Saturday, March 28, 2009

എന്റെ അന്നക്കുട്ടി...! അഥവാ ഒരു മിനിക്കഥ...!

അന്നക്കുട്ടി,
പുഴക്കരയിലായിരുന്നു അവളുടെ വീട്.സ്ഥിരമായി പുഴയില്‍ കുളിയ്ക്കുന്ന ശീലം ഉണ്ടായിരുന്നതിനാല്‍ അവളുടെ വീട്ടില്‍ നിന്നും രാവിലത്തെ പാലു വാങ്ങാനുള്ള ജോലി‍ സ്വാഭാവികമായും എന്റേതായി മാറി.അങ്ങനെയാണു അവളെന്റെ സ്വപ്നങ്ങളിലേയ്ക്കു കടന്നു വന്നത്.പാല്‍ക്കുപ്പികള്‍ കൈമാറുമ്പോള്‍ ഞങ്ങള്‍ സൌഹൃദം കൈമാറി..ഒരു നോട്ടത്തില്‍, ഒരു പുഞ്ചിരിയില്‍.ചിലപ്പോള്‍ ഒന്നു രണ്ട് വാക്കുകളില്‍.ആ കണ്ണുകളില്‍ എപ്പോളോ ഒരു താല്പര്യഭാവം ഞാന്‍ കണ്ടുവോ?

അവള്‍ കൈമാറിയ പാലിന്റെ ശക്തി കലാലയ വിപ്ലവ സ്വപ്നങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നു ജീവിതം മുഴുവന്‍ കരുത്തുപകരാന്‍ അവള്‍ കൂടെയുണ്ടെങ്കില്‍ എന്നു മനം തുടിച്ചു.

നാട്ടില്‍ നിന്നു പോന്ന് ഏറെക്കാലത്തിനു ശേഷം അറിഞ്ഞു, അവരൊക്കെ സ്ഥലം വിറ്റ് മറ്റെങ്ങോ പോയിരിയ്ക്കുന്നു.മനസ്സിലെവിടെയോ ഒരു നിലാപക്ഷി കരഞ്ഞു.എന്നെ നോക്കി സ്നേഹത്തോടെ പുഞ്ചിരിച്ചിരുന്ന ഒരു മുഖം ആർദ്രമായ മിഴികളാൽ എന്നെ നോക്കുന്നതു പോലെ തോന്നി. പിന്നീടു വര്‍ഷങ്ങള്‍ക്ക് ശേഷം അവിചാരിതമായി ഏതോ ഒരു നാട്ടില്‍ വച്ചു ആ മുഖം മിന്നി മറഞ്ഞു .

അതവളല്ലേ? എന്റെ അന്നക്കുട്ടി..അതേ..പക്ഷേ...

ആകെ മാറിയിരിയ്ക്കുന്നു, കര്‍ത്താവിന്റെ മണവാട്ടിയുടെ തിരു വസ്ത്രങ്ങളില്‍,

“അന്നക്കുട്ടീ നീ ?“

“ ചേര്‍ന്നിട്ട് 5 വര്‍ഷമായി, എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു“..

പിന്നെ ഞാന്‍ ഒന്നും കേട്ടില്ല.

Wednesday, March 18, 2009

മുള്ളുകള്‍ (കഥ)

മില്ലിന്റെ പുറകിലെ പുറമ്പോക്കില്‍ മാത്രമല്ല. തമിഴ്നാടിലെ ഓരോ ഇഞ്ചു തരിശിലും ആ മുള്‍ച്ചെടിയാണ്. ഊഷരതയില്‍ വളരുന്നതെന്തിനും മുള്ളുകളുണ്ടാകുമെന്ന് കാലം പഠിപ്പിച്ചതൊക്കെ പിന്നീട്, മരമായാലും മനുഷ്യനായാലും മുള്ളുകള്‍..

എനിക്കു ഭയമാണാ മുള്ളുകളെ..
നഗ്നനായ എന്നെ ആരോ ആ മുള്ളുകളിലേക്ക് എടുത്തെറിയുന്നതു സ്വപ്നം കണ്ടു ഞെട്ടിയിട്ടുണ്ട്, ഒരുപാടുകാലം. ദേഹം മുഴുവന്‍ മുള്ളുകള്‍. ആഴ്ന്നിറങ്ങിയതും വാണ്ടുപോയതുമായി അവതീര്‍ത്ത ഒരുപാടു മുറിപ്പാടുകള്‍.

എന്റെ മുഖത്തും കണ്ണുകളിലും മുള്ളുകള്‍..
വേദന..
എന്റെ മുഖമോ? അതോ പഴനിയുടേതോ?

മില്ലിന്റെ നെല്ലുണക്കുന്ന കളത്തില്‍ കിടക്കുകയായിരുന്നില്ലേ ഞാനും പഴനിയും? ആകാശം നിറയെ നക്ഷത്രങ്ങള്‍.. വയറു നിറയെ ചാരായം.. വായൊഴിയാതെ കഥകള്‍.. വ്യക്തമല്ലാത്തവാക്കുകള്‍, ഓര്‍മകളും.
അപ്പോഴായിരുന്നോ അവളെപറ്റി അവനെന്നോടു പറഞ്ഞത്?
അതോ ഞാന്‍ അവനോടോ?
മദ്യത്തില്‍ എന്റേയും അവ്ന്റേയും ഓര്‍മകള്‍ ഇഴപിരിഞ്ഞുപോയിരിക്കുന്നു.
എന്റെ ഓര്‍മകളോ? അതോ പഴനിയുടേതോ?

"ഇങ്കേ.. ഇങ്കപ്പാരുങ്കേ.."

എവിടെ? തിരിഞ്ഞുനോക്കിയതും തിരഞ്ഞതും ഞാനോ പഴനിയോ?
പിണഞ്ഞു കിടക്കുന്ന വേര്‍പിരിക്കാനാകാത്ത ഓര്‍മകള്‍.

"ഇങ്കേ കീളേ കിണത്തുക്കുള്ളേ പാരുങ്കേ.."

കിണര്‍. രണ്ടു സെന്റില്‍ പരന്നുകിടക്കുന്ന വലിയകിണര്‍. കിണറിലേക്കിറങ്ങാന്‍ പച്ചപ്പായല്‍ പിടിച്ച പടവുകള്‍. കിണറ്റില്‍ പച്ചനിറത്തില്‍ വെള്ളം. പച്ച ദാവണി. വെള്ളത്തിലേക്ക് കാലുകള്‍ ആട്ടി അവള്‍..

മയക്കുന്ന ചിരി. തുടിക്കുന്ന മാറിടം, ചുണ്ടുകള്‍. ദാവണിക്കിടയിലൂടെ വെളുത്ത നനുത്ത വയര്‍.

"വാങ്കെ.. കീളെ വാങ്കെ.."

കൈകള്‍ നീട്ടി അവള്‍ മാടിവിളിച്ചിട്ടും, തിരിഞ്ഞോടാന്‍ പറഞ്ഞ മനസ്സ് ആരുടേതായിരുന്നു? എന്റേതോ പഴനിയുടേതോ??

പഴനിയെയും ആദ്യമൊക്കെ ഭയമായിരുന്നില്ലേ എനിക്ക്? മില്ലിനു പുറകിലെ മുള്‍ക്കാട്ടില്‍ നിന്ന് പൊടുന്നനെ ഒരു നാളായിരുന്നില്ലേ അവന്‍ എന്റെ ജീവിതത്തിലേക്ക് കയറി വന്നത്?
ചാരായത്തിന്റെ ഗന്ധം. ചുകന്നു ക്ഷീണിച്ച കണ്ണുകള്‍. മുഷിഞ്ഞ വേഷം. മാറാപ്പ്.

എന്തോ തിരക്കുള്ള പോലെ തിടുക്കപ്പെട്ട് എന്റെ സുഹൃത്താവുകയായിരുന്നില്ലേ അവന്‍? ഓരോ നോട്ടം കൊണ്ടും വാക്കുകൊണ്ടും എന്നെ അളക്കുകയായിരുന്നില്ലേ ? ചാരായത്തില്‍ മുങ്ങി ഞാന്‍ ഉറങ്ങിയിരുന്നപ്പോള്‍ അവന്‍ എന്നെ എന്തു ചെയ്യുകയായിരുന്നു?

ഇപ്പോള്‍ അവന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കാനാകുമ്പോള്‍ എനിക്കെല്ലാം അറിയാനാകുന്നു. എന്റെയും അവന്റെയും ഓര്‍മകളുടെ അതിര്‍വരമ്പു മാത്രം മാഞ്ഞുപോയിരിക്കുന്നു. പരസ്പരം കുരുങ്ങിമറിഞ്ഞ ഓര്‍മകള്‍.

അവളെത്തേടുകയായിരുന്നൂ അവന്‍, കാലങ്ങളായി. പിടികൊടുക്കാതെ അവളും. പക്ഷെ എന്തിനു ഞാന്‍? എനിക്കിങ്ങനെ നിഷ്പ്രയാസം അവളിലേക്കു ചെല്ലാനാകുമെന്ന് പഴനിക്കറിയാമായിരുന്നോ? മില്ലിന്റെ കളത്തില്‍ നക്ഷത്രങ്ങളുദിച്ചു നിന്ന അതേ രാത്രിയിലാണ് പഴനി എന്റെ ഓര്‍മ്മകളുമായി അവന്റെ ഓര്‍മ്മകളെ കൂട്ടിക്കുഴച്ചത്. ചിതറിക്കിടന്ന വേപ്പിലകളും ഉയര്‍ന്നുപൊങ്ങിയ പുകച്ചുരുളുകളും ഞാനെന്തേ ശ്രദ്ധിച്ചില്ല?

"ഇങ്കേ.. ഇങ്കപ്പാരുങ്കേ.."

മില്ലിന്റെ പുറകില്‍ മുള്‍ച്ചെടികള്‍ക്കിടയില്‍, ഇരുട്ടിന്റെ മറപറ്റി, അവള്‍തന്നെയായിരുന്നില്ലേ?
മയക്കുന്ന അതേചിരി. അതേ മൊഴി.
മയക്കത്തിലെന്നപോലെ അവള്‍ക്കു പിന്‍പേ പോയതാരാണ്?
നഗ്നനായി, രക്തമോ രേതസ്സോ ഇല്ലാതെ മുള്ളുചെടികളിലേക്ക് വലിച്ചെറിയപ്പെട്ടത് ആരാണ്?
രണ്ടു മനസ്സുകളുമായി ബാക്കിനില്‍ക്കുന്നതാരാണ്?
ഞാനോ പഴനിയോ?

അറിയില്ല, ഇഴതെറ്റിയ ഓര്‍മകള്‍ മാത്രം വേട്ടയാടുന്നു.

Tuesday, March 17, 2009

( ബൂ ) ലോകസഭാ തിരഞ്ഞെടുപ്പ്

ആല്‍ത്തറയില്‍ വാഴും മുത്തശ്ശിയെ താണ്‌ വീണു വണങ്ങിക്കൊണ്ട് എന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഇവിടെ ആരംഭിക്കുന്നു . തോന്ന്യാശ്രമത്തില്‍ നടക്കുന്ന ( ബൂ ) ലോകസഭാ തിരഞ്ഞെടുപ്പ് ഇതിനകം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ ? അത് മറ്റു ബ്ലോഗുകളിലേക്കും വ്യാപിപ്പിക്കുക എന്ന ഉദ്ദേശ ശുദ്ധി മാത്രമേ ഇതില്‍ ഉള്ളൂ .


പലരും എന്നോട് ചോദിച്ചു , എന്തിനാണ് ആശ്രമത്തില്‍ ഇങ്ങനെ ഒരു ഇലക്ഷന്‍ നടത്തുന്നത് ? ഇന്ത്യയില്‍ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ ചുവടു പിടിച്ചാണ് അത് നടത്തുന്നത് എങ്കില്‍ തന്നെയും അതിനു പിന്നില്‍ ചില കാര്യങ്ങള്‍ ഉണ്ട് .അത് നിങ്ങളുമായി പങ്ക് വെയ്ക്കുക എന്നതാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് .കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ബൂലോകത്ത് ഞാന്‍ വളരെ സജീവമായി തന്നെ നില്‍ക്കുന്നു . ആശ്രമത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞു," സ്വാമി അങ്ങേക്ക് വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ട് അതുകൊണ്ട് ആശ്രമ ഭരണം യുവ തുര്‍ക്കികളുടെ കയ്യില്‍ ഏല്‍പ്പിക്കണം എന്ന് ". അങ്ങനെ യുവ തുര്‍ക്കികളായി ബൂലോകത്തെ സിംഹിണി ആകാന്‍ പോകുന്ന നാസ് , കനല്‍ ,ആചാര്യന്‍ ,ഹരീഷ് തൊടുപുഴ ,ജയകൃഷ്ണന്‍ കാവാലം , സൌത്ത് ആഫ്രിക്കയില്‍ നിന്നും വന്ന പുതുമുഖം ബോണ്‍ ,പിന്നെ ഡബിള്‍ ശ്രീ പാമൂ അവര്‍ഹളുടെ നേത്ര്വത്വത്തില്‍ മൂന്നാം മുന്നണി എല്ലാം എനിക്കെതിരെ മല്‍സരിക്കുന്നുണ്ട്‌ .നിങ്ങളുടെ ഓരോ വിലയേറിയ വോട്ടും അവര്‍ക്ക് നല്‍കി ആശ്രമ ഭരണം അവരുടെ കയ്യില്‍ ഏല്‍പ്പിക്കണം എന്ന് ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു .
മാത്രമല്ല ആശ്രമം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശവും ഇതിനു പിന്നില്‍ ഉണ്ട് . ബൂലോകത്തെ ഒരു വലിയ ശക്തിയായി ബൂലോകര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്യുക എന്ന ലക്ഷ്യവും മുന്നില്‍ കാണുന്നു .ആശ്രമത്തില്‍ പുതിയ പുതിയ ബ്ലോഗര്‍മാര്‍ കടന്നു വരികയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ബൂലോകത്തിന്റെ ആവശ്യമാണ്‌ . ഒരു ഗ്രൂപ്പ് എന്ന നിലക്കും അപ്പുറമായി ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സമൂഹത്തില്‍ നിലകൊള്ളണം .പുതിയ പുതിയ സൃഷ്ടികള്‍ ,കാഴ്ചപ്പാടുകള്‍ ,ചിന്തകള്‍ എല്ലാം അതില്‍ നിന്നും ഉളവാകണം. ഈ തിരഞ്ഞെടുപ്പിന് ശേഷം ആശ്രമം കാപ്പിലാന്റെ സാമ്രാജ്യം എന്ന പേരില്‍ അറിയപ്പെടില്ല .സാമ്രാജ്യങ്ങള്‍ തകര്‍ക്കപ്പെടെണ്ടത് സമൂഹത്തിന്റെ ഉന്നമനത്തിന് ആവശ്യമാണ്‌ . ആയതിനാല്‍ നിങ്ങളുടെ വിലയേറിയ ഓരോ വോട്ടുകളും മേല്‍പ്പറഞ്ഞ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കി അവരെ വിജയിപ്പിക്കേണം .


എല്ലാ ബൂലോക വാസികളും അടുത്ത മാസം 19 നു നടക്കുന്ന ബൂലോകസഭാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു .


നേരത്തെ ആശ്രമത്തില്‍ സെന്‍ട്രല്‍ കമ്മറ്റിയിലേക്ക് കുറച്ചു പേരെ തിരഞ്ഞെടുത്തുവല്ലോ. ഇനി അവരുടെ നേത്ര്വത്വത്തില്‍ പ്രാദേശിക തലത്തില്‍ ആളുകളെ തിരഞ്ഞെടുക്കുകയും അതിനെ വളര്‍ത്തുകയും ചെയ്യണം .അങ്ങനെ പരിപൂര്‍ണമായി ആശ്രമം ജനങ്ങളിലേക്ക് എത്തുകയും ചെയ്യും .


കൂടാതെ ഞാനും ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കുന്ന കാര്യം അറിഞ്ഞു കാണുമല്ലോ .നിങ്ങള്‍ക്ക് എന്നില്‍ വിശ്വാസം ഉണ്ടെങ്കില്‍ അമ്പും വില്ലും അടയാളത്തില്‍ എനിക്കും വോട്ടുകള്‍ നല്‍കി വിജയിപ്പിക്കേണം .അങ്ങനെ നിങ്ങളുടെ പ്രതിനിധിയായി ഞാനും അവിടെ ഉണ്ടാകും . ബൂലോകര്‍ക്കായി മോഹന വാഗ്ധനങ്ങള്‍ ഒന്നും തന്നെ തരുവാന്‍ എന്‍റെ കയ്യില്‍ ഇല്ല .

 എല്ലാ ബൂലോക വാസികള്‍ക്കും വാഴ്വ് .

സ്നേഹത്തോടെ

ആല്‍ത്തറയില്‍ സ്വാമി
കാപ്പിലാന്‍ .
നമ്മുടെ ചിഹ്നം -അമ്പും വില്ലും .

ശക്തി പ്രകടനം

ബക്കറ്റ് കുട്ടപ്പൻ-നാട്ടിലെ പ്രമുഖനായ ഒരു കാർന്നോര്.ഒരോ ഇലക്ഷനും നിലക്കും.കുട്ടപ്പനു കിട്ടുന്ന ഓട്ട് ആകെ കുട്ടപ്പന്റെ മാത്രമാ.ഇങ്ങനെയുള്ള കുട്ടപ്പന്മാർ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്.“പാവം ബക്കറ്റ് “പിരിവ് നടത്താനും ഇതു പോലുള്ള കുട്ടപ്പൻ മാരെ താങ്ങാനുമുള്ള ആയുധമായി ചിലപ്പോ മാറും
ബാനർ എഴുത്ത്-നാട്ടിൽ ദാരിദ്രമുള്ള കാലത്ത്, ഇലക്ഷന് പാർട്ടികാരൻ രാത്രില് കെട്ടുന്ന ബാനർ രാത്രീല് ഏതേലും പെണ്ണുപിള്ളന്മാരുടെ കെട്ടിയോന്മാർ വലിച്ചു പറിച്ചോണ്ടു പോകും.പിറ്റേന്ന് പെണ്ണൂപിള്ളയ്ക്ക് പാവാടയും കെട്ടോന് ബർമുഡായും തയ്ക്കും.അതൊക്കെ പണ്ടത്തെ കഥ ഇന്ന് കാലം മാറി.ഒരു പാർട്ടികാരൻ കെട്ടിയ ബാനർ രാത്രീല് വന്ന് കീറി കളഞ്ഞാൽ അഞ്ഞൂറും ആയിരവുമാ കിട്ടുക.ചെറിയ നേരത്തെ പണീയല്ലെ ഉള്ളു.ഇലക്ഷനടുത്താ നാട്ടിലൊക്കെ നല്ല വരുമാനമുള്ള പണിയാ.
എതിർ സ്ഥാനാർത്ഥിയുടെ ബാനർ കീറി കളയുക. പോസ്റ്ററിൽ കരി വാരി തേയ്ക്കുക.വീടുകൾ തോറും കയറി സ്ഥാനാർത്ഥിയുടെ കുറ്റങ്ങൾ പറയുക.ഓരൊന്നിനും തിരിച്ചു പൈസ കിട്ടും.ഈ സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന കാലഘട്ടത്തിലെ ജീവിക്കാനുള്ള ഒരു മാർഗ്ഗം.
നാട്ടിൽ ഒരു പ്രകടനത്തിനു പോയാൽ എന്നാ ചാർജ്ജ്.ഞാനിടെ ഒരു ശക്തി പ്രകടനത്തിനു പോയി.തിരുവനന്തപുരത്ത് പാളയം ജംഗ്ഷനിൽ കാർന്നോന്മാരും ചെറുപ്പകാരുമെല്ലാം ശക്തികാട്ടാൻ വരിവരിയായി നിലക്കുവാ.ശക്തിവരണമെങ്കിൽ അലപം വീര്യം അകത്തു ചെല്ലണമെന്ന് ചില കാർന്നോന്മാർകെങ്കിലും തോന്നാതെ ഇരുന്നില്ല.കൂടെ വന്ന പെമ്പറന്നോരു കാണാതെ ആൾ കൂട്ടത്തിൽ നിന്നും ചില വിരുതന്മാരൊക്കെ മുങ്ങി.പൊങ്ങിത് അടുത്തുള്ള ത്രിസ്റ്റാർ ബാറില്.ഇരുന്ന് അടിക്കാനൊന്നും സമയമില്ല.ഒന്ന് നിലപ്പനടിച്ചിട്ട് കാർന്നോന്മാര് വന്നോപ്പോഴുള്ള ശക്തിയൊന്നു കാണണമായിരുന്നു.ഒരു ഉഗ്രൻ ശക്തി പ്രകടനമായിരുന്നു.
പൊതു സമ്മേളനവും പ്രകടനവും ഒക്കെ നടക്കണമെങ്കിൽ ശക്തി വേണ്ടെ?.അതിനു എന്നാ വേണ്ടെ മദ്യം.മദ്യമില്ലാതെ എന്തി പ്രകടനം എന്തു തിരഞ്ഞെടുപ്പ്.
തിരുവനന്തപുരത്ത് ഒരു മന്ത്രി രാജി വച്ച് ഇറങ്ങി വന്നപ്പോൾ എന്തു പുകഴത്തലായിരുന്നു.ജനസമ്മതനെന്നൊക്കെ.അധികാരത്തിൽ ഇരിക്കുമ്പോൾ മാണിക്യമായാലും ഒരു പ്രയോജനവും ഇല്ലെന്നെ.

Monday, March 16, 2009

ആല്‍ത്തറകള്‍ ഇല്ലാതെയാവുന്നത്

കേരളീയ സമൂഹത്തിന്റെ മുഖമുദ്രയായിരുന്നു ആല്‍ത്തറകളും ആല്‍ത്തറക്കൂട്ടങ്ങളും. മനുഷ്യന്‍ സമൂഹമായി ജീവിക്കാനാരംഭിച്ചത് മുതല്‍ ഈ കൂട്ടം ചേരല്‍ ഉണ്ടായിരുന്നിരിക്കാം. സായാഹ്നങ്ങളിലും മറ്റൊഴിവു സമയങ്ങളില്‍ വിരസതയകറ്റാന്‍ നാം അവിടെ ഒത്തുകൂടിയിരുന്നു, പരസ്പരം ആശയക്കൈമാറ്റങ്ങള്‍ നടത്തുന്നു. വെറും സമയം കൊല്ല്ലല്‍ എന്നതില്‍ കവിഞ്ഞ് ദൈനം ദിന ജീവിതത്തില്‍ അന്നന്നുണ്ടായ സംഭവങ്ങള്‍ പരസ്പരം കൈമാറാനും ശരിതെറ്റുകള്‍ വിശകലനം ചെയ്യാനും ഈ സന്ദര്‍ഭങ്ങള്‍ നാമുപയോഗിച്ചു. ശരിതെറ്റുകളുടെ വിശകലനത്തേക്കാള്‍, ഇവയിലെ അപേക്ഷികത ഉരച്ചു നോക്കാന്‍ ഈ കൂട്ടായ ചര്‍ച്ച ഉപകരിച്ചിരിക്കണം. ഒരാളുടെ ശരി മറ്റൊരാള്‍ക്ക് തെറ്റായി വരുന്ന ആപേക്ഷികതയില്‍ ഇവ രണ്ടിന്റേയും സന്തുലനം സൃഷ്ടിക്കുക വഴി സമൂഹത്തിനാകമാനം വഴികാട്ടിയിരുന്നു.പഴയ കാല സിനിമകളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു രംഗമാണ് ആല്‍ത്തറ. ആല്‍ത്തറയും അവിടത്തെ കൊച്ചു വര്‍ത്തമാനങ്ങള്‍ , ചീട്ടുകളിക്കുകയും തായം കളിക്കുകയും ചെയ്യുന്ന ചെറു സംഘങ്ങള്‍ ഇവ ഗ്രാമീണതയുടെ പര്യായമായിരുന്നു. കാലം മാറുന്നതിനനുസരിച്ച് കോലം മാറുന്ന കേരളീയ സമൂഹം പലതും തുടച്ചു മാറ്റിയ കൂട്ടത്തില്‍ ആല്‍ത്തറകളും തൂത്തെറിഞ്ഞു. അവ ആല്‍മരങ്ങളുടെ ചുവട് സംരക്ഷിക്കാനുള്ള സംരക്ഷണോപാധി മാത്രമായി രൂപാന്തരം പ്രാപിച്ചു.

മനുഷ്യസ്നേഹത്തിലധിഷ്ഠിതമാണ് ആല്‍ത്തറ, തന്നെപ്പോലെ തന്ന മാനിക്കപ്പെടേണ്ടവനാണ് തന്റെ സഹജീവിയും എന്നുള്ള ചിന്ത. പരസ്പര വിശ്വാസവും സഹിഷ്ണുതയുമാണ് അതിനെ കെട്ടി നിര്‍ത്തുന്നത്. ഈ കെട്ടുറപ്പ്, വിരുദ്ധ ആശയങ്ങള്‍ പോലും പൊതുവായി തുറന്നു പറയാനും ചര്‍ച്ച ചെയ്യാനും ഓരോ കൂട്ടുകാരനും ധൈര്യം പകര്‍ന്നു. മാര്‍ക്സിറ്റുകാരനും കോണ്‍ഗ്രസ്സുകാരനും ഒരേ സമയം പരസ്പരം കലഹിക്കുകയും സ്നേഹിക്കുകയും ചെയ്തു. ഇതില്‍ നിന്നും ഉരുത്തിരിഞ്ഞതാവട്ടെ കോട്ട കെട്ടിത്തിരിക്കാത്ത മാനവികതയുടെ ഐക്യം. രാഷ്ടീയ, സാമൂഹിക വലുപ്പച്ചെറുപ്പങ്ങളില്ലാത്ത സൌഹൃദങ്ങള്‍. തന്റെ സമയം മറ്റുള്ളവനുവേണ്ടികൂടി ചിലവഴിക്കാനും തന്റെ കാതുകളാല്‍ മറ്റുള്ളവന്റെ ശബ്ദം കൂടി കേള്‍ക്കാനും ഒരോരുത്തരും തയ്യാറായി. തൊഴിലിടങ്ങളില്‍ നിന്നും ക്ഷീണിതനായെത്തുന്ന ഒരുവന് മനോസുഖം ലഭിക്കാന്‍ വേറെന്താണ് വേണ്ടത് ! തന്റെ ദുഖങ്ങള്‍ തുറന്നു പറയുന്നത് മോശപ്പെട്ട ഒന്നാണെന്ന ചിന്തതന്നെ അവനുമുന്നിലുണ്ടായിരുന്നില്ല. സമൂഹത്തിന്റെ മാനസികാരോഗ്യം കാക്കുന്നതുപോലും ആല്‍ത്തറ അയിരുന്നു എന്നു പറയുന്നതില്‍ തെറ്റുണ്ടാവുമോ?

ഇന്നോ, അവനവന്‍ തന്നിലേക്ക് തന്നെ ചുരുങ്ങി സ്വന്തം മാളത്തില്‍ അടയിരിക്കുന്നു. സഹിഷ്ണുത കേരളീയ സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായി. വിമര്‍ശനങ്ങള്‍ ക്ഷമയോടെയും ശാന്തമനസ്സോടെയും കേള്‍ക്കാനുള്ള മാനസ്സികാരോഗ്യം ഏവര്‍ക്കും നഷ്ടമായി. ഫലമോ , വിരുദ്ധാ‍ഭിപ്രായങ്ങള്‍ സംഘര്‍ഷങ്ങളില്‍ കലാശിക്കുന്നു. കൂട്ടുകെട്ടുകള്‍ കൊടിയുടെ നിറവും, ജോലിയുടെ തരവും , എന്തിനേറെ ശമ്പളത്തിന്റെ അക്കങ്ങള്‍ പോലും അടിസ്ഥാനപ്പെടുത്തിയായിരിക്കുന്നു. യാഥാര്‍ത്ഥ്യത്തിനെ ലോകത്ത് നഷ്ടപ്പെടുന്ന ഇത്തരം കൂട്ടുകെട്ടുകളും സ്നേഹബന്ധങ്ങളും തങ്ങളുടെ അടച്ചമുറിയില്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റ്റെ ഫലമാണ് നമ്മെ പലരേയും ഇന്റര്‍നെറ്റില്‍ കുടുക്കിയിടുന്നത്. തന്നെപ്പോലെ മറ്റൊരാളെ കണ്ടുമുട്ടും എന്നപ്രതീക്ഷയില്‍ ഒരൊരൊ പാഴ് ശ്രമങ്ങള്‍ നടത്തുന്നു. ഇതിനൊരു അപവാദമായി വേണമെങ്കില്‍ ബൂലോക കൂട്ടായ്മകളെ കാണാം. എന്ത് പരീക്ഷണത്തിനു സൊഫ്റ്റ്വെയറാല്‍ സൃഷ്ടിക്കുന്ന വിര്‍ച്വല്‍ മെഷീനുകള്‍ ഉപയോഗിച്ചു നോക്കുന്ന നമ്മള്‍ ബൂലോക കൂട്ടായ്മയില്‍ വിര്‍ച്വല്‍ ആല്‍ത്തറകള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. ഈ ആല്‍ത്തറയിലായാലും മറ്റു ബൂലോക കൂട്ടുകെട്ടുകളിലായാലും ലഭിക്കുന്ന സന്ദേശവും മറ്റൊന്നല്ല. എന്നിരുന്നാലും താന്താങ്ങളുടെ മനോസുഖത്തിനുപരിയായി നാം പ്രതിനിധാനം ചെയ്യുന്ന് ബൂലോകത്തിന് ഉപകരിക്കത്തക്ക വിധത്തില്‍ ഇത്തരം ഇടങ്ങളിലെ ചര്‍ച്ചകള്‍ മുന്നേറട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു.

Saturday, March 7, 2009

“നിഴല്‍ചിത്രങ്ങള്‍”

മഷിയെഴുതിയ നിഴല്‍‌ചിത്രങ്ങള്‍ ബൂലോകത്തു നിന്ന് ഉടന്‍ പുസ്തകശാലകളിലേക്ക്


ബ്ലോഗ്‌ എന്ന ഈ മാദ്ധ്യമം നിരവധി എഴുത്തുകാരുടെ വളര്‍ച്ചക്ക്‌ വഴിയൊരുക്കിയിരിക്കുന്നു.അക്കൂട്ടത്തില്‍ എന്തുകൊണ്ടും എടുത്തു പറയേണ്ടുന്ന ഒരു നാമമാണ്‌ 'കാപ്പിലാന്‍' എന്നത്‌. കാപ്പിലാന്‍ എന്നത് കേരളത്തില്‍ ആലപ്പുഴ ഡിസ്ട്രിക്റ്റില്‍ പെടുന്ന കാപ്പില്‍ എന്ന തന്റെ ജന്മദേശത്തെ സ്നേഹപൂര്‍വ്വം സ്മരിച്ചുകൊണ്ട്‌ ശ്രീ.ലാല്‍ പി.തോമസ്‌ സ്വീകരിച്ചിരിക്കുന്ന ബൂലോകതൂലികാനാമം ആണ്‌.
എടുത്തു പറയേണ്ടത്‌ അദ്ദേഹത്തിന്റെ കവിതകളുടെ വൈവിദ്ധ്യവും അതിനു വിഷയീഭവിച്ചിരിക്കുന്ന വസ്തുതകളുടേയും വസ്തുക്കളുടേയും പ്രത്യേകതകളാണ്‌. നമ്മുടെ ചുറ്റിനും സര്‍വ്വസാധാരണയായി കാണപ്പെടുന്ന പാഴ്‌വസ്തുക്കള്‍ പോലും അദ്ദേഹത്തിന്‌ കവിതയ്ക്ക്‌ വിഷയീഭവിച്ചിരിക്കുന്നു. ഒരിക്കലും ഒരു സാധാരണക്കാരന്റെ മനസ്സില്‍ ഈ വസ്തുക്കള്‍ കവിത ജനിപ്പിക്കും എന്നു നാം പ്രതീക്ഷിക്കുകയേയില്ല. കാപ്പിലാന്‍ എന്ന കവിയുടെ മനസ്സ്‌ ഇവയിലെല്ലാം ഒരു ദാര്‍ശനികതലം ദര്‍ശിക്കുന്നു..
അത്യധികം ലളിതവും സുന്ദരവുമായ പ്രതിപാദന ശൈലിയിലിയുള്ള കാപ്പിലാന്‍ കവിതകള്‍ കൈരളിക്ക്‌ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടു തന്നെയാണ്‌. അനുവാചക മനസ്സുകളില്‍ ഒരേസമയം അനുഭൂതിയുടെ അനുരണനങ്ങള്‍ ഉണര്‍ത്തുകയും ചിന്താധാരയ്ക്ക്‌ തിരി കൊളുത്തുകയും ചെയ്യുന്നു ഈ കവിതകള്‍. വൃത്തഭംഗിയുടേയും പ്രാസഭംഗിയുടേയും മറ്റും ചട്ടക്കൂട്ടുകളിലൊതുക്കാതെ കവിമനസ്സ്‌ പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ കൊച്ചുകൊച്ചു വരികളിലൂടെ പറഞ്ഞു വയ്ക്കുക എന്ന രീതിയാണ്‌ കവി ഇവിടെ സ്വീകരിച്ചിരിക്കുന്നത്‌. ഭാവസമ്പുഷ്ടവും അര്‍ത്ഥസമ്പുഷ്ടവുമായ ഈ കൃതികള്‍ വായനക്കാര്‍ക്ക്‌ വിശേഷമായൊരു അനുഭവമായിരിക്കും പകര്‍ന്നു തരിക എന്നതില്‍ സംശയമില്ല.[ അവതാരികയില്‍ നിന്ന്]പ്രശസ്ത കവിയും പണ്ഡിതനും വാഗ്മിയും സര്‍വ്വോപരി ബൂലോകരുടെ കണ്ണില്‍ ഉണ്ണിയുമായ കാപ്പിലാന്‍ മലയാള ബ്ലോഗിന് ലഭിച്ച ഒരു വരദാനമാണ് .ഈ മാസം അവസാനം കവിയുടെ ജന്മദേശമായ കാപ്പില്‍ വച്ചു നടക്കുന്ന ലളിതമായ ചടങ്ങില്‍ “നിഴല്‍ചിത്രങ്ങള്‍” പ്രകാശനം ചെയ്യും..

ഈ അവസരത്തില്‍ ആശ്രമവാസികളുടെയും

ആല്‍ത്തറയുടെയും അഭിവാദനങ്ങള്‍ അഭിനന്ദനങ്ങള്‍ ആശംസകള്‍

Thursday, March 5, 2009

ആനവിശേഷം

നാട്ടിൽ ആനയിടഞ്ഞു

പൂസായ പപ്പാന്മാർക്കൊപ്പം ആനയുടെ ആറാട്ട്.ഭഗവാന്റെ തിടമ്പേന്തിയ തിരുമേനിന്മാർ ആനേടെ പുറത്ത്. ഉത്സവം പൊടിപൊടിക്കുമ്പോൾ ആന ഒരു പപ്പാനെ തോണ്ടി ഒരേറ് പപ്പാൻ എവിടെ പോയോന്ന് ആരും കണ്ടില്ല.ആനപ്പുറത്ത് ഇരുന്ന് തിരുമേനിന്മാർ രാമാ കൃഷ്ണാന്ന് നാമം ജപിക്കുന്നു.
ഒന്നാൻ പപ്പാനെ കിട്ടാഞ്ഞ് രണ്ടാം പപ്പാന്റെ പിന്നാലെ ആന കുതിച്ചു രണ്ടാം പപ്പാൻ അടുത്തു കണ്ട കുളത്തിലോട്ട് എടുത്ത് ചാടി നീന്തി അക്കരെ കയറി.
അക്കരെ കയറിയ പപ്പാൻ തന്റെ മൊബൈലിൽ ഒന്നാം പപ്പാനെ വിളിച്ചു.
“എവിടെ ?.
ഒന്നാം പപ്പാൻ :ഞാനിവിടെ കിണറ്റിലുണ്ട്।
(അടുത്തുള്ള പൊട്ടകിണറ്റിൽ ഒരു വള്ളിയിൽ തൂങ്ങി പപ്പാൻ നില്ക്കുന്നു)

ഒരു ഉത്സവത്തിന് ആനയിടഞ്ഞൂ.

ആനള് പത്തെണ്ണം പിന്നെ ചെണ്ടകാരും തീവെട്ടികാരും പോരാത്തതിന് നല്ല ചൂടും. ആന തീവെട്ടിയുടെ ചൂടോടെ ആയപ്പോൾ ഉച്ചത്തിൽ ഒരു ചിന്നം വിളി.ഇതു കണ്ട് ആളുകൾ ഓടി।ഉത്സവപ്പറമ്പിൽ ട്യൂൺ ചെയ്തു കൊണ്ടിരുന്ന് ഒരുത്തൻ പെൺകൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി കാണാൻ കൊള്ളാവുന്ന പെണ്ണിന് ഒരുമ്മ കൊടുത്ത് ഒരോട്ടം.ആനയിടഞ്ഞതുമില്ല.അവിടെ പെണ്ണൂകരഞ്ഞിട്ട് ആളുകൾ കൂടി അവനെ എടുത്ത് അലക്കി അവൻ ഒരാഴച്ച ആശുപത്രിയിൽ.

പപ്പാന്റെ കുടിം ആനേടം കാവലും

വടക്കുള്ള ഒരു സർക്കസ്സ് ആന.പെണ്ണാണ്.പപ്പാൻ രാമനാണെല് കള്ളൂ കുടിക്കാതെ തരമില്ല।കള്ളൂ കുടിച്ച് പപ്പാൻ ആനയുമായി വന്നിട്ട് റോഡിൽ ധിം എന്നൊരു വീഴ്ച്ച.അതു കണ്ടു പാവം പിടിയാന രമണി പപ്പാൻ രാമനു കാവലു നിന്നു.രാത്രി പെട്രോളിങ്ങിനിറങ്ങിയ പോലീസ് പപ്പാനെ തൂക്കിയെടുത്തു. പപ്പാൻ രാമൻ പറഞ്ഞു.
“എടി രമണി ദേ ഇവരെന്നെ കൊണ്ട് പോകുന്നു.“
രമണി അതുകണ്ടിട്ട് കാലു ഉയർത്തി ചിന്നം വിളിച്ചു.
പാവം പോലീസുകാര് പപ്പാനെ വിട്ട് ഓടി.
താഴെ വീണു കിടന്ന പപ്പാനെ രമണി തൂക്കിയെടുത്ത് വീട്ടിലെത്തിച്ചു.

ആനതൂങ്ങി ചത്തു.
ഒരു പറമ്പിന്റെ മാടിൽ കൊണ്ടു പോയി കെട്ടിയിരുന്ന് ആന താഴെ വീണൂ ചത്തു.തൂങ്ങി നിന്ന ആനയ്ക്ക് പത്രകാർ കുറിപ്പ് എഴുതി ആന തൂങ്ങി ചത്തു.

Wednesday, March 4, 2009

ഐസില്‍ കൊത്തിയ ശില്പങ്ങള്‍അമേരിക്കയില്‍ മഞ്ഞു കാലം കഴിയുവാന്‍ ഇനി ഏതാനും നാളുകള്‍ കൂടി മാത്രം .ഈ തണുപ്പില്‍ ഞങ്ങള്‍ ഇങ്ങനെ കുറെ നാള്‍ കഴിച്ചുകൂട്ടി .കഴിഞ്ഞ ആഴ്ച ഞാന്‍ താമസിക്കുന്ന സ്ഥലത്ത് ഒരു മഞ്ഞുകാല ഉല്‍സവം ഉണ്ടായിരുന്നു .രണ്ടോ മൂന്നോ ദിവസം മാത്രമെ ആയുസുള്ളൂ എങ്കിലും ഐസില്‍ തീര്ത്ത ഈ ശില്പങ്ങള്‍ക്ക് നല്ല നയന സുഖം ഉണ്ടായിരുന്നു . എന്റെ സന്തോഷം നിങ്ങളുടെയും ആയിരിക്കട്ടെ . ഇതാ ആ ചിത്രങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു .

ചില അമേരിക്കന്‍ കാഴ്ചകള്‍ .


Monday, March 2, 2009

കാല്‍പാദ പരിചരണം

കാല്പാദത്തിന്റെ വൃത്തി പരാമര്‍ശിച്ചത് ഞാന്‍ വായിച്ചത് നട്ടപിരാന്തന്റെബ്ലോഗില്‍ ആണ്.


Posted by Picasa

ഇന്നലെ പള്ളിയില്‍ നിന്ന് മടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത് പതിവിലും കൂടുതല്‍“Get a pedicure”എന്നാ പരസ്യം വഴിനീളെ, വിന്ററ് തീരാന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കി, സ്നോ ബൂട്ടില്‍ നിന്നും ഷൂസില്‍ നിന്നും കാല്‍ പാദങ്ങള്‍ പുറത്തുവരാന്‍ പോകുന്നു.


Posted by Picasa

കാലിന്റെ രക്ഷയെ പറ്റി ഞാന്‍ എഴുതി തുടങ്ങിയതപ്പോഴാണ്.മലയാളികളില്‍ കാല്പാദം ശരിയായി സംരക്ഷിക്കുന്നവര്‍ എണ്ണത്തില്‍ കുറവാണ് അതുകൊണ്ടു തന്നെ കുഴിനഖം ചുടുവാതം ഒക്കെ സാധാരണം. അല്പം സമയം ചിലവഴിച്ചാല്‍ പാദങ്ങള്‍ ഭംഗിയും വൃത്തിയും ഉള്ളതായി എന്നും സൂക്ഷിക്കാം.Posted by Picasa
കാല്‍ നഖം വളര്‍ന്നിരിക്കുകയോ ഒടിഞ്ഞിരിക്കുകയോ ആണെങ്കില്‍ അത് മുറിച്ച് വെടിപ്പാക്കണം. [കുഴിനഖം ഒഴിവാക്കാന്‍ നഖത്തിന്റെ നടുഭാഗം കനം കുറക്കുക അത് ഫയല്‍ ചെയ്തോ ചീകി കളയുകയോ ചെയ്യാം അതൊരു പൊടിക്കൈ ആണ്].Posted by Picasa

കാലില്‍ എണ്ണ തൂക്കുക, ചെറുചൂടു വെള്ളത്തില് കാല്‍‍ മുക്കി വയ്ക്കുകഅല്പം സോപ്പും പുരട്ടി ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് നഖങ്ങള്‍ ഉരച്ചു കഴുകാം.കാല്‍ കഴുകി വൃത്തിയായി തുടച്ചു, തോലിപ്പുറമെ ക്രിം അല്ലങ്കില്‍ എണ്ണ തൂക്കുക.


Posted by Picasa

രാത്രി ഉറങ്ങുന്നതിനു മുന്നെ

1. രണ്ട് ബെയ്‌സിനുകള്‍ ഒന്നില്‍ നല്ല ചൂട് വെള്ളവും മറ്റോന്നില്‍ തണുത്ത വെള്ളവും എടുക്കുക
2. കാല്പാദം ആദ്യം തണുത്ത വെള്ളത്തില്‍ ഒരു മിനിട്ട് വയ്ക്കുക

3. അവിടെ നിന്ന് എടുത്ത് ചൂടുവെള്ളത്തില്‍ അടുത്ത ഒരു മിനിട്ട് കാലിറക്കി വയ്ക്കുക.

4.ഇത് മൂന്ന് നാലുപ്രാവശ്യം ആവര്‍ത്തിക്കുക.

5 കാല്‍ നല്ല ഒരു ടവല്‍ കൊണ്ട് തുടച്ചുണക്കുക

6.ഏതെങ്കിലും ക്രീം, അല്ലങ്കില്‍ എണ്ണ തേച്ചു പിടിപ്പിച്ചിട്ട് ഉറങ്ങാന്‍ കിടക്കുക .

Posted by Picasa


കാലിലെ രക്തഓട്ടം നന്നാവുന്നതിനും മരപ്പ് വേദന ഇവ മാറുന്നതിനും സഹായം ആണ്. ഡയബറ്റിക്ക് ആയിട്ടൂള്ളവര്‍ നിര്‍ബന്ധമായും ഇത് ചെയ്തിട്ടേ കിടക്കാവു, കാലിന്റെ സ്പര്‍ശനശേഷി പെട്ടന്ന് കുറയാനും, ചെരുപ്പിട്ട് പൊട്ടല്‍,കാല്‍ തട്ടി മുറിവ്, കാലില്‍ വല്ലതും തറഞ്ഞു കയറുക ഇവ പ്രമേഹരോഗികള്‍ പലപ്പോഴും അറിയില്ല. അതുകൊണ്ടാണ് രാത്രിയില്‍ ചൂടും തണുപ്പും വെള്ളത്തില്‍ കാല്‍ മാറ്റി വെയ്ക്കണം കഴുകി തുടച്ച് എണ്ണയോ ക്രീമോ തൂത്ത് കിടക്കണം എന്ന് പറയുന്നത്.

പൊസ്റ്റില്‍ ഇട്ടിരിക്കുന്ന പടങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്.