Tuesday, February 23, 2010

ഓര്‍മ്മയില്‍ ഒരു ഗാനമേള

“കല്ലെടുത്തു കീച്ചരുതേ നാട്ടാരേ....
എല്ലുവലിച്ചൂരരുതേ നാട്ടാരേ, അയ്യോ
കല്ലെടുത്തു കീച്ചരുതേ നാട്ടാരേ....”

റിഹേഴ്സല്‍ തുടങ്ങിയിട്ട് മണിയ്ക്കൂര്‍ രണ്ടു കഴിഞ്ഞിരിയ്ക്കുന്നു. തുടര്‍ച്ചയായുള്ള ഗിറ്റാര്‍ വായന കഴിഞ്ഞ് ഒന്നു നടു നിവര്‍ക്കാന്‍ കോലായിലേയ്ക്കിറങ്ങിയതാണ്. മൂലയിലിരുന്ന നാഷണല്‍ പാനസോണിക്കിന്റെ തിരുമണ്ടയില്‍ ഒന്നു ഞെക്കിനോക്കിയപ്പോഴാണ് കാഥികന്‍ വി.ഡി. രാജപ്പന്റെ മുകളില്‍ കുറിച്ചിട്ട വരികള്‍ നെഞ്ചത്തുകൂടി പടപടാന്ന് ഉരുണ്ടിറങ്ങിയത്. ഗാനമേള നടക്കുമ്പോഴും ഇങ്ങനെ പാടേണ്ടിവരുമോന്നുള്ള സന്ദേഹം മനസ്സില്‍ തോന്നിയോ..?

സോറി...
കാര്യം പറയാന്‍ മറന്നു.
പ്രതിഷ്ഠയില്ലാത്ത വളരെ പ്രസിദ്ധിയുള്ള ഭദ്രകാളീ ക്ഷേത്രമാണ് കടയ്ക്കല്‍ ഭദ്രകാളീ ക്ഷേത്രം. കുംഭമാസത്തിലെ തിരുവാതിര നാളിലാണ് പ്രധാന ഉത്സവം അന്ന് എടുപ്പുകുതിരയും കുത്തിയോട്ടക്കളിയും മറ്റു വര്‍ണ്ണക്കാഴ്ച്ചകളും ധാരാളമുണ്ടാവും. അതേക്കുറിച്ച് മറ്റൊരവസരത്തില്‍ പറയാം. പത്തുപതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇവിടെ ആഘോഷിയ്ക്കുന്നത്. നാടകവും ബാലെയും കഥകളിയും കഥാപ്രസംഗവും ഗാനമേളയുമൊക്കെയായി ഒരു മഹാ ഉത്സവം. ദിവസം മിനിമം രണ്ടു പ്രൊഫഷണല്‍ പരിപാടികള്‍ ഉണ്ടാവും.

എല്ലാ വര്‍ഷവും കുംഭമാസത്തിലെ മകയിരം നാളില്‍ ഈ ക്ഷേത്രവളപ്പില്‍ മങ്കമാര്‍ പൊങ്കാലയിടുന്നു. ഈ സമയത്തു നടത്താനുള്ള ഗാനമേളയുടെ റിഹേഴ്സലാണ് നേരത്തേ കണ്ടത്. രണ്ടര മൂന്നുമണിയ്ക്കൂര്‍ ഗാനമേള. പൂര്‍ണ്ണമായും കടയ്ക്കല്‍ ദേവീഭക്തിഗാനങ്ങളാണ് ഈ സമയം പാടുന്നത്. കൈയിലെ സിഗരറ്റ് എരിഞ്ഞുകഴിഞ്ഞു. ഒരു ക്ലാസിയ്ക്കല്‍ സോംഗാണ് പാടിക്കൊണ്ടിരുന്നത്. ഗിറ്റാറിന്റെ പണി അതിലില്ലാത്തതിനാല്‍ കോലായിലിറങ്ങിയതാണ്. അതു കഴിഞ്ഞിരിയ്ക്കുന്നു. ഹാളിലേയ്ക്കു കയറി ഗിറ്റാറു കയ്യിലെടുത്തു. സംഗീത പാടിത്തുടങ്ങി....

“അത്താഴപ്പാട്ടിന്‍ അകത്തളത്തില്‍....”

വളരെ മനോഹരമായിത്തന്നെ ട്രയല്‍ അവസാനിച്ചു. പിറ്റേന്ന് എല്ലാവര്‍ക്കും വിശ്രമമായതിനാല്‍ ഉപകരണങ്ങളെല്ലാമൊതുക്കി പായ്ക്കുചെയ്ത് പുറത്തിറങ്ങി.

നാലരയോടെതന്നെ എല്ലാരും സ്റ്റേജില്‍ ഹാജരായി. മുറ്റത്തു പൊങ്കാലയിടാനുള്ളതിരക്ക് ഒരിടത്ത്, പാട്ടുകേള്‍ക്കാനുള്ളതിരക്ക് മറ്റൊരിടത്ത്. സംഗീതോപകരണങ്ങള്‍ യഥാസ്ഥാനങ്ങളില്‍ വച്ചു സാമ്പ്ലിത്തുടങ്ങി.

പ്രൌഢഗംഭീരമായ സ്വരത്തില്‍ ബാബുമാഷ് അനൌണ്‍സ് ചെയ്തു...

“പരമാനന്ദസംഗീതം...
കടയ്ക്കല്‍ ഷാര്‍പ്പ് മ്യൂസിക്സ് അവതരിപ്പിയ്ക്കുന്ന കടയ്ക്കല്‍ ദേവീ സ്തുതിഗീതങ്ങള്‍, ഭക്തിഗാനമേള ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വേദിയില്‍ ആരംഭിയ്ക്കുന്നു....”

അല്‍പ്പം കഴിഞ്ഞ് വീണ്ടും ആരംഭിയ്ക്കുന്നു...! വീണ്ടും... വീണ്ടും...!!

ഇങ്ങനെ കുറേ ആരംഭിച്ചപ്പോള്‍ അതിരാവിലേതന്നെ രണ്ടെണ്ണം വിട്ടുവന്ന ചേട്ടന്മാരിലൊരാള്‍ക്കു ദേഷ്യം വന്നു...

“നിങ്ങള്‍ ആരംഭിയ്ക്കുന്നോ അതോ ഞാന്‍ ആരംഭിയ്ക്കണോ...?”

അപ്പോഴാണ് “ആരംഭി”യ്ക്കുന്നതിന്റെ പൊരുള്‍ മനസ്സിലായത്. ഉപകരണങ്ങളെല്ലാം നിരത്തി, പാടാന്‍ പാട്ടുകാരും റെഡി, ഓര്‍ക്കസ്ട്രക്കാര്‍ക്കും പാട്ടുകാര്‍ക്കുമുള്ള നൊട്ടേഷന്‍ സ്റ്റാന്റുകള്‍ ട്രയല്‍ ചെയ്ത ഹാളിലാണ്. ഗാനമേളതുടങ്ങാനുള്ള സമയം അതിക്രമിച്ചിരിയ്ക്കുന്നു.


സ്റ്റേജിന്റെ മൂലയില്‍ അടുക്കിവച്ചിരുന്ന ഇരുമ്പുകസേരകള്‍ രണ്ടെണ്ണം പെട്ടെന്നുതന്നെ പാട്ടുകാരന്‍ സനലിന്റെ നൊട്ടേഷന്‍ സ്റ്റാന്റായി! ഫ്ലൂട്ട് വായിയ്ക്കുന്ന സുരേഷ്‌കുറുപ്പും ഒന്നെടുത്ത് ഫിറ്റുചെയ്തു. നേരത്തെ വീ.ഡി. രാജപ്പന്റെ പാട്ടുകേട്ടത് ഓര്‍മ്മവന്നതിനാല്‍ ഒരെണ്ണം ഞാനും മുന്നില്‍ വച്ചു. ആവശ്യം വന്നാല്‍ കൊണ്ടിടംകൊണ്ട് തടുക്കണ്ടല്ലോ...

വീണ്ടും ബാബുമാഷിന്റെ സ്വരമുണര്‍ന്നു...

“പരമാനന്ദ സംഗീതത്തിലെ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയത്... ചടയമംഗലം എന്‍.എസ്. ഹരിദാസ്, സാബു കൊട്ടോട്ടി..
സംഗീതം... വര്‍ക്കല ജി മുരളീധരന്‍...
ആലാപനം... കെ.ജെ. സനല്‍ കുമാര്‍, സംഗീതാ ബാലചന്ദ്രന്‍, പദ്മകുമാര്‍, പ്രവീണ...
പിന്നണിയില്‍..........
അവതരണം... ഷാര്‍പ്പ് മ്യൂസിക്സ് കടയ്ക്കല്‍...”

മായാമാളവഗൌള രാഗത്തില്‍, ആദി താളത്തില്‍ സനല്‍ പാടിത്തുടങ്ങി...

“ദേവീ പ്രസാദം മമ സംഗീത ജ്ഞാനം......”

നാലുകൊല്ലം ആ കടയ്ക്കല്‍ ദേവീ സന്നിധിയില്‍ ദേവീസ്തുതിഗീതങ്ങള്‍ക്കു ഗിറ്റാര്‍ വായിയ്ക്കാന്‍ എനിയ്ക്കു ഭാഗ്യം കിട്ടി. അന്നു പാടുകയും ഓര്‍ക്കസ്ട കൈകാര്യം ചെയ്യുകയും ചെയ്ത മിയ്ക്കവരും ഇന്ന് ആ രംഗത്തുതന്നെ പ്രശസ്ഥരാണ്. പക്ഷേ പലരും ഷാര്‍പ്പ് മ്യൂസിക്സിന്റെ ഈ വേദിയിലാണു തുടക്കമിട്ടതെന്നു മറന്നിരിയ്ക്കുന്നു.
കൊട്ടോട്ടിയാകട്ടെ ബൂലോകര്‍ക്ക് ഒരു ബാധ്യതയായും...

24 comments:

Sabu Kottotty said...

പതിനഞ്ചുകൊല്ലം പഴക്കമുള്ള കഥയാണ്. ചടയമംഗലം ഹരിദാസ് ഗിറ്റാറില്‍ എന്റെ ഗുരുവാണ്. വര്‍ക്കല മുരളി എന്റെ മ്യൂസിക് മാഷും. രണ്ടാളും ഇന്നില്ല. ഇതില്‍ മുരളിമാഷിന്റെ കഥ അല്‍പ്പം വിഷമമുണ്ടാക്കുന്നതാണ്. അതിനാലാണ് കഥാപാത്രങ്ങളെ വിശദീകരിയ്ക്കാതിരുന്നത്.

വാഴക്കോടന്‍ ‍// vazhakodan said...

സംഗതി ഇതൊക്കെ നേരു തന്നെ! എന്നിട്ട് കൊട്ടോട്ടി ഇപ്പോ ആരായി? ബാധ്യത എന്നൊന്നുമ്പറഞ്ഞ് ഒഴിയണ്ടാ :):)

മാണിക്യം said...

കൊട്ടോട്ടിക്കാരാ നല്ല ഒരു പോസ്റ്റ്, വളരെ അധികം കാര്യങ്ങള്‍ പറയാതെ പറഞ്ഞിരിക്കുന്നു, എടുപ്പുകുതിരയെ ഒക്കെ കണ്ടിട്ട് കുറെകാലമായി, വീട്ടില്‍ പണ്ട് നിന്നിരുന്ന പണിക്കാരി കടയ്ക്കല്‍ സ്വദേശി ആയിരുന്നു, ഓണത്തിനു പോലും വീട്ടില്‍ പോണമെന്നില്ല പക്ഷെ ഉത്സവത്തിനു പോയെ പറ്റൂ കടയ്ക്കല്‍ ഉത്സമത്തിന്റെ വര്‍ണ്ണന അങ്ങനെ കുറെ കേട്ടിട്ടുണ്ട് ഇന്ന് അവരെയും ഒര്‍‌ത്തു... കൊട്ടോട്ടിക്കരന്‍ ബൂലോകത്തിനു ഒരു “അസറ്റ്” ആണ് :) ബാധ്യതയല്ല.

ശ്രീ said...

അതു ശരി... അപ്പോ ഇത്തരം കലാപരിപാടികളൊക്കെ കയ്യിലുണ്ടല്ലേ?

പോസ്റ്റ് നന്നായി മാഷേ.

ഒരു നുറുങ്ങ് said...

കൊട്ടോട്ടീ,കയ്യിലിരിപ്പ് കൊള്ളാല്ലോ !
ഇതൊക്കെയും ഞങ്ങളുമായി പങ്ക് വെക്കാതെ
ബാധ്യതയാണെന്ന മറയ്ക്ക് പിന്നിലൊളിക്കാതെ
സാബൂ സാബ് ! ആ പഴയ ഗിറ്റാറിന്‍ ഒരുപാട്
സ്മരണകള്‍ അയവിറക്കാനുണ്ടാവും...അതൊക്കെ
ഒന്നു പോസ്റ്റൂന്നേ നവാസേ...

നിരക്ഷരൻ said...

കൊട്ടോട്ടി ഗിറ്റാറിസ്റ്റ് കൂടെ ആണല്ലേ ? ചിത്രകാരന്മാരോടും വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരോടും എനിക്കസൂയയാണ്.

അരുണ്‍ കായംകുളം said...

നല്ലൊരു പോസ്റ്റ്.നാട്ടിലെ അമ്പലവും ഗാനമേളയും അടിയും എല്ലാം ഒരു നിമിഷം കൊണ്ട് മനസിലെത്തി.ഉത്സവവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ആഗ്രഹിച്ചതേയുള്ളു :)
ഇപ്പോഴും ഗിറ്റാര്‍ വായന ഉണ്ടോ?
അതോ അതില്‍ പ്രശസ്തനാണോ??

ഷൈജൻ കാക്കര said...

പ്രതികളെ ഒളിപ്പിക്കുന്നതും കുറ്റകരമാണ്‌ - I.P.C

എന്നിട്ടാണോ ഗിറ്റാറുകാരനെ ഇത്രയും നാൾ ഒളിപ്പിച്ചത്‌!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുറച്ചു 'ശുദ്ധ സംഗീതം 'പഠിപ്പിക്കാമോ? റിയാലിറ്റിഷോക്ക് പങ്കെടുക്കാനാ....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഗൃഹാതുരത ഉണര്‍ത്തുന്ന പോസ്റ്റ്..അതിലേറെ ഭംഗിയുള്ള ചിത്രം....നല്ല ഒരു ഗിറ്റാറിസ്റ്റ് ആയിട്ട് ചെറായി മീറ്റില്‍ അതു കൊണ്ടു വരാതിരുന്നത് ഞങ്ങളുടെ നഷ്ടമായി..അടുത്ത തവണ തീര്‍ച്ചയായും കൊണ്ടു വരണം !

ആശംസകള്‍!

Sabu Kottotty said...

സത്യത്തില്‍ ഞങ്ങളുടെ ട്രൂപ്പിന്റെയും അതില്‍പ്പറ്റിയ മണ്ടത്തരങ്ങളുടെയും ചില സങ്കടങ്ങളുടെയും കഥകള്‍ എഴുതിയാല്‍ ഒറ്റയ്ക്കൊരു ബൂലോകം തീര്‍ക്കാം...
അന്നത്തെ ആ ഗിറ്റാര്‍ നശിച്ചുപോയി. ഇപ്പോഴുള്ളത് ഒരിലക്ട്രിക് ഗിറ്റാറാണ്. പക്ഷേ ഓര്‍ഡിനറി ഗിറ്റാര്‍ വായിയ്ക്കുന്ന സുഖം അതൊന്നു വേറേതന്നെ.

കൊട്ടോട്ടി വെറും കൊട്ടോട്ടിമാത്രമാണേ...
എല്ലാര്‍ക്കും ക്ഷേമാന്വേഷണങ്ങള്‍...

ഗീത said...

കൊട്ടോട്ടി വെറും കൊട്ടോട്ടിക്കാരനായിരുന്നാല്‍ പോര. ഗിറ്റാറില്‍ ഒരു പീസ് വായിച്ച് പോസ്റ്റു ചെയ്യൂ പ്ലീസ്. ഞങ്ങള്‍ അതാസ്വദിക്കട്ടേ. സംഗീതവാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ അങ്ങേയറ്റം ആരാധനയോടും ബഹുമാനത്തോടും നോക്കിക്കാണുന്ന ഒരാളാണ് ഞാന്‍. അവരില്ലെങ്കില്‍ ഇത്ര മധുരമായ സംഗീതം എങ്ങനെ പിറക്കും? വിദേശരാജ്യങ്ങളില്‍ പിന്നണിയിലെ കലാകാരന്മാര്‍ക്ക് വളരെയധികം ആദരവും പ്രാധാന്യവും കല്‍പ്പിക്കാറുണ്ട് എന്നു കേട്ടിട്ടുണ്ട്.
ഒരു ഗാനമേള കേള്‍ക്കാന്‍ പോയാല്‍ ഞാന്‍ പാട്ടിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് ഉപകരണ സംഗീതത്തെയാണ്. തബലയിലുണരുന്ന താളം ഹാ അതെത്ര ഹൃദ്യം! പിന്നെ ഓരോ ഉപകരണങ്ങളുടെ നാദവും വേര്‍തിരിച്ച് ശ്രദ്ധിച്ച് ആസ്വദിക്കും.
അപ്പോള്‍ കൊട്ടോട്ടിക്കാരാ, നമുക്ക് വേണ്ടി ഒരു ഗിറ്റാര്‍ ഗീതം പ്ലീസ്.
മറ്റനുഭവങ്ങളും പോസ്റ്റാക്കണം.

Sabu Kottotty said...

കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറവാണ്. എങ്ങനെയാണ് കമ്പ്യൂട്ടറിലാക്കുന്നതെന്നു പറഞ്ഞുതരൂ... കമന്റിലല്ല മെയിലില്‍.. sabukottotty@gmail.com

Mohamedkutty മുഹമ്മദുകുട്ടി said...

കുറഞ്ഞവരികളില്‍ കുടുതല്‍ കാര്യങ്ങള്‍ പറഞ്ഞ കൊട്ടോട്ടിക്കഭിനന്ദനങ്ങള്‍!ഗൃഹാതുരത്വം നിരഞ്ഞ ഒരു പോസ്റ്റ്.കഴിഞ്ഞതൊന്നും നാം മറക്കരുത്, അതു പോലെ കയറിവന്ന (ഇറങ്ങിയതായാലും)വഴികളും. താങ്കളെ പരിചയപ്പെട്ടപ്പോഴെ എനിക്കു തോന്നിയിരുന്നു തന്റെയുള്ളില്‍ ഇനിയും പുറത്തു വരാത്ത പലതുമുണ്ടെന്നു.ഇരുമ്പിന്റെയും വെല്‍ഡിങ്ങ് റാഡിന്റെയും ഇടയില്‍ പെട്ട് അതു മുരടിച്ചു പോകരുത് !സംഭവം നമുക്കു ശരിയാക്കാം,ഇനി വരുമ്പോള്‍ ഗിറ്റാറും കൂടി എടുക്കണമെന്നുമാത്രം.കൂടുതല്‍ ഫോണിലോ മെയിലിലോ പറയാം.

ramanika said...

താങ്കളുടെ നാടും ആ ഗാനമേളയും കണ്ട പോലെ ഒരു തോന്നല്‍ ..........

Typist | എഴുത്തുകാരി said...

ഇതൊക്കെ കയ്യിലുണ്ടായിട്ടാണോ? സുനില്‍ പറഞ്ഞതുപോലെ മീറ്റിനു വന്നപ്പോള്‍ അതൊന്നു ഞങ്ങളെ കൂടി കേള്‍പ്പിക്കാമായിരുന്നില്ലേ? ഇനിയും വരുമല്ലോ മീറ്റ്!

എനിക്കും ശരിക്കും അസൂയതന്നെയാ സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരോട്.

Unknown said...

“പരമാനന്ദ സംഗീതത്തിലെ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയത്... ചടയമംഗലം എന്‍.എസ്. ഹരിദാസ്, സാബു കൊട്ടോട്ടി.."

അന്ന് സാബു കൊട്ടോട്ടി അല്ലല്ലോ :)
ഓര്‍മ്മകള്‍ എക്കാലവും സുഖം തരുന്നവയാകട്ടെ :)

പിന്നെ മാണിക്യം ചേച്ചി പറഞ്ഞത് കേട്ടല്ലൊ , ബൂലോകത്തെ "അസത്ത്" ആണെന്ന്, ഓര്‍മ്മയിരിക്കട്ടെ :)

Sabu Kottotty said...

“കൊട്ടോട്ടിക്കാര്‍” എന്നാണു എന്റെ കുടുംബത്തെ അറിയുന്നത്, സാബു എന്നത് വിളിപ്പേരും. സാബു കൊട്ടോട്ടിയില്‍ എന്നതായിരുന്നു അറിയപ്പെട്ടിരുന്ന പേര്. ബൂലോകത്തേയ്ക്കു വന്നപ്പോള്‍ കൊട്ടോട്ടിക്കാരന്‍ എന്നാക്കി എന്നുമാത്രം. വ്യാസന്റെ സംശയം തീര്‍ന്നുകാണുമെന്നു കരുതുന്നു.

Sabu Kottotty said...

ചെറായി മീറ്റ് സംഘാടകരില്‍ ഒരാളുമായി ഗിറ്റാര്‍ കൊണ്ടുവരുന്ന കാര്യം ആലോചിച്ചിരുന്നു. മീറ്റ്ഗീതം അവതരിപ്പിയ്ക്കാന്‍ വേണ്ടിയായിരുന്നു. ഗിറ്റാര്‍ മാത്രമല്ല തബലയും ഫ്ലൂട്ടും ഉണ്ടായിരുന്നു. അവിടെ ഉപയോഗിയ്ക്കാന്‍ കഴിയില്ലെന്നറിഞ്ഞതിനാലാണ് കൊണ്ടുവരാതിരുന്നത്.ഓടക്കുഴല്‍ കരോക്കെയിട്ടു വായിച്ചത് കയ്യിലുണ്ട്. അതു പ്ഓസ്റ്റാന്‍ ശ്രമിയ്ക്കാം. ഗിറ്റാര്‍ റെക്കോഡ് ചെയ്യാന്‍ പറ്റുമോന്നു നോക്കട്ടെ...

jayanEvoor said...

ഗൃഹാതുരമായ കുറിപ്പ്.

ഗിറ്റാറിസ്റ്റ് കൊട്ടോട്ടിയെ കാണാൻ ആഗ്രഹം!

ആശംസകൾ!

Sabu Kottotty said...

ഗിറ്റാറു റിക്കര്‍ഡുചെയ്തിട്ടു പിന്നെ പോസ്റ്റാം. തല്‍ക്കാലം ഇതുകൊണ്ടു തൃപ്തിപ്പെട്ടൂടെ..

Areekkodan | അരീക്കോടന്‍ said...

ങാഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ!!!!!!

Unknown said...

MHMMMM SARIYAA

Thabarak Rahman Saahini said...

കൊട്ടോട്ടി, താങ്കള്‍ മുന്‍പ് ഗിറ്റാറില്‍ ഒരു സിനിമഎ ഗാനം
വായിച്ചിരുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. വളരെ മനോഹരമായിരുന്നു.
ആശംസകള്‍.

സ്നേഹപൂര്‍വ്വം
താബു