മില്ലിന്റെ പുറകിലെ പുറമ്പോക്കില്‍ മാത്രമല്ല. തമിഴ്നാടിലെ ഓരോ ഇഞ്ചു തരിശിലും ആ മുള്‍ച്ചെടിയാണ്. ഊഷരതയില്‍ വളരുന്നതെന്തിനും മുള്ളുകളുണ്ടാകുമെന്ന് കാലം പഠിപ്പിച്ചതൊക്കെ പിന്നീട്, മരമായാലും മനുഷ്യനായാലും മുള്ളുകള്‍..
എനിക്കു ഭയമാണാ മുള്ളുകളെ..
നഗ്നനായ എന്നെ ആരോ ആ മുള്ളുകളിലേക്ക് എടുത്തെറിയുന്നതു സ്വപ്നം കണ്ടു ഞെട്ടിയിട്ടുണ്ട്, ഒരുപാടുകാലം. ദേഹം മുഴുവന്‍ മുള്ളുകള്‍. ആഴ്ന്നിറങ്ങിയതും വാണ്ടുപോയതുമായി അവതീര്‍ത്ത ഒരുപാടു മുറിപ്പാടുകള്‍.
എന്റെ മുഖത്തും കണ്ണുകളിലും മുള്ളുകള്‍..
വേദന..
എന്റെ മുഖമോ? അതോ പഴനിയുടേതോ?
മില്ലിന്റെ നെല്ലുണക്കുന്ന കളത്തില്‍ കിടക്കുകയായിരുന്നില്ലേ ഞാനും പഴനിയും? ആകാശം നിറയെ നക്ഷത്രങ്ങള്‍.. വയറു നിറയെ ചാരായം.. വായൊഴിയാതെ കഥകള്‍.. വ്യക്തമല്ലാത്തവാക്കുകള്, ഓര്‍മകളും.
അപ്പോഴായിരുന്നോ അവളെപറ്റി അവനെന്നോടു പറഞ്ഞത്?
അതോ ഞാന്‍ അവനോടോ?
മദ്യത്തില്‍ എന്റേയും അവ്ന്റേയും ഓര്‍മകള്‍ ഇഴപിരിഞ്ഞുപോയിരിക്കുന്നു.
എന്റെ ഓര്‍മകളോ? അതോ പഴനിയുടേതോ?
"ഇങ്കേ.. ഇങ്കപ്പാരുങ്കേ.."
എവിടെ? തിരിഞ്ഞുനോക്കിയതും തിരഞ്ഞതും ഞാനോ പഴനിയോ?
പിണഞ്ഞു കിടക്കുന്ന വേര്‍പിരിക്കാനാകാത്ത ഓര്‍മകള്‍.
"ഇങ്കേ കീളേ കിണത്തുക്കുള്ളേ പാരുങ്കേ.."
കിണര്‍. രണ്ടു സെന്റില്‍ പരന്നുകിടക്കുന്ന വലിയകിണര്‍. കിണറിലേക്കിറങ്ങാന്‍ പച്ചപ്പായല് പിടിച്ച പടവുകള്‍. കിണറ്റില്‍ പച്ചനിറത്തില്‍ വെള്ളം. പച്ച ദാവണി. വെള്ളത്തിലേക്ക് കാലുകള്‍ ആട്ടി അവള്..
മയക്കുന്ന ചിരി. തുടിക്കുന്ന മാറിടം, ചുണ്ടുകള്‍. ദാവണിക്കിടയിലൂടെ വെളുത്ത നനുത്ത വയര്‍.
"വാങ്കെ.. കീളെ വാങ്കെ.."
കൈകള്‍ നീട്ടി അവള് മാടിവിളിച്ചിട്ടും, തിരിഞ്ഞോടാന്‍ പറഞ്ഞ മനസ്സ് ആരുടേതായിരുന്നു? എന്റേതോ പഴനിയുടേതോ??
പഴനിയെയും ആദ്യമൊക്കെ ഭയമായിരുന്നില്ലേ എനിക്ക്? മില്ലിനു പുറകിലെ മുള്‍ക്കാട്ടില്‍ നിന്ന് പൊടുന്നനെ ഒരു നാളായിരുന്നില്ലേ അവന് എന്റെ ജീവിതത്തിലേക്ക് കയറി വന്നത്?
ചാരായത്തിന്റെ ഗന്ധം. ചുകന്നു ക്ഷീണിച്ച കണ്ണുകള്‍. മുഷിഞ്ഞ വേഷം. മാറാപ്പ്.
എന്തോ തിരക്കുള്ള പോലെ തിടുക്കപ്പെട്ട് എന്റെ സുഹൃത്താവുകയായിരുന്നില്ലേ അവന്? ഓരോ നോട്ടം കൊണ്ടും വാക്കുകൊണ്ടും എന്നെ അളക്കുകയായിരുന്നില്ലേ ? ചാരായത്തില്‍ മുങ്ങി ഞാന്‍ ഉറങ്ങിയിരുന്നപ്പോള്‍ അവന് എന്നെ എന്തു ചെയ്യുകയായിരുന്നു?
ഇപ്പോള്‍ അവന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കാനാകുമ്പോള്‍ എനിക്കെല്ലാം അറിയാനാകുന്നു. എന്റെയും അവന്റെയും ഓര്‍മകളുടെ അതിര്‍വരമ്പു മാത്രം മാഞ്ഞുപോയിരിക്കുന്നു. പരസ്പരം കുരുങ്ങിമറിഞ്ഞ ഓര്‍മകള്‍.
അവളെത്തേടുകയായിരുന്നൂ അവന്, കാലങ്ങളായി. പിടികൊടുക്കാതെ അവളും. പക്ഷെ എന്തിനു ഞാന്‍? എനിക്കിങ്ങനെ നിഷ്പ്രയാസം അവളിലേക്കു ചെല്ലാനാകുമെന്ന് പഴനിക്കറിയാമായിരുന്നോ? മില്ലിന്റെ കളത്തില്‍ നക്ഷത്രങ്ങളുദിച്ചു നിന്ന അതേ രാത്രിയിലാണ് പഴനി എന്റെ ഓര്‍മ്മകളുമായി അവന്റെ ഓര്‍മ്മകളെ കൂട്ടിക്കുഴച്ചത്. ചിതറിക്കിടന്ന വേപ്പിലകളും ഉയര്‍ന്നുപൊങ്ങിയ പുകച്ചുരുളുകളും ഞാനെന്തേ ശ്രദ്ധിച്ചില്ല?
"ഇങ്കേ.. ഇങ്കപ്പാരുങ്കേ.."
മില്ലിന്റെ പുറകില്‍ മുള്‍ച്ചെടികള്‍ക്കിടയില്‍, ഇരുട്ടിന്റെ മറപറ്റി, അവള്തന്നെയായിരുന്നില്ലേ?
മയക്കുന്ന അതേചിരി. അതേ മൊഴി.
മയക്കത്തിലെന്നപോലെ അവള്‍ക്കു പിന്‍പേ പോയതാരാണ്?
നഗ്നനായി, രക്തമോ രേതസ്സോ ഇല്ലാതെ മുള്ളുചെടികളിലേക്ക് വലിച്ചെറിയപ്പെട്ടത് ആരാണ്?
രണ്ടു മനസ്സുകളുമായി ബാക്കിനില്ക്കുന്നതാരാണ്?
ഞാനോ പഴനിയോ?
അറിയില്ല, ഇഴതെറ്റിയ ഓര്‍മകള്‍ മാത്രം വേട്ടയാടുന്നു.
28 comments:
ആഴ്ന്നിറങ്ങിയതും
വാണ്ടുപോയതുമായി
അവതീര്‍ത്ത
ഒരുപാടു മുറിപ്പാടുകള്‍.
കഥ വയിച്ചുതീരുമ്പോള് ഇതു തന്നെയാണ്
തോന്നുന്ന വികരം വാക്കുകള്‍ എത്രയോ ആഴത്തില്‍ മനസിലേക്ക് തുളച്ചിറങ്ങുന്നു..
ചങ്കരാ അസുയ തോന്നുന്ന എഴുത്ത്.
ചങ്കരാ,
മനോഹരം.
മനസ്സില്‍ തട്ടുന്ന ശൈലി
ആശംസകള്‍.
കഥ വളരെ നന്നായിട്ടുണ്ട്.
ശക്തമായ വരികളിലൂടെ വ്യക്തമാക്കിയ നല്ലൊരു കൊച്ചു കഥ.
നന്നായിരിക്കുന്നു.
നല്ല എഴുത്ത്...
ആകർഷണീയമായ ശൈലി...
അഭിനന്ദൻസ്....
സേതു എഴുതിയ “പാണ്ഡവ പുരം” എന്ന നോവലിൽ ജാരനെ പ്രതീക്ഷിയ്ക്കുന്ന സ്ത്രീയുടെ ഭ്രമാത്മക ലോകം വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ ചങ്കരൻ എഴുതിയ ഈ കഥയിലും അത്തരം ഒരു ഭ്രമാത്മക ലോകം നമുക്കു കാണാൻ കഴിയും.പളനിയും,കഥ പറയുന്ന ആളും, തമിഴത്തിയും ഒക്കെ ചേർന്ന ഒരു അത്ഭുത ലോകം.
അടൂരിന്റെ ഒരു ചിത്രമുണ്ട്..”അനന്തരം”ചേട്ടന്റെ ഭാര്യയിൽ തന്റെ പഴയ കാമുകിയെ കണ്ടെത്തുന്ന അനുജന്റെ മനോ വിഭ്രാന്തിയുടെ മനോഹരമായ ഒരു അവതരണമായിരുന്നു അത്.
ഇക്കഥയും അതുപോലെ തന്നെ..മനോഹരമായ ഒരു കഥ അവതരിപ്പിച്ചതിനു ചങ്കരനു നന്ദി !
സാധാരണ ബ്ലോഗുകള്‍ വായിക്കുക എന്നതല്ല്തേ ഒരു അഭിപ്രായം രേഖ പെയ്ടുതാന് ധൈര്യ പെടാറില്ല...എന്നാല്‍ ഇന്ന് പറയാതെ വയ്യാ..
ഒരു വേദന തന്നു ഈ വരികള്‍...ഞാന്‍ ആ തമിഴത്തിയെ അറിയും ഒരിക്കല്‍ അവര്‍ എന്റെ മുന്നില്‍ ഇരുന്നിട്ടുണ്ട്..അല്ലെങ്കില്‍ അവരെ പോലെ ആരോ നന്നായിരിക്കുന്നു...ഇനിയും എഴുതുകാ...
അഭിനന്ദനങ്ങള്‍ ചങ്കരന്..
ഇതേ ഞാനും പഴനിയും അവളും ചേര്‍ന്ന് ചങ്കരനെ ഇനിയും അലോസരപ്പെത്തുമെന്നും ഇതു തന്നെ കുറച്ചു കൂടെ വ്യത്യസ്തമായ ക്യാന്‍ വാസില്‍ കുറേ കൂടെ മിഴിവോടെ വരച്ചു ചേര്‍ക്കാന്‍ ചങ്കരനെക്കൊണ്ടാ വണമെന്നും ആഗ്രഹിക്കുന്നു..
സൂപ്പര്‍ ത്രെഡല്ലേ..
ജീവിതത്തിന്റെ ഭ്രമാത്മകമായ കുറച്ചു നിമിഷങ്ങളെ തനിമ നഷ്ടപ്പെടാതെ വരച്ചിരിക്കുന്നു. ഒരു ഐന്ദ്രജാലികതയുണ്ട് ഈ വാക്കുകള്‍ക്ക്, അവതരണത്തിന്... മുള്ളുകള്‍ക്ക് നല്ല മൂര്‍ച്ചയുണ്ട് ചങ്കരാ
ആശംസകള്‍
ചങ്കരാ കലക്കന്‍ .. !
വളരെ നല്ല ശൈലി.. നല്ല ഭാഷ.. അസൂയ വരുന്നേ
അസ്സലായിരിക്കുന്നു...
നല്ല എഴുത്ത്..
ചങ്കരാ,
ആദ്യ ദിവസം തന്നെ കഥ വായിച്ചിരുന്നു . എന്തെഴുതണം എന്നൊരു വല്ലാത്ത കണ്ഫ്യൂഷന് . ഇതാ ഇപ്പോള്‍ എല്ലാവരും പറയുനതുപോലെ വര്‍ണ്ണനാതീതം .
പളനി ആണ്ടവാ കാത്ത് കൊള്ളണമേ .
ഈ ശൈലിയ്ക്കു വേണം മോര്...
മാണിക്യം ചേച്ചീ, അനില്‍, പ്രയാന്‍ നന്ദി.
രാംജി ചെറിയനാടന്‍ നന്ദി.
സുനില്‍, നന്ദി. പാണ്ഡവപുരം വായിച്ചിട്ടുണ്ട്, അതൊരു സംഭവം തന്നെയാണല്ലേ :) അതും പത്തിരുപത്തഞ്ചുകൊല്ലം മുന്‍പു മലയാളത്തില്‍!! ഞാനൊരു പുഴു.
ഇറ്റ്സ്മീ നന്ദി. ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു.
സമാന്തരന്‍ നന്ദി. മനസ്സുവായിക്കാന്‍ അറിയാമോ? ഞാനും അതാലോചിക്കുകയായിരുന്നു.
കാവാലം, പകല്ക്കിനാവന്, ശ്രീഹരി നന്ദി.
സ്മിത, കനല് നന്ദി.
കാപ്പിലാന് വന്നൂലോ അതുമതി :) നന്ദി.
ഇഷ്ടായി എന്ന് ഒരു വാക്ക് മാത്രം ഇപ്പോള്‍, ചങ്കരാ....
പതിവു ശൈലികളില്‍ നിന്നു വ്യത്യസ്ഥമായ ഒരു കഥ.
കഥ നന്നായിരിക്കുന്നു-ഒരു കവിതപോലെ
വളരെ നല്ല കഥ.നന്നായി എഴുതിയിരിക്കുന്നു.കാച്ചിക്കുറുക്കിയ വരികൾ.എങ്കിലും ആഴത്തിലേക്ക് തുളച്ചിറങ്ങുന്ന ശൈലി.ഒത്തിരി നല്ല കഥ.
ചങ്കരാ,
നല്ല കഥ..അഭിനന്ദനങ്ങള്‍...
ഒടമുള്ളിന്റെ കുത്തേല്‍ക്കുന്നത് ഭയങ്കര വേദനയുണ്ടാക്കും...അല്ലെ?
വരാനിത്തിരി വൈകി. എന്നാലും വരവ് വെറുത്യായില്ല്യ ചങ്കരോ..
“കിണറ്റില്‍ പച്ചനിറത്തില്‍ വെള്ളം. പച്ച ദാവണി. വെള്ളത്തിലേക്ക് കാലുകള്‍ ആട്ടി അവള്..“ ഇതിവിടെ സ്ഥിരം കാണുന്നതല്ലേ... :)
ചെറുതെങ്കിലും ശക്തം :-)
ഫാന്റസിയുടെ ഇന്ദ്രജാലം..മനോഹരം
ഇഷ്ടായി ഒരുപാട് ഒരുപാട് ഇനിയും പ്രതിക്ഷിക്കുന്നു.. നല്ല വരികൽ .. ലളിതമായ ആവിഷ്കാരം...
ചങ്കര്ന്ജി;
ഇതിപ്പഴാണല്ലോ കാണുന്നത്!!!
ഈ എഴുത്ത് ഞാനൊന്നു കോപ്പിയടിച്ചോട്ടെ; ആശംസകള്‍..
ഊഷരതയില്‍ വളരുന്നതെന്തിനും മുള്ളുകളുണ്ടാകുമെന്ന് കാലം
മരമായാലും മനുഷ്യനായാലും മുള്ളുകള്‍
മനോഹരം ഈ ശൈലി
കൈതമുള്ള് നന്ദി, ആ ഒരു വാക്കു തന്നെ ധാരാളം.
എഴുത്തുകാരി, കെ കെ എസ്, കാന്താരിക്കുട്ടി നന്ദി.
ചാണക്യന്, പൊറാടത്ത്, ബിന്ദു ഉണ്ണി നന്ദി.
ജ്വാല, സൂത്രന് നന്ദി.
ഹരീഷ്, വരവൂരാന്‍ നന്ദി.
ഫിക്ഷനും ഫാൻഡസിയും ഗ്രാമീണതയും ഭാഷയും ഒത്തിണങ്ങിയ നല്ലൊരു ക്രാഫ്റ്റ് ... പാണ്ഡവപുരം Search ചെയ്ത് ഇറങ്ങിയ ഞാൻ ആകസ്മികമായി എത്തിച്ചേർന്നതാണ് ആൽത്തറയിലെ ഈ മുള്ളുകളിലേക്ക് ... നൊന്തു .... പറിച്ചു കളഞ്ഞിട്ടും പോകുന്നില്ല .. ഈ വേദന ... ഹൃദയത്തിൽ കൊണ്ട് പോകുന്നു ചങ്കരാ
Post a Comment