Sunday, June 22, 2008

വീണ്ടുമൊരു തല്ലുകൊള്ളിത്തരം

അങ്ങനെ മൂന്നു കൊല്ലത്തിനു ശേഷം നാട്ടില്‍ കാലു കുത്തി! തല്ലിയൊടിക്കുമെന്നൊന്നും ആരും പറഞ്ഞിട്ടില്ലാത്തതു കൊണ്ട്‌ സാമാന്യം ബലത്തില്‍ തന്നെ കുത്തി.

പെണ്ണുംപിള്ളേം കൊച്ചിനേം വീട്ടില്‍ കൊണ്ടുപോയി നടതള്ളി, ബന്ധുക്കളോടും അയലുപക്കക്കാരോടും 'ഹായ്‌' 'ഹൂയ്‌' ഒക്കെ പറഞ്ഞെന്നു വരുത്തി അടുത്ത വണ്ടി പിടിച്ചു, എറണാകുളത്തേയ്ക്ക്‌.

എറണാകുളത്താണ്‌ സുഹൃത്തുക്കളൊക്കെ. പഠിച്ചതും ആദ്യ ജോലിയുമൊക്കെ അവിടെ ആയിരുന്നു. പിന്നെ എറണാകുളത്തെ ബാറുകള്‍..! ആലപ്പാട്ട്‌, പോളക്കുളം സാഗരിക, ചക്കീസ്‌..! സാഗരികയില്‍ വെള്ളിയാഴ്ച നമ്മളെ കണ്ടില്ലെങ്കില്‍ ബാറടയ്ക്കാന്‍ മാനജേര്‍ക്കൊരു മടിയായിരുന്നു.. അന്ന്‌.. തൊണ്ണൂറുകളില്‍.. (അഹങ്കാരം തന്നെ!)

നോര്‍ത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടനേ ജോഷിയെ വിളിച്ചു. ലവന്‍ ഒരു ബിസിനെസ്സ്‌ പാര്‍ട്ണറുമായി എന്തോ കൂലങ്കൂഷ ചര്‍ച്ചയിലാണെന്ന്‌. വൈകിട്ടാവുമ്പോഴേയ്ക്ക്‌ എത്തിക്കോളാമെന്ന്‌.

'പ്ഫ..!' ഒരു പത്തുകൊല്ലം മുന്പത്തെ ഹിറ്റായിരുന്ന ഒരു നാലു എല്‍കേജീ തെറികള്‍ (ഒന്നാം ക്ളാസ്സിന്‍റെം മുകളില്‍) അങ്ങു ചാര്‍ത്തിക്കൊടുത്തു..

'ദേ ഞാനെത്തിയെടാ..' ആള്‌ പതിനഞ്ചു മിനിട്ടിനകം സഥലത്തെത്തി.

'എടാ.. നീയതൊന്നും മറന്നിട്ടില്ലല്ലേ.. ഇപ്പഴും എന്നാ സ്റ്റാന്‍ഡാര്‍ഡ്‌..'

'അച്ചായോ.. ഊതല്ലേ.. നിന്‍റെ പാര്‍ട്ണര്‍ ലവളെ സോള്‍വാക്കി വിട്ടോ?'

'ലവളാണെന്നു നിനക്കെങ്ങനെ മനസ്സിലായി?'

ദേ പൂച്ച പുറത്ത്‌..

'ഗൊച്ചു ഗള്ളാ.. അപ്പ ലവളാരുന്നല്ലേ.. നിനക്കു ഞാന്‍ വെച്ചിട്ടോണ്ട്‌..' അച്ചായനു നാണ്‍..

'അതിരിക്കട്ടെ ജോണിനെ വിളിച്ചിട്ടു കിട്ടീല്ലല്ലോ.. അവന്‍ ഫോണെടുക്കണില്ല.. എവിടെപ്പോയിക്കെടക്കുവാണെന്നു വല്ല പിടിയും ഒണ്ടോ?'

'ഡ്രാക്കുള വല്ല ഹോസ്പിറ്റലും നെരങ്ങുവാരിക്കും..'

ജോണിന്‍റെ കളിപ്പേരാണ്‌ 'ഡ്രാക്കുള'. കോളേജില്‍ പഠിക്കണ കാലത്തു കിട്ടിയതാണ്‌. ആളൊരു പരോപകാരിയാണ്‌. കോളേജില്‍ എന്‍. എസ്. എസ്. ന്‍റെ ലീഡര്‍ ആയിരുന്നു. ബ്ളഡ്‌ ഡോണേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കലായിരുന്നു ആളുടെ പ്രധാന പരിപാടി. അങ്ങനെയാണ്‌ ചോരയൂറ്റുന്നവനായ ഡ്രാക്കുളയുടെ പേരു വന്നത്‌.

കോളേജൊക്കെ വിട്ടിട്ടും ആള്‌ ആ ലൈന്‍ വിട്ടില്ല. ഇപ്പോഴും ആവശ്യമുള്ളവര്‍ക്ക്‌ സ്വന്തം ചെലവില്‍ ബ്ളഡ്ഡു സംഘടിപ്പിച്ചു കൊടുക്കല്‍ തന്നെ ആണു ഹോബി. അതാണു ഏതെങ്കിലും ഹോസ്പിറ്റലിലായിരിക്കും എന്നു ജോഷി പറയുന്നത്‌.

'അപ്പോ പിള്ളേച്ചനോ? അങ്ങേരെ നീ വിളിച്ചു പറഞ്ഞില്ലേ?'

'അങ്ങേരു വരും മിക്കവാറും ഇപ്പോത്തന്നെ വന്നു ആലപ്പാട്ടെ ആ ഗേറ്റുങ്ങല്‍ സെക്യുരിറ്റിയോട്‌ കൊച്ചു വര്‍ത്താനോം പറഞ്ഞു നില്‍പ്പുണ്ടാവും..'

ജോഷി പറഞ്ഞതു വാസ്തവമായിരുന്നു. പിള്ളേച്ചന്‍ ഹാജര്‍. ആ കുടവയര്‍ ഒട്ടും ഉടഞ്ഞിട്ടില്ല. മീശയൊക്കെ ഇത്തിരി തെറുത്തു കയറ്റി, മുണ്ടു മടക്കിക്കുത്തി എന്തിനും തയ്യാറായാണ്‌ നില്‍പ്പ്‌.

വണ്ടി നിര്‍ത്തി ഇറങ്ങേണ്ട താമസം. ഓടി വന്നു കെട്ടിപ്പിടിച്ചൊരുമ്മ. നല്ല '8പീഎം' ന്‍റെ മണം.

'പിള്ളേച്ചാ.. ഇതൊരുമാതിരി തരവഴിത്തരമായിപ്പോയി.. ഞാനിങ്ങെത്തുന്നതു വരെ ഒന്നു കാത്തൂടായിരുന്നോ?'

'എടാ കൊച്ചനേ.. ഞാന്‍ വീട്ടീയിരുന്ന്‌ ഒരെണ്ണം ചാമ്പിക്കൊണ്ടിരുന്നപ്പഴല്ലേ ഈ ജ്വാഷി വിളിച്ചേ..'

'ഓ അതു ശരി, അപ്പ വെള്ളിയാഴ്ചത്തെ ക്വോട്ട നേരത്തേ തൊടങ്ങിയാരുന്നല്ലേ?'

വിശാലമായി ഒരു റൂമങ്ങെടുത്തു. ബാറിലിരുന്നാല്‍ ഒച്ച വയ്ക്കാനും തെറി വിളിക്കാനും പാട്ടുപാടാനുമൊന്നും പറ്റില്ലല്ലോ. മൂന്നുകൊല്ലം കൂടിയൊന്നു കൂടുവല്ലേ.. കാശങ്ങു പൊട്ടട്ടേന്നു വച്ചു.

ബിയറില്‍ തൊടങ്ങി വിസ്കിയില്‌ കയറി അവസാനം വിസ്കിയില്‍ സോഡയ്ക്കു പകരം ബിയറൊഴിച്ചു കഴിക്കുന്നതാണ്‌ അതിന്‍റെ ഒരു ശൈലി.

'അപ്പ എങ്ങനെ? ഒക്കെ പഴേപടിയങ്ങു ഓര്‍ഡറാക്കുവല്ലേ..' പിള്ളേച്ചനു ധിറുതി.

'ഒന്നടങ്ങെന്‍റെ പിള്ളേച്ചാ.. ഒരു കുപ്പി ആള്‍റെഡി അകത്തു കെടപ്പില്ലേ.. ഇനി ആ സുനിലണ്ണനും കൂടൊന്നു വന്നോട്ടെ..' ജോഷി പിള്ളേച്ചനെ സമാധാനിപ്പിച്ചിരുത്തി.

അധികം വൈകാതെ അണ്ണനും എത്തി. രണ്ട്‌ 8 പീയെം, 4 റോയല്‍ ചല്ലഞ്ച്‌, കുപ്പി സുന്ദരികള്‍ നിരന്നു. അവര്‍ക്കു കൂട്ടു പോകാന്‍ ബീഫ്‌ ചില്ലി, പോര്‍ക്ക്‌ ഒലര്‍ത്തിയത്‌ ഇത്യാദി ഒണക്ക സുന്ദരന്‍മാരും.

'ആ ജോണ്‌ തെണ്ടിയെ ഒന്നു കൂടെ വിളിക്കെടാ..' പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. അവന്‍ വരാതെ കുപ്പി പൊട്ടിച്ചാ ഇനി അതു മതി പുകിലിന്‌.

ജോഷി കുത്തിയിരുന്ന്‌ കുത്തി നോക്കുന്നുണ്ട്‌. അങ്ങേത്തലക്ക്‌ എടുക്കുന്നില്ല.

'അവനോടു പോയി ചാകാന്‍ പറ.. എനിക്കിനി നോക്കിയിരിക്കാന്‍ മേലാ..' അണ്ണന്‍ ഒരു റോയല്‍ സുന്ദരിയുടെ കഴുത്തിനു കുത്തിപ്പിടിച്ചു.

എല്ലാര്‍ക്കും ആവേശം കേറി.. ഞാനും ഒരു ബിയറെടുത്തു പൊട്ടിച്ചു.

"ചിയേര്‍സ്.." മൂന്നു കൊല്ലത്തെ വിരഹം സുന്ദരിയുടെ കഴുത്തിലൂടെ പതഞ്ഞൊഴുകി.

'ദേ ജോണ്‍ വിളിക്കുന്നു..' ജോഷി ഫോണ്‍ നീട്ടി..

'എവിടാണെടാ മറ്റവനേ.. നിന്നെ എത്ര നേരമായി വിളിക്കുന്നു.. ഇതാ ഞങ്ങളിവിടെ കുപ്പി പൊട്ടിച്ചു..'

'നീ കുടിച്ചോ..'

'ഇല്ല ദേ ഇപ്പ ചിയേര്‍സ്‌ പറഞ്ഞേ ഒള്ളൂ..'

'താങ്ക്‌ ഗോഡ്‌.. കുടിക്കല്ലേ..'

'എന്തോന്ന്‌?'

'എടാ ഞാന്‍ പറയാം .. നീയൊന്നു പുറത്തേക്കിറങ്ങിക്കേ..'

പുറത്തേക്കിറങ്ങി.

'പറ'

'എടാ നീയൊന്ന്‌ ഉടനേ മെഡിക്കല്‍ ട്രസ്റ്റുവരെ വരണം.. ജോഷിയേം കൂട്ടി വാ.. അവന്‍ വണ്ടിയിലല്ലേ വന്നത്‌?'

'പോടാ.. @#%^.. അവിടെ എന്തോ ഒണ്ടാക്കാനാ.. നീ മര്യാദയ്ക്കു ഇങ്ങോട്ടു വന്നോ..'

'എടാ അത്യാവശ്യമായി ബി നെഗറ്റീവ്‌ ബ്ളഡ്ഡു വേണം.. ഭാഗ്യത്തിനാ നീ ഇന്നു വന്നു ചാടിയത്‌..'

'അതേയ്‌ എനിക്കു മനസ്സില്ല.. നിനക്കറിയാവോ.. മൂന്നു കൊല്ലമായി മിസ്സു ചെയ്യുവാ ഈ കൂടല്‌.. നീയൊന്നിങ്ങോട്ടു വരുന്നുണ്ടോ..'

'എടാ നീയൊന്നു മനസ്സിലാക്ക്‌.. അത്യാവശ്യമല്ലെങ്കില്‍ ഞാന്‍ ഇപ്പോ നിന്നെ വിളിക്കുമോ?'

'നീയൊരു കോപ്പും പറയണ്ട. ഞാനിന്നിവിടെ വന്നില്ലായിരുന്നേല്‍ നിന്‍റെ പേഷ്യെന്‍റു്‌ ചത്തു പോകുമായിരുന്നോ? അവരു വേറെ എവിടുന്നേലും സംഘടിപ്പിച്ചോളും.. നീ മര്യാദയ്ക്കിങ്ങു വരുന്നോ അതോ..'

'എടാ സംഗതി സീരിയെസ്സായേ കൊണ്ടല്ലേ ഞാന്‍..' ജോണിനു വിഷമം വന്നു തുടങ്ങി..

ഇല്ല, ഈയൊരു കൂടലിനു വേണ്ടി ടിക്കറ്റു ബുക്കു ചെയ്തതു മുതല്‍ സ്വപ്നം കണ്ടിരിക്കുന്നതാണ്‌. തിരിച്ചു പോകുന്നതിനു മുന്പേ ഇനി ഒന്നു കൂടെ എറണാകുളത്തു വരാനൊക്കില്ല. മാത്രവുമല്ല, പിള്ളേച്ചന്‍, അണ്ണന്‍, ജോഷി..എല്ലാവരും അവിടെ എന്നെ തെറി പറഞ്ഞു തുടങ്ങിയിട്ടുണ്ടാവും ഇപ്പോള്‍.

'നടക്കില്ല മോനേ.. ഇനി നമ്മള്‍ സംസാരിച്ചാല്‍ ശരിയാവൂല്ല. ഞാന്‍ ജോഷീടടുത്തു കൊടുക്കാം.. അവന്‍റെ വായീന്നു നിനക്കു കേക്കേണ്ടതു കേട്ടോ..'

മറുപടിക്കു കാത്തു നില്‍ക്കാതെ ജോഷിയെ വിളിച്ച്‌ മൈക്ക്‌ കൈമാറി.

അകത്തേക്കു ചെന്നതും പത്തു കൊല്ലം മിസ്സായ തെറി മുഴുവന്‍ ഡാറ്റാബെയ്സില്‍ അപ്ഡേറ്റായി.

പിള്ളേച്ചന്‍ ഒരു മാതിരി ഫോമിലായിട്ടുണ്ടായിരുന്നു. കായും പൂവുമൊക്കെ ചേര്‍ത്ത്‌ ഒന്നു കുളിപ്പിച്ചു. ഒരു ചിരിയിലൊതുക്കീട്ട്‌ ഒരു നാടന്‍ പാട്ടിനു തുടക്കമിട്ടു കൊടുത്തു. പിള്ളേച്ചന്‍റെ വീക്ക്‌നെസ്സ്‌. കള്ളുകേറിയാപ്പിന്നെ പാട്ടു പാടണം.

'താനന്നേ തന്നാന്നേ താനന്നേ..' പിള്ളേച്ചന്‍ ഏറ്റു പിടിച്ചു.

കാത്തിരുന്നു മടുത്ത റോയല്‍ സുന്ദരിയെ വീണ്ടും ചുണ്ടോടടുപ്പിച്ചു. ഛെ. കയ്ച്ചു പോയിരിക്കുന്നു. ബെല്ലടിച്ചു ബെയററെ വിളിച്ചു പുതിയതൊന്ന്‌ ഓര്‍ഡര്‍ ചെയ്തു.

ജോഷി കയറി വന്നു.

'ഡാ.. നീയൊന്നു പുറത്തേക്കു വന്നേ..'

പുറത്തേക്കു ചെന്നു. അവന്‍ ഫോണ്‍ ഹോള്‍ഡു ചെയ്യുകയാണ്‌.

'നീയാ ഡ്രാക്കുളയെ പറഞ്ഞൊതുക്കിയില്ലേ ഇതുവരെ?'

'എടാ സംഗതി സീരിയസ്സാണെന്നാ ഇവന്‍ പറേണേ.. ഇനിയും വൈകിയാ ചെലപ്പം പ്രശ്നമാകുമെന്ന്‌.. അവന്‍ ഉച്ച മുതല്‍ നെട്ടോട്ടമായിരുന്നെന്ന്‌.. റെയര്‍ ഗ്രൂപ്പല്ലേ.. ഏതോ ആക്സിഡെന്‍റു്‌ കേസാ..'

ജോഷിയുടെ മുഖത്തുണ്ടായിരുന്നു സീരിയസ്നെസ്സ്‌ മുഴുവനും.

'തൊന്തരവായല്ലോ.. എടാ നിനക്കറിയില്ലേ ഞാന്‍.. ങ്ഹും ഇനീപ്പം പിള്ളേച്ചനോടെന്തു പറയും?'

'അതു ഞാന്‍ കൈകാര്യം ചെയ്‌തോളാം.. നീയെന്‍റെ വണ്ടിയുമെടുത്ത്‌ വിട്ടോ..'

ജോണിനേം ആക്സിഡന്‍റു കാരനേം മനസ്സില്‍ നൂറു പ്‌രാക്കു പ്‌രാകി വണ്ടി കത്തിച്ചു വിട്ടു. ആശുപത്രിയുടെ മുന്നില്‍ ചെന്നപ്പോള്‍ പാര്‍ക്കു ചെയ്യാനിടമില്ല. തപ്പി നടന്ന്‌ ഒടുവില്‍ ഒരു ബൈക്കുകാരനെ ഒതുക്കിയിടീപ്പിച്ച്‌ ഒരു വിധത്തില്‍ ഒരു സ്പേസുണ്ടാക്കി പാര്‍ക്കു ചെയ്തു.

ഇനിയിപ്പോ ബ്ളഡ്ഡു കൊടുത്തിട്ട്‌ തിരിച്ചു ചെന്നാല്‍ കള്ളു കുടിക്കാന്‍ പറ്റുമോ, ബ്ളഡ്ഡെടുക്കണേല്‍ ഇനി ക്യൂ നില്‍ക്കേണ്ടി വരുമോ.. എന്തൊക്കെ തൊന്തരവുകളാണ്! ഈ പരോപകാരിയെക്കൊണ്ട്‌ തോറ്റു! ലവനെ പിടിച്ചു നിര്‍ത്തി അപ്പനുമമ്മയ്ക്കും വിളിച്ചാലേ ഇനിയൊരു സമാധാനമാകൂ..

ഹാളില്‍ നില്‍പ്പുണ്ടായിരുന്നു ജോണ്‍. വിളിച്ചപ്പോഴുണ്ടായിരുന്ന ആവേശമൊന്നും മുഖത്തു കണ്ടില്ല. നിന്‍റെ മൂക്കിടിച്ചു ഞാന്‍ ..

'ലേറ്റായിപ്പോയെടാ..' അവനു കരച്ചിലു വെരുന്നോ?

തലയ്ക്കുള്ളിലെവിടെയോ ഒരു വെള്ളിടി മുഴങ്ങി. ലേറ്റായിപ്പോയെന്ന്‌.

'എടാ ഞാന്‍..' പറഞ്ഞു തീര്‍ക്കും മുന്പേ ഒരു ട്രോളിയും കുറേ നിലവിളികളും ഉരുണ്ടു വന്നു.

ഒരു കുഞ്ഞ്‌..! എന്‍റെ മോന്‍റെ പ്രായം!.

തലയിലൊരു കെട്ട്‌. ശാന്തമായി ഉറങ്ങുകയാണെന്നേ തോന്നൂ. ഒരു സ്ത്രീയെ ബോധമറ്റ നിലയില്‍ വീല്‍ചെയറിലിരുത്തിയിരിക്കുന്നു, അമ്മയായിരിക്കണം. അച്ഛന്‍ പരിസരബോധമില്ലാതെ അലറിക്കരയുന്നു.

ഒരു ചെറിയ തളര്‍ച്ച പോലെ തോന്നി. അടുത്തു കണ്ട കസേരയിലിരുന്നു. ഹോ! ഒരു കുഞ്ഞായിരുന്നോ.. ജോണേ നീയെന്തേ പറഞ്ഞില്ല..

തലയിലാകെ ഒരു മരവിപ്പ്‌. ചെവികളില്‌ നിലവിളികള്‍ മുഴങ്ങുന്നു. ആ കുഞ്ഞിന്‍റെ മുഖം കണ്ണില്‍ കരിഞ്ഞു പിടിച്ചു പോയോ?

അവനത്‌ എന്‍റെ കണ്ണില്‍ നിന്നു വായിച്ചെന്നു തോന്നുന്നു. അടുത്തു വന്നിരുന്നു.

'സാരമില്ലെടാ.. നീ വന്നല്ലോ..'

മറുപടി പറയണമെന്നുണ്ടായിരുന്നു. നാവ്‌ ആഗ്രഹത്തിനൊത്തനങ്ങുന്നില്ല. നിലവിളികള്‍ അകന്നകന്നു പോയി.

എത്ര നേരം അങ്ങനെ അവിടെ ഇരുന്നെന്നറിയില്ല. അവനും അടുത്തിരിപ്പുണ്ടായിരുന്നു. ഒന്നും മിണ്ടിയില്ല, മണിക്കൂറുകളോളം.

റൂമില്‍ ചെന്നു കയറുമ്പോള്‍ പിള്ളേച്ചന്‍ നിലത്ത്‌ ഉടുതുണിയഴിച്ചു പുതച്ചു കിടക്കുന്നു. അണ്ണന്‍ പോയിക്കാണണം. ജോഷി അവസാനത്തെ പെഗ്ഗും പിടിച്ച്‌ കാത്തിരിപ്പുണ്ട്‌.

'എടാ നിന്‍റെ പെണ്ണുംപിള്ള ഒന്നു രണ്ടു തവണ വിളിച്ചിരുന്നു...'

മോനു പനിയാണെന്ന്‌. അവന്‍ ഉറക്കത്തില്‍ അച്ഛനെ അന്വേഷിക്കുന്നുണ്ടെന്ന്‌..

'എടാ ഞാന്‍ പോകുവാ.. നീ ജോണിനോടും പിള്ളേച്ചനോടും പറഞ്ഞേരെ.. ഞാന്‍ വിളിക്കാം..' ജോണ്‍ വന്നയുടനെ കുളിക്കാന്‍ കയറിയിരുന്നു.

കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ, വാപൊളിച്ചിരിക്കുന്ന ജോഷിയെ തിരിഞ്ഞു നോക്കാതെ, ബാഗുമെടുത്ത്‌ ഇറങ്ങി. രാത്രി വണ്ടിക്കുതന്നെ തിരിച്ചു കയറി. റിസര്‍വേഷനൊന്നും ഇല്ലായിരുന്നതുകൊണ്ട്‌ ജെനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ നിലത്ത്‌ കൂനിക്കൂടിയിരുന്നായിരുന്നു യാത്ര.

ക്രോസ്സിങ്ങുകള്‍, പണി നടക്കുന്നു, ലൈറ്റു കിട്ടുന്നില്ല, കണക്ഷന്‍ ട്രെയിന്‍ ലേറ്റ്‌.. ഹോ എന്തൊരു യാത്ര! എന്താണിങ്ങനെ വൈകുന്നത്‌.. ഇതെപ്പോള്‍ അങ്ങു ചെല്ലും..?

26 comments:

പാമരന്‍ said...

വീണ്ടുമൊരു തല്ലുകൊള്ളിത്തരം

ജാമ്യം: തല്ലല്ലേ പ്ളീസ്‌.. ഇതു വെറുമൊരു സ്വപ്നമായിരുന്നു.. നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തതു മുതല്‍ തുടങ്ങിയതാ..

പാമരന്‍ said...

മ്മടെ പിള്ളേച്ചനേം ഇടിച്ചു കേറ്റീട്ടൊണ്ട്‌.. :)

തണല്‍ said...

ഇങ്ങേരെ ഞാന്‍ ശരിയാക്കും..നല്ല രീതിയില്‍ വായിച്ച് വന്നതാ..ഇനി നാട്ടിലോട്ടൊന്നു വിളിക്കട്ടെ പാമര്‍ജീ..സച്ചുകുഞ്ഞിനും പനിയാണ്..(ഞാനീ തല്ലുകൊള്ളിത്തരം കാണാന്‍ ഇനി വരില്ലാ..സത്യം!)

Kaithamullu said...

അടിച്ച് പൊളിച്ച് വായിച്ച് വായിച്ച്, അവസാനം സെന്റിയാക്കി കുളിപ്പിച്ച് കെടത്തി.
എന്നിട്ട് പറയുവാ തല്ലുകൊള്ളി സ്വപ്നാ ന്ന്!

-യെവനെ ഞാന്‍....

കാവലാന്‍ said...

"തല്ലല്ലേ പ്ളീസ്‌.. ഇതു വെറുമൊരു സ്വപ്നമായിരുന്നു"

ഇത്രയ്ക്കൊക്കെ ചോര പറ്റിയ തുണികെട്ടിപ്പൊതിഞ്ഞ സൊപ്പനങ്ങള് കൊണ്ടു നടക്കണോ ഭ്ഫാ.....മരാ

ശ്രീ said...

സ്വപ്നമായാലും സത്യമായാലും എഴുത്ത് നന്നായീട്ടോ മാഷേ...

ഒരു സ്നേഹിതന്‍ said...

സ്വപ്നമായിരുന്നെന്കിലും , നല്ല എഴുത്ത്...

'സാരമില്ലെടാ.. നീ വന്നല്ലോ..'
മറുപടി പറയണമെന്നുണ്ടായിരുന്നു. നാവ്‌ ആഗ്രഹത്തിനൊത്തനങ്ങുന്നില്ല. നിലവിളികള്‍ അകന്നകന്നു പോയി.

ആ നില്പ് മനസ്സില്‍ കൊണ്ടു....

Rare Rose said...

തല്ലുകൊള്ളിത്തരം ന്നു പറഞ്ഞു പോസ്റ്റുന്നത് മുഴുവന്‍ സങ്കടപ്പെടുത്തുന്ന നിമിഷങ്ങളെ കുറിച്ചാണല്ലോ പാമരന്‍ ജീ....
രസിച്ച് ഒഴുക്കിലൂടെ വായിച്ച് വന്നിട്ട് നിശ്ചലമായ ആ കുഞ്ഞുമുഖം കണ്ടപ്പോള്‍ മനസ്സും തെല്ലു നേരത്തേക്ക് നിന്നു പോയ പോലെ...:(
അവസാനത്തെ വീടണയാനുള്ള തിടുക്കം നന്നായി വരച്ചു ചേര്‍ത്തിരിക്കുന്നു..സ്വപ്നങ്ങള്‍ക്കും ഇത്ര മിഴിവോ...??

Ranjith chemmad / ചെമ്മാടൻ said...

ഇത്തരം വിദ്യകളും കൈവശമുണ്ടല്ലേ....
സ്വപ്നം.....
വെച്ചിട്ടുണ്ട് ഞാന്‍....

(ചോരച്ച സ്വപ്നങ്ങള്‍ കാണരുതേ......)

സൂര്യോദയം said...

എഴുത്തില്‍ നല്ല ഒഴുക്ക്‌.... ദുരന്തവും വിരഹവും ശരിയ്ക്കും പ്രതിഫലിച്ചിരിക്കുന്നു അവസാനഭാഗത്ത്‌...

ചിതല്‍ said...

തല്ലികൊള്ളാഞ്ഞിട്ട് തന്നെയാണ്..

ശരിക്കും റിയല്‍ പോലെ.. ആളെ ആകെ മൂഡ് ഓഫ് അക്കി...

ബ്ളഡ്‌ ഡോണേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കലായിരുന്നു ആളുടെ പ്രധാന പരിപാടി. അങ്ങനെയാണ്‌ ചോരയൂറ്റുന്നവനായ ഡ്രാക്കുളയുടെ പേരു വന്നത്‌.
അതിഷ്ടായി..

മാണിക്യം said...

സാധാരണ തുടക്കം
വായിച്ചിട്ട് ഒന്ന് മൂക്കാന്‍ വയ്ക്കും.
“അങ്ങനെ മൂന്നു കൊല്ലത്തിനു ശേഷം നാട്ടില്‍ കാലു കുത്തി!....” ഇത്രയും ആയപ്പൊല്‍ തന്നെ ഞാന്‍ മൂക്കും കുത്തി വീണു .
പിന്നെ ഒറ്റപിടി അങ്ങു പിടിച്ചു .
എന്നാ സ്റ്റൈല്‍!
നാലു എല്‍കേജീ തെറികള്‍ !
എനിക്ക് അറിയാവുന്ന് മുന്നെണ്ണം ഞാന്‍ ഓര്‍ത്തെടുത്തു.....
നല്ല രസം പിടിച്ചു വായിച്ചു വരുവാരുന്നു...
'താനന്നേ തന്നാന്നേ താനന്നേ..'

ന്റമ്മോ ! അതൊരു പാട്ട് തന്നാന്നെ!
ഡ്രാക്കുളയും ആയിള്ള കണ്ടുമുട്ടല്‍
മനസ്സ് ഒന്ന് കൊളുത്തി
ജാമ്യം എടുത്തില്ലാരുന്നെല്‍ തല്ല് ഉറപ്പ്!
അല്ല ഒന്നു ചൊദിക്കട്ടെ?
ഇതെപ്പോള്‍ അങ്ങു ചെല്ലും..?

ഉഗ്രന്‍ !! കൊടുകൈ !
പാമൂ ആള് പാമരന്‍ തന്നാണേയ്!!

നാടന്‍ said...

ഹ ! എന്തൊക്കെ ആയാലും ആ കൊച്ചി ട്രിപ്പ്‌ മുടക്കേണ്ട കേട്ടോ ... ബേ പ്രൈയ്ഡ്‌ മാള്‍, എം.ജി റോഡ്‌, ഡി.എച്ച്‌ ഗ്രൗണ്ട്‌, കാസില്‍ റോക്‌, മേഴ്സി റൂഫ്‌ ടോപ്‌, പൈ തട്ടിലെ ദോശ, ഷേണായ്സിലെ പടം, മറൈന്‍ ഡ്രൈയിവ്‌ എന്നിയവും മറക്കേണ്ട !!

കുറ്റ്യാടിക്കാരന്‍|Suhair said...

മാഷേ...

ആദ്യം മുതല്‍ അവസാനം വരെ വായിച്ച്, സെന്റിയായി എന്നിട്ട് ഗ്രൂപ്പില്‍ ഒരു കമന്റുമിട്ടു... ഇപ്പൊഴല്ലേ സ്വപ്നമാണെന്ന് മനസിലായത്...

തല്ലിത്തല്ലിക്കൊല്ലും ഞാന്‍...

ജിജ സുബ്രഹ്മണ്യൻ said...

സ്വപ്നമായാലും സത്യമായാലും ആസ്വദിച്ചു വായിച്ചു... തല്ലുകൊള്ളി ത്തരം കൊള്ളാം

ദിലീപ് വിശ്വനാഥ് said...

ഇതൊക്കെ തല്ലികൊള്ളിത്തരം തന്നെ. സ്വപ്നമായാലും സത്യമായാലും ബ്ലഡ് കൊടുത്തിട്ട് വന്നിട്ട് പോരേ സ്വപ്നം കാണല്‍?
മനസ്സില്‍ തട്ടിയ എഴുത്ത്...

പപ്പൂസ് said...

പാമരോ.... :-(

ഇനി ജന്മത്തില്‍ വൈകിക്കില്ല. സത്യം. അല്ല, അദ്ദായിരുന്നല്ല് ഈ സൊപ്പനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം!

എനിക്ക് വയ്യ, എവടെ കുപ്പി?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“മീശയൊക്കെ ഇത്തിരി തെറുത്തു കയറ്റി, മുണ്ടു മടക്കിക്കുത്തി എന്തിനും തയ്യാറായാണ്‌ നില്‍പ്പ്‌.“

“തന്നന്നാ തന്നന്നാ തന്നന്നാ“ പാട്ടുക് കൂടി വന്നപ്പൊ രസിച്ചങ്ങു വായ്യിച്ചു. എന്നാലും അവസാനം ആയപ്പൂഴേയ്ക്കും സെന്റിയാക്കി കൊന്നല്ലൊ പാമൂസേ

Unknown said...

പിള്ളേച്ചന്‍ ഹാജര്‍. ആ കുടവയര്‍ ഒട്ടും ഉടഞ്ഞിട്ടില്ല. മീശയൊക്കെ ഇത്തിരി തെറുത്തു കയറ്റി, മുണ്ടു മടക്കിക്കുത്തി എന്തിനും തയ്യാറായാണ്‌ നില്‍പ്പ്‌.
ഞാന്‍ അഛനോട് പറഞ്ഞ് പിള്ളേച്ചന്മാരുടെ സംഘടനയില്‍ കേസു കൊടുക്കും
കളി പിള്ളേച്ചന്മാരോടാണൊ ദെ വെവരമറിയും
പിന്നെ ക്ഷമിച്ചെക്കാ ഒരു റോയല്‍ സുന്ദരി എനിക്കൂടെ മാറ്റി വച്ചാല്‍

Unknown said...

നാട്ടില്‍ കാലുകുത്തിയാല്‍ വെവരമറിയും
ആള്‍ കേരള പിള്ളേച്ചന്‍ അസോസിയേഷനു വേണ്ടി
ആല്‍ത്തറ പിള്ളേച്ചന്‍

siva // ശിവ said...

ഞാനുമുണ്ട് പിള്ളേച്ചനൊപ്പം....

സസ്നേഹം,
ശിവ.

പാമരന്‍ said...

തണല്‍ജീ.. സച്ചുമോനു സുഖമായോ?

കൈതമുള്ളേ.. :) ഞാന്‍ എപ്പഴേ ഓടി..

കാവലാനേ.. സ്വപ്നമല്ലേ.. നമ്മളോടു പെര്‍മിഷന്‍ ഒന്നും എടുക്കില്ലല്ലോ :(

ശ്രീ :)

സ്നേഹിതാ.. തേങ്ക്സ്‌ ണ്ട്‌ ട്ടാ..

റോസേ.. സീരിയലുകാരുടെ തന്ത്രം ഒന്നു പരൂഷിച്ചതല്ലേ :)

രണ്‍ജിത്തേ, ഡോണ്ടൂ ഡോണ്ടൂ.. :)

സൂര്യോദയമേ.. നിങ്ങളാണെന്നെ രച്ചിച്ചത്‌.. ഉദിച്ച്‌ എന്‍റെ ഉച്ചിയില്‍ കൊട്ടി എണീപ്പിച്ചിലായിരുന്നെങ്കില്‍...

ചിതലേ.. ഈ ബ്ളോഗിനെപറ്റി അടി കൂടുന്നവര്‍ മനസ്സിലാക്കേണ്ട അടിസ്ഥാന തത്വമാണിത്‌.. :) തല്ലു കൊള്ളുമെന്നു പേടിക്കണ്ടാ!

മാണിക്യേച്ചീ.. പാമരനാണെലും എനിക്കു ട്യൂഷനുണ്ടേ.. അധികം കളിക്കണ്ട.. ങ്ഹാ..

നാടന്‍.. ആ പറഞ്ഞതില്‍ അധികം സാധനങ്ങളും എനിക്കു പുരിയലൈ. പുതീതാ?

കുറ്റിയേ.. മാണ്ട ട്ടാ.. നിരച്ചരനെ ബിട്ട്‌ അടിപ്പിക്കും ഞാന്‌..

കെ.കുട്ട്യേ.. നണ്‍ട്രി ട്ടാ..

മുനിയണ്ണാ.. ഇനി മേലില്‍ ഞാനിതാവര്‍ത്തിക്കൂലാ.. സത്യം..

പപ്പൂസേ.. ഇങ്ങക്കു മാത്രം കാര്യം പുടി കിട്ടീ.. ഈ കദേലെ ഗുണപാഠം എന്താച്ചാല്‍.. കുപ്പി പൊട്ടിച്ചാല്‍ പിന്നെ ഫോണൊന്നും എടുക്കരുത്‌.. ഉടനെ കമത്തണം.. ആല്‍ക്കഹോളകത്തുണ്ടേല്‍ അവരു ബ്ളഡ്ഡെടുക്കൂലാ... :)

പ്രായമ്മേ.. തേങ്ക്യു..

പിള്ളേച്ചാ.. ങ്ഹാ, എണീറ്റു പോരേ.. സീന്‍ കഴിഞ്ഞ്ജു.. ആ തുണീടെ കാര്യം മറക്കണ്ടാ..:)

ശിവ.. നന്ദി..

Gopan | ഗോപന്‍ said...

പാമരന്‍സേ,
സൂപ്പര്‍ബ് പോസ്റ്റ് ! ഇതില്‍ വരഞ്ഞിരിക്കുന്ന പിള്ളേച്ചനാകുവാന്‍ അനൂപ് എത്രവട്ടം ഷാപ്പില്‍ തലകുത്തി മറയണം എന്നറിഞ്ഞു കൂടാ.. യാത്ര കാരണം വൈകിയാണെത്തിയത്‌, ക്ഷമിക്കുക.

ഗീത said...

ഇനി മിണ്ടേയില്ല പാമൂനോട്. പിണക്കം ന്നു വച്ചാല്‍ പിണക്കം തന്നാണ്. എത്ര മനസ്സു വിഷമിച്ചു ഇത് യാഥാര്‍ത്ഥ്യമാണെന്നു വിചാരിച്ച്...

ഇത്രേം വേണ്ടായിരുന്നു..
അതും ‘എന്റെ മോന്റെ പ്രായത്തിലുള്ള ഒരു കുഞ്ഞ്” എന്നൊക്കെ എഴുതി.

ഈ ആല്‍ത്തറേല്‍ വരുന്നത് മനസ്സു തുറന്ന് ഇത്തിരി ചിരിക്കാനുള്ള വക തേടിയാണ് ട്ടോ. അന്നേരം എന്നെ കരയിച്ചാലുണ്ടല്ലോ...

ആ പിള്ളേച്ചന്റെ പ്രേതം വന്ന്‌ പാമൂനെ പിടിക്കട്ടേ...

ഇനി സീരിയസ് ആയി പറയുകാ. ഇത്തരം സ്വപ്നം വേണ്ടാട്ടോ. നാട്ടില്‍ പോകുന്നത് സന്തോഷമുള്ള കാര്യമല്ലേ? അന്നേരം ഇങ്ങനെ മനപ്രയാസപ്പെടുത്തുന്ന കാര്യങ്ങള്‍ നടക്കുന്നു എന്നൊക്കെ സങ്കല്‍പ്പിക്കുന്നതെന്തിനേ?

എഴുത്തിന്റെ ചേലിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കരയിച്ചതിന്റെ പിണക്കം കൊണ്ട്.

krish | കൃഷ് said...

ഇതെന്തരു...കള്ള് കുപ്പി പൊട്ടിച്ചിട്ട് സെന്റിയടിക്കുന്നോ..
ഛേ.. കഷ്ടായി..

ജെയിംസ് ബ്രൈറ്റ് said...

ഞാന്‍ വരാന്‍ താമസിച്ചു പോയി.
സംഗതി എന്നാ സൂപ്പര്‍ ഹിറ്റ്..!
വളരെ, വളരെ സന്തോഷം