Sunday, August 22, 2010

ഓണം ഒരു ഓര്‍മ്മ..

(കടപ്പാട്: തണല്‍ ഹൈദ്രാബാദ് ഫോട്ടോ - യാഹൂ തന്നത്)

ഓണം മനസ്സില്‍ കൊണ്ട് നിറക്കുന്നത് സുന്ദര നിമിഷങ്ങളെയാണ് എന്ന് മനോജ്‌ ഗള്‍ഫിലെ ലേബര്‍ക്യാമ്പിലെ പത്ത്‌ ആളുകള്‍ താമസിക്കുന്ന മുറിയില്‍ ഇരുന്ന് ആലോചിച്ചു. ഏസിയുടെ ശബ്ദം അയാളുടെ ചിന്തയെ അലോസരപ്പെടുത്തി എങ്കിലും തന്റെ ഭാര്യയുടെ ഈമെയിലിന് മറുപടി ടൈപ്പ് ചെയ്യുന്നതില്‍ അയാള്‍ വ്യാപൃതനായിരുന്നു. എല്ലാവരും കൂടി പൈസ പങ്കിട്ട് മേടിച്ച കമ്പ്യൂട്ടറും നെറ്റ് കണക്ഷനുമാണ്. അധികനേരം ഇങ്ങനെ ഇരുന്ന് സ്വപ്നം കാണാന്‍ പറ്റില്ല എന്നത് മനോജിന് അറിയാം. സുഹൃത്തുക്കളും അവരുടെ ഊഴം കാത്തിരിപ്പാണ്.

തൊട്ടപ്പുറത്തെ മയങ്ങിക്കിടക്കുന്ന സുഹൃത്തിന്റെ റേഡിയോ ഓണ്‍ ആയിത്തന്നെ കിടപ്പുണ്ട്. ഇഷ്ടഗാനങ്ങള്‍ പരിപാടി ആലോസരമില്ലാതെ നടക്കുന്നുണ്ട്. ആരോ അയാളുടെ പ്രിയതമയ്ക്ക് വേണ്ടി ആവശ്യപ്പെട്ട ഗാനം അലയടിച്ചു വരുന്നു.. "പൂവിളി പൂവിളി പോന്നോണമായീ.. നീ വരൂ നീ വരൂ പൊന്നോണ തുമ്പീ.."

ഭാര്യയുടെ ഈമെയില്‍ പലയാവര്‍ത്തി വായിച്ച് മനോജിന് കൊതി തീരുന്നില്ല, അയാള്‍ ചിരിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസം തികച്ച് നിന്നിട്ടില്ല. ഇത് അവരുടെ ആദ്യഓണം ആണ്. മൃദുല, മനോജിന്റെ ഭാര്യ, പേര് പോലെ ഇപ്പോഴും കുട്ടികളുടെ സ്വഭാവമാണ്. പറഞ്ഞിട്ടെന്താ, അത്രയല്ലേ ഉള്ളൂ പ്രായവും. മനോജിനെക്കാളും പതിമൂന്ന്‍ വയസ്സ് കുറയും. ഡിഗ്രി ഫസ്റ്റ് ഇയര്‍ ആയതേയുള്ളൂ.

മൃദുല എഴുതിയിരിക്കുകയാണ്. അയല്‍പക്കത്തെ കുട്ടികളോടൊപ്പം തൊടി മുഴുവന്‍ ഓടിനടന്ന് പൂക്കള്‍ പറിച്ചതും, ഓണത്തപ്പനെ കളിമണ്ണ്‍ കൊണ്ട് ഉണ്ടാക്കിയതും, അത്തപ്പൂക്കളം തീര്‍ത്തതും എല്ലാം വിശദമായി മനോജിനെ മെയില്‍ വഴി അറിയിച്ചിരിക്കുന്നു. ഓണക്കോടി വാങ്ങാന്‍ എത്ര പണം അയക്കും എന്നും അവള്‍ ചോദിച്ചു. അയക്കുകയാണെങ്കില്‍ എന്ന് എങ്ങനെ അവള്‍ക്ക് കിട്ടും. ബാങ്ക് എക്കൌണ്ട് ഇതുവരെ അവള്‍ക്കില്ല എന്നും മനോജിനെ അവള്‍ അറിയിക്കുന്നു. ഒന്നും അറിയാത്ത മണ്ടിപ്പെണ്ണ്‍. മനോജ്‌ ചുറ്റും നോക്കി സ്വയം പറഞ്ഞു ചിരിച്ചു.

എന്റെ ഭാര്യേ.. നീ അവിടെ പൂ ഇറുത്ത്‌ പൂക്കളമിട്ട് ഊഞ്ഞാലാടി തിമിര്‍ത്ത്‌ നടന്നോളൂ. ഒരു വിഷമവും വേണ്ട. നിനക്കും അനിയനും പിന്നെ നമ്മുടെ എല്ലാവര്ക്കും വേണ്ടുന്ന ഓണവസ്ത്രങ്ങള്‍ എടുക്കാനുള്ളതും മറ്റു ചിലവുകല്‍ക്കുള്ള പണം നാളെത്തന്നെ നിന്റെ കൈയ്യില്‍ കിട്ടും. ഇത് നിന്റെ ഓണംകേറാമൂല ഒന്നും അല്ല. നാളെ ഞാന്‍ വിളിക്കാം. ഒരു കോഡ് നമ്പര്‍ തരും. അതുമായി അനിയനോടൊപ്പം നീ തന്നെ പോയി നമ്മുടെ വിശ്വേട്ടന്റെ എസ് ടി.ഡി ബൂത്തില്‍ ചെന്ന് പറഞ്ഞാല്‍ പണം കിട്ടും. അല്ലാതെ പണ്ടത്തെ പോലെ അയച്ചപൈസ മേടിക്കാന്‍ പോസ്റ്റ്‌മാന്‍ വരുന്നതും കാത്ത്‌ മാസങ്ങളോളം പടിവാതില്‍ക്കല്‍ നില്‍ക്കേണ്ട ആവശ്യമില്ല. അതൊക്കെ നമ്മുടെ മുന്‍ തലമുറക്കാരുടെ കാലം.

‘ഹലോ.. മതി. എനിക്ക് നെറ്റ്ഫോണ്‍ വിളിക്കേണ്ട നേരമായി. ഭാര്യ ഇപ്പോള്‍ അവിടെ കാത്ത്‌ ഇരിപ്പാവും.’

മുറിയിലെ സ്നേഹിതന്‍ പിന്നില്‍ വന്ന് പറഞ്ഞപ്പോള്‍ മനോജ്‌ മറുപടി ടൈപ്പ്‌ ചെയ്യുന്നത് നിറുത്തി നോക്കി ചിരിച്ചു. എന്നിട്ട് ഒന്നൂടെ വായിച്ച് അല്പം കറക്ഷന്‍ ഒക്കെ വരുത്തി ഈമെയില്‍ അയച്ചു നിശ്വസിച്ചു എഴുന്നെറ്റു.

തന്റെ ഡ്യൂട്ടി ഷിഫ്റ്റ്‌ സമയമായിരിക്കുന്നു. അരമണിക്കൂര്‍ കഴിയുമ്പോള്‍ സൈറ്റില്‍ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസ്സ്‌ വരും. അപ്പോഴേക്കും റെഡി ആവണം. നാട്ടിലെ നല്ല ഓണക്കാലവും ഓണവിഭവവും കഴിച്ച നല്ലനാളുകള്‍ ഓര്‍ത്ത്‌ തന്റെ വിവാഹശേഷമുള്ള ആദ്യഓണം വരാറായ ദിവസം മൃദുലയെ മനസ്സില്‍ വിചാരിച്ച് മനോജ്‌ വീണ്ടും കത്തിക്കാളുന്ന വെയിലില്‍ കെട്ടിടനിര്‍മ്മാണ സൈറ്റിലേക്ക് പോകുന്ന ബസ്സില്‍ സൈഡ് സീറ്റില്‍ ഇരുന്ന് പകല്‍കിനാവ്‌ കണ്ടു.

9 comments:

ഏറനാടന്‍ said...

ഈ ഓണക്കഥ എല്ലാ നവദമ്പതികള്‍ക്കും വേണ്ടി പ്രത്യേകം സമര്‍പ്പിക്കുന്നു.

എല്ലാവര്‍ക്കും കുടുംബത്തിനും നന്മയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകള്‍ നേരുന്നു.

അനില്‍കുമാര്‍ . സി. പി. said...

ഓണാശംസകള്‍.

റീനി said...
This comment has been removed by the author.
റീനി said...

നവദമ്പതികള്‍ക്കും നവം വിട്ടുമാറിയ ദമ്പതികള്‍ക്കും ആകാശദൂരങ്ങള്‍ക്ക് അപ്പുറവും ഇപ്പുറവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന എല്ലാ ദമ്പതികള്‍ക്കും അവരുടെ കുടുംബത്തിനും എന്റെ ഓണാശംസകള്‍ !

മാണിക്യം said...

"പൂവിളി പൂവിളി പോന്നോണമായീ..
നീ വരൂ നീ വരൂ പൊന്നോണ തുമ്പീ.."
ഓണം മനസ്സില്‍ പൂക്കാലമാകുന്ന സമയം..

പ്രവാസിയുടെ ഓണം ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റു തരത്തില്‍ കണ്ണീരിന്റെ ഉപ്പ് ചേര്‍ന്നതാണ് ..
നല്ലൊരു ചെറുകഥ ഓണവിഭവമായി ആല്‍ത്തറയില്‍
ചേര്‍ത്തതിനു നന്ദി ..

ആളവന്‍താന്‍ said...

കഥയാണെങ്കിലും അതില്‍ ഒരു വേദനയുടെ സത്യമുണ്ട്. ഒരുപാട് ഹൃദയങ്ങളെ മഥിക്കുന്ന ഒരു വലിയ സത്യം.!

നിരക്ഷരൻ said...

ലിമിറ്റഡ് സമയം. ലിമിറ്റഡ് വര്‍ത്തമാനങ്ങള്‍, .... ലിമിറ്റഡ് ഓണാഘോഷങ്ങള്‍. ലേബര്‍ ക്യാമ്പിലെ തൊഴിലാളികളുടെ ജീവിതത്തില്‍ നിന്ന് ഒരേട് ഏറനാടന്‍ ഇവിടെ പകര്‍ത്തിവെച്ചിരിക്കുന്നു.

ലോകത്തിലെ പല ഭാഗങ്ങളില്‍.. കുടുബത്തിനൊപ്പവും അല്ലാതെയും കഴിയുന്ന എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍.

ഏറനാടന്‍ said...

കഥ വായിച്ച അഭിപ്രായം അറിയിച്ച എല്ലാ പ്രിയമുള്ള കൂട്ടുകാര്‍ക്കും നന്ദി നേരുന്നു..

നരസിംഹം said...

"എന്റെ ഭാര്യേ.. നീ അവിടെ പൂ ഇറുത്ത്‌ പൂക്കളമിട്ട് ഊഞ്ഞാലാടി തിമിര്‍ത്ത്‌ നടന്നോളൂ. "

മധുവിധുകാലത്തും അഘോഷങ്ങള്‍ക്കും വേര്‍പിരിഞ്ഞു കഴിയുന്ന
ഓരോ ദമ്പതികളുടേയും വികാര വിചാരങ്ങള്‍
ഏറനാടന്‍ നന്നായി അവതരിപ്പിച്ചു.

ഓണത്തിന്റേയും ഈദ് പെരുന്നാളിന്റെയും ആശംസകള്‍!