Monday, March 16, 2009

ആല്‍ത്തറകള്‍ ഇല്ലാതെയാവുന്നത്

കേരളീയ സമൂഹത്തിന്റെ മുഖമുദ്രയായിരുന്നു ആല്‍ത്തറകളും ആല്‍ത്തറക്കൂട്ടങ്ങളും. മനുഷ്യന്‍ സമൂഹമായി ജീവിക്കാനാരംഭിച്ചത് മുതല്‍ ഈ കൂട്ടം ചേരല്‍ ഉണ്ടായിരുന്നിരിക്കാം. സായാഹ്നങ്ങളിലും മറ്റൊഴിവു സമയങ്ങളില്‍ വിരസതയകറ്റാന്‍ നാം അവിടെ ഒത്തുകൂടിയിരുന്നു, പരസ്പരം ആശയക്കൈമാറ്റങ്ങള്‍ നടത്തുന്നു. വെറും സമയം കൊല്ല്ലല്‍ എന്നതില്‍ കവിഞ്ഞ് ദൈനം ദിന ജീവിതത്തില്‍ അന്നന്നുണ്ടായ സംഭവങ്ങള്‍ പരസ്പരം കൈമാറാനും ശരിതെറ്റുകള്‍ വിശകലനം ചെയ്യാനും ഈ സന്ദര്‍ഭങ്ങള്‍ നാമുപയോഗിച്ചു. ശരിതെറ്റുകളുടെ വിശകലനത്തേക്കാള്‍, ഇവയിലെ അപേക്ഷികത ഉരച്ചു നോക്കാന്‍ ഈ കൂട്ടായ ചര്‍ച്ച ഉപകരിച്ചിരിക്കണം. ഒരാളുടെ ശരി മറ്റൊരാള്‍ക്ക് തെറ്റായി വരുന്ന ആപേക്ഷികതയില്‍ ഇവ രണ്ടിന്റേയും സന്തുലനം സൃഷ്ടിക്കുക വഴി സമൂഹത്തിനാകമാനം വഴികാട്ടിയിരുന്നു.പഴയ കാല സിനിമകളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു രംഗമാണ് ആല്‍ത്തറ. ആല്‍ത്തറയും അവിടത്തെ കൊച്ചു വര്‍ത്തമാനങ്ങള്‍ , ചീട്ടുകളിക്കുകയും തായം കളിക്കുകയും ചെയ്യുന്ന ചെറു സംഘങ്ങള്‍ ഇവ ഗ്രാമീണതയുടെ പര്യായമായിരുന്നു. കാലം മാറുന്നതിനനുസരിച്ച് കോലം മാറുന്ന കേരളീയ സമൂഹം പലതും തുടച്ചു മാറ്റിയ കൂട്ടത്തില്‍ ആല്‍ത്തറകളും തൂത്തെറിഞ്ഞു. അവ ആല്‍മരങ്ങളുടെ ചുവട് സംരക്ഷിക്കാനുള്ള സംരക്ഷണോപാധി മാത്രമായി രൂപാന്തരം പ്രാപിച്ചു.

മനുഷ്യസ്നേഹത്തിലധിഷ്ഠിതമാണ് ആല്‍ത്തറ, തന്നെപ്പോലെ തന്ന മാനിക്കപ്പെടേണ്ടവനാണ് തന്റെ സഹജീവിയും എന്നുള്ള ചിന്ത. പരസ്പര വിശ്വാസവും സഹിഷ്ണുതയുമാണ് അതിനെ കെട്ടി നിര്‍ത്തുന്നത്. ഈ കെട്ടുറപ്പ്, വിരുദ്ധ ആശയങ്ങള്‍ പോലും പൊതുവായി തുറന്നു പറയാനും ചര്‍ച്ച ചെയ്യാനും ഓരോ കൂട്ടുകാരനും ധൈര്യം പകര്‍ന്നു. മാര്‍ക്സിറ്റുകാരനും കോണ്‍ഗ്രസ്സുകാരനും ഒരേ സമയം പരസ്പരം കലഹിക്കുകയും സ്നേഹിക്കുകയും ചെയ്തു. ഇതില്‍ നിന്നും ഉരുത്തിരിഞ്ഞതാവട്ടെ കോട്ട കെട്ടിത്തിരിക്കാത്ത മാനവികതയുടെ ഐക്യം. രാഷ്ടീയ, സാമൂഹിക വലുപ്പച്ചെറുപ്പങ്ങളില്ലാത്ത സൌഹൃദങ്ങള്‍. തന്റെ സമയം മറ്റുള്ളവനുവേണ്ടികൂടി ചിലവഴിക്കാനും തന്റെ കാതുകളാല്‍ മറ്റുള്ളവന്റെ ശബ്ദം കൂടി കേള്‍ക്കാനും ഒരോരുത്തരും തയ്യാറായി. തൊഴിലിടങ്ങളില്‍ നിന്നും ക്ഷീണിതനായെത്തുന്ന ഒരുവന് മനോസുഖം ലഭിക്കാന്‍ വേറെന്താണ് വേണ്ടത് ! തന്റെ ദുഖങ്ങള്‍ തുറന്നു പറയുന്നത് മോശപ്പെട്ട ഒന്നാണെന്ന ചിന്തതന്നെ അവനുമുന്നിലുണ്ടായിരുന്നില്ല. സമൂഹത്തിന്റെ മാനസികാരോഗ്യം കാക്കുന്നതുപോലും ആല്‍ത്തറ അയിരുന്നു എന്നു പറയുന്നതില്‍ തെറ്റുണ്ടാവുമോ?

ഇന്നോ, അവനവന്‍ തന്നിലേക്ക് തന്നെ ചുരുങ്ങി സ്വന്തം മാളത്തില്‍ അടയിരിക്കുന്നു. സഹിഷ്ണുത കേരളീയ സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായി. വിമര്‍ശനങ്ങള്‍ ക്ഷമയോടെയും ശാന്തമനസ്സോടെയും കേള്‍ക്കാനുള്ള മാനസ്സികാരോഗ്യം ഏവര്‍ക്കും നഷ്ടമായി. ഫലമോ , വിരുദ്ധാ‍ഭിപ്രായങ്ങള്‍ സംഘര്‍ഷങ്ങളില്‍ കലാശിക്കുന്നു. കൂട്ടുകെട്ടുകള്‍ കൊടിയുടെ നിറവും, ജോലിയുടെ തരവും , എന്തിനേറെ ശമ്പളത്തിന്റെ അക്കങ്ങള്‍ പോലും അടിസ്ഥാനപ്പെടുത്തിയായിരിക്കുന്നു. യാഥാര്‍ത്ഥ്യത്തിനെ ലോകത്ത് നഷ്ടപ്പെടുന്ന ഇത്തരം കൂട്ടുകെട്ടുകളും സ്നേഹബന്ധങ്ങളും തങ്ങളുടെ അടച്ചമുറിയില്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റ്റെ ഫലമാണ് നമ്മെ പലരേയും ഇന്റര്‍നെറ്റില്‍ കുടുക്കിയിടുന്നത്. തന്നെപ്പോലെ മറ്റൊരാളെ കണ്ടുമുട്ടും എന്നപ്രതീക്ഷയില്‍ ഒരൊരൊ പാഴ് ശ്രമങ്ങള്‍ നടത്തുന്നു. ഇതിനൊരു അപവാദമായി വേണമെങ്കില്‍ ബൂലോക കൂട്ടായ്മകളെ കാണാം. എന്ത് പരീക്ഷണത്തിനു സൊഫ്റ്റ്വെയറാല്‍ സൃഷ്ടിക്കുന്ന വിര്‍ച്വല്‍ മെഷീനുകള്‍ ഉപയോഗിച്ചു നോക്കുന്ന നമ്മള്‍ ബൂലോക കൂട്ടായ്മയില്‍ വിര്‍ച്വല്‍ ആല്‍ത്തറകള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. ഈ ആല്‍ത്തറയിലായാലും മറ്റു ബൂലോക കൂട്ടുകെട്ടുകളിലായാലും ലഭിക്കുന്ന സന്ദേശവും മറ്റൊന്നല്ല. എന്നിരുന്നാലും താന്താങ്ങളുടെ മനോസുഖത്തിനുപരിയായി നാം പ്രതിനിധാനം ചെയ്യുന്ന് ബൂലോകത്തിന് ഉപകരിക്കത്തക്ക വിധത്തില്‍ ഇത്തരം ഇടങ്ങളിലെ ചര്‍ച്ചകള്‍ മുന്നേറട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു.

13 comments:

അനില്‍@ബ്ലോഗ് // anil said...

ആല്‍ത്തറകള്‍

പട്ടേപ്പാടം റാംജി said...

ശരികള്‍ മാത്രമാണ്‌ പറഞ്ഞിരിക്കുന്നത്‌. വേഗമുള്ള ജീവിതത്തിനിടയില്‍ ആര്‍ക്കും മറ്റാരേയും ശ്രദ്ധിക്കാനകുന്നില്ല അല്ലെങ്കില്‍ ആരും അതിന്‌ മിനക്കെടാറില്ല. അണുകുടുംബത്തില്‍ ആകുമ്പോള്‍ പലതിനും പണ്ടത്തെക്കാള്‍ നിയന്ത്രണങ്ങള്‍ വരുത്തിയെ ജീവിക്കാനാകൂ. അതും കാലത്തിണ്റ്റെ ഗതിക്കനുസ്ര്‍തമാണ്‌. ഇന്നത്‌ അനിവാര്യവുമായിരിക്കുന്നു.

നന്നായിരിക്കുന്നു പഴ്യ കാലത്തിലെ നേരുകള്‍....

കാപ്പിലാന്‍ said...

ആല്‍ത്തറയില്‍ വെടിവട്ട കൂട്ടുകെട്ടില്‍ പങ്ക് ചേരാന്‍ എത്തിയ അനിലിന് നന്ദി അറിയിക്കുന്നു .മലയാളിക്കു പലതും നഷ്ടപ്പെട്ടകൂട്ടത്തില്‍ പെട്ട ഒന്നാണ് ഈ ആല്‍ത്തറയും വെടിവട്ടവും. വെറും നിസാര കാര്യങ്ങള്‍ മുതല്‍ വളരെ വലിയ കാര്യങ്ങള്‍ വരെ പണ്ട് ആ തറകളില്‍ സംസാരം ആയിരുന്നു .അതുപോലെ ഒരു കൂട്ടം ബ്ലോഗിലും ഉണ്ടായത് നല്ലതാണ് .ആരും വന്ദിചില്ലെങ്കിലും നിന്ദിക്കരുത് . ഇതിനു പിന്നില്‍ എല്ലാം ഒരു കൂട്ടം നല്ല മനുഷ്യരുടെ കൂട്ടായ്മകള്‍ ഉണ്ട് .
അനിലിന് നന്ദി .

മാണിക്യം said...

മറുനാട്ടില്‍ കഴിയുന്ന എനിക്ക് ഗൃഹാതുരത്വം കൂടും
ആല്‍ത്തറയും പുഴയും തെങ്ങും മാവും കൂട്ടം കൂടുന്ന മനുഷ്യരും പഴയകാല ഓര്‍മ്മകളും ദിനം പ്രതി കൂടി വരുന്നെയുള്ളു .. അനിലിന്റെ ഈ ലേഖനം വളരെ നന്നായി ഈ പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു.........
“ വെറും സമയം കൊല്ലല്‍ എന്നതില്‍ കവിഞ്ഞ് ദൈനം ദിന ജീവിതത്തില്‍ അന്നന്നുണ്ടായ സംഭവങ്ങള്‍ പരസ്പരം കൈമാറാനും ശരിതെറ്റുകള്‍ വിശകലനം ചെയ്യാനും ”.... അതെ എന്നും അതാവശ്യമാണ്.

സൌഹൃതത്തിനു ..ഭാഷയും ദേശവും ജാതിയും മതവും ലിംഗവും അതിരുകള്‍ തീര്‍ക്കാതിരിക്കട്ടെ...
പറഞ്ഞതും പറയാത്തതും, തമ്മില്‍ തമ്മില്‍ മനസ്സിലാക്കുന്നതാണ് യഥ്‍ാര്‍ത്ത സൌഹൃതം എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞാന്‍. ഒരാളുടെ അസാന്നിധ്യത്തിലും നമുക്ക് അവരെ ഒരു നല്ല ഓര്‍മ്മയായി കൂടെ കൂട്ടാന്‍ സാധിക്കുന്നു എങ്കില്‍ അവന്‍/അവള്‍ സുഹൃത്ത് തന്നെ....നാടിന്റെ മണം നിലനിര്‍ത്തി മനസ്സിലെ ഒരാല്‍ത്തറ
അവിടെ തുടരാം സൌഹൃദങ്ങള്‍

മനുഷ്യസ്നേഹത്തിലധിഷ്ഠിതമാണ് ആല്‍ത്തറ, തന്നെപ്പോലെ തന്ന മാനിക്കപ്പെടേണ്ടവനാണ് തന്റെ സഹജീവിയും എന്നുള്ള ചിന്ത.


നന്ദി. അനില്‍ എന്റെ അഭ്യര്‍ദ്ധന മാനിച്ച് ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും നല്ല ഒരു പോസ്റ്റ് ഇട്ടതിന് വക്കുകള്‍ക്ക് അതീതാമായി നന്ദി..

Manikandan said...

അനിൽ‌ജി എന്നെങ്കിലും ഞങ്ങളുടെ ഗ്രാമത്തിൽ എത്തിയാൽ കാണാം ഈ ആൽത്തറകളും, വെടിവട്ടവും രാഷ്‌ട്രീയചർച്ചകളും നടക്കുന്ന വിശാലമായ ക്ഷേത്രമൈതാനവും. ഞങ്ങൾ സുഹൃത്തുക്കളുടെ സംഗമസ്ഥലവും ഇതുതന്നെ. സുഹൃത്തുക്കൾ അധികവും ഇപ്പോൾ വിദേശങ്ങളിലാണ് ഞങ്ങൾ മൂന്നു നാലുപേർ മാത്രം നാട്ടിൽ അവശേഷിച്ചു എന്നു മാത്രം :) അതുകൊണ്ടുതന്നെ ഒത്തുചേരലും വിരളം.

Anonymous said...

great post.. like to see more ..

പ്രയാണ്‍ said...

നഗരങ്ങളുടെ വളര്‍ച്ചയില്‍ ഗ്രാമത്തുടിപ്പുകള്‍ നഷ്ടമാവുമ്പോള്‍ സംഭവിക്കുന്ന വളരെ ദുഖകരമായ അവസ്ഥയാണിത്. പക്ഷെ മണികണ്ഡന്‍ പറഞ്ഞത് ശരിയാണ്. ഈ ഉള്‍ത്തുടിപ്പുകള്‍ നഷ്ടമാവാത്ത ഗ്രാമങ്ങള്‍ ഇനിയും നിലനില്‍ക്കുന്നുണ്ട്.

Areekkodan | അരീക്കോടന്‍ said...

എന്ത് പരീക്ഷണത്തിനു സൊഫ്റ്റ്വെയറാല്‍ സൃഷ്ടിക്കുന്ന വിര്‍ച്വല്‍ മെഷീനുകള്‍ ഉപയോഗിച്ചു നോക്കുന്ന നമ്മള്‍ ബൂലോക കൂട്ടായ്മയില്‍ വിര്‍ച്വല്‍ ആല്‍ത്തറകള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.....നല്ല നിരീക്ഷണം.

ജെയിംസ് ബ്രൈറ്റ് said...

വളരെ നല്ല പോസ്റ്റ് അനില്‍.
നല്ല ചിന്ത. നന്മകള്‍ എന്നും നിലനില്‍ക്കട്ടെയെന്ന് നമുക്കാശിക്കാം.

പിള്ളേച്ചന്‍ said...

ഇന്ന് അർക്കും ഒന്നിനും നേരമില്ല അനിലെ എല്ലാവരും തിരക്കിലാണ്.എവിടെയ്ക്കാണ് ഈ ഓട്ടം എന്ന് മാത്രം പിടുത്തമില്ല

അനില്‍@ബ്ലോഗ് // anil said...

pattepadamramji,

കാപ്പിലാന്‍ ,

MANIKANDAN [ മണികണ്ഠന്‍‌ ],

Prayan,

Areekkodan | അരീക്കോടന്‍,

JamesBright,

പിള്ളേച്ചന്‍ ,
സന്ദര്‍ശനങ്ങള്‍ക്ക് നന്ദി.
ആല്‍ത്തറയിലെ ആദ്യ പോസ്റ്റ്. ഇതിന് അവസരം തന്ന എല്ലാ ആല്‍ത്തറ അഡ്മിന്മാരോടും നന്ദി പറയുന്നു.

Typist | എഴുത്തുകാരി said...

ആല്‍ത്തറയിലെ പുതിയ അന്തേവാസി ആയല്ലേ?

മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ഉണ്ടായിരുന്നു ആലും ആല്‍ത്തറയും. ഇപ്പോള്‍ ആല്‍ത്തറകള്‍ എവിടെയെങ്കിലുമൊക്കെ അവശേഷിച്ചിട്ടുണ്ടെങ്കില്‍ തന്നെ അവിടെയൊക്കെ ഒത്തുചേരലുകള്‍ ഉണ്ടോ എന്നു സംശയമാണ്. വെടിവട്ടം പറഞ്ഞിരിക്കാന്‍ ആര്‍ക്കാ ഇപ്പോ നേരം!

എന്റെ നാട്ടിലെ ആല്‍ത്തറയെപ്പറ്റി ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു, ഇവിടെ - http://ezhuthulokam.blogspot.com/2008/06/blog-post.html

smitha adharsh said...

ചെറുപ്പത്തില്‍,തൃശ്ശൂരിലെ തേക്കിന്‍കാട് മൈതാനിയില്‍ ക്കൂടി നടക്കുമ്പോള്‍ വിചാരിച്ചിട്ടുണ്ട്,ദൈവമേ,അടുത്ത ജന്മമെന്കിലും ഒരു ആണായി ജനിപ്പിക്കണേ..എന്ന്...ചുമ്മാ,ഈ ആല്‍ത്തറയില്‍ കേറിയിരുന്നു..പെണ്പിള്ളേരെ നോക്കാനും..കമന്റ് അടിക്കാനും,ചീട്ടുകളിക്കാനും..പിന്നെ അനില്‍ ചേട്ടന്‍ പറഞ്ഞ എല്ലാം ചെയ്യാനും.
നടക്കുമോ ആവോ?