എല്ലുവലിച്ചൂരരുതേ നാട്ടാരേ, അയ്യോ
കല്ലെടുത്തു കീച്ചരുതേ നാട്ടാരേ....”
റിഹേഴ്സല്‍ തുടങ്ങിയിട്ട് മണിയ്ക്കൂര്‍ രണ്ടു കഴിഞ്ഞിരിയ്ക്കുന്നു. തുടര്‍ച്ചയായുള്ള ഗിറ്റാര്‍ വായന കഴിഞ്ഞ് ഒന്നു നടു നിവര്ക്കാന് കോലായിലേയ്ക്കിറങ്ങിയതാണ്. മൂലയിലിരുന്ന നാഷണല്‍ പാനസോണിക്കിന്റെ തിരുമണ്ടയില്‍ ഒന്നു ഞെക്കിനോക്കിയപ്പോഴാണ് കാഥികന് വി.ഡി. രാജപ്പന്റെ മുകളില്‍ കുറിച്ചിട്ട വരികള്‍ നെഞ്ചത്തുകൂടി പടപടാന്ന് ഉരുണ്ടിറങ്ങിയത്. ഗാനമേള നടക്കുമ്പോഴും ഇങ്ങനെ പാടേണ്ടിവരുമോന്നുള്ള സന്ദേഹം മനസ്സില്‍ തോന്നിയോ..?
സോറി...
കാര്യം പറയാന്‍ മറന്നു.
പ്രതിഷ്ഠയില്ലാത്ത വളരെ പ്രസിദ്ധിയുള്ള ഭദ്രകാളീ ക്ഷേത്രമാണ് കടയ്ക്കല്‍ ഭദ്രകാളീ ക്ഷേത്രം. കുംഭമാസത്തിലെ തിരുവാതിര നാളിലാണ് പ്രധാന ഉത്സവം അന്ന് എടുപ്പുകുതിരയും കുത്തിയോട്ടക്കളിയും മറ്റു വര്‍ണ്ണക്കാഴ്ച്ചകളും ധാരാളമുണ്ടാവും. അതേക്കുറിച്ച് മറ്റൊരവസരത്തില്‍ പറയാം. പത്തുപതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇവിടെ ആഘോഷിയ്ക്കുന്നത്. നാടകവും ബാലെയും കഥകളിയും കഥാപ്രസംഗവും ഗാനമേളയുമൊക്കെയായി ഒരു മഹാ ഉത്സവം. ദിവസം മിനിമം രണ്ടു പ്രൊഫഷണല്‍ പരിപാടികള്‍ ഉണ്ടാവും.
എല്ലാ വര്‍ഷവും കുംഭമാസത്തിലെ മകയിരം നാളില്‍ ഈ ക്ഷേത്രവളപ്പില്‍ മങ്കമാര്‍ പൊങ്കാലയിടുന്നു. ഈ സമയത്തു നടത്താനുള്ള ഗാനമേളയുടെ റിഹേഴ്സലാണ് നേരത്തേ കണ്ടത്. രണ്ടര മൂന്നുമണിയ്ക്കൂര്‍ ഗാനമേള. പൂര്‍ണ്ണമായും കടയ്ക്കല്‍ ദേവീഭക്തിഗാനങ്ങളാണ് ഈ സമയം പാടുന്നത്. കൈയിലെ സിഗരറ്റ് എരിഞ്ഞുകഴിഞ്ഞു. ഒരു ക്ലാസിയ്ക്കല്‍ സോംഗാണ് പാടിക്കൊണ്ടിരുന്നത്. ഗിറ്റാറിന്റെ പണി അതിലില്ലാത്തതിനാല്‍ കോലായിലിറങ്ങിയതാണ്. അതു കഴിഞ്ഞിരിയ്ക്കുന്നു. ഹാളിലേയ്ക്കു കയറി ഗിറ്റാറു കയ്യിലെടുത്തു. സംഗീത പാടിത്തുടങ്ങി....
“അത്താഴപ്പാട്ടിന്‍ അകത്തളത്തില്‍....”
വളരെ മനോഹരമായിത്തന്നെ ട്രയല്‍ അവസാനിച്ചു. പിറ്റേന്ന് എല്ലാവര്ക്കും വിശ്രമമായതിനാല്‍ ഉപകരണങ്ങളെല്ലാമൊതുക്കി പായ്ക്കുചെയ്ത് പുറത്തിറങ്ങി.
നാലരയോടെതന്നെ എല്ലാരും സ്റ്റേജില്‍ ഹാജരായി. മുറ്റത്തു പൊങ്കാലയിടാനുള്ളതിരക്ക് ഒരിടത്ത്, പാട്ടുകേള്‍ക്കാനുള്ളതിരക്ക് മറ്റൊരിടത്ത്. സംഗീതോപകരണങ്ങള്‍ യഥാസ്ഥാനങ്ങളില്‍ വച്ചു സാമ്പ്ലിത്തുടങ്ങി.
പ്രൌഢഗംഭീരമായ സ്വരത്തില്‍ ബാബുമാഷ് അനൌണ്സ് ചെയ്തു...
“പരമാനന്ദസംഗീതം...
കടയ്ക്കല്‍ ഷാര്‍പ്പ് മ്യൂസിക്സ് അവതരിപ്പിയ്ക്കുന്ന കടയ്ക്കല്‍ ദേവീ സ്തുതിഗീതങ്ങള്‍, ഭക്തിഗാനമേള ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വേദിയില്‍ ആരംഭിയ്ക്കുന്നു....”
അല്‍പ്പം കഴിഞ്ഞ് വീണ്ടും ആരംഭിയ്ക്കുന്നു...! വീണ്ടും... വീണ്ടും...!!
ഇങ്ങനെ കുറേ ആരംഭിച്ചപ്പോള്‍ അതിരാവിലേതന്നെ രണ്ടെണ്ണം വിട്ടുവന്ന ചേട്ടന്മാരിലൊരാള്‍ക്കു ദേഷ്യം വന്നു...
“നിങ്ങള്‍ ആരംഭിയ്ക്കുന്നോ അതോ ഞാന്‍ ആരംഭിയ്ക്കണോ...?”
അപ്പോഴാണ് “ആരംഭി”യ്ക്കുന്നതിന്റെ പൊരുള്‍ മനസ്സിലായത്. ഉപകരണങ്ങളെല്ലാം നിരത്തി, പാടാന്‍ പാട്ടുകാരും റെഡി, ഓര്‍ക്കസ്ട്രക്കാര്‍ക്കും പാട്ടുകാര്‍ക്കുമുള്ള നൊട്ടേഷന്‍ സ്റ്റാന്റുകള്‍ ട്രയല്‍ ചെയ്ത ഹാളിലാണ്. ഗാനമേളതുടങ്ങാനുള്ള സമയം അതിക്രമിച്ചിരിയ്ക്കുന്നു.

സ്റ്റേജിന്റെ മൂലയില്‍ അടുക്കിവച്ചിരുന്ന ഇരുമ്പുകസേരകള്‍ രണ്ടെണ്ണം പെട്ടെന്നുതന്നെ പാട്ടുകാരന് സനലിന്റെ നൊട്ടേഷന്‍ സ്റ്റാന്റായി! ഫ്ലൂട്ട് വായിയ്ക്കുന്ന സുരേഷ്കുറുപ്പും ഒന്നെടുത്ത് ഫിറ്റുചെയ്തു. നേരത്തെ വീ.ഡി. രാജപ്പന്റെ പാട്ടുകേട്ടത് ഓര്‍മ്മവന്നതിനാല്‍ ഒരെണ്ണം ഞാനും മുന്നില്‍ വച്ചു. ആവശ്യം വന്നാല്‍ കൊണ്ടിടംകൊണ്ട് തടുക്കണ്ടല്ലോ...
വീണ്ടും ബാബുമാഷിന്റെ സ്വരമുണര്‍ന്നു...
“പരമാനന്ദ സംഗീതത്തിലെ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയത്... ചടയമംഗലം എന്‍.എസ്. ഹരിദാസ്, സാബു കൊട്ടോട്ടി..
സംഗീതം... വര്‍ക്കല ജി മുരളീധരന്...
ആലാപനം... കെ.ജെ. സനല്‍ കുമാര്‍, സംഗീതാ ബാലചന്ദ്രന്, പദ്മകുമാര്‍, പ്രവീണ...
പിന്നണിയില്‍..........
അവതരണം... ഷാര്‍പ്പ് മ്യൂസിക്സ് കടയ്ക്കല്‍...”
മായാമാളവഗൌള രാഗത്തില്‍, ആദി താളത്തില്‍ സനല്‍ പാടിത്തുടങ്ങി...
“ദേവീ പ്രസാദം മമ സംഗീത ജ്ഞാനം......”
നാലുകൊല്ലം ആ കടയ്ക്കല്‍ ദേവീ സന്നിധിയില്‍ ദേവീസ്തുതിഗീതങ്ങള്‍ക്കു ഗിറ്റാര്‍ വായിയ്ക്കാന്‍ എനിയ്ക്കു ഭാഗ്യം കിട്ടി. അന്നു പാടുകയും ഓര്‍ക്കസ്ട കൈകാര്യം ചെയ്യുകയും ചെയ്ത മിയ്ക്കവരും ഇന്ന് ആ രംഗത്തുതന്നെ പ്രശസ്ഥരാണ്. പക്ഷേ പലരും ഷാര്‍പ്പ് മ്യൂസിക്സിന്റെ ഈ വേദിയിലാണു തുടക്കമിട്ടതെന്നു മറന്നിരിയ്ക്കുന്നു.
കൊട്ടോട്ടിയാകട്ടെ ബൂലോകര്‍ക്ക് ഒരു ബാധ്യതയായും...