Tuesday, August 17, 2010

എന്റെ മനസ്സിലെ ഓണം..

ഓണം എന്നും മലയാളിക്ക് സന്തോഷം പ്രദാനം ചെയ്യുന്ന ഒരു ഉത്സവക്കാലമാണ്. പണ്ട് കാലം മുതല്‍ തന്നെ മലയാളികള്‍ ആവേശത്തോടെ കൊണ്ടാടുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നല്ല കുറച്ച് ദിനങ്ങള്‍. മഹാബലിയെ വരവേല്‍ക്കാന്‍ കുട്ടികളും മുതിര്‍ന്നവരും എല്ലാം ഒരുമയോടെ , ഒത്തുചേരുന്ന നല്ല നാളുകള്‍..

പക്ഷെ ഇന്ന് ഓണം അത്രത്തോളം നമുക്ക് പ്രിയങ്കരമാകുന്നുണ്ടോ? ഇന്നത്തെ കുട്ടികള്‍ക്ക് ഓണം മറ്റു ആഘോഷങ്ങള്‍ പോലെ തന്നെ ടെലിവിഷന്റെ മുന്നില്‍ ചടഞ്ഞിരിക്കാനും പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങാനും ഇന്‍സ്റ്റന്റ് സദ്യ കഴിക്കാനും ഒക്കെ മാത്രമാകുന്നു. പരിതാപകരമാണ് ഈ അവസ്ഥ. ഇന്ന് അല്പമെങ്കിലും ഓണം ഒരു നൊസ്റ്റാള്‍ജിയ പോലെ കൊണ്ടാടുന്നത് നമ്മുടെ പ്രവാസികള്‍ മാത്രമാണെന്നതും ഖേദകരം തന്നെ. അത് കൊണ്ട് തന്നെ പ്രശസ്തമായ ഹോട്ടലുകാരുടെ ഓണക്കിറ്റിലും പ്ലാസ്റ്റിക് പുവുകള്‍ കൊണ്ട് നിരത്തിയ പൂക്കളത്തിലും ചാനല്‍ പ്രോഗ്രാമുകളുടെ ബഹളവും മാത്രമായ ഇന്നിന്റെ ഓണത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒത്തിരി ആഗ്രഹമില്ല. പ്രകൃതിയില്‍ ലയിച്ച്, പൂ പറിച്ച്, വീട്ടുകാരെല്ലാം ഒത്തുകൂടി, തുമ്പി തുള്ളി, കണ്ണാരം പൊത്തി കളിച്ച്, കിളി കളിച്ച്, അങ്ങിനെ അങ്ങിനെ നടന്ന പഴയ ഓണക്കാലത്തെക്കുറിച്ച് പറയാന്‍ തന്നെ എനിക്കേറെ ഇഷ്ടം.

എന്റെയൊക്കെ കുട്ടിക്കാലത്ത് ഓണം ഞങ്ങള്‍ കുട്ടികള്‍ക്ക് പൂക്കളുടെ ആഘോഷമായിരുന്നു. ഞാനൊക്കെ മടികൂടാതെ രാവിലെ എഴുന്നേറ്റിരുന്നത് ഓണനാളുകളില്‍ മാത്രമായിരുന്നു. എന്റെ കൂടെ എന്റെ പ്രായക്കാരിയായ എന്റെ കളിക്കൂട്ടുകാരിയും അവളുടെ ചേച്ചിയും പിന്നെ വേറെ ഒന്ന് രണ്ട് ചേച്ചിമാരും ഒരു ചേട്ടനും അതായിരുന്നു അക്കാലത്തെ ഞങ്ങളുടെ ഓണം ടീം. ഓണക്കാലത്ത് രാവിലെ ഉണര്‍ന്നാല്‍ ആദ്യം ഓടുന്നത് അപ്പുറത്തെ ചേച്ചിയുടെ വീട്ടിലേക്കാണ്. അവിടെയാണ് ഞങ്ങളുടെ എല്ലാവരുടേയും കൂടി ശ്രമഫലമായി എല്ലാ ദിവസവും അണിയിച്ചൊരുക്കന്ന പൂക്കളം.. അതിനായി രാവിലെ തന്നെ എല്ലാവരും കൂടെ പൂക്കൂടയും ഒക്കെയെടുത്ത് ഇറങ്ങും. അതൊരു മത്സരം കൂടിയാണ് ഞങ്ങള്‍ക്ക്. കാരണം അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളിലെ ഞങ്ങളുടെ എല്ലാവരുടെയും പ്രഭാത ഭക്ഷണം ആ വീട്ടില്‍ നിന്നുമായിരുന്നു. കൂടുതല്‍ പൂവ് പറിക്കുന്ന ആള്‍ക്ക് അവിടത്തെ വലിയമ്മയുടെ വകയായി സ്പെഷല്‍ ഐറ്റം എന്തെങ്കിലും കിട്ടും. അത് തിന്നാനുള്ള വെമ്പലിനേക്കാള്‍ അത് മറ്റാര്‍ക്കും കിട്ടാതിരിക്കാന്‍ വേണ്ടിയുള്ള കൊച്ച് മനസ്സിന്റെ അസൂയയായിരുന്നു കാരണം. എന്റെ കളിക്കൂട്ടുകാരിക്ക് എന്നോടുണ്ടായിരുന്ന ചെറിയ സോഫ്റ്റ് കോര്‍ണര്‍ ഞാന്‍ ഈ ആവശ്യത്തിലേക്കായി മുതലെടുക്കുകയും ചെയ്തിരുന്നു. അവള്‍ മറ്റാരും അറിയാതെ അവള്‍ പറിക്കുന്ന പൂക്കളില്‍ നിന്നും ഒരു വിഹിതം എന്റെ പൂക്കൂടയിലേക്ക് നിക്ഷേപിക്കുകയും മറ്റും ചെയ്യുന്നതൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിയാ വരുന്നത്.

പൂക്കള്‍ പറിച്ച് കൊണ്ട് വന്നാല്‍ പിന്നെ കളം വരക്കലാണ്. അത് ആ വീട്ടിലെ വലിയമ്മയുടെ പണിയാണ്. അത്തം മുതല്‍ തിരുവോണം വരെയുള്ള ഓരോ ദിവസത്തിനും പ്രത്യേകം പ്രത്യേകം കളങ്ങളാണ് വരക്കുക. ചാണകം മെഴുകി , നിലവിളക്ക് കത്തിച്ച് വച്ച് കളം വരച്ചതിന് ശേഷം അതില്‍ ആദ്യ പൂവ് വക്കുന്നത് വരെ ഞങ്ങളെല്ലാവരും ആകാംഷയോടെ നില്‍ക്കും. അത് കഴിഞ്ഞാല്‍ പിന്നെ പൂക്കള്‍ നിരത്താനുള്ള ഉത്സാഹമാണ്. കൂട്ടത്തിലെ രണ്ട് ആണ്‍‌തരികളില്‍ ചെറുത് ഞാനായതിനാല്‍ എനിക്ക് പരിഗണന കൂടുതല്‍ കിട്ടാറുണ്ട്. ഒടുവില്‍ പൂക്കളം ഒക്കെ ഒരുക്കിയതിന് ശേഷം , വലിയമ്മ തരുന്ന ചായയും പലഹാരവും ഒക്കെ കഴിച്ച് (മിക്കപ്പോഴും കൂടുതല്‍ പു പറിച്ചതിനുള്ള സ്പെഷല്‍ പലഹാരം കിട്ടുന്നത് എനിക്ക് തന്നെ. പാവം എനിക്ക് വേണ്ടി എന്നും പൂക്കള്‍ തരുന്നതിനാല്‍ അവള്‍ക്കാവും എന്നും ഏറ്റവും കുറവ് പൂവ്. അവള്‍ എനിക്ക് തരുന്ന കൂടുതല്‍ പൂക്കള്‍ക്ക് പകരമായി , അതുകൊണ്ട് തന്നെ എനിക്ക് കിട്ടുന്നതില്‍ നിന്നും ഒരു ചെറിയ പങ്ക്, അതും വളരെ ചെറിയ പങ്ക് ഞാന്‍ അവള്‍ക്ക് കൊടുക്കുമായിരുന്നട്ടോ. ഞാന്‍ എന്തൊരു വിശാലമനസ്കന്‍ അല്ലേ? ) അതു കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ ചില എതിരാളികളുടെ വീട്ടിലെ പൂക്കളങ്ങള്‍ കാണാനുള്ള പുറപ്പെടലാണ്. അവിടെ ചെന്ന് അവരോട് അവരുടെ കളത്തെ കുറേ കുറ്റങ്ങള്‍ പറഞ്ഞ്, ഞങ്ങളുടെ കളമാണ് കേമം എന്നൊക്കെ വീമ്പിളക്കുന്നതും അവരുടേ പൂക്കളത്തില്‍ കണ്ട മനോഹരമായ പല പൂക്കളും ഉള്ള സ്ഥലങ്ങള്‍ തേടിപിടിച്ച് പിറ്റേന്ന് ആദ്യും അവിടേക്ക് പോകുന്നതും എല്ലാം കൊച്ചുമനസ്സുകളുടെ കുശുമ്പാണെങ്കിലും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു .

ഇതൊക്കെ കഴിഞ്ഞ് തിരുവോണനാളില്‍ വെളുപ്പിനേ മൂന്നരയോടെ എല്ലാവരെയും വന്ന് വിളിച്ചെഴുന്നേല്‍പ്പിക്കുന്ന ജോലി ആ വീട്ടിലെ വലിയമ്മക്കാണ്. എല്ലാവരും കൂടി തലേ ദിവസം തന്നെ പറിച്ച് വച്ചിരിക്കുന്ന തുമ്പയും തുമ്പക്കുടവും മുക്കൂറ്റിയും വാടാമല്ലിയും തൊട്ടാവാടിയും ചതാവേരിയുടെ ഇലയും എല്ലാം കൂട്ടി ഒരു കൊച്ച് കളവും വീടിന്റെ പടിവരെ തുമ്പക്കുടം തൂവി മാവേലിക്ക് വഴി കാട്ടിക്കൊടുക്കുന്നതും തൃക്കാക്കരയപ്പന്റെ കളിമണ്‍‌പ്രതിമ ഉണ്ടാക്കി വച്ചിരിക്കുന്നത് പൊട്ടാതെ ഇഷ്ടിക ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ മൂന്ന് നില കളത്തില്‍ ഓരോ ദിക്കിലായി വയ്ക്കുന്നതും എല്ലാം സുഖദമായ ഓര്‍മ്മകള്‍ ആണ്. അതിന് ശേഷം തണുത്ത് ഐസുപോലെ കിടക്കുന്ന ആ വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ ഒരു ഒറ്റതോര്‍ത്തുമുടുത്ത് വിറങ്ങലിച്ച ഒരു കുളി.. ഹോ ഇപ്പോഴും ആ തണുപ്പ് ശരീരത്തില്‍ പതഞ്ഞ് പൊങ്ങുന്നു. പിന്നീടാണ് മാവേലിക്ക് വേണ്ടിയുണ്ടാക്കിയ അടയും നെയ്യപ്പവും ഒരു ചെറിയ ഉരുളിയില്‍ ആക്കി പൂക്കളത്തിന്റെ അരികില്‍ വക്കുന്നത്. എന്നിട്ട് ഞങ്ങളുടെ എതിരാളികളായ കുട്ടികളുടെ ആര്‍പ്പ് വിളികാതോര്‍ത്ത് അക്ഷമയോടെ ഒരു ഇരിപ്പുണ്ട് .. അവര്‍ വിളിക്കുന്നതിലും ഉച്ചത്തില്‍ വിളിക്കണമെന്നത് ഞങ്ങള്‍ക്ക് വാശിയായിരുന്നു. ഒടുവില്‍ വലിയമ്മയുടെ നേതൃത്വത്തില്‍ ആര്‍പ്പു വിളി..

തൃക്കാക്കരയപ്പോ.. എന്റെ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണ്മാനും വായോ
അതേതൊ... അതെന്തൊ.. പൂയ്യ്‌യ്യ്‌യ്യ്‌യ്യ്...

ഇങ്ങിനെ നീട്ടി മൂന്ന് വട്ടം വിളിച്ച് കഴിഞ്ഞാല്‍ പിന്നെ അവിടത്തെ വലിയമ്മയുടെ വകയായി ഞങ്ങള്‍ക്കെല്ലാം അടയും നെയ്യപ്പവും.. ആ അടയുടെ സ്വാദൊക്കെ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഇന്നിപ്പോള്‍ അന്നത്തെ ഞങ്ങള്‍ എല്ലാവരും വളര്‍ന്നു. നാട്ടില്‍ തന്നെയുണ്ടേങ്കിലും ഞങ്ങളില്‍ പലരും ഇപ്പോള്‍ കാണുന്നത് തന്നെ അപൂര്‍വ്വം. മാത്രമല്ല. പഴയ ആ കൂട്ടായ്മകള്‍ ഒക്കെ ഇന്ന് നഷ്ടപ്പെട്ട് കഴിഞ്ഞു. ആ വലിയമ്മയാണെങ്കില്‍ കിടപ്പിലായിട്ട് വര്‍ഷം കുറച്ചായി. ഐശ്വര്യം മാത്രം ദര്‍ശിച്ചിരുന്ന ആ മുഖം വിറളിയത് കാണാനുള്ള മന:പ്രയാസം കാരണം രണ്ട് വീട് അപ്പുറമായിട്ടും ഇന്നും ഞാന്‍ എന്തോ അങ്ങോട്ട് പോകാറില്ല. എങ്കിലും പഴയ ആ നല്ല ഓണക്കാലങ്ങള്‍ ഒരിക്കലും മനസ്സില്‍ നിന്നും മായില്ല തന്നെ.

പിന്നീട് അച്ഛന്‍ വാങ്ങി തന്ന പുത്തന്‍ ഉടുപ്പുമിട്ട് അത് മറ്റുള്ളവരെ കാട്ടാനുള്ള ഒരോട്ടമാണ്. അയല്‍‌പക്കത്തെ എല്ലാ വീടുകളില്‍ ചെന്നും പുത്തന്‍ ഉടുപ്പ് കാട്ടി ... എല്ലാ അടുക്കളകളിലേയും പായസത്തിന്റെ രുചി നുകര്‍ന്ന്.. കിളി കളിയും, കണ്ണാരം പൊത്തി കളിയും , ഊഞ്ഞാലാട്ടവും, പിന്നേറും, എല്ലാം.. ഓര്‍ക്കുമ്പോള്‍ നഷ്ടബോധം വരുന്നു..

വൈകുന്നേരമാകുന്നതോടെ നാട്ടിലെ ചേട്ടന്മാര്‍ എല്ലാവരും ചേര്‍ന്ന് അടുത്തുള്ള ഒരു ഒഴിഞ്ഞ പറമ്പില്‍ കൈകൊട്ടികളി നടത്താറുണ്ട്. എല്ലാവരും കൂടി അത് കാണാന്‍ അവിടെ വളരെ നേരത്തെ തന്നെ നിരന്നിരിക്കും..

അത് തിത്തിത്തരികിട തിമൃദതരികിട തിത്താന്തരികിട തോം..
അത് തിത്തിത്തരികിട തിമൃദതരികിട തിത്താന്തരികിട തോം...
കണ്ണേ, കരളേ, കരളിന്‍ പൊരുളേ പൂങ്കാവനമല്ലേ...
അത് ഹൃദയേശ്വരിയുടെ വരവും കാത്തവന്‍ ജീവിച്ചിരിക്കുന്നു...
അത് തിത്തിത്തരികിട തിമൃദതരികിട തിത്താന്തരികിട തോം..
അത് തിത്തിത്തരികിട തിമൃദതരികിട തിത്താന്തരികിട തോം...

കൈകൊട്ടികളിയിലെ പാട്ടിന്റെ വരികള്‍ ഇങ്ങിനെയാണെന്ന് തന്നെ എന്റെ ഓര്‍മ്മ. (വരികള്‍ കറക്റ്റായി അറിയുന്നവര്‍ ഉണ്ടേങ്കില്‍ തിരുത്തണം കേട്ടോ.. പഴയ ഒരു ഓര്‍മ്മയില്‍ നിന്നും എടുത്തെഴുതിയതാണ്) ഇതിനൊപ്പിച്ചുള്ള അവരുടെ ചുവടുകളും ഒപ്പം പ്രായമായ സ്ത്രീകളുടെ കുരവയും എല്ലാം.. എല്ലാം.. ഇന്ന് നഷ്ടമായി കഴിഞ്ഞു.

ഇന്നത്തെ കുട്ടികള്‍ക്ക് പൂക്കളം ഒക്കെ ഇടാന്‍ എവിടെ നേരം. അവര്‍ ഓണം വരുന്നത് അറിയുന്നത് തന്നെ ടി.വിയിലെ പരിപാടികളുടെ ലിസ്റ്റ് കാണുമ്പോഴാണ്. ടിവിയിലെ സിനിമകളും ഇന്‍സ്റ്റന്റായി വാങ്ങുന്ന പാക്കറ്റ് സദ്യയും ഉണ്ട് വീണ്ടും ജാക്ക് ആന്‍ഡ് ജില്‍.. വെന്‍ഡ് അപ് ദ ഹില്ലും , ഹംടി ഡംടി സാറ്റ് ഓണ്‍ എ വാളും പാടുന്ന നമ്മുടെ കുട്ടികള്‍ അറിയുന്നില്ല ഓണക്കാലത്തിന്റെ നൈര്‍മല്യം. അവരില്‍ നിന്നും നമ്മള്‍ എല്ലാം ചേര്‍ന്ന് നഷ്ടമാക്കുന്ന ആ മാനുഷരെല്ലാരും ഒന്ന് പോലെ വാഴുന്ന നല്ല നാളുകള്‍ തിരികെ കൊടുക്കാന്‍ നമുക്ക് ശ്രമിക്കേണ്ടിയിരിക്കുന്നു. അതിന് വേണ്ടിയെങ്കിലും... നമ്മുടെ കുട്ടികളിലെ നൈര്‍മല്യം നഷ്ടപ്പെടാതിരിക്കാനെങ്കിലും.... നമുക്ക് ഓണം ആഘോഷിക്കാം.. ഓണമായി തന്നെ.. !!!

12 comments:

Unknown said...

ഒരു ഓണവും കൂടി കടന്നു പോകുന്നു .മനസ്സില്‍ ഓര്‍മയുടെ നഷ്ട്ട വസന്തവും

അത് അല്ല മനോ
ഈ കാലത്ത് ഓണം ഇത് പോലെ ആയാല്‍ അടുത്ത തലമുറ ഓണത്തെ എങ്ങെ കാണും ..

ഓണ ആശംസകള്‍ ...!!!

yousufpa said...

പണ്ടെല്ലാം കൂട്ടുകുടുംബ വ്യവസ്ഥിതി ആയിരുന്നല്ലൊ,അന്ന് ധാരാളം കുട്ടികളും ഉണ്ടായിരുന്നു മിണ്ടാനും പറയാനുമായിട്ട്.ഇന്ന് അണുകുടുംബ തരംഗത്തിലേക്ക് വഴിമാറിയപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ പൈതൃകങ്ങളാണ്‌.ഇന്ന് ഓണം പോകട്ടെ,മറ്റെന്ത് ആഘോഷമായാലും ഒന്നിനും ഒരു ജീവനില്ല.

പട്ടേപ്പാടം റാംജി said...

പഴയകാല ഓണവും ഇന്നത്തെ ഓണവും തമ്മില്‍ താരതമ്യം ചെയ്‌താല്‍ എനിക്ക് തോന്നുന്നത് അന്ന് മുന്നില്‍ നിന്നിരുന്നത് പട്ടിണി തന്നെയായിരുന്നു. പിന്നെ നെല്‍കൃഷിയും പാടത്തെ പണിയും. ഇത് രണ്ടും ഇന്നില്ല. കൃഷിയുമായി ബന്ധമില്ലാത്ത ഒരു കുടുംബം പോലും അന്നില്ലായിരുന്നു. കൃഷിയുമായി ഒരു തരം വൈകാരിക ബന്ധം ഓണത്തിന് അന്നുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
പട്ടിണിയോ നല്ല ഭക്ഷണമോ നല്ല ഉടുപ്പുകളോ ഇന്ന് ആരെയും അലട്ടുന്നില്ല എന്നതല്ലേ നേര്.ഇതൊക്കെ ഇന്നത്തെ ഓണത്തിന്റെ മാറ്റ് കുറയ്ക്കുന്നു. കള്ളവും ചതിയും മാത്രം നടത്തുന്ന മനുഷ്യരും ലോകവും...!!

അനില്‍കുമാര്‍ . സി. പി. said...

"ഓണമീപ്പൂക്കളാ,ണുള്ളില്‍
ഓര്‍മ്മ പാടും നാദമാണ്”

- നല്ല പോസ്റ്റ്. ഓണാശംസകള്‍.

ആളവന്‍താന്‍ said...

അല്ല ആദ്യം പറഞ്ഞു വന്ന ആ കൂട്ടു കാരിയെ പിന്നെ അങ്ങ് വിട്ടാ... അതോ ആ പുള്ളിക്കാരി തന്നാണോ ഇപ്പോഴും ഒപ്പം ഉള്ളത്?

JAMES BRIGHT said...

Touching memories.
Really nostalgic.
Best wishes.

മാണിക്യം said...

മനസ്സില്‍ ഓണം അലയടിക്കുന്നു കടലിനിക്കരെ ആവുമ്പോള്‍ ആ ഓര്‍മ്മകള്‍ക്ക് വല്ലത്ത ആഴമാണ്..ബാല്യത്തില്‍ പൂക്കളമിടാന്‍ വെട്ടം വീഴും മുന്നെ ഇറങ്ങി ഓടിയിരുന്നു.... മനോരാജിന്റെ "എന്റെ മനസ്സിലെ ഓണം.." ആഓര്‍മ്മകള്‍ ഒന്നും കൂടി തേച്ചു മിനുക്കി ...

മനോരാജ് മനോഹരമായ ഈ പോസ്റ്റിനു പ്രത്യേകം നന്ദി...

jyo.mds said...

അത്തത്തിന്റെ അന്ന് നാട്ടിലേക്ക് ചേട്ടനെ വിളിച്ചപ്പോള്‍,ചേട്ടന്‍ പറഞ്ഞു-ഓണാഘോഷമൊക്കെ പ്രവാസികള്‍ക്കല്ലേ എന്ന്-അത് എത്ര ശരി.
നല്ല പോസ്റ്റ്.
ഓണാശംസകള്‍

ബിന്ദു കെ പി said...

ഓർമ്മകൾക്കെന്തു സുഗന്ധം അല്ലേ....
മറ്റൊരു ഓണം കൂടി വന്നെത്തി. എല്ലാവർക്കും ഓണാശംസകൾ...

കുഞ്ഞൂസ് (Kunjuss) said...

ബാല്യത്തിലെ ഓണത്തിന് എന്നും പൂക്കളുടെ വര്‍ണപ്പകിട്ട് തന്നെ....
മനോയുടെ ഈ പോസ്റ്റ്‌ നാട്ടിലേക്കു കൈ പിടിച്ച് കൊണ്ട് പോയി.

നരസിംഹം said...

ഇവിടെ എത്തന്‍ വൈകി ..
"പ്രകൃതിയില്‍ ലയിച്ച്, പൂ പറിച്ച്, വീട്ടുകാരെല്ലാം ഒത്തുകൂടി, തുമ്പി തുള്ളി, കണ്ണാരം പൊത്തി കളിച്ച്, കിളി കളിച്ച്, അങ്ങിനെ അങ്ങിനെ നടന്ന പഴയ ഓണക്കാലത്തെക്കുറിച്ച് പറയാന്‍ തന്നെ എനിക്കേറെ ഇഷ്ടം."

അതേ കുറിച്ച് കേട്ടാലും കേട്ടാലും മതി വരില്ല്ല.ഓരോ ദേശത്തും
തനതായ രീതിയില്‍ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അതു കളികളിലും സദ്യയില്‍ പോലും.

നന്മകള്‍ നേരുന്നു

smitha adharsh said...

വൈകിയെത്തിയതിന് ക്ഷമി പ്ലീസ്..
പോസ്റ്റ്‌ നന്നായി..
ഓണത്തിന് ഓണക്കളി എന്ന് കേട്ടിട്ടുണ്ട്..അതാണോ,ഈ ചേട്ടന്മാരുടെ കൈകൊട്ടിക്കളി?
ഇപ്പൊ,എല്ലാവരും ഇന്‍സ്റ്റന്റ് ഓണം ഉണ്ണുമ്പോള്‍,ഇത്തരം പഴയ ഓര്‍മ്മകള്‍ മനസ്സിലെയ്ക്കെത്തിക്കുന്ന പോസ്റ്കള്‍ എങ്കിലും ഒരു ആശ്വാസമാകുന്നു,മലയാളിയ്ക്ക്..