Wednesday, June 15, 2011

അയാള്‍ ഞാനാണ്പൂമുഖത്തെ ചാരുകസേരയില്‍ കിടന്ന് നന്ദഗോപാല്‍ പുറത്തേയ്ക്ക് നോക്കി. മാനം ഇരുണ്ടുകൂടി കിടക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. ഒപ്പം മനവും.

ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരും ഒന്ന് മയങ്ങുകയാണ്. എല്ലാവരും എന്ന് പറയുമ്പോള്‍ പ്രായമായ അമ്മ, ഭാര്യ ചാന്ദിനി, അനന്തു എന്ന് വിളിക്കുന്ന മൂന്ന് വയസ്സുള്ള ഇളയമകന്‍ അനന്തകൃഷ്ണന്‍. ഏഴ് വയസ്സുള്ള മൂത്തമകള്‍ പാറുക്കുട്ടി എന്ന പാര്‍വ്വതി അകത്തിരുന്ന് ടി. വി. യില്‍ ഏതോ കാര്‍ട്ടൂണ്‍ കാണുന്നു. 

പക്ഷെ, അയാള്‍ക്ക് മാത്രം ഒന്നിനും കഴിയുന്നില്ല. ഉറങ്ങാനായി ചെന്നുകിടന്നതാണ്. പക്ഷെ, കണ്ണടയ്ക്കുമ്പോള്‍ മുന്നില്‍ തെളിയുന്നത്....!

മയങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അച്ഛന്റെ മണം ഇനിയും പോയിട്ടില്ലാത്ത (എന്ന് അയാള്‍ വിശ്വസിക്കുന്ന) ചാരുകസേരയില്‍ വന്നിരുന്നു. 

അത് നന്ദഗോപാലിന്റെ ശീലമായിരുന്നു. മനസ്സ് കലുഷമാകുമ്പോള്‍ ഈ ചാരുകസേര അയാള്‍ക്ക് ഒരാശ്വാസമായിരുന്നു. നെറുകയില്‍ തലോടി എല്ലാം ശരിയാകും എന്ന് പറഞ്ഞാശ്വസിപ്പിക്കുന്ന അച്ഛന്റെ അദൃശ്യസാന്നിദ്ധ്യം അയാളുടെ മനസ്സിനെ തണുപ്പിക്കുമായിരുന്നു.

പക്ഷെ, ഇന്ന് നന്ദഗോപാല്‍ ശരിക്കും തളര്‍ന്നുപോയിരിക്കുന്നു. സ്വന്തം മനസ്സ്, ചിലമ്പെടുത്ത് അലറിത്തുള്ളി അട്ടഹസിക്കുന്ന കോമരം പോലെ കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു പ്രതിക്കൂട്ടിലെന്നപോലെ അയാളുടെ ശരീരം വിറച്ചു.

മഴയുടെ മുന്നോടിയായി വീശിയ തണുത്ത കാറ്റ് അയാളെ തഴുകി കടന്നുപോയി. പക്ഷെ, ആ കാറ്റിന്റെ സ്പര്‍ശവും പുറകെ ഒരു ആര്‍ത്തനാദത്തോടെ എത്തിയ മഴയുടെ കുളിര്‍മ്മയും തന്നെ പൊള്ളിക്കുന്നതുപോലെ നന്ദഗോപാലിന് തോന്നി. 

തുള്ളിക്കൊരുകുടം പോലെ പെയ്തിറങ്ങുകയാണ് മഴ, ചാഞ്ഞും ചരിഞ്ഞും കാറ്റടിക്കുമ്പോള്‍ കിതപ്പടക്കിയും. അയാള്‍ വരാന്തയുടെ അരികിലേയ്ക്ക് നീങ്ങിനിന്നു. മേല്‍ക്കൂരയില്‍ നിന്നും ഒളിച്ചിറങ്ങുന്ന മഴയുടെ നേര്‍വരകളിലേയ്ക്ക് നന്ദഗോപാല്‍ കൈ മെല്ലെ നീട്ടി. വിരല്‍ത്തുമ്പുകളിലൂടെ ഒരു തണുപ്പ് മുകളിലേയ്ക്ക് അരിച്ചുകയറി, മനസ്സിലെത്താതെ പാതിവഴിയില്‍ എവിടെയോ മറഞ്ഞു.

ആഞ്ഞുവീശിയ ഒരു കാറ്റില്‍ മഴത്തുള്ളികള്‍ മുഖത്തേയ്ക്ക് തെറിച്ചുവീണപ്പോള്‍ അയാള്‍   മുഖമൊന്നമര്‍ത്തി തുടച്ചു.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയ്ക്കാണ് നന്ദഗോപാല്‍ ആ യുവാവിനെ ആദ്യമായും അവസാനമായും കാണുന്നത്. നല്ല ഇരുട്ടായതിനാല്‍ മുഖം വ്യക്തമല്ലായിരുന്നു. പക്ഷെ, ഏതോ വാഹനത്തിന്റെ ഹെഡ് ലൈറ്റില്‍ റോഡില്‍ വീണുകിടന്നിരുന്ന അയാളുടെ ചോരയോലിക്കുന്ന മുഖം മിന്നായം പോലെ ഒന്നുകണ്ടു. മറിഞ്ഞുകിടന്നിരുന്ന ബൈക്കില്‍ കൈകുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. നിര്‍ത്താതെ പോകുന്ന വാഹനങ്ങളില്‍ ദയനീയമായി നോക്കി നിലവിളിച്ചുകൊണ്ട് നാവ് കുഴഞ്ഞ ശബ്ദത്തില്‍ അയാള്‍ എന്തോ അപേക്ഷിക്കുന്നുണ്ടായിരുന്നു.

അങ്ങനെ നിര്‍ത്താതെ പോയ അനേകം വാഹനങ്ങളിലൊന്ന്  നന്ദഗോപാലിന്റെ കാറായിരുന്നു. കുറെ ദൂരം ചെന്നിട്ട് അയാള്‍ കാര്‍ റോഡിന്റെ ഒരുവശത്തേയ്ക്കൊതുക്കിയിട്ട് ഒന്നാലോചിച്ചു. ജീവന് വേണ്ടി കേഴുന്ന ഒരാളെ കണ്ടില്ലെന്ന് നടിച്ചത് ശരിയാണോ? അയാള്‍ വാച്ചില്‍ നോക്കി. സമയം ഒരുമണി.

അയാളുടെ ഉള്ളില്‍ ഒരു കുറ്റബോധം നീറിപ്പുകഞ്ഞുതുടങ്ങി. ഉറങ്ങാതെ കാത്തിരിക്കുന്ന ഒരു കുടുംബം അയാള്‍ക്കും ഉണ്ടാവില്ലേ. ചിലപ്പോള്‍, റോഡില്‍ ചിതറി വീണ സാധനങ്ങളില്‍ ഒരു കുഞ്ഞ് കളിപ്പാട്ടവും ഫ്രോക്ക് ഉടുപ്പും ഉണ്ടാവില്ലേ?

പക്ഷെ, രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ആശുപത്രി, പോലീസ്, കോടതി, സാക്ഷി വിസ്താരം ... പൊല്ലാപ്പുകള്‍ അങ്ങനെ പലത്. മാത്രമല്ല, വീട്ടുകാരുടെ കാര്യം നോക്കാന്‍ തന്നെ സമയം തികയുന്നില്ല. നുള്ളിപ്പൊളിച്ചുനോക്കിയാല്‍ പിന്നെയും കാരണങ്ങള്‍ ഒരുപാട്.

അങ്ങനെ മനഃസാക്ഷിയുടെ തുലാസ്സില്‍ സ്വാര്‍ത്ഥതയുടെ തട്ടിന് കനം കൂടിയപ്പോള്‍ നന്ദഗോപാല്‍ തിരിഞ്ഞുനോക്കാതെ തന്റെ യാത്ര തുടര്‍ന്നു. കാര്‍ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ വഴിയില്‍ എവിടെയോ ഹൈവേ പോലീസിനെ കണ്ട് അയാള്‍ ആശ്വസിച്ചു. ഭാഗ്യം! അവര്‍ രക്ഷിക്കും അയാളെ.

പക്ഷെ, ഹൈവേ പോലീസ് രക്ഷിച്ചില്ല ആ ചെറുപ്പക്കാരനെ. അല്ലെങ്കില്‍ അങ്ങനൊരു പത്രവാര്‍ത്ത....! രാവിലെ കാപ്പി മൊത്തിക്കുടിച്ചുകൊണ്ട് ആ വാര്‍ത്ത വായിച്ചപ്പോള്‍ മുതലാണ് നന്ദഗോപാലിന്റെ മനസ്സ് ഒരു ഉമിത്തീ പോലെ എരിഞ്ഞുനീറാന്‍ തുടങ്ങിയത്. പിന്നീടുള്ള ഓരോ ചലനത്തിലും അയാളെ പിന്തുടരുന്നു ദയനീയമായ ആ മുഖം.

ചാന്ദിനിയുടെ മന്ദഹാസത്തിനും അമ്മയുടെ വാല്‍സല്യം കലര്‍ന്ന പരിഭവത്തിനും മക്കളുടെ കുറുമ്പുകള്‍ക്ക് മുന്നിലും ഒരു അപരിചിതനെപ്പോലെ അയാള്‍ പകച്ചുനിന്നു. അയാളുടെ കവിഹൃദയത്തിനെ എന്നും തൊട്ടണര്‍ത്തിയിരുന്ന മഴയുടെ ആര്‍ദ്രസ്പര്‍ശം ഇന്ന് അയാളെ ചുട്ടുപ്പൊളിക്കുന്നു.

തുളസിത്തറയിലെ നനഞ്ഞുകുതിര്‍ന്ന കൃഷ്ണത്തുളസിയുടെ ഇലകളില്‍ മഴക്കാലത്തിന്റെ വെള്ളിനിറം തിളങ്ങി. കനമുള്ള മഴനൂലുകള്‍ പുളഞ്ഞിറങ്ങുന്ന പുമുഖവും കഴിഞ്ഞ് നന്ദഗോപാലിന്റെ നോട്ടം പടിവാതില്‍ക്കലെത്തി. ആരൊക്കെയോ മഴ നനയാതെ കുട പിടിച്ച് അവിടെ നില്ക്കുന്നു. അയാള്‍ നോക്കി നില്‍ക്കേ കുട പിടിച്ചവരുടെ എണ്ണം കൂടിവരുന്നു.

ഒന്ന്...രണ്ട്.. മൂന്ന്...

അങ്ങനെ നിമിഷനേരം കൊണ്ട് മുറ്റവും പൂമുഖത്തിണ്ണയും ആളുകളെകൊണ്ട് നിറഞ്ഞു. എല്ലാവരും ആരെയോ പ്രതീക്ഷിച്ചുനില്‍ക്കുകയാണ്. ഒടുവില്‍ സൈറണ്‍ മുഴക്കി ആളുകളുടെ ഇടയിലൂടെ ഒരു ആംബുലന്‍സ് വന്ന് മുറ്റത്ത് നിര്‍ത്തി. അതില്‍ നിന്ന് മുഖം പോലും കാണാന്‍ കഴിയാത്ത വിധം  വെള്ളത്തുണിയില്‍ മൂടികെട്ടിയ ഒരു മൃതദേഹം പുറത്തെടുത്തു. അതില്‍ രക്തം കിനിഞ്ഞ വലിയ പാടുകള്‍ ഉണ്ടായിരുന്നു. ചന്ദനത്തിരികളുടെ രൂക്ഷഗന്ധം അന്തരീക്ഷത്തില്‍ പരന്നു. പെട്ടെന്ന് അലമുറയിട്ടുകൊണ്ട് അകത്തുനിന്ന് പാഞ്ഞുവന്ന ചാന്ദിനിയെ ആരൊക്കെയോ ചേര്‍ന്ന് പിടിച്ചുനിര്‍ത്തി. അവളെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന പാറുക്കുട്ടി. അനന്തു ഒന്നുമറിയാതെ ഒരു കളിപ്പാട്ടം തിരിച്ചും മറിച്ചും നോക്കുന്നു. അമ്മ അകത്തെ മുറിയില്‍ തളര്‍ന്നുകിടക്കുകയാണെന്ന് ആരോ അടക്കം പറഞ്ഞു.

നന്ദഗോപാല്‍ അമ്പരന്നുനിന്നു.

"തണുപ്പ് കൊള്ളാതെ കേറി വാ നന്ദേട്ടാ"

ചാന്ദിനി പറഞ്ഞതുകേട്ട് അയാള്‍ ഒന്നുഞെട്ടി. പിന്നെ, പരിഭ്രമത്തോടെ ചുറ്റും നോക്കി. തകര്‍ത്തുപെയ്യുന്ന മഴയില്‍ മുറ്റവും പൂമുഖത്തിണ്ണയും വിജനം. അപ്പോള്‍ ആളുകളും ആംബുലന്‍സും? എല്ലാം തോന്നലായിരുന്നോ?

"എന്തൊരു നശിച്ച മഴയാണ്, ഈശ്വരാ!" അവള്‍ മഴയെ പ്രാകിക്കൊണ്ട് നന്ദഗോപാലിന്റെ അടുക്കലേയ്ക്ക് വന്നു. ആ മഴയുടെ തണുപ്പിലും അയാളുടെ മുഖം വിയര്‍ത്തിരിക്കുന്നത് കണ്ട് ചാന്ദിനി സംശയത്തോടെ ചോദിച്ചു,

"എന്തുപറ്റി നന്ദേട്ടാ? രാവിലെ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു. എന്തോ നന്ദേട്ടനെ അലട്ടുന്നുണ്ട്. എന്താണേലും പറയൂന്നേ"

നന്ദഗോപാല്‍ രണ്ട് കൈകളും കൊണ്ട് മുഖം അമര്‍ത്തിതുടച്ചിട്ട് പറഞ്ഞു,

"ഇന്നലെ വെളുപ്പിന് ഒരു അപകടം കണ്ട കാര്യം ഞാന്‍ പറഞ്ഞിരുന്നില്ലേ. ആ ചെറുപ്പക്കാരന്‍ .... അയാള്‍ ... അയാള്‍ മരിച്ചു, ഇന്നത്തെ പത്രത്തിലുണ്ട്."

ചാന്ദിനി ഒരു ഞെട്ടലോടെ 'ഈശ്വരാ' എന്ന് പിറുപിറുക്കുന്നത് അയാള്‍ കണ്ടു. അവള്‍ പത്രമെടുക്കാനായി ആഞ്ഞപ്പോള്‍ നന്ദഗോപാല്‍ ആരോടെന്നില്ലാതെ പറഞ്ഞു,

"ആ മരിച്ചത് ഞാനാണ്. മനഃസാക്ഷി മരവിച്ച എന്റെ സ്വാര്‍ത്ഥത കൊന്നത് എന്നെത്തന്നെയാണ്. "

ചാന്ദിനി പത്രമെടുത്ത് പേജുകള്‍ മറിച്ചുനോക്കി.

രക്ഷപ്പെടുത്താന്‍ ആരുമില്ലാതെ  റോഡില്‍ മണിക്കൂറോളം കിടന്ന്, രാത്രിയില്‍ എപ്പഴോ ചീറിപ്പാഞ്ഞുവന്ന രണ്ട് ടാങ്കര്‍ ലോറികള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ് ഛിന്നഭിന്നമായിപ്പോയ, ഭാര്യയും രണ്ട് മക്കളുമുള്ള യുവാവിനെക്കുറിച്ചുള്ള വാര്‍ത്ത... അത് മുഴുവന്‍ വായിക്കാനാവാതെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

നന്ദഗോപാല്‍ അപ്പോഴും കനമുള്ള മഴനൂലുകള്‍ നോക്കിനില്‍ക്കുകയായിരുന്നു. രക്തം പുരണ്ട ഒരു കുഞ്ഞ് കളിപ്പാട്ടവും ഒരു ഫ്രോക്ക് ഉടുപ്പും അപ്പോഴും അയാളെ വേദനിപ്പിച്ചു.

13 comments:

വീകെ said...

കഥ നന്നായിരിക്കുന്നു....
ഇത്തരം സന്ദർഭങ്ങളിൽ രക്ഷിക്കാൻ ചെല്ലുന്നവരെ പ്രതികളാക്കി പീടിപ്പിക്കുന്ന രീതി തീർച്ചയായും മാറ്റേണ്ടിയിരിക്കുന്നു. എങ്കിൽ കുറേയധികം ജീവനുകളെ രക്ഷിക്കാൻ നാട്ടുകാർ തന്നെ മുന്നോട്ടു വരും..

ആശംസകൾ...

sm sadique said...

കഥ വളരെ നല്ലത്. പക്ഷെ, എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും അയാളെ ർക്ഷിക്കാമായിരുന്നു. കോടതിയും കേസും ?

raspberry books said...

pls visit raspberry blog

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കഥ നന്നായി.
വാദിയെ പ്രതിയാക്കുന്ന പരിതസ്ഥിതികള്‍ തന്നെയാണ് ഒരു പരിധി വരെ നമ്മുടെ നിസ്സങ്ങതക്ക് കാരണം. പക്ഷെ അതൊരു സ്ഥിരം ഒളിചോട്ടതിനു കാരണമാകരുത്.

K S Sreekumar said...

ജീവിക്കാനുള്ള ഓട്ടാപാച്ചിലിനിടയിൽ മനുഷ്യൻ കൂടുതൽ സ്വാർത്ഥനായി കൊണ്ടിരിക്കുന്നു. ഇത്തരം ശ്രമങ്ങൾ അതിനെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമാകട്ടെ.

ശങ്കരനാരായണന്‍ മലപ്പുറം said...

കഥ നന്നായി!

തൃശൂര്‍കാരന്‍ ..... said...

കഥ വളരെ നന്നായിരിക്കുന്നു ..അതെ..മരിച്ചത് സ്വാര്‍ത്ഥത മൂലം മനസാക്ഷി മരവിച്ച നമ്മള്‍ എല്ലാരും ആണ്. നല്ലത് ചെയ്യുന്നവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നമ്മുടെ സമൂഹവും , അത് പോലീസോ കോടതിയോ എന്തും ആകട്ടെ .

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... aashamsakal.......

SUJITH KAYYUR said...

നന്നായിരിക്കുന്നു

Anees Hassan said...

nice

ദൃശ്യ- INTIMATE STRANGER said...

കഥ നന്നായി ..മനസാക്ഷിയുടെ മുന്‍പില്‍ ഒരു നിമിഷം സ്വാര്‍ത്ഥത ജയിച്ചപ്പോള്‍ ഉണ്ടായ നഷ്ടം വളരെ വലുതായി പോയി. സ്വാര്‍ത്ഥതയുടെ വിജയം വെറും നൈമിഷികം എന്ന് തെളിയിച്ചു കൊണ്ട് മനസ്സാക്ഷി അയാളെ വേട്ടയാടി..

Unknown said...

കഥ നന്നയിരിക്കുന്നു, ഇന്നത്തെ മനുഷ്യരെ ഇങ്ങനെയൊക്കെ ആക്കിത്തീര്‍ത്തത് നമ്മുടെ വ്യവസ്ഥിതി തന്നെ.

കഥയില്‍ ആദ്യഭാഗത്തെ നീളന്‍ വിശദീകരണം കടും കൈ തന്നെ, അത്രയ്ക്കൊന്നും വേണ്ട ആധുനീക കഥകള്‍ക്ക്.. :) (അത് എഴുത്തുകാരുടെ സ്വാതന്ത്യമാണെങ്കിലും, പൊതുവെ വായന മുഷിപ്പാക്കും.)

Unknown said...

നന്നായിരിക്കുന്നു*
(അക്ഷരത്തെറ്റ് ദഹിക്കാത്ത സംഭവമാണെ!)