Wednesday, December 23, 2009

ഡിസംബര്‍

എല്ലാവരും ഡിസംബറിന്‍റെ പുറകേയാണ്. എന്നാല്‍ പിന്നെ ഞാനും...

(ആചാര്യന്‍റെ പണിയാണ് എന്നെക്കൊണ്ടീ കടും കൈ ചെയ്യിച്ചത്. പിന്നെ മാണിക്യം ചേച്ചി കേക്ക് മേടിച്ചു തരുമെന്നുള്ള പ്രതീക്ഷയുമുണ്ട്)

ഡിസംബര്‍

ഓ ഡിസംബര്‍ മധുവര്‍ഷ മാസമേ നിന്നില്‍ പൂത്ത
പൂക്കളിലെന്‍ കണ്ണീര്‍ മധുവായി നിറയവേ
ആര്‍ദ്രമാനസങ്ങളില്‍ തേങ്ങലായ് നിറയുന്ന
ഓര്‍മ്മകള്‍ ഹൃദയത്തില്‍ വേദന പുരട്ടവേ

ഓ ഡിസംബര്‍ നിന്‍റെ ശ്യാമാംബരങ്ങളില്‍
ശ്രീയേശു നാഥന്നായ് താരകള്‍ തെളിയവേ
നിര്‍മ്മമമെങ്കിലും ചിന്തയില്‍ പരതുന്നു
ഒന്നെങ്കിലും സുഖമേകിയൊരോര്‍മ്മയെ

ഇല്ല ഡിസംബര്‍, മധുമാരി പെയ്കിലും
പുതുവര്‍ഷ കന്യക വാതില്‍ക്കല്‍ നില്‍ക്കിലും
പുണ്യമാസം എന്ന പുകള്‍ നീ ധരിക്കിലും
എന്നുമെന്നും നീയെനിക്കൊരു ദുഃഖ കന്യക

ഓ ഡിസംബര്‍ നിന്‍റെ നോവുന്നൊരോര്‍മ്മയില്‍
കരയാത്ത രാവുകളില്ലെനിക്കെങ്കിലും
കരിവള കിലുക്കിയെന്നരികില്‍ നീയണയുമ്പോള്‍
കരയുന്ന കണ്‍കള്‍ കലങ്ങിയിട്ടെങ്കിലും

ഒരു സ്നേഹവായ്പോടെ നോക്കെട്ടെ നിന്നെ ഞാന്‍
ഒരു കാമുകനായി തഴുകട്ടെ നിന്നെ ഞാന്‍...

© ജയകൃഷ്ണന്‍ കാവാലം

6 comments:

മാണിക്യം said...

ഓവനില്‍ നിന്ന് വേവുന്ന കേക്കിന്റെ മണം
ഇവിടെ ആകെ പടരുന്നു ..
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എന്നെ വിട്ടുപോകും എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഭിത്തിയില്‍ എന്നെ നോക്കി കിടക്കുന്ന 2009 കലണ്ടര്‍.പുതുതായി വരുന്നവന്‍ ഏതു തരക്കാരനോ എന്ന് ഒരു വശത്താശങ്ക
ജയകൃഷ്ണാ പോസ്റ്റിനു നന്ദി ...

ക്രിസ്തുമസ്സിന്റെയും പുതുവര്‍ഷത്തിന്റെയും എല്ലാമംഗളങ്ങളും ഏവര്‍ക്കും ആശംസിക്കുന്നു

ഏ.ആര്‍. നജീം said...

മാണിക്ക്യം , കൊടുകൈ.. കള്ളം പറഞ്ഞു പ്രലോഭിപ്പിച്ചിട്ടാണെങ്കിലും മാഷിനെ കൊണ്ട് നല്ലൊരു കവിത പോസ്റ്റ് ചെയ്യിച്ചല്ലോ ഞങ്ങള്‍ക്കായ്..

സന്തോഷത്തോടൊപ്പം ഒരുപിടി കുഞ്ഞു വ്യസനവും സമ്മാനിക്കാനുതകുന്ന കവിത..

അഭിനന്ദനങ്ങള്‍..!

പ്രേം I prem said...

വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍..!

Sabu Kottotty said...

“അവനെ ഭയപ്പെടുന്നവര്‍ക്ക് അവന്റെ കരുണ തലമുറതലമുറയോളം ഇരിയ്ക്കുന്നു”. ലൂക്കോസ്;1:50.

poor-me/പാവം-ഞാന്‍ said...

Merry X-mas

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എല്ലാ ഡിസംബറും എനിക്ക് നല്‍കുന്നത് നൊമ്പരങ്ങളാണ്,വിടചൊല്ലിപോവുന്ന 365 കൂട്ടുക്കാരാണെനിക്ക്............കവിത നന്നായിരിക്കുന്നു.