കാവാലം എനിക്ക് ഒത്തിരി ദുഃഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും എന്നും ഞാന്‍ അവളെ ഗാഢഗാഢം പ്രണയിച്ചിട്ടേയുള്ളൂ. അവിടത്തെ ഇടവഴികള്‍, പൂക്കൈതയാറ്, പാടങ്ങള്‍ പാടവരമ്പുകള്‍ ഇവയെല്ലാം എന്‍റെ മനസ്സിന് വര്‍ണ്ണനാതീതമായ അനുഭവങ്ങളാണ്. ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍ ആ ഗ്രാമത്തെ സ്നേഹിച്ചിരുന്നു. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുര്യന്‍ സാറാണ് പൂക്കളെയും മരങ്ങളെയും സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത്. എന്‍റെ നാടിന്‍റെ ഹരിതാഭയെ സമ്പന്നമാക്കുവാന്‍ ഞാനും നട്ടു വളര്‍ത്തി ധാരാളം മരങ്ങളും ചെടികളും.
റോസ്, ജമന്തി, അല്ലിച്ചെന്താമര, കൊങ്ങിണി, തുളസി, നാലുമണിപ്പൂവ്, എട്ടുമണിപ്പൂവ്, കണിക്കൊന്ന, ധാരാളം മഴമരങ്ങള്‍, മാവ്, ഞാവല്‍, തെങ്ങ്, അടക്കാമരം, കുരുമുളക്, കാപ്പി ഇങ്ങനെ നിരവധി സസ്യങ്ങളെ ഞാനും അമ്മയും കൂടി നട്ടു പോറ്റി. കുടുംബവീടിന്‍റെ പരിസരങ്ങളിലാണ് ഇവയെല്ലാം നട്ടിരുന്നത്. കാലങ്ങള്‍ കഴിഞ്ഞു പോയി. വല്ലപ്പോഴും കാവാലത്ത് പോകുമ്പോള്‍ മാനം മുട്ടെ വളര്‍ന്ന മഴമരങ്ങളും, മാവുകളില്‍ പടര്‍ന്ന കുരുമുളകു വള്ളിയും, സ്വര്‍ണ്ണവര്‍ണ്ണത്തില്‍ കുലയിട്ടു നില്‍ക്കുന്ന അടയ്ക്കകളും കാണുമ്പോള്‍ മനസ്സിന്‍റെ സന്തോഷം അതിരില്ലാത്തതായിരുന്നു. അവയ്ക്കെന്നെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.
ബാല്യത്തില്‍ നിന്നുള്ള എന്‍റെ വളര്‍ച്ചയില്‍ എന്‍റെ കണ്ണീരു വീണലിയാത്ത ഒരു മരത്തണല്‍ പോലും ആ പറമ്പില്‍ ഉണ്ടാവില്ല. എത്രയോ മണിക്കൂറുകള്‍ എന്‍റെ ഏകാന്തതക്കു കൂട്ടായി, ഇളം കാറ്റു കൊണ്ടെന്നെ തഴുകി സാന്ത്വനിപ്പിചിരുന്നു സ്നേഹം പൂവിട്ടിരുന്ന ആ വൃക്ഷലതാദികള്‍. പ്രകൃതിയുടെ ഏറ്റവും വലിയ വരദാനമായ, സമ്പത്തായ മരങ്ങള്‍...
ഇത്തവണത്തെ അവധിക്ക് ഞാന്‍ കാവാലത്ത് പോയിരുന്നു. ഹൃദയഭേദകമായിരുന്നു കാഴ്ച. മക്കളേപ്പോലെ പോറ്റി വളര്‍ത്തിയ, തണലും, തലോടലുമായിരുന്ന മരങ്ങളെല്ലാം വെട്ടിയിട്ടിരിക്കുന്നു. തേന്‍ വരിക്ക വിളഞ്ഞിരുന്ന പ്ലാവുകളടക്കം, തുച്ഛമായ പണത്തിനു വേണ്ടി! ആ നീചമായ കാഴ്ചക്കു മുന്‍പില്‍ കരയാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഹൃദയമുള്ളവര്‍ ആരായാലും കരഞ്ഞു പോകും. അവയുടെ കണ്ണുനീരെന്ന പോലെ മുറിപ്പാട്ടില്‍ നിന്നും ജലരേഖകള്‍ നീണ്ടിരുന്നു.
ഇത് ഇവിടെ എഴുതിയതിന് ഒരേയൊരു കാരണമേയുള്ളൂ... പ്രിയ സ്നേഹിതരേ, ഇനിയെങ്കിലും ഓരോ മരവും മുറിക്കുന്നതിനു മുന്‍പ് ഓര്‍ത്തുകൊള്ളുക, അതിനേയോര്‍ത്ത് ഹൃദയം പൊട്ടിക്കരയാന്‍ ഒരു ആത്മാവിനെയെങ്കിലും ആ മരം നേടിയിട്ടുണ്ടാവുമെന്ന്.
12 comments:
പ്രിയ സോദരരെ ,
ഒരു മരം മുറിക്കുമ്പോൾ ഒരു മരം നടുക.
“മരം“ നമ്മുടെ ശ്വാസനാളമെന്ന് തിരിച്ചറിയുക.
പ്രിയ ജയകൃഷ്ണൻ, ഞാൻ ആ വേദന തിരിച്ചറിയുന്നു. ഒരിക്കൽ നമ്മുടേതായിരുന്ന, അല്ലെങ്കിൽ നമ്മൾ കുറച്ചു കാലമായി വിട്ടു നിന്ന, ബാല്യ കാലം പിന്നിട്ട സ്ഥലം പിന്നെ ഒരിക്കൽ തിരികെ വന്നു സന്ദർശിക്കുമ്പോൾ അവിടെ വന്ന മാറ്റങ്ങൾക്കും അവിടെ സംഭവിച്ച നാശങ്ങൾക്കും നമ്മിൽ ഉണ്ടാക്കാൻ കഴിയുന്ന വേദന വിവരണാതീതമാണു. നമ്മൽ നട്ട് വളർത്തിയ മരം വെട്ടി നശിപ്പിക്കപ്പെട്ടു പോയാലും ആ മരം നിന്ന ഇടത്തിലെ ഓർമകൾ നമ്മെ പുളകം കൊള്ളിക്കും.
കലിയാണ് കാലം.
സംഹാരം അകലെയല്ല.
നമുക്ക് വിലപിക്കാം....
മരം ഒരു വരം തന്നെ..
പക്ഷേ കുറച്ചധികം പണത്തിന് വേണ്ടി അത് മുറിയ്ക്കരുതെന്ന് ആവശ്യപ്പെടാന്‍ നമുക്ക് കഴിയുമോ..
എനിയ്ക്ക് പണത്തിനത്യാവശ്യം വന്നാല്‍ ഞാനും ചിന്തിച്ചേക്കും എന്റെ പറമ്പിലെ മരം മുറിച്ച് വിറ്റ് കടം വീട്ടാം എന്ന്...
നമുക്ക് ചെയ്യാന്‍ കഴിയുന്നത് മുറിയ്ക്കുന്ന മരം നമ്മള്‍ക്ക് വേണ്ടി നമ്മുടെ മുന്‍തലമുറ വച്ച് പിടിപ്പിച്ചതാണെന്ന് മനസ്സിലാക്കുക... അത് നമുക്ക് പലതരത്തിലും പ്രയോജനപ്പെട്ടു.. ഇനി അടുത്ത തലമുറയ്ക്ക് വേണ്ടി നാം മരങ്ങള്‍ വച്ച് പിടിപ്പിയ്ക്കുക..തില്പരം നിസ്വാര്‍ത്ഥ സേവനം വേറെ എന്തുണ്ട്.......
valare nalla post..... aashamsakal.....
Nice Message
ബാല്യവും, ചില ഏകാന്തതകളും, അവക്ക് കൂട്ടായി വൃക്ഷങ്ങളും എനിക്കും പരിചിതം. അതുകൊണ്ടാകാം, പോസ്റ്റ് ഉള്ളില്‍ കൊണ്ടു. എനിക്കും മുന്‍പേ വെട്ടിയിടപ്പെട്ട എണ്റ്റെ കൂട്ടുകാര്‍ക്ക് വേണ്ടി, ഒരിറ്റ് എണ്റ്റേയും വക,,
ശാരിയാണു മാഷേ ...നമ്മളെ പോലെ മരത്തിനും ജീവനും ,ജീവിതവുമുണ്ടു. മരം മുറിക്കുമുൻമ്പ് മണ്ണിനോടൂം പ്രകൃതിയോടും അനുവാധം വാങ്ങണം .നമ്മൾ അതു ചെയ്യാറില്ല
മരം എല്ലാവർക്കും വേണം മരം നട്ടുവളർത്താനാരുമില്ല. മരം നട്ടാൽ അടുത്ത തലമുറക്കത് ഉപകാരമാവും, പക്ഷെ സ്വാർത്ഥന്മാരാണ് കൂടുതലും..
ഇനിയെങ്കിലും ഓരോ മരവും മുറിക്കുന്നതിനു മുന്‍പ് ഓര്‍ത്തുകൊള്ളുക, അതിനേയോര്‍ത്ത് ഹൃദയം പൊട്ടിക്കരയാന്‍ ഒരു ആത്മാവിനെയെങ്കിലും ആ മരം നേടിയിട്ടുണ്ടാവുമെന്ന്. good work
വായിച്ചു തുടങ്ങിയപ്പോള്‍ മരങ്ങളുടെ തണല്‍ പകര്‍ന്ന തണുപ്പ് ഉള്ളിലേക്ക് അരിച്ചു കയറി. പക്ഷെ, മുറിഞ്ഞു വീണ മരങ്ങളെ പറ്റി കേട്ടപ്പോള്‍, വേനലിലെ ഒരു മധ്യാഹ്നത്തില്‍ എത്തിയത് പോലെ.. നന്നായിരിക്കുന്നു.
അറംഗസീബിനെ കുറിച്ചു പറയുന്ന ഒരു ചരിത്രം കേട്ടിട്ടുണ്ട്
പണ്ട് ദില്ലിയില്‍ ഉണ്ടായിരുന്ന ഒരു പള്ളി തകര്‍ന്നു വീണ വിവരം വനു പറഞ്ഞ് ആളോട് അദ്ദേഹം ആദ്യം ചോദിച്ച ചോദ്യം പള്ളിയോടു തൊട്ടുചേര്‍ന്നു നിന്ന ആല്‍മരം വീണോ എന്നയിരുന്നു അത്രെ
പള്ളി വേണമെങ്കില്‍ നാലു ദിവസം കൊണ്ടു പണിയാം പക്ഷെ അതു പോലെ ഒരു മരം വളരണം എങ്കില്‍ കൊല്ലം അന്‍പതു വേണം എന്നു വിശദീകരിക്കുകയും ചെയ്തു അത്രെ
Post a Comment