Sunday, July 4, 2010

ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം

ആദ്യം ആരും ശ്രദ്ധിച്ചില്ല

മൈതാനത്തിന്റെ തെക്കു വശത്തുകൂടി, 14- നമ്പര്‍ ജേഴ്സി ഇട്ട, റൈറ്റ് ഫോര്‍വേര്‍ഡ് കെ.റ്റി.മോഹന്‍ മന്ദമന്ദം മുന്നേറി…മിഡ്-ഹാഫ് കഴിഞ്ഞപ്പോഴേക്കുമ്, കാണികള്‍ ആര്‍ത്തിരമ്പി.



സെമി ഫൈനല്‍ ആണ് . എതിര്‍ ടീം ചില്ലറക്കാരല്ല . തൃശൂര്‍ പോലിസ് ക്ലബ്‌ ആണ് , നാട്ടിന്‍ പുറത്തുകാരായ ഞങ്ങളുടെ ജവാന്‍ ആര്‍ട്സ് ക്ലബിനോട് ഏറ്റു മുട്ടുന്നത് … സ്വന്തമായി ഷൂസ് പോലും വാങ്ങാതെ കളിച്ചു പഠിച്ച പിള്ളേരാണ് , പോലീസു കാരോട് കളിക്കുന്നത് .



അങ്ങനെ പേരുകേട്ട ക്ലബ്‌ ഒന്നുമല്ല ..30 വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടിന്‍പുറത്തെ ക്ലബ്ബുകള്‍ എങ്ങനെയെന്നു എല്ലാവര്ക്കും ഓര്മയുണ്ടായിരിക്കും . അങ്ങനെ യുള്ള ക്ലബ്ബുകളുടെ ഒരു “poor cousin” ആയിരുന്നു ഈ ക്ലബ്‌ . 1962 ഇല്‍ ഇന്‍ഡോ -ചൈന യുദ്ധ കാലത്ത് ഉണ്ടാക്കിയതാനത്രേ . അങ്ങനെ ദേശസ്നേഹ സൂചകമായി ജവാന്‍ എന്ന പേര് വന്നു എന്ന് , പിന്നീട് പൊട്ടി മുളച്ച പല “ചരിത്രകാരന്മാര്‍ ” സാക്ഷ്യപെടുത്തുന്നു .



കോളേജില്‍ പഠിച്ചിരുന്ന ഞങ്ങളെ പോലെ കുറച്ചു പേരെ മാറ്റി നിര്‍ത്തിയാല്‍ , എല്ലാവരും ശരിയായ നാട്ടിന്പുറത്തുകാര്‍ . പകല്‍ മുഴുവന് പാടത്ത് ജോലി ചെയ്തും , കൂലിവേല ചെയ്തും , തൃശൂര്‍ മാര്‍ക്കറ്റില്‍ മാങ്ങ വില്‍ക്കാന്‍ പോയും നടന്ന പിള്ളേരായിരുന്നു അധികവും . ഒരു പ്രത്യേക സമുദായത്തിന് വേണ്ടി , ഒരു പ്രത്യേക രാഷ്ട്രിയ പാര്‍ട്ടിക്ക് വേണ്ടിയുള്ള ഒരു ക്ലബ്‌ എന്നൊരു വിമര്‍ശനം ആദ്യം മുതലേ ഉണ്ടായിരുന്നു . ആറാം വാര്‍ഡിലെ ഈ ക്ലബിലേക്ക്‌, പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലെ കുട്ടികള്‍ മെംബെര്‍ഷിപ്‌ എടുക്കാന്‍ പോലും വന്നില്ല .



ആ വിമര്‍ശനത്തില്‍ സത്യവും ഉണ്ടായിരുന്നു . അങ്ങനെയാണ് ക്ലബ്ബിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നതായി പ്രഖ്യാപിച്ചത് . സാമുദായിക വിമര്‍ശനം ഒരു പരിധി വരെ കുറച്ചു എങ്കിലും , രാഷ്ട്രീയ വിമര്‍ശനം പിന്നെയും തുടര്‍ന്ന് . ക്ലബ്ബിന്റെ മുകളില്‍ കെട്ടി വച്ചിരിക്കുന്ന കോളാമ്പി പോലുള്ള ലൌഡ് സ്പീക്കറിലൂടെ വൈകുന്നേരങ്ങളില്‍ ചലച്ചിത്രഗാനങ്ങ ള്‍ അലയടിച്ചു . തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്തായിരുന്നു ഏറ്റവും രസകരം . രാഷ്ട്രീയ ചൂട് തലയ്ക്കു പിടിച്ച നൂറു കണക്കിന് ആള്‍ക്കാരാണ് ആര്‍ത്തു വിളിക്കാന്‍ തയ്യാറായി എത്തിയ്രുന്നത് .. ഇന്നത്തെ പോലെ ടെലിവിഷനില്‍ ഓരോ മിനുട്ടിലും വരുന്ന അപ്പ്‌ഡേറ്റ്‌സ് ഇല്ല ..ഓരോ മണിക്കൂറിലും ഈ കോളാമ്പി തരുന്ന വാര്‍ത്തകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു …






ഈ ക്ലബ്ബിന്റെ ഹാളില്‍ നിന്നാണ് നിന്നാണ് മുല്ലനേഴി കയ്യടിച്ചു തന്റെ കവിത ചൊല്ലി കേള്പിച്ചത് . ഓരോ വരിയുടേയും അവസാന വാക്ക് കൊണ്ടു , അടുത്ത വരി സൃഷ്ടിക്കുന്ന ആ കസര്‍ത്ത് അന്ന് ഒരു പുതിയ അനുഭവമായിരുന്നു .




എടക്കുന്നി വിളക്ക്

വിളക്കിന്മേല്‍ തിളക്കം

തിളങ്ങണ പൊന്നു

പോന്നണിഞഞ്ചാന

ആനക്ക് കോലം

കോലം കേറുമ്പോള്‍

കാലം മാറുമ്പോള്‍

കതിന മുഴക്കം

ജില് ജില് ജില്ലം

ജില് ജില് ജില്ലം



കൊച്ചു കൊച്ചു വാക്കുകള്‍ക്കിടയിലും പ്രത്യയശാസ്ത്രപരമായ ഒരു കതിന അതില്‍ ഒളിപ്പിച്ചിരുന്നോ ?




ജവാന്‍ ആര്‍ട്സ് ക്ലബ്ബിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നാടകത്തില്‍ അഭിനയിക്കാന്‍ ആബാല വൃദ്ധം എല്ലാവരും ഇരച്ചു കയറി . അഭിനയത്തിന്റെ a b c d അറിയാത്ത ഞാനടക്കം .സ്ത്രീ കഥാപാത്രങ്ങള്‍ ഏറ്റവും കുറവുള്ള നാടകങ്ങള്‍ ആണ് അന്ന് തിരഞ്ഞെടുത്തിരുന്നത്. അഭിനയിക്കാന്‍ സ്ത്രീകളെ കിട്ടണ്ടേ ? രണ്ടു സ്ത്രീകള്‍ ഉള്ള നാടകമാണെങ്കില്‍ല്‍ , ഒരു റോള്‍ നാട്ടിലെ ഒരുത്തനെക്കൊണ്ട്‌ സ്ത്രീ വേഷം കെട്ടിച്ചു . മേജര്‍ റോളില്‍ മാത്രം പുറത്തു നിന്നു വരുത്തി .



തൃശൂര്‍ ലിസ്സി എന്ന് സ്വയം പരിചയപെടുത്തിയ ഒരു കോലമായിരുന്നു ഞങ്ങളുടെ നായിക . തൃശൂര്‍ എല്‍സി അല്പം പ്രസിദ്ധ ആയതുകൊണ്ടാവും , അങ്ങനെ സ്വയം ഒരു ലേബല്‍ ഇട്ടതു . ഒരു വിറകു കൊള്ളിയില്‍ സാരി ചുറ്റിയ പോലെ ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ സ്ത്രീ . ഭരതന്റെ “വെങ്കല ”ത്തിലെ നടത്തറ കനകം എത്ര ഭേദം ..യുവാക്കള്‍ എല്ലാവരും നടിയുടെ ചുറ്റും കൂടി . മത്സരിച്ചു ഓരോരുത്തരും വീട്ടിലേക്കു ഊണ് കഴിക്കാന്‍ ക്ഷണിച്ചു . ഇത്രയധികം ആരാധകരെ ഒന്നിച്ചു കിട്ടിയ മിസ്സ്‌ .വിറകുകൊള്ളി ഹര്‍ഷ പുളകിതയായി .



മൂന്നാം തരം പൈങ്കിളി നാടകം ആയാല്‍ പോലും അതിലെ സംഭാഷണങ്ങളില്‍ അല്പം മാറ്റം വരുത്തി “പുരോഗമന ” നാടകം ആക്കുന്ന വിദ്യ അന്നുണ്ടായിരുന്നു . ദുഷ്ടനായ ഒരു മുതലാളി ആണെങ്കില്‍ , അയാളെ ഖദര്‍ ജുബ്ബ ധരിപ്പിച്ചു “ഒന്നാം തിയതി ഗുരുവായൂരില്‍ പോകണം ” എന്നൊരു ഡയലോഗ് എഴുതി ചേര്‍ത്തു. മുഹലാളിയുടെ പാദസേവകനായ ഒരു പള്ളീലച്ചന്‍ ഉണ്ടെങ്കില്‍ , നായകനെ കൊണ്ടു അച്ചന്‍റെ മുഖത്ത് നോക്കി “1959 ഇല്‍ നിങ്ങള്‍ അങ്ങനെ ചെയ്തില്ലേ , ഇങ്ങനെ ചെയ്തില്ലേ ” --- എന്നൊക്കെ ചോദിപ്പിച്ചു . അങ്ങനെ നാടകം പുരോഗമന നാടകമായി .



നാടകം ഡയറക്റ്റ് ചെയ്യാന്‍ വന്നത് “കവി ബാലന്‍ ” ആയിരുന്നു . ഗ്രാമത്തിലെ ഏക കവി . നാടകകൃത്ത്. സാഹിത്യകാര്യങ്ങളെകുറിച്ച് സംസാരിക്കാനും സംവദിക്കാനും കഴിവുള്ള ഏക വ്യക്തി . പക്ഷെ സംസാരിക്കാന്‍ ഒരാളെ കിട്ടാതെ അദ്ദേഹം വിഷമിച്ചു. ആരെയെങ്കിലും ഒതുക്കത്തില്‍ കയ്യില്‍ കിട്ടിയിട്ട് വേണ്ടേ ? .. രാത്രി ഒരു മണി വരെ നീണ്ടു നിന്ന റിഹേഴ്സലുകള്‍. പിറ്റേ ദിവസം ശ്യാമള ഉള്ളിലെ സന്തോഷം മറച്ചു വച്ചു , അസഹ്യത കാണിച്ചു പറയന്നു “ ബാലോപ്പ ഈ പിള്ളേര്‍ക്ക് നാടകം പഠിപ്പിക്കാന്‍ പോകുന്ന കാരണം ഉറക്കം തീരെയില്ല ”





വര്‍ഷങ്ങള്‍ക്കു ശേഷം സത്യജിത് റേയുടെ “നായക് ” കണ്ടപ്പോഴാണ് , ബാലേട്ടനെ പോലുള്ള ആള്‍ക്കാരെ പണ്ട് അവഗണിച്ചത് ശരിയായില്ല എന്ന് തോന്നിയത് . ഫ്ലൈറ്റ് ടിക്കറ്റ് കിട്ടാതെ, കല്‍ക്കട്ടയില്‍നിന്നു ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്യേണ്ടി വന്ന പോങ്ങച്ചക്കാരനായ ബോളിവുഡ് നടനും ( uttam kumaar ), അവിചാരിതമായി നടനെ കയില്‍ കിട്ടിയ സ്കൂപ്പ് ഇന്റര്‍വ്യൂ ചെയ്യുന്ന പത്രപ്രവര്‍ത്തക ( sharmila tagore ) .24 മണിക്കൂര്‍ നീണ്ടു നിന്ന യാത്രയില്‍ , അയാളുടെ മുഖം മൂടികള്‍ ഓരോന്നായി പൊഴിയുന്നു . അയാള്‍ പണ്ട് നാടകം കളിച്ചിരുന്ന വായനശാലയും , അതിലെ കമ്യൂ ണിസ്റ്റ്കാരനുമായ ശങ്കര്‍ദായും അയാളെ മാനസികമായി വേട്ടയാടുന്നു .



ഓരോ ഗ്രാമത്തിലും ഇത്തരം കഥാപാത്രങ്ങളുണ്ട്‌. ചരിത്രത്തില്‍ നമുക്ക് മുന്‍പേ നടന്നു പോയവര്‍ . കലയും സാഹിത്യവും കവിതയു നാടകവുമായി നമ്മെ സമീപിച്ചപോഴെല്ലാം , നമ്മള്‍ കളിയാക്കി അടക്കി ചിരിച്ചവര്‍ . സ്വാര്‍ത്ഥമായ ഒരു അജണ്ടയും ഇല്ലാതെ , കലോപാസനക്ക് വേണ്ടി നടന്ന ആ കൂട്ടരെ നമ്മള്‍ വേണ്ട പോലെ പരിഗണിചിട്ടുണ്ടോ ?


ആ ക്ലുബിനെയാണ് ഇന്ന് പഞ്ചായത്തിലെ എല്ലാവരും കൂടി സപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമത്തിന്റെ അഭിമാനം ആകാന്‍ പോകുന്ന സമയത്ത് രാഷ്ട്രീയവും, ജാതിയും , മതവും , മൂന്നാം വാര്‍ഡ് - ആറാം വാര്‍ഡ്‌ തര്‍ക്കവും മറന്നു എല്ലാവരും കളി കാണാനെത്തി .. ഹൈ സ്കൂള്‍ ഗ്രൗണ്ടില്‍ ആയിരുന്നു ഗെയിം. ഗാലറി ഒന്നുമില്ല ,, എല്ലാവരും ഇഷ്ടമുള്ള സ്ഥലത്ത് നിന്നു കളി കാണുന്നു . ചിലര്‍ കളം മാറി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു കളി കാണുന്നു . “റഫറി നമ്മളെ ചതിക്കുമോ ” എന്ന് ഭയപ്പെടുന്നു .

പുതിയൊരു അങ്കം കുറിച്ച് കൊണ്ടാണ് അന്ന് പോലിസ് ക്ലബിനെ നേരിട്ടത് . 4-3-3 എന്നാ രീതിക്ക് പകരം ( 4 forward, 3 mid-half, 3 defends ) അന്ന് പുതിയൊരു ടെക്നിക് ആണ് എടുത്തത്‌ . 4-2-4 ആണ് കളിച്ചത് . പോലിസ് ക്ലബിനെ പേടിച്ചു തന്നെയാണ് ദിഫെണ്ട്സ് എണ്ണം കൂടിയത് . ഗോള്‍ അടിച്ചു നാറ്റിച്ചു കളഞ്ഞാലോ എന്നാ പേടി .



കളി ഡ്രോ ആണ് . തീരാന്‍ 5-6 മിനുട്ട് മാത്രം . അതാ , അവസാനം , പോലീസിന് എതിരായി ഒരു കോര്‍ണര്‍ കിക്ക് . ജനം ആകെ ഇരമ്പി മറിഞ്ഞു ….ഇനി നടക്കാന്‍ പോകുന്ന ഓരോ രംഗവും ജനങ്ങള്‍ മുന്‍കൂട്ടി കണ്ടു . കുട്ടന്റെ കോര്‍ണര്‍ കിക്ക് . VN രവിയുടെ ഹെഡ് കിക്ക് .. ഗോളിന്റെ ശരിയായി വീക്ഷിക്കാന്‍ എല്ലാവരും കിഴക്ക് വശത്തെ ഗോള്‍ പോസ്റ്റിന്റെ അടുത്തേക്ക് ഓടി .

കൂക്ക് വിളിയും ബഹളവും ..പോലിസ് ക്ലബ്‌ അല്പം പരിഭ്രമിച്ച മട്ടില്‍ … VN രവിയെ “പൂട്ടാനായി ” പോലീസുകാര്‍ ചുറ്റും വല കെട്ടി . അതാ … കുട്ടന്‍ കോര്‍ണര്‍ കിക്ക് അടിക്കുന്നു . Aerodynamics- ന്റെ എല്ലാ മാനദന്ധങ്ങളേയും ലംഘിച്ചു കൊണ്ടു ഒരു parabolic path ലൂടെ വായുവില്‍ ബോള്‍ ഉയര്‍ന്നു . ഗോള്‍ മുഖത്തെത്തിയ ബോള്‍ താഴെ വീഴുന്നതിനു മുന്‍പ് , 5 അടി മാത്രം ഉയരമുള്ള രവി എങ്ങനെയാണ് ആ ഹെഡ് ചെയ്തത്.??



യെസ്... ഗോള്‍ . പോലീസുകാരുടെ ഗോള്‍ കീപ്പര്‍ ഇടി വെട്ടേറ്റ പോലെ നില്‍ക്കുന്നു . അന്ന് കണ്ടത് പോലെ ഇത്രയും ജനങ്ങള്‍ ആര്‍ത്തിരമ്പി മറിയുന്നത് വേറെ അധികം കണ്ടിട്ടില്ല … നജിമുട്ദീനും , മണിയും , വിക്ടര്‍ മഞ്ഞിലയും കൂടി കേരളത്തിന്‌ സന്തോഷ്‌ ട്രോഫി നേടിയപ്പോള്‍ നാട്ടില്‍ നടന്ന പ്രകടനം ഓര്മ വരുന്നു …. കപില്‍ദേവും കൂട്ടരും കൂടി വേള്‍ഡ് കപ്പ്‌ നേടിയപ്പോള്‍ , ബോംബെ IIT യുടെ ഗേറ്റില്‍ നിന്നു വിദ്യാര്‍ത്ഥികളും , ചെറുപ്പക്കാരും , ലുങ്കിയുടുത്ത മലയാളികക്ലും കൂടി നടത്തിയ പ്രകടനം …… കോണ്‍ഗ്രസിന്റെ കുത്തക സീറ്റ്‌ ആയിരുന്ന മണലൂര്‍ മണ്ഡലത്തില്‍ ആദ്യമായി ഇടതു പക്ഷ സ്ഥാനാര്‍ഥി V M സുധീരന്‍ ജയിച്ചത്‌ ….ഇങ്ങനെ ആര്‍ത്തിരമ്പുന്ന ആവേശം



അമീര്‍ഖാന്റെ “ലഗാന്‍” ഒരു സിനിമയാണ് . പക്ഷെ ഈ വിജയം ചരിത്രത്തിന്റെ ഭാഗമാണ് …ഷൂസ് വാങ്ങാന്‍ പോലും കഴിവില്ലാത്ത കുട്ടികള്‍ , പോലിസ് ക്ലബിനോട് കളിച്ചു ജയിച്ചത്‌ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മയായി അവശേഷിക്കുന്നു . സാഹസികരും അലവലാതികലുമായിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ , ഒരു ജനകീയ പ്രതയശാസ്ത്രത്തിന്റെ കീഴില്‍ കൊണ്ടു വരുമ്പോഴുള്ള മാറ്റം കൂടിയായിരുന്നോ ?

7 comments:

മാണിക്യം said...

മനോവിഭ്രാന്തികളുടെ കീബോര്‍ഡ് വീണ്ടും സജ്ജിവമായികണ്ടതില്‍ അതിയായ സന്തോഷം ! വേള്‍ഡ് കപ്പ് ഫുഡ് ബോള്‍ തലക്ക് പിടിച്ച ഈ സമയത്ത് പോസ്റ്റ് തികച്ചും ആവേശഭരിതം നാട്ടിന്‍ പുറത്തിന്റെ നിഷ്കളങ്കതയുടെ ചില്ലറ രാഷ്ടീയത്തിന്റെ ആര്‍ട്ട്സ് ക്ലബ്ബിന്റെ കലാകേരളത്തിന്റെ തലസ്ഥാനമായ ത്രിശൂരിന്റെ എല്ലാ സുഗന്ധവും പേറിയ ഈ പോസ്റ്റ് മനോഹരം മനോഹര്‍

sm sadique said...

നന്മ നിറഞ്ഞ പ്രത്യയശാസ്ത്രം വഴി തെളിക്കുമ്പോൾ ഏത് അലവലാതികളും സംസ്കാരസമ്പന്നരാവും.
വളരെ നല്ല പോസ്റ്റ്.

ജയകൃഷ്ണന്‍ കാവാലം said...

അല്ല, ആക്ച്വലി എന്താ സംഭവം? പ്രവാസിയായി കഴിയുന്ന മനുഇഷ്യരെ അവിയലിന്‍റെ കാര്യം പറഞ്ഞു കൊതിപ്പിക്കുന്നോ? ഇതിനു നഷ്ടപരിഹാരമായി, ഈ ബ്ലോഗിന്‍റെ സാരഥിയും, വീട്ടമ്മയും, സര്‍വ്വോപരി മലയാളിയുമായ മാണിക്യം ചേച്ചി എനിക്ക് അവിയല്‍ ചേര്‍ത്ത് ചോറു തരണം എന്ന് ഇതിനാല്‍ പ്രസ്താവിച്ചു കൊള്ളുന്നു.

Anonymous said...

മനോവിഭ്രാന്തികള്‍ക്ക് കീബോര്‍ഡോ? ചേരുന്നില്ലല്ലൊ! മനോവിഭ്രാന്തിക്കാരന്റെ കീബോര്‍ഡ് ഓ.കെ. / പോസ്റ്റ് മനോഹരം തന്നെ.

ജയകൃഷ്ണന്‍ കാവാലം said...

അല്ല ഈ ഫുട് ബോള്‍ എന്നു പറയുന്ന സാധനം അവിയലില്‍ ചേര്‍ക്കുന്ന എന്തോ ഒന്നല്ലേ??? അല്ല, അല്ലേ?

അനില്‍കുമാര്‍ . സി. പി. said...

കളിയും, കവിതയും, നാടകവും, സിനിമയും എല്ലാം നല്ല ചേരുവകളോടെ ... നല്ല എഴുത്ത്.

Unknown said...

വായിച്ചു ബോധിച്ചു