Monday, October 5, 2009

കടലിനക്കരെ പോണോരേ... (ആറ്)


എന്‍റെ ഗ്രാമമേ... എന്‍റെ പ്രണയമേ... നിന്നില്‍ നിന്നകന്നിട്ട് എട്ടുമാസങ്ങളായിരിക്കുന്നു. എട്ടു യുഗങ്ങളുടെ ദൈര്‍ഘ്യമുള്ള ഈ കാലയളവിലെല്ലാം ഞാന്‍ നിന്‍റെ ഓര്‍മ്മകളെ നെഞ്ചോടു ചേര്‍ത്തിരുന്നു. ഞാന്‍ നീന്തിക്കുളിച്ചിരുന്ന പൂക്കൈതയാറും, എന്‍റെ ചിന്തകള്‍ക്കു കൂട്ടിരുന്ന പാടവരമ്പുകളും, എന്‍റെ പ്രാര്‍ത്ഥനകളെ ധന്യമാക്കിയിരുന്ന ക്ഷേത്രാങ്കണവും വിട്ട് ഇവിടെ ഈ മരുഭൂമിയില്‍ ഞാനുരുകുന്നു. യാ അള്ളാഹ് നിന്‍റെ മണ്ണില്‍, രണ്ടു പതിറ്റാണ്ടുകള്‍ എന്‍റെ അച്ഛന്‍ പണിയെടുത്ത ഈ മണ്ണില്‍ ഇവനുമൊരു ജീവിതം നീ നിഷേധിക്കുകയാണോ? ഇവിടെയുള്ള ലക്ഷോപലക്ഷം പ്രവാസികളുടെ വേദനയില്‍ നിന്നുയര്‍ന്ന നിശ്വാസങ്ങളാണോ ഈ ഭൂമിയെ മരുഭൂമിയാക്കിയത്....?

ഇതിനിടയില്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പുച്ഛവും, അന്നത്തെ അവസ്ഥയില്‍ കടുത്ത അമര്‍ഷവും എന്നാല്‍ പ്രതികരിക്കാന്‍ കഴിയാതെ പോയതുമായ ഒരു സംഭവമുണ്ടായി. ഓഫീസിന്‍റെ മുന്‍‍വശത്ത് ഏതാനും വണ്ടികള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്. കമ്പനി വക ഒരു കാര്‍, ഒരു വാന്‍ ഇവ കൂടാതെ മാഡത്തിന്‍റെ കാര്‍, മുതലാളി വന്നാല്‍ പാര്‍ക്ക്‌ ചെയ്യാനുള്ള സ്ഥലം എന്നിങ്ങനെ നാലു വണ്ടികള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലമേ അവിട യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളൂ. പുറത്തു നിന്നാരും അങ്ങോട്ടു വരാറില്ല. എന്നാല്‍ അതിലധികം സ്ഥലം പാര്‍ക്കിങ്ങിനായി അവിടെ ലഭ്യവുമാണ്. അവിടെ മുകളിലത്തെ നിലയിലുള്ള ഓഫീസുകളിലുള്ളവരുടെ കാറുകള്‍ മിക്കവാറും പാര്‍ക്ക് ചെയ്യുന്നത് പതിവാണ്.

ഒരു ദിവസം മാഡം പറഞ്ഞിട്ടു പോയി ഇവിടെ പാര്‍ക്ക് ചെയ്യുന്ന മറ്റു വണ്ടികളിലെല്ലാം നോ പാര്‍ക്കിംഗ് എന്ന് എഴുതി ഡ്രൈവര്‍ സീറ്റിന്‍റെ മുന്നിലെ ഗ്ലാസ്സില്‍ പശതേച്ച് ഒട്ടിച്ചു വയ്ക്കണമെന്ന്. ഞാന്‍ അപ്രകാരം ചെയ്ത് അവിടെ ക്ലീനിംഗിനു വരുന്ന പയ്യനെയും കൂട്ടി ഒട്ടിക്കാന്‍ പോയപ്പോള്‍ കൂടെയുണ്ടായിരുന്നവന്‍ വിലക്കി. അവന്‍ പറഞ്ഞു ഒട്ടിച്ചു വച്ചാല്‍ ഇളക്കിക്കളയാന്‍ പ്രയാസമായിരിക്കും. അവര്‍ പ്രശ്നമുണ്ടാക്കിയാല്‍ മാഡം കൈ കഴുകുമെന്ന് നിനക്കറിയാമല്ലോ. അതു കൊണ്ട് വൈപ്പറിന്‍റെ ഇടയില്‍ വച്ചാല്‍ മതിയെന്ന്‌. ഞാന്‍ അപ്രകാരം ചെയ്തു. മാഡം വന്ന്‌ എന്നോടു ചോദിച്ചു നീ ഒട്ടിച്ചോ എന്ന്. ഞാന്‍ പറഞ്ഞു ഒട്ടിച്ചില്ല മാഡം, വൈപ്പറിന്‍റെ ഇടയില്‍ അവര്‍ കാണത്തക്ക വിധം വച്ചു എന്ന്. അന്നവര്‍ ഞാനടക്കം ആ കമ്പനിയിലുണ്ടായിരുന്ന സര്‍വ്വരെയും പറഞ്ഞ ചീത്ത പരമ്പരകളായി തുടര്‍ന്നു വന്ന അവരുടെ തറവാടിന്‍റെ സംസ്കാരത്തെ വിളിച്ചോതുന്ന തരത്തിലുള്ളതായിരുന്നു. അന്നത്തെ അവരുടെ പെരുമാറ്റം ഒന്നു മാത്രം മതി ആ സ്ത്രീരത്നത്തിന്‍റെ മുഴുവന്‍ സ്വഭാവസവിശേഷതയും മനസ്സിലാക്കാന്‍. (‘ലണ്ടനിലെ‘ എം ബി എയുടെ മാഹാത്മ്യം!!!)

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും അവര്‍ ഇതുപോലെ കാറില്‍ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ ആവശ്യപ്പെട്ടു. “ഇന്നാളത്തെപ്പോലെ വൈപ്പറിന്‍റെ ഇടയില്‍ തിരുകാനല്ല, ഒട്ടിക്കാനാണ് പറയുന്നത് മനസ്സിലായോ” എന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടാണ് പോയത്. ഞങ്ങള്‍ അതുപോലെ ചെയ്തു. അത് മുകളിലെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു സായിപ്പിന്‍റെ കാര്‍ ആയിരുന്നു. ഞങ്ങളുടെ കമ്പനി പോലെയുള്ള കമ്പനിയല്ല അത്. കൊള്ളാവുന്ന മാനേജ്‌മെന്‍റിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാംതരം ഒരു ബ്രിട്ടീഷ് കമ്പനി. ഇടക്കെപ്പൊഴോ സായിപ്പ് താഴെയിറങ്ങി വന്നപ്പോള്‍ അയാള്‍ ആ സ്റ്റിക്കര്‍ കണ്ടു. അയാള്‍ നേരേ ഓഫീസില്‍ കയറി വന്ന് മാഡത്തിനെ നല്ല ഒന്നാംതരം തെറി വിളിച്ചു. (അവര്‍ക്ക് കാര്യമായി ഒന്നും മനസ്സിലായെന്നു തോന്നുന്നില്ല) എന്നിട്ടയാള്‍ പറഞ്ഞു ഇന്നു വൈകുന്നേരത്തിനകം ആ സ്റ്റിക്കര്‍ ഇളക്കിക്കളഞ്ഞു കാര്‍ വൃത്തിയാക്കിയില്ലെങ്കില്‍ എല്ലാവരും വിവരം അറിയുമെന്ന്‌. അപ്പോള്‍ അയാളുടെ മുന്‍പില്‍ വച്ചു തന്നെ അവര്‍ ഞങ്ങളെ വിളിച്ചു. എന്നിട്ടു ചോദിച്ചു നിന്നോടൊക്കെ ആരു പറഞ്ഞു പശ തേച്ച് ഒട്ടിക്കാനെന്ന്!!!. ഞാന്‍ സായിപ്പിനു കൂടി മനസ്സിലായിക്കോട്ടെ എന്നു കരുതി ഇംഗ്ലീഷില്‍ തന്നെ പറഞ്ഞു, മാഡമല്ലേ നിര്‍ബന്ധപൂര്‍വ്വം പശ തേച്ച് ഒട്ടിക്കാന്‍ പറഞ്ഞിട്ടു പോയതെന്ന്. അവര്‍ക്കു ഹാലിളകി. അവര്‍ വായില്‍ വന്ന തെറിയെല്ലാം വിളിച്ചു കൂവി. ഇതിലും ഭേദം ചീഞ്ഞ മീന്‍ പച്ചക്കു ഭക്ഷിക്കുന്നതാണെന്ന് നിര്‍വികാരതയോടെ ഞാന്‍ ചിന്തിച്ചു. എന്നിട്ടവര്‍ കാര്‍ കഴുകിക്കൊടുക്കാന്‍ ആക്രോശിച്ചു. ഞാന്‍ തീര്‍ത്തു പറഞ്ഞു പറ്റില്ലെന്ന്. കാരണം അവര്‍ കാണിച്ച പ്രവൃത്തിക്ക് നമ്മുടെ നാട്ടില്‍ പറയുന്ന ഒരു വാക്കുണ്ട്. അതു പറയാന്‍ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെയെങ്കിലും പ്രതികരിക്കുക എന്നത് ഒരു ആണായി ജനിച്ച ഓരോരുത്തരുടെയും ജന്‍‍മാവകാശമാണ്.

അപ്പോള്‍ അതു ഞാന്‍ ഒറ്റക്കു കഴുകണമെന്നായി. മാഡം അങ്ങനെയൊരു കാര്യം വെറുതേ സ്വപ്നം കാണണ്ട എന്ന് ഞാനും. ഒടുവില്‍ ഇതു കേട്ടു കൊണ്ടു നിന്ന ക്ലീനര്‍ പയ്യന്‍ എന്‍റെയും മാഡത്തിന്‍റെയും എതിര്‍പ്പിനെ അവഗണിച്ച് പോയി അതു കഴുകിക്കൊടുത്തു. സായിപ്പിന് സമാധാനമായി.

അന്നു വൈകുന്നേരം എന്‍റെ മുന്‍പില്‍ ആറേഴു പേജുള്ള ഒരു എക്സല്‍ ഷീറ്റ് കൊണ്ടു തന്നിട്ട് മുതലാളിയും ബോസും കൂടി അതില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. കമ്പനിയില്‍ സ്റ്റോക്കുള്ള കോര്‍പ്പറേറ്റ് ഗിഫ്റ്റുകളുടെ സ്റ്റോക്ക് റജിസ്റ്റര്‍ ആയിരുന്നു അത്. ഒന്നു പരിശോധിക്കുക പോലും ചെയ്യാതെ അയാളുടെ ഹെഡോഫീസിലോ മറ്റോ വച്ചു ടൈപ്പ് ചെയ്ത ലിസ്റ്റ്!. ഏകദേശം ഒരു ലക്ഷത്തോളം റിയാല്‍ വിലവരുന്ന വസ്തുക്കള്‍ അതില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒന്നാമതായി അത്രയും സാധനങ്ങള്‍ അവിടെ ഇല്ല എന്നുറപ്പുണ്ട്. രണ്ടാമതായി കള്ളം പറഞ്ഞു പിരിഞ്ഞു പോയ ഡ്രൈവറും, മാഡവുമടക്കം അവിടെനിന്നും കടത്തിയതും കട്ടു വിറ്റതുമായ സാധനങ്ങളുടെ കണക്ക് ആരു ബോധിപ്പിക്കും? ഇത് ഒന്നാംതരം ചതിയാണെന്ന് എനിക്കുറപ്പായി. അതില്‍ ഞാന്‍ ഒപ്പിട്ടാല്‍ ആയുഷ്കാലം എനിക്കാ കമ്പനിയില്‍ വേതനമില്ലാജോലിക്കാരനായി കൂടാനുള്ള വകുപ്പൊക്കും. ഞാന്‍ പറഞ്ഞു ഞാന്‍ ഒപ്പിടുന്നില്ല. കാരണം ഞാന്‍ ഈ കമ്പനിയിലെ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന്.

രണ്ടു പേരുടെയും ഭാവം മാറി. എന്നിട്ട് അവര്‍ പറഞ്ഞു, നീ പിരിഞ്ഞു പോകാന്‍ തീരുമാനിച്ചിട്ടല്ലേ ഉള്ളൂ, പിരിഞ്ഞു പോയിട്ടില്ലല്ലോ. അപ്പോള്‍ നീ ഇവിടുത്തെ സ്റ്റാഫ് തന്നെ. അതു കൊണ്ട് ഒപ്പിടണം എന്ന്. ഞാന്‍ കണ്ടു ബോദ്ധ്യപ്പെട്ടിട്ടു പോലുമില്ലാത്ത ആ കടലാസ്സുകളില്‍ എന്തു തന്നെ ആയാലും ഞാന്‍ ഒപ്പിടില്ല എന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. പല തരത്തില്‍ അവര്‍ ഭീഷണിപ്പെടുത്തി നോക്കി. ഞാന്‍ വഴങ്ങിയില്ല. വഴങ്ങിയിരുന്നെങ്കില്‍ ഇന്നിതെഴുതാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് ഞാന്‍ ഇന്നും അവിടെ തുടര്‍ന്നേനെ. ഇല്ല... ഇതു വരെ ആത്മാഭിമാനം പണയപ്പെടുത്തി തുടരാന്‍ പൂര്‍വ്വികപരമ്പരകളിലെങ്ങും നട്ടെല്ലില്ലാതെ ആരും ജനിച്ചിട്ടില്ലാത്ത ഞാന്‍ ജീവിച്ചിരിക്കുമായിരുന്നില്ല. തുടര്‍ന്നു വന്ന ദിവസങ്ങളിലെല്ലാം അവരുടെ ഭീഷണികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

അവിടെ നിന്നും പോകണമെങ്കില്‍ അയാള്‍ക്ക് മുന്നൂറു റിയാല്‍ നല്‍കണമെന്നായി അയാള്‍. വിസ ലേബര്‍കാര്‍ഡ് തുടങ്ങിയവയ്ക്കായി എങ്ങനെ കൂട്ടിയാലും ഇരുനൂറ്റി ഇരുപതു റിയാലില്‍ കൂടുതല്‍ ഒരു കാരണവശാലും ചിലവു വരില്ല. ഒരു തൊഴിലാളി ജോലി ഉപേക്ഷിച്ചു പിരിഞ്ഞു പോവുകയാണെങ്കില്‍ ഒന്നുകില്‍ ഒരു മാസത്തെ നോട്ടീസ്‌, അതുമല്ലെങ്കില്‍ ഒരു മാസത്തെ ശമ്പളം തിരികെ കമ്പനിക്കു നല്‍കണമെന്നതാണ് ഒമാനി ലേബര്‍ നിയമം. നേരത്തേ ലേബര്‍ കാര്‍ഡിനു ചിലവാക്കുന്ന പണം തിരികെ വാങ്ങാമെന്നു വ്യവസ്ഥയുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അപ്പൊഴും എത്ര കാലം കമ്പനിയില്‍ ജോലി ചെയ്തോ അത്രയും കാലത്തെ പണം കുറച്ച് ബാക്കി മാത്രം നല്‍കിയാല്‍ മതി എന്നുള്ളതാണ് വ്യവസ്ഥ. ഇവിടെ ഏതു വകുപ്പിലാണ് അയാള്‍ക്ക് മുന്നൂറു റിയാല്‍ ആവശ്യമെന്നത് എനിക്കു മനസ്സിലായില്ല. എങ്കിലും എന്‍റെ ആത്മാഭിമാനത്തിന്‍റെ വിലയായി ഞാനതു നല്‍കാമെന്നു സമ്മതിച്ചു. ഒരാളെ ജോലിക്കു കൊണ്ടു വരുമ്പോള്‍ അയാളുടെ ടിക്കറ്റിന്‍റെ പണം അടക്കം സ്പോണ്‍സര്‍ വഹിക്കണം എന്നതാണ് ഒമാനിലെ നിയമം എന്നുള്ളതാണ് എന്‍റെ അറിവ്‌. തിരിച്ചു പോകാനും അങ്ങനെ തന്നെ. അവിടെയാണ് ഇങ്ങോട്ടു വന്നതും തിരിച്ചു പോകുന്നതും സ്വന്തം ചിലവില്‍!.

എന്‍റെ കയ്യില്‍ ആ സമയം ഒരു പൈസ പോലുമില്ല. മസ്കറ്റില്‍ ജോലി ചെയ്യുന്ന ഒരു അകന്ന ബന്ധുവിന്‍റെ അടുത്തു നിന്നും കുറച്ചു പണം കടം വാങ്ങി. എന്നെ ഇങ്ങോട്ടയച്ച ഏജന്‍റ് അന്നെടുത്ത റിട്ടേണ്‍ ടിക്കറ്റിന്‍റെ പണം കൊച്ചച്ചനു തിരികെ നല്‍കിയിരുന്നില്ല. അത് അദ്ദേഹത്തിന്‍റെ അച്ഛന് അറിയില്ല. പറയരുതെന്നു പറഞ്ഞിരുന്നു. എങ്കിലും അറുപതിനായിരം രൂപ കൊടുത്താണല്ലോ ഈ നരകത്തിലേക്കു ഞാന്‍ വിമാനം കയറിയത്. അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും കുറച്ചു പണം കടമായി വാങ്ങി. ഇതറിഞ്ഞ് ആ പണം അദ്ദേഹത്തെക്കൊണ്ട് തരുവിക്കാതിരിക്കാനായി അദ്ദേഹത്തിന്‍റെ മകനായ ഏജന്‍റ് പരമാവധി ശ്രമിച്ചു. അവിടെ വന്നിറങ്ങി ഇക്കണ്ട കാലമത്രയും ഒരു ഫോണ്‍ കോള്‍ പോലും ചെയ്യാതിരുന്ന അയാള്‍ എന്നെയും, നാട്ടില്‍ എന്‍റെ വീട്ടിലും വിളിച്ച് ഭീഷണിപ്പെടുത്തി. ഒന്നുമറിയാതിയിരുന്ന വീട്ടുകാരും ആശങ്കയിലായി. പക്ഷേ ഇതൊക്കെയായിട്ടും നല്ലവനായ അദ്ദേഹത്തിന്‍റെ അച്ഛന്‍ ആ പണം എനിക്കു തന്നു സഹായിക്കാമെന്നു സമ്മതിച്ചു. അദ്ദേഹത്തിന്‍റെ നന്‍‍മ എന്‍റെ ജീവിതത്തില്‍ ഞാനൊരിക്കലും മറക്കില്ല.

പണം തന്നാലും നിന്നെ വിടില്ല എന്നായി മാഡം. അവര്‍ ചെയ്യാവുന്ന ദ്രോഹമെല്ലാം ചെയ്തു നോക്കി. എന്തുതന്നെയായാലും ഇത്രകാലം വന്നു പോയ സ്ഥിതിക്ക് ഗതികേടു കൊണ്ട് ഞാനിവിടെ തുടര്‍ന്നു. ഒരു പ്രൊഫഷണല്‍ എന്ന നിലക്കും, ഒരു പുരുഷന്‍ എന്ന നിലക്കും ഈ കമ്പനിയില്‍ ഞാന്‍ തുടരുന്നത് ആത്മഹത്യക്കു തുല്യമാണെന്നു ഞാന്‍ പറഞ്ഞു. ഈ വാക്കുകളെ ഞാന്‍ ആത്മഹത്യ ചെയ്യും എന്നു ഭീഷണിപ്പെടുത്തി എന്നു വ്യാഖ്യാനിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. അന്ന് ദിലീപിനെതിരെ സാക്ഷികളെ ഉണ്ടാക്കിയതു പോലെ എനിക്കെതിരെയും സാക്ഷികളെ ഉണ്ടാക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ എന്തു ചെയ്താലും, ജയിലിലടച്ചാലും നിങ്ങളുടെ കൂടെ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നതിലും ഭേദമാകും അതെന്നു ഞാന്‍ പറഞ്ഞു. അവരെന്നെ നിയമക്കുരുക്കുകളില്‍ പെടുത്താന്‍ ശ്രമിക്കില്ല എന്നെനിക്കറിയാമായിരുന്നു. കാരണം അവരവിടെ ചെയ്തു കൂട്ടിയ തോന്നിവാസങ്ങള്‍ പലതിന്‍റെയും ദൃക്‌സാക്ഷിയായ എന്നെ അങ്ങനെ ഒരു വഴിയില്‍ ഉപദ്രവിക്കാന്‍ അവര്‍ക്കു ധൈര്യമുണ്ടാവില്ല എന്നെനിക്കറിയാമായിരുന്നു.

അപ്പൊഴും പണം നല്‍കിയാലും എന്നെ വിടില്ല എന്ന നിലപാടില്‍ തന്നെ അവര്‍ ഉറച്ചു നിന്നു. ഞാന്‍ നിയമവഴികളെക്കുറിച്ചു ചിന്തിച്ചു തുടങ്ങി. ഏജന്‍റിന്‍റെ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു. പൊതു പ്രവര്‍ത്തകനായ ഒരു വക്കീലിനെ കാണാനുള്ള വഴികളേക്കുറിച്ചും ആലോചിച്ചു.

7 comments:

സേതുലക്ഷ്മി said...

എത്രയും വേഗം ഈ പരമ്പര നിര്‍ത്തുന്നതാണ് ആല്‍ത്തറയുടെ ആരോഗ്യത്തിന് നല്ലതെന്ന് തോന്നുന്നു. :) വിവരണം നന്നായി വലിയുന്നുണ്ട്. ആദ്യ ലക്കങ്ങളെ അപേക്ഷിച്ച് അവസാന ലക്കങ്ങള്‍ മുഷിപ്പനാകുന്നുണ്ട്. കമ്പനിയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ ഇതിനോടകം വായനക്കാര്‍ക്ക് സുപരിചിതരായിക്കഴിഞ്ഞതിനാല്‍, അവരുടെ “ചെറിയ ക്രൂരതകള്‍“ പരമാവധി ചുരുക്കി, ഇമ്മിണി ബല്യ ക്രൂരതകളെ വിവരിക്കാം. :)

കാവാലം ജയകൃഷ്ണന്‍ said...

കഴിഞ്ഞു സേതുലക്ഷ്മീ, ഒരെണ്ണം കൂടിയേ ഉള്ളൂ.

Ashly said...

:) what happed to part 6 ?

നീര്‍വിളാകന്‍ said...

അമ്മേ മഹാമായേ.... ഈശ്വരോ രക്ഷതി.... 250 വില്ലന്മാരും ഒരു നായകനും.... തുടരട്ടെ!!!

കാവാലം ജയകൃഷ്ണന്‍ said...

ക്യാപ്റ്റന്‍: ക്ഷമിക്കണം. തെറ്റിപ്പോയതാണ്. തിരുത്തിയിട്ടുണ്ട്‌. ചൂണ്ടിക്കാട്ടിയതിനു നന്ദി.

നീര്‍വിളാകന്‍: മഹാമായയെ കളങ്കമില്ലാതെ വിളിച്ചാല്‍ കൈവിടില്ല. രക്ഷിക്കും. ഉറപ്പാണ്. വില്ലന്മാരെ സൃഷ്ടിക്കുന്നത് നമ്മള്‍ തന്നെയാണ് സുഹൃത്തേ. നമ്മള്‍ ആരുടെയും ശത്രുവാകാതിരുന്നാല്‍, നമുക്കും ശത്രുക്കളുണ്ടാവില്ല. നമ്മുടെ ശത്രു നാം തന്നെയാണ്. നാം മാത്രമാണ്. എനിക്ക് ഞാന്‍ മാത്രമാണ് ശത്രു.

തീര്‍ച്ചയായും തുടരും

mini//മിനി said...

അവരോട് നമ്മുടെ കേരളത്തില്‍ വരാന്‍ പറ. എന്നിട്ട് കാണിച്ചു കൊടുക്കണം ഒരു ഓഫീസില്‍ എങ്ങനെ പെരുമാറണമെന്ന്, പിന്നെ ഇങ്ക്വിലാബ് വിളിച്ച് സഖാക്കളെ അയച്ച്, ഒരു ഖരാവോ സംഘടിപ്പിച്ചാല്‍ മതി, പിന്നെ മാഡം ഫ്ലാറ്റ്.,,,

മാണിക്യം said...

ഇതില്‍ അസംഭാവികം എന്നു തോന്നുന്നതു ഒന്നും ഇല്ലാ

"അല്‍പ്പനു അര്‍ത്ഥം കിട്ടിയാല്‍........."

ഒരു കസിന്‍ [പയ്യന്‍ MAക്കാരന്] പേര്സണല്‍ മാനേജര്‍ എന്നു തസ്തികയില്‍ ഏജന്റ് വഴി വന്നു അറബിയുടെ ഫാമില്‍ ചെടിക്ക് വളം ഇടുകയും കളപിഴുകയും വേണം എന്നു വരെ വന്ന സ്ഥിതി നേരില്‍ അറിയാം ഒരു തരത്തിലാ അവനെ അവിടെ നിന്ന് വിടുവിച്ചു കിട്ടിയത്....