Monday, May 16, 2011

മേനോന്‍ മാഷും ഒടുവില്‍ ഉണ്ണിക്കൃഷ്ണനും


തമാശകള്‍! ചെറുതും വലുതുമായ ഒരുപാട് തമാശകള്‍ നമ്മള്‍ നിത്യജീവിതത്തില്‍ കേട്ടിട്ടുണ്ട്. ചിലതൊക്കെ ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ ആവര്‍ത്തിച്ച് കേള്‍ക്കാറുണ്ട്. ടിന്റു മോന്‍ ഫലിതങ്ങള്‍ പോലെ.  ചില തമാശകളില്‍ പ്രത്യക്ഷമായി ചിരിക്കാന്‍ ഒന്നുമുണ്ടാകില്ല. ആ തമാശകള്‍ കേട്ട് കഴിഞ്ഞ് ചില വിഷ്വലുകള്‍ മനസ്സില്‍ തെളിയുമ്പോള്‍ മാത്രമാണ് നമ്മള്‍ക്ക് ചിരി വരാറുള്ളത്. അത്തരം ഒരു നിങ്ങളോട് പങ്കുവയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ മര്‍മ്മ ഭാഗം  ഒരു യഥാര്‍ത്ഥ സംഭവമാണ്. ബാക്കിയെല്ലാം എന്റെ ഭാവനാസൃഷ്ടിയും. എന്റെ ഒരു പഴയ സഹപ്രവര്‍ത്തകന്റെ കൂട്ടുകാരന്റെ അച്ഛനാണ് ഇതിലെ താരം. അദ്ദേഹത്തെ നമ്മള്‍ക്ക് മേനോന്‍ മാഷ്‌ എന്ന് വിളിക്കാം.

"രാത്രി ശുഭരാത്രി...ഇനി എന്നും ശിവരാത്രി..."

സന്തോഷ്‌  പണ്ഡിറ്റ് എന്ന ഭൂലോക പ്രാന്തന്റെ വിശ്വപ്രസിദ്ധമായ പാട്ടും മൂളി സൈക്കിളും ചവുട്ടി വരുമ്പോഴാണ് നളിനാക്ഷന്‍ കണ്ടത്, ലെവല്‍ ക്രോസ് അടച്ചിട്ടിരിക്കുന്നു! പണ്ടാരമടങ്ങാന്‍...!!! 

കഷ്ടപ്പെട്ട് കമ്പിത്തൂണുകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി, രണ്ട് വശത്തേക്കും നോക്കി,  വല്ല വിധേനയും അപ്പുറത്തെത്തി. അപ്പോഴാണ്‌, മേനോന്‍ മാഷ്‌ അവിടെ നില്‍ക്കുന്നത് കണ്ടത്. അടച്ചിട്ടിരിക്കുന്ന ഗേറ്റില്‍ പിടിച്ചുകൊണ്ട് ആരോടോ കത്തി വയ്ക്കുകയാണ്.

ഭാഗ്യം!! കണ്ടില്ലെന്നു തോന്നുന്നു. രണ്ടാഴ്ചയായി  മാഷ് പറയുകയാണ്‌, പറമ്പിലെ കാടും പടലുമൊക്കെ ഒന്ന് തെളിയിച്ചു തരാന്‍. ഇപ്പോള്‍ വരാം എന്ന് പറയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. മുന്നില്‍ പെട്ടാന്‍, കൈയിലിരിക്കുന്ന കാലന്‍ കുടയ്ക്ക് അടിച്ചുകളയും. 

നളിനാക്ഷന്‍ ആരുടെയൊക്കെയോ മറവ് പറ്റി മാഷിന്റെ കണ്ണില്‍പ്പെടാതെ വലിഞ്ഞു. 

ഒരു അരമണിക്കൂര്‍ നേരത്തെ പരിപാടിക്ക് ശേഷം നളിനാക്ഷന്‍ അതുവഴി തന്നെ തിരിച്ചുവന്നു. ഇപ്പോള്‍ റെയില്‍വേ ഗേറ്റ് തുറന്നു കിടക്കുകയാണ്. പക്ഷെ, മേനോന്‍ മാഷ്‌ അവിടെ തന്നെ നില്‍പ്പുണ്ട്. ആരോടും വാചകമടിക്കാതെ, നീണ്ടു കിടക്കുന്ന പാളങ്ങളിലേയ്ക്ക് നോക്കി പ്രതിമ പോലെ നില്‍ക്കുകയാണ്.

ഇപ്രാവശ്യം ഒളിക്കാന്‍ സമയം കിട്ടിയില്ല. ചാടി ഇറങ്ങാന്‍ നോക്കിയ വെപ്രാളത്തിനിടയില്‍ വീല് തെന്നി നളിനാക്ഷന്‍ "എന്നെ അനുഗ്രഹിക്കൂ" എന്ന സ്റ്റൈലില്‍ മാഷിന്റെ കാല്‍ക്കലേയ്ക്ക് സാഷ്ടാംഗ പ്രണാമം ചെയ്തൊരു വീഴ്ച. ഭാഗ്യത്തിന് ശരീരത്തിലെ പെയിന്റ് പോയില്ല. പൊടി തട്ടി, ഒരു വിഡ്ഢിച്ചിരിയോടെ എഴുന്നേറ്റ അയാളോട് മാഷ്‌ പറഞ്ഞു,

"എടാ നളിനാക്ഷാ, എന്നെ പറ്റിക്കുന്നതിന് ദൈവം തന്ന ശിക്ഷയാ ഇത്"

"ഞാന്‍ പറ്റിക്കുകയോ!! അതും മാഷിനെ...ദൈവദോഷം പറയല്ലേ മാഷെ."

നളിനാക്ഷന്‍ തന്റെ അഭിനയപാടവം പുറത്തെടുക്കാന്‍ തുടങ്ങി.

"മാഷ്‌ വിശ്വസിക്കുമോന്നു എനിക്കറിയില്ല. നേരായിട്ടും ഞാന്‍ അങ്ങോട്ട്‌ വരികയായിരുന്നു."

ഇത്തരം എത്ര നട്ടാല്‍ കുരുക്കാത്ത കള്ളങ്ങള്‍ കേട്ടിരിക്കുന്നു എന്ന മട്ടില്‍ മേനോന്‍ മാഷ്‌ നില്‍ക്കുന്നത് കണ്ടപ്പോള്‍ നളിനാക്ഷന്‍ പറഞ്ഞു,

"എന്നെ വിശ്വാസമില്ലേല്‍ മാഷ്‌ നടക്ക്, ഞാന്‍ കൂടെ വരാം."

ഉടനെ മാഷിന്റെ മറുപടി വന്നു, "ഏതായാലും അടുത്ത ട്രെയിന്‍ വരട്ടെ."

ഇതുകേട്ട് നളിനാക്ഷന്‍ എന്തേയെന്ന മട്ടില്‍ മാഷിനെ സൂക്ഷിച്ച് നോക്കിയിട്ട് ഒന്നുകൂടി റെയില്‍വേ ഗേറ്റിലേയ്ക്ക് നോക്കി.

അത് തുറന്നുകിടക്കുവാണല്ലോ? പിന്നെ....?

"അല്ല മാഷേ, മാഷ്‌ വീട്ടില്‍ പോകുന്നതിനു ട്രെയിന്‍ വരുന്നതെന്തിനാ?"

"ട്രെയിന്‍ വരുമ്പോള്‍ എല്ലാ പ്രശ്നങ്ങളും തീരും."

മാഷ്‌ പൂര്‍ണ്ണ ഗൗരവത്തില്‍ മൊഴിഞ്ഞതുകേട്ട് നളിനാക്ഷന്റെ മനസ്സില്‍ അകാരണമായ ഒരു ഭീതി ഉടലെടുത്തു.

എന്തോ പ്രശ്നമുണ്ടല്ലോ. മാഷ്‌ എന്തോ തീരുമാനിച്ചുറച്ച പോലെ! എന്തേലും കടുംകൈ ചെയ്യാന്‍ തീരുമാനിച്ചതാണോ? ഈശ്വരാ!!!! പക്ഷെ, സാധാരണ ഇത്തരക്കാര്‍ റെയില്‍വേ പാളത്തിന്റെ തിരക്കൊഴിഞ്ഞ ഭാഗങ്ങളാവും ഇതിനുവേണ്ടി തെരഞ്ഞെടുക്കുക. പക്ഷെ, ഇതിപ്പോള്‍..?

നളിനാക്ഷന്റെ മനസ്സിലൂടെ ഇത്തരം പലതരം ചിന്തകള്‍ ലേസര്‍ രശ്മികള്‍ പോലെ തലങ്ങും വിലങ്ങും പായാന്‍ തുടങ്ങി.

ഏതായാലും മാഷിനെ ഒന്ന് പിന്തിരിപ്പിക്കാന്‍ നോക്കാം. ഈശ്വരാ, അതിനു കഴിഞ്ഞാല്‍ ഈ നാട്ടില്‍ തനിക്കുള്ള സ്ഥാനം!! അതോര്‍ത്തപ്പോള്‍ നളിനാക്ഷന് രോമം ഇല്ലാത്തതുകൊണ്ട് തൊലിമാഞ്ചം ഉണ്ടായി.

അയാള്‍ മെല്ലെ മാഷിന്റെ അടുത്തേയ്ക്ക് കുറച്ചുകൂടി നീങ്ങി നിന്നിട്ട് താഴ്ന്ന ശബ്ദത്തില്‍ ഒരു മദ്ധ്യസ്ഥന്റെ അനുനയസ്വരത്തില്‍  പറഞ്ഞു,

"മാഷേ, എന്ത് പ്രശ്നം ഉണ്ടേലും മാഷ്‌ തുറന്നുപറ. നമ്മള്‍ക്ക് പരിഹരിക്കാം. എന്താ മാഷിന്റെ പ്രശ്നം?"

മേനോന്‍ മാഷ്‌ അയാളെ ഒന്ന് സൂക്ഷിച്ചുനോക്കിയിട്ട് ചോദിച്ചു,

"എന്റെ പ്രശ്നമോ?" എന്നിട്ട് മുകളിലേയ്ക്ക് വിരല്‍ ചൂണ്ടി മാഷ്‌ തുടര്‍ന്നു,

"അതാണ്‌ എന്റെ പ്രശ്നം." 

മാഷിന്റെ വിരലിനൊപ്പം നളിനാക്ഷന്റെ കണ്ണുകളും ഉയര്‍ന്നു. അപ്പോഴാണ്‌ അയാള്‍ കണ്ടത്, ആകാശത്തേയ്ക്ക് ഒരു ചൂണ്ടുവിരല്‍ പോലെ നില്‍ക്കുന്ന റെയില്‍വേ ഗേറ്റും അതിന്റെ അറ്റത്ത്‌ തൂങ്ങിയാടുന്ന ഒരു കാലന്‍ കുടയും!!!!!

ഒന്നും മനസ്സിലാവാതെ വായുംപൊളിച്ചു നിന്ന നളിനാക്ഷന് വേണ്ടി കാര്യങ്ങളൊന്ന് റിവൈന്‍ഡ് ചെയ്യാം. 

റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കുന്നത് കണ്ടപ്പോള്‍ മേനോന്‍ മാഷ്‌ ഒരു പരിചയക്കാരനോട്‌ വാചകമടി തുടങ്ങി. കത്തിയില്‍ രസം കേറിയപ്പോള്‍ കൈയിലിരുന്ന കാലന്‍ കുട റെയില്‍വേ ഗേറ്റില്‍ കൊളുത്തിയിട്ടതും ട്രെയിന്‍ ഇരച്ചുപാഞ്ഞുപോയതും അതുകഴിഞ്ഞ് ഗേറ്റ് ഉയര്‍ന്നതും മാഷ്‌ അറിഞ്ഞില്ല.

"മാഷേ, മാഷിന്റെ കുട ദാ പോന്നേ..."   

ആരോ വിളിച്ചുകൂവുന്നത് കേട്ട് വാചകമടി നിര്‍ത്തി നോക്കിയപ്പോഴാണ് കണ്ടത്. തന്റെ സന്തതസഹചാരിയായ കാലന്‍ കുട റെയില്‍വേ ഗേറ്റ് എന്ന രഥത്തിലേറി ദാ പോകുന്നു ഉയരങ്ങളിലേയ്ക്ക്!! 

അപ്പോഴേക്കും കൈ എത്തുന്നതിനപ്പുറത്തേയ്ക്ക് കുട ഉയര്‍ന്നിരുന്നു. എങ്കിലും ശോഭയാത്രയിലെ ഉറിയടിക്കാരെ പോലെ മാഷ് രണ്ടുമൂന്ന് തവണ ഉയര്‍ന്നുചാടി. പക്ഷെ അവിടെ കിട്ടാന്‍! നടുവും തല്ലി വീഴാഞ്ഞത് ആരുടെയോ ഭാഗ്യം.

"മാഷേ, പേടിക്കണ്ടാ. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഒരു ഗുഡ്സ് ഉണ്ട്." 

ഗേറ്റ് മാന്‍ ചെറുക്കന്റെ സാന്ത്വന സ്വരം!

അപ്പോഴാണ്‌ നളിനാക്ഷന് സംഗതിയുടെ കിടപ്പുവശം മനസ്സിലായത്. അയാള്‍ ഒന്നുകൂടി ആ കുടയിലേയ്ക്ക് നോക്കി. അപ്പോള്‍ സാംബശിവന്റെ കഥാപ്രസംഗത്തിലെ ഒരു ഗാനശകലം അയാളുടെ ചുണ്ടുകളിലേയ്ക്കു ഓടിവന്നു.

"തൂങ്ങിക്കിടന്നാടുന്നിതാ ചുറ്റും തേങ്ങിക്കരയുന്നു..."


ഈ തമാശ കേട്ട് കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലേയ്ക്കോടിവന്നത് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ വിഷ്വല്‍ ആണ്. മേനോന്‍ മാഷ്‌ എന്ന വ്യക്തിയുടെ സ്ഥാനത്ത് ഞാന്‍ കണ്ടത് മണ്‍മറഞ്ഞുപോയ മഹാനടന്‍ ശ്രീ. ഒടുവില്‍ ഉണ്ണിക്കൃഷ്ണനെയും. ആ സങ്കല്‍പ്പം ഒരിക്കലും യാഥാര്‍ഥ്യമാകില്ല എന്ന വിഷമത്തോടെ ഇന്നും ഞാന്‍ ആ തമാശ ഓര്‍ക്കുന്നു.

8 comments:

പാവപ്പെട്ടവൻ said...

ഇതിൽ എന്താണ് നർമ്മം ..
ഈ വായനയിൽ ഒരിക്കൽ പോലും ഒന്നു ചിരിക്കാൻ തോന്നിയില്ല ...

kARNOr(കാര്‍ന്നോര്) said...

കൊഴപ്പമില്ല:)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വലിയ കൊഴപ്പമില്ല...

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

@പാവപ്പെട്ടവന്‍ ചേട്ടാ, ചിലര്‍ക്ക് ചിരിക്കണമെങ്കില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ അവിഞ്ഞ കോപ്രായങ്ങള്‍ കാണണം. ചിലര്‍ക്ക് ചിരിക്കണമെങ്കില്‍ തെന്നി വീഴുന്നത് കാണണം. ചിലര്‍ക്ക്, ചിലവാക്കുകള്‍, ചില സംഭവങ്ങള്‍ സന്ദര്‍ഭത്തിന് അനുസരിച്ച് വന്നാല്‍ മതി. ഉദാ: വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയില്‍ രാത്രി നാടകം കഴിഞ്ഞ് വരുമ്പോള്‍ ഭാര്യയുടെയും മൂത്തമകന്റെയും തെറിവിളി പേടിച്ച് കൊച്ചുതോമാ പള്ളീലച്ചനെ ആദ്യം വിടുന്നു. പുറത്തേയ്ക്ക് വന്ന സിദിക്കിന്‍റെ കഥാപാത്രത്തിനോട് ഒടുവിലാന്റെ പള്ളീലച്ചന്‍ പറഞ്ഞു, "ഈശോ മിശിഹായ്ക്ക് സ്തുതി ഉണ്ടായിരിക്കട്ടെ" അപ്പോള്‍ ഉടനടി സിദ്ധിക്ക്, "രാത്രി രണ്ടു മണിക്കോ?" ഈ പറഞ്ഞതില്‍ പ്രത്യക്ഷമായി ഒരു തമാശയുമില്ല. പക്ഷെ, സന്ദര്‍ഭത്തിനനുസരിച്ച് ഇത് അവതരിച്ചപ്പോള്‍ ഞാന്‍ അടക്കം തീയറ്റര്‍ ചിരിച്ച് ഇളകിമറിഞ്ഞു. ഒരു പക്ഷെ അല്പ്പം താമസിച്ചാണ് ചോദിക്കുന്നതെങ്കില്‍ ഒരു തമാശയുമില്ല.അതുപോലെ ഒരു തമാശയാണ് ഇതും. മാഷ് വീട്ടിലേയ്ക്ക് പോകുന്നില്ലേ എന്ന് ചോദിക്കുമ്പോള്‍ ട്രെയിന്‍ വരട്ടെ എന്ന് പറയുന്നു. ആ ഉത്തരം ഉണ്ടാക്കുന്ന ഒരു കന്‍ഫ്യൂഷന്‍. ആ ചിന്ത തന്നെ എനിക്കൊരു തമാശയായിരുന്നു ആദ്യമായി ഇത് കേട്ടപ്പോള്‍ തന്നെ. പിന്നെ സ്വാഭാവികമായി പിണഞ്ഞ ഒരു അബദ്ധം. അത് മറ്റൊരു തമാശ. റെയില്‍വേ ഗേറ്റിന്റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന ഒരു കാലന്‍ കുട. ഈ വിഷ്വല്‍ മറ്റൊരു തമാശ. ഇക്കിളിപ്പെടുത്തി ചിരിപ്പിക്കുന്ന തമാശയേക്കാള്‍ എനിക്ക് ചിരി വരുന്നത് ഇത്തരം നിര്‍ദ്ദോഷമായ നാടന്‍ തമാശകള്‍ കേള്‍ക്കുമ്പോഴാണ്. എന്നാലും ഒരു തമാശ പറഞ്ഞിട്ട് ചിരിപ്പില്‍ക്കാനും കൂടി എന്നെപ്പോലെ കഷ്ടപ്പെട്ട ഒരാള്‍ ഈ ഭൂലോകത്ത് വേറെയുണ്ടാവില്ല. :-) ഓരോരുത്തരുടെയും നര്‍മ്മബോധം വ്യത്യാസമല്ലേ. :-) അല്ലേ ചേട്ടാ?

Typist | എഴുത്തുകാരി said...

എനിക്കൊരു ചിരി വന്നൂട്ടോ. ഒടുവിൽ കിറുകൃത്യം പാകം മേനോൻ മാഷിനു്.

ചെറുത്* said...

ചെറുതിന്‍ ഇഷ്ടെപെട്ടു.
പറഞ്ഞപോലെ ഏതേലും ഫിലിമില്‍ ചേര്‍ത്താല്‍ ചിരിക്കുള്ള വകയുണ്ട് ഇത്
ഒരു മാഷായി ഒടുവില്‍ ഉണ്ണികൃഷ്ണനെ തന്നെ സങ്കല്പിക്കാം

:)

Diya Kannan said...

:)

Fabi thahir said...

ഇഷ്ടമായി ഒരു പാട്