Saturday, January 15, 2011

വേദനയോടെ ഒരു അപേക്ഷ

കാവാലം എനിക്ക് ഒത്തിരി ദുഃഖങ്ങള്‍ നല്‍‍കിയിട്ടുണ്ടെങ്കിലും എന്നും ഞാന്‍ അവളെ ഗാഢഗാഢം പ്രണയിച്ചിട്ടേയുള്ളൂ. അവിടത്തെ ഇടവഴികള്‍, പൂക്കൈതയാറ്, പാടങ്ങള്‍ പാടവരമ്പുകള്‍ ഇവയെല്ലാം എന്‍റെ മനസ്സിന് വര്‍ണ്ണനാതീതമായ അനുഭവങ്ങളാണ്. ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍ ആ ഗ്രാമത്തെ സ്നേഹിച്ചിരുന്നു. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുര്യന്‍ സാറാണ് പൂക്കളെയും മരങ്ങളെയും സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത്. എന്‍റെ നാടിന്‍റെ ഹരിതാഭയെ സമ്പന്നമാക്കുവാന്‍ ഞാനും നട്ടു വളര്‍ത്തി ധാരാളം മരങ്ങളും ചെടികളും.

റോസ്, ജമന്തി, അല്ലിച്ചെന്താമര, കൊങ്ങിണി, തുളസി, നാലുമണിപ്പൂവ്, എട്ടുമണിപ്പൂവ്, കണിക്കൊന്ന, ധാരാളം മഴമരങ്ങള്‍, മാവ്‌, ഞാവല്‍‍, തെങ്ങ്, അടക്കാമരം, കുരുമുളക്‌, കാപ്പി ഇങ്ങനെ നിരവധി സസ്യങ്ങളെ ഞാനും അമ്മയും കൂടി നട്ടു പോറ്റി. കുടുംബവീടിന്‍റെ പരിസരങ്ങളിലാണ് ഇവയെല്ലാം നട്ടിരുന്നത്. കാലങ്ങള്‍ കഴിഞ്ഞു പോയി. വല്ലപ്പോഴും കാവാലത്ത് പോകുമ്പോള്‍ മാനം മുട്ടെ വളര്‍ന്ന മഴമരങ്ങളും, മാവുകളില്‍ പടര്‍ന്ന കുരുമുളകു വള്ളിയും, സ്വര്‍ണ്ണവര്‍ണ്ണത്തില്‍‍ കുലയിട്ടു നില്‍ക്കുന്ന അടയ്ക്കകളും കാണുമ്പോള്‍ മനസ്സിന്‍റെ സന്തോഷം അതിരില്ലാത്തതായിരുന്നു. അവയ്ക്കെന്നെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.

ബാല്യത്തില്‍ നിന്നുള്ള എന്‍റെ വളര്‍ച്ചയില്‍ എന്‍റെ കണ്ണീരു വീണലിയാത്ത ഒരു മരത്തണല്‍‍ പോലും ആ പറമ്പില്‍ ഉണ്ടാവില്ല. എത്രയോ മണിക്കൂറുകള്‍ എന്‍റെ ഏകാന്തതക്കു കൂട്ടായി, ഇളം കാറ്റു കൊണ്ടെന്നെ തഴുകി സാന്ത്വനിപ്പിചിരുന്നു സ്നേഹം പൂവിട്ടിരുന്ന ആ വൃക്ഷലതാദികള്‍. പ്രകൃതിയുടെ ഏറ്റവും വലിയ വരദാനമായ, സമ്പത്തായ മരങ്ങള്‍...

ഇത്തവണത്തെ അവധിക്ക് ഞാന്‍ കാവാലത്ത് പോയിരുന്നു. ഹൃദയഭേദകമായിരുന്നു കാഴ്ച. മക്കളേപ്പോലെ പോറ്റി വളര്‍ത്തിയ, തണലും, തലോടലുമായിരുന്ന മരങ്ങളെല്ലാം വെട്ടിയിട്ടിരിക്കുന്നു. തേന്‍ വരിക്ക വിളഞ്ഞിരുന്ന പ്ലാവുകളടക്കം, തുച്ഛമായ പണത്തിനു വേണ്ടി! ആ നീചമായ കാഴ്ചക്കു മുന്‍പില്‍ കരയാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഹൃദയമുള്ളവര്‍ ആരായാലും കരഞ്ഞു പോകും. അവയുടെ കണ്ണുനീരെന്ന പോലെ മുറിപ്പാട്ടില്‍ നിന്നും ജലരേഖകള്‍ നീണ്ടിരുന്നു.

ഇത് ഇവിടെ എഴുതിയതിന് ഒരേയൊരു കാരണമേയുള്ളൂ... പ്രിയ സ്നേഹിതരേ, ഇനിയെങ്കിലും ഓരോ മരവും മുറിക്കുന്നതിനു മുന്‍പ് ഓര്‍ത്തുകൊള്ളുക, അതിനേയോര്‍ത്ത് ഹൃദയം പൊട്ടിക്കരയാന്‍ ഒരു ആത്മാവിനെയെങ്കിലും ആ മരം നേടിയിട്ടുണ്ടാവുമെന്ന്.