സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ഒന്നാം തരം പഠിപ്പിസ്റ്റും ചൊറിയനുമായിരുന്നു ഞാന്‍!
കൊട്ടാരം പള്ളിക്കൂടത്തില്‍ നാലാം ക്ലാസ് വരെ പഠിച്ചെങ്കിലും എനിക്ക് ഒരിക്കലും ക്ലാസ് ലീഡര്‍(മോണിട്ടര്‍) ആകാന്‍ കഴിഞ്ഞിരുന്നില്ല. ചേപ്പാട് ‘ പി.എം.ഡി യു.പി. എസ്സില്‍’ (ഫിലിപ്പോസ് മാര്‍ ദിവന്നാസ്യോസ് യു.പി.സ്കൂളില്‍) ആണ് അഞ്ച്ചു മുതല്‍ പഠിച്ചത്.
സുന്ദരനും ഗായകനും ആയിരുന്ന ഉണ്ണികൃഷ്ണനായിരുന്നു അഞ്ചാം തരത്തില്‍ മോണിട്ടര്‍. പക്ഷേ ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയിരുന്നത് എനിക്കായതുകൊണ്ടാവണം ആറാം ക്ലാസില്‍ എന്നെ മോണിട്ടറാക്കി. അടുത്ത വര്‍ഷവും ആ സ്ഥാനം ഞാന്‍ നിലനിര്‍ത്തി.
റബേക്കമ്മ സാര്‍, ഗ്രേസിക്കുട്ടി സാര്‍, ലീലാമ്മ സാര്‍ എന്നിവരായിരുന്നു അഞ്ചു മുതല്‍ ഏഴു വരെ എന്റെ ക്ലാസ് ടീച്ചര്മാര്. പഠിക്കാന്‍ മിടുക്കനായതുകൊണ്ട് എനിക്ക് ആ സ്കൂളില്‍ നിന്ന് ഒരിക്കലും അടി കിട്ടിയിട്ടില്ല. അതിന്റെയൊരു ജാഡയും ‘ഡമ്പും’ എനിക്കുണ്ടായിരുന്നു. മോണിട്ടര്‍ എന്ന നിലയില്‍ ശുഷ്കാന്തി കൂടാന്‍ അതു കാരണമായി.
ഒരു ക്ലാസ് ലീഡറൂടെ ജോലി വളരെ ഭാരമേറിയതാണ് എന്നുള്ളത് വളരെ പെട്ടെന്നു തന്നെ സഹപാഠികളെ ഞാന്‍ ബോധ്യപ്പെടുത്തി. എന്റെ നോട്ട് ബുക്കുകള്‍ കൂടാതെ ക്ലാസ്സ്സിലെ മുഴുവന്‍ കുട്ടികളുടെയും കോമ്പസിഷന് ബുക്കുകള്‍ ഞാന്‍ തോളിലേറ്റി വീട്ടില്‍ കൊണ്ടുപോകുമായിരുന്നു. തിരിമറി നടത്തുന്നത് തടയാനാണ് ഈ ഭാരം ചുമക്കല്‍!
കൂടാതെ ക്ലാസില്‍ ഉത്തരം പറയുമ്പോഴും പദ്യം ചൊല്ലുമ്പോഴുമൊക്കെ ആരെങ്കിലും തെറ്റു വരുത്തുന്നുണ്ടോ എന്ന് നോക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നതും എന്നെയാണ്. സാറന്മാരുടെ ശ്രദ്ധയില്‍ പെടാതെ ആരെങ്കിലും തെറ്റു വരുത്തിയാല്‍ അവന് അടി വാങ്ങിച്ചുകൊടുക്കുക എന്നത് എന്റെ ജീവിതവ്രതമായിരുന്നു അന്ന്!
“സാര്‍ ഇവന് തെറ്റിച്ചു!” എന്ന എന്റെ ഒച്ച കേട്ടാലുടന്‍ സാര്‍ തെറ്റിച്ച ഹതഭാഗ്യനെ വിളിക്കുകയായി “ഡാ! ഒന്നൂടെ ഒറച്ചു ചൊല്ലെടാ!”
തെറ്റിച്ചവന് എങ്ങനെ ശരിയാക്കാന്‍.... അടി ഉറപ്പ് !
ഇതു കൂടാതെ സാറന്മാരില്ലാത്തപ്പോള്‍ ക്ലാസില്‍ വര്‍ത്തമാനം പറയുന്നവരുടെ പേരെഴുതി അവര്‍ക്കും അടി വാങ്ങിക്കൊടുക്കുക എന്നതും മോണിട്ടറുടെ ഭരണഘടനാപരമായ അവകാശമായിരുന്നു!
ഈവക കാര്യങ്ങളില്‍ എന്റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്നവരായിരുന്നു എന്റെ സാറന്മാര്! അവരോടുള്ള എന്റെ കടപ്പാട് നിസ്സീമമായിരുന്നു. അതു ഞാന്‍ പ്രകടിപ്പിച്ചിരുന്നത് കൊച്ചൂട്ടില്‍ കാവില്‍ നിന്നും വക്കീലിന്റെ കാവില്‍ നിന്നുമൊക്കെ വളരെ കഷ്ടപ്പെട്ട് വെട്ടിയെടുത്ത്, ചാണകത്തില്‍ വച്ചു പഴുപ്പിച്ച് നല്ല മഞ്ഞ നിറത്തിലാക്കിയെടുത്ത ഒന്നാന്തരം ചൂരല്‍ക്കമ്പുകള്‍ വഴിയായിരുന്നു. ഒരു ചൂരല്‍ ഒടിഞ്ഞാല്‍ അടുത്ത ചൂരല്‍ റെഡി!
ചൂരല്‍ ആവശ്യമില്ലാത്ത ഏക അധ്യാപകന് മാധവന് പിള്ള സാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന വിനോദം ‘സൈക്കിള്‍ ചവിട്ടിക്കലാ‘യിരുന്നു. അതും ബഞ്ചില്‍ കയറ്റി നിര്‍ത്തി!
ശിക്ഷാര്‍ഹനായ ഹതഭാഗ്യന് ബഞ്ചില്‍ കയറി നില്‍ക്കണം. അപ്പോള്‍ സാര്‍ വന്ന് അവന്റെ തുടയില്‍ തന്നെ നഖമിറക്കും. അതിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് കുട്ടി കാല് അറിയാതെ ഉയര്‍ത്തും. കാല് പരമാവധി ഉയര്‍ന്നുകഴിയുമ്പോള്‍ സാര്‍ നഖം മെല്ലെ പിന് വലിക്കും. അപ്പോള്‍ കുട്ടി കാല് താഴ്ത്തും. അപ്പോള്‍ സാര്‍ അടുത്ത കാലില്‍ നുള്ളൂം. അതേ പ്രക്രിയ ആവര്‍ത്തിക്കും. അങ്ങനെ സൈക്കിള്‍ ഇല്ലാതെ തന്നെ കുട്ടികള്‍ സൈക്കിള്‍ ചവിട്ടല്‍ പഠിക്കും!
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ സ്കൂളിനു മുന്നിലൂടെ പോകുന്ന നാഷണല്‍ ഹൈവേയുടെ ടാറിംഗ് നടക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ഞങ്ങളൊക്കെ ടാര്‍ മിക്സ് ചെയ്യുന്നത് കണ്ടു നില്ക്കുമ്പോള് കുറേപ്പേര് ചേര്‍ന്ന് ഒരു ടാര്‍ വീപ്പയില്‍ നിന്ന് കുറച്ച് ടാര്‍ മോഷ്ടിച്ചു. എന്നിട്ട് അത് ഇലയില്‍ പൊതിഞ്ഞ് ക്ലാസില്‍ കൊണ്ടു വന്നു. ഏതോ ഒരു വിദ്വാന് ക്ലാസ് ടീച്ചറുടെ കസേരയില്‍ അല്പം ടാര്‍ പതിച്ചു വച്ചു. ഗ്രേസിക്കുട്ടി സാര്‍ ഉച്ചയ്ക്ക് അറ്റെന്‍ഡന്‍സ് എടുക്കാന്‍ വന്നു. കസേരയില്‍ ഇരുന്നു. അറ്റെന്‍ഡന്‍സ് എടുത്തു. ഏഴുനേല്‍ക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല! മേശപ്പുറത്ത് കയ്യൂന്നി എണീക്കാന്‍ ശ്രമിച്ചു.... കസേരയും ഒപ്പം പൊങ്ങി!!
കുട്ടികള്‍ കൂട്ടച്ചിരി! ഒരു വിധത്തില്‍ അവര്‍ സാരി പറിച്ചെടുത്തു! സംഭവം ഉടന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാധവന് പിള്ള സാര്‍ അന്വേഷണക്കമ്മീഷന്! തെളിവെടുപ്പു തുടങ്ങി. ഷാജി, മോഹനന് തുടങ്ങിയവര്‍ പിടിക്കപ്പെട്ടു.
അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു “ സാര്‍.. ജയനുമുണ്ടായിരുന്നു ഞങ്ങളോടൊപ്പം!"
സാര്‍ വിശ്വാസം വരാതെ എന്നെ നോക്കി.
“ആരെങ്കിലും കണ്ടോ ജയന് ടാര്‍ വാരുന്നത്?“ സാര്‍ ചോദിച്ചു.
അവസരം നോക്കിയിരുന്നപോലെ വേണു എന്ന എന്റെ സഹപാഠി കശ്മലന് എണീറ്റു പറഞ്ഞു.
“ഞാന്‍ കണ്ടു സാര്‍!”
എടാ കാലമാടാ! ക്ലാസില്‍ പേരെഴുതി ഏറ്റവും കൂടുതല്‍ അടി കിട്ടിയിട്ടുള്ളത് അവനാണ്! അതിന്റെ ചൊരുക്ക് അവന് തീര്‍ത്തു!
മാധവന് പിള്ള സാര്‍ ശിക്ഷ വിധിച്ചു. കസേരയില്‍ ടാര്‍ ഒട്ടിച്ചവര്‍ക്ക് എട്ട് അടി വീതം. ടാര്‍ വാരിയവന്മാരെ വരിയായി നിര്‍ത്തി. ഏറ്റവും മുന്പില് ഞാന്‍!
എന്നിട്ട് സാര്‍ ഒരു കടലാസ് തന്നു എന്റെ കയ്യില്‍. അതില്‍ ഇങ്ങനെ എഴിതിയിരുന്നു.
“ഞങ്ങള്‍ ‘ടാര്സന്’മാര്‍!! ടാര്‍ എവിടെക്കണ്ടാലും വാരും....പി.ഡബ്ല്യു.ഡി സൂക്ഷിച്ചോ!”
“ഉം... നടന്നോ..! സ്കൂളിനു ചുറ്റും പത്തു പ്രാവശ്യം!”
സാര്‍ കല്പ്പിച്ചു!
തല കുനിച്ച് ഞാന്‍. എന്റെ പിന്നില്‍ നാലു പേര്... അവര്‍ക്ക് ഉള്ളില്‍ ചിരി... മുന്നില്‍ നില്‍ക്കുന്നത് ജയനല്ലേ!!
ഒടുവില്‍ എഴാം ക്ലാസ് പഠനം കഴിഞ്ഞു.
ഇനി പഠനം ചേപ്പാട് സി.കെ.എച്ച്.എസ്സ് (ക്രൈസ്റ്റ് കിംഗ് ഹൈ സ്കൂള്‍) എന്ന വിദ്യാലയത്തിലാണ്. എന്റെ അച്ഛനും കൊച്ചച്ഛനും ഒക്കെ പഠിച്ച സ്കൂള്‍. ബോയ്സ് ഹൈ സ്കൂളാണ് അത്.
എട്ടാം ക്ലാസില്‍ സ്കൂള്‍ തുറന്ന ആദ്യ ദിവസം തന്നെ പുക്കാര്‍ എന്നോടു പറഞ്ഞു
“ ഡാ ചെറുക്കാ.... ചേപ്പാട്ട് ഐസ്കൂളീ വന്ന് നീ വല്യ ആളാവാനൊന്നും നോക്കണ്ട.... അവടേ എല്ലിന്റെ എടേ കൈ കേറ്റുന്ന ആമ്പുള്ളാരൊണ്ട്! അവന്മാര് നിന്റെ കൂമ്പിടിച്ച് ചമ്മന്തിയാക്കും!”
അതു കേട്ടപ്പോ ഉള്ളോന്നു കാളിയെങ്കിലും പുറമേ കാട്ടിയില്ല. ധൈര്യം പിടിച്ച് ക്ലാസിലിരുന്നു. എന്റമ്മോ എന്തു വലിയ ചെറുക്കന്മാര്! മുണ്ടുടത്തവന്മാര്‍ ധാരാളം. എല്ലാം പിന് ബെഞ്ചുകളില്‍ നിരന്നിരിപ്പാണ്. മിക്കവര്‍ക്കും മീശയുമുണ്ട്.
എട്ടാം ക്ലാസില്‍ ‘തേഡ് ഇയര്‍’ പഠിക്കുന്ന രണ്ടു പേരുണ്ട് - കണ്ണന്, മുരളീധരന് നായര്‍....! ഒരാള്‍ എസ്.എഫ്.ഐ നേതാവ്. മറ്റെയാള്‍ കെ.എസ്.യുക്കാരന്.... ഇവരുടെയൊക്കെ നേതാക്കന്മാര് ഒന്‍പതാം ക്ലാസിലും പത്താം ക്ലാസിലും! ഞാന്‍ ക്ലാസിലെ ഏറ്റവും ചെറിയ കുട്ടികളിലൊരാള്‍.... നിക്കറിട്ട് ഫ്രണ്ട് ബെഞ്ചിലാണ് ഇരിപ്പ്.
ആദ്യ ദിനം തന്നെ ഒന്നു തീരുമാനിച്ചു. ഇവിടെ മോണിട്ടര്‍ പണി നടക്കില്ല! ഭാഗ്യവശാല്‍ ജയ്.എബി.ചെറിയാന് എന്ന സുന്ദരനും സുശീലനുമായ പയ്യന് മോണിട്ടറായി! സ്കൂള്‍ തുറന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ആദ്യത്തെ സമരം. വല്യ നേതാക്കന്മാരായ രമേശന്റെയും സതീശന്റെയും നേതൃത്വത്തില്‍. പ്രകടനം, മുദ്രാവാക്യം വിളി, ബെല്ലടിക്കുന്ന ചേങ്ങലയെടുത്ത് കിണറ്റിലേറ്..... സംഗതി തക തകര്‍പ്പന്‍!
എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ ചെറിയാന് സാര്‍ ആയിരുന്നു. ഇംഗ്ലീഷും, ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു. എനിക്ക് വളരെ ഇഷ്ടമായിരുന്ന അദ്ദേഹത്തെ കിഴങ്ങന് എന്നായിരുന്നു കുട്ടികള്‍ വിളിച്ചിരുന്നത്. ചെറിയാന് സാര്‍ എന്നല്ല ആ സ്കൂളില്‍ പഠിപ്പിച്ചിരുന്ന എല്ലാ ആണ്-പെണ് സാറന്മാര്ക്കും ഇരട്ടപ്പേരുകള്‍ ഉണ്ടായിരുന്നു എന്നതാണ് സി.കെ.എച്ച്.എസ്സിന്റെ പ്രത്യേകത. ബ്രഹ്മാണി, പേപ്പട്ടി, ചെങ്കീരി, എല്ലിച്ചി, വെണ്മണിച്ചട്ടമ്പി, പുളുവന്‍, കിഴങ്ങന്,മാക്രിമണിയന്, ക്വിന്റല്‍..... ഇങ്ങനെ ഓരോരുത്തര്‍ക്കും! പഠിപ്പിസ്റ്റായിരുന്നതിനാല്‍ ഇവരെയൊന്നും ഈ പേരു വിളിക്കാനുള്ള ധൈര്യം എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല.
എന്നാല്‍ സ്കൂളിലെ ഹെഡ്മാസ്റ്റര് ആയ ഇടിക്കുള സാറിന് മാത്രം ഇരട്ടപ്പേരൊന്നും ഉണ്ടായിരുന്നില്ല. (കുറഞ്ഞ പക്ഷം എന്റെ അറിവില്‍...) ടി.എം. ഇടിക്കുള എന്നാണ് മുഴുവന്‍ പേര്. കുട്ടികള്‍ ‘ഇഡിക്കള സാര്‍’ എന്നാണ് ആ പേര് ഉച്ചരിച്ചിരുന്നത്. സാര്‍ ചൂരലും കൊണ്ട് ഇടനാഴിയിലേക്കൊന്നിറങ്ങിയാല്‍ ‘ഡ്രാക്കുള’യെ കണ്ട മാതിരി കുട്ടികള്‍ ഭയന്നോടും!
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം എന്റെ ഏറ്റവും ഇളയ അനിയന് ‘മുത്ത്’‘ അമ്മയെ കാണാന്‍ ചേപ്പാട്ടു വന്നത്. അമ്മ പോസ്റ്റ് മാസ്റ്ററാണ്. ഞങ്ങളുടെ സ്കൂളിന്റെ നേര് എതിര് വശത്താണ് അമ്മ ജോലി ചെയ്യുന്ന പൊസ്റ്റ് ഓഫീസ്. മുത്തും ഞാനും സ്കൂളിനടുത്തുള്ള ബേബിയച്ചായന്റെ കടയില്‍ നിന്ന് എന്തോ സാധനം വാങ്ങാന്‍ പോയതായിരുന്നു. അപ്പോഴാണ് ഇടിക്കുള സാര്‍ തന്റെ ബജാജ് സ്കൂട്ടറില്‍ ആ വഴി വന്നത്. സാര്‍ സ്കൂട്ടര്‍ നിര്‍ത്തി കടയിലേക്കു കയറി.
ഞാന്‍ മുത്തിനോടു പറഞ്ഞു “ഡാ... ഞങ്ങടെ ഹെഡ്മാസ്ടറാ ആ വരുന്നത്... ഇഡിക്കള സാര്‍!”
“ഓ ഇതാണോ ഇഡിക്കള!”
അവന് യാതൊരു കൂസലുമില്ല. അവന്റെ സ്കൂളിലെ സാറല്ലല്ലോ!
സാര്‍ കടയില്‍ എന്ത് തെരയുകയായിരുന്നു. ഞങ്ങള്‍ സാധനം വാങ്ങി ഇറങ്ങി.
പെട്ടെന്നാണ് മുത്ത് വിളിച്ചത് “ ഡാ അടുക്കളേ!”
ഞാന്‍ അമ്പരന്നു നില്ക്കുന്നതിനിടയില് അവന് വീണ്ടും വിളിച്ചു “ അടുക്കളേ, അടുക്കളേ!”
എന്നിട്ട് ഒറ്റയോട്ടം!
ഒരു കുട്ടി എന്തോ പറഞ്ഞു എന്നല്ലാതെ സാറിന് ഒന്നും മനസ്സിലായില്ല....
പ്ലാസ്റ്റിക് സാധനങ്ങളുടെ പിന്നിലായതുകൊണ്ട് എന്റെ മുഖം സാറിന് കാണാന്‍ കഴിഞ്ഞുമില്ല.
നിലച്ച ഹൃദയവുമായി എങ്ങനെ എന്റെ കാലുകള്‍ പറന്നു എന്ന് ഒരു പിടിയുമില്ല! പോസ്റ്റ് ഓഫീസിനകത്തെത്തിയാണ് നിന്നത്...!
അടുത്ത വര്‍ഷം ഞാന്‍ ഒന്‍പതാം ക്ലാസില്‍ എത്തി. ക്ലാസ് ലീഡര്‍ ‘ജയ് എബി ചെറിയാന്’ തന്നെ.
പഠിക്കുന്ന കാര്യത്തില്‍ ഞാന്‍ പിന്നോക്കം പോയില്ല. മോണിട്ടര്‍ ആയില്ലെങ്കിലും എന്റെ പഠിപ്പിസ്റ്റ് - ചൊറിയന്‍ സ്വഭാവത്തിന് ഒരു മാറ്റവും വന്നിരുന്നുമില്ല!
പലപ്പോഴും പദ്യം ചൊല്ലല്‍ മോണിട്ടര്‍ ചെയ്തിരുന്നത് ഞാന്‍ തന്നെയായിരുന്നു. തെറ്റിക്കുന്നവര്‍ ഒക്കെ മലയാളം അധ്യാപകനായ ചാക്കോ സാറിന്റെയും, ഹിന്ദി മാഷായ ദാമോദരന്‍ പിള്ള സാറിന്റെയും ചൂരല്‍ച്ചൂടറിഞ്ഞു.
അങ്ങനെ ഒരു ദിവസം. അധ്യാപകനില്ലാത്ത ഒരു ക്ലാസ്.
സംസാരിച്ചാല്‍ പേരെഴുതും, അടികിട്ടും എന്ന് ഉറപ്പുള്ളതുകൊണ്ട് മുന്‍ ബെഞ്ചില്‍ , ഡെസ്കിലേക്കു കമിഴ്ന്നു കിടക്കുകയായിരുന്നു ഞാന്‍. പയ്യന്മാര് ചിലര്‍ മോണിട്ടറെ തൃണവല്‍ഗണിച്ച് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. എബി എല്ലാവരുടെയും പേരുകള്‍ കൃത്യമായി എഴുതുകയും ചെയ്തു.
ഏതോ ഒരു നിമിഷം പിന് നിരയില്‍ നിന്ന് വലിയൊരൊച്ചയും ബഹളവും കേട്ടു. തലയുയര്‍ത്തി നോക്കിയപ്പോള്‍ ഒരു പാറ്റ(കൂറ) പറന്ന് ആരുടെയോ മേല്‍ വീണതാണ്ബഹളത്തിനു കാരണമെന്നുമാത്രം മനസ്സിലായി. ബഹളം കേട്ടാവും ഇടിക്കുള സാര്‍ പാഞ്ഞെത്തി. എല്ലാവരും എണീറ്റു നിന്നു. സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത.
ചൂരല്‍ നീട്ടി മുന്‍ നിരയിലുള്ള എന്നോടു ചോദിച്ചു “എന്താടാ ഇവിടെ സംഭവിച്ചത്?”
“ഞാനൊന്നും കണ്ടില്ല സാര്‍!”
എന്റെ മറുപടികേട്ടതും സാറിന്റെ ചൂരല്‍ വായുവില്‍ ഉയര്‍ന്നു.
“നീ ഒന്നും കണ്ടില്ല, അല്ലേ!?”
പിന്നെ സംഭവിച്ചത് ക്ലാസിന്റെ മുഴുവന്‍ ശ്വാസഗതി നിലയ്ക്കുന്ന ഒരു പ്രകടനമായിരുന്നു. തുരു തുരാ ചൂരല്‍ എന്റെ തുടയിലും പൃഷ്ഠത്തിലും ആഞ്ഞാഞ്ഞു പതിച്ചു.
കലിയടങ്ങി എന്തൊക്കെയോ പറഞ്ഞു കൊണ്ട് സാര്‍ ഇറങ്ങിപ്പോയി.
ഞാന്‍ തലചുറ്റി ബെഞ്ചില്‍ വീണു..... ചുറ്റും കുട്ടികള്‍ ഓടിക്കൂടുന്നതും, “പതിനെട്ടടി കിട്ടി “ എന്ന പുക്കാറിന്റെ ആഹ്ലാദ സ്വരവും “അല്ലടാ...! ഇരുപതിന് മേലെ കിട്ടി!” എന്ന അനിയുടെ തിരുത്തും ഒക്കെ അര്‍ദ്ധബോധാവസ്ഥയില്‍ കേട്ടുകൊണ്ട് ഞാന്‍ കിടന്നു.
ദൈവമേ! നീ ഇത്ര നീതിമാനാണോ! അവന്മാര്ക്ക് പലര്‍ക്കും ഒരു കൊല്ലം കൊണ്ടു കൊടുത്തത് നീ ഒരു ദിവസം കൊണ്ട് എനിക്കു തന്നല്ലോ!!
ഇന്നും ഇടിക്കുള സാര്‍ എന്നു കേട്ടാലുടന്‍ ഞാന്‍ ചന്തിയ്ക്ക് ഇടിവെട്ട്ഏറ്റവനെപ്പോലെ തടവി നോക്കും!
അടിക്കുറിപ്പ്: ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ സുഖമുള്ള നൊമ്പരങ്ങള്‍!ആ അടി കിട്ടിയില്ലായിരുന്നെങ്കില്‍... ഒരു പക്ഷേ ഒരിക്കലും എന്റെ സഹജീവികളുടെ വേദന ഞാന്‍ അറിയാതെ പോയേനെ!
.
20 comments:
ഒരു പഴയകാല ചോരിയന് പുഴുവിന്റെ ഓര്‍മ്മക്കുറിപ്പ്...!
post ere ishtappettu abhinandanam
hehe....
njaanum oru padipist ayirunnu... at times choriyanum..
എടാ കാലമാടാ! ക്ലാസില്‍ പേരെഴുതി ഏറ്റവും കൂടുതല്‍ അടി കിട്ടിയിട്ടുള്ളത് അവനാണ്! അതിന്റെ ചൊരുക്ക് അവന് തീര്‍ത്തു!
ദേ ഇപ്പോള്‍ പിന്നെയും തീര്‍ത്തു
ഒരു സഭവം തന്നെ ... കുട്ടികള്‍ പ്രാകി കൊല്ലും ..
I like the post. Took back to school days
എം.സങ്
പിറ്റേട്ടന്‍
പാവപ്പെട്ടവന്
സൂത്രന്
അനോണിമസ്.....
എലാവര്‍ക്കും നന്ദി!
പഠിപ്പിസ്റ്റുകളുടെ യൂണിയന് ഉണ്ടാക്കാമോ എന്ന ചിന്തയിലാണ് ഞാന്‍! ഹി! ഹി!!
സ്കൂള്‍ ജീവിതത്തിന്റെ ഏട് തുറന്നത് നന്നായിരിക്കുന്നു
എല്ലാ സ്കൂളിലും മോണിട്ടറും അവരുടെ പേരെഴുത്തും ഒരു നീണ്ട കഥയായുണ്ട് ഞാന്‍ മിക്കപ്പോഴും പേരെഴുതി കിട്ടുന്ന കുട്ടികളേ വിളിച്ചു നിര്‍ത്തി ഇപ്രാവശ്യം വിടുന്നു ഇതും കൂടി ചേര്‍ത്താവും അടുത്ത പ്രാവശ്യം ശിക്ഷ എന്ന് പറഞ്ഞ് പേരെഴുതിയ പേപ്പറ് ഡയറിയില്‍ തിരുകി വയ്ക്കും..ചെറുബാല്യത്തില്‍ അല്ലെ ഇത്തരം കൊച്ചു വര്‍ത്തമാനത്തിനും കുസൃതിക്കും തരം കിട്ടൂ അതുമല്ല ഇതൊക്കെ പില്ക്കാലത്തെ ജീവിതത്തിന്റെ മുതല്‍കൂട്ടും,വിദ്യാഭ്യാസം പാഠപുസ്തകം കാണാതെ പഠിച്ച് എഴുതി കാണിക്കുന്നതല്ല. ഏതു സാഹചര്യത്തേയും നേരിടാനും
അവയെ കൈകാര്യം ചെയ്യാനും സമചിത്തതയുണ്ടാകുക എന്നതാണ്...പിന്നെ കുട്ടികളെ അടിക്കുന്നതിനു ഞാന്‍ എന്നും എതിരാണ്, ഏതു കുട്ടിയും എന്തെങ്കിലും ചെയ്യുന്നതിന് ഒരു കാരണം കാണും അതറിയുക അതിലെ ശരികേട് പറഞ്ഞ് മനസ്സിലാക്കുക കുട്ടി പിന്നെ ഒരിക്കലും ആവര്‍ത്തിക്കില്ല.കുട്ടികളുടെ വീക്ഷണത്തില്‍ അവന് ചെയ്തതിന്റെ വിശദീകരണം കേട്ടു നോക്കണം. എത്ര രസമാണെന്നോ? അതിനു പിന്നിലെ ലോജിക്!!പിന്നെ ഒരിക്കലും മറ്റുള്ളവരുടെ മുന്നില്‍ വച്ച് കുട്ടികളെ ശിക്ഷിക്കരുത്.അതു മനസ്സിനെ മുറിപ്പെടുത്തും വിചാരിക്കുന്നതിന്റെ വിപരീത ഫലമേ അതുളവാക്കൂ.
ഡോക്ടര്‍ ഈ പൊസ്റ്റ് നന്നായി എല്ലാവര്ക്കും ഒര്മിക്കാന് ഒരു സ്കൂള്‍ ജീവിതമുണ്ടല്ലോ!! ഞാന്‍ കണക്കില്ലതെ അടിയും ഇമ്പോസിഷ്യനും ക്ലാസ്സിനു കാവലും നിന്നിട്ടുണ്ട് അതില്‍ ചിലത് ആലത്തറയിലെ തന്നെ പഴേ പോസ്റ്റ്ല് വായിക്കാം ... :)
എന്നും അടി കൊണ്ടിട്ടുള്ളതല്ലാതെ ഒരിക്കല്‍പോലും അടി വാങ്ങി കൊടുക്കാന്‍ കഴിയാതെ പോയ ഒരു മടയന് .
ശിവരാമപിള്ള സാറിന്റെ കയ്യില്‍ നിന്നും അന്നക്കുട്ടി ടീച്ചറിന്റെ കയ്യില്‍ നിന്നുമൊക്കെ അടികിട്ടാതിരിക്കാന്‍ കൈതയുടെ തുമ്പത്ത് എത്രയോ കെട്ടുകള്‍ ഇട്ടിരിക്കുന്നു . എവിടെ ?
അടികൊള്ളാന്‍ ഇന്നും കാപ്പി മാത്രം ബാക്കി .
മാണിക്യം ചേച്ചി...
ടീച്ചറാണോ?
എന്തായാലും നല്ല ചിന്താഗതി!
എല്ലാ സാറന്മാരും ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കില്‍!
കാപ്പിലാന്!!
ഇന്നും അടിവാങ്ങിച്ചു കൂട്ടുകയാ....?
ഈശോയേ!! ഈ ആത്മാവിനു കൂട്ടായിരിക്കേണമേ!!
കൊടുത്താ കൊല്ലത്തും കിട്ടും. അങ്ങനെയെന്തോ പറ്യില്ലേ.
9ൽ പഠിക്കുമ്പോൾ ചെറിയ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു ക്ലാസ്സിൽ. അവരെ ‘മക്കുണം, മശകം.’ എന്ന ഇരട്ടപ്പേർ ഒരുമിച്ചു വിളിക്കുമായിരുന്നു.
ജയന്.......തകര്‍ക്കുകയാണല്ലോ.......
ഒരു വട്ടം കൂടി ഓര്‍മ്മകള്‍ മേയുന്ന ആ തിരുമുട്ടവും, തിരു ചൂരലും ഓര്‍ത്ത് പോയി! നന്നായി!
Tt took back to the school days.
very good writing
വളരെ നന്നായി എഴുതിയിരിക്കുന്നു. ഒരു നീണ്ട കാലയളവിനെ ചുരുങ്ങിയ വാക്കുകളിലേക്ക് രസകരമായി കൊണ്ടുവന്നിരിക്കുന്നു. ഒരു ചേരന് പടം ഒക്കെ കണ്ട ഒരു എഫക്റ്റ്.
പാര്ത്ഥന്...
കൊടുത്താല്‍ കൊല്ലത്തു മാത്രമല്ല കോഴിക്കോട്ടും കിട്ടും! ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അതൊക്കെ ഓര്‍ക്കാന്‍ സുഖമുള്ള നൊമ്പരങ്ങള്‍!ആ അടി കിട്ടിയില്ലായിരുന്നെങ്കില്‍... ഒരു പക്ഷേ ഒരിക്കലും എന്റെ സഹജീവികളുടെ വേദന ഞാന്‍ അറിയാതെ പോയേനെ!
വാഴക്കോടന്‍...
ഗൃഹാതുരത്വം തുളുമ്പുന്ന ആ കമെന്റിനു നന്ദി!
തെച്ചിക്കോടന്....
വളരെ നന്ദി സുഹൃത്തേ!
ചങ്കരന്...
ഈ നല്ല വാക്കുകള്‍ക്കു നന്ദി...!
പണ്ട് ഞാനും കുറെ പേര്‍ക്ക് അടി വാങ്ങിക്കൊടുത്തിട്ടുണ്ട്.....ഇപ്പോള്‍ കുറ്റബോധം തോന്നുന്നു.
ജയേട്ടോ.... ഞാന്‍ വാങ്ങി കൊറ്റുത്തിട്ടുള്ള അടിയുടെയും,വാങ്ങി കൂട്ടിയ അടിയുടേയും ഏഴയലത്തു എത്തില്ല ഇത്!!! ഞാനും ഇതിനേക്കാള്‍ വലിയ ഒരു ചൊറിയനായിരുന്നു!!!
Prayan..
Neervilaakan...
രണ്ടു ‘സഹോദരന്മാര്ക്കും‘ നന്ദി!
നീര്‍വിളാകാ... എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റിയുള്ളൂ! തകര്‍പ്പന്‍ അനുഭവങ്ങള്‍ പങ്കു വയ്ക്കൂ.... നമുക്ക് ആസ്വദിക്കാം!
എന്റെ മൂന്നു ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നു
http://neervilakan.blogspot.com/
http://keralaperuma.blogspot.com/
http://neelathipottan.blogspot.com/
സന്ദര്‍ശിച്ചു അഭിപ്രായം അറിയിക്കുമല്ലോ?/
hi hi
adikonda sahapaadikal ellam koodi union undaaki ee padipistine thallathe nokikko
Post a Comment