Saturday, August 21, 2010

ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ.


എനിക്കന്ന് 10 വയസ്സ്. ഞാന്‍ വടുതല സ്കൂളിലും ഹേമയും ഉമയും രാധമോനും ഞമനേങ്ങാട്ടെ കണ്ടമ്പുള്ളി സ്കൂളിലും ആണ് പഠിച്ചിരുന്നത്. കാലത്ത് ഞങ്ങള്‍ ചേച്ചിയുടെ കൂടെ ഇറങ്ങിയാല്‍ അര നാഴിക ദൂരെയുള്ള കണ്ടമ്പുള്ളി സ്കൂളിലേക്ക് അവരൊക്കെ കയറുമ്പോള്‍ ഞാന്‍ ചേച്ചിയെ ചീത്ത വിളിക്കും. അവിടെ നിന്നും വടുതല സ്കൂളിലേക്ക് ഇനിയും രണ്ടര നാഴിക നടക്കണം. അതും ചളിയും ചേറും നിറഞ്ഞ തോട്ടില്‍ കൂടി.

ഞമനേങ്ങാട്ടെ തറവാട്ടില്‍ ഞങ്ങളെ കൂടാതെ സമപ്രായക്കാരായ എടക്കഴിയൂരില്‍ നിന്ന് പാറോതി അമ്മായിയുടെ മകന്‍ രാമകൃഷ്ണനും, മാങ്കയം അമ്മായിയുടെ മകള്‍ ഭാനുവും, പിന്നെ നൊട്ട്യമ്മായിയുടെ മകള്‍ ലക്ഷ്മിയും ഓണത്തിന് വിരുന്ന് വന്നിട്ടുണ്ട്. പിന്നെ കളിക്ക്കൂട്ടുകാരായ വാളംകാട്ടെ മോഹനനും, പുഷ്പയും പിന്നെ തെക്കേലെ ഫാത്തിമയും സൈനാബിയും ഒക്കെ ഉണ്ട്.

തറവാട്ടിലെ മൂത്ത സന്തതിയായ കുട്ടാപ്പുട്ടിയെന്ന കൃഷ്ണന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സന്തതിയായ എനിക്കാണ് കാരണവര്‍ സ്ഥാനം. എന്റെ പിതാവ് വര്‍ഷത്തിലൊരിക്കലാണ് സിലോണില്‍ നിന്ന് വരിക. പിന്നെ പാപ്പനാണ്. മൂപ്പര്‍ വരിക അഞ്ചുകൊല്ലത്തിലൊരിക്കല്‍. വന്നാല്‍ പിന്നെ ചെറിയമ്മ ഒന്നുംകൂടി പെറും. എന്നിട്ട് കുട്ടിയെ നല്ലവണ്ണം ലാളിച്ച് കൊതി തീ‍ര്‍ന്നേ തിരിച്ച് പോകുകയുള്ളൂ..

ബാല്യത്തിലൊക്കെ ഓണമെന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക ഓണ്‍ക്കോടിയാണ്. പിന്നെ നേന്ത്രപ്പഴവും. അത്തം മുതല്‍ ഓണം വരെയും അത് കഴിഞ്ഞ് നാലോണം വരെയും വിഭവസമൃദ്ധമായ സദ്യ തന്നെ.

ഹേമ, ഉമ, രാധമോന്‍ എന്നിവര്‍ അമ്മായിയുടെ മക്കളാണ്. അവരുടെ വീട് മുല്ലശ്ശേരിയിലാണെങ്കിലും അവര്‍ ചെറുപ്പകാലം ജീവിച്ചിരുന്നത് അവരുടെ അമ്മവീടായ എന്റെ തറവാട്ടിലായിരുന്നു. അതിനാല്‍ അവരെ കളിക്കൂട്ടുകാരായിത്തന്നെ കണ്ട് പോന്നു. എന്റ് അഛമ്മ്ക്ക് എന്നേക്കാളും വാത്സല്യം അവരോടായിരുന്നു.

പിന്നെ എന്റെ ചെറുപ്പത്തില്‍ ആ വീട്ടില്‍ പാരനും ദാസേട്ടനും ഉണ്ടായിരുന്നു. അവരും അമ്മായിമാരുടെ കുട്ട്യോളായിരുന്നു. അവര്‍ മുതിര്‍ന്ന് ഏട്ടന്മാരായിരുന്നു. അവര്‍ ചിലപ്പോള്‍ എന്നെ തോളിലേന്തി പാടത്തും തോട്ടിലും കൂടി എടുത്ത് കൊണ്ടുപോകുമായിരുന്നു ഞാന്‍ മൂന്ന് നാല്‍ വയസ്സ് ആകുന്നത് വരെ.

ഓണത്തിനുമുന്‍പായി പല ആചാരങ്ങളുണ്ടെങ്കിലും എനിക്ക് ഓര്‍മ്മ വരുന്നത് തിരുവോണത്തിന് ഏതാനും ദിവസം മുന്‍പ് പണിക്കരുടെ വീട്ടില്‍ നിന്ന് പണിക്കരുടെ അമ്മയും പിന്നെ എന്റെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും കൂടി ഓണത്തിന്റെ ഓല കൊണ്ട് വന്ന് അഛമ്മയുടെ കയ്യില്‍ കൊടുക്കും. അഛമ്മക്ക് എഴുത്തും വായനയും കാര്യമായി അറിയാത്ത കാരണം കൊണ്ടുവന്ന ഓല അവരെക്കൊണ്ട് തന്നെ വായിപ്പിക്കും.

കൊണ്ട് വന്ന ഓല വായിച്ച് അവര്‍ പറയും ഇന്ന ദിവസം ഉത്രാടം, തിരുവോണം എന്നൊക്കെ. പിന്നെ മംഗളകരമായ മറ്റു കാര്യങ്ങള്‍ ചിങ്ങമാസത്തില്‍ ചെയ്യാന്‍ പറ്റിയ ദിവസങ്ങളും മറ്റും. പണിക്കര്‍ കുടുംബത്തിന്‍ അഛമ്മ ഓണക്കോടിയും പണവും നല്‍കും.

ഇല്ലം നിറയോട് കൂടിയാണെന്ന് തോന്നുന്നു ഓണത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുക ഞാന്‍ പിറന്ന വെട്ടിയാട്ടില്‍ തറവാ‍ട്ടില്‍. ഞങ്ങളെ തറയില്‍ എന്ന വിളിപ്പേരിലാണ് അധികം അറിയപ്പെടുക. തറേലെ കാളി അമ്മായി എന്ന് പറഞ്ഞാല്‍ എന്റെ അഛന്റെ അമ്മയാണ്. ആ നാട് മുഴുവന്‍ ഭരിക്കാന്‍ കെല്പുള്ള സ്ത്ര്രീയായിരുന്നു കാള്യമ്മായി. മുസ്ലീങ്ങള്‍ കാളിത്തള്ള എന്ന് വിളിക്കും.

ഇരുപ്പൂ പണിയുന്ന പാടത്തിന്റെ നടുവില്‍ വളരെ വിസ്തൃതിയില്‍ കിടക്കുന്ന ഒരു തറയിലായിരുന്നു എന്റെ തറവാട്. അവിടെ കളരി തറയും ഉണ്ടായിരുന്നു. എന്റെ പിതാമഹന്‍ [അഛന്റെ അഛന്‍] കടത്തനാട്ടെ വീരപോരാളിയായിരുന്നു. തണ്ടാന്‍ സ്ഥാനം കൊടുത്ത് ഈ നാട്ടില്‍ വാഴിക്കപ്പെട്ടതാണ്. ഞങ്ങളുടെ മൂല കുടുംബം കടത്തനാട്ടാണാണെന്ന് പഴമക്കാര്‍ പറയുന്നു.

ഞങ്ങളുടെ തറവാട് ആ നാട്ടില്‍ വെച്ച് ഏറ്റവും വലുതായിരുന്നു. കളിമണ്ണുകൊണ്ട് പണിത ചുമരുകളും ഓല മേഞ്ഞതുമായിരുന്നു. ആ നാട്ടില്‍ എല്ലാം ഓലപ്പുരകളായിരുന്നു. ചുറ്റും ഉമ്മറവും, വടക്ക് ഭാഗത്ത് ഒരു തളത്തോട് കൂടി അല്പം മാറിയുള്ള അടുക്കളയും, പിന്നെ മൂന്ന് നിലകളും ഉണ്ടായിരുന്നു.

തറവാട്ടിന്റെ മുഖം കിഴക്കോട്ടാണെങ്കിലും അഛമ്മ എപ്പോഴും ഇരിക്കുക വടക്കോറത്താണ്. അവിടെ തളത്തില്‍ അഛമ്മക്ക് കിടക്കാന്‍ ഒരു കട്ടിലും അതിന്നടുത്ത് ചെല്ലപ്പെട്ടിയും, മുറുക്കിത്തുപ്പാനുള്ള കോളാമ്പിയും കാണും എപ്പോഴും. ഈ തളവും അടുക്കളയും പ്രധാന പുരയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. തളത്തില്‍ നിന്ന് ഒരു ഇടനാഴികയില്‍ കൂടി പ്രധാന പുരയിലേക്ക് പ്രവേശിക്കാം. ആദ്യം കാണുന്നത് വലത്ത് ഭാഗത്തുള്ള മച്ചാണ്. പിന്നെ നേരെ പോയാല്‍ വലത്ത് ഭാഗത്ത് അറ ആണ്. അവിടെ പത്താഴത്തിന്‍ പകരം കൂറ്റന്‍ നെല്ല് സംഭരണി ഉണ്ട്. അതിന്റെ മുന്നില്‍ ചെമ്പും ചരക്കും വെക്കും.

ഞങ്ങളുടെ നാട്ടിലുള്ള കല്യാണങ്ങള്‍ക്കും അടിയന്തിരങ്ങള്‍ക്കും ചെമ്പും ചരക്കും ഞങ്ങളുടെ തറവാട്ടില്‍ നിന്നാണ് കൊണ്ട് പോകുക. വാടക വാങ്ങിക്കുന്ന പതിവില്ല. ചിലര്‍ ഒരു കെട്ട് പപ്പടം കൊണ്ട് വന്ന് തരും. വലിയൊരു സദ്യക്കുള്ള എല്ലാ പാത്രങ്ങളും ഞങ്ങളുടെ തറവാട്ടിലുണ്ടായിരുന്നു.


അങ്ങിനെ ആദ്യം വരുന്ന ഇല്ലം നിറയാണ് എന്റെ മനസ്സില്‍ വരുന്നത്. ഞാന്‍ തെക്കേ കുളത്തില്‍ പോയി കുളിച്ച് ഈറനോടെ വന്ന് കിഴക്കേ മുറ്റത്ത് നിന്നാല്‍ അഛമ്മ വടക്കേ പാടത്ത് പോയി ഒരു കറ്റ നെല്ല് കൊയ്ത് കെട്ടിക്കോണ്ട് വരും. ആ കറ്റ എന്റെ തലയില്‍ വെച്ച് തരും. പിന്നെ എന്നെ വീട്ടിന്‍ ചുറ്റും നടത്തു. നടക്കുമ്പോള്‍ “ ഇല്ലം നിറ, വട്ടി നിറ പത്തായം നിറ” എന്ന് പറയിപ്പിക്കും.

പിന്നെ ഒരു പിടി നെല്‍ക്കതില്‍ ചാണകം കൊണ്ട് കൂട്ടിപ്പിടിച്ച് പ്രധാന വാതിലിന്റെ കട്ടിളയില്‍ വെച്ച് പിടിപ്പിക്കും. അരിമാവില്‍ മുക്കിയ കൈപ്പത്തി വാതിലിന്മേല്‍ ഒപ്പുന്നതും കാണാം. അത് ഇല്ലം നിറക്കാണോ എന്ന് എനിക്കോര്‍മ്മ വരുന്നില്ല.

പിന്നെ കിഴക്കെ മുറ്റത്ത് ചാണം മെഴുകിയ കളത്തില്‍ തൃക്കാക്കര അപ്പനെ വെച്ച് പൂജിക്കും നിത്യവും കാലത്ത്. തൊട്ടടുത്ത് തന്നെ പൂക്കളമിടാന്‍ കോച്ചു എളേമ ശേഷിച്ച മുറ്റം മുഴുവന്‍ ചാണകം മെഴുകി തരും.

ഞങ്ങള്‍ വട്ടികളെടുത്ത് പൂ പറിക്കാനുള്ള തിരക്കിലായി പിന്നെ. തോട്ടത്തിലുള്ള മന്ദാരം, നന്ദ്യാര്‍വട്ടം, ചെമ്പരത്തി, ചെത്തി, കോളാമ്പി മുതലായ പൂക്കളറുത്ത ശേഷം തൊടിയില്‍ നിന്ന് തുമ്പപ്പൂവും മുക്കുറ്റിയും ശേഖരിക്കും. അത് കഴിഞ്ഞ് പാടത്തേക്ക് ഒറ്റ ഓട്ടമാണ്.

പാടത്തിന്റെ ഒരറ്റത്ത് പൂനുള്ളിക്കൊണ്ടിരിക്കുമ്പോള്‍ തോന്നും വടക്കേ അറ്റത്താണ് കൂടുതല്‍ പൂക്കളെന്ന്, അപ്പോള്‍ എല്ലാരും കൂടി അങ്ങോട്ടോടും. അവിടെ പോയാല്‍ തോന്നും ഇവിടെയാണ് കൂടുതല്‍ പൂക്കളെന്ന്. അങ്ങിനെ അങ്ങോട്ടുമിങ്ങോട്ടും ഓടി ഓടി തോല്‍ക്കും. തിരിച്ച് വന്ന് പൂക്കളം ഇട്ടുകഴിയുമ്പോളേക്കും തികച്ചും ക്ഷീണിക്കും.

പക്ഷെ തൃക്കാക്കരപ്പനെ പൂജിച്ച്തിന് ശേഷം ആറപ്പ് വിളിച്ച് കഴിഞ്ഞാണ് ഞങ്ങള്‍ അകത്തേക്ക് വരിക. അപ്പോള്‍ അടുക്കളത്തളത്തില്‍ ചായയും പലഹാരവും തയ്യാറായിട്ടുണ്ടാകും. എല്ലാവരും നിരന്നിരിക്കും. ആദ്യത്തെ പന്തിയില്‍ ഞങ്ങള്‍ കുട്ടികളിരിക്കും, പിന്നെ വീട്ടുകാര്‍ അവസാനം പണിക്കാര്‍. എല്ലാവരും ഭക്ഷണം കഴിക്കുന്നത് ഒരിടത്ത് തന്നെ.

വിശേഷങ്ങള്‍ക്ക് എല്ലാരും ഒത്ത് കൂടി ഭക്ഷണം കഴിക്കുന്നതും, കുളത്തില്‍ കുളിക്കാന്‍ പോകുന്നതും രസകരമാണ്. രാത്രി ഉറക്കവും ഒന്നിച്ച് തന്നെ. ചേച്ചി എന്ന് തട്ടിന്‍ മോളിലെ മുറിയിലാണ് ഉറക്കുക. ചേച്ചിയും അവിടെ തന്നെ ഉറക്കം. പക്ഷെ ഓണം പോലെയുള്ള ആഘോഷങ്ങളില്‍ ഞാന്‍ എല്ലാരുടേയും കൂടെ തളത്തിലാണ് ഉറക്കം.

അത്തം പത്ത് ഓണമെന്നല്ലേ ചൊല്ല്. അങ്ങിനെ ഉത്രാടമെത്തിയാല്‍ കുടിയാന്മാരും അയലത്തുകാരും, നായാടി, പാണന്‍, പറയന്‍ മുതലായവര്‍ കാഴ്ചദ്രവ്യങ്ങളുമായി വരും. ചിലര്‍ നേന്ത്രക്കായ, ചിലര്‍ മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക മുതലായവയും, മറ്റുള്ളവര്‍ വട്ടി, കലം, മുറം, കൊട്ട തുടങ്ങിയ സാധനങ്ങളും, നായാടിമാര്‍ കന്നുകാലിക്ക് കഴുത്തില്‍ കെട്ടാനുള്ള വട്ടക്കയറും മറ്റുമായി മുറ്റം നിറയെ വരിവരിയായി നില്‍ക്കും.

അച്ചമ്മ അവര്‍ക്ക് ഓണപ്പുടവയും അരിയും മറ്റു ഓണവിഭവങ്ങളും നല്‍കും. നായാടിമാര്‍ സന്തോഷത്തോടെ ആര്‍പ്പുവിളിക്കും. സന്തോഷത്തോടെ കാഴ്ചവെക്കുന്ന എന്തുവിഭവങ്ങളും ഞങ്ങളുടെ തറവാട്ടുകാര്‍ സ്വീകരിക്കും. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് ഓണത്തിന് എന്തെങ്കിലും കൈപറ്റുവാന്‍ പലര്‍ക്കും ഇഷ്ടമാണ് എന്നാണ് പറഞ്ഞ് കേള്‍ക്കാറ്.

അങ്ങിനെ ഉത്രാടനാളില്‍ ചെറിയമ്മയുടെ വീട്ടില്‍ നിന്ന് ഒരു വാല്യക്കാരന്‍ കാവിന്മേല്‍ രണ്ട് വലിയ കാഴ്ചക്കുല കൊണ്ട് വന്ന് തെക്കേ ഉമ്മറത്ത് കെട്ടും. അത് കൊല്ലാ‍ കൊല്ലം നടക്കുന്ന ഒരാചാരമായിരുന്നു. ഞങ്ങളുടെ പറമ്പില്‍ നേന്ത്രക്കായ ധാരാ‍ളം വിളയുമെങ്കിലും ചെറിയമ്മയുടെ വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന നേന്ത്രക്കുല കാഴ്ചയിലും രുചിയിലും മുന്‍പന്തിയിലായിരുന്നു.

തിരുവോണനാളില്‍ പരദേവതകള്‍ക്കും മരിച്ചുപോയ കാരണവന്മാര്‍ക്കും വീത് വിളമ്പിയതിന് ശേഷമേ കുടുംബത്തില്‍ ആരും ഭക്ഷിക്കൂ. ഞാന്‍ ആയിരികും വീത് വിളമ്പിക്കൊടുക്കുന്നത്. മച്ചിന്റകത്ത് പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്തായിരിക്കും വീത് വെക്കുക. അച്ചമ്മ പറയും മണ്മറഞ്ഞ കാരണവന്മാരെ മനസ്സില്‍ ധ്യാനിച്ച് വീത് വിളമ്പണമെന്ന്. കുട്ടിയായ എനിക്ക് അതൊക്കെ ഒരു അനുഭവമായിരുന്നു.

ചെറിയ പൂജയോടെ വീത് വിളമ്പി വെച്ചിരിക്കുന്ന മച്ച് അടച്ച്, കുറച്ച് നേരം പുറത്തിരിക്കും. എന്നിട്ട് വാതില്‍ തുറന്ന് വിളമ്പിയ വിഭവങ്ങളെല്ലാം അടുക്കളയിലേക്ക് എടുക്കുന്നു. അവിടെ നിന്ന് പിന്നീട് തിരുവോണ സദ്യ ആരംഭിക്കുകയായി.


സദ്യക്കുമുന്‍പേ എല്ലാവരും ഓണക്കോടിയുടുത്ത് പാടത്തും പറമ്പിലുമെല്ലാം ഓടിക്കളിക്കും. ഓണ സദ്യക്ക് പപ്പടമൊഴിച്ച് എല്ലാം വീട്ടില്‍ തന്നെയാണുണ്ടാക്കുക. ശര്‍ക്കര വരട്ടിയും, കായ വറുത്തതുമെല്ലാം ഒരാഴ്ച്മുന്‍പ് തന്നെ ഉണ്ടാക്കി വെക്കും. നായരങ്ങാടിയില്‍ നിന്ന് നല്ല മൂത്ത കായ വാങ്ങി കൊണ്ട് വരും. വലിയ നേന്ത്രക്ക തൊലി പൊളിച്ച് ചകിരി കൊണ്ട് തുടച്ച് കറ കളഞ്ഞ് വൃത്തിയാക്കിയതിന്‍ ശേഷമേ നുറുക്കുകയുള്ളൂ. പിന്നീട് വീട്ടില്‍ തന്നെ പ്രത്യേകമായുണ്ടാക്കിയ വെളിച്ചെണ്ണയിലാണ് കായ വറുക്കുക.


കായ വറുക്കലെല്ലാം ചേച്ചി തന്നെയാണ് ചെയ്യുക. കുറച്ച് എടുത്ത് വെക്കും. അഛന്‍ കൊളമ്പില്‍ നിന്ന് വരുമ്പോള്‍ കൊടുക്കും. വിശേഷപ്പെട്ടതും സൂക്ഷിച്ചുവെക്കാവുന്നതെന്തും ചേച്ചി അഛന്‍ വേണ്ടി എടുത്ത് വെക്കാറുണ്ട്. ചേച്ചിക്ക് അഛനെ വലിയ സ്നേഹമായിരുന്നു. ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചിയെന്നാ വിളിച്ച് പോന്നത്. അമ്മാമന്മാര്‍ വിളിക്കുന്നത് കേട്ടാണ് അങ്ങിനെ വന്നത്.

ഓണമുണ്ട് എല്ലാരും വട്ടന്‍ പാടത്തെ പീടിക മുറ്റത്തും, തേക്കെ പറമ്പിലും ആളുകള്‍ പകിട കളിക്കുന്നതും മറ്റും കാ‍ണാന്‍ പോകും ചിലപ്പോള്‍. പിന്നെ പടിഞ്ഞാറെ മുറ്റത്ത് പുളിമരത്തിലും, മയില്പിരിയന്‍ മാവിലും കെട്ടിയിട്ടുള്ള ഊഞ്ഞാലില്‍ ആടിക്കളിക്കും. പാപ്പനുണ്‍ടെങ്കില്‍ അടുത്ത് നില്‍ക്കുന്ന തെങ്ങിന്മേലും ഞങ്ങള്‍ക്ക് ഊഞ്ഞാല്‍ കെട്ടിത്തരും.

എല്ലാം കൊണ്ടും ബാല്യകാലത്തെ ഓണം ഒരു മഹാ സംഭവമായി ഇന്നും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഓര്‍മ്മിക്കാന്‍ ഒട്ടനവധി കാര്യങ്ങളുമായി അത്തരമൊരു ഓണം ഞാന്‍ പിന്നീട് ആസ്വദിച്ചിട്ടില്ല.


അക്ഷരത്തെറ്റുകളുണ്ട്. പെട്ടെന്ന് തന്നെ ശരിപ്പെടുത്താം.
22 comments:

ജെ പി വെട്ടിയാട്ടില്‍ said...

സദ്യക്കുമുന്‍പേ എല്ലാവരും ഓണക്കോടിയുടുത്ത് പാടത്തും പറമ്പിലുമെല്ലാം ഓടിക്കളിക്കും. ഓണ സദ്യക്ക് പപ്പടമൊഴിച്ച് എല്ലാം വീട്ടില് തന്നെയാണുണ്ടാക്കുക. ശര്‍ക്കര വരട്ടിയും, കായ വറുത്തതുമെല്ലാം ഒരാഴ്ച്മുന്‍പ് തന്നെ ഉണ്ടാക്കി വെക്കും. നായരങ്ങാടിയില് നിന്ന് നല്ല മൂത്ത കായ വാങ്ങി കൊണ്ട് വരും. വലിയ നേന്ത്രക്ക തൊലി പൊളിച്ച് ചകിരി കൊണ്ട് തുടച്ച് കറ കളഞ്ഞ് വൃത്തിയാക്കിയതിന് ശേഷമേ നുറുക്കുകയുള്ളൂ. പിന്നീട് വീട്ടില് തന്നെ പ്രത്യേകമായുണ്ടാക്കിയ വെളിച്ചെണ്ണയിലാണ് കായ വറുക്കുക.

മാണിക്യം said...

കാഴ്ച കൊണ്ടു വരലും
വീത് വയ്പ്പും ഒക്കെ ഇന്നു അന്യമായി കൊണ്ടിരിക്കുന്നു...
പണ്ട് ഓണത്തിനു എത്ര ശര്‍ക്കര വരട്ടിയും, കായ വറുത്തതുമെല്ലാം ഉണ്ടാക്കിയാലും തികയില്ല .. കളിക്കാന്‍ പോകുമ്പോഴും വറുത്ത് വച്ചത് കുട്ടികള്‍ കൊണ്ടോവും..
നല്ല ഓണഓര്മ്മ, പങ്കു വച്ചതിനു നന്ദി ...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!

ബിന്ദു കെ പി said...

ഓണാശംസകൾ അങ്കിൾ....

Unknown said...

ബിന്ദു ചേച്ചീ.. പ്രകാശേട്ടനെ അങ്കിളാക്കിയതു വളരെ മോശമായിപ്പോയി അത്രയ്ക്കു വയസ്സൊന്നും ഇല്ല ആ താടി നരച്ചൂന്നെ ഉള്ളു അല്ലെ ..വെറുതെ ഈ പിള്ളേരൊക്കെ ചേർന്ന് കിളവനാക്കല്ലേ

ഹരിശങ്കരനശോകൻ said...

:)

കുട്ടന്‍ ചേട്ടായി said...

ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ചെരുപ്പകാലതെക്ക് ഓര്മ കൊണ്ടെങ്കിലും വീണ്ടും ഒന്ന് മടങ്ങി പോകുവാന്‍ കഴിഞ്ഞു. ഇന്നത്തെ കാലത്ത് പണിക്കന്‍മാരും മന്നന്മാരും ഒന്നും വരാറില്ല അതുപോലെ തന്നെ പൂവിളി എങ്ങും കേള്‍ക്കാനുമില്ല. മന്നന്മാര്‍ നന്തുന്നി ആയി വരാറുണ്ടായിരുന്നു പണ്ടൊക്കെ അത് വായിച്ചു കേള്‍ക്കുവാന്‍ നല്ല രസം ഉണ്ടായിരുന്നു , അതുപോലെ കുട്ടി സഞ്ചി കിട്ടുമായിരുന്നു അതെല്ലാം ഇന്ന് വെറും ഓര്‍മകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ഇന്നത്തെ കുട്ടികള്‍ക്കനെങ്കില്‍ പൂക്കളം ഇടണമെങ്കില്‍ കടയില്‍ നിന്ന് പൂകള്‍ വാങ്ങി കൊണ്ടുകൊടുക്കണം അല്ലാതെ പരംബുകളെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കയ്യെരിയതിനാല്‍ പൂക്കളുമില്ല പൂവിളികലുമില്ല എല്ലാം ഇനി ഓര്‍മകളില്‍ മാത്രം.

Kmvenu said...

"A man cannot become a child again, or he becomes childish. But does he not find joy in the child’s naïvité, and must he himself not strive to reproduce its truth at a higher stage? Does not the true character of each epoch come alive in the nature of its children? Why should not the historic childhood of humanity, its most beautiful unfolding, as a stage never to return, exercise an eternal charm? There are unruly children and precocious children. Many of the old peoples belong in this category. The Greeks were normal children. The charm of their art for us is not in contradiction to the undeveloped stage of society on which it grew. [It] is its result, rather, and is inextricably bound up, rather, with the fact that the unripe social conditions under which it arose, and could alone arise, can never return."
- Karl Marx,
in Grundrisse

Unknown said...

ഇന്നലെ രാത്രി എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും തെണ്ടി നടന്നു, മാങ്ങാക്കറിക്ക് മാങ്ങ(കിട്ടിയത് മധുര മാങ്ങാ))യും നാരങ്ങാക്കറിക്ക് (വടുകന്‍പുളി)നാരങ്ങായും തേടി.

നാട്ടീന്ന് പച്ചക്കറിയൊനും വരുന്നില്ലേ?
-അച്ചാറും ഇഞ്ചിപ്പുളിയും കുറുക്ക് കാളനും ഉണ്ടാക്കി.ബാക്കി ഇന്ന്.

തറവാട്ട്ര് വിശേഷം പല ഓര്‍മ്മകളും ഉണര്‍ത്തി, ജേപി.
നന്ദി!!

ഏറനാടന്‍ said...

പഴമയുടെ ഒത്തൊരുമയും സ്നേഹവും സമയവും പിന്നെ വിഭവ സമൃദ്ധിയും സ്വാദും ഒന്നും ഇന്നത്ര അനുഭവപ്പെടാറില്ല. അങ്കിള്‍ ഒരുപാട് നന്ദി ആ നല്ല കാലത്തേക്ക് ഒരു വേള കൂടെ കൂട്ടിക്കൊണ്ടു പോയതിനു. താങ്കള്‍ക്കും കുടുംബത്തിനും നന്മയുടെ ഓണാശംസകള്‍..

ഗോപി വെട്ടിക്കാട്ട് said...
This comment has been removed by the author.
ഗോപി വെട്ടിക്കാട്ട് said...

ഓണാശംസകള്‍ നേരുന്നു ..............

കുഞ്ഞൂസ് (Kunjuss) said...

ഹൃദയഹാരിയായ ഒരോണം പങ്കു വച്ചതിനു ഏറെ നന്ദി പ്രകാശേട്ടാ...

ബഷീർ said...

ഈ ഓർമ്മകൾ ഓണവിശേഷങ്ങൾക്ക് നന്ദി
ആശംസകൾ

ഓടോ:
അക്ഷരതെറ്റ് മുഴുവൻ തിരുത്തിയില്ലെങ്കിലും
ആദ്യം ‘വടുതല’ സ്കൂളിന്റെ ല മാറ്റി ൽ ചേർത്തതിനു മറുപടി പറയണം :)

PointOfview said...

J P uncle, blog valare ishttamayi...
wish u a wonderful onam to remember all those moments again..

ജെ പി വെട്ടിയാട്ടില്‍ said...

ബഷീര്‍ വെള്ളറക്കാടേ\

വടുതല ശരിയാക്കിയിട്ടുണ്ട്.
വേഡ് ഫോര്‍മാറ്റില്‍ പ്രോസസ്സ് ചെയ്ത് കോപ്പി & പേസ്റ്റ് ചെയ്യുന്ന സമയത്ത് വരുന്നതാണ് ഈ പ്രശ്നം.

പണ്ട് ഞാന്‍ ബ്ലോഗില്‍ ഡയറക്റ്റ് ആയി ചെയ്യുകയായിരൂന്നു.

ഇതില്‍ നിന്ന് മുക്തി നേടാനുള്ള ഒരു വിദ്യ പറഞ്ഞ് തരാമോ സുഹൃത്തേ

Anonymous said...

@ജെ.പി,

അത് ഈസിയല്ലേ :)

വേഡിൽ നിന്ന് കോപ്പി ചെയ്ത് ബ്ലോഗിൽ പേസ്റ്റ് ചെയ്തതിനു ശേഷം ,ഒന്ന് കൂടി വായിച്ച് നോക്കിയാൽ അവിടെ വെച്ച് തന്നെ കീമാൻ ഉപയോഗിച്ച് തിരുത്താ‍വുന്നതേയുള്ളൂ :)

ബഷീർ

നരസിംഹം said...

ഓണാശംസകള്‍ !!

Unknown said...

നല്ല ഓര്‍മ്മകള്‍ ജെ പി ജി എന്റെ തറവാട്ടിലും വീത് വെക്കാറുണ്ടായിരുന്നു ...ഇപ്പോള്‍ ഇല്ല ഇതൊക്കെ വായിച്ചപ്പോള്‍ അതോര്‍മ വന്നു പൂക്കളം ഇടാറുണ്ട് ഞാ‍ന്‍ അതെ പോലെ തൊടിയിലും പറമ്പിലും നടന്നു പൂക്കള്‍ പറിച്ചു പിന്നെ വൈകിയ ഓണാശംസകള്‍

Jyotsna P kadayaprath said...

എല്ലാം കൊണ്ടും ബാല്യകാലത്തെ ഓണം ഒരു മഹാ സംഭവമായി ഇന്നും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ...ആ മഹാ സംഭവം ഞാനും ശരിയ്ക്കു ആസ്വദിച്ചു...നല്ല ഒരു സദ്യ കഴിച്ച പ്രതീതി...
സസ്നേഹം
ജോ

ജെ പി വെട്ടിയാട്ടില്‍ said...

എന്നോട് ചില സുഹൃത്തുക്കള്‍ ഈ പോസ്റ്റ് എന്റെ സ്മൃതിയെന്ന ബ്ലോഗിലും ഇടാന്‍ പറഞ്ഞിരുന്നു. അങ്ങിനെ ചെയ്യുന്നില്ല, പകരം ലിങ്ക് കൊടുത്തിട്ടുണ്ട്.

സാലീ കാത്തു said...

പാടത്തിന്റെ ഒരറ്റത്ത് പൂനുള്ളിക്കൊണ്ടിരിക്കുമ്പോള്‍ തോന്നും വടക്കേ അറ്റത്താണ് കൂടുതല്‍ പൂക്കളെന്ന്, അപ്പോള്‍ എല്ലാരും കൂടി അങ്ങോട്ടോടും. അവിടെ പോയാല്‍ തോന്നും ഇവിടെയാണ് കൂടുതല്‍ പൂക്കളെന്ന്. അങ്ങിനെ അങ്ങോട്ടുമിങ്ങോട്ടും ഓടി ഓടി തോല്‍ക്കും. തിരിച്ച് വന്ന് പൂക്കളം ഇട്ടുകഴിയുമ്പോളേക്കും തികച്ചും ക്ഷീണിക്കും.very interesting,,,

Unknown said...

ഓണക്കാലത്തെ ഓർമ്മക്കുറിപ്പുകൾ രസകരമായിട്റ്റുണ്ട്.