Sunday, August 22, 2010

ആനേങ്ങാട്ടെ ഓണം!

കുട്ട്യേ.. ആ രേവി വന്നാല്‍ ..ദാ ഇവിടെ തറ ണ്ടാക്കാന്‍ പറയണം.. ഇത്രയും ഉയരം വച്ചാ മതി.. പറയ്ണ കേക്കുണുണ്ടോ യ്യ്..  അച്ചമ്മ ചെങ്കല്ല് കൊണ്ട് മുറ്റത്ത് ഒരു വട്ടം വരച്ചു..
മണ്ണ് ഒണങ്ങണേന്റെ മുന്നെ നടൂല് ഒരു ചെറിയ കുഴി വെരലോണ്ട് ണ്ടാക്കണം... ന്നാ പൂവിടുമ്പോള്‍ നടു തെറ്റില്ല...
ഞാനിത്തിരി ചാണകം കിട്ട്വോ നോക്കട്ടേ.. തറ മെഴുകാനുള്ളതെങ്കിലും കിട്ട്യാ മതിയായിരുന്നു...
അത്തം പടിക്കലെത്തി... ഒരു പണ്യൂം ആയിട്ടില്ല... ഇനിപ്പൊ ഓരോരുത്തര് വരാനും തൊടങ്ങ്വല്ലൊ... അച്ചമ്മ ഒരു കൊട്ടയുമെടുത്ത് പടി കടന്ന് പോയി...

ഓണത്തിന് എല്ലാവരും വരും.. അച്ഛമ്മയുടെ എല്ലാ മക്കളും... പേരക്കുട്ടികളും... എല്ലാരും കൂടെ നല്ല രസമായിരിക്കും.. ഒച്ചയും ബഹളവും... കളികളും....
അത്തത്തിന് അച്ചമ്മയാണ് പൂവിടുക... തറയില്‍ നല്ലോണം ചാണകം മെഴുകി... ആ കറുത്ത തറയില്‍ .. തൂവെള്ള തുമ്പപ്പൂവിട്ടാല്‍ .. കാണാന്‍ തന്നെ എന്തു രസമാണ്..
പിറ്റെ ദിവസം മുതല്‍ പൂവിടല്‍ എന്റെ പണിയാണ്..

അവിടെയുള്ള കുട്ട്യോളൊക്കെ കൊട്ടയെടുത്ത് നടക്കും പൂ പറിക്കാന്‍.. പക്ഷെ അച്ചമ്മ എന്നെ വിടില്ല...
"നമ്മടെ തൊടീലെ പൂക്കള്‍ തന്നെ മതി ...അതെന്നെ കൊറേ ണ്ടല്ലൊ"
ശരിയാണ്.. പൂക്കളെയും ചെടികളെയും ഇഷ്ടപ്പെട്ടിരുന്ന വെല്യാന്റി.. ഓരോ പ്രാവശ്യം വരുമ്പോഴും.. ഓരോ ചെടി വയ്ക്കും... അതുകൊണ്ട് ഞങ്ങടെ മുറ്റത്തും തൊടിയിലും തന്നെ ധാരാളം പൂക്കള്‍ ഉണ്ടായിരുന്നു..
നടൂല് വക്കാന്‍ എപ്പൊഴും അടുക്ക് ചെമ്പരുത്തി.. അല്ലെങ്കില്‍ കുമ്പളപ്പൂ.. പിന്നെ അതിനു ചുറ്റും ഓരോ പൂക്കളൊ ഇതളുകളോ വട്ടത്തില്‍ ഇട്ട് വരും തറ നിറയും വരെ.. പല നിറത്തിലുള്ള കാശിത്തുമ്പകള്‍.. മുല്ല.. തുമ്പപ്പൂ.. കോളാമ്പിപ്പൂ..പല നിറത്തിലുള്ള ചെമ്പരുത്തിപ്പൂ, അരിപ്പൂ..കാക്കപ്പൂ.. മഞ്ഞയും വെള്ളയും മന്ദാരം, കോഴിപ്പൂ, പൂച്ചവാലന്‍, മുക്കുറ്റി, മാര്‍ഗഴിപ്പൂ, ഡിസംബര്‍ പൂ, ശംഖു പുഷ്പം, ജമന്തി, പിച്ചകം, ചെണ്ടുമല്ലി, കിങ്ങിണിപ്പൂ, പിന്നെ പേരറിയാത്ത കുറെ കാട്ടു പൂക്കള്‍... എല്ലാം തലേന്ന് തന്നെ പൂമൊട്ടായി പറിച്ച് ചേമ്പിലയില്‍ കുമ്പിള്‍ കുത്തി വയ്ക്കും .. രാത്രി അതെടുത്ത് മുല്ലത്തറയിലെ മുല്ലച്ചെടികള്‍ക്കിടയില്‍ വയ്ക്കും.. രാവിലെ പൂക്കള്‍ വിരിഞ്ഞിട്ടുണ്ടാവും.. രണ്ടു കുംബിള്‍ ഉണ്ടാവും.. ഒന്ന് വീട്ടിലേക്ക് ..ഒന്ന് സ്കൂളിലേക്ക്..  തലേ ദിവസത്തെ പൂക്കള്‍ മാറ്റി... ഒട്ടിപ്പിടിച്ചു കിടക്കുന്ന കാശിത്തുമ്പയൊക്കെ ചുരണ്ടിക്കളഞ്ഞു പുതുതായി ചാണകം മെഴുകി പുതിയ പൂക്കളം ദിവസവും തീര്‍ക്കും..
അവസാനത്തെ മൂന്നു ദിവസം പൂക്കളത്തിനെക്കാള്‍ പ്രാധാന്യം മാക്കോലത്തിനാണ്.. പച്ചരിയും കാവത്തിന്റെ വള്ളിയും ചേര്‍ത്ത് അരച്ചാണ് ഈ മാവുണ്‍ടാക്കുക.. അത് ഒരു നേര്‍ത്ത തുണിയില്‍ കിഴി കെട്ടി ഒറ്റ ഒഴുക്കിന് തറയ്ക്ക് ചുറ്റും കോലം വരയ്ക്കണം.. തറയ്ക്ക് നടുവില്‍ ഓര്‍ പീഠം വയ്ച്ച് അതിനു മുകളില്‍ ഒരു നാക്കില കഷണം വയ്ക്കും.. പിന്നെ അതിനു മുകളില്‍ മാതേര് വയ്ക്കും.. പശിമയുള്ള കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന മൂന്നു രൂപങ്ങള്‍ .. നടുവിലത്തേത്തിനു കുറച്ചു നീളം കൂടുതല്‍.. വെല്യാന്റി ബാക്കിയുള്ള കളിമണ്ണ് ഞങ്ങള്‍ക്കൊക്കെ തരും.. ഞങ്ങളത് കൊണ്ട് ചെറിയ കലങ്ങളും, പച്ചക്കറികളും, പാവകളും, അപ്പോള്‍ തോന്നുന്നതൊക്കെ ഉണ്ടാക്കി മാതേരിനു ചുറ്റും വയ്ക്കും .. ചെറിയ ഈര്‍ക്കിലി കഷണങ്ങളില്‍ പൂക്കള്‍ കോര്‍ത്തു മാതേരില്‍ കുത്തി വയ്ക്കും .. മാവ് കൊണ്ടു അലങ്കരിക്കും .. ഒരു കാലുള്ള ഓലക്കുട മാതേരിനു മറയായി വയ്ക്കും...  
ഉത്രാടം കുട്ട്യോള്‍ടെ ഓണമാണ്.. അന്നാണ് ഞങ്ങളൊക്കെ ആദ്യത്തെ കോടിയുടുക്കുക...  അന്ന് വൈകുന്നേരമാണ് വീട്ടിലേക്ക് "ഉത്രാടം പാടിക്കോ.. തിരുവോണം തെണ്ടിക്കോ" എന്ന പാട്ടൊക്കെ പാടി ആളുകള്‍ വരുന്നതും .. പാട്ട് പോലെ ഉത്രാടത്തിന് പാടും .. ദക്ഷിണ വാങ്ങില്ല .. തിരുവോണത്തിന്‍ നാള്‍ രാവിലെ വന്നു ദക്ഷിണ വാങ്ങും..

വിഭവ സമൃദ്ധമായ സദ്യ തുടങ്ങുന്നതും ഉത്രാടത്തിനാണ്... ആദ്യം എല്ലാ വിഭവങ്ങളും ഒരിലയില്‍ വിളമ്പി ഈ മാതേരിനു നിവേദിച്ചിട്ടേ.. എല്ലാവര്‍ക്കും സദ്യ വിളമ്ബൂ..  ആദ്യം ഉപ്പ്, പിന്നെ കായ വറുത്തത്, ശര്‍ക്കര ഉപ്പേരി, വടുകപ്പുളി നാരങ്ങ, പുളിയിഞ്ചി, ഓലന്‍, കാളന്‍, എരിശ്ശേരി, അവിയല്‍, മെഴുക്കു പുരട്ടി അല്ലെങ്കില്‍ ഉപ്പേരി,  ചേന വറുത്തത്, പഴം, പപ്പടം.. ഇത്രയും ഇലയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ.. പിന്നെ ചോറ്, സാമ്പാര്‍ ഒക്കെ കൂട്ടി ഒരു ഊണ് ... അപ്പോഴേയ്ക്കും പായസം വിളമ്പി തുടങ്ങും.. അരിയും, ശര്‍ക്കരയും, തേങ്ങാപ്പാലും ചേര്‍ത്തുണ്ടാക്കിയ  ചൂടുള്ള പായസം വാഴയിലയില്‍ വിളമ്പുമ്പോള്‍ തന്നെ ഒരു സുഖിപ്പിക്കുന്ന മണമാണ് ...അതില്‍ പഴവും പപ്പടവും കുഴച്ചു കൂട്ടി കഴിച്ചാലോ ..ഹോ!

സദ്യയൊക്കെ കഴിഞ്ഞ് എല്ലാവരും കോലായില്‍ ഒത്തു ചേരും .. ഓരോ നാട്ടിലെ വിശേഷങ്ങളും, പഴയ കഥകളും ... അധികവും ആ സമയത്താണ് പടിക്കലില്‍ ഒരു കൂക്കിവിളിയുണ്ടാവുക.. നായടിയാണ് ... അച്ഛമ്മ ഒരിലയില്‍ എല്ലാ വിഭവങ്ങളും വിളമ്പി പടിക്കല്‍ വയ്ക്കും ... കുറച്ചു കഴിഞ്ഞ് അവിടെ ചെന്ന് നോക്കിയാല്‍ ഇല വച്ചിടത്ത്‌ ഒരു ഉറി ഉണ്ടാവും.. വീട്ടുകാര്‍ വീണ്ടും നാട്ടു വര്‍ത്തമാന ങ്ങളിലേക്ക് ..
ഞങ്ങള്‍ കുട്ടികള്‍ പടിഞ്ഞാറെ പുളിയില്‍ കെട്ടിയ ഊഞ്ഞാലിലേക്കും ...

14 comments:

Sranj said...

ആല്‍ത്തറയില്‍ ആദ്യമായിട്ടാണ്... തിരുവോണക്കാഴ്ച്ചയായി എന്റെ ഓര്‍മ്മയിലെ ഓരേട് ഇവിടെ സമര്‍പ്പിക്കുന്നു... എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു...

മാണിക്യം said...

ശരിക്കും ഗ്രാമത്തിന്റെ നന്മ നിറഞ്ഞ ഓണത്തിന്റെ ഓര്‍മ്മ തന്നെ.
കുട്ട്യോളുടെ ഓണം എന്ന ഉത്രാടസദ്യ ശരിക്കും മനോഹരമാണ്..
സദ്യവട്ടം പോലും എഴുതി കൊതിപ്പീച്ചു..
ഇത്രയും ആസ്വാദ്യകരമായ് തിരുവോണവിഭവം
ആല്‍ത്തറയില്‍ വിളമ്പിയതിനു നന്ദി

ആല്‍ത്തറക്കൂട്ടത്തിന് സന്തോഷവും സമാധാനവും
ഐശ്വര്യവും സമൃദ്ധിയും സാഹോദര്യവും നിറഞ്ഞ
ഒരു നല്ല പൊന്നോണം ആശംസിക്കുന്നു!!!!!
സസ്നേഹം മാണിക്യം

പട്ടേപ്പാടം റാംജി said...

ഓര്‍മ്മകള്‍ ഉണരുന്നു...
പഴമയുടെ എല്ലാ ഭംഗിയോടെയും

ഓണാശംസകള്‍

Unknown said...

ശരിക്കും ഒരു ഓണം കൂടിയതു പോലെ

അത്തിക്കുര്‍ശി said...

മനോഹരം!!!
ആനേങാട്ടേ ഓണം ഗ്രഹാതുരതയുടെ ഒരു സദ്യയായി ആസ്വദിചചു!!
മനസ്സില്‍ സൂക്ഷിച്ച ഓര്‍മ്മകളുടെ പച്ചത്തുരുത്ത് കൊന്‍ട് തീറ്ത്ത പൂക്കളം മനോഹരം!!, ഓര്‍മ്മകളുടെ അല്‍ഷിമേഴ്സ് അറകളില്‍നിന്ന് കുറെ പഴയ പൂക്കളെ സ്വതന്ത്രമാക്കി.....
തികച്ചും ഗ്രാമ്യമായ ബിംബങള്‍ക്കിടയില്‍ 'വല്യാന്റി' പ്രയോഗം എന്തൊ മുഴച്ച് നില്‍ക്കുന്നോ?
നന്ദി! ആനമങാടിന്റെ കഥാകാരീ..

നിരക്ഷരൻ said...

Sranj - ഓണാശംസകള്‍ :)

Pranavam Ravikumar said...

ഗ്രാമത്തിന്റെ മനോഹാരിത നിറഞ്ഞു നില്കുന്നു.... നന്നായി.....

the man to walk with said...

nalla Ormakal
Onashamsakal

Hari | (Maths) said...

ഓണത്തിന്റെ ഓര്‍മ്മകള്‍ സുഖമുള്ളത് തന്നെ. പൂക്കളമിടല്‍ തുടങ്ങി സദ്യവരെ ഭംഗിയായി വിശദീകരിച്ചിട്ടുണ്ടല്ലോ.

ഓണാശംസകള്‍

അനില്‍കുമാര്‍ . സി. പി. said...

ഒണാശംസകള്‍.

നരസിംഹം said...

ഇങ്ങനെ ഓണത്തിന് ആദ്യവസാനം എല്ലാം നോക്കി നടത്തി ഓടി നടക്കുന്ന അച്ഛമ്മ തന്നെയാണ്
ഓണത്തിന്റെ ഐശ്വര്യം...
"ആനേങ്ങാട്ടെ ഓണം!" വളരെ ഹൃദ്യമായി എഴുതി.
നല്ല്ല ഭാഷ നല്ല ഒഴുക്ക് ...


ഓണാശംസകള്‍

Gopakumar V S (ഗോപന്‍ ) said...

നല്ല ഓർമ്മ....

ആൽത്തറയിലെ എല്ലാ പോസ്റ്റും വായിക്കാൻ സമയം കിട്ടിയില്ല.... വായിച്ചു വരുന്നേ ഉള്ളൂ.... "കുമാരന്റെ" നാടകത്തിനു കമന്റിടാൻ പറ്റുന്നില്ലല്ലോ ചേച്ചീ...

ആശംസകൾ....

Bonny M said...

ഇത് വല്ലാതെ മനസ്സിനെ സ്പര്‍ശിച്ചു. നമുക്കു നഷ്ടപ്പെട്ട ആ കുട്ടിക്കാലം നമ്മുടെ കുട്ടികള്‍ക്കും കിട്ടിയിരുന്നുവെങ്കില്‍! ശരിക്കും ഒരോണം കൂടിയതു പോലെ.

ഓണാശംസകള്‍ !!!!

ജയരാജ്‌മുരുക്കുംപുഴ said...

othiri nanaayi...... nalla kaalangalilekke, namayilekku oru madakkayaathra.......