തെല്ലൊരു ആകാംക്ഷയോടെയാണ് അന്നും മെയില്‍ ബോക്സ് തുറന്നത്, ഒപ്പം പ്രതീക്ഷയും; അമ്മുവിന്റെ ഒരു വരിയെങ്കിലും മെസ്സേജായി ഉണ്ടാവാതിരിക്കില്ല. ഇല്ല, പതിവ് കുസൃതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ അവള് വാക്ക് പാലിച്ചിരിക്കുന്നു!
വെറുതെ പഴയ ബ്ലോഗുകളിലൂടെ കണ്ണോടിച്ചു. ‘സ്വര്‍ണമത്സ്യം’ എന്ന എന്റെ ബ്ലോഗില്‍ കണ്ണുകളുടക്കിയപ്പോള്‍ ആദ്യമായി അമ്മുവിനെ പരിചയപ്പെട്ടത് മനസ്സിലെത്തി. അന്ന് ആ കവിതക്ക് പലരും എഴുതിയ പതിവ് കമന്റുകള്‍ക്കിടയിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ് വേറിട്ട ഒരു കമന്റ് ശ്രദ്ധയില്‍ പെട്ടത്.
‘സുഹൃത്തെ, ഞാനും ഒരു സ്വര്‍ണമത്സ്യം തന്നെ ... അലങ്കാര ചില്ലുകൂട്ടില്‍ പ്രദര്‍ശന വസ്തുവായി മാത്രം കഴിയാന്‍ വിധിക്കപ്പെട്ടൊരു സ്വര്‍ണമത്സ്യം”.
കമന്റെഴുതിയ ആളിനെപ്പറ്റി കൂടുതല്‍ അറിയാനുള്ള ശ്രമം പ്രൊഫൈലിലെ വിവരങ്ങളുടെ അഭാവത്തില്‍ വൃഥാ ആയി. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മെസ്സേജ്:
‘ഞാന്‍, ‘സ്വര്‍ണമത്സ്യം’ ... ഇടക്കൊക്കെ ഒന്ന് ശല്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഞാനെടുത്തോട്ടേ?
ഈ തുറന്ന പെരുമാറ്റം മെയില്‍ ചെയ്ത ആളോട് എന്തോ ഒരടുപ്പം തോന്നിച്ചു. മറുപടിയില്‍ എന്റെ ഇ-മെയില്‍ വിലാസം കൊടുക്കുമ്പോള്‍ അതൊരു ആത്മബന്ധത്തിന്റെ തുടക്കമാകും എന്നറിഞ്ഞില്ല.
പിന്നെ ഇ-മെയിലുകളിലൂടെ സൌഹൃദം പങ്ക് വെക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പരസ്പരം അറിയാന്‍ തുടങ്ങി. ആദ്യമെയിലുകളില്‍ ഒന്നില്‍ അവള് പറഞ്ഞു,
‘നന്ദൂ, ഒരു പേരില്‍ എന്തിരിക്കുന്നു, എങ്കിലും നിനക്ക് വിളിക്കാന്‍ മാത്രം ഞാനൊരു പേരു തരാം, അമ്മു‘.
അങ്ങനെ അവളെനിക്ക് അമ്മുവായി.
ഒരിക്കല്‍ അവളെനിക്ക് എഴുതി;
‘നന്ദൂ, നമ്മള് ഒരിക്കലും നേരിട്ട് കാണില്ല ... ഇങ്ങനെ കാണാമറയത്ത് ഏറ്റവും പ്രിയപ്പെട്ട രണ്ട് കൂട്ടുകാര്‍, മനസ്സുകള്‍ കൊണ്ട് തൊട്ടറിയാനാവുന്ന രണ്ട് കൂട്ടുകാര്‍ ... അങ്ങനെ മതി, അല്ലേടാ?’
പിന്നെ വന്ന ദിവസങ്ങളിലെ മെയിലുകളിലൂടെ ഞങ്ങള്‍ പരസ്പരം അറിഞ്ഞു. സംഭവബഹുലമായ ഒരു പ്രേമത്തിന്റെ വിജയകരമായ അന്ത്യത്തില്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പം മണല്‍നഗരത്തിലെത്തിയതാണവള്‍. എങ്കിലും അമ്മുവിന്റെ വാക്കുകള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന നെടുവീര്‍പ്പുകള്‍ ചിലപ്പോഴെങ്കിലും അസ്വസ്ഥത ഉണ്ടാക്കാതിരുന്നില്ല.
“നന്ദൂ, ഇപ്പോള്‍ രാത്രി ഏറെയായിരിക്കുന്നു. നാലാം നിലയിലെ എന്റെയീ കിടപ്പുമറിയുടെ ജന്നലരികില്‍ നില്ക്കുമ്പോള് എനിക്ക് ആകാശത്തെ തൊട്ട് നോക്കാം. പക്ഷെ എനിക്കീ ആകാശത്തോട് വെറുപ്പാണ്, നരച്ച ഈ മേലാപ്പ് എന്റെ ആകാശത്തിന്റെ വര്‍ണവും, തിളങ്ങുന്ന നക്ഷത്രങ്ങളേയും എനിക്ക് നഷ്ടമാക്കുന്നു. നക്ഷത്രങ്ങളെപ്പോലും നമുക്ക് നിഷേധിക്കുന്ന ഈ നാടിനോട് നിനക്ക് വെറുപ്പ് തോന്നുന്നില്ലേ നന്ദൂ?’
ഓരോ മെയിലിലും അമ്മുവിന്റെ വ്യത്യസ്തമായ മുഖങ്ങള്‍ ഞാന്‍ കണ്ടു. ചിലപ്പോഴൊക്കെ അമര്‍ത്തിയ ചില തേങ്ങലുകള്‍, പൊട്ടിച്ചിരികള്‍, കുസൃതികള്‍ ...
പാട്ടും, കവിതയും ഒക്കെ എഴുതുമായിരുന്ന, ചിരിക്കുകയും ചിരിപ്പിക്കയും ഒക്കെ ചെയ്യുന്ന, കുസൃതി കാട്ടുന്ന വീട്ടുകാരുടെയും കൂട്ടുകാരുടേയും ഒക്കെ ഓമനയായിരുന്നത്രെ അമ്മു.
ഒരു പകലില്‍ അവള് എഴുതി,
‘നന്ദൂ, എന്റെ ജന്നലിനു പുറത്ത് ഇപ്പോള്‍ തകര്‍ത്ത് പെയ്യുന്ന മഴ. ജന്നല്‍ച്ചില്ലുകളില്‍ വീണ് തകരുന്ന ആലിപ്പഴങ്ങള്‍. ഈ മണല്‍ നഗരത്തിലും മഴ! എനിക്കൊന്ന് മഴ നനയാന്‍, ഇരു കൈകളും ഉയര്‍ത്തി ഒന്ന് ഓടിക്കളിക്കാന്‍ കൊതി. പക്ഷെ ഈ നാലാം നിലയിലെ ഫ്ലാറ്റിന് മുറ്റമില്ലല്ലോടാ!’
പലപ്പോഴും അമ്മുവിന്റെ മെയിലുകള്‍ ഉത്തരം കിട്ടാത്ത സമസ്യകളുടേത് ആയിരുന്നു.
‘നന്ദൂ, ഇപ്പോള്‍ രാവേറെയായിരിക്കുന്നു. എന്റെ ടേബിള്‍ ലാമ്പിന് എന്ത് വെളിച്ചമാണെന്നോ. പക്ഷെ, ഈ വെളിച്ചത്തിലേക്ക് ഓടിയണയാന്‍, പിന്നെ വീണ് പിടഞ്ഞൊടുങ്ങാന്‍ ഇവിടെ ഇയ്യാമ്പാറ്റകള്‍ ഇല്ലല്ലൊ. പക്ഷെ ഇപ്പോള്‍ എന്റെ മാറിലെ നഖപ്പാടുകളില്‍ വേളിച്ചം വീഴുമ്പോള്‍ എനിക്ക് തോന്നുന്നു ഞാനും ഒരു ഇയ്യാംപാറ്റ അല്ലേ എന്ന്!’
വല്ലാത്ത ഇഴയടുപ്പമുള്ള ഒരു ബന്ധം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്ന് വന്നു. പ്രിയമുള്ളൊരാള്‍ അടുത്തുണ്ടെന്ന തോന്നല്‍ ഇരുവര്‍ക്കും. കാത്തിരിക്കുവാന് ആത്മസ്പര്‍ശമുള്ള മെയിലുകള്‍.
മറ്റൊരു മെയിലില്‍ അമ്മു ഏറെ വികാരവിക്ഷോഭത്തോടെ മനസ്സ് തുറന്നു:
‘നന്ദൂ, നീ ഇപ്പോള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ച് പോകുന്നു, ഒന്നിനുമല്ല വെറുതെ ഒന്ന് പൊട്ടിക്കരയാന്‍. ഈ രാവില്‍ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുന്നു. ഇപ്പോള്‍ എനിക്ക് തോന്നുന്നു ഈ പ്രണയം എന്നൊക്കെ പറയുന്നത് വെറുമൊരു കാപട്യമാണെന്ന്. നിനക്കറിയുമോ, അടുത്ത് എന്റെ ഭര്‍ത്താവ് സുഖമായുറങ്ങുന്നു ... എന്റെയീ ശരീരം ഉഴുതു മറിച്ച വികാരപൂര്‍ണതയുടെ ആലസ്യത്തില്‍. ഏത് ഷവറിന് കീഴില്‍ നിന്നാലാണിനി എന്റെ മനസ്സിന്റെ പോറലുകള്‍ക്ക് ആശ്വാസമാവുക?’
പിന്നെയുള്ള നാളുകളില്‍ അമ്മുവിനെ ഏറെ അറിഞ്ഞു. സ്വന്തം കഴിവുകള്‍ കൊണ്ട്, നല്ല പെരുമാറ്റം കൊണ്ട് ഏത് സദസ്സിലും പെട്ടെന്ന് തന്നെ ശ്രദ്ധാകേന്ദ്രമാകാന്‍ അമ്മുവിന് കഴിയുമായിരുന്നു. മറ്റുള്ളവര്‍ അമ്മുവിനോട് അടുപ്പം കാട്ടുന്നത് ഏറെ കോംമ്പ്ലക്സുകള്‍ ഉള്ള അവളുടെ ഭര്‍ത്താവിന് ദുസ്സഹമായിരുന്നു. സുഹൃത് സന്ദര്‍ശനങ്ങള്‍ പോലും അയാള്‍ ഒഴിവാക്കി. എഴുത്തും, വായനയും പോലും അയാളുടെ അപ്രീതിക്ക് പാത്രമായി. സുഹൃത്തുക്കള്‍ക്കുള്ള ടെലഫോണ്‍ വിളികള്‍ പോലും ചോദ്യച്ചിഹ്നങ്ങളായപ്പോള്‍ അമ്മു അതും നിര്‍ത്തി.
ഏതാനം ദിവസങ്ങള്‍ക്ക് ശേഷമാണ് അവളുടെ ഒരു മെയില്‍ വന്നത്.
‘നന്ദൂ, ഇതൊരു യാത്ര പറച്ചിലാണ്. ഞാന്‍ മടങ്ങിപ്പോകുന്നു, എന്റെ മുറ്റത്തേക്ക് ... എന്റെ തുളസിത്തറയിലേക്ക് ... എന്നിലേക്ക്! നിന്നോട് മാത്രം എങ്ങനെ യാത്ര പറയണം എന്നെനിക്കറിയില്ല. കഴിഞ്ഞ കുറെ നാളുകളില്‍ ഞാന്‍ ജീവിച്ചിരുന്നു എന്നതിന്റെ തെളിവാണ് നിന്നെക്കുറിച്ചുള്ള, നമ്മുടെ കൂട്ടുകെട്ടിനെ കുറിച്ചുള്ള ഈ ഓര്‍മ്മകള്‍. നീ എനിക്കാരായിരുന്നു എന്നെനിക്കറിയില്ല, പക്ഷെ നിന്നെക്കുറിച്ചുള്ള ഈ ഓര്‍മ്മകള്‍ ഞാന്‍ എന്നോടൊപ്പം കൊണ്ടുപോകുന്നു. ഒരിക്കല്‍ നിന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു, പക്ഷെ ഒരു വക്കു പോലും മിണ്ടാതെ, ഒരു നോക്ക് കാണാതെ ഇങ്ങനെയൊരു ബന്ധം ... അതിന് വല്ലാത്തൊരു സുഖമുണ്ടല്ലേ? ഒരു പക്ഷെ ഇനിയൊരിക്കലും ഞാന്‍ നിനക്കെഴുതി എന്ന് വരില്ല.
പിന്നെ, ഇപ്പോള്‍ നിന്നോട് പറയാന്‍ എനിക്കൊരു പ്രധാന വിശേഷം കൂടി ഉണ്ട്. എല്ലാ പൊരുത്തക്കേടുകള്‍ക്കും വിട ചൊല്ലി അവസാനം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു, ഉഭയസമ്മതപ്രകാരമുള്ള ഒരു വിവാഹ മോചനം!’
15 comments:
manasine thottunarthunna varikal. oro variyilekkum kannodikkumbol ellam cinema pole manasil odiyethunnu. valare nannayittund.
അനില്‍,
കഥ വായിച്ചു വളരെ ഇഷ്ടമായി .....
"കണ്ടില്ല എങ്കിലും കേട്ടില്ല എങ്കിലും മനസ്സിന്റെ തൊട്ടടുത്ത്, ആരാണെന്ന് നിര്‍വചനമില്ല. ആരല്ല എന്ന് കരുതുന്നതാ കുടുതല്‍ ശരി. ബന്ധനമാകാതെ ഒരു ബന്ധം അതും മറ്റാരുമതില് നോവാന്‍ ഇടവരാതെ
ഒരു ലക്ഷ്മണ രേഖയും മറികടക്കാതെ
ദെ ഇതു പോലെ.... ........
ഒരിക്കലും ഒന്നിനും ഒരു പരാതി മുഴക്കാതെ നിശ്ശബ്ദമായി ,
തനതു രൂപമില്ലാത്ത,വാക്കുകളെ,മനസ്സില്‍ കോറിയിട്ട രൂപത്തില്‍ കൂടി,മനസ്സിലാക്കുകയും കണ്ടറിയുകയും ചെയ്യുന്ന അമ്മയായോ ചേച്ചിയായോ കാമുകിയായോ
മനസ്സറിഞ്ഞു സ്നേഹിക്കുന്ന സ്നേഹത്തെ ഇവിടെ ഞാന്‍ കണ്ടറിയുന്നു.
"നിഴലായ് മറഞ്ഞൊരു പെണ്‍കുട്ടി"
മനസ്സില്‍ നിന്ന് മനസ്സിലേക്ക് ഉള്ള അകലം കുറച്ച
ഒരു സ്നേഹബന്ധത്തിന്റെ വര്‍ണ്ണചിത്രം!
അനില്‍ മനോഹരമായ ഈ കഥ
ആല്‍ത്തറയില്‍ പോസ്റ്റ് ചെയ്തതിനു നന്ദി
ആദ്യ വായനയില്‍ മറ്റാരെയും പോലെ എനിക്കും തോന്നി അമ്മു തെറ്റാണെന്ന് അവളുടെ ചിന്തകള്‍ തികച്ചും തെറ്റും ക്രൂരവുമെന്ന്... അത് സമൂഹത്തിന്റെ, സദാചാരത്തിന്റെ വിലങ്ങുകള്‍..
എന്നാല്‍ കൂടിലടച്ച ഒരു സ്വര്ണപക്ഷിയായ അമ്മുവിനെ അറിയുമ്പോള്‍ അമ്മുവാണ് ശരിയെന്നും..
കൊട്ടാരത്തില്‍ അടച്ചു സൂക്ഷിക്കുന്ന എത്രയോ അമ്മുമാര്...
ജിദ്ധു: നല്ല വാക്കുകള്‍ക്ക് നന്ദി.
മാണിക്യം ചേച്ചീ: ഈ വാക്കുകള്‍ ഞാന്‍ ഹൃദയത്തില്‍ ഏറ്റ് വാങ്ങുന്നു.
നജീം: നല്ല വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
കൊള്ളാം നന്നായിരിക്കുന്നു
ആശംസകള്‍ .....
നന്ദി ഉമേഷ്.
സന്ദേശങ്ങളിലൂടെ മാത്രമായി, കഥയുടെ അവതരണം വളരെ നന്നായി.കവിതയുള്ള ആ സന്ദേശങ്ങളും..
സമാന്തരന്‍:
വന്നതിന്, വായിച്ചതിന്, നല്ല വാക്കുകള്‍ക്ക് - നന്ദി.
സന്തോഷം നിറഞ്ഞ ഒരു ദാമ്പത്യം എല്ലാവരുടേയും സ്വപ്നമാണ്. എല്ലാവരും അതര്‍ഹിക്കുന്നുമുണ്ട്. പക്ഷെ പലര്‍ക്കും ഇപ്പോള്‍ അത് അപ്രപ്യമായ ഒരു മരീചികയാണ്. പരസ്പരം കഴിയുന്നതും പൊരുത്തപ്പെട്ട് പോകാന്‍ ശ്രമിക്കുക. അത് പരാജയപ്പെട്ടാല്‍ ദുരിതപൂര്‍ണ്ണമായ ഈ ദാമ്പത്യകുരുക്ക് വലിച്ചെറിയാനുള്ള തന്റേടം സ്ത്രീകള്‍ കാണിക്കണം. അമ്മു ചെയ്തതാണ് ശരി. ദുസ്സഹമായ ദാമ്പത്യ തടവറയില്‍ എരിഞ്ഞടങ്ങാനുള്ളതല്ല നമ്മുടെ വിലപ്പെട്ട ജീവിതം.
നല്ല കഥ. ആരുടെയൊക്കെയോ കഥ...നല്ല വിഷയം. അഭിനന്ദങ്ങള്‍.
അടുത്തകാലത്ത് വായിച്ച ഈ കവിത ഇതോടൊപ്പം ചേര്‍ക്കുന്നു. ഇഷ്ടപ്പെടും തീര്‍ച്ച.
വായാടിക്കിളി: അഭിപ്രായത്തിനും ആ നല്ല കവിത പരിചയപ്പെടുത്തിയതിനും നന്ദി.
പിന്നെ ഈ കഥയിലേക്ക് എന്നെ എത്തിച്ചത് എന്റെയീ പഴയ കവിതയാണ്:
http://www.koottam.com/profiles/blogs/784240:BlogPost:9301813
kadhayile swarnamathsyam njan aano ennu thonni.. bandangal bandhanangal aakunna jeevitam.. athil oru kulirthennalayi oru sawhridam...
സ്വീറ്റ്ഹാന്സി:ഈ കഥ ഉള്‍ക്കൊള്ളുന്നു എന്നറിഞ്ഞതില്‍ ഏറെ സന്തോഷം. നന്ദി.
<ഹൃദയം വിങ്ങി പോയ് ട്ടോ ....
<ഹൃദയം വിങ്ങി പോയ് ട്ടോ ....
ജാസ്സി: ഇവീടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
Post a Comment