Sunday, August 22, 2010

ഓണത്തിന് ഒരു ആഹ്വാനം...

നന്മയുടെയും, സമൃദ്ധിയുടേയും പ്രതീകമായി എല്ലാ വര്‍ഷത്തെയും പോലെ വീണ്ടും ഓണം വന്നെത്തി. എല്ലാവര്‍ക്കും ഓണാശംസകള്‍ അറിയിച്ചുകൊണ്ട് ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.

കാണം വിറ്റും ഓണമുണ്ണണമെന്ന ചിന്തയില്‍ നിര്‍ലോഭം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവരാണ് മലയാളികള്‍. ഒരു കാര്യവുമില്ലാതെ ബിവറേജസ് ഷോപ്പുകളില്‍ ക്യൂ നിന്ന് വിഷം വാങ്ങിക്കുടിക്കുന്ന കാര്യത്തിലും മലയാളി തന്നെ മുന്നില്‍! എന്നാല്‍ നമ്മുടെ സമൂഹത്തില്‍ തന്നെ, ഒരു നേരത്തെ ആഹാരത്തിനു മാര്‍ഗ്ഗമില്ലാതെ വിഷമിക്കുന്നവര്‍, മക്കള്‍ സമൃദ്ധമായി ഓണം ഉണ്ണുമ്പോള്‍ അവരാല്‍ ഉപേക്ഷിക്കപ്പെട്ട് വൃദ്ധസദനങ്ങളില്‍ കഴിയുന്ന, അവരെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍, അച്ഛനാരെന്നോ അമ്മയാരെന്നോ അറിയാതെ അനാഥാലയങ്ങളില്‍ കഴിയുന്ന ദൈവത്തിന്‍റെ മക്കള്‍ ഇങ്ങനെ എത്രയോ സഹജീവികള്‍ നമുക്കു ചുറ്റുമുണ്ട്. ഒരു നേരം നമുക്ക് അവരോടൊത്തു ചിലവഴിച്ചു കൂടേ? പണം കൊടുത്ത് കടന്നു പോവുകയല്ല മറിച്ച് അവരോടൊപ്പമിരുന്ന് ഒരു നേരത്തെ ഭക്ഷണം പങ്കിട്ടാല്‍ ഈ ഓണക്കാലത്തു ചെയ്യുന്ന ഏറ്റവും വലിയ പുണ്യമാവും അത്. അവരുടെ സന്തോഷവും സംതൃപ്തിയും ഈശ്വരന്‍ കാണാതിരിക്കില്ല. ആ സന്തോഷം നമ്മില്‍ അനുഗ്രഹമായി വന്നു ചേരും. ഈശ്വരന്‍ നമുക്കായി ഒരുക്കിവച്ച സൌഭാഗ്യം എത്ര വലുതാണെന്ന് തിരിച്ചറിയാനെങ്കിലും അതുപകരിക്കും. ഇതു വായിക്കുന്ന ഓരോ പേരോടുമുള്ള അപേക്ഷയാണിത്. ഇതില്‍ ഒരാളെങ്കിലും അത്തരമൊരു സദ്പ്രവൃത്തി ചെയ്യാന്‍ സന്നദ്ധത കാട്ടിയാല്‍ ഈ വാക്കുകള്‍ കൃതാര്‍ത്ഥമായി...

1 comment:

നരസിംഹം said...

ഈ ഓണക്കാലത്ത് ജയകൃഷ്ണന്‍ കാവാലം പറഞ്ഞത് വളരെ ശരി.
മനുഷ്യര്‍ സ്വാര്‍ഥരാകുന്നു.സ്വന്തം വൃദ്ധമാതാപിതാക്കളെ ഓര്‍മ്മിക്കാത്തവര്‍ ആണോ ഓണത്തിനു സഹജീവികളെ ഓര്‍മിക്കുക? എന്നാലും ജയ്‌കൃഷ്ണന്‍ ഒരു നല്ല ചിന്ത ആണു പങ്കു വച്ചത്.


ഓണാശംസകള്‍