പതിവുപോലെ നിറഞ്ഞ മനസ്സുമായി തന്റെ പ്രജകളെക്കാണാന്‍ അദ്ദേഹം ആദ്യം ഓടിയെത്തിയത് തലസ്ഥാനനഗരിയിലേയ്ക്ക് തന്നെ. അവിടെക്കണ്ട ആള്‍ത്തിരക്കും ഉത്സവപ്രതീതിയും ആ മനസ്സുനിറച്ചു; ഒപ്പം കണ്ണുകളും... സന്തോഷത്താല്‍ .
പെട്ടെന്ന്, "വേഗം വാ, സമയം ആയി", എന്നു പറഞ്ഞ് ആ ആള്‍ത്തിരക്കിലേയ്ക്ക് ആരോ കൈയില്‍ പിടിച്ചതും വലിച്ചതും മാത്രം ഒരു ഓര്‍മ്മ. കണ്ണുതുറന്ന് ചുറ്റിലും നോക്കിയപ്പോള്‍ കണ്ട കാഴ്ച, "ഹൊ! എത്ര മനോഹരം....എന്തായിത്? ലോകരാജാക്കന്മാരുടെ സമ്മേളനമോ? നമ്മളായിരിക്കും, അതിന്റെ അദ്ധ്യക്ഷന്‍...".. കൈയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടു വന്ന ആള് പറഞ്ഞു, "എന്ത് അദ്ധ്യക്ഷന്‍? ഇത് മഹാബലിമാരുടെ മത്സരം ആണ്”.
“മഹാബലിമാരുടെ മത്സരമോ??എന്തു മത്സരം?നമുക്കു ഒന്നും മനസ്സിലായില്ലാല്ലോ?”
“അയ്യേ നിങ്ങള്‍ എവിടുത്തുകാരന്‍ കൂവാ? കഷ്ടംതന്നെ. ഈ മത്സരം എന്താന്നുവച്ചാ... മഹാബലിമാരെ ക്കൊണ്ട് ലോകം നിറഞ്ഞു. അവരെ തട്ടിമുട്ടി നടക്കാന്‍ വയ്യ. അപ്പോള്‍ നമ്മുടെ മുഖ്യന്, ജനങ്ങളുടെ സമാധാനത്തിനു വേണ്ടി ഇവറ്റകള്‍ക്കും ഒരു 'റിയാലിറ്റി ഷോ' (അതാണല്ലോ ഇന്നത്തെ കേരളം) നടത്തുന്നുവെന്ന് അറിയിച്ചു. അതു കേട്ടതും, ലോകമെമ്പാടുമുള്ള മഹാബലികള്‍ വന്ന് കേരളം നിറഞ്ഞു നില്‍ക്കുവാ....റിയാലിറ്റി ഷോയുടെ സെലക്ഷന് റൌണ്ടാണ് ഇവിടെ നടക്കുന്നത്."
ഒന്നും മനസ്സിലാവാതെ, ആ പാവം ഒറിജിനലും കൂട്ടത്തില്‍ നിന്നു. സെലക്ഷന് റൌണ്ടില്‍ ആദ്യം പുറത്തായതും ഒറിജിനലദ്യേം തന്നെ. ഒരുവിധം തിക്കിലും തിരക്കിലും നിന്നുമാറി ഒരു മരച്ചുവട്ടിലിരുന്നു ഒറിജിനല്‍ .
ഔട്ടായി വന്ന വേറേ കുറെ മഹാബലിമാരും പലസ്ഥലത്തും താടിയ്ക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. ക്യാമറയും മൈക്കുമായി ഉടനെതന്നെ എത്തിയല്ലോ കുറെ കത്തികള്‍ ... ഓരോ മഹാബലിമാരോടും എന്തൊക്കെയോ ചോദിച്ച് ചോദിച്ച് അവര്‍ ഒറിജിനലിന്റെ അടുത്തെത്തി. ചോദ്യങ്ങള്‍ ഇവിടെയും ആവര്‍ത്തിച്ചു.
കത്തി: "നമസ്കാരം, അങ്ങ് എത് കമ്പനിയെ അല്ലെങ്കില്‍ ഓഫീസിനെ, അതുമല്ലെങ്കില്‍ എന്തിന്റെ പ്രതിനിധിയായിട്ടാണ് ഈ മാഹാബലി വേഷംകെട്ടി വന്നത്? ആരാണ് അങ്ങയുടെ സ്പോണ്‍സേഴ്സ്?"
ഒറിജിനല്‍ മഹാബലിയ്ക്ക് ചോദ്യം മനസ്സിലായില്ല. ചെറിയ (വളിച്ച) ഒരു ചിരിയോടെ ചോദിച്ച ആളെ നോക്കി പറഞ്ഞു, "നമ്മള് ഈ നാടിന്റെ പ്രതിനിധി, സ്പോണ്‍സേഴ്സ് ഇല്ല".
കത്തി പൊട്ടിച്ചിരിച്ചു, "നാടിന്റെ പ്രതിനിധിയോ?"
മഹാബലി, "അതെ, കേട്ടിട്ടില്ലേ? ആ പഴയ കഥ.. ..മാവേലി...വാമനന്....പാതാളം...ഓണം...ആ കഥ..."
ഇത്തവണ കത്തി വളിച്ച ചിരിയോടെ പറഞ്ഞു, "ക്ഷമിക്കണം, അതെല്ലാം പഴഞ്ചന്‍ കഥയല്ലേ മാഷേ? കണ്ടില്ലേ ഇന്നത്തെ ഓണം? മഹാബലികളുടെ തിരക്ക്?"
മഹാബലി: "അപ്പോള്‍ ഓണം?"
കത്തി: "ഇന്നിപ്പോള്‍ ഇതൊക്കെത്തന്നെ ഓണം, മനസ്സിലായില്ലേ?"
മഹാബലി: "മനസ്സിലായി, മനസ്സിലായി, നല്ലപോലെ മനസ്സിലായി... വേഷം കെട്ടലുകളും, കോപ്രായങ്ങളും, റിയാലിറ്റി ഷോകളും മാത്രമായി ഓണം...എന്ന്."
ഇനിയും ചോദ്യങ്ങളെ നേരിടാന്‍ വയ്യാത്തകൊണ്ട് മഹാബലി അവിടെനിന്ന് പതുക്കെ നടന്നു. പുറകില്‍ , "ബെസ്റ്റ് മഹാബലിയെ" തിരഞ്ഞെടുക്കുന്ന തകര്‍പ്പന്‍ ബഹളവും കേട്ടുകൊണ്ട്... പെട്ടെന്ന്, തണുത്ത സുഖമുള്ള ഒരു സ്പര്‍ശനം പുറകില്‍ ...തിരിഞ്ഞു നോക്കിയപ്പോള്‍ സുന്ദരചിരിയുമായി ആ കള്ളച്ചെറുക്കന്, വാമനന്, ബലിയുടെ കൈയ്യില്‍ പിടിച്ചു, "വരൂ, നമുക്കു നടക്കാം",
വാമനന്: "വിഷമമായി, അങ്ങേയ്ക്ക്, അല്ലേ?
മഹാബലി: "എന്തിനു?"
വാമനന്: "സെലക്ഷനില്‍ ഒറിജിനലായ അങ്ങ് ഔട്ടായതില് "
മഹാബലി, "വിഷമം ഇല്ല എന്നു പറയാന്‍ പറ്റില്ല... അത് ഔട്ടായതിനല്ല...ഇന്ന് കേരളം, ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാന്‍ വയ്യാത്ത ഒരു അവസ്ഥയില്‍ ആയല്ലോ എന്നുള്ള ഒരു ദുഃഖം".
മഹാബലിയെ സമാധാനിപ്പിച്ചുകൊണ്ട് വാമനന് പറഞ്ഞു, "അങ്ങ് വിഷമിക്കാതെ,ഞാന്‍ ഒരു സൂത്രം പറയാം, തൊട്ടപ്പുറത്ത് ഇത്രേം തന്നെ വാമനന്മാരും ഉണ്ട്. അവിടെ ആദ്യം ഔട്ടായതേ, (ഒരു കള്ളച്ചിരിയോടെ) ഈ വാമനന് ഒറിജിനലാണു കേട്ടോ.."
"സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം, ദുഃഖഭാരങ്ങളും പങ്കു വയ്ക്കാം..." എന്ന പാട്ട് പശ്ചാത്തലത്തില്‍ കേട്ടുകൊണ്ട് രണ്ടാളും നടക്കവേ വാമനന് ബലിയോട് ചോദിച്ചു, "എന്തേ മഹാരാജന്, ഇപ്പോഴും കണ്ണുകളില്‍ ഒരു വിഷാദം? സാരമില്ലെന്നേ, അടുത്ത തവണ നമുക്കു നേരത്തേ എത്താം... നല്ല സ്പോണ്‍സേഴ്സിനെ കണ്ടെത്തി, അവരുടെ പരസ്യമോഡലുകളായി, നല്ല നല്ല ഷൂസും, കുടയും ആടയാഭരണങ്ങളും ഒക്കെയായി വന്ന് മത്സരിച്ചു ജയിക്കാം. അങ്ങ് കേട്ടിട്ടില്ലേ, പരാജയം ജയത്തിന്റെ മുന്നോടിയെന്നൊക്കെ" വാമനന് സമാധാനിപ്പിച്ചു.
മഹാബലി:"കിട്ടിയ അവസരത്തില്‍ കളിയാക്കിയ്ക്കോ, കളിയാക്കിയ്ക്കോ...കള്ളക്കുട്ടാ.... പണ്ടേ നീയെനിക്കിട്ട് പണിഞ്ഞവനല്ലേ...ങൂം? എന്റെ വിഷമം അതൊന്നും അല്ല മോനേ... ഇനി പത്ത് ദിവസം കഴിയാതെ പാതാളത്തിലേയ്ക്ക് പോകാന്‍ കഴിയില്ല." മഹാബലി നെടുവീര്‍പ്പിട്ടു.
"അയ്യോ, അതെന്താ?" വാമനനു ആകാംഷയായി.
മഹാബലി, "അതേ, നമ്മള് അവിടെയില്ലാത്ത പത്തുദിവസമാണ് അവിടെ അന്തപ്പുരശുചീകരണ ആഘോഷം... ആദിവസങ്ങളില്‍ ഒരു അണുവിനുപോലും ആ കെട്ടിടത്തിലേയ്ക്ക് പ്രവേശനമില്ല... അറിയില്ലേ വിന്ധ്യാവലിയുടെ സ്വഭാവം... വൃത്തി സമം വിന്ധ്യാവലി എന്നാണ് നമ്മള് മനസ്സിലാക്കിയിട്ടുള്ളത്..."
"സാരമില്ല, പത്തുദിവസം നമുക്ക് മഹാബലി റിയാലൊറ്റിഷോ ക്യാമ്പില്‍ പോയി അദൃശ്യരായി നിന്ന്, അവിടെ നടക്കുന്ന കോപ്രായങ്ങളൊക്കെ കണ്ട് പഠിക്കാം", വാമനന് പറഞ്ഞു
"അതെന്ത് പഠിക്കാനാ?" മഹാബലിക്ക് കൌതുകമായി..
"ഉണ്ടല്ലോ... സെലക്ഷന് കിട്ടിയവരെ കൊണ്ട്, വിഷയത്തെക്കുറിച്ച് ഒരുധാരണയുമില്ലാത്ത കുറെ വിധികര്‍ത്താക്കള്‍ (എല്ലാപേരും അല്ല) ക്ഷ...ണ്ണ...ക്രാ...ക്രീ...വരപ്പിക്കുന്നത് കണ്ടുപഠിക്കാം... അല്ലെങ്കില്‍ ചിരിച്ച് ചിരിച്ച് നമുക്ക് ആയുസ്സുകൂട്ടാം... പിന്നെ ഒരിക്കല്‍ സെലക്ഷന് കിട്ടിയവര്‍ ആ വഴി വരാത്തവണ്ണം അവരെ അവിടെയിരിക്കുന്ന കക്ഷികള്‍ ഓടിക്കുന്നതും കാണാം. അപ്പോള്‍ സെലക്ഷന് കിട്ടാത്തതില്‍ നമ്മള്‍ക്കും ഒരു ആശ്വാസം ഉണ്ടാവും."വാമനന് പറഞ്ഞു ..
"വേണ്ട വാമനാ...എനിക്ക് തിരികെ പോകണം, നമുക്ക് മത്സരമൊന്നും വയ്യ... എന്റെ സുന്ദര കേരളം, ദൈവത്തിന്റെ സ്വന്തം നാട്...മഹാബലിമാരെക്കൊണ്ടും വാമനന്മാരെക്കൊണ്ടും റിയാലിറ്റി ഷോകളേക്കൊണ്ടും മത്സരങ്ങളേക്കൊണ്ടും... കള്ളവും ചതിയും പൊള്ളത്തരങ്ങളേക്കൊണ്ടും.... എല്ലാം സഹിക്കവയ്യാതെ നട്ടംതിരിയുന്നതു... നമുക്ക് കാണാന്‍വയ്യ...പോകണം തിരികെ ഇപ്പോള്‍തന്നെ" മഹാബലി പറഞ്ഞു.
വാമനന്, "അപ്പോള്‍ വിന്ധ്യാവലി?"
"സാരമില്ല, പത്തുദിവസം അല്ലേ? പാതാളം എല്ലാം കറങ്ങി നടന്നന്നൊന്നു കണ്ടേക്കാം...ഇത്തവണത്തെ എന്റെ ഓണം അവിടെ പാതാളത്തിലാവട്ടേ..." മഹാബലി തീരുമാനിച്ചുറച്ച് പറഞ്ഞു .
"എന്നാല്‍ ഇത്തവണ ഞാനും കൂടി വരാം പാതാളത്തിലേയ്ക്ക്", വാമനന് ഉത്സാഹിയായി...
ഒരു സുന്ദര കേരളം സ്വപ്നം കണ്ട് മഹാബലി, വാമനന്റെ കൈയില്‍ പിടിച്ചു സന്തോഷത്തോടെ പാതാളത്തിലേക്ക് നടന്നു...
10 comments:
ഒരു സുന്ദര കേരളം സ്വപ്നം കണ്ട് മഹാബലി വാമനന്റെ കൈയില്‍ പിടിച്ചു സന്തോഷത്തോടെ പാതാളത്തിലേക്ക് നടന്നു...
വളരെ നന്നായി ഉഷാമ്മേ...ശരിയാണ്, ഇന്നത്തെ ഓണസങ്കല്പ്പത്തില് മാവേലിയുടെ സ്ഥാനം ഒരു പ്രദര്ശനവസ്തുവിന്റെതായി മാറിയിരിക്കുന്നു. തലസ്ഥാനത്ത് പ്രദര്‍ശനമേളകളും, അവിടത്തെ പ്രധാന ഐറ്റമായ മുളകുബജിയും, കരിമ്പില്‍ ജ്യൂസും, പിന്നെ കുറെ കാഴ്ചകാണലും ഒക്കെയായി മാറി, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന സീസണല്‍ ഭിക്ഷാടന മാഫിയയും.... മാവേലി നാടുവാണീടുമ്പോഴത്തെ ആ നല്ല കാലത്തെപ്പറ്റിയുള്ള അയവറക്കല്‍ പോലുമില്ലാതായി....
കഴിഞ്ഞതവണ ആരും പ്രതീക്ഷിക്കാതെ വിന്ധ്യാവലിയെ
പരിചയപ്പെടുത്തിയതുപോലെ
ഇക്കുറി വാമനനെത്തന്നെ മഹാബലിക്ക് കൂട്ടായി എത്തിച്ചല്ലോ....
കാലികപ്രസക്തിയുള്ള കാര്യങ്ങള്‍ വളരെ രസകരമായി, സരസമായി പറയുന്ന ആ രീതിതന്നെ വളരെ വളരെ സുന്ദരം....
ഉഷാമ്മയ്ക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ ....
കിലുക്ക്സേ ഉഗ്രന്‍ പോസ്ട്!
അതേ ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലി കേറ്റുകളുടെ കാലം.
വിത്യസ്തമായ ചിന്ത
വീണ്ടും മാവേലിയും വാമനനുമം ഒന്നിച്ച് ..ഒരു കണക്കിനു മാവേലിയെ വാമനന് രക്ഷപെടുത്തി അന്നും ഇന്നും :)
നല്ല ചിത്രം
"... വേഷം കെട്ടലുകളും, കോപ്രായങ്ങളും, റിയാലിറ്റി ഷോകളും മാത്രമായി ഓണം"
- ശരിയാണ്, ഇത് മാത്രമാണിപ്പോള്‍ ഓണം.
ഓണാശംസകള്‍.
ഉഷചേച്ചീ കിടീലൻസ് ..കെട്ടോ ...ഒരു വ്യത്യസ്ത ചിന്ത..തികച്ചും ലോജിക്കൽ
കൊള്ളാം...രസകരം. ഓണത്തിനിടയിലെ വേഷംകെട്ടലുകള്‍ നന്നായി അവതരിപ്പിച്ചു. ഓണാശംസകള്‍
വേഷം കെട്ടലുകള്‍ കാണാന്‍ ജനം ഹരം പിടിച്ചിരിക്കുന്നിടത്തോളം കാലം റിയാലിറ്റി ഷോകള്‍ തഴച്ചു വളരുക തന്നെ ചെയ്യും. ആ നിലയ്ക്ക് മഹാബലി റിയാലിറ്റി ഷോയ്ക്ക് ഒരു സാധ്യത ഇല്ലാതില്ല. മഹാബലിക്ക് കൂട്ടായി വാമനനെത്തിയ ഭാവന നന്നായി. സരസമായി ചുറ്റുപാടുകളെ അവതരിപ്പിച്ചതും ഉചിതമായി.
ഫോട്ടോ ഉഷാര്‍. ഭൂമിയിലെ രാജാക്കന്മാര് വാഴുന്ന ആധുനിക കൊട്ടാര മുറ്റത്ത് മാവേലിയും വാമനനും കൈകോര്‍ത്ത് പാതാലത്തിലോട്ടു പോകുന്നു. വിവരണം ഉഷാര്‍ ആയി ഉഷശ്രീ ജീ...
കിലുക്കാംപെട്ടി പതിവ് പോലെ മനോഹരമാക്കിയ കഥ.
"റിയാലിറ്റി ഷോയുടെ സെലക്ഷന് റൌണ്ടാണ് ഇവിടെ നടക്കുന്നത്." മാവേലിയുടെ കണ്ണ് തള്ളിപ്പോയിക്കാണും,
മാവേലിയെ വീണ്ടും ചക്രവര്‍ത്തിയാല്‍ വാമനന് സ്മാര്‍ട്ട് സിറ്റി പണിയാന്‍ ആവുമോ മണ്ണ് ചോദിചു വരിക?
ഓണാശംസകള്‍ .
നന്നായിരിക്കുന്നു. നമ്മുടെ എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും സ്പോണ്‍സേര്‍ട് പ്രോഗ്രാംസ് തന്നെ.
Post a Comment