Wednesday, March 16, 2011

സൗമ്യേ - നീ എത്ര ഭാഗ്യവതി !!!

കല്യാണ നിശ്ചയത്തിനു തലേന്ന്, ഒത്തിരി സ്വപനങ്ങളും, മോഹങ്ങളുമൊക്കെയായി ജോലി സ്ഥലത്തു നിന്നും, സ്വന്തം വീട്ടിലേക്ക് ട്രയിൻ കയറിയ, അതും ലേഡീസ് കംമ്പാർട്ടുമെന്റിൽ തന്നെ കയറിയ സൗമ്യ എന്ന പെൺക്കുട്ടി സ്വന്തം മാനം കാക്കുന്നതിനു ട്രയിനിൽ നിന്നും ചാടി. ചാടിയതാകട്ടെ മറ്റൊരു ഞരമ്പു രോഗിയുടെ മുൻപിലേക്കും. വാർത്ത പുറത്ത് വന്നതോടെ സാക്ഷര കേരളം ഞെട്ടി. ദൈവകൃപയാൽ അധികം കിടന്ന് നരകിക്കുന്നതിനു മുൻപ്, വീട്ടുകാർ നാട്ടുകാർക്ക് മുൻപ് അപഹാസ്യപ്പെടുന്നതിനു മുൻപ് തന്നെ സൗമ്യ ലോകത്തോട് വിട പറഞ്ഞു.

ഈ അവസരത്തിലാണു അരുണ രാമചന്ദ്ര ഷാൻബാഗ് എന്ന വനിതയെ നമ്മൾ ഓർമ്മിക്കേണ്ടത്. 1948, ജൂൺ 1നാണു അരുണ ജനിച്ചതു. സാമ്പത്തികമായി വളരെ മോശപ്പെട്ട ചുറ്റുപാടിൽ ജനിച്ച് അരുണ പഠിച്ച് ഒരു നേഴ്സായി. 1973 നവംബർ 27നു അതേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സോണാലാൽ ഭരത് വാല്മീകിയുടെ ക്രൂരമായ ബലാൽസംഗത്തിനു ഇരയായി. അതിനെ തുടർന്ന് അരുണയ്ക്ക്, മസ്തിഷ്ക്കാഘാതം ഉണ്ടായി. ഇന്നും ഒരു ജീവച്ഛവമായി കിടക്കുന്നു. സഹപ്രവർത്തകരുടെ പരിചാരണവും സ്നേഹവും കൊണ്ട് ഇന്നും അരുണ ജീവിക്കുന്നു. ലോകത്തിൽ നടക്കുന്നതെന്തെന്നറിയാതെ, കൂട്ടുകാരുടെ സ്നേഹത്തിന്റെ ആഴമറിയാതെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നുവെന്ന സ്ഥിതിയിൽ ഈക്കാലമത്രയും ജീവിക്കുന്നു. എന്നാൽ ബലാൽസംഗം ചെയ്ത വാൽമീകി, 1980ൽ തന്നെ ജയിൽ വാസം പൂർത്തിയാക്കി ഇപ്പോൾ എവിടെയോ സ്വൈര്യ വിഹാരം നടത്തുന്നു.

കഴിഞ്ഞ 37 കൊല്ലമായി ഇങ്ങനെ മസ്തിഷ്കഘാതവുമായി കഴിയുന്ന അരുണയ്ക്ക്, ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി പിങ്കി വിരാണി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ പിങ്കിയുടെ ആവശ്യം കോടതി തള്ളി. നെതർലാൻഡ്സും, ബെൽജിയവും ഒക്കെ നിയമവിധേയമാക്കിയ ഈ ദയാവധം, പാവം നമ്മുടെ അരുണയെ കൂടെ രക്ഷിച്ചിരുന്നെങ്കിൽ...........




നൂറാമത് ലോക വനിതാ ദിനമാഘോഷിക്കുന്ന ഈ വേളയിൽ ഇനിയും ഇത്തരം അരുണമാർ ഉണ്ടാകാതിരിക്കട്ടെയെന്ന പ്രാർത്ഥനയോടെ.....

11 comments:

Senu Eapen Thomas, Poovathoor said...

കേരളം വീണ്ടും ഇലക്ഷൻ ചൂടിലേക്ക്... പക്ഷെ ആൽത്തറയിൽ കുത്തിയിരുന്ന് രാഷ്ട്രീയം പറയാതെ അരുണയെ പറ്റി പറയാമെന്ന് കരുതി... നൂറാമത് ലോക വനിതാ ദിനമാഘോഷിക്കുന്ന ഈ വേളയിൽ ഇനിയും ഇത്തരം അരുണമാർ ഉണ്ടാകാതിരിക്കട്ടെയെന്ന പ്രാർത്ഥനയോടെ.....


സെനു ഈപ്പൻ തോമസ്,
പഴമ്പുരാണംസ്.

khader patteppadam said...

അരുണയെ പരിചരിക്കുവാന്‍ ഒരു പറ്റം മനുഷ്യര്‍ സദാ ഉണ്ടെന്ന്‌ കാണുന്നു. 'മനുഷ്യത്വം'ലോകം അവരില്‍ നിന്നും പഠിക്കണം. സൌമ്യയെ ആക്രമിക്കുന്നത്‌ കണ്ടു നില്‍ക്കാനേ സഹ യാത്രികര്‍ക്ക്‌ കഴിഞ്ഞുള്ളു. അത്‌ നമ്മൂടെ മറ്റൊരു മുഖം.

നരിക്കുന്നൻ said...

ബലാൽസംഗം ചെയ്ത വാൽമീകി, 1980ൽ തന്നെ ജയിൽ വാസം പൂർത്തിയാക്കി ഇപ്പോൾ എവിടെയോ സ്വൈര്യ വിഹാരം നടത്തുന്നു..

ദൈവം എത്ര വിചിത്രമായാണ് കാര്യങ്ങളോട് സമീപിക്കുന്നത്.. അരുണമാരും സൗമ്യമാരും ഉണ്ടാവാതിരിക്കട്ടേ..

mini//മിനി said...

ഇതിനൊക്കെ പ്രതികാരം ചെയ്യാത്തതെന്തേ?
വിധിയെന്ന് ചിന്തിച്ച് ഉറക്കമാണോ?

കാവാലം ജയകൃഷ്ണന്‍ said...

രാഷ്ട്രീയക്കാരനായ ഒരു ക്രിമിനലിനെ കൊന്നാൽ പകരം ചോദിക്കാൻ ഇവിടെ ആളുകളുണ്ടാവും. പക്ഷേ നിസ്സഹായരായി വിരിയും മുൻപേ കൊഴിഞ്ഞു വീഴാൻ വിധിക്കപ്പെട്ട നമ്മുടെ സഹോദരിമാർക്കു വേണ്ടി വിലപിക്കുവാൻ ആരുമില്ല എന്ന അവസ്ഥ. മരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു!. രാഷ്ട്രീയത്തിനു വേണ്ടി, മതത്തിനു വേണ്ടി എല്ലാം പകരം ചോദിക്കാൻ ധാരാളം പേർ, മനുഷ്യനുവേണ്ടി നിലകൊള്ളാൻ ആരുമില്ലാത്ത അവസ്ഥ! കേരളമെന്നു കേട്ടാലോ തിളയ്ക്കണം..... തിളച്ചു തിളച്ചു വറ്റിപ്പോയിരിക്കുന്നു നമ്മുടെ കലർപ്പില്ലാത്ത രക്തം...

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍! അരുണയെ ക്കുറിച്ച് ഒരു പോസ്റ്റ്‌ ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. സമയം കിട്ടിയാല്‍ വായിക്കുമല്ലോ.
http://www.swapnajaalakam.com/2011/03/no-one-raped-aruna.html

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

അഡ്മിനിസ്ട്രെറ്റര്‍മാര്‍ ആരുടെയെങ്കിലും ശ്രദ്ധയ്ക്ക് !!! എനിക്ക് ആല്‍ത്തറയിലെ ഒരു അംഗം ആയാല്‍ കൊള്ളാമെന്നുണ്ട്? ഞാന്‍ എന്താണ് ചെയ്യേണ്ടത്?

sreeshma.p said...

iniyum soumyamarum arunamarum undakathirikkatte

Unknown said...

: ((

മാണിക്യം said...

മനുഷ്യത്വം എന്നൊന്ന് എന്നോ എവിടെയോ കൈമോശം വന്നു. മുത്തശ്ശി അമ്മ ജേഷ്ടത്തി അനുജത്തി സഹോദരി മകള്‍ ചെറുമകള്‍ ഏത് നിലയിലുള്ള സ്ത്രീ ഭാവത്തേയും സ്നേഹിക്കാനും ബഹുമാനിക്കാനും ആദരിക്കാനും എന്നേ മനുഷ്യന്‍ മറന്നത്?
കള്ളിപ്പാലൂട്ടി തമിഴ് നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളെ എന്നേയ്ക്കുമായ് ഉറക്കുന്ന അമ്മമാരെ കുറ്റപ്പെടുത്താനാവില്ല. അതെ ജനിയ്ക്കുമ്പോഴെ അമ്മമാര്‍ ആ പെണ്‍കുഞ്ഞുങ്ങള്‍ക്ക് 'ദയാവധം' നല്‍കുന്നു.ഈ ലോകത്തില്‍ നിന്ന് മോചനം മറ്റൊരു അരുണയോ സൗമ്യയോ ആവാതിരിക്കാന്‍.

സ്വപ്നജാലകത്തില്‍ 'No one Raped Aruna - മന:സാക്ഷിയുള്ളവരുടെ ശ്രദ്ധയ്ക്ക് 'അരുണ രാമചന്ദ്ര ഷാന്‍ബാഗ്‌നെ കുറിച്ച് ഷാബു എഴുതിയ പോസ്റ്റും ഒരു വിങ്ങലോടു കൂടി മാത്രമേ വായിച്ച് തീര്‍ക്കാനാവൂ ...
സെനൂ നാളുകള്‍ക്ക് ശേഷം ആല്‍ത്തറയില്‍ എഴുതിയ പോസ്റ്റ് മനസാക്ഷിയുള്ളവര്‍ക്ക് ചിന്തിക്കാന്‍ വകയുള്ളതായി.

ഏറനാടന്‍ said...

സങ്കടം തന്നെ ദൈവത്തിന്‍റെ വികൃതികള്‍