Tuesday, September 13, 2011

പിതൃതര്‍പ്പണം (കഥ )



ഒരു വൈകുന്നേരം അയാള്‍ , അച്ഛനെയും തോളിലേറ്റി നടക്കുകയായിരുന്നു. ഒരാളെ ചുമലിലേറ്റി ഏറെ ദൂരം നടക്കുമ്പോള്‍ ചുമലുകളും കൈകളും വേദനിക്കുന്നുണ്ടെങ്കിലും ഒരു വാഹനത്തിലും കയറാന്‍  മെനക്കെടാതെ നടന്നു പോവാന്‍ തന്നെ തീരുമാനിച്ചു. എന്തൊക്കെയൊ തീരുമാനിച്ചുറപ്പിച്ചത് പോലായിരുന്നു  അയാള്‍ ഓരോ ചുവടുകളും മുന്നോട്ടു വെച്ചത്. ഒരുപക്ഷേ, അച്ഛനെ   ഈ ഒരു ദിവസം കൂടി ചുമന്നാല്‍ മതിയല്ലോ എന്ന ആശ്വാസമായിരിക്കാം അപ്പോള്‍  അയാളുടെ മുഖത്ത് ഉണ്ടായിരുന്ന ഭാവം എന്ന് തോന്നുന്നു.

അച്ഛനെ ചുമലിലേറ്റിക്കൊണ്ട്  പോകുന്നത് കൊണ്ടോ  അതോ ഇത്ര കാലമായിട്ടും ഈ  വാര്‍ദ്ധക്യത്തെ ചുമക്കുന്നുവല്ലോ  എന്നൊക്കെയുള്ള, പുച്ഛഭാവത്തിലുള്ള സഹതാപ കണ്ണുകളെ അവഗണിച്ചു അയാള്‍ വളരെ പതുക്കെപ്പതുക്കെ എന്നാല്‍ , ദൃഡനിശ്ചയത്തോടെ   ലക്ഷ്യസ്ഥാനത്തേക്ക് നടന്നടുത്തു.
 
     ഇതേ പോലെ തന്നെയുള്ള ഒരു മാനസികാവസ്ഥയിലായിരുന്നു  ആ 
അച്ഛനും ..ജരാനരകള്‍ ബാധിച്ചപ്പോള്‍ മകനും അവന്റെ ഭാര്യക്കും മക്കള്‍ക്കും താന്‍ ഒരു ബാധ്യത ആവുന്നതിന്റെ ഉല്‍ക്കണ്ഠയും ശയ്യാവലംബമായതിന്റെ വേദനയും ക്ഷീണവും, ഭാര്യ മരിച്ചതോടെ  ഏകാകിയും നിരാലംബനുമായി പോയവന്റെ നിരാശയും എല്ലാം  കണ്ണുനീര്‍ വറ്റി കുഴിഞ്ഞു പോയ ആ കണ്ണുകളില്‍  കരുവാളിച്ചിരുന്നു.
 
    അയാള്‍ അച്ഛനോട് എങ്ങോട്ട് പോകുന്നു എന്തിനു പോകുന്നു എന്നൊന്നും പറഞ്ഞിരുന്നില്ല. അച്ഛന്‍ അതൊട്ട്‌ ചോദിച്ചതുമില്ല... പക്ഷേ ആ മുഖത്ത് തന്നെ  എങ്ങോട്ട്  കൊണ്ടു പോകുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കയോ ആകാംക്ഷയോ തെല്ലും ഇല്ലായിരുന്നു.ഭാര്യ മരിച്ചതോടെ ശരീരവും മനസും തളര്‍ന്നു കഴിഞ്ഞ അയാളെ സംബന്ധിച്ചിടത്തോളം എവിടെ പോയാലും എല്ലാം ഒരു പോലെയായിരുന്നു. ഒരു മരണത്തില്‍ കുറഞ്ഞതൊന്നും ആ അച്ഛനും ആഗ്രഹിച്ചിരുന്നില്ലയെന്ന് തോന്നുന്നു.
 
         അവര്‍ക്കിടയില്‍  പരസ്പരം സംസാരിക്കാന്‍ ഒന്നുമില്ലായിരുന്നു .ഇനിയൊന്നും പറയാനില്ലെന്ന് അച്ഛനും, ഇനിയൊന്നും കേള്‍ക്കാനില്ലെന്നു മകനും തീരുമാനിച്ചത് പോലെ  അവരുടെ പാതയില്‍   ഒരു മൌനം പുതഞ്ഞു കിടന്നിരുന്നു .

            അച്ഛനെയും ചുമന്നു കൊണ്ട് അയാള്‍  ആളുകള്‍ തിങ്ങി പാര്‍ക്കുന്ന തെരുവും കടന്നു വിജനമായ ഒരു കടല്‍ത്തീരത്തേക്കാണ് പോയത്.എന്തുകൊണ്ടോ എന്നും പ്രക്ഷുബ്ധമായിരുന്ന തിരമാലകള്‍  വളരെ ശാന്തമായാണ്  അന്ന്  തീരങ്ങളെ തഴുകിയത് .അയാള്‍ അച്ഛനെ ചുമലില്‍ നിന്ന്  താഴെ  ഇറക്കി അടുത്തു കണ്ട ഒരു മണല്‍ത്തിട്ടയില്‍ മെല്ലെ ചാരി കിടത്തി.

            ഇത്ര സമയം അച്ഛനെ  ചുമന്നു കൊണ്ട് നടന്നതിനാല്‍ അയാളും ക്ഷീണിച്ചു പോയിരുന്നു .അച്ഛനെ കിടത്തിയതിന്റെ തൊട്ടടുത്തു തന്നെയിരുന്നു അയാളും  കുറച്ചു സമയം വിശ്രമിച്ചു.ഇടയ്ക്കു അയാള്‍ അച്ഛനെ പാളി നോക്കിയപ്പോള്‍ വാര്‍ധക്യത്തിന്റെ  അവശതയാല്‍ കുഴിഞ്ഞു പോയ കണ്ണുകള്‍ അങ്ങ് വിദൂരതയില്‍ നട്ടു  നിര്‍വികാരതയോടെ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്.ഇടയിലെപ്പോഴോ  അച്ഛന്റെ കണ്ണുകളും അയാളുടെ കണ്ണുകളും തമ്മിലുടക്കിയപ്പോള്‍ ,
 അച്ഛന്റെ കണ്ണുകളിലെ ദയനീയത താങ്ങാനുള്ള ത്രാണിയില്ലാത്തത് കൊണ്ടോ എന്തോ അയാള്‍ കണ്ണുകള്‍ വളരെ വേഗം പിന്‍വലിച്ചു .

           സൂര്യന്‍ അതിന്റെ  ഊര്‍ജപ്രഭാവം കെടുത്തി വെച്ച്  മെല്ലെ ആ കടലില്‍ താഴ്ന്നമരുമ്പോള്‍ അവര്‍ക്കിടയില്‍ ഇരുട്ട് ബാധിച്ചു തുടങ്ങിയിരുന്നു. മനസ്സില്‍ ബാക്കിയുള്ള നേരിയ പ്രകാശത്തിലാണ്  അയാള്‍ 
 , തന്റെ ഭൂതകാലത്തിലേക്ക് ഒന്ന് ചികഞ്ഞു നോക്കിയത്.

      അച്ഛനും അമ്മയ്ക്കും ഒറ്റ മകനായതുകൊണ്ട് വളരെ ലാളിച്ചും ഏറെ വാത്സല്യത്തോടും  കൂടിയാണ് അയാളെ അവര്‍ വളര്‍ത്തിയത്‌ .  മകന്റെ ഒരാവശ്യവും  എതിര്‍ക്കാതെ  
അവന്റെ സന്തോഷം അവരുടെ സന്തോഷമായി  കണ്ടു നടത്തിക്കൊടുത്തിരുന്നു. അവര്‍ക്ക് കിട്ടാതെ പോയ ഉന്നത വിദ്യാഭ്യാസം, വളരെ കഷ്ടപ്പെട്ടിട്ടായാലും അവനു  നല്‍കിപ്പോന്നു. അവരുടെ ആഗ്രഹങ്ങളും  പ്രതീക്ഷകളും കാത്തു സൂക്ഷിച്ചു കൊണ്ട് ആ മകന്‍  എല്ലാത്തിലും ഉന്നത വിജയങ്ങള്‍ തന്നെ  നേടിയെടുത്തു. അവന്റെ വളര്‍ച്ചയില്‍ അവര്‍  രണ്ടു പേരും അഭിമാനം കൊണ്ടു .ആ വിജയങ്ങള്‍ ഉയര്‍ന്ന ഉദ്യോഗവും നേടിയെടുക്കാന്‍ അവനെ സഹായിച്ചു.
 
              കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണിനെ അവനു ഇഷ്ടമാണ്  എന്നു പറഞ്ഞപ്പോള്‍ അവളുടെ വീട്ടുകാരുമായി സംസാരിച്ചു ഉറപ്പിച്ചു വളരെ ആര്‍ഭാടമായി തന്നെ അവരുടെ വിവാഹം നടത്തിക്കൊടുത്തു .അതില്‍ പിറന്ന  രണ്ടു  കുട്ടികളുമായി സസന്തോഷം  ജീവിക്കുന്നതിനിടയില്‍,   പൊടുന്നനെയാണ് അയാളുടെ അമ്മയുടെ മരണം.അമ്മയുടെ മരണത്തിനു ആ കുടുബം വലിയ വില കൊടുക്കേണ്ടി വന്നു. ആ മരണം  അച്ഛനെ വല്ലാതെ ഉലച്ചു  കളഞ്ഞു .അതോടെ തളര്‍ന്നു  പോയ അച്ഛന്‍ പിന്നെ ഒരു തരം വിഷാദത്തിലേക്കാണ്  വഴുതി വീണത്‌ .
       പിന്നീട് ഒരിക്കലും അതില്‍ നിന്ന് കരകയറാന്‍ സാധിക്കാത്തവണ്ണം  ഒരു വല്ലാത്ത  ഉന്മാദാസ്ഥയിലേക്കായിരുന്നു അച്ഛന്റെ മാറ്റം.തികച്ചും ഒരു  ഭ്രാന്തനെ പോലെ.....അയാള്‍ സഹതാപപൂര്‍വ്വം,  ക്ഷമയോടെ  അച്ഛനെ പരിപാലിച്ചുവെങ്കിലും ഭാര്യയുടെയും  മക്കളുടെയും പെരുമാറ്റം  അവജ്ഞയോടെയും  പരിഹാസത്തോടെയും കൂടിയായിരുന്നു . അതില്‍  അയാള്‍ക്കുള്ള വിഷമത്തെക്കുറിച്ച്   അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്തോറും അത് കൂടുന്നതല്ലാതെ ഒട്ടും തന്നെ കുറയുന്നില്ലായിരുന്നു.
 
        ഈ കാര്യത്തില്‍ അയാള്‍ക്ക് സങ്കടവും അതിലേറെ തന്റെ നിസ്സഹായതയില്‍  ആത്മനിന്ദയുമൊക്കെ തോന്നിയെങ്കിലും അപ്പോഴേക്കും എല്ലാം കൈ വിട്ടു പോയിരുന്നു ...ഭാര്യയുടേയും മക്കളുടെയും, അച്ഛനോടുള്ള  പെരുമാറ്റം ഒന്നിനൊന്നു വഷളായിക്കൊണ്ടിരുന്നതല്ലാതെ അതില്‍ ഒരു മാറ്റവും ഇല്ലാതെ നിരന്തരം തുടര്‍ന്നു. ഇന്ന് , ഭാര്യയും മക്കളും ഒറ്റക്കെട്ടായി നിന്ന്   അച്ഛനെ എവിടെയെങ്കിലും ഉപേക്ഷിക്കണം  എന്ന് അയാള്‍ക്ക് ഉഗ്രശാസന കൊടുത്തിരിക്കയാണ്...!!
 
       വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചു, അവിടെ കിടന്നു നരകിച്ചു മരിക്കാന്‍  അച്ഛനെ വിട്ടു കൊടുക്കാന്‍ അയാള്‍ക്കു  മനസ് വന്നില്ല . അങ്ങനെയാണ് അയാള്‍  ,എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്ന അച്ഛനെയും കൊണ്ട് പ്രക്ഷുബ്ദമായ മനസുമായി  ഈ കടല്‍ത്തീരത്തേക്കു  വന്നത്.
 
        എന്നാല്‍ ആ അച്ഛനോട്  മകനുള്ള കടപ്പാടിന്റെ പേരിലായാലും  ധാര്‍മികതയുടെ പേരിലായാലും ഇപ്പോള്‍ അയാളൊരു ആത്മസംഘര്‍ഷത്തിലാണ്. അയാളുടെ ഉള്ളില്‍ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. അച്ഛനെ ഉപേക്ഷിച്ചാല്‍,  അയാളുടെ മുന്‍തലമുറയിലെ അവസാന കണ്ണിയാണ്  പൊട്ടിപ്പോകുന്നത് എന്ന ബോധം,അതോടൊപ്പം ഭാര്യയുടെയും മക്കളുടെയും മുന്നില്‍ എന്തു  പറയും എന്നറിയാതെ ജീവിതം  ഒരു വലിയ സമസ്യയായി അയാള്‍  തളര്‍ന്നിരുന്നു  പോയി .സ്വന്തം മനസാക്ഷിയോട്  തന്നെ നീതി പുലര്‍ത്താനാവാത്ത  അയാളുടെ ഹൃദയമിടിപ്പിന്റെ വേഗതയില്‍ ശ്വോസോച്ച്വാസം ഉച്ചസ്ഥായിലായി .
 
     സ്വന്തം മകന്റെ ഓരോ സ്പന്ദനങ്ങളും ശരിക്കറിയുന്ന ആ അച്ഛന്‍   അയാളുടെ ഓരോ പ്രവര്‍ത്തിയില്‍ നിന്നും എല്ലാം ഗ്രഹിച്ചു. മകനെ വളരെ വാത്സല്യത്തോടെ അടുത്തു വിളിച്ചു പറഞ്ഞു,
"മകനേ, ഈ കടല്‍ത്തിരമാലകളിലാണ്  ഞാന്‍ എന്റെ അച്ഛനെ ഉപേക്ഷിച്ചത്. അതു   പോലെ തന്നെ നീ എന്നെയും ഈ കടലില്‍ തന്നെ ഉപേക്ഷിക്കുക . എനിക്ക് ഒരു അപേക്ഷ കൂടിയുണ്ട് .
ദേ നോക്കു, .... ഇവിടെയാണ്,ഈ തിരകളിലാണ്  ഞാന്‍ എന്റെ അച്ഛനെ തള്ളിയിട്ടു തിരിഞ്ഞു നടന്നത്.  പക്ഷേ എന്നെ ഇവിടെ  തന്നെ  ഉപേക്ഷിക്കരുത്  അങ്ങ്  ദൂരെ വളരെ ആഴം കൂടുതല്‍ ഉള്ളയിടത്തേക്കു     വലിച്ചെറിയൂ " എന്ന് പറഞ്ഞു അയാളുടെ കൈയില്‍ മുറുകെ പിടിച്ചു. അപ്പോഴും ഒരു പുഞ്ചിരി അച്ഛന്റെ മുഖത്ത് ബാക്കി ഉണ്ടായിരുന്നു
 
         അച്ഛനില്‍ നിന്ന് അതു ശ്രവിച്ച അയാള്‍ സ്തബ്ധനായി..! എന്നാല്‍, പെട്ടന്ന്  തന്നെ  മനോനില വീണ്ടെടുത്തെങ്കിലും അയാളുടെ വിറയല്‍ മാറിയിരുന്നില്ല. പിന്നെ ഒട്ടും സമയം പാഴാക്കാതെ വിറയാര്‍ന്ന കൈകളാല്‍   അച്ഛനെ വാരിയെടുത്ത് , നനഞ്ഞു കുതിര്‍ന്ന മണല്‍ത്തരികളില്‍ ഉറച്ച കാല്‍വെപ്പോടെ അലയടിച്ചു വരുന്ന  തിരമാലകളെക്കാള്‍ വേഗത്തില്‍  നടന്നകന്നു.
 
           അപ്പോള്‍ ചുറ്റിനും അന്ധകാരം പരത്തിക്കൊണ്ട്‌ സൂര്യന്‍ പൂര്‍ണമായും കടലില്‍ താഴ്ന്നിരുന്നു....  അതു വരെ ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍   രൌദ്രത്തോടെ കടല്‍ത്തീരത്തേക്ക്  ആഞ്ഞടിച്ചുകൊണ്ടിരുന്നു.... 

16 comments:

ഇസ്മയില്‍ അത്തോളി said...

പിതൃ തര്‍പ്പണം കഥ..മാറിയ കാലത്തിന്‍റെ കണ്ണാടിയായി.....
സമാനമായ ഒരു കഥ എന്‍റെ ബ്ലോഗില്‍ ഉണ്ട്..ജംഗമ വിളക്ക്.....ഒന്ന് കയറുമെന്ന് കരുതട്ടെ..........

സ്മിത said...

കാലികപ്രസക്തിയുള്ളകഥ!

Unknown said...

thanks

ഫൈസല്‍ ബാബു said...

ഇന്നു ഞാന്‍ നാളെ നീ !!
തീര്‍ച്ചയായും എല്ലാവരും വായിക്കേണ്ട ഒരു കഥ !!
പക്ഷെ ഈ സന്തേഷം എത്ര പേര്‍ ഇന്നത്തെ കാലം ഉള്കൊള്ളും?

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഒരു പാട് പ്രസക്തമായ കഥ ,തുടരുക ..

sunoj said...

kumaran you hurt me .i am very sensitive

Unknown said...

sunoj said...

kumaran you hurt me .i am very sensitive ?????

Unknown said...

@ ismail
@ smitha
@ faisalbabu
@ siyaf
@ sunoj ??

thanks

Unknown said...

Dear Hareesh,
Onnum ezhuthaan thonnunnilla; enne othiri snehikkunna ente achchane njaan orkkunnu..
enne orthu abhimaanikkunna ente achan..
divasavum samsaarikkumenkilum 3 maasangal koodumpozhe kaanaarullooo...
Achan illaathathinte shoonyatha orkkane vayya...

വാവാച്ചി said...

ennu 1-10-2011(vayojaka dinam)... ,,,, theerchayayum valare kalikapresakthamarnna kadha.... nannayittundu , thudarnnum ezhuthuka,,,,

വീകെ said...

പുതുതലമുറ തീർച്ചയായും വായിച്ചിരിക്കണം...
ജീവിതം ഒരു ബൂമറാങ് പോലെയാണ്. എല്ലാം തങ്ങളിലേക്കു തന്നെ തിരിച്ചുവരും...!!

ആശംസകൾ...

Unknown said...

നല്ല കഥ.

പക്ഷെ പലരും .......

Pradeep Kumar said...

"അവര്‍ക്കിടയില്‍ ഇരുട്ട് ബാധിച്ചു തുടങ്ങിയിരുന്നു. മനസ്സില്‍ ബാക്കിയുള്ള നേരിയ പ്രകാശത്തിലാണ് അയാള്‍..."

ഫാന്റസിയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ഇന്നിന്റെ യാധാര്‍ത്ഥ്യം ഭംഗിയായി പറഞ്ഞു.

ഓര്‍മ്മകള്‍ said...

Nalloru kadha, innu njan nale nee, arinjirikenda oru vishayam

ഉദയകുമാർ മേക്കോത്ത് the night watchman. said...

പത്താം ക്ലാസ്സിൽ ജി യുടെ കവിത വായിച്ച ഓർമയാണ് പെട്ടെന്നു ഉണ്ടായത്, പുതിയതിനു കാക്കുന്നു.

poc.alpy said...

good story
Thanks