ചെറായിയിലെ അന്നത്തെ തെളിവാർന്ന പകൽ എന്താണു നമുക്ക് സമ്മാനിച്ചത്?അനന്തമായ സാഗരത്തിന്റെ അഗാധ നീലിമയെ സാക്ഷി നിർത്തി കൈമാറിയ സൌഹൃദങ്ങൾ ജന്മ ജന്മാന്തരങ്ങളോളം അനന്തമാണു എന്ന സന്ദേശമല്ലേ?ലോകത്തിന്റെ ഏതെല്ലാമോ കോണിൽ നിന്നും സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും ഒരു പിൻ വിളി ഇപ്പോളും ഉയരുന്നില്ലേ?
ഇത്തരം ഒരു കൂട്ടായ്മയെക്കുറിച്ച് ആശയം ഉയർന്നു വന്ന ഘട്ടത്തിൽ പലരും ഉയർത്തിയ സന്ദേഹങ്ങൾ ഞാൻ ഓർക്കുകയായിരുന്നു.എന്നാൽ 26 ആം തീയതിയിലെ ആ പകൽ അത്തരം എല്ലാ സംശയങ്ങളേയും കടലിലിലെറിഞ്ഞു കളഞ്ഞു എന്നു തന്നെ പറയാം.ഏതാണ്ട് നൂറ്റിപ്പത്തോളം പേർ പങ്കെടുത്ത മീറ്റിൽ ഓരോരുത്തരും കാണിച്ച ആവേശം ഇനി വരാനുള്ള എല്ലാ സംഗമങ്ങൾക്കും വഴികാട്ടിയായി നിൽക്കും.എത്ര വിധത്തിലുള്ള ബുദ്ധിമുട്ടുകൾ സഹിച്ചാണു ഓരോരുത്തരും അവിടെ എത്തിച്ചേർന്നത്!അഞ്ചും ആറും ബസുകൾ മാറിക്കയറി വന്ന ഇന്ദിരച്ചേച്ചിയെപ്പോലുള്ളവർ, കിലോമീറ്ററുകളോളം ബൈക്കോടിച്ച് തലേന്നു തന്നെ എത്തിയ മുള്ളൂക്കാരനേപ്പോലുള്ളവർ..
എങ്കിലും ഈ ഒരു മനുഷ്യൻ അവരിൽ നിന്നെല്ലാം വ്യത്യസ്തനായി നില്ക്കുന്നു.നമ്മളിൽ പലരും ഇത്തരം കൂട്ടായ്മകളോടു പുറം തിരിഞ്ഞു നിൽക്കുമ്പോൾ. ഇല്ലാത്ത “മുട്ടേപ്പനി”യുടെ കാരണം പറഞ്ഞ് വരാതിരിയ്ക്കുമ്പോൾ ഈ മനുഷ്യൻ വന്നത് കുടുംബ സമേതമാണു.അങ്ങനെ പലരും അവിടെ ഉണ്ടായിരുന്നല്ലോ എന്നു ചോദിച്ചേക്കാം.പക്ഷേ ഇദ്ദേഹം വന്നത് , സെറിബ്രൽ പാൾസി ബാധിച്ച് ,കാഴ്ചയും നടക്കാനുള്ള ശേഷിയും നഷ്ട്രപ്പെട്ട് , പതിനെട്ടു വയസായിട്ടും പത്തു വയസ്സിന്റെ പോലും ബുദ്ധി വളർച്ചയില്ലാത്ത സ്വന്തം മകളെ വീൽ ചെയറിൽ ഇരുത്തിയാണ്.

രണ്ടു കണ്ണുമുള്ള നമ്മൾ അവ രണ്ടും സാകൂതം തുറന്നു വച്ച് കുറ്റങ്ങൾ മാത്രം കണ്ടെത്തുമ്പോൾ , ഇരുളിന്റെ മായാപ്രപഞ്ചത്തിൽ മുങ്ങിയ ‘ഗ്രീഷ്മ’ ഈ ഒത്തു ചേരലിന്റെ ഓരോ രംഗവും തന്റെ അകക്കണ്ണിൽ കണ്ട് ആനന്ദിയ്ക്കുന്നത് ഞാൻ കണ്ടു.നമ്മളെല്ലാം കണ്ടു.ഒരു പക്ഷേ മറ്റാരേക്കാളേറെ അന്നത്തെ ദിവസം സന്തോഷിച്ചിട്ടുണ്ടാവുക ആ കുട്ടി ആയിരിയ്ക്കുമെന്ന് എനിയ്ക് തോന്നുന്നു.

ഓരോ പോസ്റ്റിലും ഓരോ വാക്കിലും പൊള്ളുന്ന കൂരമ്പുകളെറിഞ്ഞു ഈ സംഗമത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർ,ഈ സംഗമത്തിൽ പങ്കെടുക്കാമായിരുന്നിട്ടും നിസാരമെന്ന് നമുക്ക് തന്നെ അറിയാവുന്ന കാരണങ്ങൾ കണ്ടെത്തി മാറി നിന്നവർ ഈ മനുഷ്യനെ കണ്ടു പഠിയ്ക്കട്ടെ.ഈ
സ്നേഹവും സന്തോഷവും എത്രയോ വിലമതിയ്ക്കാനാവാത്തതാണ് എന്ന് തിരിച്ചറിഞ്ഞതാണു ആ വിജയം.”സ്നേഹബന്ധങ്ങളേയും അളക്കുന്നത് കേവലം നാണയത്തുട്ടുപോൽ”എന്ന കവി വാക്ക് ഇത്തരുണത്തിൽ നാം സ്മരിയ്ക്കുക. തന്റെ സന്തോഷവും ആഹ്ലാദവും ,മറ്റുള്ളവർക്കില്ലാത്ത ഒരു ലോകത്തു മാത്രം ജീവിയ്ക്കുന്ന , സ്വന്തം കുട്ടിയ്ക്കും പകർന്നു നൽകാൻ ആ പിതാവ് കാണിച്ച സന്മനസ്, സ്വന്തം വിഷമതകളെ മറ്റുള്ളവരുടെ മനസ്സിലെ സന്തോഷമാക്കി മാറ്റാൻ കാണിച്ച ആർദ്രത, മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസ്സുകൾക്ക് ഒരിയ്ക്കലും മറക്കാനാവില്ല.
നൂറു പേർ തിന്മയുടെ ഭാഗത്തു നിന്നു പൊരുതിയിട്ടും അഞ്ചു പേർ മാത്രമുണ്ടായിരുന്ന നന്മയുടെ വിജയം, അതു എത്ര വിലകൊടുത്തിട്ടാണെങ്കിലും, ആത്യന്തികമായി ഉണ്ടായത് നമ്മൾ മഹാഭാരതത്തിൽ കാണുന്നു.നന്മയുടെ ഉറവ ഇനിയും വറ്റിയിട്ടില്ലാത്ത മണിസാറിനെപ്പോലെയുള്ള ചില മനസ്സുകളുടെ സാന്നിദ്ധ്യമാണു നമ്മുടെ സമൂഹത്തിലെ എല്ലാ എതിർപ്പുകളേയും തകർത്ത് ഏതു നല്ല സംരഭവും വിജയിയ്ക്കുവാൻ ഇടയാക്കുന്നത്.ഒരു പക്ഷേ ഹിറ്റുകളും ‘കമന്റുകളും അന്വേഷിച്ചു നടക്കുന്ന നമ്മുടെ ഇടയിൽ ഇദ്ദേഹം ആരുമല്ലായിരിയ്ക്കാം.എന്നാൽ അത്തരം ചില സാന്നിദ്ധ്യങ്ങളാണു എന്നും ചരിത്രം മാറ്റിയെഴുതിയിട്ടുള്ളത്!തുറന്നു വച്ച കണ്ണുകൾ കാണേണ്ട കാഴ്ചകൾ കണ്ടിരുന്നെങ്കിൽ....!
ഹരീഷിന്റെ കൈയിൽ നിന്ന് നമ്പർ വാങ്ങി ഇന്ന് ആദ്യമായി അദ്ദേഹവുമായി സംസാരിച്ചു.സാറിനെക്കുറിച്ച് ഞാൻ ബ്ലോഗിൽ എഴുതാൻ പോകുന്നു എന്ന് അറിയിച്ചപ്പോൾ സൌമ്മ്യമായും അതിലേറെ വിനയമാർന്നും അതിനു അനുമതി തന്ന ആ നല്ല മനസ്സിനു മുന്നിൽ ഇത് ഞാൻ സമർപ്പിയ്ക്കുന്നു.
(നന്ദി--തിരക്കിനിടയിലും സമയത്തു തന്നെ ഫോട്ടോസ് തന്ന് സഹായിച്ച ഹരീഷിന്)