Tuesday, August 10, 2010

ഓണം ... പൊന്നോണം!!!


ഭിത്തിയിലെ മലയാളം കലണ്ടര്‍ ഏ. സി. യുടെ ചെറുകാറ്റില്‍ മെല്ലെ ഇളകി. കണ്ണുകള്‍ ചുവന്ന അക്കങ്ങളില്‍ പതിഞ്ഞു, ആഗസ്റ്റ് 23 ... പിന്നേയും ഒരോണം!

മനസ്സിലേക്ക് കഴിഞ്ഞ വര്‍ഷത്തെ ഓണം കടന്ന് വന്നു; ആര്‍പ്പും കുരവയുമില്ലാതെ, പ്രിയപ്പെട്ടവരുടെ സാമീപ്യമില്ലാതെ, അമ്മയുടെയും ഭാര്യയുടെയും സ്‌നേഹസ്പര്‍ശമുള്ള ഓണസദ്യയില്ലാതെ, കുഞ്ഞുമോന്റെ കുസൃതികളില്ല്ലാതെ, കൂട്ടുകാരുടെ വെടിവട്ടങ്ങളില്ലാതെ കഴിഞ്ഞ് പോയ മറ്റൊരു ഓണം!

കമ്പിനി മനേജ്‌മെന്റിന്റെ ഔദാര്യം കൊണ്ട് വീണുകിട്ടിയ ഒരവധി. രാവിലെ തന്നെ ബന്ധുക്കളെയൊക്കെ ഫോണ്‍ ചെയ്ത് ആശംസകളറിയിച്ചു. പലര്‍ക്കും ഓണക്കാലത്തെ മഴ പോലെ തണുത്ത പ്രതികരണം. അച്ഛന്റെയും അമ്മയുടെയും വാക്കുകളില്‍ നനവ് ... ഭാര്യയുടെ അമര്‍ത്തിയ ഒരു ദീര്‍ഘനിശ്വാസം!

‘ഇന്ന് മുറിയില്‍ തന്നെ തനിയെ കഴിയാം, എവിടെയും പോകുന്നില്ല’ തന്നോട് തന്നെ ഒരു വാശി!

ടി. വി. യില്‍ മടുപ്പിക്കുന്ന ഓണപ്പരിപാടികള്‍ ... ബോറന്‍ സിനിമകള്‍. താരങ്ങളുടെ ഗീര്‍വാണങ്ങള്‍. റെസ്റ്റോറണ്ടില്‍ വിളിച്ച് ഓണപ്പാര്‍സല്‍ ഓര്‍ഡര്‍ ചെയ്തു, 7 ദിര്‍ഹംസ് വിലയുള്ള ഊണിന് ഓണത്തിന് 40 ദിര്‍ഹംസ്! അതിനിടയില്‍ ഫോണിലൂടെ SMS സന്ദേശങ്ങള്‍ ... അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് എന്തൊക്കെയൊ കുറെ കസര്‍ത്തുകള്‍!

വല്ലാതെ ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍ തുറന്നു, ആദ്യം കണ്ടത് ‘ആനപ്പൂട’. പലയാവര്‍ത്തി വായിച്ചാതാണെങ്കിലും വീണ്ടും രസം പിടിച്ച് വന്നപ്പോഴാണ് ഡോര്‍ബെല്‍ ശബ്ദിച്ചത്. ഓണപ്പാര്‍സലുമായി ഡെലിവറി ബോയ്, കയ്യില്‍ പല പ്ലാസ്റ്റിക് ബാഗുകള്‍. ഒരെണ്ണത്തില്‍ തുമ്പൊക്കെ കീറിയ ഒരു വാഴയിലയും! പാഴ്സല്‍ വാങ്ങി മേശപ്പുറത്ത് വെച്ച് വീണ്ടും വായന തുടര്‍ന്നു, എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിഞ്ഞില്ല.

നിര്‍ത്താതെയുള്ള ഫോണ്‍ബെല്‍ കേട്ടാണ് കണ്ണ് തുറന്നത്. കണ്ണ് തുറക്കുമ്പോള്‍ മുറിയില്‍ നല്ല ഇരുട്ട്!

‘എന്താ ഉറക്കമാണോ?’ ഫോണില്‍ ഭാര്യയുടെ ശബ്ദം.

‘ഉം’ ഉറക്കച്ചടവിലാണ് മറുപടി പറഞ്ഞത്.

‘ഊണൊക്കെ കഴിച്ചോ?’

പെട്ടെന്നാണ് ഊണിന്റെ കാര്യം ഓര്‍ത്തത്. മേശപ്പുറത്തേക്ക് നോക്കി, പ്ലാസ്റ്റിക്ക് കവറുകള്‍ അങ്ങനെ തന്നെ ഇരിക്കുന്നു. തുമ്പ് കീറിയ വാഴയില ഏ. സി.യുടെ കാറ്റില്‍ മെല്ലെ ശബ്ദം ഉണ്ടാ‍ക്കിക്കൊണ്ടിരുന്നു.

‘ഊണ് കഴിച്ചിട്ടുണ്ടാവില്ല, എനിക്കറിയാം’ അങ്ങേത്തലക്കല്‍ ഭാര്യയുടെ തേങ്ങലോളമെത്തിയ ശബ്ദം!

പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ മനസ്സ് എന്ത് കൊണ്ടോ ശൂന്യമായിരുന്നു.

കുളിയൊക്കെ കഴിഞ്ഞ് വന്ന് നോക്കുമ്പോള്‍ ചോറും കറികളും ഒക്കെ തണുത്ത് കഴിഞ്ഞിരുന്നു. കുറച്ച് പായസവും, പഴവും കഴിച്ച് പുറത്തേക്കിറങ്ങി. സെപ്‌റ്റംബര്‍ തുടങ്ങിയിട്ടും എന്തൊരു ചൂട്! സന്ധ്യയായിട്ടും ഉഷ്ണത്തിനും പുകച്ചിലിനും ഒരു കുറവുമില്ല!

അവസാനം നടന്ന് ചെന്നെത്തിയത് പതിവായി ഇരിക്കാറുള്ള പാര്‍ക്കിലെ, മരങ്ങള്‍ കൂടി നില്‍ക്കുന്ന കോണിലെ ബെഞ്ചില്‍. ഉഷ്ണവും, നോയമ്പും ഒക്കെക്കാരണം പാര്‍ക്കില്‍ ആള്‍ക്കാര്‍ വളരെ കുറവ്.

‘സാര്‍, ഞാന്‍ ഇവിടെ ഇരുന്നോട്ടേ?’

ഒരു ചെറുപ്പക്കാരന്‍. ഷേവ് ചെയ്യാത്ത മുഖവും, ഇസ്തിരിയിടാത്ത വേഷവും ഒക്കെയായി അസ്വസ്ഥത അനുഭവിക്കുന്നത് പോലെ തോന്നുന്ന ഒരാള്‍.

‘ഇരുന്നോളൂ’

കുറച്ച് കഴിഞ്ഞ് അയാളൊന്ന് മുരടനക്കി, ഒരു സംസാരത്തിന് ശ്രമിക്കുന്നത് പൊലെ. ദിവസം മുഴുവന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നത് കൊണ്ട് വല്ലാത്തൊരു ഈര്‍ഷ്യയാണ് തോന്നിയത്.

‘സാറിനെ ഞാന്‍ ശല്യപ്പെടുത്തുകയാണോ?’

‘പറയൂ’ കഴിയുന്നത്ര അലോസരം മുഖത്ത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചു.

‘സാറിന്റെ പേരെന്താ?’

‘സാറിന് പാട്ടിഷ്ടമാണോ?’

പിന്നെ, പാട്ട് ആസ്വദിക്കാന്‍ പറ്റിയ ഒരു മാനസികാവസ്ഥ - മനസ്സില്‍ പറഞ്ഞു!

‘സാര്‍, ഞാന്‍ ഒന്ന് രണ്ട് പാട്ടുകള്‍ക്ക് ട്രാക് പാടിയിട്ടുണ്ട്. സാറിന് താല്പര്യമുണ്ടെങ്കില്‍ ഒരു പാട്ടു പാടാം’.

അയാളുടെ മുഖത്തെ ദയനീയത കണ്ടപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. മൌനം സമ്മതം എന്ന് തോന്നിയത് കൊണ്ടാവും അയാള്‍ ഒരു പാട്ട് പാടാന്‍ തുടങ്ങി.

‘തൊഴുതു മടങ്ങും സന്ധ്യയുമേതോ ...’ എന്ന് തുടങ്ങുന്ന എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഗാനം ഇമ്പമാര്‍ന്ന സ്വരത്തിലയാള്‍ പാടാന്‍ തുടങ്ങി. പാട്ട് തീര്‍ന്നതോടെ അയാളോട് അറിയാതെ ഒരിഷ്ടം തൊന്നി. ഒപ്പം എന്റെ മനസ്സും ശാന്തമായത് പോലെ.

‘നിങ്ങളുടെ പേരെന്താ, എന്ത് ചെയ്യുന്നു?’

പേര് പറഞ്ഞിട്ട് അയാള്‍ തന്റെ കഥ പറയാന്‍ തുടങ്ങി. മറ്റൊരു പതിവു പ്രവാസ കഥ തന്നെ! ഉള്ളതെല്ലാം പണയപ്പെടുത്തി, ഒരുപാട് ഉത്തരവാദിത്വങ്ങളും തലയിലേറ്റി, എങ്ങനെയോ ഒരു വിസ സംഘടിപ്പിച്ച് വന്നതാണ്. പലയീടത്തും ചെറിയ ചെറിയ ജോലികള്‍ ചെയ്തു. നിയമങ്ങള്‍ കര്‍ശനമായതോടൊപ്പം സാമ്പത്തികമാന്ദ്യം കൂടി ആയപ്പോള്‍ ഇപ്പോള്‍ ജോലിയൊന്നുമില്ല. കുറെ പാവം ബാച്ചിലേഴ്സിന്റെ കാരുണ്യത്തില്‍ അവരുടെ ഔദാര്യം പറ്റി കഴിയുന്നു.

‘നിങ്ങള്‍ക്ക് നാട്ടില്‍ തിരിച്ച് പോയി അവിടെ എന്തെങ്കിലും ചെയ്തു കൂടേ?’

‘കിട്ടാവുന്നിടത്തൊക്കെ നിന്നും കടവും, പലിശയും ഒക്കെ വാങ്ങിയാണ് ഇങ്ങോട്ട് പൊന്നത് ... പ്രായമായ അച്ഛനും അമ്മയും മകന്‍ ഒരുനാള്‍ പണക്കാരനായി തിരിച്ചു വരും എന്ന പ്രതീക്ഷയിലെങ്കിലും കഴിഞ്ഞോട്ടെ സാര്‍.’

‘ഓണമായിട്ട് ഇന്ന് ഊണൊക്കെ കഴിച്ചോ?’

‘ഞങ്ങളെപ്പോലുള്ളവര്‍ക്ക് എന്ത് ഓണം സാര്‍?’

ആ കണ്ണുകളിലെ ദൈന്യത മനസ്സിലെവിടെയൊ കൊണ്ടു.

‘വരൂ, നമുക്ക് എന്തെങ്കിലും കഴിച്ചു കൊണ്ടിരുന്നു സംസാരിക്കാം’

പാര്‍ക്കിനെ മറുവശത്തുള്ള സാമാന്യം ഭേദപ്പെട്ട റെസ്റ്റോറണ്ടിലേക്ക് നടക്കാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ മെല്ലെ പറഞ്ഞു,

‘സാര്‍, ക്ഷമിക്കണം ... ഈ ഒരു നേരത്തെ പൈസ ഉണ്ടെങ്കില്‍ എനിക്കു കുറെ ദിവസമെങ്കിലും മറ്റാരുടേയും ഔദാര്യത്തിലല്ലാതെ കഴിയാമായിരുന്നു!‘

അയാളുടെ മുഖം വിങ്ങിപ്പൊട്ടാന്‍ പോകുന്നതു പോലെ ഉണ്ടായിരുന്നു!

പേഴ്സ് എടുത്തു നോക്കി, വല്ലാത്ത കനക്കുറവ്, ശമ്പളം കിട്ടിയിട്ടില്ല. ഉണ്ടായിരുന്ന തുക അങ്ങനെ തന്നെ എടുത്ത്, അയ്യാളുടെ കൈക്കുള്ളില്‍ വച്ചു കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ മെല്ലെ നിറഞ്ഞു വരുന്നുണ്ടായിരുന്നു!

എന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ച് അയാള്‍ പറഞ്ഞു,

‘സാര്‍, എനിക്കിപ്പോള്‍ വേണ്ടത് ഒരു ജോലിയാണ് ... എന്തായാലും മതി ... എന്നെ, എന്നെ ഒന്ന് സഹായിക്കാന്‍ സാറിന് കഴിയുമോ?’

ശ്രമിച്ചു നോക്കാം എന്നു പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പറായാനാവില്ലല്ലോ എന്നൊര്‍ത്തു വിഷമിച്ചു നിന്നപ്പോള്‍ അയാള്‍ പറഞ്ഞൂ,

‘സാരമില്ല സാര്‍, എനിക്കറിയാം ബുദ്ധിമുട്ടാ‍ണെന്ന്!’

കയ്യില്‍ ഒന്നമര്‍ത്തി, തല കുമ്പിട്ട് അയാള്‍ നടന്നകന്നു.
(Pic courtesy: Google Images)

20 comments:

റാം said...

കൊള്ളാം വളരെ നന്നായിരിക്കുന്നു.

ഇത് പോലെ ഒരാളല്ല,
ഒരുപാടുപേര്‍ പൊള്ളുന്ന മരുഭൂവില്‍ കലങ്ങിയ മനസ്സും വറ്റിയ കണ്ണുമായി ജീവിക്കുന്നുണ്ട്.

കഥ മനസ്സില്‍ തട്ടി.......

ആശംസകള്‍.

mini//മിനി said...

ഓണത്തിന്റെ ഓർമ്മയിൽ എഴുതിയ കഥ നന്നായി.

ramanika said...

പ്രവാസി ജീവിതത്തില്‍ ഓണവും കൃസ്തുമസ്സും എല്ലാം ഇതുപോലെ വിരസം പ്രതേകിച്ചു ഒറ്റപെടുമ്പോള്‍
എന്തായാലും കഥ നന്നായി!!!!

ബിന്ദു കെ പി said...

നൊമ്പരമുണർത്തുന്ന ഓർമ്മ.....അല്ലേ?

പട്ടേപ്പാടം റാംജി said...

എന്ത് വിശേഷദിവസമായാലും പ്രവാസത്തിന്റെ പതിവ് കാഴ്ചയിലെ ഈറനണിഞ്ഞ ഒരേട്.
ഭംഗിയായി അവതരിപ്പിച്ചു.

സോണ ജി said...

നന്നായി മാഷെ ! പ്രവാസ കഷ്ടകാണ്ഡത്തിലെ ഒരു പതിവ് കാഴ്ചയാണിതെന്നിരിക്കെ, നൊമ്പരം പകരുന്നുണ്ടീ കാഴ്ചയും....ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ഇത്തരം അനുഭവങ്ങള്‍ പങ്കു വെക്കാനുണ്ടാവും....എന്തു ഓണം ഈ പ്രവാസ ജീവിതത്തില്‍ ...ഓണത്തിനു...ഞാന്‍ ചെയ്യുനത് ശ്രീ M.Tയുടെ കഥകള്‍ വായിക്കുകയാണ്...ചെയ്യുക..അത് നല്‍കുന്ന നാട്ടനുഭൂതി പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഉയരത്തിലാണു...സുഹൃത്തേ....! നന്ദി! നൊമ്പരത്തില്‍ ചാലിച്ചൊരു ഓണ ആശംസകള്‍

മാണിക്യം said...

ഓണം വന്നെത്തി മലയാളിയുടെ മനസ്സില്‍ ഓണാഘോഷങ്ങള്‍ തുടങ്ങുകയായി ....
നല്ല കഥ ..
പ്രവാസിയുടെ നൊമ്പരം നന്നായി പറഞ്ഞു
ഓണാശംസകള്‍

Typist | എഴുത്തുകാരി said...

വീണ്ടുമൊരോണം. ഒരുപാട് പേര്‍ സന്തോഷിക്കുമ്പോള്‍, മറുവശത്തെത്രയോ പേര്‍ ദു:ഖിക്കുന്നു!

അനില്‍കുമാര്‍ . സി. പി. said...

റാം: ശരിയാണ് ഒരുപാട് പേര്‍!

മിനിടീച്ചര്‍: പ്രവാസികള്‍ക്ക് ഓര്‍മ്മകള്‍ മാത്രം മിച്ചം!

രമണിക: തനിച്ചാകുമ്പോള്‍ എന്ത് ഓണം!

ബിന്ദു: ഉം, കുറേ നൊമ്പരങ്ങള്‍.

റാംജി: ഇതും മറ്റൊരു പ്രവാസദുഖം.

സോണ: നമുക്കീ അനുഭവങ്ങള്‍ പങ്കുവെക്കാം, പരസ്പരം ആശ്വസിപ്പിക്കാം.

മാണിക്യം ചേച്ചി: ഓണാശംസകള്‍.

എഴുത്തുകാരി: പലപ്പോഴും നമ്മുടേത് മാത്രമായ സ്വകാര്യദുഖം!

- എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

നിരക്ഷരൻ said...

ആര്‍പ്പോയ്.....

ആല്‍ത്തറയില്‍ ആഘോഷം തുടങ്ങിയല്ലേ ? ഞാനും കൂടുന്നു.

ആര്‍പ്പോയ്.... :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മനസിലൊരു നീറ്റല്‍..

ഏറനാടന്‍ said...

കാണം വിറ്റും ഓണം ഉണ്ണണം എന്നത് ഓര്‍മ്മയില്‍ വരുത്തിയ നൊമ്പരത്തിന്‍ ഉപ്പ് ചാലിച്ച സ്നേഹത്തിന്‍ മധുരം വിതറിയ അനുഭവ കഥ നന്നായി മാഷേ.
ഇത് പറ്റുമെങ്കില്‍ ബൂലോഗത്തിനു വെളിയില്‍ ഉള്ളവര്‍ക്ക്‌ എത്തിക്കാന്‍ പ്രസിദ്ധീകരിക്കുമല്ലോ.

ഗീത said...

ഏതു നിലയില്‍ കഴിയുന്നവര്‍ക്കും ഓണം ആഹ്ലാദത്തിന്റെ ദിനങ്ങള്‍ തന്നെ. എന്നാലും പ്രിയപ്പെട്ടവര്‍ കൂടെയില്ലാതെ വരുമ്പോള്‍ ആ ദിനങ്ങളും ശൂന്യമെന്നു തന്നെ തോന്നും. ആ കൂട്ടുകാരന്റെ സ്ഥിതി ദയനീയം തന്നെ. മനസ്സു നോവിപ്പിച്ചു. ഈ ഓണത്തിന് ഇത്തിരിയെങ്കിലും സന്തോഷിക്കാന്‍ എല്ലാവര്‍ക്കും ഈശ്വരന്‍ അവസരം കൊടുക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കാം നമുക്ക്.

Kalavallabhan said...

കഥയാണെങ്കിലും ഒരനുഭവക്കുറിപ്പുപോലെ വായിച്ചു, അല്പം വിഷമത്തോടെ.

അനില്‍കുമാര്‍ . സി. പി. said...

നിരക്ഷരന്‍: ആര്‍പ്പോ ഉര്‍വ്വൊ .... :)

മിഴിനീര്‍ത്തുള്ളി: നന്ദി

ഏറനാടന്‍: നല്ല വാക്കുകള്‍ക്ക് നന്ദി.

ഗീത: ശരിയാണ്, മനസ്സ് കൊണ്ടെങ്കിലും സന്തോഷിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ.

കലാവല്ലഭന്‍: :)

ബിജുകുമാര്‍ alakode said...

ഉള്ളിലേയ്ക്കു കിനിഞ്ഞിറങ്ങുന്ന വേദന..മികച്ച അവതരണം. ഒരു പ്രവാസിയെന്ന നിലയില്‍ നേരിട്ടറിയുന്ന സത്യം..
വളരെ നല്ല രചന, ശ്രീ അനില്‍കുമാര്‍.
അഭിനന്ദനങ്ങള്‍...

Manoraj said...

ഓണത്തെ പറ്റി എഴുതാന്‍ കഴിയോ എന്നറിയില്ല. എങ്കിലും ഞാനുമുണ്ടിത്തവണ ആല്‍ത്തറയിലെ ഓണത്തിന്

Sulthan | സുൽത്താൻ said...

"ഒരു നേരത്തെ പൈസ ഉണ്ടെങ്കില്‍ എനിക്കു കുറെ ദിവസമെങ്കിലും മറ്റാരുടേയും ഔദാര്യത്തിലല്ലാതെ കഴിയാമായിരുന്നു"

ഈ വാക്കുകൾ, വല്ലാതെ വേദനിപ്പിക്കുന്നു. ഒരുകാലത്ത്‌ ഞാനും ഇത്‌ പറഞ്ഞിട്ടുണ്ട്‌. പട്ടിണിയുടെ നാളുകളിൽ, പച്ചവെള്ളത്തിൽ മുക്കി കുബൂസും ഞാനും.....

നന്നായി എന്ന് പറയുന്നില്ല. കാരണം ഞാനും ഇതിലെ പല കഥപത്രങ്ങളാണ്‌. പലതരത്തിലും.

ആശംസകൾ

Sulthan | സുൽത്താൻ

jayanEvoor said...

നല്ല കഥ അനിലേട്ടാ.
വീണ്ടും വായിച്ചു.
അഭിനന്ദനങ്ങൾ!

അനില്‍കുമാര്‍ . സി. പി. said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.