ഒരു കടലിന് ഇരുകരകളിലായി കുറേ ജന്‍മങ്ങള്‍. ആ ജനതകളുടെ സംസ്കാരത്തിലെന്ന പോലെ, ഭാഷയിലെന്ന പോലെ, ജീവിത രീതിയിലും, വസ്ത്രധാരണത്തിലുമെന്ന പോലെ അനുഭവങ്ങളിലും നിറയെ നിറയെ വൈവിദ്ധ്യങ്ങള്‍. അതില്‍ പോലും ആകാശത്തിലെ മേഘജാലങ്ങളെന്നപോലെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ജീവിതം. സര്‍വ്വശക്തന്‍റെ മായാജാലം!!!
ആരൊക്കെയോ കുറേപ്പേര്‍ മാഡത്തിനെ വിളിച്ചു സംസാരിച്ച ലക്ഷണം എനിക്ക് അനുഭവപ്പെട്ടു. കാരണം എന്തായാലും നീയിനി ഇന്‍ഡ്യ കാണണമെങ്കില്‍ ഞാന്‍ തീരുമാനിക്കുമെന്നു പറഞ്ഞ് തുള്ളി കലികയറി അവിടെ നിന്നും കാറോടിച്ചു പുറത്തു പോയ മാഡം പെട്ടെന്നു തിരിച്ചു വന്നു പറഞ്ഞു നിനക്കു ക്ലിയറന്‍സ് തന്നിരിക്കുന്നു എന്ന്. അയാള്‍ ആവശ്യപ്പെട്ട മുന്നൂറു റിയാല്‍ തിരിച്ചടച്ചെങ്കില്‍ മാത്രമേ അതുവരെ ഞാന്‍ ജോലിയില്‍ തുടര്‍ന്നിരുന്ന ദിവസങ്ങളിലെ ശമ്പളമായി എനിക്കു കിട്ടാനുണ്ടായിരുന്ന അന്‍പത്തിയെട്ടു റിയാല്‍ എനിക്കു നല്‍കൂ എന്ന് അയാള്‍ പറഞ്ഞു. അന്‍പത്തിയെട്ടു റിയാല്‍ കുറച്ചു കൊടുത്താല്‍ പോരത്രേ. ആദ്യം മുന്നൂറ് റിയാല്‍ നല്‍കണം. അതു കിട്ടിക്കഴിഞ്ഞാല്‍ അന്‍പത്തിയെട്ടു റിയാല്‍ എനിക്കു തിരിച്ചു തരും. അങ്ങനെയെങ്കില്‍ അങ്ങനെ. ആ പണമുണ്ടെങ്കില്‍ എന്തെങ്കിലും വാങ്ങി അമ്മക്കു കൊണ്ടു ചെന്നു കൊടുക്കാമെന്നു ഞാന്‍ കരുതി. നീണ്ട എട്ടു മാസത്തെ പ്രവാസജീവിതത്തിനു ശേഷം അമ്മയെ കാണാന്‍ ചെല്ലുന്നതല്ലേ.
പണം അവിടത്തെ മാനേജരെ ഏല്‍പ്പിച്ചു. ഞാന്‍ കാശുകൊടുത്തു വാങ്ങിയ ടിക്കറ്റും അവിടെ ഏല്‍പ്പിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. കൊടുത്ത പണത്തിനു വൌച്ചര്‍ ചോദിച്ചപ്പോള്‍ അതു തരാന്‍ പറ്റില്ല എന്നു പറഞ്ഞു. മാത്രവുമല്ല കമ്പനി എനിക്കു തരാനുള്ള പണം എല്ലാം തന്നു എന്ന് എഴുതി ഒപ്പിട്ടു വാങ്ങുകയും ചേയ്തു. അതും കൂടാതെ രണ്ടു മൂന്നു ബ്ലാങ്ക് വൌച്ചറുകളിലും അവര്‍ ഒപ്പിട്ടു വാങ്ങി. ആ പണം പോയി. അതു കിട്ടിയില്ല എന്നയാള്‍ പിന്നീടു പറയുമെന്നാണു ഞന്‍ കരുതിയത് ഏതായാലും അതുണ്ടായില്ല. എനിക്കു കിട്ടാനുണ്ടായിരുന്ന അന്‍പത്തിയെട്ടു റിയാല്‍ കൊടുക്കണ്ട എന്ന് മുതലാളി പറഞ്ഞു എന്ന് പണം കൈപ്പറ്റിയ ശേഷം മാനേജര്‍ പറഞ്ഞു. ഒന്നേകാല്‍ ലക്ഷം റിയാലിന്‍റെ ദിവസവരുമാനമുള്ള മുതലാളിയുടെ മകളുടെ കല്യാണച്ചിലവിലേക്ക് എന്‍റെ വകയായി അന്‍പത്തിയെട്ടു റിയാല്‍. ബാക്കി മുന്നൂറു രൂപ കുഷ്ഠരോഗാശുപത്രിക്കു ദാനം കൊടുക്കുന്നതു പോലെ കരുതി തരുന്നതാണെന്നും നാളെ എന്‍റെ മുന്നൂറ്റിയന്‍പത്തിയെട്ടു റിയാല്‍ ഇല്ലായിരുന്നെങ്കില്‍ ഇക്കാണുന്നതൊന്നും ഉണ്ടാകുമായിരുന്നില്ല എന്നു ഞാന്‍ നാലു പേരോടു വിളിച്ചു കൂവുമെന്നും ഒരു മനസ്സമാധാനത്തിനു വേണ്ടി മാഡത്തിന്‍റെ മുഖത്തു നോക്കി പറഞ്ഞു. അവര്‍ നിന്നു ജ്വലിച്ചതല്ലാതെ മറുപടി പറയാന്‍ ധൈര്യപ്പെട്ടില്ല.
കമ്യൂണിസത്തിന്‍റെ ഉത്ഭവം അറിയാന്‍ മാനിഫെസ്റ്റോകള്‍ തിരയേണ്ടതില്ല. ആദ്യത്തെ കമ്യൂണിസ്റ്റ് എങ്ങനെ ഉണ്ടായി എന്നറിയാന്‍ ഇതുപോലെയൊരു കമ്പനിയില്‍ ജോലിക്കു ചേര്‍ന്നാല്‍ മതി. ഇതുപോലൊരു മുതലാളിയെ, ഇതുപോലൊരു മാഡത്തിനെ കിട്ടിയാല്‍ മാത്രം മതി.
ആ പണം കൂടി കൊടുത്തതോടെ എന്‍റെ കയ്യില്‍ ഒരു റിയാല്‍ പോലും അവശേഷിക്കാതെയായി. എന്നാല്‍ എന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇരുപതു റിയാല്‍ എനിക്കു തന്നു. അതുമായി തിരിക്കുമ്പോള്‍ എട്ടുമാസത്തെ പ്രവാസജീവിതം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പെറ്റമ്മക്കു കൊടുക്കാന്‍ കുറേ കണ്ണുനീര്‍ മാത്രമായിരുന്നു എന്‍റെ സമ്പാദ്യം. എയര്‍പോര്‍ട്ടിലെത്തി ബോര്‍ഡിംഗ് പാസ്സു കിട്ടുന്നതു വരെയും എനിക്കു വിശ്വാസമില്ലായിരുന്നു അവര്‍ ചതിക്കില്ല എന്ന്. എന്തായാലും അതുണ്ടായില്ല. വിമാനത്തില്‍ കയറിയ സമയം മാഡത്തിന്‍റെ ഫോണ്‍. എടുക്കണോ എന്നാലോചിച്ച ശേഷമാണെടുത്തത്. മാപ്പു പറയുന്നതുപോലെ അവര്‍ കുറേ പുലമ്പി. ഒരണു പോലും ആത്മാര്‍ത്ഥതയില്ലാത്ത അവരുടെ വാക്കുകള്‍ എന്നെ സ്പര്‍ശിച്ചതേയില്ല. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയം ഞാന്‍ അതിന്‍റെ കിളിവാതിലിലൂടെ പുറത്തേക്കു നോക്കി. പ്രകാശത്തില്‍ കുളിച്ച് സ്വര്‍ണ്ണവര്‍ണ്ണമായി സുല്‍ത്താന്‍ കാബൂസ് ദേവാലയം!. എന്തിനെന്നറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മനസ്സ് കനിവിന്‍റെ കടലായ അള്ളാഹുവിനോട് സ്വതന്ത്രമായി സംവദിച്ചു. നിശ്ശബ്ദമായി ഞാന്‍ പറഞ്ഞു ദൈവമേ എല്ലാ ദിവസവും നിന്നില്‍ ആശ്വാസം തിരഞ്ഞിരുന്ന ഞാനിതാ നിന്‍റെ മണ്ണു വിട്ട് പോകുന്നു. ഒരു ജീവിതം ഉണ്ടാക്കാന്‍ മാത്രം കൊതിച്ച് വന്നവനാണു ഞാന്‍. ഞാനിതാ മടങ്ങുന്നു. നിസ്വനായി, നിന്‍റെ മണ്ണില്‍ നിന്നും ക്ഷീണിതമായ ഉടലോടെയും, തകര്‍ന്നടിഞ്ഞ മനസ്സോടെയും ഇനി എന്തെന്നറിയാതെ യാത്രയാവുകയാണ് ഞാന്‍. പരിഭവങ്ങളൊന്നുമില്ലാതെ...
ഇനി ഒരിക്കല്‍ കൂടി തിരിച്ചു വരില്ലെന്നുറപ്പിച്ച ആ മടക്കയാത്രയില്‍, ഒരു പിന്‍വിളി വിളിക്കാന്‍ ആരുമില്ലാത്ത ആ യാത്രയില്‍ കണ്ണില്‍ നിന്നു മറയുവോളം ആ ദേവാലയം മാത്രം നോക്കി ഞാനിരുന്നു. ആ കാഴ്ച മനസ്സിന് അവാച്യമായ ഒരു ആശ്വാസം പകര്‍ന്നിരുന്നു.
നാട്ടിലെത്തിയെ എന്‍റെ കോലം കണ്ട് അമ്മ ഒരുപാടു കരഞ്ഞു. ‘ഗള്‍ഫിലെ ഒന്നാംതരം ജോലി ഉപേക്ഷിച്ചു തിരിച്ചു വന്നവനെന്ന്‘ ജയകൃഷ്ണന്‍റെ ജീവിതത്തേക്കുറിച്ച് വല്ലാതെ കുണ്ഠിതപ്പെടുന്ന ചില ബന്ധുക്കളും ആക്ഷേപിച്ചു. വന്നിറങ്ങിയ പാടേ നേരേ മൂകാംബികയില്‍ പോയി സര്‍വ്വപാപങ്ങളും സൌപര്‍ണ്ണികയില്‍ കഴുകിക്കളഞ്ഞ് ആനന്ദരൂപിണിയായ വനദുര്‍ഗ്ഗയുടെ തിരുമുന്‍പില്‍ നിന്നും ആനന്ദസാരസ്വതം നുകര്‍ന്ന് എന്‍റെ ശനിദശാകാലത്തെ നരകാഗ്നിയില്‍ നിന്നുള്ള വ്രതത്തിന് പാരണ വീടി. നാട്ടിലെ ഒന്നുരണ്ടു ചെറിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് പാറശ്ശാല മഹാദേവക്ഷേത്രത്തില്‍ യജ്ഞം നടക്കുന്നത്. ജോലിയും ഉപേക്ഷിച്ച് അവിടെ കൂടി. എന്‍റെ ജീവിതത്തിലെ ഒത്തിരി നന്‍മകളുടെ തുടക്കം ആ തിരുമുന്‍പില്‍ വച്ചായിരുന്നു. ക്ഷേത്രത്തില്‍ കഴിയുന്ന സമയത്താണ് അവിടെ അടുത്തുള്ള ഒരു വിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉദ്ഘാടനത്തിന് ക്ഷണം ലഭിക്കുന്നത്.
അനില്‍ ചേട്ടന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അതിനു പോയതു തന്നെ. എനിക്കാ ക്ഷേത്രാങ്കണം വിട്ട് എങ്ങോട്ടും പോകണമെന്നുണ്ടായിരുന്നില്ല. തൊഴുതു മടങ്ങുന്ന അവസരങ്ങളില്‍ പോകാനനുവദിക്കാതെ വീണ്ടും വീണ്ടും മാറോടുചേര്‍ത്ത് പുണരുന്ന ഒരു ഭഗവാനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്‍റെ പാറശ്ശാലേശ്വരന്‍റെ തിരുമുന്‍പില്‍ ചെന്നാല്‍ മതി. യജ്ഞസ്ഥലത്തുനിന്നും അനില്‍ ചേട്ടന്‍റെ ബുള്ളറ്റില്‍ കയറി സ്കൂളിലെത്തി. അവിടെ സന്നിഹിതരായിരുന്നവരെല്ലാം പരിചിതരെങ്കിലും അപരിചിതനേപ്പോലെ നില്‍ക്കാന്‍ എന്തുകൊണ്ടോ ഞാന്‍ ആഗ്രഹിച്ചു. ഉദ്ഘാടനത്തിനു സമയമായി. ആദ്യമായി ഈശ്വരപ്രാര്‍ത്ഥന എന്ന് മൈക്കിലൂടെ അറിയിപ്പ് വന്നു. ആഡിറ്റോറിയത്തില്‍ കയറാതെ ഞാന്‍ വെളിയില്‍ നില്‍ക്കുകയായിരുന്നു. കുട്ടികള്‍ ഒന്നടങ്കമുള്ള സരസ്വതീസ്തുതി മൈക്കിലൂടെ ഒഴുകിയെത്തി....
യാകുന്ദേന്ദു തുഷാര ഹാര ധവളാ...
യാ ശുഭ്രവസ്ത്രാവൃതാ...
നിഷ്കളങ്കരായ ആ കുഞ്ഞുങ്ങളുടെ സംശുദ്ധഭക്തിയിലുതിര്‍ന്ന ആ സ്വരസൌഭാഗ്യം ആ അന്തരീക്ഷത്തെ മുഴുവന്‍ അലിയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അതില്‍ ഞാനുമലിഞ്ഞു പോയി. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതിനെ എനിക്കു നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഏകദേശം ഇരുപത്തിയൊന്നു മിനിട്ട് സമയം നീണ്ടു നിന്നെ ആ പ്രാര്‍ത്ഥനയില്‍ എപ്പൊഴോ ഞാന്‍ ആഡിറ്റോറിയത്തിനുള്ളിലെത്തിയിരുന്നു. വീണാപുസ്തകധാരിണിയായ ഭഗവതി, വാഗ്ദേവതയായ അമ്മ സരസ്വതി ആ ഇളം മനസ്സുകളില്‍ നൃ്ത്തം ചെയ്യുന്നത് ഞാന്‍ കണ്ടു. എന്നില്‍ നിന്നും എന്നോ കൊഴിഞ്ഞു പോയ ബാല്യം എന്നില്‍ നഷ്ടബോധം തീര്‍ത്ത ആദ്യ നിമിഷമായിരുന്നു അത്.
ഞാന്‍ അനില്‍ ചേട്ടനോടു ചോദിച്ചു. എന്താണു ചേട്ടാ ഞാനീ കേള്‍ക്കുന്നത്. ഇത്ര ഭക്തിയോടെയും അച്ചടക്കത്തോടെയും നാമം ജപിക്കുന്ന കുട്ടികള്‍ ഇന്നുമുണ്ടോ? എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന്. അനില്‍ ചേട്ടന്‍ എന്‍റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു ഇതിവര്‍ എല്ലാ ദിവസവും ഇവിടെ ചൊല്ലുന്നതാണെന്ന്. എനിക്കീ സ്കൂളിലെ ഏതെങ്കിലുമൊരു ക്ലാസ്സില്‍ പഠിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം വരുന്നു എന്നു ഞാന്‍ പറഞ്ഞു. പഠിക്കണ്ട, വേണമെങ്കില്‍ പഠിപ്പിച്ചോളാന്‍ അനില്‍ ചേട്ടന്‍ പറഞ്ഞു. അനില്‍ ചേട്ടന്‍ ആ സ്കൂളിന്‍റെ ജോയിന്‍ സെക്രട്ടറിയാണ്.
അങ്ങനെ ഞാന്‍ ആ സ്കൂളിലെ ഒരംഗമായി. യജ്ഞം കഴിഞ്ഞതു മുതല്‍ സ്കൂളിലായി ജീവിതം. കുട്ടികള്‍, എല്ലാ ദിവസവും കണ്ണുകളെ ഈറനണിയിക്കുന്ന അവരുടെ പ്രാര്‍ത്ഥന അങ്ങനെ എനിക്കു നഷ്ടമായ ബാല്യത്തില്‍ ഞാന്‍ വീണ്ടും തിരിച്ചെത്തി.
ഏതാനും മാസങ്ങള്‍ കഴിഞ്ഞു കാണും എനിക്കു മസ്കറ്റില്‍ നിന്നും ഒരു ഫോണ്‍ വിളി. കൂട്ടുകാരനാണ്. നിനക്കു ഞാനിവിടെ ഒരു പരിപാടി ശരിയാക്കിയിട്ടുണ്ട്. എത്രയും വേഗം ഇങ്ങോട്ടു കയറിവരണമെന്ന്. ഞാന്‍ വരുന്നില്ലെന്നു പറഞ്ഞപ്പോള്‍ കൂട്ടുകാരന്‍ ചൂടായി. എന്‍റെ കയ്യില്‍ ഇപ്പോള്‍ അങ്ങോട്ടു വരാന്‍ കാശില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു. എന്നാല്‍ കാശയച്ചു തരാമെന്നായി. ഞാന്‍ ഒന്നുമൊന്നും പറയാതെ ഒഴിഞ്ഞു കൊണ്ടിരുന്നു. ഫോണ്‍ വിളികള്‍ ആവര്‍ത്തിക്കപ്പെട്ടു. വിവരം സ്കൂളില്‍ അനില്‍ ചേട്ടനും, സ്കൂളിന്‍റെ സെക്രട്ടറിയുമൊക്കെ അറിഞ്ഞു. എല്ലാവരും പറഞ്ഞു ഈ പ്രായത്തിലേ അവസരങ്ങള്‍ തേടിവരൂ. അതുകൊണ്ട് നീ പോകണം എന്നവര്‍ പറഞ്ഞു. ഞാന്‍ മസ്കറ്റില്‍ നിന്നുള്ള കൂട്ടുകാരോടും, സ്കൂളിലുമെല്ലാം പറഞ്ഞു നോക്കി അവിടെ മരങ്ങളില്ല, കിളികളില്ല മനഃസ്സമാധാനമില്ല ഞാന്‍ വരുന്നില്ലെന്ന്. ഒരു രക്ഷയുമില്ല. ടിക്കറ്റ് വന്നു, വിസ വന്നു കാര്യങ്ങള്‍ ഞാനറിയാതെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാസം കഴിഞ്ഞാല്‍ നിന്നെ ഇന്‍ഡ്യയില്‍ കണ്ടു പോകരുതെന്ന് അനില്‍ ചേട്ടന്‍ എന്നെ ഭീഷണിപ്പെടുത്തി. പല ആവര്‍ത്തി എന്നെ സ്നേഹം കൊണ്ട് തോല്‍പ്പിച്ച ആളാണ് അനില്‍ ചേട്ടന്‍. എന്‍റെ കവിതകളുടെ ഒരു വലിയ ശേഖരമുള്ളത് അനില്‍ ചേട്ടന്‍റെ കയ്യില്‍ മാത്രമാണ്. വീട്ടില്‍ വന്നാല്‍ ചവറുകൂനകളില്‍ വരെ പരതി വാരിവലിച്ചെഴുതി കളഞ്ഞ പൊട്ടത്തരങ്ങളെല്ലാം എടുത്തു കൊണ്ടു പോയി എന്തിനോ വേണ്ടി സൂക്ഷിക്കുന്നു.
അനില്‍ ചേട്ടന്‍ പറഞ്ഞു, ഇത് ഭഗവാന്‍റെ നിയോഗമാണ് നീ പോകണം. നിന്നെ അയക്കുന്നതു ഭഗവാനാണെന്നു കരുതി പോകണം. ഒരിക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയേപ്പോലെ ഞാന്‍ ഭയചകിതനായിരുന്നു. എങ്കിലും ഞാന്‍ തീരെ നിനച്ചിരിക്കാതെ വീണ്ടും കടല്‍ കടന്നു. എയര്‍പോര്‍ട്ടിലേക്ക് വിമാനം താഴ്ന്നു താഴ്ന്നു വന്നപ്പോള്‍ കണ്ണില്‍ വീണ്ടും സുല്‍ത്താന്‍ കാബൂസ് ദേവാലയം. അങ്ങു പാറശ്ശാലയിലും മയിലുകള്‍കപ്പുറം മസ്കറ്റിലും ഉണര്‍ന്നുജ്ജ്വലിക്കുന്നത് ഒരേയൊരു ചൈതന്യം. ഞെട്ടലോടെ ഉള്‍പ്പുളകത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു അന്ന് ഉയര്‍ന്നു പൊങ്ങിയ വിമാനത്തിലിരുന്നുകൊണ്ട് നഷ്ടങ്ങളില്‍ നിന്നും പറന്നുയര്‍ന്ന എന്നെ ആകാശങ്ങളുടെ അധിപനായ, സര്‍വ്വപ്രപഞ്ചങ്ങളുടെയും നാഥന്‍ തിരികെ വിളിച്ചിരിക്കുന്നു. ഇത് ആ പിന്‍വിളി മാത്രമാണ്.
എയര്‍പോര്‍ട്ടില്‍ നിറഞ്ഞ സ്നേഹത്തോടെ കൂട്ടുകാര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ എനിക്ക് പൂന്തോട്ടത്തിനു നടുവില്‍ ഒരു ഓഫീസ് മുറി തന്നു. വേപ്പിന്മരങ്ങളുടെയും, ഞാവല്‍ മരങ്ങളുടെയും ഇടയില്‍ അവരെനിക്ക് താമസമൊരുക്കി. എല്ലാ ദിവസവും വിളിച്ച് സുഖമല്ലേയെന്നു തിരക്കി. ആ ഓരോ സുഹൃത്തുക്കളിലും വിടര്‍ന്നു നില്‍ക്കുന്നത് പരമകാരുണികനായ അള്ളാഹുവിന്‍റെ ചിരിയാണ്. ആ സ്നേഹം ദൈവത്തിന്‍റെ സ്നേഹമാണ്. ഇടക്കൊരു ദിവസം എന്നെ കണ്ട് മാഡം ഞെട്ടി. നീയെങ്ങനെ വീണ്ടും ഇവിടെയെത്തി എന്നു ചോദിച്ചു. ദൈവം കൊണ്ടുവന്നു എന്നു ഞാന്‍ മറുപടി പറഞ്ഞു.
ഇന്ന് എന്‍റെ ദിനരാത്രങ്ങള്‍ ക്ലേശരഹിതമാണ്. ഭയമില്ലാത്തവയാണ്. കിളികളുടെ സംഗീതം കേട്ടാണ് ഞാന്‍ എന്നും ഉണരാറുള്ളത്. ഞാന്‍ നാട്ടില്‍ നിന്നു പറഞ്ഞ, കിളികളില്ല, മരങ്ങളില്ല എന്നു പറഞ്ഞ പരാതികളെല്ലാം കേട്ടത് എന്‍റെ ഈശ്വരനായിരുന്നു എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഒരു കീറപ്പഴന്തുണി പോലും പെറ്റമ്മക്കു വാങ്ങിക്കൊടുക്കാന്‍ കഴിയാതെ ഇവിടെനിന്നു പോയ എനിക്ക് വെറും ഒരു വര്‍ഷത്തിനുള്ളില്‍ അമ്മയെ ചോക്കളേറ്റില്‍ അഭിഷേകം ചെയ്യുവാന്‍ സാധിച്ചത് എന്‍റെ കണ്ണുനീര്‍ കണ്ട, യാതനകളില്‍ വാടി വീഴാതെ എന്നെ താങ്ങിയ സര്‍വ്വേശ്വരന്‍റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്.
ഇന്നും ഈ ദൈവത്തിന്‍റെ രാജ്യത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വേദനയോടെ, സങ്കടത്തോടെ ഞാന്‍ കാണുന്നു തിളക്കുന്ന വെയിലില്‍ മനസ്സാക്ഷിയില്ലാത്തവരുടെ അടിമകളായി ഇരുമ്പിനോടും, കല്ലിനോടും പൊരുതി പണിയെടുക്കുന്ന നിരവധി നിര്‍മ്മാണത്തൊഴിലാളികളെ, ഭാരവും പേറി നിരത്തുകളില്‍ അലയുന്ന ടൈ കെട്ടിയ അടിമകളെ, അടച്ചു മൂടിയ എത്രയോ ഓഫീസുകളില്‍ വേദന ഭക്ഷിച്ചും, അവജ്ഞയും ആട്ടും തുപ്പും സഹിച്ചും കഴിയുന്ന ഞാന്‍ കണ്ടിട്ടില്ലാത്ത എത്രയോ സഹജീവികള്‍. ഒരു പക്ഷേ ദൈവത്തിന്‍റെ കൈപിടിച്ച് ഒരു തിരിച്ചുവരവിനുള്ള മുന്നൊരുക്കത്തിലാവാം അവര്‍ എന്നു കരുതി ആശ്വസിക്കുന്നു. ഇവരെ ദ്രോഹിച്ചും ചൂഷണം ചെയ്തും പണമുണ്ടാക്കുന്ന പലരും പണ്ടൊരിക്കല്‍ അവരേപ്പോലെ ഒരു ജീവിതമുണ്ടാക്കാന്‍ കടല്‍ കടന്നെത്തിയവരാണ്. ഞാന്‍ കണ്ടിട്ടുള്ള അറബികള്‍ നല്ലവരാണ്. ഞാന്‍ വന്നു പോയതിനു ശേഷവും നിരവധി പേര്‍ ആ കമ്പനിയില്‍ വന്ന് എന്നെപ്പോലെയും, എന്നെക്കാള്‍ പരിതാപകരമായും അവിടെ നിന്നും പോകുന്നു. ഈ കുറിപ്പുകള്‍ വായിക്കുന്ന ഓരോ പേരോടുമുള്ള അഭ്യര്‍ത്ഥനയാണിത്. കടല്‍ കടക്കുന്നതിനു മുന്‍പ് നന്നായി അന്വേഷിച്ചതിനു ശേഷം മാത്രം സ്വപ്നഭൂമിയിലേക്കു പറക്കുക.
അനുഭവത്തിന്‍റെ വെളിച്ചത്തില്‍ തീരെയും കലര്‍പ്പില്ലാതെ എഴുതിയ ഈ കുറിപ്പിനെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നവരുണ്ടാവാം. അവര്‍ ഇത്തരം ഒരു അനുഭവത്തിലൂടെ കടന്നു വന്നിട്ടില്ലാത്തതില്‍ ഞാന്‍ സന്തോഷിക്കുന്നു.
യാ അള്ളാഹ് യാ റബ്
12 comments:
ഹൃദയസ്പര്‍ശിയായ അവസാനം ഭാഗം. ബൈബിളില്‍ പറയുന്നതുപോലെ, സ്വന്തം ഭക്തരെ ദൈവം പൊന്നുരുക്കുന്നതുപോലെ ഉരുക്കുന്നു, പരീക്ഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമായി ശത്രുക്കളുടെ മുന്നിലേക്ക് വിട്ടുകൊടുക്കുന്നു... പത്തരമാറ്റിന്റെ പൊന്നായി രൂപാന്തരപ്പെടുത്താന്‍, ഈശ്വര വിശ്വാസവും ധീരതയുമുള്ള ദൈവമക്കളായി മാറ്റിയെടുക്കാന്‍!!! ജീവിതത്തില്‍ പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകേണ്ടതാണ്. അനിവാര്യമായ ഈ ക്ലേശങ്ങള്‍ക്കൊടുവില്‍ ഈശ്വരന്‍ തന്റെ ഭക്തനായി കരുതിവച്ച് സമ്മാനം നല്‍കുന്നു. കൂടുതലൊന്നും പറയുന്നില്ല. ആശംസകള്‍.
നല്ലൊരു ജീവിതത്തിന്റെ ആശംസകള്‍ :)
നല്ലതു വരട്ടെ.... താങ്കള്‍ പറഞ്ഞത് ഞാന്‍ അംഗീകരിക്കുന്നു.... താങ്കള്‍ പറഞ്ഞത് പലതും എനിക്ക് ഡൈജസ്റ്റ് ആവാതിരുന്നത് ഒരു പക്ഷെ ഞാന്‍ അത്തരം മോശം അനുഭവങ്ങളില്‍ കൂടി കടന്ന് വന്നിട്ടില്ലാത്തതിനാല്‍ ആവാം.... പൂര്‍ണമായും മലയാളികളാല്‍ നിയന്ത്രിക്കപ്പെട്ട്, മലയാളികള്‍ ജോലി ചെയ്തിരുന്ന എന്റെ പഴയ സ്ഥാപനത്തില്‍ പലവിധത്തിലുള്ള പാരകള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും എന്റെ കമ്പനിയുടെ ഉടമയും, ഞാന്‍ ഇന്നും എറ്റവും കൂടുതല്‍ സ്നേഹിക്കുകയും, ബഹുമാനിക്കുകയും, ആരാധിക്കുകയും ചെയ്യുന്ന അജയന്‍ സാര്‍ എന്ന എന്റെ അജയേട്ടന്‍ എനിക്ക് തന്ന നിസ്വാര്‍ത്ഥമായ പിന്തുണ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും എന്റെ തുണക്കെത്തിയിരുന്നു.... ഈ കഥ വായിച്ചു തീര്‍ന്നപ്പോള്‍ അദ്ധേഹം എനിക്കു തന്ന സ്വര്‍ഗ്ഗീയ കരുതലുകള്‍ക്ക് മുന്നില്‍ പ്രണമിക്കട്ടെ.....
ഇന്ന് 13 വര്‍ഷങ്ങള്‍ക്കിപ്പുറം എനിക്ക് ചെറിയ ഒരു കമ്പനി നടത്താനും, എന്റെ കമ്പനിയില്‍ 25 പേര്‍ക്ക് തൊഴില്‍ കൊടുക്കാനും എനിക്ക് കഴിയുന്നത് അദ്ധേഹത്തിന്റെയും സര്‍വ്വോപരി സര്‍വ്വേശ്വരന്റെയും അനുഗ്രഹം കൊണ്ടാണെന്ന് ഞാന്‍ സന്തോഷത്തോടെ അനുസ്മരിക്കട്ടെ...
ജയകൃഷ്ണന് എന്റെ കമന്റുകള്‍ ഏതെങ്കിലും വിധത്തില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു.
സേതുലക്ഷ്മി: രാത്രികളില്‍ പാട്ടു കേട്ടിരിക്കുന്ന ഒരു ശീലമുണ്ടെനിക്ക്. പഴയ മെലഡികള്‍. ഇന്നലെ വൈകിട്ട് വളരെ യാദൃശ്ചികമായി ഞാനൊരു പാട്ടു കേട്ടു. പൊന്‍വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും എന്നു തുടങ്ങുന്ന വളരെ പഴയ ഒരു പാട്ട്. അതില്‍ ഹൃദയസ്പര്‍ശിയായ ഒരു വരി; അള്ളാഹു വച്ചതാം അല്ലലൊന്നില്ലെങ്കില്‍ അള്ളാഹുവെ തന്നെ മറക്കില്ലെ നമ്മള്‍ സ്വര്‍ലോകത്തിനെ മറക്കില്ലെ എന്നായിരുന്നു. ഈശ്വര്‍ അള്ളാ തേരേ നാം എന്ന് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച, വിരുന്നു വന്ന സായിപ്പിന്‍റെ ബൂട്ടുകൊണ്ടുള്ള ചവിട്ടു പോലും ഒരു നല്ല ആതിഥേയന്‍റെ മാനസിക വിശുദ്ധിയോടെ ഏറ്റുവാങ്ങിയ മഹാത്മജി ജീവിച്ച മണ്ണില്‍ നിന്നാണ് നമ്മള്‍ വരുന്നത്. നമുക്ക് എല്ലാം തരണം ചെയ്യാനുള്ള കഴിവുണ്ടാവണം. എല്ലാ ദൈവങ്ങളും നമുക്കൊന്നാണ്. നമുക്കിടയില്‍ മൂന്ന് ജാതികളേയുള്ളൂ എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. പുരുഷന്‍, സ്ത്രീ, നരാധമര്‍ അഥവാ ചെകുത്താന്‍റെ സന്തതികള്‍. ഇതില്‍ മൂന്നാമനോട് മാത്രമേ നമ്മള്‍ അകലം പാലിക്കേണ്ടതുള്ളൂ. കാരണം അവരാണ് സമൂഹത്തില്‍ വിഷം കലര്‍ത്തുന്നവര്‍. എല്ലാ പോസ്റ്റുകളും വായിച്ച് അഭിപ്രായമറിയിച്ചതിന് നന്ദി അറിയിക്കുന്നു.
വേദവ്യാസന്‍: ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു
നീര്‍വിളാകന്‍: ഞാന്‍ ഇടക്കെപ്പൊഴോ പറഞ്ഞത് താങ്കള്‍ ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ, നേരില്‍ ഇങ്ങനെയൊരു അനുഭവം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇത്തരമൊരു വെളിപ്പെടുത്തലിനെ ശക്തിയുക്തം എതിര്‍ത്തേനെ എന്ന്. താങ്കളുടെ കമന്‍റുകള്‍ ഒരു രീതിയിലും എന്നെ വേദനിപ്പിച്ചിട്ടില്ല. ദയവായി മാപ്പു ചോദിക്കാതിരിക്കുക.
ഇതിവിടെ കുറിച്ചിട്ടതിന്‍റെ ഒരേയൊരു കാരണം ആര്‍ക്കെങ്കിലും പ്രയോജനപ്പെടട്ടെ എന്നു കരുതി മാത്രമാണ്. അതുകൊണ്ടു തന്നെയാണ് എന്‍റെ ബ്ലോഗുകളേക്കാള്‍ കൂടുതല്‍ സന്ദര്‍ശകരുള്ള ആല്‍ത്തറയില്‍ തന്നെ ഇത് പോസ്റ്റ് ചെയ്തത്.
ഗള്‍ഫിലെന്നല്ല എല്ലായിടത്തും താങ്കളുടെ അജയേട്ടനെപ്പോലെ നന്‍മ നിറഞ്ഞ ആളുകളുണ്ടാവും. ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട് ഒത്തിരി പേരെ. ജീവിതത്തിലെ ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങള്‍ നമുക്കായി പറഞ്ഞു തരുന്നുണ്ട്. അതു തിരിച്ചറിയാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്‍മാര്‍. ജീവിതത്തിലെ ഓരോ പ്രതിസന്ധിയിലും ശ്രീ. വര്‍ഗ്ഗീസ് പി തോമസ് എന്ന മഹാനായ മനുഷ്യന്‍ പഠിപ്പിച്ച ഒരു പാഠം എനിക്ക് അളവില്ലാത്ത ഊര്‍ജ്ജം പകര്‍ന്നു തരാറുണ്ട്. കോടാനുകോടി ബീജങ്ങളില്‍ നിന്നും ജന്മം സ്വീകരിച്ച് കര്‍മ്മം ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഓരോ മനുഷ്യജന്മവും. അതുകൊണ്ട് നമുക്ക് പാഴാക്കിക്കളയാന്‍ ഒരു നിമിഷാര്‍ദ്ധം പോലുമില്ല ജയകൃഷ്ണാ, നമ്മള്‍ ഒരിക്കലും നിസ്സാരരല്ല എന്ന ആത്മാവിന്‍റെ ഉണര്‍ത്തുപാട്ടായിരുന്നു ആ വാക്കുകള്‍. യുദ്ധഭൂമിയില്‍ തളര്‍ന്നു വീണ അര്‍ജ്ജുനനോട് ഭഗവാന്‍ ശ്രീകൃഷ്ണനെന്നപോലെ എന്‍റെ ജീവിതമെന്ന സമരഭൂമിയില്‍ അദ്ദേഹത്തിന് ശ്രീകൃഷ്ണന്‍റെ സ്ഥാനമാണ്. കേവലം ഈ വാക്കുകള്‍ കൊണ്ടു മാത്രം.
എല്ലാവര്‍ക്കും നന്‍മ വരട്ടെ
വളരെ നീണ്ടയൊരു പോസ്റ്റ് ആണെങ്കിലും കൊള്ളാം കേട്ടൊ
പ്രീയമുള്ള ജയകൃഷ്ണന്‍
ആല്‍ത്തറയിലെ കടലിനക്കരെ പോണോരെ വളരെ നന്നായി ..
അതിലെ ആത്മാംശം ആണു പോസ്റ്റിനെ ഇത്ര മികവുറ്റതാക്കുന്നത് എന്നു എനിക്കു തൊന്നി.വായിക്കുമ്പോള്‍ അറിയാതെ മുഷ്ടിചുരുട്ടി പോകുന്നു ... ...
ഈവക കുറെ കഥകള്‍ നേരിട്ട് കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട് നിരപരാധികള്‍ മേലധികാരികളുടെ ചംചാകളുടെ വാക്കുകള്‍ കാരണം ജയിലില്‍ ആവുക, ഡീ പോര്‍ട്ട് ചെയ്യപ്പെടുക ഏജന്റിന്റെ ചതി മൂലം ശമ്പളമില്ലതെ ഭക്ഷണത്തിനു വകയില്ലതെ - അതും ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വിസയാണെന്ന് ഒര്‍ക്കണം 'മരുഭൂമി' കണ്ണീര്‍ വീണൂ നനയുന്നതു കണ്ടിട്ടുണ്ട് ..
പലവാക്കുകളും മനസ്സില്‍ മുറിപ്പാടുണ്ടാക്കുന്നു...
ജയകൃഷ്ണന്‍ പറഞ്ഞപോലെ നാട്ടില്‍ നിന്ന് വിസ ജോലി എന്നു കേട്ടാലുടനെ ഓടി പുറപ്പെടുന്നതിനു മുന്നെ ഒന്നും കൂടി തിരക്കി വന്നാല്‍ കഷ്ടപ്പെടാതെ
കഴിയാം.
ഈ പോസ്റ്റ് ആര്‍ക്കെങ്കിലും പ്രയോജനമായാല്‍, അതെ ആ ഉദ്ദേശത്തോടെ ഈ അനുഭവക്കുറിപ്പ് നന്നായി..
അവസാന ഭാഗം വളരെ ഭംഗിയായി...
ആശംസകള്‍ ...
Very touching..and i am sure, this will some one..either to motivate or to be careful.
Thanks a TON for sharing this with us!!
കൊള്ളാം
Mashe...
Azaibayil ullla super market.... Pidikitti (njanum Omanila ullathu -Al khuwair)
Ithreyum hridhaya sparshiayaya oru aadma kadha vayichathayi enikku ormayilla... otteyirippinu itnnu mashe anubhavicha durudhangal vaayichu... ee kalaghattathilum ithu pole manushyar undo nnu chinchichu pokunnu..... Enthayalum orikkal anubhavicha kashtapaadukalkkellam aruthi varuthi kondu nallaoru jeevitham thudangan kazhinja mashinu abhinandhanangal......
Very touching story. Only today, I saw the post and read. Who is that Madam from Thalassery? Is she a malayalee (even a woman)? Now, in Oman, everybody can identify her. Avarude nattukarundenkil, ee kroorathakku oraruthi nishchayikkanam!!
പ്രിയ ജയകൃഷ്ണൻ,
ഈ പോസ്റ്റുകൾ പബ്ലിഷ് ചെയ്ത സമയത്ത് ഒരു ദീർഘ അവധിയിൽ നാട്ടിലായിരുന്നതിനാലാവും ഇത് ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഇപ്പോൾ മുഴുവനായി ,ഒപ്പം വന്ന കമന്റുകളും വായിച്ചു.
ഒരു പ്രവാസിക്ക് നേരിടേണ്ടി വന്ന കൈപ്പേറിയ അനുഭവങ്ങൾ മറ്റാരേക്കാളും ഏറെ മറ്റൊരു പ്രവാസിക്ക് (അതും അത്തരം അനുഭവങ്ങളിലൂടെ സഞ്ചരിച്ചവർക്ക് ) കൂടുതൽ വിവരിക്കാതെ മനസീലാക്കാൻ കഴിയും
താങ്കളുടെ നല്ല മനസ് ഞാനിതിൽ കാണുന്നു. അതിനാൽ തന്നെ താങ്കൾക്ക് അവസാനം ദൈവാനുഗ്രഹത്താൽ എല്ലാ പീഢനങ്ങളിൽ നിന്നും മോചിതനായി ഇന്ന് നല നിലയിൽ ആവാൻ സാധിച്ചത്.
നമ്മുടെ അനുഭവങ്ങൾ മറ്റുള്ളവർക്ക് ഒരു പാഠവുമാകട്ടെ
എല്ലാ നന്മകളും നേർന്ന് കൊണ്ട്
സ്നേഹപൂർവ്വം
പ്രിയമുള്ളവരേ... 2009 ൽ എഴുതിയ ഈ ലേഖനത്തിന് ഏകദേശം ഒന്നൊന്നര വർഷത്തിനു ശേഷം ഒരു അപ്ഡേറ്റ് വേണ്ടിയിരുന്നു. അന്നതിനു സാധിക്കാതിരുന്നതിൽ ക്ഷമ ചോദിക്കുന്നു.
ഈ ലേഖനപരമ്പരയുടെ അഞ്ചാം ഭാഗത്തിൽ ശ്രീ നീർവിളാകൻ സൂചിപ്പിച്ച ഒരു കാര്യമുണ്ട്. ചൂഷണം ചെയ്തു മാത്രം ജീവിക്കുന്നവർ നില നിന്ന ചരിത്രമില്ലെന്ന്. ആ ചരിത്രത്തിന് 2010 കളിൽ ഒരു തനിയാവർത്തനം സംഭവിച്ചു. ഞാനടക്കം നിരവധിപ്പേരുടെ കണ്ണീർ വീണ ആ സ്ഥാപനത്തിൽ നിന്നും പട്ടിയേപ്പോലെ ഇറക്കി വിടപ്പെട്ടു അന്നത്തെ സർവ്വപ്രതാപിയായ മുതലാളിയെയും, മാഡത്തിനെയും. ഇന്നവർ ആ ദൈവത്തിന്റെ രാജ്യത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. അവരുടെ മുൻകാല ഫോൺനമ്പരുകളെല്ലാം നിശ്ചലമാണ്. ഇനി മസ്കറ്റിൽ തന്നെ എവിടെയെങ്കിലും അവരുണ്ടോ എന്നറിയില്ല. ഏതായാലും ആ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അയാളെ കടുത്ത അഴിമതിയുടെയും മറ്റെന്തൊക്കെയോ പ്രശ്നങ്ങളുടെയും പേരിൽ അവിടെ നിന്നും നിസ്വനായി ആട്ടിയോടിച്ചു എന്ന് എന്റെ സുഹൃത്തുക്കൾ എന്നെ അപ്പോൾ തന്നെ വിളിച്ചു പറഞ്ഞു. തുടർന്നന്വേഷിച്ചപ്പോൾ അതു സത്യമായിരുന്നു.
ഇതൊരു സന്തോഷവാർത്തയല്ല. എന്നാൽ ഈശ്വരൻ എന്ന പരമസത്യത്തിന്റെ അലംഘനീയമായ നിയമനിർവ്വഹണത്തിന്റെ ഞെട്ടിക്കുന്ന ദൃഷ്ടാന്തമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. അവൻ ആ ന്യായവിധി വായിച്ചു നടപ്പാക്കിയപ്പോൾ, ആ കമ്പനിയിൽ നിന്ന് നിന്ന് വേദനയോടെ ഇറങ്ങിപ്പോവേണ്ടി വന്ന നിരവധി പേരിൽ ഒരുവനായ ഇവനും അതിന് സാക്ഷിയാവേണ്ടി വന്നു എന്നത് യാദൃശ്ചികം മാത്രം!
യാ അള്ളാഹ്... യാ റബ്ബ്...
Post a Comment