Sunday, June 15, 2008

ബൂലോഗപുരത്തെ കരിവാരം

'ഓപ്പറേഷന്‍ കുഞ്ച്വാസന'ത്തിനു ശേഷം ആല്‍ത്തറച്ചുവട്ടിലെ പാട്ടും ആട്ടവുമെല്ലാം കഴിഞ്ഞ്‌ എല്ലാരും ഒന്നു ക്ഷീണിച്ചിരിക്കയാണ്‌.

പ.കുഞ്ചു: "എനിക്ക്‌ ദാഹിച്ചിട്ട്‌ വയ്യ. എന്തെങ്കിലും കിട്ടുമോ?"

പ.പ്രസി. : "ഞങ്ങള്‍ക്കും ദാഹിക്കുന്നു. നമുക്കെല്ലാര്‍ക്കും കൂടി കുറ്റ്‌യാടിയുടെ ചായക്കടയിലോട്ട്‌ പോകാം. ഓരോ ചായ കുടിക്കാം."

എല്ലാവരുംകൂടി കുറ്റ്‌യാടിയുടെ ചായക്കടയിലേക്ക്‌ നടന്നുനീങ്ങുന്നു.

പ്രസി. : "കുറ്റ്‌യാട്യേ... ദേ ഞങ്ങള്‍ക്കെല്ലാര്‍ക്കും ഓരോ ചായേം പരുപ്പ്‌ വടേം എടുക്ക്വാ.. നല്ല പോലെ പാലൊക്കെ ഒഴിച്ച്‌ സ്പെഷലായി തന്നെ എടുത്തോ"

കുറ്റ്‌യാടി : " ഇങ്ങള്‌ എല്ലാരും അബടെ ഇരിക്കിന്‍. കുടിക്കാനും കടിക്കാനും ദാ ഇപ്പം കൊണ്ട്വരണൂ.."

പക്ഷേ, കുറ്റ്‌യാടി എല്ലാര്‍ക്കും കട്ടന്‍ കാപ്പിയും കരിഞ്ഞ വടയും കൊടുക്കുന്നു.

ഇതുകണ്ട്‌ പരദൂഷണം പിള്ളേച്ചനു കലികയറുന്നു. " ദെന്താണ്ട ഹമുക്കേ.. ഇന്റടുത്തല്ലേ പ്രസിഡന്റ്‌ പറഞ്ഞത്‌ പലൊഴിച്ച സ്പെഷല്‍ ചായേം ബടേം കൊണ്ടുവരാന്‍... ദെന്താ നീ കൊണ്ടുതന്നിരിക്കണ്‌... ആളെ കളിയാക്ക്വാ.."

കുറ്റ്‌യാടി: "അതാപ്പാ കാര്യം.. അപ്പോ നിങ്ങളൊന്നും അറിഞ്ഞില്ലേ. ബൂലോഗദുനിയാവില്‌ ഈ ആഴ്ച "കരിവാരം" ആയിട്ട്‌ ആചരിക്കണോന്നാ ഹുക്കും"

പാമൂ: " അതാരാണ്ടാ ഇപ്പോ ഇങ്ങനത്തെ ഓര്‍ഡര്‍ ഇട്ടിരിക്കണത്‌?"

കുറ്റ്‌യാടി: " ആ മഞ്ചക്കാരനും, സഞ്ചിപ്പെണ്ണും, നീട്ടിയോനും, ഒന്നിച്ച്‌വിഴുങ്ങണാളും പിന്നെ കൊറെയാള്‍ക്കാരും കൂടി എല്ലാടെത്തും ചെന്ന് ആഹ്വാനം ചെയ്തിരിക്ക്യാ. എല്ലാരും അവരവരുടെ സ്ഥാപനങ്ങളും സാധനങ്ങളും കറുപ്പിക്കണമെന്ന്. അതോണ്ടാ ഞമ്മടെ ചായേം ബടേമൊക്കെ കറുപ്പിച്ചത്‌. അല്ലെങ്കില്‍ അവര്‌ അനോണിഗുണ്ടകളെ വിട്ടാലോ? നിങ്ങള്‌ സമാധാനം പറയ്യോ?"

പ്രസി. "ഞാനറിയാതെ ഈ ബൂലോഗപുരം പഞ്ചായത്തില്‍ ഇങ്ങനെയൊരു ആഹ്വാനമോ"

പിള്ളേച്ചന്‍: "പിന്നെ, പ്രസിഡന്റിനെ അറിയിച്ചിട്ടുവേണ്ടെ ആഹ്വാനം നടത്താന്‍!!!"

കുറ്റി : " അതോണ്ട്‌ ഈയാഴ്ച ഇബടുന്ന് കറുത്തതും കരിഞ്ഞതും മൊരിഞ്ഞതുമൊക്കേ കിട്ട്വൊള്ളൂ.. അല്ലാ നിങ്ങളാരും കറുപ്പിച്ചില്ലേ?"

പിള്ളേച്ചന്‍ : " ഇനിയെന്തോ കറുപ്പിക്കാനാ, പണ്ടേ കറുത്തതാ!!"

പാമൂ: " ഇന്നാപ്പിന്നെ ഇങ്ങടെ ആ കാലന്‍ കുടയൊന്നു കറുപ്പിക്കിന്‍. അതിന്റെ ശീലയൊക്കെ മുഴുവന്‍ നരച്ചല്ലോ"

പിള്ളേച്ചന്‍: " അത്‌ ശരിയാ.. ന്നാപ്പിന്നെ ഇന്ന്വന്നെ ഇതിന്റ്‌ നരച്ച ശീല മാറ്റിക്കളയാം. കൊടയും നേരായിക്കിട്ടും പ്രതിഷേധത്തിലും പങ്കുചേരാം. പ്രസിഡന്റേ ഇങ്ങളോ?"

പ്രസി.: "ഇതിപ്പോ കൊഴഞ്ഞല്ലോ.. അല്ലാ... എല്ലാരും ഓരോ കറുത്ത കണ്ണട വെച്ചാല്‍ പോരേ. അപ്പൊ എല്ലാം കറുപ്പായിട്ടല്ലേ കാണൂ!!"

പിള്ളേച്ചന്‍: " ന്നാ നിങ്ങള്‌ കറുത്ത കണ്ണട വെച്ച്‌ നടക്കിന്‍.. ഒരു കരുണാനിധി വന്നിരിക്കണ്‌!!! ആ മഞ്ചക്കാരനോ സഞ്ചിപ്പെണ്ണോ അവരടെ ആള്‍ക്കാരോ കണ്ടാല്‍ നിങ്ങളെ കരിഓയിലില്‍ മുക്കിവിടും. പ്രതിഷേധവാരമാ പറഞ്ഞേക്കാം!"

ചിരിവല്ലോന്‍: " ആഹാ.. കരിഓയിലില്‍ മുക്കിയ പ്രസിഡന്റിനെ കാണാന്‍ നല്ല രസോണ്ടാവും!!"

പ്രസി.: "ഒന്നു മിണ്ടാതിരിക്കടേ ചിരിവല്ലോനേ.. എന്തെങ്കിലും കേട്ടാല്‍ അപ്പോ പല്ല് പുറത്തിട്ട്‌ ഇളിച്ചോളും. "
ചിരിവല്ലോന്‍ പല്ലിനുമുന്‍പിലത്തെ ഷട്ടറുകള്‍ അടച്ചു.

പ്രസി.: "ന്നാ പിന്നെ ഞാനും കറുപ്പിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞമാസം കറുപ്പിച്ചതാ, ഇനീപ്പ ഒന്നുകൂടി കറുപ്പിക്കാം"

രായമ്മ: " നിങ്ങള്‍ എന്തിര്‌ കറുപ്പിക്കണ കാര്യാ പറയണ്‌?"

പ്രസി: "ന്റെ തലമുടി, അല്ലാതെന്താ!!"

രായമ്മ: " തന്നേ.. ഇനി നമ്മളെന്തിട്ട കറുപ്പിക്ക്യാ. പൗഡറിനുപകരം കരിപ്പൊടി മൊകത്തിടാന്‍ പറ്റൂല്ലാല്ലോ.. ന്റെ ഒരു കറുത്ത തുണി ഞാന്‍ പൊരേടെ മുമ്പില്‍ കെട്ടിതൂക്കും. അയ്യടാ!!"

കീതമ്മ: " അല്ലാ, എനിക്കൊന്നും മനസ്സിലായില്ലാ. എന്തിനാപ്പോ നമ്മള്‍ "കരിവാരം" കൊണ്ടാടണത്‌?"

രായമ്മ: " യ്യോ.. എന്റെ കീതമ്മേ.. നിങ്ങളെപ്പം എവടാരുന്നൂ? ബൂലോഗപുരത്തൊന്നും ഇല്ല്യാരുന്നോ? ഒന്നും അറിഞ്ഞില്ലേ?"

കീതമ്മ: "ഞാനൊന്നും അറിഞ്ഞില്ലാ"

രായമ്മ: "നമ്മുടെ ബൂലോഗപുരത്തിലെ മിക്ക വീട്ടില്‍ നിന്നും ചക്ക, മാങ്ങ, തേങ്ങ, കോഴി തുടങ്ങി പല സാധനങ്ങളും കോരപ്പനും കൂട്ടരും കട്ടോണ്ട്‌ പോയി. എന്നിട്ട്‌ അതൊക്കെ കേരളാസ്‌ ചന്തയില്‍ വില്‍ക്കാന്‍ വെച്ചിരിക്കണ്‌. അത്‌ നമ്മടേ മിനുങ്ങി തലയില്‍ മുണ്ടിട്ട്‌ മിനുങ്ങാന്‍ പോയപ്പോള്‍ കണ്ടുപിടിച്ചു. സാധനം മോഷണം പോയവരെല്ലാരും കൂടി കോരപ്പനോട്‌ ചെന്ന് " ദ്‌ ഞങ്ങടെ വീട്ടിലെ സാധനാ, തിരിച്ച്‌ താ കോരപ്പാ" ന്ന് ചോയിച്ചപ്പം, ചോയിച്ചോര്‍ക്കൊക്കെ പുളിച്ച തെറിയാ കിട്ടിയത്‌. പോരാത്തതിന്‌ ചന്തയിലേക്കുള്ള നടവഴിയും വേലികെട്ടി അടച്ചിട്ടു."

കീതമ്മ: " എന്നിട്ടോ?"
രായമ്മ: "ഇത്‌ കേട്ട്‌, അരിശംമൂത്ത്‌ സഞ്ചിപ്പെണ്ണ് സഞ്ചിയുമെടുത്ത്‌ ചന്തക്ക്‌ പോയി.
"ടാ കോരപ്പാ... ഞങ്ങടെ നാട്ടീന്ന് മോട്ടിച്ച സാമാനങ്ങള്‍ ഉടന്‍ തിരിച്ചുകൊടുക്കടേയ്‌. എന്നിട്ട്‌ മാപ്പ്‌ പറേയ്‌. അല്ലേല്‍ കേസ്‌ കൊടുക്കും, പോലീസില്‍ അറിയിക്കും ന്നൊക്കെ പറഞ്ഞുനോക്കി"

കീതമ്മ: "പിന്നെ?"

രായമ്മ: "ഇതുകേട്ട കോരപ്പനും കൂട്ടരും 'നീ പോടീ, നിന്റെ വീട്ടീന്നൊന്നും എടുത്തില്ലല്ലോ, പിന്നെ നിനക്കെന്താ ഇത്ര കലിപ്പ്‌' ന്ന് പറ്യേം തുരുതുരാ തെറിയഭിഷേകം നടത്തൂം ചെയ്തു. കൂടുതല്‍ വെളഞ്ഞാല്‍ വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കും ന്നൊക്കെ പറഞ്ഞ്‌ ഭീഷണിപ്പെടുത്തി. പോരാത്തതിന്‌ സഞ്ചിക്കെതിരെ പോസ്റ്ററും അടിച്ചെറക്കി. അപ്പൊ പിന്നെ വിട്ടുകൊടുക്കാന്‍ പറ്റ്വോ. അതില്‍ പ്രതിഷേധിച്ചാ കറുപ്പിച്ച്‌ 'കരിവാരം' നടത്തണത്രേ"

കീതമ്മ: " അപ്പോ മോഷ്ടിച്ച സാധനങ്ങളോ?"

രായമ്മ: "മോഷണം പോയോരൊക്കെ ബഹളം വെക്കൂം, സഞ്ചി കേസുകൊടുക്കൂം ചെയ്ത്‌ പ്രശ്നം വഷളായപ്പോ കോരപ്പനും കൂട്ടരും തൊണ്ടിസാധനങ്ങളുടെ കച്ചവടം നിര്‍ത്തി ചാക്കിട്ട്‌ മൂടി വെച്ചു."

കീതമ്മ: "അപ്പൊ ഈയാഴ്ച ബൂലോഗപുരത്തെ എല്ലാരും കറുപ്പിച്ച്‌ പ്രതിഷേധിക്കുന്നുണ്ടോ?"

രായമ്മ: " ഇല്ലില്ല. ചെലരൊക്കെ അവടെക്കെടന്ന് മുറുമുറുക്കണണ്ട്‌. ആ പെണ്ണ് മോന്തിനേരത്ത്‌ സഞ്ചീംകൊണ്ട്‌ ചന്തേപ്പോയി എന്തിനാത്ര കലിപ്പുണ്ടാക്കീന്നും സഞ്ചിനെറച്ച്‌ കിട്ട്യപ്പോ സമാധാനമായില്ലേന്നും മറ്റും."

കീതമ്മ: "അയ്യട! "

രായമ്മ: "ഒരു പെണ്ണും ശിങ്കിടികളും പറഞ്ഞാല്‍ പുറകില്‍ വാലാട്ടി നടക്കാന്‍ ഞങ്ങളെ കിട്ടില്ലാന്നാ പറേണ്‌"

കീതമ്മ: " അപ്പോ കറുപ്പിച്ചവരൊക്കെ വാലാട്ടികളാണോ. അതാരാപ്പാ അങ്ങനെ പറയണത്‌?"

രായമ്മ: " ആ.. അറീല്ലാ. ഐസ്‌കട്ടേല്‍ പെയിന്റടീക്ക്ണ പെയിന്റടിക്കാരനും, ഒന്നര ഏക്കര്‍ കണ്ടമുള്ള അണ്ണനും, ചതിക്കാത്ത ചന്തുവും പിന്നേം ചെലരൊക്കെയുണ്ടെന്നാ കേട്ടത്‌"

പ്രസി.: "കീതമ്മേ, രായമ്മേ, നിങ്ങടെ പുരാണവും പരദൂഷണവും തീര്‍ന്നില്ലേ?"

കീതമ്മയും രായമ്മയും : "ഞങ്ങള്‍ ഇബടെ വരണതന്നെ ഇതിനല്ലേ അണ്ണാ"

പ്രസി.: " ഇനിപ്പോ എന്താ ചെയ്യാ.. ഈയാഴ്ച കട്ടന്‍ കാപ്പിയും കരിഞ്ഞ വടയും തന്നെ ശരണം"
'ദൈവമേ വീട്ടില്‍ പെമ്പ്രന്നോരും ഇതുപോലെ കരിച്ചുമൊരിച്ചു തരുമോ.. ഒരു മുടിഞ്ഞ കരിവാരം' പ്രസിഡന്റ്‌ മനസ്സില്‍ വിചാരിച്ചു.

കുറ്റ്‌യാടി: "കുഞ്ചൂ.. അപ്പോ ഇങ്ങള്‌ കറുപ്പിക്കണില്ലേ?"

പ.കുഞ്ചു: "എന്റെ സുന്ദര സ്വപ്നങ്ങളല്ലേ കരിഞ്ഞത്‌. പോരാത്തതിനു ആ മേഴ്സിക്കുട്ടി കുത്തിവെച്ച്‌ എന്നെയാകെ കരിച്ചുകളിഞ്ഞില്ലേ. ഇനിയെന്തിനു വേറെ കറുപ്പിക്കണം? ഹാവൂൂൂ..."
............


ആവേശത്തോടെ ബാക്കിയുണ്ടായിരുന്ന കട്ടങ്കാപ്പിയും കരിഞ്ഞ വടയും അകത്താക്കി എല്ലാരും ചായക്കടക്ക്‌ വെളിയിലിറങ്ങി.

പ്രതിഷേധ ബാനറും എടുത്ത്‌ മുഷ്ടി ചുരുട്ടി ആകാശത്തേക്ക്‌ എറിഞ്ഞുകൊണ്ട്‌ ദിഗന്തംപൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു..

"ബൂലോഗപുരം കരിവാരം സിന്ദാബാദ്‌!"

"കേരളാസ്‌ കോരപ്പന്‍ മൂര്‍ദ്ദാബാദ്‌!"

"ബൂലോഗപുരം കരിവാരം സിന്ദാബാദ്‌!"
"കേരളാസ്‌ കോരപ്പന്‍ മൂര്‍ദ്ദാബാദ്‌!"

അതിന്റെ അലയൊലികള്‍ കേട്ട്‌ അകലെയുള്ള ചാവാലിപ്പട്ടികള്‍ ഓരിയിട്ടു. ..

13 comments:

krish | കൃഷ് said...

കരി, കരിവാരല്‍, കരിവാരിതേക്കല്‍, കരിവാരം. ബൂലോഗപുരത്തും കരിവാരം.
സര്‍വ്വം കരിമയം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ശ്ശൊ എവിടെ തിരിഞ്ഞാലും കരിവാരം ഹെന്റമ്മൊ...അല്ല..
ഇനിയിപ്പോ സ്വയം മുഖത്ത് പെയിന്റും അടിച്ചു നടക്കുമൊ.. ആവൊ..
ഹിഹി...അല്ല ഇതിനിടയ്ക്ക് ആരൊക്കെ ആരുടെയൊക്കെ കാലുവാരി..?

Shabeeribm said...

കൊള്ളാം...രസകരമായിട്ടുണ്ട് :)

ജെയിംസ് ബ്രൈറ്റ് said...

ഇതിനിടക്ക് ആരാ ആല്‍ത്തറക്കാരേ എന്റാശൂത്രിയുടെ
ബോര്‍ഡിലും കരിവാരിത്തേച്ചത്..?
ഇനി പ്രസിഡന്റിന് ഞാന്‍ പരാതി കൊടുക്കേണ്ടി വരുമോ?
അന്നേരം ഇനി ഒരാഴ്ച്ച കുറ്റ്യാടിയുടെ കടയില്‍ കട്ടനേയുള്ളു..! കാപ്പിലാന്‍ സ്വാമീ..ഗീതാകിനി ദേവീ..ഇനി ചായയുടെ കാര്യവും കട്ടപ്പൊക...!
ദേവിയും സ്വാമിജിയും ഇതൊന്നും കാണുന്നില്ലെന്നുണ്ടോ..?

പാമരന്‍ said...

ഹഹഹ കൃഷേട്ടാ.. ഇതു കലക്കി കരിതേച്ചു..! ഉഗ്രന്‍ ആക്ഷേപഹാസ്യം..

Gopan | ഗോപന്‍ said...

ബഹു.പഞ്ചായത്ത് പ്രസിഡന്‍റെ,
ഒരു സംശ്യം, ഇതെന്താപ്പോ ഈ തറേല് കരിവാരി തേക്കാന്‍ ഉണ്ടായെ,
സ്വാമി തറേല് വരില്ലാന്നു പറഞ്ഞോ, അതോ ഇമ്മടെ തങ്കം ഒളിച്ചോടിയോ..കുട്ട്യാടിക്ക് പുത്യേ ഷാപ്പു അനുവദിച്ചു കിട്ടിയോ ? പിള്ളേച്ചന്‍റെ ബാധ മാറിയോ ? ഇതൊന്നും ഉണ്ടായില്ല ല്ലോ, അപ്പൊ നമുക്കു ഈ കരി മാറ്റണം, വേഗം ആയിക്കോട്ടെ.
പി കുഞ്ചു.

G.MANU said...

ഹഹഹ മച്ചാ.. കസറി

Unknown said...

പിള്ളേച്ചന്‍ : " ഇനിയെന്തോ കറുപ്പിക്കാനാ, പണ്ടേ കറുത്തതാ!!"

എന്റെ കളറ് ഇങ്ങക്ക് എങ്ങനെ പുടുത്തം കിട്ടി
അല്ല ആ ചേറനാടനെകൊണ്ട് രൂപം മാറ്റിക്കണോ
അട്ടുത്തകഥയില്‍ ഒരു ഇല്ലത്തെ നല്ലൊരു നമ്പൂതിരിയായി കൃഷേട്ടന്‍ വരുന്നുണ്ട്

Kaithamullu said...

...”ഇതിപ്പോ കൊഴഞ്ഞല്ലോ.. അല്ലാ... എല്ലാരും ഓരോ കറുത്ത കണ്ണട വെച്ചാല്‍ പോരേ. അപ്പൊ എല്ലാം കറുപ്പായിട്ടല്ലേ കാണൂ!!"
----
ഇതാ എളുപ്പ വിദ്യ!
എന്തേ ആദ്യം പറഞ്ഞീല?
----
...”അതിന്റെ അലയൊലികള്‍ കേട്ട്‌ അകലെയുള്ള ചാവാലിപ്പട്ടികള്‍ ഓരിയിട്ടു. ..“
---
ഇത് മനസ്സിലായി!

കലക്കി ക്രിഷ്!
കാച്ചിക്കുറുക്കിയുള്ള എഴുത്ത്!!

ഗീത said...

തൂപ്പുകാരി കീതമ്മ : ല്ലെ നിങ്ങളറിഞ്ഞാ രായമ്മക്കാ
നമ്മടെ കിറിഷ് സാറിനിതെന്തരു പറ്റിയോ യെന്തരോ...ഇന്നു വെളുപ്പാംകാലത്തു ഞാന്നോക്കിയപ്പം ആ സാറ് കൊറെ ഉമിക്കരി എടുത്തുവച്ചു തിരുമ്മൂടണ്....പല്ലു തേയ്ക്കാനക്കൊണ്ടാനെങ്കി ഇത്തറേം വേണ്ട.
ഇതെന്തരിന് ഇത്തറേംഉമിക്കരി എന്നു ഞാന്നോക്കിനിന്നാപ്പം ഒണ്ട് കി കി കി എനിക്ക് ചിരിക്കാനെക്കൊണ്ട് വയ്യേ അക്കാ അങ്ങേര് ആ ഉമിക്കരി മൊത്തം വെള്ളത്തി കൊയച്ച് മോന്തയില് തേച്ചൂടണ്....

ഇതെന്തരു സാറെ ഈ ചെയ്യൂടണത് എന്നു ഞാഞ്ചോയിച്ചപ്പം ആ സാറ് പറഞ്ഞതെന്തരെന്നു എനിക്കു പുടി കിട്ടിയില്ല അക്കാ... യെന്തരോ കരിവാരമെന്നോ യെന്തരോ ഒക്കെ പറയീനീം ...
കി ക്കി ക്കി... എന്തരു പറഞ്ഞൂടാന്‍ അക്കാ...
അങ്ങേര് മൊകവും കറുപ്പിച്ച് , യെന്തര് ബൊളൊഗാപ്പീസെന്നോ എന്തരോ പറയിണ് അവടെ പോണന്ന്... കി കി...

സൂര്യോദയം said...

:-)

Rare Rose said...

കൃഷ് ജീ..,...ഈ കരി വാരി തേക്കല്‍ ഭേഷായി...ഒന്നും വിട്ടുകളയാതെയുള്ള അസ്സല്‍ ആക്ഷേപഹാസ്യം......ഇനിയും തുടരൂ....:)

ബഷീർ said...

അതിന്റെ അലയൊലികള്‍ കേട്ട്‌ അകലെയുള്ള ചാവാലിപ്പട്ടികള്‍ ഓരിയിട്ടു. ..

ഉഗ്രന്‍