸¸.•´ ..•´ ✲ۣۜঔﱞ
,

നിരക്ഷരൻ said...

അല്ലാ....അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ?
അടുത്ത ഓണത്തിന് മാണിക്യേച്ചി എവിടെപ്പോകുന്നു ?
:) :)

Gopan | ഗോപന്‍ said...

പൊടിയാടിക്കഥ നന്നായി..
സരസ്സന്‍റെ രംഗം കുറഞ്ഞുപോയോന്നു ഒരു സംശയം..
സരസ്സന്‍ കമ്മ്യുണിറ്റി ഓര്‍ക്കുത്തില്‍ വേണ്ട ഇവിടെത്തന്നെ യാകാം.
ഓണാശംസകള്‍ !

വേണു venu said...

പൂവേ പൊലി, പൂവേ പൊലി
പൂവേ പൊലി പൂവേ...
സ്നേഹവും സമാധാനവും ഐശ്വര്യവും ജീവിതത്തില്‍ നിറയട്ടെ. ഓണാശംസകള്‍.!