മുന്‍കുറിപ്പ് :
ഇക്കഥയില്‍ രതിയും, രതി മൂര്‍ച്ഛയുമെല്ലാം വിഷയമാകുന്നുണ്ട്, അതെല്ലാം ഇക്കഥയുടെ സ്വാഭാവികതയ്ക്കിണങ്ങുന്ന തരത്തില്‍ മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. അത് കാരണം ഇക്കഥയില്‍ എന്റെ സുഹൃത്തുക്കളും എഴുത്തുകാരുമായ വായനക്കാര്‍ക്ക് എന്തെങ്കിലും അപാകതകള്‍ തോന്നുന്നുവെങ്കില്‍ സദയം ക്ഷമിക്കണമെന്നപേക്ഷിക്കുന്നു.
എന്ന് , സ്നേഹപൂര്‍വ്വം,
താബു.
ബസ് ഏറാന്മുക്കില് വന്നു തിരിയുന്നതിന് മുന്‍പേ ചാടിയിറങ്ങി ഞാന്‍ നടത്തത്തിനു വേഗം കൂട്ടി. ചെറിയ ഒരു ഓട്ടം എന്നുതന്നെ പറയാം. നേരിയ ഖദര്‍ കുപ്പായം വിയര്പ്പോടൊട്ടി കിടക്കുന്നു . പോരിവെയിലിലും മുതുകത്ത് അല്‍പ്പം ഈര്‍പ്പം തട്ടുന്നതായി അനുഭവപ്പെട്ടു. ട്രെയിന്‍ സ്റ്റേഷനിലെത്തുന്നതിനു മുന്‍പ് ചെറിയ ടവ്വല്‍ നനച്ചു മുഖത്തെ കരിയും പൊടിയും തുടച്ചുകളഞ്ഞത് നന്നായി . ദേശാടനക്കാരനാണന്ന് കണ്ടപാടെ ആരും വിളിച്ചുകൂവില്ലല്ലോ.
വളവു തിരിഞ്ഞു വീട്ടിലേക്കുള്ള ഇടവഴി ഇറങ്ങാന്‍ ഭാവിക്കുമ്പോഴാണു ഹുസൈന് ഓടിക്കിതച്ചു മുന്നിലേക്കെത്തിയത് ഞാന്‍ ഒത്തിരി താമസിച്ചുപോയോ എന്ന കുറ്റബോധത്തോടെ അവനോടു തന്നെ ചോദിച്ചു, മയ്യത്തെടുത്തുവോ? ഇല്ലിക്കാ എടുത്തിട്ടില്ല, താമസിക്കും, അഞ്ചുമണിയാകും. ബാംഗ്ളൂരുന്നു ആമിന വന്നുകൊണ്ടിരിക്കുകയാണ്.
ഇക്ക ഏതായാലും ഇപ്പോള്‍ അങ്ങോട്ടുവരണ്ട. ഇക്ക വന്നാല്‍ നമ്മുടെ ബന്ധുക്കള്‍ ഒന്നിനും സഹകരിക്കില്ലന്നാ പറയുന്നത്. മതം മാറിയവനുമായി ഒരിടപാടിനുമില്ലന്നാ അവരുടെ നിലപാട്. ഇക്കാ ഇനിയെങ്കിലും ഇതെല്ലാം ഉപേക്ഷിച്ചിട്ട് വീട്ടിലടങ്ങിക്കഴിഞ്ഞുകൂടെ. അത് പറയുമ്പോള്‍ ഉമ്മയില്‍ സ്ഥായിയായിട്ടുള്ള ദൈന്യത ഞാനവന്റെ മുഖത്തും കണ്ടു. വെയിലിനു ശക്തിയേറുന്നു അവനും വല്ലാതെ വിയര്ത്തുത്തുടങ്ങിയിട്ടുണ്ട്.
ഇക്കാ ഉമ്മ ഇന്നന്വേഷിച്ചിരുന്നു ഇക്കാനെ, നേരം വെളുത്ത ഉടനെ. ബ്ബാപ്പയ്ക്ക് പ്രത്യേകിച്ച് അസുഖമോന്നുമുണ്ടായിരുന്നില്ല, ഇന്നലെ പകല്‍ പതിനൊന്നുമണിക്ക് പതിവുപോലെ ക്ലോക്കിന് കീയും കൊടുത്ത് ,പത്രവുമെടുത്തുകൊണ്ട് മാവിന് ചോട്ടിലേക്ക് പോയതാണ് ഊണിനു കാലമായപ്പോള്‍ ഉമ്മ വിളിക്കാന്‍ ചെന്നപ്പോഴാണ്. . . . . . . . . .
ഇക്കായോടു വിവരം പറയാനായി കവലയിലേക്കു ഓരോ ബസ്സും വന്നു തിരിയുമ്പോള്‍ ഞാനോടിവന്നു നോക്കുകയായിരുന്നു. നമ്മുടെ കുമാരന്റെ കടയുടെ മുകളിലെ ലൈബ്രറിയോട് ചേര്‍ന്നുള്ള മുറി ഒഴിഞ്ഞു കിടപ്പുണ്ട്, ഇക്ക തത്ക്കാലം അവിടെ താമസിക്ക്. ബാപ്പയുടെ പത്തു കഴിഞ്ഞതിനു ശേഷം വീട്ടിലേക്കു വന്നാല്‍ മതി. എന്താ ആവശ്യാന്നു വച്ചാല്‍ ഞാനതവിടെ എത്തിച്ചോളാം.
മറുപടിയൊന്നും പറയാന്‍ തോന്നിയില്ല, എല്ലാം അനുസരിക്കുന്നു എന്നമട്ടില്‍ തലയാട്ടി. ഉമ്മയെ കാണാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഒറ്റക്കുതിപ്പിനു അവനെയും തള്ളിമാറ്റി വീട്ടിലെക്കോടിയാലോയെന്നു ആലോചിച്ചു പോയി. തത്കാലം ഹുസൈനെ അനുസരിക്കുകയെ തരമുള്ളൂ. ബന്ധുക്കള്‍ പിണങ്ങിമാറിയാല് ബാപ്പയുടെ മയ്യത്തുമായി ഞാനെങ്ങോട്ടുപോകും. വേണ്ട തത്കാലം ആരുമായും ഒരു ബലാബലം വേണ്ട. എന്റെ സ്വന്തം നാട് തന്നെ, എന്നാലും കുറച്ചുവര്‍ഷത്തെ അപരിചിതത്വം ഇപ്പോഴുണ്ട്. ഇപ്പോഴത്തെ പ്രശ്നക്കാര്‍ പഴയ കിളവന്മാര് ആയിരിക്കില്ല. അവര്‍ക്കാകുമ്പോള്‍ ചിലതൊക്കെ സഹിക്കാനും, പൊറുക്കാനും കഴിഞ്ഞേക്കും, ചോരത്തിളപ്പുള്ള പുതിയ യുവാക്കള്‍ കൂട്ടം കൂടിയാല്‍ അത്ത്യന്തം അപകടകാരികളാണ്. അവരാണല്ലോ പുതിയ കാലത്തെ സദാചാരത്തിന്റെ വെയര്‍ ഹൌസ് കാവല്ക്കാര്.
പുറത്തു വെയില് കനത്തുകിടക്കുന്നു. പുറത്തേക്ക് നോക്കി കൊണ്ട് ജനലിനരികില്‍ മിടിക്കുന്ന ഹൃദയത്തോടെ നിന്നു. കവലയില്‍ നിന്നും തുടങ്ങുന്ന വീട്ടിലേക്കുള്ള നീണ്ട വഴിയിലെ ആളനക്കങ്ങള്‍ മാവിന്റെ ചില്ലകള്‍ക്കിടയിലൂടെ വ്യക്തമായും കാണാം. വീട്ടിലേക്കു പോകുന്ന സന്ദര്ശകരുടെയിടയില് അപരിചിത മുഖങ്ങളും ധാരാളമുണ്ട്. ചിലപ്പോള്‍ അതൊക്കെ ഹുസൈന്റെ കെട്ട്യോളുടെ ബന്ധുക്കളായിരിക്കാം. എല്ലാവരുടെയും മുഖത്തു ഒരേ നിസ്സംഗത. കവലയില്‍ വണ്ടിയിറങ്ങിയ ഉടനെ അവര്‍ അത് എവിടുന്നാണെടുത്തണിയുന്നതെന്നറിയില്ല.
അമ്മായിയുടെ മകള്‍ സബീന അവളുടെ വീട്ടില്‍ നിന്നും എന്തോ ആഹാരസാധനം പാത്രത്തിലാക്കി എന്റെ വീട്ടിലേക്കു നടന്നു നീങ്ങുന്നു. അവള്‍ക്കു മാത്രം ഏതോ ഒരു ഗൃഹതുരത്ത്വം എന്റെ വീടിനോടുള്ളത് പോലെ തോന്നുന്നു. ഓര്‍മയിലേക്ക് ഗുലാം അലിയുടെ ഗസലുകള്‍ അരിച്ചെത്തുകയാണ്. പരസ്പരം കൈമാറിയിരുന്ന ഗസല്‍ ഡിസ്ക്കുകള്‍ മനസ്സിന്റെ ആഴത്തിലിരുന്നു പ്ലേ ചെയ്യുന്നു. ഒന്നും വേണ്ടായിരുന്നു. ഞാന്‍ വരച്ച ചില ചിത്രങ്ങള്‍ അവള്‍ക്കായി വച്ച് നീട്ടുമ്പോള്‍ അവളുടെയുള്ളില്‍ ചില മനോഹര വര്‍ണ്ണങ്ങള്‍ വീണു ചിതറിയത് മനസ്സിലാക്കിയിട്ടും ഏന്തേ ഞാന്‍ അറിയാത്ത ഭാവത്തില്‍ ഒളിച്ചു കളിച്ചത്
കവലയില്‍ വന്ന ബസ്സില്‍ നിന്നിറങ്ങിയ ആളുകളുടെയിടയില്‍ നിന്നും പെട്ടോന്നുരു മുഖം തിരിച്ചറിയാന്‍ കഴിഞ്ഞു. തിരുനെല്‍വേലിയില്‍ നിന്നുള്ള ഗഫൂര്‍ സേഠ്. ബാപ്പയുടെ കണക്കുപിള്ളയായിരുന്നു കുറേക്കാലം മദ്രാസ്സില്‍. പല വിശേഷങ്ങള്‍ക്കും ബാപ്പ അറിയിച്ചാലുടനെ വീട്ടിലെത്താറുണ്ട്. അവസാനമായി കണ്ടത് പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് പെങ്ങള് ആമിനയുടെ നിക്കാഹിന്. ആളല്പ്പം ക്ഷീണിച്ചിട്ടുണ്ട്. ബാപ്പയെക്കാളും പതിനാറു വയസ്സെങ്കിലും ഇളപ്പം കാണണം ഗഫൂര്‍ സേഠിന്. എനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ ബായ് എന്ന് വിളിക്കുന്ന സേഠ് എന്നെയും കൂട്ടി ബാപ്പയുടെ നിര്‍ദ്ദേശ പ്രകാരം മദ്രാസ്സിലേക്ക് വണ്ടി കയറിയിട്ടുണ്ട്. ബാപ്പ ജ്വരം ബാധിച്ച ശേഷം മദ്രാസ്സില്‍ ഒരു ബന്ധുവീട്ടില്‍ അപ്പോള്‍ വിശ്രമത്തിലായിരുന്നു.
എന്റെ ആദ്യത്തെ ട്രെയിന്‍ യാത്ര. രണ്ടുജോടി ഡ്രെസ്സും ഉമ്മ വാങ്ങിത്തന്ന രണ്ടു പുസ്തകങ്ങളുമായിരുന്നു എന്റെ കൈവശം. എനിക്കോര്‍മയുണ്ട് വിക്രമാദിത്യന് കഥകളും, എഡിസന്റെ ജീവചരിത്രവുമായിരുന്നു അവ. അദ്ദേഹത്തോടൊപ്പം ബര്‍മ ബസാറില്‍ ചെന്ന് കളിപ്പാട്ടങ്ങള്‍ വാങ്ങിയത് ഓര്മ വരുന്നു. കോട്ടില്‍ ക്ലിപ്പ് ചെയ്തു വയ്ക്കാവുന്ന സ്വര്ണനിറത്തില് ചിത്രങ്ങള്‍ പതിപ്പിച്ച വലിയ ബട്ടന്‍സ് അദ്ദേഹത്തിന്റെ വകയായി എനിക്ക് സമ്മാനിച്ചിരുന്നു. സൂക്ഷിച്ചു വച്ചിരുന്ന പഴയ സാധനങ്ങളുടെ കൂട്ടത്തില്‍ കുറച്ചുകാലം മുന്‍പുവരെ അതുണ്ടായിരുന്നു. ആറു വര്‍ഷം മുന്‍പു വീടുവിട്ടിറങ്ങിയപ്പോള്‍ നിരന്തരമുള്ള യാത്രകളിലെവിടെയോ അത് കൈമോശം വന്നു. ഒപ്പം ചില സ്മരണകളും.
പെങ്ങള് ആമിനയും കുടുംബവും എത്തുന്നതും കാത്തു ബാപ്പയുടെ മയ്യിത്ത് കിടക്കുകയാണ്. തീര്‍ച്ചയായും നടുത്തളത്തിലായിരിക്കണം ബാപ്പയെ കിടത്തിയിരിക്കുന്നത്. ബാപ്പ പകല്‍ വിശ്രമിക്കാറുള്ളത് അവിടെയാണ്. അവിടെത്തന്നെയാണ് ബാപ്പയുടെ പ്രവൃത്തികളെ നിയന്ത്രിക്കാറുള്ള ഒരു അലമാരയോളം ഉയരമുള്ള ഘടികാരവും ഇരിക്കുന്നത്.
ഉച്ചസമയം അല്പനേരം അടച്ചിടാറുള്ള കൂനന്‍ ഇസ്മായിലിന്റെ പീടിക അയാള്‍ ധൃതിപെട്ടു തുറക്കുന്നത് കണ്ടു. തൊട്ടടുത്ത വ്യാപാരി വ്യവസായി ഓഫീസിനു മുന്നില്‍ ഒരു കരിങ്കൊടി പാറിക്കളിക്കുന്നു. പകല്‍ വീട്ടിലുള്ളപ്പോള്‍ ബാപ്പ ചിരിക്കുന്നത് കണ്ടിട്ടേയില്ല. നിരന്തരം വഴക്കിടുന്ന ഒരു മനുഷ്യന്റെ മുഖത്തെ തീഷ്ണതയാണ് ഞാനെപ്പോഴും കണ്ടിട്ടുള്ളത്. ഇപ്പോഴെങ്ങനെയായിരിക്കും ബാപ്പയുടെ ഭാവം, ഉറങ്ങുന്ന ഒരു കുഞ്ഞിന്റേതുപോലെ ശന്തതയുള്ളതായിരിക്കുമോ, അതോ എല്ലോവരോടുമുള്ള വെറുപ്പ് കാര്‍മേഘം പോലെ കനത്തു കിടക്കുകയാണോ.
ധൃതിയില്‍ ഒരു ടാക്സി പൊടിപറത്തിക്കൊണ്ട് വീട്ടിലേക്കുള്ള നിരത്തിലേക്ക് തിരിഞ്ഞു കയറി. കാറിന്റെ മുകളില്‍ ലഗ്ഗേജുണ്ട്. അവള് തന്നെ, ആമിനയും കെട്ട്യോനും കുട്ടികളും. കരച്ചിലുകള്‍ മുറിഞ്ഞു നില്ക്കുന്ന വീട്ടില്‍ അല്‍പ്പം കഴിയുമ്പോള്‍ അവളുടെ സാന്നിധ്യത്തില്‍ വീണ്ടും ഏങ്ങലടികള്‍ ഉയര്‍ന്നു താഴും. വൈകുന്നേരം വീണ്ടുമൊരു കൂട്ടക്കരച്ചില്‍ കാണും. ബാപ്പയെ എല്ലെവരും ചേര്‍ന്ന് തോളിലേറ്റുമ്പോള്‍. പക്ഷെ യഥാര്‍ത്ഥത്തില്‍ കരയുക മയ്യത്ത് പെട്ടിക്കുള്ളില്‍ കിടന്നു ബാപ്പയായിരിക്കും. നിശബ്ദമായ വിടവാങ്ങലിന്റെ തേങ്ങലുകള്‍. ബാപ്പ ഉപയോഗിക്കാറുള്ള ചാരുകസേരയോ, ഘടികാരമോ, അങ്ങനെ ഏതെങ്കിലും വസ്തുക്കളായിരിക്കും ആ തേങ്ങലുകള്‍ തിരിച്ചറിയുക. ചിലപ്പോള്‍ പടിഞ്ഞാറ് വശത്തെ മാവും മാവിലകളും, അതില്‍ കൂടുകൂട്ടിയ ഉറുമ്പുകളും ഒക്കെയാവും ബാപ്പയ്ക്ക് ശരിക്കും വിട നല്‍കുക.
ലാ ഇലാഹ ഇല്ലള്ള , ലാ ഇലാഹ ഇല്ലള്ള. മുഴക്കമുള്ള ശബ്ദങ്ങള്‍ അടുത്തടുത്ത് വരുന്നു. ബാപ്പയെയും ചുമന്നു കൊണ്ടുള്ള ആള്‍ക്കൂട്ടം വരി വരിയായി ചെമ്മന്പാതയില്‍ നിന്നും കവലയിലേക്കു കയറുന്നു. മുറിയിലെ ജനാലക്കരികില്‍ നിന്നും താഴേക്കു നോക്കിയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. ഹുസൈന് മുന്നില്‍ത്തന്നെ നിന്നുകൊണ്ട് മയ്യത്തുപ്പെട്ടിയുടെ വലതു ഭാഗം അവന്റെ ഇടതു ചുമലില്‍ ഏറ്റിയിട്ടുണ്ട്. ഉറക്കം തൂങ്ങി കാണപ്പെട്ട അവന്റെ കണ്ണുകള്‍ നന്നേ ചുവന്നു കാണപ്പെട്ടു. എല്ലാവരും കടന്നു പൊയ്ക്കഴിഞ്ഞപ്പോള്‍ തണുത്ത ശാന്തത. മച്ചിലെ ഇണപ്രാവുകള്‍ പകലിരുന്നു ഉറക്കം തൂങ്ങുന്നു. ഞാന്‍ താമസിക്കാറുള്ള മുറികളെല്ലാം എപ്പോഴും ഇങ്ങനെത്തന്നെയായിരുന്നു. തിരക്കുള്ള നഗരങ്ങളില്‍ എപ്പോഴും തിരക്കൊഴിഞ്ഞതായിരിക്കും എന്റെ മുറികള്‍. ഏകാന്തത പലപ്പോഴും ഒരു മെഡിസിന് പോലെയാണ് നമ്മില്‍ പ്രവര്‍ത്തിക്കുക. ഇവിടെ എന്റെ അസാന്നിദ്ധ്യത്തില്‍ ഒരു മരണാഘോഷത്തിന്റെ അവസാന തിരശ്ശീല വീഴുവാന്‍ ഇനി ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി.
ബാപ്പാന്റെ മയ്യിത്ത് മുന്നില്‍ നിന്ന് ചുമന്നുകൊണ്ടു പോകേണ്ട ആളാ കൂട്ടിലിട്ട മാതിരി ഇവിടെ ഒറ്റയ്ക്ക് നില്ക്കണേ ?
വേറൊന്തെക്കൊയോ പറയാന്‍ തത്രപ്പെടുന്ന ചുണ്ടുകളുമായി ബാലുമാഷ് മുറിയിലേക്ക് കടന്നു വന്നു.
വാ ഒറ്റയ്ക്ക് നിക്കണ്ട ലൈബ്രറിയുടെ അകത്തേക്ക് കയറിയിരിക്കാം.
നീ സെലക്ട് ചെയ്തു തന്ന പുസ്തകങ്ങള്‍ തന്നെയാണ് ഇപ്പോഴും ഇവിടെ കൂടുതലായുള്ളത്.
വയ്യ മന്സൂറെ, എല്ലാം നിര്‍ത്തി ഒന്ന് വിശ്രമിക്കാമെന്നു വച്ചാല്‍ പറ്റിയൊരാളെ കിട്ടണ്ടേ. നീ നാട്ടിലുണ്ടായിരുന്നപ്പോള്‍ ഈയുള്ളവന് ഇടയ്ക്ക് അല്‍പ്പം വിശ്രമമുണ്ടായിരുന്നു.
അറിഞ്ഞോ നീ, നമ്മുടെ മുഹമ്മദുഖാന് വീണു. ഇടതു ഭാഗം മുഴുവന്‍ തളര്‍ന്നു കിടപ്പാ. വല്ലതും മിണ്ടാന്‍ തന്നെ വലിയ ബുദ്ധിമുട്ടാ. ഞാന്‍ പോയിരുന്നെടോ അവന്റെയടുത്ത്, സബീനയെ ഓര്‍ത്തിട്ടാ അവന്റെ ആധി മുഴുവന്‍. സ്വന്തം മകളെ ഭര്‍ത്താവ് ഉപേക്ഷിക്കാന്‍ തീരുമാന്നിച്ചൂന്നു അറിഞ്ഞാ ഏതു പിതാവാ തകര്‍ന്നു പോകാത്തത്. ഇരുന്ന ഇരുപ്പില്‍ മറിഞ്ഞു വീഴുകയായിരുന്നു. സിക്കന്തര്‍ വിവരം അറിയിച്ചു ഞങ്ങള്‍ ചെല്ലുമ്പോഴേക്കും തണുത്തുറഞ്ഞിരുന്നു ഇടതു ഭാഗം മുഴുവന്‍. ഇനി ഏതു കാലത്താണാവോ അവന് ഞങ്ങളോടൊപ്പം നടക്കാന്‍ വരുക.
ഉള്ളൊന്നു പിടഞ്ഞുവോ, ചെറിയ വേദന, പക്ഷെ അതൊന്നും വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല. ആഘാതങ്ങളുടെ ഘോഷയാത്രയാണല്ലോ ഇന്നലെ മുതല്‍.
രാത്രിയായപ്പോള്‍ മുറിയിലേക്ക് ഹുസൈന് ആഹാരം കൊണ്ടുവന്നു. ഉണ്ണാനിരിക്കുമ്പോള്‍ അടുക്കു പാത്രം വളരെ പരിചിതമുള്ളതുപോലെ തോന്നി. ലൈറ്റിനടുത്തേക്ക് തിരിച്ചുവച്ച് വെറുതെ പേര് വായിച്ചു. 'സബീനാ മന്‍സില്‍' ഇംഗ്ലീഷില്‍ കൂട്ടക്ഷരത്തില്‍ കൊത്തിയിരിക്കുന്നു. കറിക്ക് എരിവല്‍പ്പം കൂടുതലുണ്ട്, സംശയമില്ല അവിടന്നുതന്നെ.
ഉമ്മയ്ക്ക് ദീനം വരുമ്പോള്‍ എത്രയോ തവണ അവള് ഞങ്ങള്‍ക്ക് വേണ്ടി അടുക്കളയില്‍ കയറിയിട്ടുണ്ട്. പുക കയറി കനത്ത കണ്ണുകളോടെ ഒരു പരാതിയുമില്ലാതെ അവള് ഞങ്ങള്‍ക്ക് വിളമ്പിത്തരും. അപ്പോള്‍ ഞാന്‍ കേള്‍ക്കെ ഉമ്മ പറയും, അവള് നല്ല മനസ്സുള്ളവളാ.
കവലയില്‍ ആളൊഴിഞ്ഞു തുടങ്ങി, വെറുതെ ഒന്ന് പുറത്തിറങ്ങിയാലോയെന്നാലോചിച്ചു. വേണ്ട പരിചിതമുഖങ്ങള്‍ ചിലപ്പോള്‍ തിരിച്ചറിയും. ഈ ഒളിച്ചുപാര്‍ക്കല്‍ പോകെപ്പോകെ എനിക്ക് തമാശയായി തോന്നുന്നു. എല്ലാ ചടങ്ങുകളും ഭംഗിയായി നടക്കട്ടെ. ഈ നിഷേധി കാരണം ഒന്നിനും മുടക്കം വരണ്ട. സബീന മനസ്സില്‍ നിന്നും മാറുന്നേയില്ല. ഇപ്പോള്‍തന്നെ അവളെ നേരിട്ട് കാണണമെന്ന് ആഗ്രഹം തോന്നുന്നു. പക്ഷേ അപ്പോഴും മനസ്സിന്റെ മറ്റൊരു കോണില്‍, കാണരുതെന്ന് ആരോ കലമ്പല്‍ കൂട്ടുന്നു. ഉമ്മ പറയാറുള്ള ചെകുത്താനാണോ അത്.
നാട്ടില്‍ വരുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുന്നതിനായി ഏതോ കൊടിയ ശൈത്താന് എന്നോടൊപ്പം കൂടിയിട്ടുണ്ടെന്നാണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പെരുന്നാളിന് വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ ഉമ്മ ആധിയോടെ എന്നെ ഓര്‍മിപ്പിച്ചത്. എന്റെ ഉമ്മാ അത് ശൈത്താനൊന്നുമല്ല, അതൊരു മനുഷ്യസ്ത്രീയായിരുന്നു. ആറുമാസത്തോളമായി അവളെപ്പിരിഞ്ഞിട്ട്. കുറച്ചുകാലം വരെ എന്റെ ശരീരത്തിന്റെ കെമിസ്ട്രിയും ഗന്ധവും അവള്‍ക്കു ഹരമായിരുന്നു. പിന്നെ പിന്നെ എനിക്കും ബോറായിത്തുടങ്ങി. പരസ്പരം പഴിചാരാതെ സന്തോഷത്തോടെ തന്നെ പിരിഞ്ഞു. കാരണം പരസ്പരം, സ്വന്തം സെക്സ് ലൈഫിനോട് നീതിപുലര്‍ത്താന്‍ വേണ്ടി മാത്രമായുള്ള ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമായിരുന്നു അത്. ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ലായിരുന്നു. ഞങ്ങളെന്തുചെയ്യുന്നു എന്ന് വ്യാകുലപ്പെടുവാന്‍ ഞങ്ങള്‍ക്ക് ചുറ്റും ആരുമില്ലായിരുന്നു.
കബീറെന്നല്ലേ സബീനയുടെ കെട്ട്യോന്റെ പേര്. കല്യാണക്കുറി ബാലുമാഷ് അയച്ചു തന്നിരുന്നു.. കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. മതം മാറിയ നിനക്ക് നിന്റെ സമുദായത്തില്‍ നിന്നും നിക്കാഹു ചെയ്യാന്‍ പറ്റില്ലാന്ന് നിനക്കറിഞ്ഞുകൂടെ. എല്ലാം മറന്നു നീ തിരിച്ചു വരണം. തിരിച്ചു വരവ്, പഴയ ഓര്‍മ്മകള്‍ നമ്മെ പൊള്ളിക്കാന്‍ ഇടയാക്കുമെന്ന് മാഷ് അറിയാതെ മറന്നതുപോലെ. സബീനയെ നേരിട്ട് കാണണമേന്നുണ്ട്. കൂട്ടത്തിലെവിടെയെങ്കിലും വച്ച് ദൂരെനിന്നു കാണണം. അപ്പോള്‍ പരിഭവങ്ങള്‍ക്ക് അവസരം ഉണ്ടാകില്ലല്ലോ. മൌനമായ ചില ചാട്ടുളി നോട്ടങ്ങള്‍ മാത്രം. വാക്കുകളെക്കാളും പതിന്മടങ്ങ് ശക്തിയുള്ളതാണ് അതെങ്കിലും മറ്റെന്തിലെങ്കിലും ശ്രദ്ധ തിരിച്ചു തത്കാലം അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞേക്കും. നേര്‍ക്കുനേരെ കാണുമ്പോള്‍ വാക്കുകളെത്തടുക്കാന് ഞാനേതായുധമാണ് ഉപയോഗിക്കേണ്ടത്.
ബന്ധുക്കള്‍ക്ക് ഇത്രകാലമായിട്ടും എന്നോടുള്ള പക തീര്‍ന്നിട്ടില്ലേ, എവിടുന്നയിരുന്നു എതിര്‍പ്പിന്റെ തീയുടെ തുടക്കം.
നാല്‍പ്പതു വര്‍ഷത്തെ കടുത്ത തണുപ്പനുഭവപ്പെട്ട ബോംബയിലെ ഒരു പകല്‍. നാട്ടില്‍ നിന്നും സി, എസ്, റ്റി സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ മൂന്നു യുവാക്കള്‍ മസ്ജിദ് സ്ട്രീറ്റിലെ ഹയാത്ത് ലോഡ്ജിലെ റിസപ്ഷനിലേക്ക് എനിക്ക് ഫോണ്‍ ചെയ്യുന്നു. ബാലു മാഷ് നമ്പര്‍ കൊടുത്തിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഉടനെ റൂമിലേക്ക് വരുവാന്‍ പറഞ്ഞു. ഒരാഴ്ചയോളം അവര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ബുദ്ധന്റെ സ്പിരിച്വല്‍ സ്ട്രെങ്ങ്തിനെക്കുരിച്ചും, വര്‍ത്തമാനകാലത്തില്‍ നമ്മോടോപ്പമുള്ള ടെലിപ്പതിക് എനെര്ജിയെക്കുറിച്ചും ഞാന്‍ ആയിടക്കു പത്രത്തിലെഴുതിയിരുന്നു. അതൊക്കെ വായിച്ചിട്ട് അതിനെക്കുറിച്ച് കൂടുതലറിയാനുള്ള മോഹത്തോടെ വന്നവരായിരുന്നു അവര്‍.
എനിക്കവരോട് പ്രത്യേകിച്ചൊന്നും പറയുവാനുണ്ടായിരുന്നില്ല. താമരപ്പൂവില്‍ വീണുകിടക്കുന്ന മഞ്ഞുകണങ്ങള്‍ മനോഹരമല്ലേ എന്നവരൊടു സാധാരണ മട്ടില്‍ ചോദിച്ചു. അത് വിരല്ത്തുമ്പിലെടുക്കുമ്പോള് മറ്റൊരു തലം, മറ്റൊരു കാഴ്ച. അങ്ങനെ കാഴ്ചകളിലേക്ക് കണ്‍തുറക്കുമ്പോള്‍ ഉള്ക്കാഴ്ച്ചകളിലേക്കും, മനസ്സിനെ അല്പം അലയാന്‍ വിടുക എന്നു അവരോടു പറഞ്ഞു. ബുദ്ധമതം ആകര്‍ഷകമായി തോന്നിയതുകൊണ്ട് അതിനെക്കുറിച്ച് അല്‍പ്പം ഗവേഷണം നടത്തി, ലഭിച്ചവിവരങ്ങളും പൊടിപ്പും തൊങ്ങലും വച്ച് എഴുതുകയായിരുന്നു. ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെയും, ഗുരുനിത്യചൈതന്യയതിയുടെയും ആശയങ്ങള്‍ എന്ത് കൊണ്ട് ആകഷകമായിതോന്നുന്നുവെന്നും അവരെ പറഞ്ഞു മനസ്സിലാക്കി. ഒരു ബുദ്ധഭിക്ഷുവിന്റെ പരിവേഷം അവര്‍ എനിക്ക് ചാര്‍ത്തിത്തരുമോ എന്ന് നല്ലതുപോലെ ഭയപ്പെട്ടു. എത്രയും വേഗം അവരെ പറഞ്ഞയക്കണമെന്നുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന കുറച്ചു റഫറന്‍സ് ഗ്രന്ഥങ്ങള്‍ അവര്‍ക്ക് നല്കി അവരെ എന്റെ സുഹൃത്തായ ബുദ്ധഭിക്ഷു ശ്രീ ഹരിഹരന്റെ ചെറിയ ആശ്രമത്തിലേക്കു പറഞ്ഞയച്ചു.
പക്ഷേ എനിക്കറിയാമായിരുന്നു. ജീവിതത്തില്‍ തോന്നിയ കൌതുകങ്ങളിലോന്നു മാത്രമായിരുന്നു, ഈ ബുദ്ധമതപ്രേമവും മറ്റുമെന്നും. തത്വങ്ങള്‍ മാത്രമല്ല ചില പ്രണയങ്ങളും വ്യക്തികളും കുറച്ചുകാലം കൌതുകമായി നിലനിന്നു. ആദ്യം സബീന, പിന്നെ പ്രസീത, ഇതാ ഇപ്പോള്‍ ലക്ഷ്മീറാണി എന്ന നര്‍ത്തകി, അവരുമായുള്ള വേഴ്ചകള്‍ അങ്ങനെ പലതും. എന്തോ ഭാഗ്യം, മദ്യവും, മയക്കുമരുന്നുകളും അതിന്റെ ലഹരിയും മാത്രം ഇപ്പോള്‍ തീണ്ടാപ്പാടകലെ നില്ക്കുന്നു. പക്ഷെ ചിലത് ജീവിതത്തില്‍ അല്‍പ്പം ദീര്‍ഘമായി നിലനില്ക്കും ലക്ഷ്മീ റാണി ഏറോബിക്സിലൂടെ നേടിയെടുത്ത ശില്പ സൌന്ദര്യമുള്ള അവളുടെ ശരീര വടിവുപോലെ ഈ തത്വ സംഹിതകളും അല്പകാലം എന്നില്‍ കൌതുകത്തോടെ നിലനില്ക്കും. അത് ആ തത്വ സംഹിതയുടെ ഗുണം കൊണ്ടാണ്, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടാണ്.
ആ യുവാക്കളോട് നാട്ടിലെ വിശേഷങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു, സബീനയെക്കുറിച്ചും. ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല, അല്ല അപ്പോള്‍ മനസ്സ് മറ്റെന്തിലോക്കെയോ ആയിരുന്നു. ഒരു തരം രക്ഷപ്പെടല്‍. എഴുതിയെഴുതി കൈ വേദനിക്കുമ്പോള്‍ തലകനക്കുമ്പോള് ബോള്‍പെന്നിലെ മഷിയുടെ മണം അല്പല്പ്പമായി മുറിയില്‍ നിറയുമ്പോള്‍, ചിലപ്പോള്‍ സബീനയെ ഓര്‍മവരും. വീട്ടിലാകുമ്പോള്‍ അവള് ചായയുമായി മുറിയിലേക്ക് വരാറുണ്ട്. അതൊക്കെ ഓര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍ പിന്നെ എഴുത്തുമുറിഞ്ഞുപോകും. ലീവുള്ള പകലാണെങ്കില് അപ്പോള്‍ തന്നെ മുറിയടച്ചു പുറത്തിറങ്ങും. മസ്ജിദ് സ്ട്രീറ്റിലെ ജനങ്ങളോടൊപ്പം നഗരത്തിന്റെ തിരക്കിലേക്ക് ഒഴുകിയിറങ്ങും. പിന്നത്തെ മണിക്കൂറുകള്‍ ഫുട്പ്പാത്തിലെ പുസ്തകകച്ചവടക്കാരുടെ ഇടയിലാണ്. അതിലൊരാളിനു ഞാനിട്ടിരിക്കുന്ന പേര് റൂമി എന്നാണ് , അതെ! ജലാലുദ്ദീന്‍ റൂമി. വളരെ നന്നായി സംസാരിക്കുന്നവന്, ഇടയ്ക്കു സൂഫിക്കവിതകളും, പാട്ടുകളും അവന് പാടും.
പിന്നീടറിഞ്ഞു എന്നെത്തേടിയെത്തിയ യുവാക്കള്‍ ബുദ്ധമതം സ്വീകരിച്ചുവെന്നു. മൂന്നുപേരും വീട്ടില്‍ നിന്നും പുറത്തായി. ഊരുവിലക്ക് ഭയന്നു വീട്ടുകാര്‍ അവരെ പുറത്താക്കുകയായിരുന്നു. അവസാനം അന്വേഷണങ്ങളെല്ലാം വന്നു നിന്നത് എന്നിലേക്ക്. നാട്ടുകാര്‍ ബന്ധുക്കള്‍ എല്ലാവരും പറഞ്ഞു. അവനാ ഇവരെ വഴിതിരിച്ചത്. അവന് ആദ്യം യുക്തിവാദിയായി, ഇപ്പോ ബുദ്ധ മതക്കാരന്, ഇനി അടുത്ത് ഏതാണാവോ.
ലക്ഷ്മീ റാണിയെ പറഞ്ഞയച്ചു ഞാന്‍ മുറി പൂട്ടി ഓഫീസ്സിലേക്കിറങ്ങാന് ഭാവിക്കുമ്പോള്‍ നാട്ടില്‍ നിന്നും ബാലുമാഷിന്റെ ഫോണ്‍ കോള്‍, നാട്ടിലേക്ക് ഉടനെയൊന്നും തിരിക്കണ്ട, ഭയമുള്ളാരു താക്കീതുണ്ടായിരുന്നു ആ ശബ്ദത്തില്‍. അവഞ്ജയോട് കൂടി ഫോണ്‍ കട്ട് ചെയ്തിട്ട് , ലക്ഷ്മീ റാണിയെ ഫോണ്‍ ചെയ്തു തിരികെ വിളിച്ചു. അവള് വന്നപ്പോള്‍ ഓഫീസ് ലീവെടുത്ത് പകല്‍ മുഴുവന്‍ അവളോടൊപ്പം കഴിച്ചുകൂട്ടി.
മുറിയടച്ചു താക്കോല്‍ ബാലുമാഷെ ഏല്‍പ്പിച്ചു ഞാന്‍ വീട്ടില്‍ പോകാനൊരുങ്ങി. ചതുരക്കണ്ണാടിയുടെ ഫ്രെയിമിനു മുകളിലൂടെ വാത്സല്യപൂര്‍വ്വം നോക്കിക്കൊണ്ട് മാഷ് പറഞ്ഞു.
തിരിച്ചുപോകുന്നതിനു മുന്‍പ് ഉറപ്പായിട്ടും കാണണം. പേടിക്കണ്ടടൊ , ഗുണദോഷിക്കാനൊന്നുമല്ല .
പത്തു ദിവസത്തെ എകാന്തതക്ക് ശേഷം പുറത്തിറങ്ങി വെയിലിലൂടെ നടന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ അടഞ്ഞു പോയി. വീട്ടിലേക്കുള്ള പാതയിറങ്ങി നടത്തത്തിനു വേഗത കൂട്ടി.
പഴയ പടിപ്പുര ഇപ്പോഴില്ല, പകരം ഹോളോബ്രിക്സ് കല്ലുകള്‍ കൊണ്ട് കേട്ടിയുയര്ത്തിയ സാമാന്യം പൊക്കമുള്ള രണ്ടു തൂണുകള്‍, വല്യ ഇരുമ്പ് ഗെയ്റ്റ്, എല്ലാം റെഡ് ഓക്സൈഡ് പൂശി പെയിന്റിങ്ങിനായി തയ്യാറാക്കിയിരിക്കുന്നു.
മുറ്റത്തേക്കു കയറിയപാടെ വേദന തോന്നി. തണല്‍ മരങ്ങളെല്ലാം മുറിച്ചു മാറ്റിയിരിക്കുന്നു. തെക്കേ അതിരില്‍ പഴയ മാവ് മാത്രം അവശേഷിക്കുന്നു. മുറ്റത്തു അവിടവിടെയായി കുറച്ചു ചെടിച്ചട്ടികള്‍. അതില്‍ കുറ്റിച്ചെടികള്‍. ഈ ഊഷരമുറ്റം പോലെ വരണ്ടതാണ് ഇതിനുള്ളിലെ ജീവികളെന്നും, ഇതിനകത്തേക്ക് ആരും അതിക്രമിച്ചു കയറേണ്ടതില്ല എന്നും ആരോ വിളിച്ചുകൂവുന്നതുപോലെ പെട്ടൊന്നൊരു ഉള്‍വിളി. ഓടുകള്‍ മാറ്റി പുതുക്കിയ മേല്‍ക്കൂരയുടെ തണലില്‍ നിന്നുകൊണ്ട് പതറിയ സ്വരത്തില്‍ വിളിച്ചു ' ഉമ്മാ'.
ആളനക്കമില്ല, ഒന്നുകൂടി നീട്ടിവിളിച്ചപ്പോള്‍, നടുത്തളത്തില്‍ നിന്നും കാല്‍പ്പെരുമാറ്റം കേട്ടു.
സ്വര്‍ണ നിറത്തില്‍ പൂക്കള്‍ പ്രിന്റു കടും ചുവപ്പ് കോട്ടണ്‍ സാരിയുടുത്ത് സബീന ഉമ്മറത്തേക്ക് വന്നു. ഒരു നിമിഷം സ്തബ്ധയായി നിന്നശേഷം അവള് അകത്തേക്കോടി. അമ്മായി, അമ്മായി എന്ന് പതറിയതെങ്കിലും അല്‍പ്പം ഉച്ചത്തിലുള്ള ശബ്ദം രണ്ടു തവണ അകത്തുനിന്നും കേട്ടു.
ഉമ്മയുടെ മുന്പിലിരുന്നപ്പോള്, ഉമ്മയുടെ പുറകില്‍ പകുതി മറഞ്ഞിരുന്നു സബീന എന്നെ സസൂഷ്മം വീക്ഷിച്ചു. മുറിയില്‍ സാമ്പ്രാണിത്തിരിയുടെ മണം തങ്ങിനിന്നു. അവളുടെ കണ്തടങ്ങളില് അല്‍പ്പം കറുപ്പ് പടര്‍ന്നിട്ടുണ്ട്. കീഴ്ച്ചുന്ടിന് അല്‍പ്പം വിളര്‍ച്ച ബാധിച്ചതുപോലെ.
ഉമ്മ എന്റെ തലമുടിയില്‍ തലോടി, തസ്ബീഹെടുത്തു (ജപമാല) മന്ത്രിച്ചു എന്റെ നെറുകയില്‍ 'ഭ്ശൂ' എന്ന് ശബ്ദമുണ്ടാക്കി മൂന്നു തവണ ഊതി. ഞാന്‍ കണ്ണുകളടച്ചു, ഉമ്മയുടെ മടിയില്‍ തലവച്ചു കിടന്നു. ഉമ്മ എന്റെ നെറ്റിയില്‍ നിന്നും തലയിലേക്ക് വിരലുകള്‍ കൊണ്ട് പരതി. ഉമ്മയുടെ ചൂണ്ടുവിരല്‍ തലയുടെ ഇടതു ഭാഗത്തെ ചെറിയ മുഴയില്‍ തടഞ്ഞു നിന്നു.
കണ്ടിടത്തെ വെള്ളത്തിലൊക്കെ കുളിച്ചിട്ടു ഇവന്റെ തലേല് ചെരങ്ങു പിടിച്ചല്ലോ പടച്ചോനെ . . .
സബീനാ നീപോയി ഒരു ചെമ്പ് വെള്ളം കൊണ്ട് താ, ഒന്ന് മന്ത്രിച്ചോട്ടെ, കുളിക്കുന്നതിനു മുന്‍പ് ബിസ്മി ചൊല്ലി അത് തലേലോഴിച്ച ശേഷം കുളിക്ക് മോനെ . . .
ആളുകള്‍ ഓരോന്ന് പറയുന്നല്ലോ മോനെ, നിനക്ക് മതവും കിതാബും ഒന്നും ഇല്ലാന്ന്. കേള്‍ക്കുന്നതൊക്കെ ഒള്ളതാണോ, നീയിപ്പോ ഏതാ, കമ്മ്യൂണിസ്റ്റോ അതോ യുക്തിവാദിയോ. പടച്ചോനെ മറന്നു നടക്കല്ലേ മോനെ, എന്റെ ആങ്ങളെയെപ്പോലെ ആകല്ലേ നീയ്.
സബീന വെള്ളവുമായി വന്നു ഉമ്മയ്ക്കരികിലിരുന്നപ്പോള്, അവളുടെ കവിളില്‍ പതിയെ നുള്ളിക്കൊണ്ട് ഉമ്മ പറഞ്ഞു. എന്റെ ചെല്ലക്കുട്ടി, എന്റെ മരുമോളായി ഇവിടെ കേറി വരേണ്ടവളായിരുന്നു ഇവള്. എന്തോ അത് പടച്ചോന് ഇഷ്ടമില്ലാന്നു തോന്നുന്നു. സബീന നേരിയ ചിരിയോടെ കുനിഞ്ഞിരുന്നു.
നടുത്തളത്തിലിരുന്നു വലിയ ക്ലോക്ക് മണി രണ്ടടിച്ചു. രണ്ടല്ല, മൂന്നു, നാല് അതങ്ങനെ മുഴങ്ങിക്കൊണ്ടിരുന്നു. ഉമ്മ പെട്ടന്ന് എന്റെ തലയെടുത്ത് താഴെവച്ച്. എന്റെ പടച്ചോനെ ഇതെന്തു മറിമായം, എന്താ ഇത് ഇപ്പൊ ഇങ്ങനെഎന്ന്, പേടിച്ചതുപോലെ പുലമ്പി . സബീന നടുത്തളത്തിലേക്കെഴുന്നെറ്റോടി. ഞാന്‍ പുറകെ ചെന്നപ്പോള്‍ അവള് പരിഭ്രമത്തോടെ ആ വലിയ ക്ലോക്കിനെ നോക്കി നില്‍ക്കുകയാണ്. അത് മുഴങ്ങിക്കൊണ്ടേയിരുന്നു. ഞാന്‍ പെന്‍ഡുലത്തിന്റെ മുന്നിലെ ഡോര്‍ തുറന്നു പെന്ഡുലത്തിനെയും, ബെല്ലിന്റെ കമ്പികളെയും ചേര്‍ത്തുപിടിച്ചു. ചെറിയൊരു ഞരക്കത്തോടെ ബെല്ലിന്റെ ശബ്ദം നേര്‍ത്തുവന്നു, പക്ഷെ അത് എന്റെ കൈകളിരുന്നു കുതറിത്തെറിക്കാനായി ശ്രമിച്ചുകൊണ്ടേയിരുന്നു. ഞാന്‍ സബീനയോടു അതിനെ കൂട്ടിക്കെട്ടുവാനായി ചരടു കൊണ്ടുവരുവാനായി ആംഗ്യം കാണിച്ചു. ഉമ്മ ചാരുകസേരയില്‍ തളര്‍ന്നിരുന്നു.
പത്തു ദിവസം കൊണ്ട് തന്നെ ഉമ്മ വല്ലാതെ ക്ഷീണിച്ചു വിളറിപ്പോയിരിക്കുന്നു. നാല്‍പ്പതു ദിവസത്തെ ഇദ്ദ കൂടിയാകുമ്പോള്‍ (മറയിരിക്കല്‍) അധികം പ്രകാശം കടക്കാത്ത മുറിയിലിരുന്നു ഉമ്മ വല്ലാതെ വിഷമിക്കുമെന്നുറപ്പാണ്. സ്വര്‍ഗത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ മനുഷ്യനെ എന്തെല്ലാം വേഷങ്ങള്‍ കെട്ടിക്കുന്നു എന്നതിനെക്കുറിച്ചാണ് ഞാനപ്പോള്‍ ആലോചിച്ചു കൊണ്ടിരുന്നത്.
ഞാന്‍ ഉമ്മയുടെ അടുത്തുചെന്നു ഉമ്മയുടെ രണ്ടു കൈകളും എന്റെ കൈക്കുള്ളിലാക്കി ഉമ്മയോട് പതിയെ ചോദിച്ചു. ഉമ്മാ എന്റെകൂടെ പഴയതുപോലെ നമ്മുടെ തോടിയിലേക്കൊക്കെയിറങ്ങിക്കൂടെ നിങ്ങള്‍ക്ക്. ഉമ്മ പെട്ടെന്ന് തീപ്പൊള്ളലേറ്റമാതിരി കൈ വലിച്ചെടുത്തു.
നീ എന്ത് വിചാരിച്ചിട്ടാ, ഞാന്‍ ഇപ്പോത്തന്നെ ഇദ്ദാനിയമം തെറ്റിചിട്ടാ ഇപ്പോള്‍ ഹാളിലേക്ക് വന്നിരിക്കുന്നേ, ആരെങ്കിലും കണ്ടാല്‍ അതുമതി പുതിയ പുകിലിന്, എന്റെ റഹീമായ തമ്പുരാനേ.
നിനക്കറിയോ, ഈ ക്ലോക്കിനെ എനിക്ക് വല്യ പേടിയാ, അതാ ഞാന്‍ ഇപ്പോത്തന്നെ മുറി വിട്ടോടിവന്നെ, ഈ ഭ്രാന്തന് ക്ലോക്കിന് മുന്‍പൊരിക്കല്‍ ഹാളിലകിയിരുന്നു. നിനക്ക് മുകളിലുള്ളതിനെ ഞാന്‍ വയറ്റീ ചുമക്കുമ്പോഴാ. പ്രസവവേദന കാരണം എന്റെ ബോധം മറയണപോലെ തോന്നി, ഒന്നും കാണാന്‍ വയ്യാതായി, അടുത്തുനിന്ന വയറ്റാട്ടിയും മറ്റു പെണ്ണുങ്ങളും ഒക്കെ മങ്ങിമങ്ങി തീരെ ഇല്ലാതാവുന്നു. അപ്പോള്‍ ഒരു ശബ്ദം മാത്രം ഞാന്‍ കേട്ടു. ഈ ക്ലോക്കിന്റെ നിര്‍ത്താതെയുള്ള ഈ അലറിക്കരച്ചില്‍ മാത്രം. കണ്ണ് തുറന്നു നോക്കുമ്പോള്‍ കുഞ്ഞിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുന്നു. അവള് പോയി, പടച്ചോന് അവള് ഈ ഭൂമിയില്‍ ജീവിക്കുന്നത് ഇഷ്ടമില്ലാന്നു തോന്നുന്നു.
സബീന ഉമ്മയുടെ അടുത്തിരുന്നു ഉമ്മയുടെ വലതു കൈ അവളുടെ കൈക്കുള്ളിലാക്കി തിരുമ്മിക്കൊണ്ടിരുന്നു .
അമ്മായി ഇതുപോലെ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില് കൈ മരവിച്ചു പോകാറുണ്ട്, അപ്പോഴൊക്കെ ഇടയ്ക്ക ഇങ്ങനെ ചൂട് കൊടുക്കണം. പേടിക്കണ്ടാ അപസ്മാരമോന്നുമല്ല.
സബീന ഉമ്മയുടെ തുടയില്‍ തലചായ്ചിരുന്നുകൊണ്ട് തീഷ്ണമായ കണ്ണുകളോടെ എന്നെ നോക്കിക്കൊണ്ടിരുന്നു. അത് കണ്ടില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ഞാന്‍ ക്ലോക്കില്‍ വെറുതെ അഴിച്ചുപണികള്‍ നടത്തിക്കൊണ്ടിരുന്നു.
ഞാനപ്പോള്‍ ഓര്‍ത്തത് രണ്ടുകൈകളിലും വാച്ച് കെട്ടിക്കൊണ്ടു നടന്നിരുന്ന കാസിമിനെയാണ്. മാറി മാറി രണ്ടു വാച്ചുകളിലും അലാറം സെറ്റ് ചെയ്തു ചെവിയിലേക്ക് അമര്‍ത്തിപ്പിടിച്ചു, കലുങ്കില്‍ കയറിയിരുന്നുകൊണ്ട് വിസ്മയം നിറഞ്ഞ കണ്ണുകളോടെ അയാള്‍ വഴിപോക്കരെ നോക്കി ചിരിക്കുമായിരുന്നു. കാസിം ഇപ്പോഴില്ല, കഴിഞ്ഞ തവണ പുഴ നിറഞ്ഞു കവിഞ്ഞപ്പോള്‍, കരയില്‍ പകുതി ചെളിയില്‍ പുതഞ്ഞു കിടന്ന ശരീരം നാട്ടുകാര്‍ തിരിച്ചറിഞ്ഞു. അപ്പോഴും അയാളുടെ വാച്ചുകള്‍ കൃത്യ സമയം പാലിച്ചിരുന്നു. അയാള്‍ എവിടെ നിന്ന് വന്നുവെന്ന് കൃത്യമായി ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷേ അയാള്‍ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അയാളുടെ കൂടെ ഏതുനേരവും രണ്ടു പൂച്ചകള്‍ ഉണ്ടായിരുന്നതായി, ഷാഫി മാമ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
മുകളിലെ മുറിയിലേക്ക് കയറുമ്പോള്‍ സബീന എന്റെ പഴയ പുസ്തകങ്ങള്‍ അടുക്കി വയ്ക്കുന്നു.
തുളസിയില നുള്ളി കഴുകി വെള്ളം തളിച്ച് വച്ചിട്ടുണ്ട് മേശപ്പുറത്ത്, പഴയ ശീലങ്ങള്‍ ഇപ്പോഴും ഉണ്ടോ എന്തോ . . . .
നില്ക്കൂ,
അവള് കോണിയിറങ്ങാന്‍ ഭാവിക്കുമ്പോള്‍ പറഞ്ഞു.
പുതുതായി ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല, പക്ഷെ അവള് ഇപ്പോള്‍ തെല്ലു വിളിപ്പുറത്തു നില്ക്കുമ്പോള്, വികാരങ്ങള്‍ സ്വയം തടവിലായതുപോലെ. അല്പനേരം മുഖത്തോടു മുഖം നോക്കി നിന്നു. മുന്‍പ് അവസരം കിട്ടുമ്പോള്‍ കെട്ടിപ്പിടിച്ചു ഉമ്മവച്ചു രസിക്കുന്ന കൌമാരക്കരനല്ല ഞാനിപ്പോള്‍, അല്പം സംയമനം പാലിച്ചേ മതിയാകൂ. വിവാഹ മോചനം നേടുന്നതുവരെയെങ്കിലും അവള് മറ്റൊരാളുടെ ഭാര്യയാണ്.
എന്താ പറയാന്‍ വന്നത്, ഞാന്‍ പൊയ്ക്കോട്ടേ, ബാപ്പയ്ക്ക് മരുന്ന് നല്‍കാനുള്ള സമയമായി. ട്യൂഷന് ക്ലാസ്സിനായി കുട്ടികളും എത്തിയിട്ടുണ്ടാവും.
കുട്ടികള്‍ ?
അതെ പടച്ചോന് എനിക്ക് താലോലിക്കാനും വഴക്ക് പറയാനും ഒക്കെയായി ഏഴെട്ടു കുട്ടികളെ തന്നിട്ടുണ്ട്. എല്ലാം അയല്‍പ്പക്കത്തുള്ള കുട്ടികളാ. ട്യൂഷന് കഴിഞ്ഞു എന്റെ കൈകൊണ്ടു ചായയും കുടിച്ചിട്ടേ അവര്‍ പോവുകയുള്ളൂ.
കെട്ട്യോന് എന്ത് പറയുന്നു ?
എല്ലാം അറിഞ്ഞുകാണില്ലേ, ഇത്തവണ വരും മൊഴി ചൊല്ലുവാനും, പുതിയ നിക്കാഹിനും മറ്റുമായി രണ്ടുമാസത്തെ ലീവിന്. ഏതായാലും ഒരുപകാരം അവര്‍ ചെയ്തു തന്നു. മൊഴി ചൊല്ലുന്ന വിവരം നേരത്തെ അറിയിച്ചു. മനസ്സിനെ പാകപ്പെടുത്തിയെടുക്കാനായി അവര്‍ ചെയ്തു തന്ന ഏറ്റവും വലിയ ഉപകാരം. സ്വയം ഒപ്പിടാന്‍ കൂടി അറിഞ്ഞുകൂടാത്ത ആള് ഇത്രയ്ക്കും സാമര്ത്ഥ്യക്കാരനാണന്നറിഞ്ഞില്ല. മൊഴി ചോല്ലുവാനായി ഒരു കാരണം കണ്ടെത്തി, എനിക്ക് കുട്ടികളുണ്ടാവില്ലാന്നു.
വേണ്ട ഒന്നും ചോദിക്കണ്ടായിരുന്നു . . .
അവള് പറയുന്ന മറുപടികള്‍ മനസ്സിനെ വല്ലാതെ ഞെരുക്കുന്നു .
ടവ്വലെടുത്ത് മുഖത്തെ വിയര്‍പ്പു തുടച്ചു, അവള് മിഴികള്‍ കാണാതിരിക്കാന്‍ ആ പ്രവര്‍ത്തി ഞാന്‍ രണ്ടു മൂന്ന് തവണ ആവര്‍ത്തിച്ചു . . .
അവസാന കോണിയിറങ്ങുമ്പോള്‍ അവള് തിരിഞ്ഞു നിന്നു ചോദിച്ചു . . .
ബുദ്ധമതത്തില്‍ സ്വാതന്ത്ര്യം ഉണ്ടോ ?
എന്താ പറയേണ്ടത് , ഒറ്റ വാക്കില്‍ പറയാന്‍ കഴിയുമോ, അന്വേഷണത്തിന് വേണ്ടിയുള്ള ഇച്ഛതന്നെ സ്വയം ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമല്ലേ. മനുഷ്യനെപ്പോഴാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാവുക. മരിച്ചതിനു ശേഷമോ, അതോ അതിനു മുന്‍പോ, ജീവിക്കുന്ന ഓരോ നിമിഷവും സ്വതന്ത്രനാവാന്‍ നാം ആഗ്രഹിക്കുന്നു, പക്ഷെ മനസ്സിലെ രാവണന് കോട്ട അതിനു സമ്മതിക്കുമോ,
കോണിയിറങ്ങി അടുത്തു ചെന്ന് അവളുടെ നേരെ കൈനീട്ടി, അവള് കൈ തന്നു, തിരികെ കോണി കയറിയപ്പോള്‍ അവളെന്നെ അനുഗമിച്ചു.
ഇരിക്കാന്‍ പറഞ്ഞു, അവള് തന്നെ കുറച്ചുമുന്പ് മെത്തമേല്‍ വിരിച്ചിട്ട നീലപ്പൂക്കളുള്ള വെള്ള ബെഡ്ഷീറ്റില്‍ ഇടതു കൈ ഊന്നി അവളിരുന്നു, പിന്നെ പിന്നെ പുറത്തേയ്ക്ക് നോക്കിയിരുന്നു .
പകല്‍ അവസാനിക്കാറായാതെയുള്ളൂ , ഇളം ചുവപ്പ് കലര്‍ന്ന മേഘം അസ്വസ്ഥമായി നീങ്ങിക്കൊണ്ടിരുന്നു, പക്ഷെ മുറിയില്‍ നിതാന്തമായ ശാന്തതയായിരുന്നു.
ചുണ്ട് ചുണ്ടോടടുത്തപ്പോള്‍ അനുഭവപ്പെട്ടു, പഴയ അതെ മാര്ദ്ധവം, ഉമിനീരിനു ആതേ രുചി, മാറില്‍ അതേ സുഗന്ധം, ഉടലിലെ താപനിലപോലും കണിശമായി അളന്നെടുത്തതുപോലെ, രതിമൂര്ച്ഛയുടെ പകുതിയില്‍ അവളില്‍ നിന്നുയര്‍ന്ന മൃദു ശബ്ദങ്ങള്‍ പോലും മാറ്റമില്ലാതെ, ഒടുവില്‍ ശരീരങ്ങള്‍ പരസ്പരം വേര്‍പെടുത്തിയപ്പോള്‍ അങ്ങിങ്ങായി പൊടിഞ്ഞുതുടങ്ങിയ വിയര്‍പ്പു മണികളിലെ ഉഷ്ണത്തിന്റെ സാമ്യത എന്നെ അല്‍പ്പം അസ്വസ്ഥനാക്കി. ഏതെങ്കിലും ഒരു ഘട്ടത്തില്‍ നേരിയ വ്യത്യാസം പ്രതീക്ഷിച്ചത് കൊണ്ടാകാം ഞാനല്പ്പനേരത്തേയ്ക്ക് പതറിപ്പോയത്. ലജ്ജയുടെ ഉടയാടകള്‍ ഉരിഞ്ഞെറിഞ്ഞു നഗ്നമായ ശരീരങ്ങളെ പരസ്പരം നോക്കി ഞങ്ങള്‍ ചിരിച്ചു, വീണ്ടും ചിരിച്ചു, ചിരിച്ചു കൊണ്ടേയിരുന്നു.
ഒടുവില്‍ ഞാനവളോട് പറഞ്ഞു,
സബീനാ, ഞാന്‍ പോകും.
എങ്ങോട്ട് ?
എനിക്ക് പോയേ മതിയാകൂ.
ഇനി വരില്ലേ ?
വരും വരാം . . .
ഞാന്‍ അവളുടെ ഇടതു തുടയിലെ പഴയ മുറിവിന്റെ തഴമ്പിലേക്ക് നോക്കിക്കൊണ്ട് കിടന്നു. രണ്ടറ്റവും തുന്നലിന്റെ അടയാളത്തോടുകൂടി നീണ്ടു നിവര്‍ന്നു, ഒരു ചുവന്ന അട്ടയപ്പോലെ തോന്നിച്ച ആ തഴമ്പിനു മുകളിലൂടെ ഞാന്‍ ചൂണ്ടുവിരലോടിച്ചു. അപ്പോള്‍ അവളുടെ മുഖത്തു നിന്നും ചിരി മായുന്നത് ഞാനറിഞ്ഞു. വളരെ ചെറുപ്പത്തില്‍ അവള് തനിയെ ഉണ്ടാക്കിയ മുറിവായിരുന്നു അത്.
ഞാന്‍ ആ മുറിവില്‍ ചുണ്ടുകള്‍ ചേര്‍ത്തു. അവള് കിടക്കയില്‍ പാമ്പിനെപ്പോലെ പുളഞ്ഞു. അവളെന്റെ ചുണ്ടുകളില്‍ പത്തിയാഴ്ത്തി. എന്നിലേക്ക് വിഷം അരിച്ചിറങ്ങി. എന്റെ സിരകളിലാകെ ഉന്മാദത്തിന്റെ വിഷം നിറഞ്ഞു. അവള് എന്നിലേക്ക് വിഷം ഇറക്കുകയും, എടുക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്റെ പഞ്ചെന്ദ്രിയങ്ങളിലാകെ നീല വെളിച്ചം നിറഞ്ഞു . ആ വെളിച്ചത്തില്‍ കണ്ടു, ഇരുവരും കരിനാഗങ്ങളെപ്പോലെ കെട്ടുപിണഞ്ഞു കിടക്കുന്നു. ശരീരഗന്ധം പരസ്പരം തിരിച്ചറിഞ്ഞപ്പോഴാണ്, ഇരുവരും നഗ്നരാണന്ന ബോധമുണ്ടായത്. അപ്പോള്‍, വളരെയകലെയല്ലാതെ കാവില്‍ നിന്നും, അവശേഷിച്ച ഏഴിലംപാലപ്പൂക്കള്‍ പൂത്തുലഞ്ഞ ഗന്ധം ഞാനറിഞ്ഞു. ഇതാ ഇപ്പോള്‍, സബീനയെന്ന പെണ്ണുടല്‍ എന്റെ മാറിന്റെ ചൂടുപറ്റി മയങ്ങുന്നു.
അവള് വയസ്സറിയിക്കുന്നതിനും ഒരു വര്‍ഷം മുന്‍പ്, അവളുടെ ഉമ്മ മരിച്ച പത്തിന്റെ പിറ്റേന്ന്, അവള്‍ക്കു ചിത്തഭ്രമമുണ്ടായി, ബോധമില്ലാതെ നടുത്തളത്തില്‍ വീണു കിടന്നു കുറച്ചു നേരം. ഉണര്‍ന്നപ്പോള്‍ വീണ്ടും പുലമ്പി, പിന്നെ ഇടയ്ക്കിടെ ചിരിച്ചുകൊണ്ടിരുന്നു. പിന്നെ രണ്ടു ദിവസം മുറിയിലടച്ചിട്ടു. മൂന്നാം പക്കം മുദീസ്തങ്ങള്‍ വന്നു കയ്യാങ്കളികള്‍ തുടങ്ങി. കനത്ത ചൂരല്‍ വടി കൊണ്ട് അവളെ പൊതിരെത്തല്ലി. അവള് നിലവിളിച്ചപ്പോള്‍ തൊണ്ടയടഞ്ഞു. ശബ്ദം ചിലമ്പിച്ചു. അവളുടെ ബോധം നഷ്ടപ്പെടണമേയെന്ന് ജനല്‍ കമ്പിയില്‍ മുറുകെപ്പിടിച്ചു ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. അങ്ങേനെയെങ്കിലും കുറച്ചു നേരത്തേക്ക് അയാള്‍ അവളെ വെറുതെ വിടുമല്ലോ. പക്ഷെ എന്റെ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി അവള് നിലവിളിച്ചുകൊണ്ടേയിരുന്നു . ഒടുവില്‍ ശബ്ദം നഷ്ടപ്പെട്ട് അവള് തറയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. കണ്ണുകള്‍ മച്ചില്‍ ഉടക്കി അവള് ദീനമായി ഇമയനക്കിക്കൊണ്ട് കിടന്നു. അനുസരണക്കേടിനു വീണ്ടും ചൂരല്‍ ഉയര്‍ന്നു താഴ്ന്നപ്പോള്‍, വെറ്റിലചെല്ലത്തില്‍ നിന്നും അടയ്ക്ക ച്ചുരണ്ടാനായി കരുതി വച്ചിരുന്ന കത്തി കടന്നെടുടുത്തു അവള് സ്വന്തം തുടയില്‍ ആഞ്ഞു വരച്ചു. തുടയില്‍ നിന്നും രക്തം വാര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ അവളുടെ ബോധം മറഞ്ഞു. വീട്ടില്‍ കൂട്ട നിലവിളിയുയര്‍ന്നു. മുദീസ്തങ്ങള്‍ തത്കാലം പിന്‍വാങ്ങി. '' ഇത് മുന്തിയ ഇനമാ, അല്‍പ്പം ബുദ്ധിമുട്ടേണ്ടിവരും ". മുദീസ് സ്വയം ന്യായീകരിച്ചു.ആ മുറിവുണങ്ങാന്‍ കുറേത്താമസിച്ചു. അവള്‍ക്കു ഒരു അധ്യയനവര്‍ഷം നഷ്ടപ്പെട്ടു.
രാവിലെ സ്കൂളില്‍ പോകുന്ന വഴിക്ക് ഒറ്റയ്ക്കും, വൈകിട്ട് ഉമ്മയോടൊപ്പവും, ഞാനവളെ സന്ദര്‍ശിക്കുന്നത് പതിവാക്കി. ഒരു ദിവസം മുറിയില്‍ ചെല്ലുമ്പോള്‍ കട്ടിലിനെതിരെ ഹാങ്ങറില്‍ തൂക്കിയിട്ടിരുന്ന ഇളം നീല വര്‍ണത്തില്‍ ധാരാളം ഞൊറികളുള്ള ഫ്രോക്കിനെ അവള് തുറിച്ചു നോക്കുന്നത് ഞാന്‍ പേടിയോടെ ശ്രദ്ധിച്ചു. വീണ്ടും മുദീസ്തങ്ങള്‍ പിശാചിന്റെ രൂപത്തില്‍ എന്റെ മനസ്സില്‍ നിറഞ്ഞു. മുന്‍പ് വിവിധ്ഭാരതിയില്‍ നല്ല ഗാനങ്ങള്‍ വരുമ്പോള്‍ അവള് ഈ ഫ്രോക്കെടുത്തണിഞ്ഞു, ആ ഗാനത്തിനോത്തു ചുവടുകള്‍ വയ്ക്കുന്നത് ഞാനൊളിച്ചുനിന്ന് കണ്ടിട്ടുണ്ട്. ആ ഫ്രോക്ക് അവിടെനിന്നെടുത്തു മാറ്റി നടുത്തളത്തിലെ അലമാരയില്‍ വയ്ക്കുവാന്‍ അവളെന്നോട് പറഞ്ഞു. അല്പദിവസങ്ങള്ക്ക് മുന്‍പ് പൂശിയ അത്തറിന്റെ മണം നഷ്ടപ്പെട്ടിട്ടില്ലാത്ത ആ ഫ്രോക്ക് അലമാരയില്‍ ഞാന്‍ ഭദ്രമായി ഒതുക്കി വച്ചു. പിന്നീടുള്ള സമയങ്ങള്‍ അവള് പുസ്തകങ്ങോടൊപ്പം കഴിച്ചുകൂട്ടി. ഞാന്‍ നല്‍കിയിരുന്ന കഥാപുസ്തകങ്ങള്‍ അവള് താത്പര്യപൂര്‍വ്വം വായിച്ചു. എനിക്ക് സന്തോഷമായി. ഞങ്ങളുടെ ബന്ധം കുറച്ചുകൂടി ദൃഢമായി. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവള് വയസ്സറിയിച്ചു. പിന്നീടുള്ള അവളുടെ ശുശ്രൂഷകളെല്ലാം ഉമ്മ ഏറ്റെടുത്തു.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ ചിത്തഭ്രമകഥകളെല്ലാം ഞങ്ങള്‍ വീട്ടുകാര്‍ മറന്നു. പക്ഷെ അവള്‍ക്കു മറക്കാന്‍ കഴിയാത്ത തരത്തില്‍ ആ വലിയ മുറിവിന്റെ തഴമ്പ് അവളെ ഇടയ്ക്ക് അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു.
പക്ഷേ, അയല്പ്പക്കങ്ങള് ആരുംതന്നെ അക്കാര്യങ്ങള്‍ മറന്നിട്ടുണ്ടായിരുന്നില്ല. അവളെ പെണ്ണ് കാണാന്‍ വന്നവരെല്ലാം തന്നെ അവളുടെ ചിത്തഭ്രമ കഥ കേട്ട് മടങ്ങിപ്പോയി. അവള് ആ സമയങ്ങളിലെല്ലാം തന്നെ വായന അധികമാക്കി. ചില അപകടങ്ങള്‍ ചിലരെ മാറ്റിമറിക്കും. ചിലരെ അത് എഴുത്തുകാരാക്കും, ചിലരെ ചിന്തകരാക്കും, ചിലരെ വിപ്ലവകാരിയാക്കും.
ഒടുവില്‍ സ്വന്തമായി ഒപ്പിടാന്‍ പോലുമറിയാത്ത ഒരു ഗള്‍ഫുകാരനുവേണ്ടി, ബി.എ റിസള്‍ട്ടിനായി കാത്തു നിന്ന സബീനയ്ക്ക് കഴുത്തു നീട്ടികൊടുക്കേണ്ടി വന്നു.
എന്റെ ചിന്തകള്‍ക്ക്, അല്പം ഇടവേള നല്കാനെന്നവണ്ണം അവളെന്നോട് ചോദിച്ചു.
പോകുന്നതിനു മുന്‍പ് എനിക്കൊരുപകാരം ചെയ്തു തരണം.
എന്താ ?
കേള്‍ക്കാന്‍ സുഖമുള്ള കുറച്ചു വാക്കുകള്‍ പറഞ്ഞുതരണം.
അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ പറഞ്ഞു തരൂ, ചൂടോടെ ഞാനിപ്പോള്‍ തന്നെ അത് ഈ പേപ്പറില്‍ പകര്‍ത്താം. അങ്ങനെയാവുമ്പോള്‍ ബൈഹാര്ട്ടക്കാന് എളുപ്പമായിരിക്കും.
എന്തിനാണത് ?
അതിജീവനത്തിനു വേണ്ടി, പിടിച്ചുനില്ക്കാന് വേണ്ടി.
കാര്യമെന്താണ് ?
മലയാളിയും, മലയാളവും ഒരുപാട് മാറിപ്പോയി !
എങ്കിലെഴുതിക്കോളൂ . . .
'സദാചാരം' എന്ന് തലക്കെട്ടായി എഴുതിയ ശേഷം അതിനു താഴെ ഒരു വരവരയ്ക്കൂ.
കഴിഞ്ഞെങ്കില്‍ നമ്പര്‍ ഒന്ന് എന്നതിന് നേരെ 'കന്യകാത്വം' എന്നെഴുതിക്കോളൂ.
ആഹാ . . . . ! കൊള്ളാമല്ലോ ( അവളുടെ ആത്മഗതം. ).
നില്ക്കൂ, എന്നാല്‍ രണ്ടാമത്തേത് ഞാന്‍ തന്നെ പറയട്ടെ എന്താണന്നു.
ഉം , പറയൂ . . .
പതിവ്രത
ഉഗ്രന്‍ !
തീര്‍ന്നില്ല, ഇനി ഒന്ന് കൂടി ബാക്കിയുണ്ട്.
പറയൂ . . . .
കന്യാചര്‍മം. . . . .
ബലെഭേഷ് !
അടുത്ത നിമിഷം അവളുറക്കെ ചിരിച്ചു. ഞാനും ചിരിച്ചു, പിന്നെയും ഇരുവരും ചിരിച്ചു. ഞാന്‍ ചിരി നിര്‍ത്തിയേടത്തു നിന്നും, അവളുടെ ചിരി ഒരു നിലവിളിയായി പരിണമിക്കുന്നത് ഞാനറിഞ്ഞു. പിന്നീടത് വനാന്തരത്തില്‍ ഒറ്റപ്പെട്ട ഒരു ദീനരോദനമായി മാറുന്നത് വേദനയോടെ ഞാന്‍ നോക്കിയിരുന്നു.
പിന്നെ കിടക്ക വിട്ടെഴുന്നേറ്റപ്പോള്‍ അവള് എന്റെ മൂര്‍ദ്ധാവില്‍ ചുംബിക്കാന്‍ മറന്നില്ല.
പഴയ ശീലങ്ങള്‍ അതുപോലെ , കുട്ടിക്കാലത്ത് പിണങ്ങിയശേഷം ഇണങ്ങുമ്പോള്‍ നിറകണ്ണുകളോടെ ഞങ്ങള്‍ പരസ്പരം ചെയ്യാറുള്ളത്.
അവള് കോണിയിറങ്ങി താഴേക്കു പോയി. അകന്നകന്നു പോകുന്ന കാലൊച്ചകളോടൊപ്പം മുറിയില്‍ അതുവരെ തങ്ങിനിന്നിരുന്ന സുഗന്ധവും കുറഞ്ഞു തുടങ്ങി. പകരം പഴയ പുതലിച്ച ഗന്ധം മുറിയാകെ നിറഞ്ഞു.
രാത്രി പെട്ടന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. നിശബ്ദമായ പച്ഛാത്തലത്തില് ആ ക്ലോക്ക് വീണ്ടും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഇല്ല അത് വെറും തോന്നലായിരുന്നു. കോണിയിറങ്ങി താഴെ വന്നു ചുവട്ടിലെ പടിയില്‍ തലയ്ക്കു കൈയും കൊടുത്തിരുന്നു. എല്ലാവരും ഉറക്കത്തിലാണ്. എല്ലാവരും എന്നുപറയാനായി ഇവിടെ ആരുമില്ല. ഇപ്പോള്‍ അവശേഷിക്കുന്നത് ഉമ്മയും അടുക്കളക്കാരിയും മാത്രം. ഹുസൈനും, ആമിനയുമെല്ലാം അവരവരുടെ വാസസ്ഥലത്തെത്തി അവരുടെ ജോലികളില്‍ മുഴുകിയിട്ടുണ്ടാവും. എന്നില്‍ നിന്നും മാത്രമെന്തേ ഉറക്കം ഇങ്ങനെ വിട്ടു നില്‍ക്കുന്നത്. മുന്‍പൊക്കെ ഇങ്ങനെയുള്ള രാത്രികളില്‍ ഉറങ്ങാനൊരു സൂത്രം പ്രയോഗിക്കാറുണ്ട്. നമ്മുടെ സീരിയസ്സായ പ്രണയങ്ങളില്‍, കാമുകിയോട് ചില ഡയലോഗുകള്‍ നമ്മള് പറയാറില്ലേ, അതുപോലെ ഏതെങ്കിലും സംഭാഷണങ്ങള്‍ മനസ്സിലേക്ക് കൊണ്ട് വരും, പിന്നെ ഒരു കഥ പോലെ അതിനെ വിപുലീകരിക്കും. പേജുകള്‍ മറിയുന്തോറും ഉണര്‍വിന്റെ കവാടങ്ങള്‍ പതിയെ പതിയെ അടഞ്ഞു വരുന്നതുപോലെ, സംഭാഷങ്ങള്‍ നമ്മുടെ കണ്ണുകളില്‍ നിദ്രയുടെ വലനെയ്യും.
കോണിച്ചുവട്ടില്‍ പെട്ടെന്ന് വിളക്ക് തെളിഞ്ഞു, തലയുയര്‍ത്തി നോക്കുമ്പോള്‍ അവശേഷിച്ച മങ്ങിയ മൈലാഞ്ചി ചിത്രങ്ങളോട് കൂടിയ സബീനയുടെ പാദങ്ങള്‍ അടുത്തേക്ക് വരുന്നു. ഭൂതകാലത്തിലെ നല്ല ദിനങ്ങളുടെ ഓര്‍മ്മയുടെ തണലില്‍ ആ കാലുകളിലെ ഞരമ്പുകള്‍ മയങ്ങിക്കിടക്കുകയാണന്നു തോന്നി.
എന്താ ഉറക്കം വരുന്നില്ലേ ?
കിടക്കാന്‍ നോക്കുമ്പോള്‍ കോണിച്ചുവട്ടില്‍ ആളനക്കം കണ്ടു, അതാ ഇങ്ങോട്ട് പോന്നത്.
നീ ഇവിടുണ്ടായിരുന്നോ, വീട്ടില്‍ പോയില്ലേ ?
ഇല്ല , അമ്മായിക്ക് നല്ല സുഖമില്ല, ഞാനടുത്തുവേണമെന്നു പറഞ്ഞു.
ബാപ്പ വീട്ടില്‍ തനിച്ചല്ലേ ?
ഉം, ഇടയ്ക്ക് ബാപ്പയെ ഒറ്റയ്ക്ക് വിടുന്നത് നല്ലതാണ്. കരയട്ടെ, ഉള്ളിലുള്ള വിങ്ങലുകളെല്ലാം കരഞ്ഞു തീര്‍ക്കട്ടെ. അത് കാണാന്‍ എനിക്ക് വയ്യ, സ്വയം ശപിച്ചുപോകും, ജീവിതം അവസാനിപ്പിച്ചാലെന്തെന്നു തോന്നിപ്പോകും.
കബീറിന് ശരിക്കുമെന്താ പറ്റീത്, ആരും ഒന്നും വ്യക്തമായി പറഞ്ഞില്ല, നീയും ഒരൊഴുക്കന്‍ മട്ടിലാണ് എന്നോടക്കാര്യം പറഞ്ഞത്.
കഴിഞ്ഞതിന്റെ മുന്‍പത്തെ തതവണ നാട്ടില്‍ വന്നപ്പോള്‍ ഒരു ചങ്ങാതിയെ കാണാനാണെന്ന് പറഞ്ഞു കണ്ണൂര്‍ക്ക് പോയിരുന്നു. ഒരാഴ്ച കഴിഞ്ഞാ മടങ്ങിയത്. പിന്നീട് അബൂക്ക ഫോണ്‍ ചെയ്തപ്പഴാ കാര്യം അറിഞ്ഞത്. മുന്‍പ് ട്രാവല്സില് കൂടെ ജോലി ചെയ്തിരുന്ന ഒരിഷ്ടക്കാരി കണ്ണൂരുണ്ടത്രെ. പിന്നീടു സൌദീന്നു ഫോണ്‍ വരുമ്പോഴൊക്കെ ഞാന്‍ അധികം സംസാരിക്കാതെ ഫോണ്‍ കട്ട് ചെയ്യാന്‍ ശ്രമിക്കും. കഴിഞ്ഞ തവണ ലോഹ്യം നടിച്ചു അടുത്തുകൂടാന്‍ ഒരുപാട് ശ്രമിച്ചു, കിടക്കറയില്‍ വച്ച് മാറി കിടക്കാന്‍ ഞാന്‍ പറഞ്ഞു. ലീവ് തീരുന്നതുവരെ ആള് നാട്ടില്‍ നിന്നില്ല, പോയി.
നല്ലത് നമ്മുടെ കുടുംബത്തില്‍ നിനക്കെങ്കിലും കഴിഞ്ഞല്ലോ, ഇത്രയെങ്കിലും പ്രതികരിക്കാന്‍.
നീയവളെപ്പോയിക്കണ്ടിരുന്നോ ?
ഇല്ല, അതിന്റെ ആവശ്യമുണ്ടെന്നു തോന്നിയില്ല , എന്തിനാ ഒരാള്‍ക്ക് വേണ്ടി രണ്ടുപേര്‍ പിടിവലികൂടുന്നത്, അവള്‍ക്കാ വിധിച്ചിട്ടുള്ളത്, അവള് കൊണ്ടുപോയ്ക്കൊട്ടെ.
ആമിന ഇത്തവണ നാട്ടില്‍ വന്നപ്പോള്‍, എന്നോടല്‍പ്പം അകലം പാലിക്കുന്നത് പോലെ അനുഭവപ്പെട്ടു, അവള് കരുതുന്നുണ്ടാവും, ഈയുള്ളവള്‍ അഹങ്കാരിയാണന്നു. എല്ലാവരും കരുതിക്കോട്ടെ, വേണമെങ്കില്‍ നിങ്ങള്‍ക്കും അങ്ങനെക്കരുതാം.
പുറത്തു മഞ്ഞു അതിന്റെ അടുത്ത കയ്യങ്കളിക്ക് കോപ്പ് കൂട്ടുന്നു. തണുപ്പ് കൂടിക്കൂടിവരുന്നു.
അപ്പോള്‍ പുറത്തു ഒരു പക്ഷിയുടെ ചിലമ്പല്‍ കേട്ടു, ഞാന്‍ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കി അവള് പറഞ്ഞു.
അത് ആ പക്ഷിയുടെതാണ്, ആ വെളുത്ത പക്ഷിയുടെ , വലിയമ്മ ഇടയ്ക്ക് പറഞ്ഞു തന്നിരുന്നു. രാത്രി, വെളുത്തതുണി ഏതു വീടിന്റെ മുറ്റത്തു ഉണങ്ങാനിട്ടിരുന്നാലും ആ വീടിനെ നോക്കി ആ പക്ഷി ശപിക്കുമത്രെ .
നീയത് വിശ്വസിക്കുന്നുണ്ടോ ?
ഏതു ?
ആ വെളുത്ത പക്ഷിയുടെ കഥ.
അതെ ചിലതൊക്കെ നാം വിശ്വസിച്ചേ മതിയാകൂ. നില നില്പ്പിനു വേണ്ടിയെങ്കിലും. പടിയടച്ചു പിണ്ഡം വയ്ക്കപ്പെടാതിരിക്കാന്‍ നാം വിശ്വാസിയാണന്നു അഭിനയിച്ചുകൊണ്ടേയിരിക്കണം. എല്ലാവരുടെയുള്ളിലും ഒരു അവിശ്വാസിയുണ്ട്, അതിനെ മെരുക്കി തളച്ചിടാന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ആരോ നമ്മളെ ശീലിപ്പിച്ചു.
ഉറക്കം വരുന്നില്ലേ സബീന ?
ഇല്ല ഇന്നിനി ഉറക്കമില്ല.
ഹുസൈനും എന്നോട് ഒന്നും ചോദിച്ചില്ല, എന്താ ഭര്‍ത്താവിനെ ഉപേക്ഷിച്ച സ്ത്രീയോട് മിണ്ടിയാല്‍ ആകാശം ഇടിഞ്ഞു വീഴുമോ ?
അവള് വീണ്ടും പരിഭവം പറഞ്ഞുകൊണ്ടിരുന്നു.
പക്ഷെ ഞാന്‍ മറ്റേതോ ചിന്തയിലായിരുന്നു.
കുട്ടിക്കാലത്ത് സബീനാ നീയും ആരോടും അധികം മിണ്ടിയിരുന്നില്ല. എന്നോട് മാത്രമായിരുന്നല്ലോ നീ അല്‍പ്പമെങ്കിലും സ്വാതന്ത്ര്യം എടുത്തിരുന്നത്. ഇടയ്ക്കിടെ ഞാനുള്ളപ്പോള്‍ നീ മുകളിലെ മുറിയിലേക്ക് കയറിവരുമായിരുന്നു. വെറുതെ റേഡിയോയുടെ ബാന്‍ഡ് നീക്കി നീ സമയം പോക്കുമായിരുന്നു. ചിലപ്പോള്‍ ഞാന്‍ പുറകിലൂടെ വന്നു നിന്നെ കെട്ടിപ്പിടിക്കും, ചിലപ്പോള്‍ ചന്തിയില്‍ ഒരു നുള്ള്, ചിലപ്പോള്‍ കഴുത്തിനുപിന്നില്‍ ഒരു ചുടു നിശ്വാസത്തിന്റെ സ്പര്‍ശനം അനുഭവപ്പെട്ടപോലെ നീ തല ചരിച്ചു എന്നെ നോക്കാറുണ്ട്.
നഗരത്തിലെങ്ങനാ ഒറ്റയ്ക്ക് കഴിയുന്നത് ,
അതൊക്കെ ശീലമായിപ്പോയി സബീനാ, ഞാന്‍ മാത്രമല്ല , നഗരത്തില്‍ ഒരുപാടുപേര് ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. തിരക്കിനിടയില്‍ ആര്‍ക്കും ഒറ്റപ്പെടല്‍ തോന്നാറില്ല. ചിന്തിക്കാന്‍ നേരമുണ്ടെങ്കിലല്ലേ ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ച് വേവലാതിയുള്ളൂ. ഒറ്റയ്ക്ക് താമസിക്കുന്ന ഒരുപാട് മലയാളികളെ എനിക്കറിയാം, അതില്‍ പത്രപ്രവര്‍ത്തകരുണ്ട്, എഴുത്തുകാരുണ്ട്, ഉദ്യോഗസ്ഥരുണ്ട്, ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരുണ്ട്. ചിലര്‍ക്ക് ഒറ്റയ്ക്കുള്ള ജീവിതം സന്തോഷമുള്ളതാണ്, ചിലര്‍ക്ക് നരകതുല്യവും .
ഞാന്‍ കൂടെ വരട്ടെ, വേലക്കാരിയോ, സ്റ്റെനോഗ്രാഫറോ, ഏതു വേഷം വേണമെങ്കിലും കെട്ടാന്‍ തയ്യാറാ. ഞാനിവിടെ നിന്നാല്‍ മരിച്ചു പോകും . . . . .
ബാപ്പ ഒറ്റയ്ക്കാവില്ലേ സബീനാ.
അത് കേട്ടപ്പോള്‍, ഏതോ ചിന്തയില്‍ നിന്നും ഉണര്ന്നെന്നവണ്ണം അവള് എന്റെ മുഖത്തേയ്ക്കു പകച്ചു നോക്കി.
അല്പനേരത്തെ മൗനം,
ചിലപ്പോള്‍ ഞാന്‍ ബാപ്പയെയും, ബാപ്പയുടെ അവസ്ഥയും മറന്നുപോകുന്നു.
പുറത്തു പക്ഷിയുടെ കരച്ചില് അകന്നകന്നുപോകുന്നത് ഞങ്ങളറിഞ്ഞു.
ഇപ്പോഴെവിടെയാണ് പുതിയ താവളം, വെറുതെ അറിയാനായി ചോദിച്ചതാ,
ഒരു ചങ്ങാതിയുടെ പുതിയ മാസികയുടെ വര്‍ക്കുമായി ബന്ധപ്പെട്ടു കഴിഞ്ഞ മൂന്നു മാസമായി കേരളത്തില്‍ തന്നെയാണ്. കഴിഞ്ഞയാഴ്ച തിരികെപ്പോകാന്‍ ഇരിക്കുകയായിരുന്നു. ബോംബയിലെ എന്റെ പഴയ ലാവണത്തിലേക്ക് തന്നെ. ഞാന്‍ വരും സബീനാ , ഇനി ഉമ്മയെന്ന വേരുകൂടി ബാക്കിയുണ്ടല്ലോ ഇവിടെ.
ആര്‍ക്കും ഞാന്‍ പ്രതീക്ഷ നല്‍കുന്നില്ല സബീന, ബന്ധങ്ങളും, അതിന്റെ വിലകളും, വിഹ്വലതകളും ഞാനന്നെ മറന്നു കഴിഞ്ഞു. ചിലപ്പോള്‍ ഇനിയുള്ള ജീവിതം അതിനുള്ള പരിശീലനക്കളരിയായിരിക്കാം. ജീവിതമെന്ന കളരിയില്‍ ശിശിര കാലത്തിനുമുണ്ടല്ലോ അതിന്റെ വേഷം കെട്ടുവാനുള്ള അവസരം.
ഡിസംബറിലെ തണുപ്പിനെ കൂടുതല്‍ കഠിനമാക്കിക്കൊണ്ട്, അതിരാവിലെ തണുത്തകാറ്റ് മുറിയിലേക്ക് ആഞ്ഞുവീശി. ജനല്പ്പാളികള് രണ്ടും വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് അടഞ്ഞു. സബീന വലതുമാറില്‍ തലവച്ചുറങ്ങുന്നു. ഇന്നലെ എപ്പോഴാണുറങ്ങിയതെന്നറിയില്ല. പുതപ്പു വലിച്ചു മാറും കഴുത്തും മറച്ചുകൊടുത്തു , കുറച്ചുകൂടി ചേര്‍ത്തുകിടത്തി.
വീണ്ടും വീണ്ടും ലക്ഷ്മിറാണിയെക്കുറിച്ചുള്ള ചിന്തകളുടെ കിരുകിരുപ്പ്. അവള് എന്നില്‍ നിന്നും വിടപറഞ്ഞുപോയത് ഏതെങ്കിലും അപകടത്തിലെക്കാണോ. തീര്‍ച്ചയായും അവളുടെ ഉടലിന്റെ ഉഷ്ണമേഘലകള് അവളെ ഏതെങ്കിലും കിടക്കകളിലേക്കാനയിക്കും. അവിടെ രതി വൈകൃതങ്ങള്‍ താണ്ഡവമാടാതിരിക്കട്ടെ. ഇതൊരു പ്രാര്‍ത്ഥനയാണ്, അവളുടെ ശരീരത്തിനും, മനസ്സിനും ദീര്‍ഘകാലത്തേക്ക് ബോധിക്കുന്ന ഒരിണയെ അവള്‍ക്കു ലഭിക്കട്ടെ എന്ന ഒരു പ്രാര്‍ത്ഥന. ശരിക്കും ഇതൊരു പ്രാര്‍ത്ഥന മാത്രമല്ല. അവളെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നും വിടുതല്‍ നേടാനുള്ള മനസ്സിന്റെ ഒരു വെമ്പല്‍ മാത്രം. വയിച്ചു തീരാത്ത കഥയെ ശുഭപര്യവസാനിയാക്കി വിടുതല്‍ നേടുന്ന മനസ്സിന്റെ ഒരു സൂത്രം പോലെ ഇതും അക്ഷരാര്‍ത്ഥത്തില്‍ ഒരു രക്ഷപ്പെടല്‍ തന്നെ.
പല ശരീരങ്ങളിലും പല രീതിയിലാണ് പ്രവേശിക്കേണ്ടത്. ചിലതില്‍ ആദ്യമേ അഗ്നിയെ പ്പോലെ പൊടുന്നനെ പ്രവര്‍ത്തിക്കണം, ചിലതിനെ ഇളം കാറ്റായി തഴുകി പിന്നെ കാറ്റായി മാറി പിടിച്ചുലക്കണം, മഴ കാത്തുകിടക്കുന്ന ഭൂമിയില്‍ പുതുമഴപോലെ വന്നു പെഴ്തോഴിയണം ചിലതില്‍, അവിടെ രതി ഗന്ധം മണ്ണിന്റേതാണ്. എല്ലാം തരുകയും പിന്നെ തിരിച്ചെടുക്കുകയും ചെയ്യുന്ന മണ്ണിന്റേതു. ചിലതിനു മൃദുസ്പര്‍ശനം മാത്രം മതിയാവും കല്യാണസൌഗന്ധികം പോലെ പൂത്തുലയാന്‍. അവിടെ രതി വൈകൃതങ്ങള്‍ക്ക് സ്ഥാനമില്ല. നാഭിച്ചുഴിയില്‍ വിയര്‍പ്പു കണങ്ങള്‍ക്ക് പകരം കസ്തൂരി മണക്കും. മുലക്കണ്ണുകള്‍ രതിയുടെ പാലാഴിയായി മാറും. അധരങ്ങള്‍ എല്ലാം നല്കുന്ന പാനപാത്രം, അവിടെ നാം കേള്‍ക്കുന്നത് അപ്സരസ്സുകളുടെ ലാസ്യഗാനം മാത്രം. അപ്പോള്‍ അവര്‍ പരസ്പരം ഒരു തെളിനീരുറവയായി മാറുന്നു. ഉടയാടകള്‍ ആ അരുവിയില്‍ വീണൊഴുകുന്ന വനപുഷ്പങ്ങളും.
റാണിയുമായുള്ള അവസാനത്തെ സംഗമമായിരുന്നു അന്ന്. അന്നാദ്യമായി അവളോട് വയസ്സ് ചോദിച്ചു, അഴിഞ്ഞുലഞ്ഞ തലമുടി വാരിക്കെട്ടുമ്പോള്‍ ചിരിക്കുന്നുണ്ടായിരുന്നു അവള്. എന്തെ ഇങ്ങനെ ഒരു പുതിയ ചോദ്യം എന്ന മട്ടില്‍.
ഒരു കുട്ടിയൊക്കെയായി നമുക്കൊരുമിച്ചു കഴിഞ്ഞുകൂടെ എന്നാവും സാര്‍ ചിന്തിക്കുന്നത് അല്ലെ.
നോക്കൂ സാര്‍, മറ്റു സ്ത്രീകളെപ്പോലെ എനിക്കും ഉണ്ട് അങ്ങനെയുള്ള ആഗ്രഹങ്ങള്‍. പക്ഷേ, അതിനുള്ള സമയം ഇനിയും ആയിട്ടില്ലെന്നാ എനിക്ക് തോന്നുന്നത്, ഞാനിപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട ഇരുപത്തിരണ്ടുകാരി സുന്ദരിപ്പെണ്ണല്ലേ .
അടുത്തയാഴ്ച ഞാന്‍ പോകുന്നു, ഇനി കുറച്ചു ദിവസത്തെ വിദേശ പര്യടനം. ഈയുള്ളവള്‍ ഇസഡോറ ഡങ്കനെപ്പോലെയോ , പ്രൊതിമ ബേഡിയെപ്പോലെയോ വലിയ നര്‍ത്തകിയല്ലെങ്കിലും, ഞാനര്‍ഹിക്കുന്ന പരിഗണന എന്റെ ആഡിയന്‍സ് എനിക്ക് നല്‍കുന്നുണ്ട്. ഒരു പുതുമുഖ സംഗീതഞ്ജന്റെ താളത്തിനൊത്തു ഞാന്‍ ചുവടുകള്‍ വയ്ക്കും. ഒപ്പം എയ്റോബിക്സില്‍ ഞാന്‍ എന്റെ കഴിവ് തെളിയിക്കും. ഇന്നലെ മുതല്‍ റിഹേഴ്സല്‍ തുടങ്ങിക്കഴിഞ്ഞു. അയാളുടെ സംഗീതത്തിന് ഒരു പ്രിമിറ്റീവ് തലം കൂടിയുണ്ടാന്നാണ് പട്ടേല്‍ സാറിന്റെ അഭിപ്രായം.
ഞാനതൊന്നു ചെയ്തു കാണിക്കട്ടെ.
നിശാവസ്ത്രത്തില്‍ അവള് ചുവടുകള്‍ വച്ചപ്പോള്‍ അംഗചലനങ്ങള്‍ വളരെ മനോഹരമുള്ളതായി തോന്നി. ഇടയ്ക്ക് ശൃംഗാര ഭാവത്തോടെ അവളുടെ വെളുത്തു നീണ്ട വിരലുകള്‍ കൊണ്ട് എന്റെ കവിളില്‍ തലോടി. അപ്പോള്‍ ഒരേ സമയം ആ നൃത്ത ശില്‍പ്പത്തിലെ കഥാപാത്രവും പ്രേക്ഷകനുമായി ഞാന്‍ മാറുകയായിരുന്നു.
ഞാനിറങ്ങുമ്പോള്‍ സബീന മുന്‍വശത്തെ പടിവരെ അനുഗമിച്ചു, അവളോട് ഒന്നും പറയാന്‍ തോന്നിയില്ല. പക്ഷെ ഒരു കുറ്റബോധത്തിന്റെ കലമ്പല്‍ മനസ്സില്‍ ബാക്കി നില്ക്കുന്നു. ഞാനടക്കം എല്ലാവരും അവളെ പലരീതിയില്‍ ദുരുപയോഗം ചെയ്തുവോ. വയസ്സറിയിക്കുന്നതിനു മുന്‍പ് അവളെ പ്രാപിക്കാന്‍ മുദീസ്തങ്ങള്‍ ഒരു ശ്രമം നടത്തിയിരുന്നു. ഞങ്ങളുടെ നിരന്തരമായ ശ്രദ്ധ കാരണം അയാള്‍ക്കതിനു കഴിഞ്ഞില്ല. പിന്നെ കൌമാര കൌതുകങ്ങള്‍ പൂര്‍ണമായും മാറുന്നതിനു മുന്‍പ് അവളുടെ ഭര്‍ത്താവുദ്യോഗം വഹിച്ച പെണ്‍കോന്തനായ കബീര്‍. ഇതാ ഇപ്പോള്‍ ഞാനും, അല്പനെരമെങ്കിലും ഞാനവള്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കിയോ, അതോ അവളെ വീണ്ടും നിരാശയുടെ പടുകുഴിയില്‍ തള്ളിയോ, ആലോചിക്കുമ്പോള്‍ ഒന്നും വേണ്ടായിരുന്നു, ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്നിപ്പോള്‍ തോന്നുന്നു.
ഗേറ്റ് കടന്നു പുറത്തിറങ്ങി, മതിലിനു മുന്നിലൂടെ ഒഴുകുന്ന കൈത്തോടിനു മുകളിലെ ചെറിയ പാലത്തില്‍ നിന്ന് കൊണ്ട് ഞാന്‍ മുറ്റത്തേക്കു വെറുതെ പാളി നോക്കി, അവള് വാതില്ക്കല്ത്തന്നെ നില്ക്കുന്നുണ്ടായിരുന്നു. പിന്നെ താഴെ വെള്ളത്തില്‍ കളിക്കുന്ന ചെറു മീനുകളെയും, ചേമ്പിന് കൂട്ടത്തിനിടയിലെ പൊന്തകളില്‍ നിന്നും കൈകള്‍ പുറത്തിട്ടിരിക്കുന്ന ഞണ്ടുകളെയും നോക്കി ഞാന്‍ നിന്നു. എന്റെ സ്വാര്‍ത്ഥതയ്ക്കും അവളുടെ ദൈന്യതയ്ക്കും ഇടയിലെ കലികാല നിമിഷങ്ങളെ എങ്ങനെ തള്ളിനീക്കുമെന്ന ചിന്തയോടെ ഞാന്‍ വെറുങ്ങലിച്ചു നിന്നു.
ഞാന്‍ തിരികെ വീണ്ടും ഗേറ്റുകടന്നു മുന്‍വാതില്‍ക്കലെത്തി. അവള് പടികടന്നു മുന്നില്‍ വന്നു നിന്നു. എന്നില്‍ വീണ്ടും കുറ്റകരമായ നിശബ്ദത. അവളില്‍ നിന്നുള്ള ചോദ്യങ്ങളെ ഭയന്ന് പുറത്തേക്ക് മിഴികള്‍ പായിച്ചു.
ഞാന്‍ നിങ്ങളെ പ്രതീക്ഷിക്കട്ടെ,
ഈ ചോദ്യം മൂന്നാം തവണയാണ് അവളില്‍ നിന്നും. ഇത്തവണ ആ ശബ്ദത്തില്‍ അല്‍പ്പം ആര്‍ദ്രത നിറഞ്ഞിരുന്നു.
ചില കാര്യങ്ങള്‍ കഥകള്‍ പോലെ മറക്കണം, വായിക്കുമ്പോള്‍ മാത്രം വികാരവിവശരായി, മടക്കി കഴിയുമ്പോള്‍ എല്ലാം മറന്നു സ്വാര്‍ത്ഥത നിറഞ്ഞ മനസ്സുമായി ഒരു മടക്ക യാത്ര.
എന്തേ, എഡിറ്റു ചെയ്തു എഡിറ്റു ചെയ്തു അവളുടെ ജീവിതത്തെ പടച്ചവന് ഒരു കഥപോലെയാക്കിത്തീര്ക്കുന്നത്. അവളുടേത് മാത്രമല്ല എന്റെ ജീവിതവും എല്ലാവര്ക്കും ഒരു കഥ പോലെയായി തീര്‍ന്നിരിക്കുന്നു.
ആലോചിച്ചു നില്‍ക്കെ കവലയില്‍
ബസ് വന്നതറിയിച്ചുകൊണ്ടുള്ള ഹോണ്‍ മുഴങ്ങി. ഞാന്‍ നടത്തത്തിനു വേഗം കൂട്ടി. മുതുകില്‍ അല്പം തണുപ്പനുഭവപ്പെട്ടു. ധൃതിയില്‍ പകുതിയുണങ്ങിയ ഉടുപ്പുകള്‍ ബാഗില്‍ വാരിയിടുകയായിരുന്നു.

2

3

5 comments:
മതത്തെ സൈതാന്തികമായി ഉള്‍ക്കൊള്ളാതെ കാലാന്തരത്തില്‍ കേവല ആചാരങ്ങളും അന്ത വിശ്വാസവുമായി മതം മാറുമ്പോള്‍ അതിനെതിരെ എന്നും കലാപമുണ്ടായിട്ടുണ്ട്. അത് നേരെ നയിച്ചത് ആ മതങ്ങളിലെ തന്നെ പരിഷ്കര്‍ത്താക്കള്‍ ആയിരുന്നു. അവര്‍ വേറിട്ട് പോയി കലഹിച്ചിരുന്നെങ്കില് ഒരു മതവും ഇന്നത്തെ പോലെ ഉണ്ടാകുമായിരുന്നില്ല. കഥയില്‍ സൂചിപ്പിച്ച ജിന്നിറക്കുന്ന തങ്ങള്‍ ഇന്ന് ഒരപൂര്‍വ ജീവിയായി മാറിയിരിക്കുന്നത് അത് കൊണ്ടാണ്. ഇവിടെ കഥാനായകന് സദാചാരം കുത്തകയാക്കി വെച്ചവരോട് തര്‍ക്കിക്കാന്‍ നിഷേധത്തിന്റെ മൂടുപടവും, പരമതാശ്ലെഷവും മത്രമല്ല, സദാചാരത്തിന്റെ സീമകള്‍ ലങ്കിച്ച് രതി വൈകൃതങ്ങളില്‍ ഏര്‍പ്പെട്ടു ജന്തു സമാനമായ ജീവിതം നയിക്കുകയും ചെയ്യുന്നു. അവസാനം കുറ്റബോധത്തോടെ (?) ധൃതിപ്പെട്ടു ഓടിയൊളിക്കുന്നു. ഇതൊക്കെ അങ്ങാടിയില്‍ ചിലവാകാത്ത 'വെര്ഹൌസുകളില്' കിടക്കുന്ന വിപ്ലവ വീര്യം മാത്രമല്ലെ..?
നീണ്ട കഥ ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത് കമ്മന്റ് കോളം ഞാന്‍ തന്നെ ഉത്ഘാടനം ചെയ്തിരിക്കുന്നു..... ഒരു ആത്മ കഥാംശം ഒളിഞ്ഞിരിപ്പില്ലേ എന്ന് സംശയം .. കഥനം അതിന്റെ എല്ലാ വശ്യതയോടെയും ആസ്വദിച്ചിരിക്കുന്നു.
ഞാന്‍ ഇതിനു കമന്റ് ഇട്ടത് ആണല്ലോ..എവിടെ പോയി
ആവോ?ആശംസകള്‍..
മതത്തിന്റെയും സദാചാരത്തിന്റെയും പേരില്‍ ഒരു പറ്റം ആളുകള്‍ കാട്ടിക്കൂട്ടുന്ന മന്ത്രങ്ങളും തന്ത്രങ്ങളും ഏറ്റുവാങ്ങാന്‍ മതസദാചാര കിങ്കരന് മാര്‍...അതില്‍ ജീവന് വരെ പൊലിയുന്നത് പ്രതികരണ ശേഷി നഷ്ടപ്പെട്ട പാവം മനുഷ്യര്‍....എന്നാണാവോ ഈ നാലുകൊട്ട് തകര്‍ന്ന് തരിപ്പണമാവുക....
മുന്നറിയിപ്പ് കണ്ടതു കൊണ്ടാണ് വായിച്ചു തുടങ്ങിയത്. അസ്വാഭാവികതകളും, യാഥാസ്ഥിതികമായ സങ്കേതങ്ങളും നിറഞ്ഞ ഒരു ടിപ്പിക്കല്‍ പൈങ്കിളി കഥയായാണ് എനിക്ക് തോന്നിയത്. മുഴുവന്‍ വായിച്ചില്ല... പിന്നെ ആദ്യത്തെ മുന്നറിയിപ്പ് ഒഴിവാക്കാം
കൊള്ളാം, പ്രതീക്ഷിക്കാത്ത പലതും കഥയില്‍ കടന്നു വരുന്നു. "സ്വര്‍ഗത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ മനുഷ്യനെ എന്തെല്ലാം വേഷങ്ങള്‍ കെട്ടിക്കുന്നു" - ഇത് ഒരു പച്ച പ്പരമാര്‍ത്ഥം.
പിന്നെ "ചിലതൊക്കെ നാം വിശ്വസിച്ചേ മതിയാകൂ. നില നില്പ്പിനു വേണ്ടിയെങ്കിലും. പടിയടച്ചു പിണ്ഡം വയ്ക്കപ്പെടാതിരിക്കാന്‍ നാം വിശ്വാസിയാണന്നു അഭിനയിച്ചുകൊണ്ടേയിരിക്കണം." നമ്മളില്‍ ബഹു ഭൂരിപക്ഷവും മത വിശ്വാസികള്‍ ആയിരിക്കുന്നത് ഈ നില നില്‍പ്പിന്റെ പേരിലാണ്. ദൈവം 6 ദിവസം കൊണ്ട് ലോകം ഉണ്ടാക്കി എന്നൊക്കെ നമ്മുടെ പൂര്വികന്മാരുടെ ഒരു ഭാവന ആയിരുന്നു എന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്?
Post a Comment