Saturday, May 8, 2010

ഒരമ്മ ചോദിക്കുന്നു

എന്‍റെ മോനെക്കണ്ടോ?
താരാട്ടു പാടിയും, ഉമ്മ വച്ചുറക്കിയും
സങ്കടം വന്നപ്പൊഴെല്ലാം വാരിപ്പുണര്‍ന്നും
പൂക്കളും പൂമ്പാറ്റയും എല്ലാം കാട്ടിയും
ഞാനന്നു വളര്‍ത്തിയ, പാലൂട്ടി വളര്‍ത്തിയ
എന്‍റെ മോനെക്കണ്ടോ?

അവനിന്നൊത്തിരി വലുതല്ലേ?
വളര്‍ന്നങ്ങു വലുതായില്ലേ?
ഇന്നെന്നെ നോക്കാന്‍ സമയമുണ്ടോ?
എന്നാലും അവനെന്നെ ഇഷ്ടമാ
അതെനിക്കറിയാം
അല്ലെങ്കില്‍ ഈ വൃദ്ധസദനത്തില്‍
ഇത്രയധികം പണം നല്‍കി
അവനെന്നെ സൂക്ഷിക്കാന്‍ നല്‍കുമോ?
മാസത്തിലയ്യായിരം രൂപയുടെ വിലയെനിക്കിന്നില്ലേ?
ഒരു മാസം അഞ്ഞൂറു രൂപാ ശമ്പളം കിട്ടിയിരുന്ന
എന്‍റെ കൊച്ചേട്ടനേക്കാള്‍ സമ്പന്നയല്ലേ ഞാന്‍
കൊച്ചേട്ടന്‍ പോയിട്ടും ഞാന്‍ ബാക്കി നിന്നത്
അവനു വേണ്ടിയല്ലേ, അവനു വേണ്ടി മാത്രം

എന്‍റെ മോനെക്കണ്ടോ?
അവനിന്നൂണു കഴിച്ചോ?
ഞാനില്ലെങ്കില്‍ ഇതൊക്കെയവന്‍ ചെയ്യുമോ?
അവന്‍റെ നെറ്റിയില്‍ ഞാനല്ലാതെ
മറ്റാരുണ്ടൊരു ചന്ദനക്കുറി ചാര്‍ത്തുവാന്‍
എന്‍റെ നാലാം വിരല്‍ത്തുമ്പുകൊണ്ടല്ലാതെ
ആരുണ്ടവനിന്നുയര്‍ച്ച കുറിക്കുവാന്‍?
ഇപ്പോള്‍ സമയം സന്ധ്യയായില്ലേ
നാമം ജപിക്കാന്‍ സമയമായില്ലേ
ഉറങ്ങാനൊരുങ്ങുന്ന പൂക്കളേ
നിങ്ങളവനെക്കണ്ടോ?

അത്താഴപൂജയ്ക്കടുപ്പില്‍ കിടന്ന്
തിരിഞ്ഞും മറിഞ്ഞും വെന്തു പിടയുന്ന
അന്ന ദേവതമാരേ
നിങ്ങളാരെങ്കിലുമെന്‍റെ
പൊന്നുമോനെക്കണ്ടോ?

© ജയകൃഷ്ണന്‍ കാവാലം

3 comments:

മാണിക്യം said...

'എന്‍റെ മോനെക്കണ്ടോ? ...

അമ്മ എന്തെല്ലാം ഉപദ്രവങ്ങള്‍ വേദനകള്‍ മക്കള്‍ ചെയ്താലും അത് മറക്കുന്ന ഏകവ്യക്തി അമ്മതന്നെ!! അമ്മമാരെ ഓര്‍മ്മിക്കുന്ന ഈ ദിവസം ഈ പോസ്റ്റ് ഇട്ടതിനു നന്ദി....

Unknown said...

നമ്മുടേ നാട്ടിൽ വൃദ്ധസദനങ്ങൾ പെരുകുകയാണ്.ഇത് ഒരമ്മയുടെ ദു:ഖമല്ല ഒരുപ്പാട് അമ്മന്മാരുടെ ദു:ഖമാണ്.

Kalavallabhan said...

"ഇത്രയധികം പണം നല്‍കി
അവനെന്നെ സൂക്ഷിക്കാന്‍ നല്‍കുമോ?
മാസത്തിലയ്യായിരം രൂപയുടെ വിലയെനിക്കിന്നില്ലേ?"

നർമ്മത്തിൽ ചാലിച്ച ഈ വരികൾ ശക്തമാണു.

(എന്റെ കവിത കൂടിയൊന്നു വായിക്കൂ...)